Articles

കുടിപ്പകയുടെ ദായക്രമങ്ങള്‍

മദ്ധ്യകേരളത്തില്‍നിന്ന് 1940-കളില്‍ മലബാറിലേയ്ക്കാരംഭിച്ച കുടിയേറ്റങ്ങളുടെ ബാക്കിപത്രങ്ങളാണ്  നിതിന്‍ ലൂക്കോസിന്റെ 'പക' എന്ന ചലച്ചിത്രം കാണിച്ചുതരുന്നത്

സുരേഷ് നെല്ലിക്കോട്

മുഖം കൊടുക്കാതെ, ശബ്ദംകൊണ്ടുമാത്രം സിനിമയെ തട്ടിക്കൊണ്ടുപോയി പ്രേക്ഷകരുടെ മനം കവര്‍ന്ന ഒരു അമ്മച്ചിയെ മലയാളികള്‍ അറിഞ്ഞുതുടങ്ങുകയാണ്. ഒരുപക്ഷേ, കേരളത്തില്‍ പ്രശസ്തയാവുന്നതിനു മുന്‍പുതന്നെ കനേഡിയന്‍ മലയാളികള്‍ക്കും അവിടെയുള്ള വെള്ളക്കാര്‍ക്കും ഈ അമ്മച്ചി സുപരിചിതയായിക്കഴിഞ്ഞു. മൂലമറ്റംകാരി മറിയക്കുട്ടി കോതനല്ലൂരിലെ വലിയവീട്ടില്‍ ചുമ്മാരെ കെട്ടി, കുട്ടികളുമായി വയനാട്ടിലേക്ക് കുടിയേറിയത് 1961-ല്‍. മൂന്നുദിവസമെടുത്ത് രണ്ടുമൂന്ന് സ്ഥലങ്ങളില്‍ തങ്ങിയാണ് തലശ്ശേരി വഴി മാനന്തവാടിയില്‍ എത്തിപ്പെടുന്നതുപോലും. ഇന്നലെയെന്നപോലെയാണ് അമ്മച്ചി അതൊക്കെ ഓര്‍ത്തെടുക്കുന്നത്. ഇന്ന്, ആ ചുറ്റുവട്ടത്തെ എല്ലാവരുടേയും മക്കുട്ടി അമ്മച്ചിയായി അറിയപ്പെടുന്ന അവരുടെ യഥാര്‍ത്ഥ പേര് മറിയക്കുട്ടി. ആ 84-കാരിയാണ് ആ സിനിമയിലെ പ്രധാന കഥാപാത്രം. ചിത്രത്തിന്റെ പേര് 'പക.' 46-മത് ടോറോന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ടേ രണ്ടു ചിത്രങ്ങളില്‍ ഒന്നാണ് 'പക.' വയനാട് സ്വദേശി നിതിന്‍ ലൂക്കോസാണ് സിനിമയുടെ സംവിധായകന്‍. നിതിന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ശബ്ദസംവിധായകനായി പഠിച്ചിറങ്ങിയ ആളാണ്. 25-ലധികം ചിത്രങ്ങള്‍ക്ക് ശബ്ദസന്നിവേശം നടത്തിയതിനുശേഷം സ്വന്തമായി സംവിധാനം നിര്‍വ്വഹിച്ച ചലച്ചിത്രമാണ് 'പക.' മലയാളത്തിലെ ഈ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനോദ്ഘാടനം ടോറോന്റോയിലെ രാജ്യാന്തര ചലച്ചിത്രമേള(TIFF)യിലായിരുന്നു. അതുകൊണ്ടുതന്നെ അത് ആദ്യമായി കണ്ടതും കാനഡക്കാര്‍ തന്നെ. മുന്‍പ് റിലീസായ ചിത്രങ്ങള്‍ ഈ ചലച്ചിത്രമേളയില്‍ പരിഗണിക്കാറില്ല. അപൂര്‍വ്വം ചില മാസ്റ്റേഴ്സ് സീരീസിലുള്ള ചിത്രങ്ങളൊഴിച്ചാല്‍, പങ്കെടുക്കുന്ന ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനം ഇവിടെത്തന്നെ ആരംഭിക്കണമെന്ന് ഈ ചലച്ചിത്രമേളയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. അങ്ങനെയാണ് 'പക' ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

പകയുടെ സംവിധായകൻ നിതിൻ മറിയക്കുട്ടിയ്ക്കൊപ്പം

കുടിയേറ്റങ്ങളുടെ 'പക'

മദ്ധ്യകേരളത്തില്‍നിന്ന് 1940-കളില്‍ മലബാറിലേയ്ക്കാരംഭിച്ച കുടിയേറ്റങ്ങളുടെ ബാക്കിപത്രങ്ങളാണ് 'പക' എന്ന ചലച്ചിത്രം കാണിച്ചുതരുന്നത്. മലമ്പനിയോടും വന്യമൃഗങ്ങളോടും ഏറ്റുമുട്ടി ബാക്കിവന്ന ജീവിതങ്ങളില്‍നിന്നു പച്ചപിടിച്ച കഥകള്‍ പറയാതെ മലബാറിന്റെ ചരിത്രം തുടരാന്‍ ആവില്ലല്ലോ! മണ്ണിനോടു പടവെട്ടി വീടും നാടും തെളിച്ചെടുത്ത അവര്‍ക്കിടയില്‍ ഉടലെടുത്ത പകയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുറ്റവാളി ഔദ്യോഗികമായി ശിക്ഷിക്കപ്പെടുന്നത്, പകവീട്ടാന്‍ കാത്തിരിക്കുന്നവര്‍ക്ക് അസഹനീയമാണ്. 'കണ്ണിന് കണ്ണ്; പല്ലിനു പല്ല്' എന്ന പ്രാകൃതനിയമം നടപ്പാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഔദ്യോഗിക നിയമപരിപാലനത്തിന്റെ ഗതിവിഗതികളില്‍ താല്പര്യമില്ല എന്ന സത്യത്തിന് ഒരിക്കല്‍ക്കൂടി ചിത്രം അടിവരയിടുന്നുണ്ട്. ഓരപ്പുഴ അക്കാലത്ത് ചിലപ്പോഴൊക്കെ ചോരപ്പുഴയായി മാറാറുണ്ട്. അടിയൊഴുക്കുകളെ ഒളിപ്പിച്ചുവച്ച്, മേല്‍വെള്ളത്തെ നിശ്ചലമാക്കി പുഴ ശരീരങ്ങളെക്കാത്ത് വന്യമൃഗങ്ങളെപ്പോലെ പതുങ്ങിക്കിടക്കാറുണ്ട്. വണ്ണത്താന്‍കയം പോലെയുള്ള കിണറുകള്‍ പോലുമുണ്ടതില്‍. ആ കിണര്‍ വലിച്ചെടുക്കുന്ന ശരീരങ്ങള്‍ തിരിച്ചു കിട്ടാറുപോലുമില്ല. മൂന്നു ജോണ്‍സണ്‍മാരെ കൊണ്ടുപോയ ജോണ്‍സണ്‍കയമുണ്ട് ഓരപ്പുഴയില്‍. ''പുഴയുടെ ദാഹം കൂടുമ്പോഴാണ് പുഴ നിറയുന്നതെന്നും ആളുകളുടെ ചോരതന്നെ അതിനു വേണ''മെന്നും പറയുന്ന അമ്മച്ചിയുടെ വാക്കുകളില്‍നിന്നാണ് 'പക'യുടെ തുടക്കം. ഗ്രാമത്തിലെ മുങ്ങല്‍വിദഗ്ദ്ധനായ മീശ ജോസേട്ടന്‍ മുങ്ങിത്തിരയാനുള്ള തയ്യാറെടുപ്പില്‍ ചെവിയിലും നെറുകയിലും പുരട്ടാന്‍ കുറച്ച് എണ്ണ ചോദിക്കുന്നു. മുങ്ങിത്തിരഞ്ഞ്, അനായാസം ഒരു ശരീരം കണ്ടെത്തി, അതെടുത്ത് തോളിലിട്ടു അദ്ദേഹം കയറിവരുന്നു. പക്ഷേ, അത് അപരിചിതനായ ഒരു ചെറുപ്പക്കാരന്റേതായിരുന്നു. അതുകൊണ്ടുതന്നെ, കണ്ണും ചെവിയും കൂര്‍മ്പിച്ചു കരയില്‍ കാത്തുനിന്ന നാട്ടുകാര്‍ക്ക് പരദൂഷണത്തിനു കാര്യമായി ഒന്നും അതില്‍നിന്നു ലഭിച്ചില്ല. ''കളിയറിയാവുന്നവന്‍ ജയിക്കും, ജയിക്കുന്നവന്‍ ജീവിക്കും!'' - അതു പറയുന്ന വെട്ടിക്കല്‍ വര്‍ക്കിച്ചന്‍ കുടിയേറ്റക്കഥകളിലെ ജീവനുള്ള പിതാമഹന്മാരുടെ തനിപ്പകര്‍പ്പാണ്. ഒന്നും കാണാനാവുന്നില്ലെങ്കിലും കുടിപ്പകകളുടെ ബാക്കിപത്രങ്ങളില്‍ തന്റെ മക്കള്‍ തന്നെ വിജയിച്ചു നില്‍ക്കണമെന്ന വാശിയില്‍ ജീവിക്കുന്ന ധൃതരാഷ്ട്രരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ആ കഥാപാത്രം. അപ്പനപ്പൂപ്പന്മാരായി കാത്തുവച്ച കൊലക്കത്തികളും വടിവാളുകളും അത് പ്രയോഗിക്കാന്‍ ബാദ്ധ്യസ്ഥരാണെന്ന് വിശ്വസിക്കപ്പെട്ട ഒരു പിന്‍തലമുറയും ഏറെക്കാലം കുടിയേറ്റ ഭൂമികകളിലുണ്ടായിരുന്നു. വാങ്ങലുകള്‍ കൊടുത്തുതന്നെ തീര്‍ക്കണമെന്നായിരുന്നു അവിടങ്ങളിലെ അലിഖിത നിയമം. അത് നടപ്പാക്കിക്കിട്ടുന്നതുവരെ അവര്‍ രോഗശയ്യകളില്‍ കിടന്നുപോലും പുതുതലമുറകളെ പ്രാകി തോല്പിച്ചുകൊണ്ടിരുന്നു. കൊടുക്കല്‍വാങ്ങലുകളുടെ കണക്കുകള്‍ തീര്‍ത്ത് പുസ്തകങ്ങളടയ്ക്കുന്നതുവരെ മരണംപോലും അവരില്‍നിന്നു മാറിനടന്നു.

ഒരു കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട്, ജീവപര്യന്തത്തടവും കഴിഞ്ഞ് കൊച്ചേപ്പ് എന്ന കൊച്ചപ്പന്‍ നാട്ടിലേയ്ക്ക് മടങ്ങിവരികയാണ്. ഒരു പകവീട്ടലിന്റെ ആവേശം ബാക്കിനില്‍ക്കുന്ന കാലത്ത് ചെയ്തുപോയ കൊലയില്‍ അയാളിപ്പോള്‍ ദു:ഖിതനാണ്. ശാന്തമായ ഒരു കുടുംബജീവിതത്തിന്റെ നിറവാര്‍ന്ന സ്വപ്‌നങ്ങളുണ്ട്, അയാളിലിപ്പോഴും. എതിര്‍ചേരിയില്‍ പകവീട്ടാന്‍ കാത്തുനിന്നവര്‍ക്ക് അയാളുടെ ജയില്‍വാസം തടസ്സങ്ങളുണ്ടാക്കിയെങ്കിലും അയാളുടെ തിരിച്ചുവരവ് ആ ചാക്രികതയുടെ ആവശ്യകത തികട്ടിയെടുത്തു. അതിനിടയില്‍, വൈരങ്ങളുടെ പുഴകടന്ന് ജോണിയും അന്നയും പ്രണയിച്ചു. അവര്‍ക്കിടയിലേയ്ക്ക് ഉരുള്‍പൊട്ടലുകളും അശനിപാതങ്ങളുമുണ്ടായി. ഓര്‍മ്മപ്പെടുത്തലുകളും കണക്കുതീര്‍ക്കലുകളുമായി ഓരപ്പുഴയ്‌ക്കൊപ്പം ജീവിതങ്ങളും മുന്‍പോട്ട് ഒഴുകിക്കൊണ്ടിരുന്നു.

പക സിനിമയിൽ നിന്ന്

ജീവിതത്തില്‍ നിന്ന് പകര്‍ത്തിയ കഥ

'പക'യുടെ കഥ, യഥാര്‍ത്ഥ കുടിയേറ്റജീവി തങ്ങളില്‍നിന്നു മുളപൊട്ടിയതാണ്. 1961-ല്‍ മക്കുട്ടിയെന്ന മറിയക്കുട്ടി ഭര്‍ത്താവ് ചുമ്മാരോടൊപ്പം മാനന്തവാടിക്കടുത്തുള്ള കല്ലോടിയിലെ അയിലമൂലയിലേയ്ക്ക് കുടിയേറുമ്പോള്‍ വയസ്സ് 22. കൂടെ നാലു കുട്ടികളും 17-ാം വയസ്സിലുണ്ടായ സീമന്തപുത്രന്‍ ലൂക്കോസിന്റെ മകനാണ് 'പക'യുടെ ചലച്ചിത്രകാരന്‍ നിതിന്‍. 1947-ല്‍ത്തന്നെ, വലിയവീട്ടില്‍ ചുമ്മാരുടെ അപ്പനും അമ്മയും വയനാട്ടിലേയ്ക്ക് കുടിയേറി താമസമാക്കിയിരുന്നു. നാട്ടില്‍ സാമാന്യം ഭേദപ്പെട്ട് കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ തന്നെയാണ് അക്കാലത്ത് വയനാട്ടിലെ ഇല്ലായ്മകളുടെ കാടുകളിലേയ്ക്ക് കുടിയേറിയത്. അമ്മച്ചിയുടെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍: ''വയനാട്ടില്‍ ആനയുണ്ട്... കുതിരയുണ്ട് എന്നൊക്കെ പറഞ്ഞു വന്നവര്‍!'' അവിടേയ്ക്ക് ജീവിതം പറിച്ചുനട്ടവരൊക്കെ ആദ്യകാലങ്ങളില്‍ ചെറ്റപ്പുരകളിലായിരുന്നു താമസം. കാടിന്റെ തണുത്തുവിറയ്ക്കുന്ന ഭീകരരാത്രികളിലേയ്ക്ക് അട്ടകളും പുഴുക്കളും വന്യമൃഗങ്ങളും നുഴഞ്ഞുകയറി. അവരില്‍ പലരും ഒളിച്ചും പാത്തും ചാരായവും വാറ്റിയെടുത്തു. വലുപ്പച്ചെറുപ്പമില്ലാതെ അവരെല്ലാം മണ്‍ചട്ടികളിലാണ് കഞ്ഞികുടിച്ചിരുന്നത്. വറ്റുകള്‍ കുറഞ്ഞ കഞ്ഞിവെള്ളമായിരുന്നു കൂടുതലും. മഴക്കാലത്ത് മരമുട്ടികള്‍ കൂട്ടിയിട്ട് തീകത്തിക്കും. ആ ചൂടു പകുത്തെടുത്ത് ചാക്കുകളില്‍ കയറിക്കൂടി ഉറങ്ങും. നാലുകുട്ടികളുള്‍പ്പെട്ട ആ കുടുംബവും അതേ ജീവിതചര്യകള്‍തന്നെ പിന്തുടര്‍ന്നു. ഒരിക്കലും തീരാത്ത പണികള്‍ക്കിടയിലും മക്കുട്ടി, കുട്ടികളെയൊക്കെ പ്രായമായവരെ ഏല്പിച്ച്, അടുത്തുള്ള പാടങ്ങളിലൊക്കെ ഞാറുനടാന്‍ പോകും. ഇളയകുഞ്ഞിനെ മുലയൂട്ടാനും കന്നുകാലികള്‍ക്കു വെള്ളം കൊടുക്കാനും ഉച്ചയ്ക്കുള്ള ഇടവേളകളില്‍ വീട്ടിലേയ്ക്ക് ഓടിവന്ന് കഞ്ഞികുടിച്ചു മടങ്ങും. തിരക്കു കുറഞ്ഞ ദിനങ്ങളില്‍ എല്ലാ വീട്ടുപണികളും നേരത്തേ തീര്‍ത്തുവച്ച് അറക്കുളം 'അശോക'യിലേയ്ക്ക് സിനിമ കാണാന്‍ ആഘോഷമായി പോകും. കയ്യില്‍ കിട്ടുന്നതൊക്കെ വായിക്കും. മോഹന്‍ലാലും ഷീലയുമാണ് ഇഷ്ടതാരങ്ങള്‍. 'തേന്മാവിന്‍ കൊമ്പത്തെ' തമാശകളും സംഭാഷണങ്ങളും ഇപ്പോഴും ഓര്‍ത്തുപറയും. ഫിലോമിന അവതരിപ്പിച്ച തന്റേടിത്തള്ളമാരെ വളരെ ഇഷ്ടമായിരുന്നു. 'ഒളിമ്പ്യന്‍ അന്തോണി ആദ'ത്തിലെ വത്സലാ മേനോന്‍ അവതരിപ്പിച്ച ചക്കുമ്മൂട്ടില്‍ തെറതിയെ പേരെടുത്തു പറയുന്നു. ഇഷ്ടചിത്രം: 'ഉണ്ണികളേ ഒരു കഥ പറയാം.' 'പക'യില്‍ മുഖമില്ലാത്ത ശരീരവും ശബ്ദവും മാത്രമായി അഭിനയിച്ചപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'മതിലുകളി'ല്‍ കെ.പി.എ.സി. ലളിത അവതരിപ്പിച്ച നാരായണിയെക്കുറിച്ച് മറിയക്കുട്ടി ഓര്‍ത്തെടുത്തു. ഈ സിനിമാപ്രാന്തൊക്കെ തന്റെ അമ്മച്ചിയില്‍നിന്നു കിട്ടിയതാവും എന്നാണ് മറിയക്കുട്ടി പറയുന്നത്. കിടപ്പായപ്പോള്‍പ്പോലും ആ അമ്മച്ചി ടെലിവിഷനില്‍ വരുന്ന സിനിമകളിലെ മമ്മൂട്ടി-മോഹന്‍ ലാല്‍-സുരേഷ് ഗോപി ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞു പറയുമായിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് മറിയക്കുട്ടിയുടെ 99 വയസ്സുണ്ടായിരുന്ന അമ്മ മരിച്ചത്.

പക സിനിമയിലെ ഒരു രം​ഗം

1969-'70-ലെ നക്‌സല്‍ കാലഘട്ടമൊക്കെ മറിയക്കുട്ടിക്ക് നല്ല ഓര്‍മ്മയുണ്ട്. വര്‍ഗ്ഗീസിന്റെ കൊലപാതകവും കുന്നിക്കല്‍ നാരായണനേയും മന്ദാകിനിയേയും അജിതയേയുമൊക്കെ പൊലീസ് വേട്ടയാടുന്നതുമൊക്കെ ഇന്നലെയെന്നപോലെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നു. ജന്മിമാരുടെ കൊലകള്‍ക്കുശേഷം പൊലീസ് വര്‍ഗ്ഗീസിന്റെ തലയ്ക്ക് വിലയിട്ടിരുന്ന കാലം. അടയ്ക്കാത്തോട്ടിലെ ഒരു ചായക്കടയില്‍ രഹസ്യമായി ഭക്ഷണം കഴിക്കാന്‍ വരുമായിരുന്ന വര്‍ഗ്ഗീസിനെ കടയുടമ തിരിച്ചറിഞ്ഞു. അയാള്‍ മേമന അച്ചനോടു പറഞ്ഞു. അച്ചന്‍ പൊലീസിനും വിവരം നല്‍കി. അങ്ങനെ പിടികൂടപ്പെട്ട വര്‍ഗ്ഗീസിനെ പൊലീസ് പിന്നീട് കൊലചെയ്യുകയാണുണ്ടായത്. വര്‍ഗ്ഗീസിന്റെ ബന്ധുക്കളെയൊക്കെ മക്കുട്ടിയമ്മച്ചിക്ക് അറിയാം. അജിതയെ പൊലീസ് അറസ്റ്റ് ചെയ്ത് നാടുനീളെ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആ ശരീരത്തില്‍ അട്ടകടിച്ച് ചോരയൊലിച്ചിരുന്നു. കൊട്ടാരത്തില്‍ മത്തനും കൊട്ടാരത്തില്‍ കൊച്ചും ഓലിക്കല്‍ ഏലിയയും മാക്കീലെ സുകുവും എല്ലാം ഉള്‍പ്പെടുന്ന പഴയകാല ഓര്‍മ്മകള്‍. പ്രതിബന്ധങ്ങളോടു പടപൊരുതി ജയിച്ചുനില്‍ക്കാന്‍ അന്നു നെഞ്ചുറപ്പും അസാധാരണ ധൈര്യവും തന്നെ വേണമായിരുന്നു എന്ന് അമ്മച്ചി പറയുന്നു.

നിതിൻ ലൂക്കോസ്

ബേസില്‍ പൗലോസിന്റെ ജോണിയും ജോസ് കിഴക്കന്റെ കൊച്ചേപ്പും നിതിന്‍ ജോര്‍ജിന്റെ വെട്ടിക്കല്‍ ജോയ്യും വിനീത കോശിയുടെ അന്നയും അഭിലാഷ് നായരുടെ തങ്കനും ജോസഫ് മാണിക്കലിന്റെ വര്‍ക്കിച്ചനും മികച്ച പ്രകടനം നടത്തിയിരിക്കുന്നു. കയങ്ങളില്‍ മുങ്ങിത്തപ്പി മരിച്ചവരെ കരയ്‌ക്കെത്തിക്കുന്നതില്‍ വിദഗ്ദ്ധനായ ആശാരിയോട്ട് ജോസ്, അതേ പേരിലും തൊഴിലിലും ഈ ചിത്രത്തില്‍ ജീവിക്കുകയാണ്. ശ്രീകാന്ത് കാബോത്തിന്റെ ഛായാഗ്രഹണം വയനാടിന്റെ കാണാക്കാഴ്ചകള്‍ ചാരുതയോടെ പകര്‍ത്തിയിട്ടുണ്ട്. കഥാഗതിക്കൊപ്പം കൃത്യമായി സഞ്ചരിച്ച പ്രതിരൂപാത്മക ദൃശ്യങ്ങളും ശബ്ദരൂപാന്തരീകരണങ്ങളും ശ്രദ്ധേയം. അരുണിമ ശങ്കര്‍ ചിത്രസംയോജനവും ഫൈസല്‍ അഹമ്മദ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്ന പകയുടെ ശബ്ദസന്നിവേശം നടത്തിയിരിക്കുന്നത് അരവിന്ദ് സുന്ദറും പ്രമോദും ജോബിനും കൂടിയാണ്. 

മലയാളികളല്ലാത്ത സംവിധായകരും നിര്‍മ്മാതാക്കളുമായ അനുരാഗ് കാശ്യപും രാജ് രാച്ചക്കൊണ്ടയുമാണ് 'പക' നിര്‍മ്മിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഭാഷയുടെ അതിര്‍വരമ്പുകള്‍ തട്ടിത്തകര്‍ത്തു മുന്നേറിയ ആ നിര്‍ല്ലോപസൗഹൃദങ്ങളാവും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടത്തി ഈ ചിത്രത്തെ ടൊറോന്റോയില്‍ എത്തിച്ചതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

5 വിക്കറ്റുകള്‍ നഷ്ടം; ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു

പി എം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം, 'ബാഹുബലി' വിക്ഷേപണം വിജയകരം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT