തൃശൂർ: കെഎസ്ആർടിസിയുടെ പ്രിയദർശിനി റൂട്ടുകളിൽ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിഷയത്തിൽ സർക്കാർ അടിയന്തര പരിഹാരം കണ്ടെത്തിയില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സർവീസുകൾ നിർത്തിവെച്ച് സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെഎസ്ആർടിസി നടത്തുന്ന പ്രിയദർശിനി സൗജന്യ സർവീസുകൾ കാരണം സ്വകാര്യ ബസ് വ്യവസായം വലിയ തകർച്ചയെയാണ് നേരിടുന്നത്. വർഷങ്ങളായി സർവീസ് നടത്തുന്ന റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത വിധം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനുപുറമെ, ഡീസൽ വിലയും മറ്റ് അനുബന്ധ ചെലവുകളും കുത്തനെ ഉയർന്നിട്ടും 14 വർഷം മുൻപുള്ള അതേ നിരക്കുതന്നെയാണ് ഇപ്പോഴും വിദ്യാർഥികൾ യാത്രാക്കൂലിയായി നൽകിക്കൊണ്ടിരിക്കുന്നത്. നിരക്ക് പരിഷ്കരണ കാര്യത്തിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14-ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. തുടർന്ന് രണ്ടാംഘട്ടമായി ഒക്ടോബർ അവസാനത്തോടെ സംഘടനാ ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഈ പ്രതിഷേധങ്ങൾക്കു ശേഷവും സർക്കാർ അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ സംയുക്ത സമരസമിതിയിലെ ഇതര സംഘടനകളുമായി ആലോചിച്ച് നവംബർ ആദ്യവാരത്തോടെ ബസ് സർവീസുകൾ നിർത്തിവെച്ചുകൊണ്ടുള്ള പണിമുടക്കിലേക്ക് കടക്കുമെന്നും ഫെഡറേഷൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ നേതാക്കളായ കെ.കെ. തോമസ്, ഹംസ എറിക്കുന്നൻ, എം.എസ്. പ്രേംകുമാർ, സി. മനോജ് കുമാർ, കെ. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates