Articles

കര്‍ണാടക; ബി.ജെ.പിക്ക് മുന്നൊരുക്കം, കോണ്‍ഗ്രസിന് അഭിമാന പ്രശ്നം

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആര് അധികാരത്തില്‍ വരും എന്നത് കര്‍ണാടകയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നതാണ് അതില്‍ പ്രധാനം

അരവിന്ദ് ഗോപിനാഥ്

വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്നത് സാധാരണമാണ്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പിനും അത്തരം വിശേഷണം വന്നുകഴിഞ്ഞു. എന്നാല്‍, ആ വിശേഷണം കൊണ്ട് അര്‍ത്ഥമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കര്‍ണാടകയിലെ വിധിയെഴുത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ പൊതുവികാരം അളക്കാനാകില്ല. എങ്കില്‍പ്പോലും ദക്ഷിണേന്ത്യയില്‍ ബി.ജെ.പി അധികാരം കയ്യാളുന്ന ഏക സംസ്ഥാനത്ത് ഇത്തവണത്തെ വിധിയെഴുത്തിന് ചില വ്യതിരിക്ത തലങ്ങളുണ്ട്.  

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആര് അധികാരത്തില്‍ വരും എന്നത് കര്‍ണാടകയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നതാണ് അതില്‍ പ്രധാനം. ജനാധിപത്യം വീണ്ടെടുക്കാനുള്ള പ്രതിപക്ഷ പോരാട്ടത്തിന്റെ ഗതിയും വീര്യവും ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കും. സാമ്പത്തിക പ്രാധാന്യമുള്ള സംസ്ഥാനങ്ങളിലൊന്നായ കര്‍ണാടകയില്‍ വീണ്ടുമൊരു രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമോ? കാലുമാറ്റവും കുതിരക്കച്ചവടവും അരങ്ങേറുമോ? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനു തിരിച്ചുവരവുണ്ടാകുമോ? ബി.ജെ.പി പയറ്റുന്ന തീവ്രഹിന്ദുത്വ നയങ്ങള്‍ എത്രമാത്രം ജനവിധിയെ സ്വാധീനിക്കുന്നു? എന്നിങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്. 

പതിവുപോലെ ബി.ജെ.പിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ പോരാടും. അതേസമയം കിങ് മേക്കറാകാന്‍ ഒരുങ്ങുന്നത് ജനതാദള്‍ (എസ്). 2024-ലേക്കുള്ള മുന്നൊരുക്ക മത്സരമായാണ് ബി.ജെ.പി കര്‍ണാടകയെ കാണുന്നത്. കോണ്‍ഗ്രസ്സിനാകട്ടെ, അഭിമാനപ്രശ്നവും. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം സംസ്ഥാനത്ത് അധികാരം പിടിച്ചാല്‍ അത് ദേശീയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. രണ്ട് കക്ഷികള്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് ജനതാദള്‍ സ്വപ്നം കാണുന്നത്. അങ്ങനെയെങ്കില്‍ ഹരദനഹള്ളി ദേവഗൗഡ മകന്‍ കുമാരസ്വാമി ഒരിക്കല്‍കൂടി മുഖ്യമന്ത്രിയായേക്കും.

മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായി ബിഎസ് യെദ്യൂരപ്പ ബം​ഗളൂരുവിൽ പ്രതിഷേധിക്കുന്നു

ദക്ഷിണേന്ത്യന്‍ വാതില്‍ 

224 അംഗങ്ങളുള്ള നിയമസഭയില്‍ ബി.ജെ.പിക്ക് നിലവില്‍ 119 അംഗങ്ങളാണുള്ളത്. നയിക്കുന്നത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്നെ. പാളയത്തില്‍ തന്നെ പടയുണ്ടെങ്കിലും ലിംഗായത്ത് സമുദായക്കാരനായ ബൊമൈയെ മാറ്റുന്നത് ബി.ജെ.പിക്ക് ആലോചിക്കാനാവില്ല. അഴിമതിരഹിത ഭരണമാണ് എവിടെയും ബി.ജെ.പിയുടെ രാഷ്ട്രീയ തുറുപ്പ്. പക്ഷേ, കര്‍ണാടകയില്‍ അത് വെട്ടിപ്പോകും. സര്‍വ്വത്ര അഴിമതിയാണെന്ന വാദം ഒരു പരിധിവരെ ശരിയാണ്. ഒരു എം.എല്‍.എയേയും (മാദല്‍ വിരുപാക്ഷ) മകനേയും എട്ടു കോടിയുടെ കൈക്കൂലിക്കേസില്‍ ലോകായുക്ത കൈയോടെ പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. നിയമന അഴിമതിയാണ് മറ്റൊന്ന്. കരാറുകളിലെ കമ്മിഷന്‍ കൊള്ള പരസ്യമായ രഹസ്യമാണ്. മന്ത്രിയും ലോക്കല്‍ നേതാക്കളും കരാറുകാരില്‍നിന്ന് 40 ശതമാനം വരെ കമ്മിഷന്‍ പിടിക്കുമത്രെ. ഒരു കരാറുകാരന്‍ മന്ത്രിയുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തിന്റെ ഗൗരവം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു തുടങ്ങിയത്. മോദിക്കും ഷായ്ക്കും കത്തെഴുതി കാത്തിരിക്കുകയാണ് കരാറുകാര്‍. 

എന്നാല്‍, സമര്‍ത്ഥമായ സോഷ്യല്‍ എന്‍ജിനീയറിങ്ങും വര്‍ഗ്ഗീയ ധ്രുവീകരണവും പണക്കൊഴുപ്പും ഉപയോഗിച്ച് 'പ്രതിച്ഛായ പ്രശ്‌നം' നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം. ബൊമ്മൈയുടെ പേരില്‍ വോട്ടുപിടിക്കാതെ വിജയപുരുഷനായ മോദിയെ തന്നെ രംഗത്തിറക്കുകയാണ് ഇത്തവണ ബി.ജെ.പി. 150 സീറ്റാണ് ലക്ഷ്യം. അതിനായി  ജനപ്രീതിയില്ലാത്ത എം.എല്‍.എമാരെ മാറ്റിനിര്‍ത്തും. അങ്ങനെയെങ്കില്‍ പകുതിയിലധികം പേരെയും മാറ്റേണ്ടിവരും. പുതുമുഖങ്ങളെ പരീക്ഷിക്കാനും ശ്രമമുണ്ട്. കഴിഞ്ഞ തവണ ദക്ഷിണ കന്നഡയില്‍ ഈ തന്ത്രം വിജയിച്ചിരുന്നു. അതേസമയം, ജാതിപരിഗണനകള്‍ മാറ്റിനിര്‍ത്താനുമാകില്ല. പ്രബലരായ ലിംഗായത്ത്-വൊക്കലിഗ സമുദായങ്ങളെ ഒഴിവാക്കാനാകില്ല. പട്ടികവിഭാഗങ്ങള്‍ക്കിടയില്‍ ഉപസംവരണം ഏര്‍പ്പെടുത്താനുള്ള നടപടിക്കെതിരെ ബഞ്ചാര സമുദായം വന്‍പ്രതിഷേധത്തിലാണ്. സ്ഥാനാര്‍ത്ഥി പട്ടിക വന്നാല്‍ ഏകദേശ ചിത്രം വ്യക്തമാകും.  

ഏതായാലും ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയടക്കമുള്ള ദേശീയനേതാക്കള്‍ പര്യടനം നടത്തിക്കഴിഞ്ഞു. വിജയസങ്കല്പ രഥയാത്രയും പൂര്‍ത്തിയായി. മോദിയും അമിത് ഷായും പല പരിപാടികളിലായി സംസ്ഥാനത്തെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് ഏഴു തവണയാണ് പ്രധാനമന്ത്രി കര്‍ണാടകയിലെത്തിയത്. എന്തിലാണ് ബി.ജെ.പി ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തം. 

കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ

ഒരിക്കല്‍പ്പോലും ബി.ജെ.പിക്ക് കര്‍ണാടകയില്‍ ഭൂരിഭാഗം സീറ്റുകളും നേടാനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2008-ലാണ് കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത്. ആ വിജയത്തിന്റെ കാരണക്കാരനായ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയുമായി. പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ പാര്‍ട്ടി കരുത്ത് കാട്ടി. 2013-ല്‍ 40 സീറ്റ് ജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനായില്ല. പകരം കോണ്‍ഗ്രസ്സും ജനതാദള്‍ എസും ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി. 2018-ല്‍ ഒരിക്കല്‍ക്കൂടി ഏറ്റവും വലിയ ഒറ്റകികക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. ഒരു വര്‍ഷത്തിനു ശേഷം ജനതാദള്‍-കോണ്‍ഗ്രസ് ബന്ധം ഉലച്ചശേഷമാണ് പാര്‍ട്ടിക്ക് അധികാരത്തില്‍ കയറാനായത്. 

ആധിപത്യത്തിന്റെ യുക്തി അക്കങ്ങള്‍ക്കപ്പുറമാണെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. സെമിഫൈനലായി ബി.ജെ.പി ഈ തെരഞ്ഞെടുപ്പിനെ കണക്കുകൂട്ടിയാല്‍ കര്‍ണാടകയ്ക്ക് അതീവ പ്രാധാന്യമുണ്ട്. ആധിപത്യമേഖലയില്‍ ഒരിഞ്ച് പോലും പിന്നോട്ടു പോകാന്‍ ബി.ജെ.പിക്ക് ആകില്ല. 2024-ല്‍ മറ്റു പല സംസ്ഥാനങ്ങളിലും നഷ്ടം സംഭവിച്ചാല്‍ അത് നികത്താന്‍ കര്‍ണാടകയില്‍ കഴിയുമോ എന്നതാണ് നിര്‍ണ്ണായകം. 2019-ല്‍ കര്‍ണാടകയില്‍ നേടിയ 26 (പാര്‍ട്ടി പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ വിജയിച്ച സീറ്റ് ഉള്‍പ്പെടെ) സീറ്റുകളില്‍ പകുതിപോലും നഷ്ടപ്പെട്ടാല്‍ അത് വെല്ലുവിളിയായേക്കും- അദ്ദേഹം വിലയിരുത്തുന്നത് ഇങ്ങനെ. 

ടിപ്പു സുല്‍ത്താനും ക്രിസ്മസും

ദക്ഷിണേന്ത്യയിലേക്കുള്ള പ്രവേശനകവാടമായിട്ടാണ് കര്‍ണാടകയെ ബി.ജെ.പി കണ്ടിരുന്നത്. അദ്വാനിയുടെ രഥയാത്ര പിന്നിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു വേരോട്ടമുണ്ടാക്കിയിട്ടില്ല. അതുകൊണ്ട് ഉത്തരേന്ത്യന്‍ ഇറക്കുമതി പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാന്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്തിയേ മതിയാകൂ.  തീവ്രവര്‍ഗ്ഗീയത പയറ്റിയാണ് നിലവില്‍ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നതും. ഭരണത്തിന്റെ പോരായ്മകളും ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളും മറച്ചുപിടിക്കാന്‍ ഹിജാബും അസാനും പോലുള്ള പ്രശ്‌നങ്ങള്‍ പര്യാപ്തമാണെന്ന് ഈ ജനവിധി തെളിയിക്കേണ്ടതുണ്ട്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്ക് നേരേ നടക്കുന്ന ആക്രമണങ്ങള്‍, ടിപ്പു സുല്‍ത്താന്‍ വിവാദം എന്നിങ്ങനെ നടക്കുന്ന തീവ്രവര്‍ഗ്ഗീയ പ്രചരണങ്ങളുടെ വിളവെടുപ്പ് ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മാസമാണ് സംഘര്‍ഷമുണ്ടായ യാഡ്ഗിര്‍ ജില്ലയില്‍ ടിപ്പു സുല്‍ത്താന്‍ സര്‍ക്കിളിന്റെ പേര് മാറ്റി വീര്‍ സവര്‍ക്കര്‍ എന്നാക്കിയത്. 144 പ്രഖ്യാപിച്ചിട്ടായിരുന്നു പേരുമാറ്റം. അതിനിടെ, മുസ്ലിം സമുദായത്തിന്റെ 4 ശതമാനം സംവരണം റദ്ദാക്കി ലിംഗായത്ത്, വൊക്കലിംഗ സംവരണം 2 ശതമാനം വീതം ഉയര്‍ത്താനുള്ള തീരുമാനം ന്യൂനപക്ഷങ്ങളുടെ കടുത്ത എതിര്‍പ്പു വിളിച്ചുവരുത്തിയിട്ടുണ്ട്. 

കോൺ​ഗ്രസ് പ്രസി‍ഡന്റ് മല്ലികാർജുൻ ഖാർ​ഗെയും രാഹുൽ ​ഗാന്ധിയും ബെൽ​ഗാവിൽ യുവ ക്രാന്തി സമവേഷ എന്ന പരിപാടിയിൽ

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിലുള്‍പ്പെടുത്തി. ബൊമൈയ്ക്കൊപ്പം മുഖ്യപ്രചാരകനാക്കിയതും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. അതേസമയം, ബൊമൈയ്ക്കുവേണ്ടി യെദ്യൂരപ്പയെ ബി.ജെ.പി നാണംകെടുത്തിയെന്നു കോണ്‍ഗ്രസ്  ആരോപിക്കുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന അഭ്യൂഹം ഉണ്ടായപ്പോള്‍തന്നെ, ബ്രാഹ്മണനെ മുഖ്യമന്ത്രിയാക്കി ലിംഗായത്തുകാരെ തഴയുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

തെരുവുകളില്‍ കോണ്‍ഗ്രസ് അണികളുടെ കൂട്ടം ഇപ്പോഴും കാണുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇത്തവണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന്റെ മുന്‍പേ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ മറന്നാണ് ഇപ്പോള്‍ പ്രചരണം. പുതിയ അധ്യക്ഷനായ ഡി.കെ. ശിവകുമാറിന്റെ അഭിമാനപോരാട്ടം കൂടിയാണ് ഇത്തവണത്തേത്. മുഖ്യമന്ത്രിക്കാര്യത്തില്‍ തല്‍ക്കാലത്തേക്കെങ്കിലും ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തര്‍ക്കം അവസാനിപ്പിച്ചിട്ടുണ്ട്. 

ദുര്‍ബ്ബലമായ ബി.ജെ.പി നേതൃത്വത്തെ ഇത്തവണ തോല്‍പ്പിക്കാനായില്ലെങ്കില്‍ രാജ്യത്ത് തന്നെ രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശേഷിയെക്കുറിച്ച് സംശയിക്കേണ്ടിവരും. അടിയന്തരാവസ്ഥയ്ക്ക് ശേഷം സീറ്റുകള്‍ തൂത്തുവാരിയ ഒരു ചരിത്രം ഓര്‍മ്മകളായി കോണ്‍ഗ്രസ്സിനു കൊണ്ടുനടക്കേണ്ടിവരും. പരാജയപ്പെട്ടാല്‍ പുനരുജ്ജീവനത്തിന്റെ അവകാശവാദം പോലും പാര്‍ട്ടിക്ക് ഉന്നയിക്കാന്‍ അര്‍ഹതയുണ്ടാകില്ല. 

എച്ച് ഡി ദേവ​ഗൗഡ

ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച സ്വീകാര്യത വോട്ടായി മാറുമോ എന്നതും നിര്‍ണ്ണായകം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെപ്പോലും പരീക്ഷണമായി കോണ്‍ഗ്രസ് കണ്ടിരുന്നില്ല. എന്നാല്‍, കര്‍ണാടകയെ അങ്ങനെ ഒഴിവാക്കാനാകുമോ എന്നത് ചോദ്യമാകും. ബി.ജെ.പിയെ തോല്‍പ്പിച്ചതുകൊണ്ടു മാത്രം കോണ്‍ഗ്രസ്സിന് അഭിമാനിക്കാനാകില്ല. എതിരാളികളുടെ ഗണത്തില്‍നിന്ന് ജനതാദളിനെ മാറ്റിനിര്‍ത്താനാകില്ല. കോണ്‍ഗ്രസ് പിന്തുണയോടെ ജനതാദള്‍ അധികാരത്തില്‍ വരുന്നത് ഒഴിവാക്കാന്‍ 125 സീറ്റെങ്കിലും വേണ്ടി വരും. അതല്ലെങ്കില്‍ വീണ്ടുമൊരു ഓപ്പറേഷന്‍ കമല നടന്നേക്കാം. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ച കക്ഷികളുടെ പട്ടികയില്‍ ജനതാദള്‍ ഇല്ലായിരുന്നു. പിന്നീട് എച്ച്.ഡി. ദേവഗൗഡയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചു. രാഹുലിന് ആശംസയറിയിച്ച് ഗൗഡ കത്തുമെഴുതി. ഇപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നയിക്കുന്ന പ്രക്ഷോഭത്തില്‍ ജനതാദള്‍ പങ്കെടുക്കുന്നുമില്ല. അത്ര ഊഷ്മളമായ ബന്ധമല്ല ഇരുപാര്‍ട്ടികളും തമ്മിലെന്ന് ചുരുക്കം.

നടന്ന അഭിപ്രായസര്‍വ്വേകളില്‍ കോണ്‍ഗ്രസ്സിനു നേരിയ ലീഡുണ്ടെങ്കിലും പ്രചരണഘട്ടങ്ങളില്‍ അത്  മാറിമറിഞ്ഞേക്കാം. 140 സീറ്റ് വരെ ലഭിക്കുമെന്നാണു പാര്‍ട്ടിയുടെ കണക്ക്. സംസ്ഥാനത്ത് തുടര്‍ഭരണ ചരിത്രം ഇല്ലെന്നതും ആശ്വാസമാണ്. അഞ്ചു വര്‍ഷം കൊണ്ട് 10 ലക്ഷം പേര്‍ക്കു ജോലി, ഗൃഹനാഥകള്‍ക്കു പ്രതിമാസം 2000 രൂപ, എല്ലാ വീടുകള്‍ക്കും പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ബി.പി.എല്‍ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ വീതം സൗജന്യ അരി തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നു.

കാര്‍ഷികമേഖലയില്‍ മികച്ച വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താങ്ങുവില ഉള്‍പ്പെടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ലിംഗായത്തുകള്‍ക്കും വൊക്കലിംഗകള്‍ക്കും 2 ശതമാനം അധിക സംവരണം നല്‍കാനുള്ള ബി.ജെ.പിയുടെ അവസാന നിമിഷശ്രമത്തെ എങ്ങനെ മറികടക്കുമെന്നതും കോണ്‍ഗ്രസ്സിനു വെല്ലുവിളിയാണ്.  ഒ.ബി.സി വിഭാഗം, എസ്.സി, എസ്.ടി, ന്യൂനപക്ഷങ്ങള്‍ എന്നിവരെ  ഫലപ്രദമായി പാര്‍ട്ടിയുടെ വോട്ടുബാങ്കില്‍ അണിനിരത്തേണ്ടിവരും. എ.ഐ.എം.ഐ.എമ്മും എസ്.ഡി.പി.ഐയും വോട്ട് ഭിന്നിപ്പിക്കാനുള്ള സാധ്യത, കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെച്ചൊല്ലി മുസ്ലിം സമുദായത്തിലുണ്ടായ അസ്വാരസ്യം എന്നിവ കണക്കിലെടുക്കേണ്ടിവരും. അതേസമയം ബി.ജെ.പിയില്‍നിന്ന് രാജിവച്ചെത്തുന്ന എം.എല്‍.എമാരെയും കോണ്‍ഗ്രസ് പരിഗണിക്കേണ്ടിവരും. ഇവരെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനു നയസമീപനം വേണ്ടിവരും. അഴിമതിക്കും വിവാദങ്ങള്‍ക്കും കേസുകള്‍ക്കും മുന്നില്‍ ബി.ജെ.പി മറുപടി പറയാനാകാതെ കുഴയുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

എച്ച് ഡി കുമാരസ്വാമി

രാജാവാകാന്‍ കുമാരസ്വാമി 

ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ അധികാരം ആര്‍ക്കെന്ന് നിശ്ചയിക്കുക ജനതാദള്‍ എസ്സാകും. കോണ്‍ഗ്രസ്സിനോടും ബി.ജെ.പിയോടും അനുഭാവപൂര്‍ണ്ണമായ നിലപാടാണ് ഇക്കാര്യത്തില്‍ കുമാരസ്വാമി സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെയാണ് രാജ്യസഭാംഗമായതെങ്കിലും ദേവഗൗഡ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നതും ഈ ലക്ഷ്യമിട്ടാണ്. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരിക്കുകയും 40 സീറ്റെങ്കിലും ജനതാദള്‍ നേടുകയും ചെയ്താല്‍ പിന്നെ മുഖ്യമന്ത്രിയായാകും കുമാരസ്വാമിയെ കാണാനാകുക. കിങ്‌മേക്കറാകുമെന്നൊക്കെ അവകാശപ്പെടുന്നെങ്കിലും ജനതാദളും പ്രതിസന്ധിയിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് ഒന്നാമത്തെ പ്രശ്നം. ഏറ്റവുമൊടുവില്‍ എ.ടി. രാമസ്വാമിയാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ദള്‍ നേതാവ് എസ്.ആര്‍. ശ്രീനിവാസും അടുത്തിടെ എം.എല്‍.എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ആഭ്യന്തരകലഹം രൂക്ഷമായ പാര്‍ട്ടി കുടുംബപാര്‍ട്ടിയാണെന്ന ആരോപണം വ്യാപകമാണ്. 1999-ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ജെ.ഡി.എസിന് തനിച്ച് ഇതുവരെ കര്‍ണാടകയില്‍ അധികാരത്തിലെത്താനായിട്ടില്ല. എന്നാല്‍, രണ്ട് തവണയായി ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമൊപ്പം അധികാരത്തിലേറാനായിട്ടുണ്ട്. 2006-ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് 20 മാസവും 2018-ല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് 14 മാസവും കുമാരസ്വാമി മുഖ്യമന്ത്രിയായിട്ടുണ്ട്. ഇത്തവണ 123 സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇതില്‍ പകുതിപോലും കിട്ടാന്‍ സാധ്യതയില്ല.

പ്രാദേശിക കന്നഡ വികാരവും കര്‍ഷകരുമാണ് ജെ.ഡി.എസിന്റെ തുറുപ്പ് ചീട്ട്. 2004-ല്‍ നേടിയ 58 സീറ്റുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ നേട്ടം. 2013-ല്‍ 40 സീറ്റ് നേടി. അതേസമയം പാര്‍ട്ടിയുടെ വോട്ട് വിഹിതം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്നുണ്ട്.  2018-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവലഭൂരിപക്ഷത്തിന് 9 സീറ്റ് അകലെയായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് കോണ്‍ഗ്രസ് കുമാരസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചതിന്റെ ഫലമായിരുന്നു ദള്‍-കോണ്‍ഗ്രസ്സഖ്യ സര്‍ക്കാര്‍. 2018-ല്‍ 37 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് വൊക്കലിംഗ സമുദായ പിന്തുണയാണ് ഏക പിടിവള്ളി. എന്നാല്‍, കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഇതേ സമുദായാംഗമാണ്. പഴയ മൈസൂരു മേഖലയാണ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം. എന്നാല്‍, കുടുംബപാര്‍ട്ടിയെന്ന ചീത്തപ്പേരില്‍നിന്നും മുക്തമാവാനായിട്ടില്ല. ഗൗഡ കുടുംബത്തിലെ എട്ടു പേരാണ് ജെ.ഡി.എസിന്റെ നേതൃത്വത്തിലുള്ളത്. 

ഇത്തവണ 93 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഡിസംബറില്‍ തന്നെ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിട്ടുണ്ട്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൗഡയും മത്സരിക്കുന്നുണ്ട്. അധികാരത്തിലേറിയാല്‍ മുസ്ലിം സംവരണം പുനഃസ്ഥാപിക്കും, പാചകവാതകം സൗജന്യമാക്കും, ഓട്ടോ ഡ്രൈവര്‍ക്കാര്‍ക്ക് 2000 രൂപ വീതം പ്രതിമാസം നല്‍കും തുടങ്ങിയവയാണ് വാഗ്ദാനം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സും ദളിനു പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.

പട്ടികജാതി- പട്ടിക വർ​ഗ സംവരണം നടപ്പാക്കാത്തതിനെതിരേ കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ റാലിയിൽ കെപിസിസി പ്രസി‍ഡന്റ് ഡികെ ശിവകുമാറും മുതിർന്ന നേതാവ് സിദ്ധരാമയ്യയും അണികൾക്കൊപ്പം

കര്‍ണാടക നല്‍കുന്ന ഉത്തരം

ദേശീയതലത്തില്‍ പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യത എത്രമാത്രം? രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച വിവാദങ്ങളും ഭാരത് ജോഡോ യാത്രയുമൊക്കെ വോട്ടായി മാറുമോ? ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനം നിലനിര്‍ത്തേണ്ടത് ബി.ജെ.പിയുടെ അനിവാര്യതയാണ്. തീവ്രഹിന്ദുത്വ പ്രചരണങ്ങളും നയങ്ങളും ഫലം കാണുമോ? ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്. നഡ്ഡയുടെ ഹിമാചല്‍പ്രദേശില്‍ ഭരണം പോയി. ത്രിപുരയില്‍ നേരിയ വിജയത്തിലാണ് ഭരണം കിട്ടിയത്. നാഗാലാന്‍ഡിലും മേഘാലയിലും കൂട്ടുകക്ഷി സര്‍ക്കാരുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ അടുത്തകാലത്തെങ്ങും വലിയ വിജയം ബി.ജെ.പിക്ക് അവകാശപ്പെടാനില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരികയുമാണ്. ഈ അവസ്ഥയില്‍ കര്‍ണാടകയിലെ ജയം ബി.ജെ.പിക്ക് അനിവാര്യമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT