മാള: ചരിത്രപ്രസിദ്ധമായ മാളയുടെ ടൂറിസം സാധ്യതകൾക്ക് പുതുപ്രതീക്ഷ നൽകി കോട്ടപ്പുറം മുതൽ മാളക്കടവ് വരെ ബോട്ടിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. പഴയകാലത്ത് മാളയിൽനിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ചരക്ക് കയറ്റിറക്ക് നടത്തിയിരുന്ന മാളക്കടവ് വീണ്ടും ജലഗതാഗത ഭൂപടത്തിലേക്ക് തിരിച്ചെത്തുകയാണ്. കേവലം ജലഗതാഗതം എന്നതിലുപരി മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പുതിയ ബോട്ട് സർവീസ് ലക്ഷ്യമിടുന്നത്.
പഴയകാലത്ത് ചരക്കുവഞ്ചികളിൽ ചകിരി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കൊണ്ടുപോവുകയും തിരിച്ച് കച്ചവടത്തിനുള്ള സാധനങ്ങൾ എത്തിക്കുകയും ചെയ്തിരുന്ന പാതയിലൂടെയാണ് ഇപ്പോൾ ബോട്ട് സർവീസിനുള്ള പരീക്ഷണ ഓട്ടം നടത്തിയത്. മാളയിലെ ജൂതപ്പള്ളി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. മുസിരിസ് അധികൃതരും കൊച്ചിയിൽ ടൂറിസം യാത്രകൾ സംഘടിപ്പിക്കുന്ന മാള സ്വദേശി ബെന്നി പാനികുളങ്ങരയും ചേർന്നാണ് ബോട്ടുയാത്രയ്ക്ക് നേതൃത്വം നൽകിയത്.
കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച് കണ്ടൽക്കാടുകൾക്കിടയിലൂടെ ഒന്നര മണിക്കൂറിലധികം യാത്ര ചെയ്താണ് സംഘം മാളക്കടവിലെത്തിയത്. കോട്ടപ്പുറം കോട്ട, കൃഷ്ണൻകോട്ട, അടാക്ക് ഫിഷ് ഫാം, ചെന്തുരുത്തി, നെയ്തക്കുടി തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം, വഴിയിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിർത്തി അവിടങ്ങളിലെ ടൂറിസം സാധ്യതകൾ നേരിട്ട് വിലയിരുത്തി.
മുസിരീസ് എം.ഡി. ഷൈൻ, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, മാള പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോഷി കാഞ്ഞൂത്തറ തുടങ്ങിയവർ യാത്രാസംഘത്തിലുണ്ടായിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കോട്ടപ്പുറം - മാളക്കടവ് ബോട്ട് സർവീസ് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates