തൃശ്ശൂർ: തൃശ്ശൂർ പാറളം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് അധികാരം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎമ്മും സിപിഐയും പിന്തുണച്ചതോടെയാണ് ബിജെപി ഭരണത്തിൽ നിന്നും പുറത്തായത്. ചരിത്രത്തിലാദ്യമായായിരുന്നു പാറളത്ത് ബിജെപിക്ക് അധികാരം ലഭിക്കുന്നത്.
ആകെ 17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളാണുള്ളത്. എൽഡിഎഫിൽ സിപിഐക്ക് മൂന്നും സിപിഎമ്മിന് രണ്ടും അംഗങ്ങളുമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ തുല്യത വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു അപ്രതീക്ഷിതമായി ബിജെപിക്ക് ഇവിടെ ഭരണം ലഭിച്ചത്. തുടർന്ന് നടന്ന സ്ഥിരം സമിതി അധ്യക്ഷ പദവികൾ യുഡിഎഫും എൽഡിഎഫും പരസ്പര ധാരണയോടെ പങ്കിടുകയായിരുന്നു. പരമ്പരാഗതമായി കോൺഗ്രസും സിപിഎമ്മും മാത്രം മാറിമാറി ഭരിച്ചിരുന്ന പാറളത്ത് ബിജെപി ഭരണത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ബിജെപിയെ എന്തുവിലകൊടുത്തും അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും, പ്രമേയത്തെ എൽഡിഎഫ് ഒറ്റക്കെട്ടായി പിന്തുണയ്ക്കുകയും ചെയ്തതോടെ ബിജെപി ഭരണം നിലംപൊത്തി.
തൃശ്ശൂർ ജില്ലയിൽ ബിജെപിക്ക് നിർണ്ണായക സ്വാധീനമുള്ള പഞ്ചായത്തുകളിലൊന്നാണ് പാറളം. നിലവിൽ ജില്ലയിലെ തിരുവില്വാമല പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണ്.അതേസമയം, സമീപ പഞ്ചായത്തായ അവിണിശേരിയിൽ കോൺഗ്രസും ബിജെപിയും തുല്യ സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും അവിടെ നടന്ന നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് കോൺഗ്രസിനെയായിരുന്നു.
തങ്ങൾക്കെതിരെ യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ച് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തികഞ്ഞ രാഷ്ട്രീയ അട്ടിമറിയാണെന്ന് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. ജനവിധിക്ക് വിരുദ്ധമായി അവിശുദ്ധ സഖ്യമുണ്ടാക്കി വികസന പ്രവർത്തനങ്ങളെ തകിടം മറിക്കാനാണ് കോൺഗ്രസും ഇടതുപക്ഷവും ശ്രമിക്കുന്നതെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates