ഇസ്ലാമില്‍നിന്ന് പുറത്താകുന്ന ഒരു ആണ്‍ മുസ്ലിം ഒരിക്കലും ഇസ്ലാമില്‍നിന്ന് പുറത്താകുന്നില്ല. എക്സ് നക്സല്‍ എന്നു പറയാറുള്ളതു പോലെ എക്സ് മുസ്ലിം എന്ന് ഒരു ആണ്‍ മുസ്ലിമിന് പറയാന്‍ സാധിക്കില്ല. പുതിയൊരു സംവര്‍ഗ്ഗമായി എക്സ് മുസ്ലിം കൂട്ടായ്മയ്ക്കുള്ള സാധ്യത അടഞ്ഞുതന്നെ കിടക്കുന്നു.
ഒന്ന്:
ആണ്‍ ശരീരത്തിലെ ഇസ്ലാമികവല്‍ക്കരണമാണ്, സുന്നത്തു കല്യാണം. അത് ശൈശവത്തില്‍ തന്നെ നടക്കുന്നു. മതത്തെ ശരീരത്തില്‍ അടയാളപ്പെടുത്തുന്ന രീതിയാണ് സുന്നത്ത്, അഥവാ ലിംഗാഗ്രച്ഛേദനം അല്ലെങ്കില്‍ മാര്‍ക്ക കല്യാണം. ശൈശവം നിര്‍ണ്ണായകമാണ്. ഇസ്ലാം വേരുറപ്പിക്കുന്നത് മസ്തിഷ്‌കത്തില്‍ മാത്രമല്ല, ശരീരത്തിലുമാണ്. മതത്തിന്റെ സോഫ്റ്റ്വെയര്‍ മസ്തിഷ്‌കത്തില്‍നിന്ന് മാറ്റിയാലും, ശരീരത്തിലുണ്ടാവും. അതുകൊണ്ട് ഒരു ബ്രാഹ്മണന് പുതിയൊരു ബോധ്യത്തില്‍ പൂണൂല്‍ ഉപേക്ഷിക്കുന്നതു പോലെ, ഒരു മുസ്ലിമിന് ശരീരത്തില്‍നിന്ന് മതത്തെ അഴിച്ചുമാറ്റാനാവില്ല. പൊളിറ്റിക്കല്‍ ഇസ്ലാം എന്ന പോലെ ബോഡി പൊളിറ്റിക്സുമാണ് ഇസ്ലാം. മസ്തിഷ്‌കം ഇസ്ലാമിനെ ഉപേക്ഷിച്ചാലും, 'ശരീരം ഇസ്ലാമായിരിക്കും' എന്ന വൈരുദ്ധ്യമുണ്ട്. അതുകൊണ്ടാണ് ഹമീദ് ചേന്നമംഗല്ലൂരും കെ.ഇ.എന്നും 'മതരഹിത മനുഷ്യ'രായി മാറുന്നത്. അവര്‍ എക്സ് മുസ്ലിം എന്ന പുതിയൊരു സംവര്‍ഗ്ഗമായി ഐക്യപ്പെടുന്നില്ല.
രണ്ട്:
ആധുനിക ജനാധിപത്യ സമൂഹമായി നടത്തുന്ന ഒരു സംവാദത്തിന്റെ ടേണിങ്ങ് പോയന്റില്‍ മതമുപേക്ഷിക്കുന്ന ഏതൊരാളെയും പോലെയുള്ള പ്രധാന്യമേ ഇസ്ലാം ഉപേക്ഷിക്കുന്ന ഒരാള്‍ക്കുമുള്ളൂ. ഇസ്ലാം ഉപേക്ഷിച്ച ഒരാള്‍ പിന്നെയും 'എക്സ് മുസ്ലി'മായി പുതിയൊരു 'ജാതി മുസ്ലിം' ആയി ഐക്യപ്പെടുന്നത് എന്തിനാണ്? നിങ്ങള്‍ മുസ്ലിമാകുന്നതു പോലെ മുസ്ലിമല്ലാതായി മാറുന്നതും പൊതുസമൂഹത്തിന്റെ വിഷയമല്ല. മതരഹിത പൗരത്വം ആഗ്രഹിക്കുന്നവര്‍, കെ.ഇ.എന്നിനെ പോലെ അത് ഉറപ്പിച്ചു തന്നെ പറയൂ. കെ.ഇ.എന്‍ ഇസ്ലാമിനു പുറത്താണ്, എന്നാല്‍, മുസ്ലിമുകളുമായോ ഇസ്ലാമുമായോ സംഘര്‍ഷത്തിലല്ല.
മൂന്ന്:
ഇസ്ലാമില്‍നിന്ന് പുറത്താകുന്ന/സ്വയം പുറത്തു പോകുന്ന ആള്‍ ഇന്ന് ഏറെ ഭയക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനം, മുസ്ലിം ലീഗ് ആണ്. ''ഒരാള്‍ കമ്യൂണിസ്റ്റാകുമ്പോള്‍ അയാള്‍ ഇസ്ലാമില്‍ നിന്നാണ് അകലുന്നത്'' എന്ന മാരകമായ വേര്‍ഷന്‍ ഇപ്പോള്‍ കെ.എം. ഷാജി പോലും പറയുന്നുണ്ട്. മതരഹിത മുസ്ലിങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ജില്ല മലപ്പുറമാണ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രം. മുസ്ലിം ലീഗില്‍നിന്ന് സ്വയം പുറത്താവുന്ന ആള്‍ 'എക്സ് മുസ്ലിം ലീഗ്' എന്നു വാലായി ചേര്‍ക്കാറില്ല. മുസ്ലിം ലീഗായിരുന്ന എത്രയോ പേര്‍ ഇന്ന് അതല്ലാവാതിരിക്കുകയും മുസ്ലിമായി തുടരുകയും ചെയ്യുന്നു. മുസ്ലിം ലീഗും മുസ്ലിമും തമ്മില്‍ പേരില്‍ മാത്രമാണ് ബന്ധമെങ്കിലും, അമുസ്ലിമായി ഒരു മുസ്ലിം ലീഗുകാരനുമില്ല. എക്സ് മുസ്ലിം ലീഗ് എന്ന സംവര്‍ഗത്തിന് പ്രസക്തിയില്ലാത്തതു പോലെ, എക്സ് മുസ്ലിമിനുമില്ല.
അപ്പോള്‍ ഇസ്ലാം ഉപേക്ഷിക്കുന്ന വ്യക്തിക്ക് 'മസ്തിഷ്‌കം'കൊണ്ട് മറ്റൊരു മതത്തില്‍ ചേരാം. അല്ലെങ്കില്‍ മതരഹിത ജീവിതം നയിക്കാം. എത്രയോ പേര്‍ ജീവിക്കുന്നതു പോലെ 'മതമില്ലാത്ത ജീവന്‍.'
മുസ്ലിമല്ലാതായി മാറിയിട്ടും എക്സ് മുസ്ലിം ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്, ഭാവിയിലും ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടു മാത്രമാണ്. അപ്പോള്‍ മതമുപേക്ഷിച്ചിട്ടും 'എക്സ് മുസ്ലിം' ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ശരിക്കും എന്താണ് ഉപേക്ഷിച്ചത്?
നാല്:
വര്‍ഷങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നായയെ വളര്‍ത്തിയ ഒരു ഹജ്ജുമ്മയെ ഓര്‍മ്മ വന്നു. ആ ഹജ്ജുമ്മയ്ക്ക് ഏറെ അരുമയായ ഒരു കറുത്ത നായയുണ്ടായിരുന്നു. ഇറച്ചിയും പത്തിരിയും ബീഫും ആ ഹജ്ജുമ്മ തന്റെ അരുമയായ വളര്‍ത്തുനായയെ തീറ്റിച്ചുകൊണ്ടിരുന്നു.
ആടിനേയും പശുവിനേയും കോഴിയേയും താറാവുകളേയും മുയലുകളേയും പോറ്റുന്ന മുസ്ലിം വീടുകളുണ്ടെങ്കിലും, വളര്‍ത്തുനായയെ പോറ്റുന്ന ഹജ്ജുമ്മ നാട്ടില്‍ വലിയ വാര്‍ത്തയായി. വലിയ ധനിക കുടുംബമായിരുന്നതിനാല്‍ ആരും എതിര്‍ത്തൊന്നും പറഞ്ഞിരുന്നില്ല. കറുത്ത നായയെ കണ്ടാല്‍ കല്ലെറിയണം, അത് പിശാചിന്റെ പ്രതിരൂപമാണ് എന്ന നബിവചനം ചില സക്കാത്തിനു വന്ന സ്ത്രീകള്‍ ഹജ്ജുമ്മയെ ഓര്‍മ്മിപ്പിച്ചിരുന്നുവെങ്കിലും, ഹജ്ജുമ്മ നായക്ക് ഇറച്ചിയും പത്തിരിയും ബിരിയാണിയും കൊടുക്കുന്നത് തുടര്‍ന്നു. അതൊരു കറുത്ത നായയുമായിരുന്നു.
ഏര്‍വാടിയിലേക്കും മുത്തുപ്പേട്ടയിലേക്കും നേര്‍ച്ചയാക്കി ആടുകളെ പോറ്റുന്ന ചില കുടുംബങ്ങള്‍ അക്കാലത്ത് മാടായിയിലുണ്ടായിരുന്നു. ആണാടുകളുടെ കഴുത്തില്‍ നേര്‍ച്ചപ്പൈസ ഇടാനുള്ള ചെറിയ തുണിക്കീശ തൂക്കിയിട്ട് അവയെ അലയാന്‍ വിടും. നേര്‍ച്ചയാടുകളെ ആരും ഉപദ്രവിക്കില്ല. എല്ലാവരും നോക്കുന്നതുകൊണ്ട് മിക്കവാറും അവ തടിച്ചുകൊഴുത്തിരിക്കും. ഹജ്ജുമ്മയുടെ വീടിനു മുന്നിലൂടെ പോകുന്ന ഇത്തരം ആടുകളെ നായ കുരച്ചോടിക്കും. 'ബര്‍ക്കത്ത് കെട്ട നായ' എന്ന് ഹജ്ജുമ്മ കേള്‍ക്കാതെ പലരും നായയെ പൊട്ടിപ്പിരാകി. ഏറെ ദാനശീലയായ ഹജ്ജുമ്മ കേള്‍ക്കും വിധം ആരും അങ്ങനെ പറഞ്ഞില്ല.
ഹജ്ജുമ്മയുടെ നായ ഒരു ദിവസം ചത്തു. പത്തിരിയും ഇറച്ചിയുമായി നായക്കു മുന്നിലെത്തിയ ഹജ്ജുമ്മ ഈച്ചകള്‍ നായയുടെ മൂക്കിനു ചുറ്റും പറക്കുന്നതു കണ്ടപ്പോള്‍ സങ്കടപ്പെട്ടു. 'നായ മൗത്താ'യി എന്ന് സങ്കടപ്പെട്ട് കരഞ്ഞ ഹജ്ജുമ്മ, പറമ്പ് കൊത്താന്‍ വരുന്ന അയല്‍ക്കാരനെ വിളിച്ച്, പുരയുടെ അതിര്‍ത്തിയില്‍ നായയ്ക്ക് ഖബറൊരുക്കി. നായ ചത്ത മൂന്നാം ദിവസം 'കണ്ണാക്കു നാളില്‍' നാട്ടിലെ സാധുക്കള്‍ക്ക് ഹജ്ജുമ്മ അന്നദാനം നല്‍കി.
ആ ഹജ്ജുമ്മയ്ക്ക് നായയെ പോറ്റാന്‍ മതം ഒരു തടസ്സമായിരുന്നില്ല. അതുകൊണ്ട് അവരെയാരും മതത്തില്‍നിന്ന് പുറത്താക്കിയുമില്ല.
യുക്തിയുടെ അളവുകോല്‍വെച്ച് ഒരു മതത്തേയും അളക്കാനാവില്ല. യുക്തിയുടെ അളവില്‍ തുന്നിച്ചേര്‍ക്കുന്ന വസ്ത്രമല്ല ഒരു മതവും. ഏറ്റവും പ്രധാനം അവരവരില്‍ വിശ്വാസമുണ്ടായിരിക്കുക എന്നതാണ്.
സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായി മാറുന്ന എക്സ് മുസ്ലിം പോസ്റ്റുകള്‍ ഇസ്ലാമിനെ വിമര്‍ശിക്കുന്നത് പ്രവാചക ജീവിതത്തെയും ഖുര്‍ആനെയും മുന്നില്‍ നിര്‍ത്തിയാണ്. യഥാര്‍ത്ഥത്തില്‍ ഇസ്ലാമില്‍ 'ഉറച്ചു നില്‍ക്കാന്‍' ആരാണിപ്പോള്‍ ആഹ്വാനം ചെയ്യുന്നത്? മതം ഉപേക്ഷിച്ചവര്‍ എന്തിനാണ് മതജീവിതം നയിക്കുന്നവരെ പരിഹസിക്കുന്നത്? പ്രണയത്തിന്റേയും ലഹരിയുടേയും പേരില്‍ നടക്കുന്ന കൊലപാതങ്ങളുടെയത്ര ഹിംസ കേരളത്തില്‍ മതത്തിന്റെ പേരില്‍ നടക്കുന്നില്ല. ആര്‍ക്കെങ്കിലും മതം ഉള്ളതോ ഇല്ലാത്തതോ ഒന്നും ഇവിടെ പ്രശ്നമല്ല. മുസ്ലിമായതുകൊണ്ട് കെ.ടി. മുഹമ്മദ് നാടകമെഴുതാതിരുന്നിട്ടില്ല. പുനത്തില്‍ മദ്യപിക്കാതിരിന്നിട്ടുമില്ല. അവരെ ഏതെങ്കിലും തെമ്മാടിക്കുഴിയിലല്ല മറവ് ചെയ്തത്.
മതത്തെ ഉപക്ഷിച്ചവര്‍ ആ മതത്തിന്റെ പേര് ഉപയോഗിച്ച് സംഘടിക്കുന്നത്, അവര്‍ ആ മതത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നതിന് തുല്യമാണ്. പുഴ കടന്നിട്ടും തോളില്‍നിന്ന് അവരത് താഴെ ഇറക്കി വെക്കുന്നില്ല എന്നതാണ് അതിലെ വൈരുദ്ധ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates