തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് അനുഭവപ്പെടും. അന്നേ ദിവസം നടത്തുന്നതിനായി 377 വിവാഹങ്ങളാണ് ഇതുവരെ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലവിൽ ബുക്കിങ് തുടരുന്നതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടക്കാനാണ് സാധ്യതയെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ വ്യക്തമാക്കി.
തൊട്ടടുത്ത ഞായറാഴ്ചയായ ഓഗസ്റ്റ് 30-നും നിലവിൽ 295 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ചിങ്ങമാസത്തിലെ ശുഭമുഹൂർത്തങ്ങളിൽ താലികെട്ടാൻ ധാരാളം ആളുകൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വിവാഹച്ചടങ്ങുകൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ആഗസ്റ്റ് 23, 30 തീയതികളിൽ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിക്കും. ഇതിനായി ക്ഷേത്രനടപ്പന്തലിൽ ആറ് മണ്ഡപങ്ങൾ പ്രത്യേകമായി സജ്ജീകരിക്കും. ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിനായി കൂടുതൽ ദേവസ്വം ജീവനക്കാരെയും മംഗളവാദ്യക്കാരെയും നിയോഗിച്ചിട്ടുണ്ട്.
വൻ തിരക്ക് കണക്കിലെടുത്ത് വിവാഹ മണ്ഡപത്തിന് സമീപത്തേക്ക് വധൂവരന്മാർക്കും ഫോട്ടോഗ്രാഫർമാർക്കും ഒപ്പം 24 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ഭക്തർക്കും വിവാഹസംഘങ്ങൾക്കും ആവശ്യമായ സഹായങ്ങൾ നൽകാൻ ദേവസ്വം ജീവനക്കാരെയും സെക്യൂരിറ്റി ജീവനക്കാരെയും പൊലീസിനെയും നിയോഗിക്കും.
ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്തുന്നതിന് ഭക്തജനങ്ങളുടെയും വിവാഹത്തിനെത്തുന്നവരുടെയും പൂർണ്ണ സഹകരണം ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളായിരുന്നു ക്ഷേത്രത്തിലെ സമീപകാലത്തെ ഉയർന്ന കണക്ക്. ഇത്തവണ ഈ റെക്കോർഡ് മറികടക്കുമെന്നാണ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates