തൃശ്ശൂർ: തൃശ്ശൂർ എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുരനടയാണ്. എന്നാൽ തെക്കേ ഗോപുരത്തോളം തന്നെ മനോഹരമായ വാസ്തുവിദ്യയും പ്രൗഢിയുമുള്ള വടക്കുന്നാഥന്റെ കിഴക്കേ ഗോപുരം വർഷങ്ങളായി കടുത്ത അവഗണനയിലായിരുന്നു. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ, രണ്ട് വർഷത്തെ കഠിനമായ പ്രയത്ന ഫലമായി നവീകരണം പൂർത്തിയാക്കിയ കിഴക്കേഗോപുരത്തിന്റെ സമർപ്പണ ചടങ്ങ് ഇന്ന് പ്രൗഢിയോടെ നടന്നു.
പഴയ മൺ ഓടുകൾ തകർന്നും മേൽക്കൂര ചോർന്നൊലിച്ചും ഒരു പതിറ്റാണ്ടിലേറെയായി അതീവ ജീർണ്ണാവസ്ഥയിലായിരുന്നു ഈ ഗോപുരം. അധികൃതരുടെ കൃത്യമായ പരിചരണമില്ലായ്മ കാരണം ഗോപുരത്തിന്റെ മേൽത്തട്ടിലെ മരത്തിൽ തീർത്ത പുരാതന ശില്പങ്ങൾ ചിതലെടുത്ത് നശിക്കുന്ന അവസ്ഥയിലുമായിരുന്നു. പുനരുദ്ധാരണത്തിന് ആവശ്യമായ വൻതുക കണ്ടെത്താൻ കൊച്ചിൻ ദേവസ്വം ബോർഡിന് സാധിക്കാതെ വന്നതോടെയാണ് പ്രമുഖ വ്യവസായ ഗ്രൂപ്പായ ടിവിഎസ് ഗ്രൂപ്പ് പദ്ധതിയുടെ സാമ്പത്തിക ചുമതല ഏറ്റെടുത്ത് മുന്നോട്ടുവന്നത്. തുടർന്ന് 2024 ജൂൺ 19-നാണ് ക്ഷേത്രഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഭഗവാന്റെ അനുവാദം ചോദിച്ചുകൊണ്ടുള്ള 'അനുജ്ഞ' ചടങ്ങുകൾ നടന്നത്.
എഎസ്ഐയുടെ അനുമതിയും പരമ്പരാഗത നിർമ്മാണ ശൈലിയും
"പദ്ധതിക്ക് സ്പോൺസറെ കണ്ടെത്തിയെങ്കിലും കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ആവശ്യമായ അനുമതികൾ ലഭ്യമാക്കാൻ വലിയ പ്രയത്നവും സമയവും വേണ്ടിവന്നു. ഇതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണം. എഎസ്ഐ ഉദ്യോഗസ്ഥരുടെ കർശനമായ നിർദ്ദേശങ്ങൾ പാലിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഓരോ ഘട്ടത്തിലും പുനരുദ്ധാരണ പ്ലാനുകൾക്ക് അവർ അംഗീകാരം നൽകിയിരുന്നു," നവീകരണ പ്രവർത്തനങ്ങളുടെ ഏകോപനം നിർവ്വഹിച്ച ഡിഡി ആർക്കിടെക്റ്റ്സ് സ്ഥാപകൻ വിനോദ് കുമാർ വ്യക്തമാക്കി.
തനത് കേരളീയ വാസ്തുശൈലിയിലാണ് ഗോപുരത്തിന്റെ നവീകരണം പൂർത്തിയാക്കിയത്. പൂർണ്ണമായും വനത്തിൽ നിന്നുള്ള തേക്ക് തടിയാണ് നിർമ്മാണത്തിനായി ഉപയോഗിച്ചത്. 'നടവഴിയിലെ' തകർന്ന മേൽത്തട്ട് പൂർണ്ണമായും മാറ്റിസ്ഥാപിക്കുകയും, മാഞ്ഞുപോകാറായ പഴയ ശില്പങ്ങളെ തനിമ ചോരാതെ പുനഃസൃഷ്ടിക്കുകയും ചെയ്തു. ഏകദേശം 1500 ക്യൂബിക് അടി തേക്ക് മരമാണ് ഇതിനായി ആവശ്യമായി വന്നത്. സുരേഷ് ആചാരിയുടെ നേതൃത്വത്തിലുള്ള 15 കലാകാരന്മാരടങ്ങുന്ന സംഘമാണ് പുരാതന ശില്പങ്ങളുടെ ഭംഗി ഒട്ടും നഷ്ടപ്പെടുത്താതെ മരപ്പണികൾ പൂർത്തിയാക്കിയത്. പുരാതനമായ ചുണ്ണാമ്പ് ചുവരുകളുടെ പുനരുദ്ധാരണത്തിൽ വിദഗ്ദ്ധനായ തഞ്ചാവൂർ സ്വദേശി പനീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുവരുകൾ മനോഹരമാക്കിയത്. ഗോപുരത്തിന്റെ മേൽത്തട്ടിലുള്ള അഷ്ടദിക്പാലകർ, വ്യാളി, ഗജമുഷ്ടി തുടങ്ങിയ അപൂർവ്വമായ മരശില്പങ്ങൾ ഈളവള്ളി ദാസൻ ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂർവ്വസ്ഥിതിയിലാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates