എസ്.ജെയ്ക്ക് വിട!
പാതയുടെ വളവില്‍ മരണമുണ്ടെന്ന്
നാമറിഞ്ഞുവോ
മരിക്കുകയെന്നാല്‍
കാഴ്ചയില്‍നിന്നു തെന്നിമറയലാണ് എന്ന്
നാമറിഞ്ഞുവോ.
എനിക്കു കേള്‍ക്കാം
നിന്റെ കാലൊച്ചകള്‍
നിന്നോടൊപ്പം നടന്ന
നാളുകള്‍പോലെ, അവ...
ആരും ഇന്നോളം നഷ്ടപ്പെട്ടിട്ടില്ല, നീയും -
എല്ലാം പരമാര്‍ത്ഥമെന്നും
മാര്‍ഗ്ഗമെന്നും ഞാനറിയുന്നു.
ഒന്നിച്ചുള്ള നടത്തം കഴിഞ്ഞ്, നാം രണ്ടു വഴിക്കു പോയി. ഭൂമിയെ ഉണ്ടാക്കിയിട്ടുള്ളതു സ്വര്‍ഗ്ഗം കൊണ്ടാണെന്നും അതില്‍ മനുഷ്യര്‍ നരകം നിറച്ചുവെന്നും പറഞ്ഞ് നാം പിരിഞ്ഞു. മാനുഷികവും പ്രകൃതിപരവുമായതെല്ലാം നിന്നെ വശീകരിച്ചു. ആകയാല്‍ 'ഇതാ ഒരു മനുഷ്യന്‍' എന്ന് അവരും ഞാനുമെല്ലാം സ്വാഗതം ചെയ്തു. കവി പറഞ്ഞപോലെ ഇക്കാണായ സര്‍വ്വപ്രപഞ്ചത്തെക്കാളും ഇത്തിരികൂടി വലുപ്പമുള്ളതാണ് നിന്റെ ഹൃദയം എന്നു ഞാന്‍ കണക്കാക്കുന്നു.
സ്വാതന്ത്ര്യം എന്ത് എന്ന് നീ ചോദിച്ചു. എന്തിനും കീഴ്പെട്ടു നില്‍ക്കുന്ന അടിയാളനാവലല്ല സ്വാതന്ത്ര്യം. അവസരവാദത്താലോ ആവശ്യവാദത്താലോ മറ്റൊന്നിനു കീഴ്പെട്ടു പോവുന്നത് അടിമത്തമാണ്.
ഉച്ചനീചത്വങ്ങള്‍ വെടിഞ്ഞ സൗഭാഗ്യങ്ങളുടെ തുല്യതയും സമത്വവുമാണ് നീ തേടിയത്. മൗനംകൊണ്ടും ധ്യാനംകൊണ്ടും സാധനകൊണ്ടും നീ സ്വേച്ഛാധിപതികളുടെ കന്മഷങ്ങളെ നേരിട്ടു. അവര്‍ക്ക് ചവിട്ടാന്‍ ശിരസ്സും കാട്ടി നില്‍ക്കാതെ, കനത്തൊരു അസാന്നിധ്യം അനുഭവപ്പെടുത്തിക്കൊണ്ട് നീ അവിടം വിട്ടു പോരും. 'എന്‍ ഹൃദയകഠാരിയെ നിന്‍/ചങ്കിലാഴ്ത്തിത്തറപ്പൂ ഞാന്‍ നീചാ' (വൈലോപ്പിള്ളി) എന്നായിരിക്കും താങ്കളുടെ മന്ത്രം.
''എത്രമേല്‍ ക്ഷുദ്രമ,ല്ലോരോ നിമിഷ, മ-
പ്പത്രമടിച്ചതു പാറായ്കിലോ!''
(ജി.): അസ്തിത്വത്തിന്റെ,
മാനവപ്രശ്നങ്ങളുടെ, ഊര്‍ജ്ജവുമായി പറക്കലേ,
പറക്കലേ - അതാണ് എസ്. ജെ എന്ന പത്രാധിപര്‍.
കവിത, നടനം, കാരുണ്യപ്രവര്‍ത്തനം, നാടകം, സിനിമ, രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങള്‍ എല്ലാം മഹത്തായ കാര്യങ്ങള്‍ തന്നെ. കുഞ്ഞുങ്ങള്‍, പൂക്കള്‍, സംഗീതം, നിലാവ്, സൂര്യന്‍ ഇതൊക്കെ തന്നെ ഏറ്റവും നല്ലത്. എന്നാല്‍, മൂല്യവളര്‍ച്ചയില്ലാതെ ഇടിഞ്ഞുപൊളിയുന്ന ഒരു ലോകത്ത് എല്ലാം പാപങ്ങളായിത്തീരുന്നു. വ്യാസന്‍ ഉപദര്‍ശിച്ച പാപീയ ദിവസങ്ങളെ ചെറുത്തു നില്‍ക്കുന്നതായിരുന്നു എസ്.ജെയുടെ വാക്കും നോക്കും കര്‍മ്മധര്‍മ്മങ്ങളും.
എസ്. ജെയുടേയും എന്‍.ആര്‍.എസ് ബാബുവിന്റേയും ഭാവിപരമായ പ്രവര്‍ത്തനങ്ങള്‍ ആസ്വാദകര്‍ ഓര്‍ക്കാതിരിക്കില്ല. ചേതോഹരമായിരുന്നു ആ കാലം. അധികാരം വേട്ട തുടങ്ങിയപ്പോള്‍ എസ്.ജെ ഈ തട്ടകം വിട്ടു.
നിഷ്‌ക്രമണത്തിനിടയാക്കിയ പുറത്തേയും അകത്തേയും കലഹങ്ങളെ ഓര്‍ത്ത്, സഹസംവേദകന്‍ എന്ന നിലയില്‍ ഞാന്‍ അസ്വസ്ഥപ്പെട്ടു. എസ്.ജെ, കൊച്ചി എന്ന പുതിയ തട്ടകത്തില്‍, ആധുനിക - ആധുനികോത്തര മണ്ഡലങ്ങളുടെ പ്രസരണിയായ മലയാളം വാരികയുടെ മേധാവിയായി. അപ്പോള്‍ തോന്നിയ ഏതാനും നിനവുകള്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. അതാണ് 'കാടുകള്‍ തിരിച്ചുകിട്ടാ ജന്മമായി' എന്ന പേരില്‍ വാരികയുടെ ആദ്യ ലക്കത്തില്‍ ചേര്‍ത്തിട്ടുള്ളത്. അന്നത്തെ എസ്.ജെയുടെ കഷ്ടാനുഭവങ്ങളുടെ വ്യംഗ്യമാണ് അത്.
മാനവികമായ ഭാവുകത്വവും സംവേദനശേഷിയുമുള്ള കൃതികളിലേയ്ക്ക് വായനക്കാരെ ത്വരിപ്പിക്കാന്‍ എഴുത്തുകാരനും ചിന്തകനും പത്രപ്രവര്‍ത്തകനുമായ എസ്. ജെയ്ക്കു കഴിഞ്ഞു. കാര്യവട്ടം ക്യാമ്പസ്സില്‍നിന്ന് പലരും കവികളും കഥാകൃത്തുക്കളും നിരൂപകരുമായി അരങ്ങിലെത്തിയത് എസ്.ജെയുടെ അനുഗ്രഹ-നിര്‍ദ്ദേശ സൗഹൃദത്തിലൂടെയാണ്. എന്റെ 'താത രാമായണം' എന്ന കവിതാസമാഹാരം (1995 - അയ്യപ്പപ്പണിക്കര്‍, പഠനാവതാരിക) ഞാന്‍ എസ്.ജെയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു. 'ചിതല്‍ വരുംകാലം' എന്ന എന്റെ സമാഹാരം കൊടുത്തപ്പോള്‍, ചിതലു എന്നേ കേറിക്കഴിഞ്ഞൂ - അതൊന്നും അറിഞ്ഞില്ലേ എന്ന് ചോദിച്ചതും ഞങ്ങളൊന്നിച്ച് പൊട്ടിച്ചിരിച്ചതും ഓര്‍ക്കുന്നു.
എസ്.ജെയ്ക്കു വിട:
വിസ്മരിക്കില്ല ഞാനെന്നു പറകിലും
വിസ്മരിക്കും നാം മനുഷ്യരല്ലേ!
എങ്കിലും ചാരമായിടും മുമ്പേയെന്‍
നെഞ്ചിനുള്ളില്‍ കോരിയിടട്ടെ ഞാന്‍, എസ്.ജെ-
നിന്റെ സ്വപ്നങ്ങള്‍
കനയ്ക്കും കനല്‍ക്കട്ടകള്‍.
കാടുകള്‍ തിരിച്ചുകിട്ടാ ജന്മമായി
മങ്ങൂഴത്തില്‍ പുനര്‍ജനിച്ച വെളിച്ചത്തിന്
ഒരായിരം തോറ്റങ്ങള്‍.
ഉളിപ്പല്ലുകള്‍ക്കും ഇളിപ്പല്ലുകള്‍ക്കുമിടയില്‍
ഇളവ് യാചിക്കാത്ത കരുത്തിന്,
നൃത്തത്തിനും നര്‍ത്തകനുമിടയില്‍
വെയില്‍ക്കുതിരകളെ തിരിച്ചറിയുന്ന കണ്ണിന്,
എട്ടുനാഴികപ്പൊട്ടനും ധൂമകേതുവിനും ഇടയില്‍
ഏഴായിരം കടിഞ്ഞാണുകള്‍
കൊരുത്തുവെയ്ക്കുന്ന കൈയിന്,
ചങ്ങലകളാല്‍ ബന്ധിതമെങ്കിലും
അപാരതയിലെ അകക്കളങ്ങളിലേയ്ക്ക്
ഉറ്റുനോക്കുന്ന ആത്മാവിന്
ഗൃഹാതുരത്വം വ്യാളിയല്ല ദിനോസറല്ല-
ഉരസിയിറങ്ങിയ കുട്ടിക്കാലത്തിന്റെ
കുന്നിന്‍പുറങ്ങളാണ്;
താനും കാക്കപ്പെരുമാളും
പങ്കുവെച്ചു തിന്ന കാരപ്പഴമാണ്;
ഇന്നും നൂല്‍ക്കൊടിയില്‍
കടച്ചിലുണ്ടാക്കുന്ന
കട്ടുറുമ്പിന്റെ കടിയാണ്.
കരടിക്കും കുളക്കോഴിക്കും ഇടയില്‍
പിന്നെ എത്രയോ കാടുകള്‍ കുളങ്ങള്‍
തിരിച്ചുകിട്ടാത്ത ജന്മമായി.
ശേഷിക്കുന്നത് ഓര്‍മ്മയുടെ ഇല,
വേരുപിടിപ്പിക്കുവാന്‍ ഒരു ചുള്ളിക്കമ്പ്.
കാല്‍വെള്ളയില്‍ അമ്മ മന്ത്രിക്കുന്നുണ്ട്
കാല്‍ക്ഷണം വേണ്ട
ഏഴു ചുവടുകള്‍
ഏഴായിരം കുതിരകള്‍ പര്‍വ്വതങ്ങള്‍
അടുത്തേയ്ക്കു വരികയാണ്
പതുക്കനെ... ശീഘ്രഗതിയില്‍...
-ധ്രുവങ്ങളിലെഴുതുക:
''ആരെയും യാചിപ്പിക്കാത്തവര്‍ക്ക്
ഈ ചുംബനം...
ഞാന്‍ തിരിച്ചുചോദിക്കുന്നില്ല.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates