തൃശൂർ: തൃശൂർ നഗരത്തെ വാടാനപ്പള്ളിയിലെ ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന അതിപ്രധാനമായ തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി സംസ്ഥാന പാതയുടെ വികസനം വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ അനിശ്ചിതത്വത്തിൽ തുടരുന്നു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് 2020 ജനുവരി 21-ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും, റോഡ് 17 മീറ്ററായി വീതികൂട്ടുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനും ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
തീരദേശ മേഖലയിലുള്ളവർക്കും തൃശൂർ നഗരത്തിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും പ്രധാന ആശ്രയമായ പാതയാണിത്. റോഡിന്റെ ശോചനീയാവസ്ഥയും വീതിക്കുറവും കാരണം കാഞ്ഞാണി സെന്റർ ഉൾപ്പെടെയുള്ള തിരക്കേറിയ ജംഗ്ഷനുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നിത്യേന അനുഭവപ്പെടുന്നത്.
പൊതുപ്രവർത്തകനായ ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പദ്ധതി വേഗത്തിലാക്കാൻ ഉത്തരവിട്ടത്. പൊതുമരാമത്ത് വകുപ്പ് (PWD) നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പാലിച്ചില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന ആക്ഷേപം. 2008-ൽ തന്നെ ഈ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നതായി കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് 2016-ൽ നൽകിയ മറ്റൊരു ഹർജിയിൽ, റോഡ് വികസനം ഉടൻ നടപ്പിലാക്കുമെന്ന് അധികൃതർ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും ആ ഉറപ്പ് നടപ്പിലായില്ല. ഇതോടെയാണ് വീണ്ടും കോടതി ഇടപെടലുണ്ടായത്.
ഒന്നാം ഘട്ടം:കെഎസ്ഇബി തൂണുകൾ മാറ്റിസ്ഥാപിക്കലും റോഡരികിലെ മരങ്ങൾ മുറിച്ചുമാറ്റലും (2020 മാർച്ച് അവസാനത്തോടെ പൂർത്തിയാക്കേണ്ടിയിരുന്നത്).
രണ്ടാം ഘട്ടം: കരാറുകാരന്റെ ഷെഡ്യൂൾ പ്രകാരമുള്ള റോഡ് മെച്ചപ്പെടുത്തൽ ജോലികൾ (2020 മെയ് 31-നകം പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്നത്).
മൂന്നാം ഘട്ടം:വിപുലമായ സാമ്പത്തിക ബാധ്യത ഉൾപ്പെടുന്ന സ്ഥലം ഏറ്റെടുക്കൽ നടപടികൾ.
റോഡിന് 17 മീറ്റർ വീതി ഉറപ്പാക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് 51.93 കോടി രൂപ ആവശ്യമായി വരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക ചെലവുകൾക്കായി തൃശൂർ ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർക്ക് 50 ലക്ഷം രൂപ കൈമാറിയെന്നും പുതുക്കിയ ഭരണാനുമതിക്കായി സർക്കാരിലേക്ക് ശുപാർശ സമർപ്പിച്ചതായും വ്യക്തമാക്കിയിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും, പുരോഗതി വിലയിരുത്താൻ ഓരോ രണ്ട് മാസം കൂടുമ്പോഴും തൽസ്ഥിതി വിവര റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആദ്യ റിപ്പോർട്ട് 2020 മാർച്ച് ഒന്നിനും രണ്ടാമത്തേത് മെയ് 31-നും സമർപ്പിക്കാനായിരുന്നു ഉത്തരവ്. എന്നാൽ ഈ റിപ്പോർട്ടുകൾ സമർപ്പിക്കപ്പെട്ടോയെന്നും, 2020 മെയ് മാസത്തിനകം തീർക്കുമെന്ന് ഉറപ്പുനൽകിയ പണികൾ എത്രത്തോളം പൂർത്തിയായെന്നും, പുതുക്കിയ ഭരണാനുമതി ലഭിച്ചോ എന്നതിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. അധികൃതരുടെ മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് യാത്രക്കാരും പ്രദേശവാസികളും കടുത്ത അമർഷത്തിലാണ്.