

ഇക്കഴിഞ്ഞ മാര്‍ച്ച് 23-നാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്.എച്ച്. വര്‍മ്മ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. 15,000 രൂപ പിഴയും ചുമത്തി. ഐ.പി.സി വകുപ്പുകള്‍ 499, 500 എന്നിവ അനുസരിച്ചാണ് ശിക്ഷ. മോഷ്ടാക്കള്‍ക്കെല്ലാം പേരില്‍ മോദിയുള്ളത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2019-ലെ തെരഞ്ഞെടുപ്പുകാലത്ത് വിവിധ വേദികളില്‍ രാഹുല്‍ ഈ പരാമര്‍ശം നടത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ മൂന്നു സംസ്ഥാനങ്ങളിലായി നാല് കേസുകള്‍ തന്നെയുണ്ട്. പ്രഥമദൃഷ്ട്യാ തന്നെ തള്ളിപ്പോകേണ്ട ഈ കേസില്‍ രാഷ്ട്രീയപ്രേരിതമാണ് കോടതിയുടെ വിധിയെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, തുടര്‍ന്നുണ്ടായ നടപടികളിലെ വേഗം ഏവരെയും അമ്പരപ്പിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യത ലഭിക്കുന്നതില്‍നിന്ന് ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പ് സംരക്ഷണം നല്‍കിയിരുന്നു. വിധി വന്ന് മൂന്നു മാസത്തിനകം അപ്പീല്‍ നല്‍കുന്നില്ലെങ്കില്‍ മാത്രമേ അയോഗ്യതയുണ്ടാകൂവെന്നാണ് സംരക്ഷണം. എന്നാല്‍, ഈ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ലില്ലി തോമസ് കേസില്‍ 2013-ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. എങ്കിലും ഭരണഘടനയുടെ 103-ാം വകുപ്പ് അനുസരിച്ച് ഒരു എം.പിയെ അയോഗ്യനാക്കണമെങ്കില്‍ അതിനു പ്രസിഡന്റിന്റേയും തെരഞ്ഞെടുപ്പ് കമ്മിഷന്റേയും നടപടി ഉണ്ടാകണം. ഇന്നത്തെ സാഹചര്യത്തില്‍ അതിനു ദിവസങ്ങളോ ആഴ്ചകളോ എടുത്തേക്കാം. എന്നാല്‍, വിധി വന്ന് 24 മണിക്കൂറിനുള്ളില്‍ എം.പി സ്ഥാനത്തിന് അയോഗ്യത കല്പിക്കാന്‍ ലോക്സഭാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു, ഉത്തരവുമിറങ്ങി. ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസും അയച്ചു. ഇത്ര തിടുക്കപ്പെട്ട് എന്തിനായിരുന്നു ഈ നടപടികള്‍? സര്‍ക്കാര്‍ എന്തിനാണ് രാഹുല്‍ ഗാന്ധിയെ പേടിക്കുന്നത്?
നിഷേധിച്ചാലും ഇല്ലെങ്കിലും പ്രതിപക്ഷ നേതൃനിരയിലെ തലയെടുപ്പുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുന്നതും രാഹുലായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ആവേശം പകര്‍ന്ന ഭാരത് ജോഡോ യാത്രയ്ക്കു ശേഷം രാഹുല്‍ റീബ്രാന്‍ഡ് ചെയ്യപ്പെട്ടുവെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമീപകാലത്ത് രാജ്യം കണ്ട മികച്ച രാഷ്ട്രീയ പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. സമഗ്രാധിപത്യത്തിന്റെ ആരാധകരും അവരുടെ സംരക്ഷകരായ ഭരണകൂടവും തുടക്കത്തില്‍ ഈ യാത്രയെ അവഗണിച്ചെങ്കിലും പിന്നീട് അവര്‍ അസ്വസ്ഥരാകുന്നതാണ് കണ്ടത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കന്യാകുമാരിയില്‍നിന്ന് പദയാത്ര തുടങ്ങിയപ്പോള്‍ വലിയ പ്രാധാന്യമൊന്നും മാധ്യമങ്ങളും ബി.ജെ.പിയും മറ്റു പാര്‍ട്ടികളും നല്‍കിയില്ല. ബി.ജെ.പിക്ക് രാഷ്ട്രീയമായ വെല്ലുവിളി ഉയര്‍ത്താന്‍ രാഹുലിനു കഴിയില്ലെന്ന വിശ്വാസം കൊണ്ടാകാം അത്. പദയാത്രകൊണ്ടൊന്നും അടിത്തറയിളകിപ്പോയ കോണ്‍ഗ്രസ്സിനെ ശരിയാക്കാനാകില്ലെന്ന ഉറച്ച വിശ്വാസവും ഇക്കൂട്ടരില്‍ ഭൂരിഭാഗം പേര്‍ക്കുമുണ്ടായിരുന്നു. കേരളവും തമിഴ്നാടും പിന്നിട്ടത് പാര്‍ട്ടിക്കു സ്വാധീനമുള്ള സ്ഥലമായി കണ്ട് അവര്‍ ആശ്വസിച്ചു.
യാത്രയുടെ ആദ്യഘട്ടത്തില്‍ തമിഴ്നാട്ടിലെത്തിയപ്പോള്‍ 41,000 രൂപ വിലമതിക്കുന്ന ബര്‍ബെറി ടീ ഷര്‍ട്ടാണ് രാഹുല്‍ ധരിക്കുന്നതെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തിയത്. മോദിയുടെ 10 ലക്ഷം രൂപയുടെ സ്യൂട്ടും ഒന്നരലക്ഷം രൂപയുടെ കണ്ണടയും ഓര്‍മ്മിപ്പിച്ചാണ് അന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. വിവാദങ്ങള്‍ ഒരു വഴിക്ക് തുടരവേ കോണ്‍ഗ്രസ്സിനു സ്വാധീനമില്ലാത്ത നാടുകളില്‍ പോലും യാത്രയ്ക്ക് സ്വീകാര്യത കിട്ടി. ഇതോടെ മാധ്യമശ്രദ്ധ രാഹുലിലേക്ക് തിരിഞ്ഞു. പ്രൈം ടൈമുകളില്‍ വീണ്ടും രാഹുല്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്ന് പറഞ്ഞാണ് യാത്ര തടസ്സപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. 10 ദിവസത്തെ ഇടവേളപോലും ബി.ജെ.പി പരിഹാസവിഷയമാക്കി. ഉത്തരേന്ത്യയും പിന്നിട്ട് കശ്മീരിലെത്തിയതോടെ രാഹുലിന്റെ പ്രതിച്ഛായ പാടേ മാറിയിരുന്നു. ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും സ്വറ്ററില്ലാതെ വെള്ള ടീ ഷര്‍ട്ട് മാത്രം ധരിച്ച രാഹുലിന്റെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി.
പതിയെ രാഹുലിന്റെ പ്രതിച്ഛായ മാറുന്നെന്ന തോന്നല്‍ ബി.ജെ.പിക്കുമുണ്ടായി. പപ്പുവെന്ന് വിളിച്ചാക്ഷേപിച്ചവര്‍ക്ക് അതാവര്‍ത്തിക്കാനായില്ല. ബഹളത്തിനിടയിലും ഈ ബജറ്റ് സമ്മേളനത്തില്‍ ഒരിക്കല്‍പോലും 'പപ്പു' പരാമര്‍ശമുണ്ടായില്ലെന്നോര്‍ക്കണം. പകരം സത്യങ്ങള്‍ വിളിച്ചുപറയുന്ന രാഹുലിനെ പാര്‍ലമെന്റില്‍ നിശ്ശബ്ദനാക്കണമെന്നുമായിരുന്നു അവരുടെ ആവശ്യവും ലക്ഷ്യവും. ചെറിയ രാഷ്ട്രീയ പ്രതിരോധങ്ങളില്‍ പോലും അസ്വസ്ഥമാകുന്ന ഭരണകൂടത്തെയാണ് പിന്നെ കണ്ടത്.
ജനാധിപത്യത്തിലെ ഭ്രംശനങ്ങള്‍
മാനനഷ്ടക്കേസുകളില്‍ എങ്ങനെയാണ് നിയമങ്ങള്‍ പ്രവര്‍ത്തിക്കുക എന്നത് പ്രാഥമികമായിപ്പോലും മനസ്സിലാക്കാതെയാണ് ജഡ്ജി ഈ കേസില്‍ വിധി പറഞ്ഞത് എന്നാണ് ഗൗതം ഭാട്ടിയ പോലുള്ള നിയമവിദഗ്ദ്ധര്‍ പറഞ്ഞത്. എന്നാല്‍, അടുത്തകാലത്തായി സുപ്രീംകോടതി അടക്കമുള്ള ഇന്ത്യന്‍ നീതിന്യായ കോടതികളില്‍നിന്നുള്ള വിധികള്‍ ജനാധിപത്യത്തിലേയും നീതിന്യായവ്യവസ്ഥയിലേയും ഭ്രംശനങ്ങള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ നേരിട്ട നടപടിയും അതിനു ഭരണപക്ഷത്തിനുള്ള ന്യായീകരണവും സമീപകാലത്തെ ചില സംഭവങ്ങളുമായി ബന്ധമുണ്ട്. ഹിന്‍ഡന്‍ബെര്‍ഗ് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധമെന്തെന്ന ചോദ്യത്തിലൂന്നിയാണ് രാഹുല്‍ ലോക്സഭയില്‍ ഇത്തവണ പ്രസംഗിച്ചത്.
രാഹുലിന്റെ പ്രസംഗത്തില്‍ മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞതെല്ലാം രേഖകളില്‍നിന്ന് നീക്കം ചെയ്തു. അപകീര്‍ത്തികരമെന്ന വ്യാഖ്യാനം നല്‍കിയാണ് രേഖകളില്‍നിന്ന് നീക്കം ചെയ്തത്. പിന്നീട് മോദിയോ മന്ത്രിമാരോ നേതാക്കളോ ആരും അദാനി വിഷയത്തില്‍ വലിയ വിശദീകരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടുമില്ല. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനു മുഴുവന്‍ സമയവും മറുപടി പറഞ്ഞ പ്രധാനമന്ത്രി ഇത്തവണ കരുതലോടെയാണ് മറുപടി പറഞ്ഞത്. തുടര്‍ന്നാണ് സഭയില്‍ ലണ്ടനില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മാപ്പ് പറയണമെന്ന വാദം ഭരണപക്ഷം ഉയര്‍ത്തിയത്. പിന്നീട് അദാനിയുമായുള്ള പരാമര്‍ശങ്ങളുണ്ടാകാതിരിക്കാന്‍ ഭരണപക്ഷ എം.പിമാര്‍ തന്നെ ബഹളം വച്ച് സഭ മുടക്കി.
ജനാധിപത്യം കെട്ടിപ്പെടുത്തിരിക്കുന്നത് വ്യര്‍ത്ഥമായ പ്രസംഗങ്ങളിലോ വാചകങ്ങളിലോ നാടകീയതയിലോ അല്ല. മറിച്ച് യുക്തിസഹമായ ചോദ്യം ചെയ്യലുകള്‍ ശീലമാക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ അര്‍ത്ഥത്തേയും അന്തസ്സത്തേയും തേടുന്നത്. ആരാധനാക്രമമുള്ള ഒരു ജനതയെയല്ല, വിമര്‍ശനാത്മകമായ സംവാദവേദിയാണ് അത് വാര്‍ത്തെടുക്കുക. നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയകള്‍ എത്രമാത്രം ക്രിയാത്മകമാണ് എന്നതിന്റെ തെളിവാണ് നമ്മുടെ സഭാസമ്മേളനങ്ങളുടെ നടത്തിപ്പ്. ഇത്തവണ ബഹളങ്ങളില്‍ അലങ്കോലപ്പെട്ട് പാര്‍ലമെന്റ് സമ്മേളനം വ്യര്‍ത്ഥമായി. ഏപ്രില്‍ ആറു വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം.
ലോക്സഭയുടേയും രാജ്യസഭയുടേയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് അസാധാരണമല്ല. ലോകത്തെമ്പാടുമുള്ള നിയമനിര്‍മ്മാണസഭകളില്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ വളരെ സാധാരണമാണ്. 2012-ല്‍ കാനഡയില്‍ ലോവര്‍ ഹൗസില്‍ സര്‍ക്കാരിന്റെ ബജറ്റ് പാസ്സാക്കാനുള്ള വോട്ടെടുപ്പ് പ്രതിപക്ഷാംഗങ്ങള്‍ തടസ്സപ്പെട്ടിരുന്നു. 2015-ല്‍ ജപ്പാനില്‍ വിദേശത്ത് സൈന്യത്തെ അനുവദിക്കുന്നത് സംബന്ധിച്ച വിഷയത്തിലുള്ള വോട്ടിങ് പ്രതിപക്ഷം കായികമായി തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ജപ്പാനിലെ ഏറ്റവും വിവാദവിഷയമായിരുന്നു അത്. 2016-ല്‍ ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനു പ്രതിപക്ഷാംഗങ്ങള്‍ ബലം പ്രയോഗിച്ചാണ് പാര്‍ലമെന്റില്‍നിന്ന് പുറത്താക്കിയത്.
സഭകളില്‍ സാധാരണയായി സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നത് പ്രതിപക്ഷമാണ്. അവര്‍ സഭകളില്‍ തങ്ങള്‍ക്കു ലഭിച്ച ജനാധിപത്യ ഇടം ഉപയോഗിക്കുകയും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത്തവണ പാര്‍ലമെന്റിലും കണ്ടത് ഭരണപക്ഷം തന്നെ സഭകളുടെ നടത്തിപ്പ് തടസ്സപ്പെടുത്തുന്നതാണ്.
എന്തുകൊണ്ട് രാഹുല്‍?
പ്രതിപക്ഷനിരയില്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു നേതാവാണ് രാഹുല്‍. ഭിന്നതകളുണ്ടെങ്കിലും വിട്ടുവീഴ്ചകളിലൂടെ ഒരു സമവായം സാധ്യമാക്കാന്‍ ശേഷിയുള്ള നേതാവ് കൂടിയാണ് അദ്ദേഹം. തമിഴ്നാട്ടില്‍ ഡി.എം.കെയുമായുള്ള നീക്കുപോക്കുകള്‍ക്ക് വഴങ്ങിയതിനു പിന്നില്‍ രാഹുലായിരുന്നു. അപ്രതീക്ഷിതമായ ഒരു മുന്നേറ്റം കോണ്‍ഗ്രസ്സിനുണ്ടായാല്‍ അതിനു തടയിടാന്‍ കൂടിയാവണം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം. മറ്റൊന്ന് ബി.ജെ.പി എല്ലാക്കാലത്തും ഉയര്‍ത്തിക്കാട്ടുന്ന രണ്ട് വിഷയങ്ങളാണ് ദേശീയതയും അഴിമതിരാഹിത്യവും. ഈ രണ്ട് ആയുധങ്ങളാണ് ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരം നല്‍കിയത്. രാഹുല്‍ മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചോദ്യം ചെയ്യുന്നതും ഈ രണ്ട് വിഷയങ്ങളിലാണ്.
അരുണാചല്‍ പ്രദേശിലും ലഡാക്കിലും തുടര്‍ച്ചയായി ചൈനീസ് സൈന്യത്തിന്റെ അതിര്‍ത്തി ലംഘനം തുടര്‍ച്ചയായി രാഹുല്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കൃത്യമായ മറുപടി പറയാന്‍ പ്രധാനമന്ത്രി ഇന്നേവരെ തയ്യാറായിട്ടില്ല. സകലതിനും ദേശീയത ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പിക്ക് വിദേശ ശക്തികളുടെ കടന്നുകയറ്റം ചെറുക്കാനായില്ലെന്നത് സമ്മതിക്കാനും കഴിയുന്നില്ല. മറ്റൊന്ന് പ്രധാനമന്ത്രിയുമായി ഏറ്റവുമധികം അടുപ്പമുള്ള അദാനിക്കെതിരേ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ്. ഇതിനും ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും മറുപടികളില്ല. അയോഗ്യനാക്കപ്പെട്ടതിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞത് മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. അദാനിയുടെ കടലാസ് കമ്പനികളിലേക്ക് 20,000 കോടിയുടെ നിക്ഷേപം എവിടെനിന്നാണ് എത്തിയതെന്ന ചോദ്യത്തിന് ഉത്തരം മാത്രമാണ് താന്‍ ചോദിക്കുന്നതെന്നായിരുന്നു രാഹുല്‍ ചോദിച്ചത്. പാര്‍ലമെന്റിലും പുറത്തും നിശ്ശബ്ദത പാലിക്കുന്ന കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും അദാനിക്ക് യു.പി.എ സര്‍ക്കാരിന്റെ കാലത്തും കരാര്‍ കിട്ടിയിരുന്നുവെന്ന ദുര്‍ബ്ബലമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്.
ഏതായാലും ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം മാത്രമല്ല, അടുത്തവര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്ലാറ്റ്ഫോം ഒരുക്കുക കൂടിയാണ്. നോട്ടുനിരോധനം, ജി.എസ്.ടി നടപ്പാക്കിയതിലുള്ള പരാജയം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളൊക്കെ തെരഞ്ഞെടുപ്പുകളില്‍ പലതവണ ആരോപണവിഷയമായിട്ടുണ്ടെങ്കിലും ബി.ജെ.പി അതിനെയൊക്കെ തന്ത്രങ്ങളിലൂടെ മറികടന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. രാജ്യാന്തര തലത്തില്‍ ഇന്ത്യയും മോദി മികച്ച നേതാവായി ഉയര്‍ത്തിക്കാട്ടാനുള്ള പ്രതിച്ഛായ നിര്‍മ്മിതിയിലായിരുന്നു ബി.ജെ.പി. Mother of democracy, statesman എന്നിങ്ങനെയായിരുന്നു വിശേഷണങ്ങള്‍. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇതിനെ ഉപയോഗപ്പെടുത്താനും ബി.ജെ.പി ചിന്തിച്ചിരുന്നു. എന്നാല്‍, രാഹുലിന്റെ പ്രസംഗമടക്കം വിദേശത്തുണ്ടായ സംഭവവികാസങ്ങള്‍(ബി.ബി.സി ഡോക്യുമെന്ററിയടക്കം) ബി.ജെ.പിക്ക് തിരിച്ചടിയായി.
അജയ്യരെന്ന് വിശ്വസിപ്പിക്കാനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ശ്രമം. എന്നാല്‍, ഒരു പാര്‍ട്ടിക്കും വിജയവും കീഴടക്കാനാവത്തതല്ല എന്നതാണ് വസ്തുത. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയ പ്രത്യയശാസ്ത്ര വിധേയത്വങ്ങളെല്ലാം കാലങ്ങളില്‍ തകിടം മറിഞ്ഞിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വരവും അടിയന്തരാവസ്ഥയും ഇന്ത്യന്‍ ജനാധിപത്യം കണ്ടു. ഒപ്പം അവരുടെ പതനവും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുന്നേറ്റവും അങ്ങനെ തന്നെയായിരുന്നു. മോദിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനം നടന്ന 2013-ലെ ഗോവ സമ്മേളനത്തിന്റെ രാഷ്ട്രീയ പരിണതികള്‍ ആരും പ്രവചിച്ചിരുന്നതല്ല. അതുകൊണ്ട് തന്നെ വിജയം ഒരു പാര്‍ട്ടിക്കും ശാശ്വതമല്ല.
250-ലധികം ലോക്സഭാ സീറ്റുകളില്‍ നേരിട്ട് മത്സരിക്കുന്ന കോണ്‍ഗ്രസ്സിനു മാത്രമേ ബി.ജെ.പി ഭരണത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിയൂവെന്ന് നന്നായി അറിയാവുന്നയാളാണ് മോദി. അതുകൊണ്ടാണ് എല്ലാ പ്രസംഗങ്ങളിലും മറ്റ് പ്രതിപക്ഷ കക്ഷികളെ ഒഴിവാക്കി കോണ്‍ഗ്രസ്സിനെ മോദി വിമര്‍ശിക്കാന്‍ ലക്ഷ്യമിടുന്നത്. രാഹുലിനെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്നും മോദി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതകള്‍ ഭരണഘടനാസ്ഥാപനങ്ങളെ ഇല്ലാതാക്കുന്നുവെന്ന രാഹുലിന്റെ തന്നെ വാദത്തെ ശരിവയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ വിചാരണയും അയോഗ്യതയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുഗ്രഹമായേക്കാം. ലോക്സഭാ തെരഞ്ഞെടുപ്പോടെ ഗൗരവമാര്‍ന്ന ഒരു ബദല്‍ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ ഈ സംഭവം പ്രാപ്തമാക്കിയേക്കാം. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയുടെ വിചാരണയും അയോഗ്യതയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുഗ്രഹമായേക്കാം. ലോക്സഭാ തെരഞ്ഞെടുപ്പോടെ പ്രചോദനം ഉള്‍ക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി വീണ്ടും ഉയര്‍ന്നുവരാന്‍ ശേഷിയുള്ള ഒരു ബദല്‍ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ ഈ സംഭവം പ്രാപ്തമാക്കിയേക്കാം.
മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, വൈ.എസ്. ജഗന്‍ റെഡ്ഡി എന്നിവരടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പിന്തുണ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിട്ടുണ്ട്. ആദ്യ ദിനങ്ങളില്‍ മൗനം പാലിച്ച ബി.എസ്.പി നേതാവ് മായാവതിയും രാഹുലിനെതിരായ നടപടിയെ അപലപിച്ചു രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന ഹര്‍ജിയുമായി 14 കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പതിനൊന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തിലുള്ള കക്ഷികളാണ് ഇവര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42.5 ശതമാനമാണ് ഇവരുടെ വോട്ടുവിഹിതം. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 45.19 ശതമാനം വോട്ടുണ്ട് ഈ കക്ഷികള്‍ക്ക്. തെരഞ്ഞെടുപ്പില്‍ ഒന്നിച്ചില്ലെങ്കിലും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്ക് നേരെയുള്ള പ്രതിപക്ഷത്തിന്റെ ഐക്യം സാധ്യമായിട്ടുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രതിപക്ഷ നേതാക്കള്‍ക്കു നേരേയുള്ള അന്വേഷണങ്ങള്‍ എന്നിങ്ങനെ ഐക്യപ്പെടാന്‍ ഒട്ടേറെ രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായ കാരണങ്ങളുണ്ട്.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates