കോവളം ബീച്ച്  
Articles

കോവളത്തെ പഴയ ഹിപ്പികള്‍

ചില സ്മരണകളും ഉള്‍ക്കാഴ്ചകളും

ഡോ. ജെയിംസ് പോള്‍ പണ്ടാരക്കളം

പോയ നൂറ്റാണ്ടിന്റെ എഴുപതുകളില്‍ കേരളത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയിരുന്ന കാലം. ഒരു അവധിക്കാലത്ത് കോവളം സന്ദര്‍ശിക്കാന്‍ ഞാന്‍ എത്തി. അക്കാലങ്ങളില്‍ അവിടെ ക്യാമ്പടിച്ചിരുന്ന ഹിപ്പി സമൂഹവുമായി പരിചയപ്പെടാന്‍ കഴിഞ്ഞു. മനോരോഗ ശാസ്ത്രത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ തല്പരനായിരുന്ന എനിക്ക് ഈ അനുഭവങ്ങള്‍ തികച്ചും വിദ്യാഭ്യാസപരവും രസകരവുമായിത്തീര്‍ന്നു. അക്കാലങ്ങളില്‍ കോവളത്തിന് ഒരു കടല്‍ത്തീരത്തിന്റെ സ്വാഭാവികമായ സൗന്ദര്യമുണ്ടായിരുന്നു.

ആധുനിക നാഗരികതയുടെ കാപട്യത്തിനെതിരെ 1960-കളില്‍ സമ്പന്ന മുതലാളിത്ത രാജ്യങ്ങളില്‍ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഹിപ്പികള്‍

ആധുനിക നാഗരികതയുടെ കാപട്യത്തിനെതിരെ 1960-കളില്‍ സമ്പന്ന മുതലാളിത്ത രാജ്യങ്ങളില്‍ രൂപംകൊണ്ട യുവജനങ്ങളുടെ പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഹിപ്പികള്‍. കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ രൂപംകൊണ്ട ആ പ്രസ്ഥാനം കൊച്ചു കേരളത്തിന്റെ തീരപ്രദേശത്തു കണ്ടപ്പോള്‍ വളരെ കൗതുകം ജനിച്ചു. ഹിപ്പിസം ഒരു പ്രതിസംസ്‌കാരമായിരുന്നു. അക്രമരഹിതമായ അരാജകത്വം, പരിസ്ഥിതിയോടുള്ള ആഭിമുഖ്യം, പാശ്ചാത്യ ഭൗതികവാദത്തിന്റെ തിരസ്‌കാരം എന്നിവയായിരുന്നു അവരുടെ മുഖമുദ്രകള്‍.

ഹിപ്പികള്‍ രാഷ്ട്രീയ വിമുഖരും യുദ്ധവിരുദ്ധരുമായിരുന്നു. അതിന്റെ അനുരണനം ലോകവ്യാപകമായിരുന്നു. 'തോക്കിനു പകരം പുഷ്പങ്ങള്‍' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. വിയറ്റ്‌നാം യുദ്ധങ്ങള്‍ക്കെതിരായി ആദ്യം ശബ്ദം ഉയര്‍ത്തിയവരില്‍ ഇവരും ഉള്‍പ്പെടുന്നു. ഭൗതികതയുടെ തീച്ചൂളയില്‍നിന്നും രക്ഷനേടാന്‍ പറന്നുയര്‍ന്ന മാടപ്രാവുകളായിരുന്നു ഇവരില്‍ പലരും. ഹിപ്പികള്‍ക്കു പൗരസ്ത്യ മിസ്റ്റിസിസത്തോടു കടുത്ത അഭിനിവേശമാണ് ഉണ്ടായിരുന്നത്. പലരും പില്‍ക്കാലത്തു ലഹരിമരുന്നുകള്‍ക്കു അടിമകളായിത്തീര്‍ന്നു. ആദ്ധ്യാത്മിക തിരച്ചിലുകള്‍ സംതൃപ്തിപ്പെടുത്താനായി ബീറ്റില്‍ ഗായകസംഘം മഹര്‍ഷി മഹേശ് യോഗിക്കു പിന്നാലെ ഓടിനടന്ന കാലം.

സമാധാന പ്രേമികളും സത്യാനേഷികളുമായ ആ വിദേശികളുമായുള്ള കുശല സംഭാഷണങ്ങള്‍ ലോകത്തിന്റെ അന്നുള്ള സ്ഥിതിഗതികളെക്കുറിച്ചും ഭാരതത്തെക്കുറിച്ചുമുള്ള വിദേശവീക്ഷണം എന്താണെന്നറിയാനുമുള്ള ഒരവസരമായിത്തീര്‍ന്നു. ഭാരതത്തെ സ്‌നേഹിച്ചിരുന്ന അവര്‍ക്ക് ഈ സംസ്‌കാരത്തിന്റെ നന്മകളും കുറവുകളും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഒരിക്കല്‍ സംഭാഷണം ഭാരതത്തില്‍ നടമാടിയിരുന്ന ജാതിവ്യവസ്ഥകളിലേയ്ക്കു തിരിഞ്ഞു. ''ജാതിവ്യവസ്ഥ മാനുഷിക അവകാശലംഘനമാണെങ്കിലും ചെറിയൊരു നല്ല വശമുണ്ടതിന്.'' ബീഡി വലിച്ചുകൊണ്ട് അന്തരീക്ഷത്തിലേയ്ക്ക് അതിന്റെ പുകച്ചുരുളുകള്‍ ഊതിവിട്ടുകൊണ്ട് അവരില്‍ ഒരുവന്‍ പ്രസ്താവിച്ചു: ''ഒരു ചെറിയ സമൂഹത്തിന്റെ സ്‌നേഹഭാഗമാണെന്നുള്ള ചിന്തയും അതുമൂലമുണ്ടായേക്കാവുന്ന സുരക്ഷിതബോധവും അത്തരമൊരു വ്യവസ്ഥിതിക്കു നല്‍കാന്‍ കഴിയുമത്രേ, യൂറോപ്പില്‍ അതിന്റെ കുറവാണ് ഞങ്ങള്‍ ഉലകം ചുറ്റുന്നതിന്റെ കാരണം.''

കോവളം ബീച്ച്‌

സങ്കടമുണര്‍ത്തിക്കാന്‍ വന്ന

തിരമാലകള്‍!

ആ തീരദേശത്ത് അക്കാലത്ത് ഒരു ചായക്കടയും ലോഡ്ജുമുണ്ടായിരുന്നു. സലിം ലോഡ്ജ് എന്നായിരുന്നു അതിന്റെ പേര്. ഹിപ്പികളുടെ ആശ്രയമായിരുന്നു സലിം ലോഡ്ജ്. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം കുറവായിരുന്ന സലിമിനെ സഹായിച്ചിരുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു ഏതാനും മുക്കുവ ബാലകരായിരുന്നു.

വിവാഹത്തിനപ്പുറമുള്ള സ്ത്രീപുരുഷ ബന്ധത്തെ അംഗീകരിക്കാന്‍ തയ്യാറില്ലാതിരുന്ന സലീമിനു വിവാഹിതരല്ലാത്ത ഹിപ്പികള്‍ ഒന്നിച്ചു താമസിക്കുന്നത് ഹിതകരമായിരുന്നില്ല. പുതിയതായി ലോഡ്ജില്‍ മുറിയെടുക്കാന്‍ വരുന്ന സംഘങ്ങളോട് ആരൊക്കെ വിവാഹിതരും അവിവാഹിതരുമാണെന്നും നിജപ്പെടുത്തുന്നതില്‍ സലിം ശ്രദ്ധാലുവായിരുന്നു. അതുകൊണ്ടു ആണും പെണ്ണും ലോഡ്ജില്‍ മുറിയെടുക്കാന്‍ വരുമ്പോള്‍ സലിം മുക്കുവ സഹായികളോട് ചോദിക്കാന്‍ ആവശ്യപ്പെടും: ''അവര്‍ ഫ്രണ്ട് ആണോ അതോ ഭാര്യ ആണോ എന്ന് അന്വേഷിക്കുവിന്‍.''

ഒരു ദിനത്തില്‍ വെള്ളക്കാരിയായ ഒരു യൂറോപ്യന്‍ വനിത കടല്‍ത്തീരത്തുള്ള മണലില്‍ മുക്കുവ ബാലന്മാരുമായി മണല്‍വാരി കളിച്ചുകൊണ്ടിരുന്നു. മണലില്‍ പലതരം രൂപങ്ങള്‍ ഉണ്ടാക്കി അവര്‍ രസിച്ചുകൊണ്ടിരുന്നു. ആ കൂട്ടവുമായി ഒരു സുഹൃത്ബന്ധം സ്ഥാപിക്കാന്‍ എനിക്കു കഴിഞ്ഞു. മുക്കുവ ബാലകരില്‍നിന്നും പഠിച്ച ചില മലയാളം വാക്കുകളും ആ വെള്ളക്കാരിക്കറിയാമായിരുന്നു. യൂറോപ്പില്‍ അന്നു തുടങ്ങിയ സാമൂഹ്യ വ്യതിയാനങ്ങളെക്കുറിച്ച് ആ വെള്ളക്കാരി വാതോരാതെ സംസാരിച്ചു.

''ഈ തിരമാലകളെ നോക്കുവിന്‍. അവയെല്ലാം യൂറോപ്യന്‍ കടല്‍ത്തീരത്തുനിന്നും തങ്ങളുടെ ദുഃഖഭാരങ്ങളുമായി നിങ്ങളുടെ കടല്‍ത്തീരത്ത് വന്നവരാണ്. അവരുടെ സങ്കടകഥകള്‍ നിങ്ങളുടെ രാജാക്കന്മാരെ ഉണര്‍ത്തിക്കാന്‍ വന്നവര്‍.'' മഹാരാജാക്കന്മാരുടെ പോയ ഇന്ത്യയെക്കുറിച്ചു വായിച്ചുകേട്ടിരുന്നു അവര്‍.

ആ വെള്ളക്കാരി ഹിപ്പി സ്ത്രീയുടെ മാതാപിതാക്കള്‍ രണ്ടുതവണ വിവാഹമോചനം നടത്തിയവരാണെന്നും ആ കാലങ്ങളില്‍ താന്‍ അനുഭവിച്ച ദുഃഖങ്ങള്‍ എന്തുമാത്രമാണെന്നും ആ പെണ്‍കുട്ടി വേദനയോടുകൂടി വിവരിച്ചു. വിവാഹമോചനം കേരളത്തില്‍ അപൂര്‍വ്വമായിരുന്നു അക്കാലങ്ങളില്‍. ''കാറ്ററിയില്ല കടലറിയില്ല, അലയും തിരയുടെ വേദന, അലയും തിരയുടെ വേദന...'' സലീമിന്റെ ടൂറിസ്റ്റ് കടയിലെ റേഡിയോവില്‍നിന്നും പുറപ്പെട്ട അക്കാലത്തു പ്രബലമായ ഒരു ചലച്ചിത്രഗാനരംഗത്തെ കൂടുതല്‍ ശോകമയമാക്കി. ഹിപ്പികള്‍ അലയും തിരകളെപ്പോലെ ആയിരുന്നു. അതുമല്ലെങ്കില്‍, ഒരു കടല്‍ത്തീരത്തുനിന്നും മറ്റൊരു കടല്‍ത്തീരത്തേക്കു പറന്നു നടക്കുന്ന കടല്‍പക്ഷികളെപ്പോലെയോ. കഴിഞ്ഞ ആറ് ദശകങ്ങളായി മാനവരാശി ചവച്ചിറക്കിയ വേദനകള്‍ ആരോട് പറഞ്ഞുതീര്‍ക്കും. വയലാര്‍ രചിച്ച് ദേവരാജന്‍ ഈണം നല്‍കി എ.എം. രാജ പാടിയ സുന്ദരമായ ഈ ഗാനം ശ്രവിക്കുമ്പോള്‍ എല്ലാം നിഷ്‌കളങ്കമായ കോവളം സ്മരണകള്‍ മനോമുകുരത്തില്‍ ഉദിച്ചുവരുന്നു.

സ്വന്തം നാട്ടില്‍ മടങ്ങിയെത്തിയ

ഹിപ്പികള്‍

വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്പില്‍നിന്നും മടങ്ങിയെത്തിയ ഞാന്‍ ഒരവസരത്തില്‍ കോവളം സന്ദര്‍ശിച്ചു. സലിം ലോഡ്ജിന്റെ സ്ഥാനത്തു സമുദ്ര എന്ന പേരില്‍ ഒരു കൂറ്റന്‍ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നു. ഓര്‍മ്മകളുടെ ഒരു സുനാമി തന്നെ എന്നെ പിന്തുടര്‍ന്നു. കൂരിരുട്ടുള്ള ഒരു രാത്രി, അകലെ കടല്‍ തിരമാലകള്‍ തീരത്തു വന്നു ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. ഒരു കൂട്ടം നായ്ക്കള്‍ ആ തിരകളെ കണ്ടു ഭയന്ന് ഉച്ചത്തില്‍ ഓലി ഇട്ടപ്പോള്‍ അന്തരീക്ഷത്തില്‍ ഒരു ഭയാനകത്വം നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പു ഹിപ്പി സ്ത്രീ വിവരിച്ച വേദനകളുടെ കാഠിന്യം എന്താണെന്ന് യൂറോപ്യന്‍ ജീവിതം എനിക്കു മനസ്സിലാക്കിത്തന്നിരുന്നു.

നിരവധി ഹിപ്പികള്‍ തങ്ങളുടെ വിചിത്രാനുഭവങ്ങളുമായി പില്‍ക്കാലത്തു സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയെത്തിയിരുന്നു. അങ്ങനെ യൂറോപ്പില്‍ തിരിച്ചെത്തി വിവാഹിതനായ ഒരുവന്‍ തന്റെ ഏക മകള്‍ക്ക് 'വാരണാസി' എന്നു പേരിട്ടു. കോവളത്തുനിന്നും കാശിയില്‍ എത്തി നിരവധി വര്‍ഷങ്ങള്‍ അവിടെ താമസിച്ച അദ്ദേഹവുമായി പരിചയപ്പെടാനിടയായി. വാരണാസി ജീവിതത്തിലെ ഏതോ സ്‌നേഹബന്ധത്തിന്റെ ഓര്‍മ്മകളുടെ നൂലാമാലയാണോ തന്റെ മകള്‍ക്കു വാരണാസി എന്ന പേരിടാന്‍ പ്രേരിപ്പിച്ച ഘടകമെന്നായിരുന്നു എന്റെ നിഗമനം. അതിനു വിരുദ്ധമായി വാരണാസിയുടെ ആദ്ധ്യാത്മികതയില്‍ താന്‍ വശ്യപ്പെട്ടിരുന്നുവെന്നും ആ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടിയാണ് തന്റെ പുത്രിക്ക് വാരണാസി എന്നു പേരിട്ടതെന്നും അദ്ദേഹം എന്നെ അറിയിച്ചു. ഭാരതത്തിന്റെ ആദ്ധ്യാത്മിക പാരമ്പര്യത്തെ വാനോളം അദ്ദേഹം പുകഴ്ത്തി സംസാരിച്ചു.

നീണ്ടകാലം പരദേശവാസത്തിനുശേക്ഷം യൂറോപ്പില്‍ മടങ്ങിയെത്തിയ മറ്റൊരു ഹിപ്പി തികച്ചും ഗാന്ധിഭക്തനായിത്തീര്‍ന്നു. ഗാന്ധിയോടുള്ള ബഹുമാനംകൊണ്ടാണ് വെള്ളക്കാര്‍ തങ്ങളുടെ നാട്ടില്‍ ഇന്ത്യക്കാരെ ഇത്രമാത്രം സ്വാഗതം ചെയ്യുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തെല്ലായിടത്തും ഇന്ത്യക്കാര്‍ ഇപ്പോള്‍ ഉണ്ടല്ലോ. ഒരര്‍ത്ഥത്തില്‍, ലോകത്താകമാനം ഒരു ഗാന്ധിയന്‍ സാമ്രാജ്യം രൂപംകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ശൈത്യസായാഹ്നത്തില്‍ വഴിയില്‍ക്കൂടി നടക്കുകയായിരുന്നു. ഒരു വീടിനു മുന്‍പില്‍ ഇളംപ്രായക്കാരനായ ഒരു ബാലന്‍ കരഞ്ഞുകൊണ്ടിരുന്നു. അവന്റെ അച്ഛന്‍ കാറില്‍ കയറി ധൃതിയില്‍ വണ്ടി ഓടിച്ചു വിട്ടുപോകുന്നതു കണ്ടു. അപരിചിതനായ എന്നെ കണ്ട ബാലന്‍ എന്റെ കൈകളില്‍ ബലമായി പിടിച്ചുകൊണ്ട് എന്റെ കൈകള്‍ ഉലക്കാന്‍ തുടങ്ങി, അവന്റെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാന്‍ ആയിരിക്കണം ആ കുട്ടി അപ്രകാരം ചെയ്തത്. അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: ''ഞാന്‍ എന്റെ ഡാഡിയെ ഇനിയും കാണുകയില്ല.'' ആ കുട്ടിയുടെ വീട്ടിലെ ജനാലയിലേയ്ക്ക് എത്തിനോക്കിയപ്പോള്‍ അവന്റെ മാതാവ് കരഞ്ഞുകൊണ്ടിരുന്നതായി കണ്ടു. ഒരു വേര്‍പാടിന്റെ ദുഃഖരംഗമായിരുന്നു അവിടെ കണ്ടത്. ആ ബാലന്‍ എന്റെ കൈകള്‍ പിടിച്ചു ശക്തമായി എന്നെ ഉലച്ചുകൊണ്ടേയിരുന്നു. ലോകം അവസാനിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ചിന്തിച്ചുപോയി. വിവാഹമോചനത്തിലെ പ്രധാന ബലിയാടുകളായ കുട്ടികള്‍ക്ക് ഒരു ഉദാഹരണമായിരുന്നു അവന്‍. വിദേശത്തുനിന്നും മടങ്ങിയെത്തിയ ഒരു ഹിപ്പിയായിരുന്നു ആ കുട്ടിയുടെ അച്ഛന്‍. മടങ്ങിവന്ന ഹിപ്പികളില്‍ പലര്‍ക്കും സമൂഹവുമായി ഒത്തിണങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

പോയ നൂറ്റാണ്ടിലെ പാളിച്ചകള്‍

ഒരു ബഹുമാന്യ വൈദികന്‍ ഫലിതരൂപത്തില്‍ വിവരിച്ചതുപോലെ, സ്ത്രീ-പുരുഷ ലൈംഗികബന്ധം ഒരു സയലോസിന്‍ പശടേപ്പിനു തുല്യമാണ്. ഒരിക്കല്‍ ഒട്ടിച്ച സയലോസിന്‍ പശടേപ്പ് കഷണം പറിച്ചു രണ്ടാമത് ഒട്ടിച്ചാല്‍ അതു ശരിക്കു ഒട്ടുകയില്ല. ഏതാണ്ട് ഇതുപോലെയാണ് ഒന്നിലധികം ശാരീരികബന്ധങ്ങളുടെ അപാകതകള്‍. 1960 മെയ് മാസം 11-ന് അമേരിക്കയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് അംഗീകാരം നല്‍കി. തുടര്‍ന്ന് അവകള്‍ വിപണികളില്‍ വില്‍പ്പനയ്ക്ക് ഇറക്കപ്പെട്ടു. ലൈംഗിക അരാജകത്വത്തിനുള്ള തുടക്കം കുറിക്കലായിരുന്നു അത്തരമൊരു സംഭവവികാസം. ലൈംഗികതയോടു സ്ത്രീകള്‍ക്കുണ്ടായിരുന്ന ജൈവപരിണാമപരമായ ആന്തരനിരോധനവും ഗര്‍ഭഭീതികളും ഇതോടൊപ്പം ഉന്മൂലനം ചെയ്യപ്പെട്ടു. 'ഒരു സ്ത്രീ, ഒരു പുരുഷന്‍, ഒരു ലോകം' എന്ന പവിത്രമായ തത്വസിദ്ധാന്തം തകര്‍ക്കപ്പെട്ടു.

നിരവധി പുരുഷന്മാരോടൊപ്പം ശയിച്ച സ്ത്രീകള്‍ക്ക് ഒരു പുരുഷനുമായി നിത്യമായ ആത്മബന്ധത്തിനുണ്ടായിരുന്ന കഴിവ് നഷ്ടപ്പെട്ടു; അപ്രകാരം തന്നെ പുരുഷന്മാര്‍ക്കും. മനുഷ്യസമൂഹം, പ്രത്യേകിച്ചും യാന്ത്രിക സംസ്‌കാരങ്ങള്‍ വിവാഹത്തിന്റെ പവിത്രത കളഞ്ഞുകുളിച്ചു. അത്തരം രാജ്യങ്ങളില്‍ വിവാഹമോചനങ്ങളുടെ പെരുമഴ പെയ്തുകൊണ്ടിരിക്കുന്നു. ഡിവോഴ്സ് വൈറസ് കൊവിഡിനെപ്പോലെ ലോകത്താകമാനം പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ ഭാവിവരനുവേണ്ടി അനുഷ്ഠിച്ചിരുന്ന തിങ്കളാഴ്ച നോയമ്പ് എന്ന പവിത്ര ആചാരത്തിനു വിലയില്ലാതായിരിക്കുന്നു. ''നിന്റെ തിങ്കളാഴ്ച നോയമ്പ് ഞാന്‍ മുടക്കും'' എന്ന ഗാനശകലത്തിന് ഇന്നു പ്രസക്തിയില്ലത്രേ.

1960-കളെത്തുടര്‍ന്ന്, മനുഷ്യമസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരുന്ന വിവിധതരം ബോധാവസ്ഥകള്‍പോലും മനഃശാസ്ത്രങ്ങളുടെ മാപ്പുകളില്‍നിന്നും നീക്കം ചെയ്യപ്പെടാന്‍ തുടങ്ങി. മനഃശാസ്ത്ര മേഖലകള്‍ തലച്ചോറിനെ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. മനുഷ്യര്‍ യാന്ത്രിക ജീവികളായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. ശാസ്ത്രം മനുഷ്യനു മൃഗീയജീവിതത്തിനുള്ള പട്ടയം നല്‍കി. ശാസ്ത്രത്തിലെ പതിരുകളെ വിവേചിച്ചറിയേണ്ടിയിരിക്കുന്നു. ക്രിസ്തുവിന്റെ ദൈവികത്വം, മരണാനന്തര ജീവിതം എന്നിവയ്ക്കു പുറമെ മനുഷ്യനില്‍ അതീന്ദ്രിയവും ഉന്നതവുമായ ഒരു ബോധാവസ്ഥ കുടികൊള്ളുന്നതിന്റെ ആധുനിക തെളിവുകൂടിയാണ് മരിയ ദര്‍ശനങ്ങള്‍. ഇപ്പോഴുള്ള ശാസ്ത്രീയമായി വിശകലനം ചെയ്യപ്പെട്ടിട്ടുള്ള മരിയ ദര്‍ശനങ്ങള്‍ മറ്റുള്ളവയ്ക്ക് കൂടുതല്‍ ആക്കം നല്‍കുന്നു. 1960-കളില്‍ മരിയ ദര്‍ശനങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍ മനഃശാസ്ത്രങ്ങളില്‍ ഇത്രമാത്രം ഭൗതിക അടിസ്ഥാനപരമായ ആശയങ്ങള്‍ രൂപംകൊള്ളുകയില്ലായിരുന്നു. വികസിത രാജ്യങ്ങളില്‍ മനഃശാസ്ത്രങ്ങളാണ് സാമൂഹിക ഞരമ്പ് കേന്ദ്രങ്ങള്‍. അവരുടെ ചിന്തകള്‍ക്കൊപ്പം സമൂഹം നീങ്ങുന്നു എന്നതാണ് വാസ്തവം.

ശ്രവിക്കപ്പെടാത്ത ആത്മരോദനങ്ങള്‍

മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചു മനുഷ്യര്‍ ഭീതിപ്പെടുന്നു. എന്നാല്‍, യുദ്ധംകൊണ്ട് ജീവനാശം മാത്രമല്ല അര്‍ത്ഥമാക്കുന്നതെങ്കില്‍ ലോകമാസകലം മിക്ക കുടുംബങ്ങളിലും ഒരുതരം മത്സരവും യുദ്ധവും നടന്നിട്ടുണ്ട് അല്ലെങ്കില്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ വസ്തുത കണക്കിലെടുത്താല്‍ ഒരര്‍ത്ഥത്തില്‍ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാവുന്നതാണ്. യുദ്ധങ്ങള്‍ക്കു പിന്നിലുള്ള ആദ്ധ്യാത്മിക കാരണങ്ങളും കണക്കിലെടുത്തുകൊണ്ടും ഇന്നുള്ള യുദ്ധഭീഷണികളെ മറികടന്നു ചിന്തിച്ചും ഫാത്തിമാ ദര്‍ശനത്തില്‍ യേശുമാതാവ് വാഗ്ദാനം നല്‍കിയിട്ടുള്ള സമാധാന കാലഘട്ടമാണ് മനുഷ്യസമൂഹം നേടിയെടുക്കേണ്ടത്.

മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം തേടിയലഞ്ഞ ഹിപ്പി സംസ്‌കാരം '80-കളില്‍ തുടക്കം കുറിച്ച ഭൗതികതയുടെ വിളനിലമായ ഹിപ്പി സംസ്‌കാരത്തിനു വഴിമാറിക്കൊടുത്തു. 1960-കള്‍ ആദ്ധ്യാത്മികതയ്ക്കും ഭൗതികതയ്ക്കും ഇടയ്ക്കുള്ള ഒരു നാല്‍ക്കവലയായിരുന്നു. ആ തലമുറകള്‍ ആദ്ധ്യാത്മികതയോടു സചേതനമായിരുന്നു. മനുഷ്യരാശി ഏതോ ദൈവിക മാര്‍ഗ്ഗദര്‍ശനം (Fatima Marian Apparitions) തിരസ്‌കരിച്ചതിന്റെ പരിണതഫലങ്ങള്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നതുപോലെയാണ് സമാധാനരഹിതമായ 21-ാം നൂറ്റാണ്ടിലെ ഇന്നുള്ള സംഭവഗതികള്‍. 1960-കളില്‍ ഫാത്തിമ മരിയ ദര്‍ശനത്തിന് അര്‍ഹമായ പ്രാധാന്യം ലോകം നല്‍കിയിരുന്നുവെങ്കില്‍ എന്നാശിച്ചുപോയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉന്നത സഭാധികാരികളുടെ അശ്രദ്ധ സഹായകരമായിരുന്നില്ല. മനുഷ്യസമൂഹം തങ്ങളുടെ പാളിച്ചകളില്‍നിന്നും പുതിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്, ലോകം അക്രമാസക്തവും ഉപസാധാരണവുമായിത്തീര്‍ന്നു കൊണ്ടിരിക്കുന്നു.

ഒരു ഉദാഹരണം ഉപയോഗിച്ചു വിവരിച്ചാല്‍, മോട്ടോര്‍വേയുടെ ഒരു ജംഗ്ഷന്‍ അബദ്ധവശാല്‍ മറികടന്നുപോയാല്‍ യുടേണ്‍ എടുക്കാന്‍ സാദ്ധ്യമല്ലല്ലോ. അടുത്ത ജംഗ്ഷന്‍ വരെ വണ്ടിയോടിക്കുകയേ നിര്‍വ്വാഹമുള്ളൂ. ഏതാണ്ട് അപ്രകാരമാണ് ലോകത്തിന്റെ ഇന്നത്തെ സ്ഥിതി. കൈമോശം വന്ന ആദ്ധ്യാത്മിക ഉള്‍ക്കാഴ്ച വീണ്ടെടുത്തു, 1960-കളിലേയ്ക്ക് മനുഷ്യരാശി തിരിച്ചുപോയി വിട്ടുപോയ ആദ്ധ്യാത്മിക ജംഗ്ഷന്‍ കണ്ടെത്തി യാത്ര തുടരുകയേ ഇനി മാര്‍ഗ്ഗമുള്ളൂ. അതു സംഭവിക്കുന്നതുവരെ ലോകജനത ഇന്നു കാണുന്ന ദുരിതങ്ങള്‍ അനുഭവിക്കേണ്ടിയിരിക്കുന്നു. ഹിപ്പികള്‍ ലോകത്തിനൊരു മുന്നറിയിപ്പായിരുന്നു.?

(ലേഖകന്‍ സൈക്ക്യാട്രിസ്റ്റ് കണ്‍സള്‍ട്ടന്റായി ഹോളിന്‍സ് പാര്‍ക്ക് ഹോസ്പിറ്റല്‍ വാറിംഗ്ട്ടന്‍, യു.കെയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു)

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT