എഴുത്തിനെ ഹൃദയമര്‍മ്മരമാക്കിയ സി.ജെ. റോയ്

ഭാഷാശാസ്ത്രത്തിനും സാഹിത്യത്തിനും കനപ്പെട്ട സംഭാവനകള്‍ നല്‍കിയാണ് ഡോ. സി.ജെ.റോയ് ജീവിതത്തില്‍ നിന്നും മടങ്ങിയത്
എഴുത്തിനെ ഹൃദയമര്‍മ്മരമാക്കിയ സി.ജെ. റോയ്
Published on
Updated on

ഭാഷയുടേയും സാഹിത്യത്തിന്റേയും സൗന്ദര്യം വായനക്കാരില്‍ എത്തിച്ച പ്രതിഭാശാലിയായിരുന്നു ഡോ. സി.ജെ. റോയ് (19352022). പത്രപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച ഡോ. റോയ് ഏറെ വ്യാപരിച്ചതും പ്രവര്‍ത്തിച്ചതും അദ്ധ്യാപനത്തിലും സാഹിത്യത്തിലുമായിരുന്നു. മലയാളത്തിലെ ഉപന്യാസ സാഹിത്യശാഖയെ സര്‍ഗ്ഗാത്മകമാക്കിയ റോയ്, ഭാഷാഗവേഷണത്തിലും ഭാഷാശാസ്ത്രത്തിലും മുഴുകിക്കൊണ്ട് സാഹിത്യകൃതികളെ ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തണമെന്ന ആശയം അവതരിപ്പിച്ച നിരൂപകനുമാണ്. ഭാഷാശാസ്ത്രത്തില്‍ നിര്‍വ്വചിക്കാത്ത ഹൃദയത്തിന്റെ ഭാഷയെന്ന തത്ത്വമാണ് ഡോ. സി.ജെ. റോയിയുടെ ഭാഷാശാസ്ത്ര നിരൂപണശൈലിയുടെ അടിസ്ഥാനം. എഴുത്തിനേയും അദ്ദേഹം ഹൃദയത്തിന്റെ മര്‍മ്മരമാക്കി. ഭാഷ അതിന്റെ ഉപകരണവുമായി.

ജീവിതത്തില്‍ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചാണ് റോയിയിലെ എഴുത്തുകാരന്‍ പരുവപ്പെട്ടത്. കോട്ടയത്തെ പുതുപ്പള്ളിയില്‍ ഒരു അദ്ധ്യാപകന്റെ മകനായി ജനിച്ച റോയ് അപ്പന്റെ വഴികളിലൂടെ നടന്നാണ് അദ്ധ്യാപകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിത്തീര്‍ന്നത്. തനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ദാരിദ്ര്യവും യാതനയും കണ്ടു വളര്‍ന്ന അദ്ദേഹം ബാല്യത്തില്‍ തന്റെ പൊതിച്ചോറ് ക്ലാസ്സിലെ വിശക്കുന്ന കൂട്ടുകാര്‍ക്കായി മാറ്റിവെച്ചു. റോയിയുടെ അപ്പനും അങ്ങനെ തന്നെയായിരുന്നു. പാവങ്ങളുടെ വിശപ്പടക്കാന്‍ വീടുകളില്‍നിന്നു പിടിയരി ശേഖരിച്ച് മാങ്ങാനത്തെ സാധു മത്തായിച്ചന്‍ എന്ന ആതുരസേവകന്റെ കൂടെ ചേര്‍ന്ന് അഗതിമന്ദിരം ഉണ്ടാക്കിയ അദ്ധ്യാപകനായിരുന്നു റോയിയുടെ അപ്പന്‍. ഡോ. റോയിയും തന്റെ പഠനകാലത്തും അതിനുശേഷവും മിച്ചംവരുന്ന പണം പാവങ്ങള്‍ക്കായി വിതരണം ചെയ്തു. അപ്പന്‍ പാവങ്ങളെ ശുശ്രൂഷിക്കുന്നതു കണ്ടിട്ട് ഒരു ഡോക്ടറാകാന്‍ ആലുവ യു.സി കോളേജില്‍ ബി.എസ്.സി ബോട്ടണി പഠിക്കാന്‍ ചേര്‍ന്ന റോയി, അവിടെ മലയാളം പഠിപ്പിക്കാനെത്തിയ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ശിഷ്യനായി മാറുകയായിരുന്നു. ആലുവാപ്പുഴപോലെ നിര്‍മ്മലമായി ഒഴുകിയിരുന്ന കുറ്റിപ്പുഴയുടെ ഗദ്യശൈലി റോയിയെ സ്വാധീനിച്ചു. യു.സി കോളേജില്‍ ക്ലാസ്സെടുക്കാന്‍ ഇടയ്ക്കിടെ എത്തിയ വിശ്വവിശ്രുതനായ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ഉദാത്തചിന്തകളും റോയിയുടെ ചിന്താജീവിതത്തില്‍ ഭാസുരസങ്കല്പങ്ങള്‍ ഉണര്‍ത്തി.

വീട്ടിലെ ഞെരുക്കങ്ങളും നാട്ടിലെ ദാരിദ്ര്യവും ഒരുപോലെ മനസ്സില്‍ തട്ടിയപ്പോള്‍ പഠനം തുടരാന്‍ കഴിയാതെ സി.ജെ. റോയ് കോട്ടയത്തു പൈകടാസ് ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി. ഒരു നേരം ഭക്ഷണം കഴിച്ചും പബ്ലിക് ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ വായിച്ചും ട്യൂട്ടോറിയല്‍ കോളേജ് ജീവിതം നയിച്ച റോയ് തന്റെ വരുമാനം അപ്പന്റെ വഴിയില്‍ പാവങ്ങള്‍ക്കുവേണ്ടി നീക്കിവെച്ചു. ഇക്കാലത്തെ വായനയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പത്രപ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചത്. മലയാള മനോരമയിലെ കെ.എം. മാത്യുവിന്റെ മുന്‍പിലേക്ക് കടന്നുചെന്ന് ഒരു ജോലി ചോദിച്ചപ്പോള്‍ റോയിയെ അദ്ദേഹം കൈപിടിച്ചുകൊണ്ട് ചെന്നാക്കിയത് അക്ഷരങ്ങളുടെ സൗന്ദര്യം കണ്ടെത്താനല്ല, അക്ഷരപ്പിശാചുക്കളെ കണ്ടെത്താനായിരുന്നു. മനോരമയില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തതുകൊണ്ടാണ് പില്‍ക്കാലത്ത് മലയാളത്തിലെ അക്ഷരമാല തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയതെന്ന് റോയ് പറഞ്ഞിട്ടുണ്ട്. അങ്ങനെ അക്ഷരവും അക്ഷരത്തെറ്റും വാക്യവും വാക്യത്തെറ്റും തിരിച്ചറിഞ്ഞ റോയ് ഭാഷയുടെ സൗന്ദര്യം അന്വേഷിക്കാന്‍ തന്റെ മനസ്സിനെ പാകപ്പെടുത്തി. അങ്ങനെയിരിക്കെ ഒരു ദിവസം കെ.എം. മാത്യു എന്ന മാത്തുക്കുട്ടിച്ചായന്‍ ചെറുപ്പക്കാരനായ റോയിയെ പത്രത്തിന്റെ എഡിറ്റോറിയല്‍ മുറിയിലേക്ക് കൊണ്ടുപോയി. എഡിറ്റിംഗ് പഠിപ്പിക്കാന്‍ റോയിയെ കെ.പി.കെ. പിഷാരടിയെ ഏല്പിച്ചു. അങ്ങനെയാണ് മനോരമയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്.

വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ച ഗുരുനാഥന്‍

മനോരമയില്‍ എഡിറ്റിംഗ് മാത്രമല്ല, റിപ്പോര്‍ട്ടിംഗും തുടങ്ങിയ റോയ് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അന്നുമുതല്‍ അറിയപ്പെടാനും തുടങ്ങി. വായിച്ച പുസ്തകങ്ങളെപ്പറ്റി എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ രചനകള്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്‍.വി. കൃഷ്ണവാരിയര്‍ പില്‍ക്കാലത്ത് മാതൃഭൂമി വാരികയുടെ പത്രാധിപരായപ്പോള്‍ ഡോ. റോയിയുടെ നിരൂപണങ്ങള്‍ 'വളരുന്ന സാഹിത്യം' എന്ന പംക്തിയില്‍ ഉള്‍പ്പെടുത്തി. ബഷീറിന്റെ 'പാത്തുമ്മായുടെ ആട്' ഇംഗ്ലീഷിലാക്കി 'ദ് ഇല്ലസ്‌ട്രേറ്റ്ഡ് വീക്കിലി ഓഫ് ഇന്ത്യ'ക്ക് അയച്ചുകൊടുത്തു. മനോരമയിലെ ജോലി റോയിയുടെ സാഹിത്യലോകത്തിലേക്കുള്ള തുടക്കമായെങ്കിലും മലയാളഭാഷയും സാഹിത്യവും പഠിക്കാനുള്ള മോഹമാണ് അന്ന് അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യമായത്. അങ്ങനെയാണ് ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പി.വി. ഉലഹന്നാന്‍ മാപ്പിളയുടെ ശിഷ്യനായി മലയാളം എം.എ. ക്ലാസ്സിലെത്തിയത്. ഫസ്റ്റ് ക്ലാസ്സില്‍ എം.എ പാസ്സായ റോയിയെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലേക്ക് അന്ന് വകുപ്പ് അദ്ധ്യക്ഷനായ പുത്തന്‍കാവ് മാത്തന്‍ തരകന്‍ ക്ഷണിച്ചു. അവിടെ പഠിപ്പിക്കുമ്പോഴാണ് ഭാഷാശാസ്ത്രം പഠിക്കാനുള്ള മോഹവുമായി പ്രൊഫ. വി.ഐ. സുബ്രഹ്മണ്യത്തിന്റെ ശിഷ്യനായത്. മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ മലയാളം വിഭാഗം തുടങ്ങിയപ്പോള്‍ വി.ഐ. സുബ്രഹ്മണ്യമാണ് ഡോ. റോയിയെ മധുരയിലേക്കു പറഞ്ഞയച്ചത്. അവിടെ ഡോ. റോയിയെ വകുപ്പ് അദ്ധ്യക്ഷനും മറുനാട്ടില്‍ മലയാളം പഠിക്കാന്‍ എത്തിയ അനേകരുടെ പ്രിയപ്പെട്ട ഗുരുവര്യനുമായി മാറി.

ഭാഷശാസ്ത്രപഠനത്തിനു ജനകീയമായ അടിത്തറ കണ്ടെത്തിയ ഡോ. റോയ് കണ്ണൂരിലെ കുഗ്രാമങ്ങളില്‍ താമസിച്ചാണ് 'തിയ്യ ഡയലക്റ്റ്' എന്ന പേരില്‍ ഒരു ബൃഹദ് ഗ്രന്ഥമെഴുതിയത്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പണ്ട് തലശ്ശേരിയിലെ ചന്തയില്‍ പോയി മലയാളം പദങ്ങളുടെ അര്‍ത്ഥവും ആഴവും മനസ്സിലാക്കിയതുപോലെ ഡോ. റോയ് ജനങ്ങളുടെ ഇടയിലും അവരുടെ കൂടെയും താമസിച്ചാണ് ഭാഷാശാസ്ത്ര പഠനത്തിന് ഒരു അടിസ്ഥാന പ്രമാണമായ 'തിയ്യ ഡയലക്റ്റ്' എഴുതിയത്. 1965-ല്‍ കേരള യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച ഭാഷാഭേദ പഠനപദ്ധതിയിലെ ആദ്യ ഗവേഷകനായി ഡോ. റോയ് കോഴിക്കോട്ടെ കുന്നമംഗലത്തും കണ്ണൂരിലെ ചെമ്പിലോട്ടും ദീര്‍ഘകാലം താമസിച്ചാണ് ഭാഷാഭേദപഠനം നടത്തിയത്. ഇത്തരം ഭാഷാപഠനപദ്ധതികള്‍ തുടര്‍ന്ന് മലയാളത്തില്‍ നടക്കാതെ പോയത് ഭാഷയുടെ ഭാഗ്യക്കേടായെങ്കിലും ഡോ. റോയ് ഒരു ഡസനിലെറെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തിലും മറ്റും ഗവേഷണ ഗൈഡായി പി.എച്ച്ഡി നേടിക്കൊടുത്തിട്ടുണ്ട്. 'ഭാഷാദര്‍ശനം' എന്ന പേരില്‍ ഡോ. റോയ് മറ്റൊരു പുസ്തകവും എഴുതിയിട്ടുണ്ട്. 'കേരളപാണിനീയം' ഇംഗ്ലീഷിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്തതും ഡോ. റോയിയാണ്.

അദ്ധ്യാപകനെന്ന നിലവില്‍ വ്യത്യസ്തമായ ഒരു ശൈലി ഡോ. റോയിക്ക് ഉണ്ടായിരുന്നു. കുട്ടികളെ 'സ്‌നേഹിച്ചു' പഠിപ്പിക്കുന്നതായിരുന്നു ആ ശൈലി. മധുര യൂണിവേഴ്സിറ്റി കാമ്പസ്സിലെ മരത്തണലില്‍ കുട്ടികളുടെ കൂടെയിരുന്നു വര്‍ത്തമാനം പറഞ്ഞു പഠിപ്പിച്ച അദ്ദേഹത്തിന്റെ ഓരോ ക്ലാസ്സും അന്നന്ന് ഇറങ്ങുന്ന മലയാളം പത്രത്തിലെ പദങ്ങളും വാചകങ്ങളും മുന്‍നിര്‍ത്തിയുള്ള ഭാഷാപഠന സംവാദങ്ങളായിരുന്നു. കുട്ടികള്‍ക്ക് അസുഖം വരുമ്പോള്‍ അവര്‍ക്ക് റോയി സാറിന്റെ വീടായിരുന്നു ആശുപത്രി. അസുഖം ബാധിച്ചു കിടക്കുന്നവരെ കാണാന്‍ സഹപാഠികള്‍ വരുമ്പോള്‍ അവര്‍ക്കും കഞ്ഞിയും പയറും നല്‍കുന്ന ഗുരുവായിരുന്നു ഡോ. റോയ്.

മനുഷ്യസ്‌നേഹവും ആര്‍ദ്രതയും കാരുണ്യവും ചാലിച്ചെഴുതിയവയായിരുന്നു ഡോ. റോയിയുടെ ഉപന്യാസങ്ങള്‍. കണ്ണീരിനേയും കരച്ചിലിനേയും മധുരമാക്കുന്ന ഗദ്യശൈലിയില്‍ എഴുതിയിരിക്കുന്ന ആ ഉപന്യാസങ്ങള്‍ ഭൂമിയുടെ ഗന്ധം, സ്വപ്നങ്ങളുടെ സന്ധ്യ, പുതിയ മുഖങ്ങള്‍, അകക്കണ്ണ്, ഭാവുകത്വത്തിന്റെ പാതയില്‍ തുടങ്ങിയ പുസ്തകത്തില്‍ സമാഹരിച്ചിട്ടുണ്ട്. സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ഗുരുക്കന്മാരായി കരുതുന്ന കണ്ടത്തില്‍ വറുഗീസ് മാപ്പിള, കുറ്റിപ്പുഴ കൃഷ്ണപിള്ള, സുകുമാര്‍ അഴീക്കോട് എന്നിവരുടെ ജീവിചരിത്രവും അതേ ശീര്‍ഷകത്തില്‍ ഡോ. റോയ് എഴുതിയിട്ടുണ്ട്. വേദശാസ്ത്രത്തില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹത്തിന്റെ ആ വഴിയിലുള്ള കൃതികളാണ് 'സ്‌നേഹക്കൂട്', 'ഇല വാടാത്ത വൃക്ഷങ്ങള്‍' എന്നിവ.

'സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍' എന്ന ശീര്‍ഷകത്തില്‍ ഡോ. റോയ് ഒരു ഉപന്യാസം എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ ബാല്യത്തില്‍ അക്ഷരം പഠിപ്പിച്ച ആശാട്ടിയുടെ അന്ത്യശുശ്രുഷയില്‍ പങ്കെടുത്തതിന്റെ ഒരു ഓര്‍മ്മക്കുറിപ്പാണിത്. ആ വിലാപയാത്രയുടെ ഏറ്റവും പിന്നില്‍ കണ്ണീര്‍ ഒഴുക്കി നടന്ന ആ ശിഷ്യന്‍ ഈ ഉപന്യാസം എഴുതിനിര്‍ത്തുന്നതു ഇങ്ങനെ: ''ആകാശത്തിന്റെ ഒരു കോണില്‍നിന്ന് വലിയൊരു നക്ഷത്രം എന്നെ നോക്കി കണ്ണുചിമ്മുന്നു. അപ്പോള്‍ ഓര്‍ത്തു, ആ നക്ഷത്രത്തിനു പിന്നില്‍ എവിടെയോ ആണല്ലോ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍!''

(ഡോ. റോയ്, അനേകം കുട്ടികളുടെ അക്ഷരഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ചരമവാര്‍ത്ത പത്രത്തിലെ ചരമക്കോളത്തില്‍ ഒതുക്കിയെങ്കിലും അതിന്റെ വേലിക്കെട്ടില്‍നിന്നു റോയ് സാര്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതുക്കല്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com