വരണ്ട മണ്ണിലെ സ്നേഹത്തിന്റെ ഉറവകള്‍  

ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കുന്ന, വിനോദ് രാജ് സംവിധാനം ചെയ്ത ചലച്ചിത്രം കൂഴങ്ങളെക്കുറിച്ച്
വരണ്ട മണ്ണിലെ സ്നേഹത്തിന്റെ ഉറവകള്‍  

ഷ്യന്‍ സംവിധായകന്‍ ഐസന്‍സ്റ്റീ(Eisenstein)ന്റെ  'ക്വീ വിവാ മെക്സിക്കോ' (Que viva México! 1979)യിലും ബ്രസീലിയന്‍ ചലച്ചിത്രകാരന്‍ ഗ്ളോബര്‍ റോഷ(Glauber Rocha)യുടെ ചിത്രങ്ങളിലും ലാന്‍ഡ് സ്‌കേപ്പ്  ഒരു പ്രധാന കഥാപാത്രമായി മാറുന്നുണ്ട്.  ഇറാന്‍ സംവിധായകന്‍  കീയരോസ്തമി(Kiarosthami)യുടെ ചിത്രങ്ങളില്‍ റോഡുകളും പാതകളും കഥാപാത്രങ്ങളോളം തന്നെ പ്രധാനങ്ങളാണ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന ഓസ്‌കാര്‍ അവാര്‍ഡില്‍  മത്സരിക്കുന്ന  ഇന്ത്യന്‍ ചിത്രമായി  തെരഞ്ഞെടുക്കപ്പെട്ട തമിഴ് ചിത്രം കൂഴങ്ങ(Koozhangal, Pebbles)ളില്‍ ലാന്‍ഡ്സ്‌കേപ്പ്  ശക്തമായൊരു സാന്നിദ്ധ്യമാണ്. വെള്ളം കിട്ടാതെ വരണ്ട് കിടക്കുന്ന  ഗ്രാമവും അവിടെ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ജനതയേയും ഇത്ര തീവ്രമായി ആവിഷ്‌കരിച്ച മറ്റൊരു ഇന്ത്യന്‍ ചിത്രമുണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഔപചാരികമായ ചലച്ചിത്രപഠനം  നടത്താന്‍ കഴിയാതെ, സംവിധായകനായ പി.എസ്. വിനോദരാജിന്റെ ആദ്യ ചിത്രം 'കൂഴങ്ങള്‍', വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി മത്സരിച്ച  പതിമൂന്ന് ചിത്രങ്ങളെ പിന്നിലാക്കിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ പ്രതികരണമിങ്ങനെയായിരുന്നു: ''ഓസ്‌കാറിനായി മത്സരിക്കാന്‍ 'കൂഴങ്ങള്‍' തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെയധികം സന്തോഷമുണ്ട്. വ്യത്യസ്ത  സംവിധാനരീതികളില്‍ ഞാന്‍ തിരഞ്ഞെടുത്ത  വഴി ശരിയായിരുന്നുവെന്ന് അത്  തെളിയിക്കുന്നുണ്ട്. ഭാവിയില്‍ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്വവും അതെനിക്ക് നല്‍കുന്നു. പത്താമത്തെ വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസമുപേക്ഷിച്ച് ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതനായ ഞാന്‍, മധുരയിലെ ഷൂട്ടിങ്ങുകള്‍ കണ്ടാണ് വളരുന്നത്. അന്നു മുതല്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള മോഹം എനിക്കുണ്ട്.'' അച്ഛന്‍ മരിച്ചതോടെ, നാലാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടിവന്ന വിനോദ് രാജ്, ജീവിതം മുന്‍പോട്ട് കൊണ്ടുപോകാനായി പല ജോലികളും ചെയ്ത്, ഒരു ഛായാഗ്രാഹകനാകണമെന്ന ആഗ്രഹവുമായി ചെന്നൈയിലെത്തി, ഒരു ഡി.വി.ഡി കടയിലാണ് അഭയം തേടുന്നത്. അവിടെവെച്ച് ലോക സിനിമയുമായി പരിചയപ്പെട്ട വിനോദ്, കടയില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന  തമിഴ് സിനിമാരംഗത്തെ പ്രമുഖരുമായി ബന്ധം സ്ഥാപിച്ചു.   അതുവഴി, അഞ്ച് വര്‍ഷം തമിഴ് സിനിമയിലും 'മണല്‍ മാഗുഡി'യെന്ന പോസ്റ്റ് മോഡേണ്‍   നാടകഗ്രൂപ്പിലും സഹസംവിധായകനായി വിനോദ്  പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് 'കൂഴങ്ങള്‍'  സംവിധാനം ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. തമിഴ് സംവിധായകന്‍ റാമും ഒരു വന്‍  സൗഹൃദയ വലയവുമാണ് അതിനദ്ദേഹത്തിനു കരുത്ത് നല്‍കുന്നത്. ചിത്രം  നിര്‍മ്മിക്കുന്നത് നടി നയന്‍താരയും തമിഴ് നിര്‍മ്മാതാവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേര്‍ന്നാണ്.  

ദൃശ്യങ്ങളിലൂടെ സംസാരിക്കുന്ന സിനിമ

ഓസ്‌കാര്‍ മത്സര ചിത്രതിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ പ്രമുഖ ചലച്ചിത്രകാരന്‍  ഷാജി എന്‍. കരുണ്‍,  പതിന്നാലു ചിത്രങ്ങളില്‍നിന്ന് ഏകപക്ഷീയമായാണ് വിനോദിന്റെ 'കൂഴങ്ങള്‍' തിരഞ്ഞെടുത്തതെന്ന് അറിയിച്ചിരുന്നു. വളരെ ചുരുങ്ങിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തെ ഷാജി എന്‍. കരുണ്‍ ഇങ്ങനെ വിലയിരുത്തുന്നു: ''എത്രമാത്രം പണം മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചതെന്നല്ല,  അതിന്റെ ഗുണനിലവാരം  നിര്‍ണ്ണയിക്കുന്നത്. സാങ്കേതികമേന്മ ഉറപ്പ് നല്‍കുന്ന മികച്ച സംവിധാനങ്ങള്‍ ഇന്നുണ്ടെന്നത് ശരി തന്നെ, എന്നാല്‍ അവ  ചിത്രത്തിന് കൃത്യമായ സിനിമാറ്റിക്ക് അനുഭവം ഉറപ്പ് നല്‍കണമെന്നില്ല. പ്രേക്ഷകരില്‍ ശരിയായ രീതിയില്‍ വൈകാരികാനുഭവങ്ങളെത്തിക്കുക എന്നതാണ് സിനിമയില്‍ പ്രധാനം.'' ഈ വര്‍ഷമാദ്യം(2021)   നെതര്‍ലാഡില്‍ നടന്ന റോട്ടര്‍ഡാം  അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി ടൈഗര്‍ അവാര്‍ഡ് നേടിയ 'കൂഴങ്ങള്‍', ന്യൂയോര്‍ക്കര്‍ മാസികയുടെ 2021-ലെ ലോകത്തിലെ മികച്ച ചിത്രങ്ങളിലുള്‍പ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഗോവ അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിച്ച കൂഴങ്ങള്‍, ലോകത്തിലെ പല പ്രമുഖ മേളകളിലും പ്രദര്‍ശിപ്പിച്ചു വരികയാണ്.  ന്യൂയോര്‍ക്ക് ലിങ്കന്‍ സെന്ററിലെ 'ന്യൂ ഡയറക്റ്റേഴ്സ് ന്യൂ ഫിലിംസി'ലും ലോസ് ഏഞ്ചല്‍സിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. 

അടുത്തകാലത്ത് ഇന്ത്യന്‍ സിനിമാരംഗത്ത് വളരെ സജീവമായിക്കൊണ്ടിരിക്കുന്ന തമിഴ് സിനിമയിലെ  അപൂര്‍വ്വമായൊരു ആര്‍ട്ട് ഹൗസ് ചിത്രമാണ് 'കൂഴങ്ങള്‍'. വളരെക്കുറച്ചു മാത്രം സംഭാഷണങ്ങളോടെ, ദൃശ്യങ്ങളിലാണ് സിനിമ മുഖ്യമായും അടിസ്ഥാനപ്പെടുത്തേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രം, മിനിമലിസ്റ്റ് സിനിമയ്ക്ക് കൃത്യമായ ദൃഷ്ടാന്തമാണ്. ഭൂരിഭാഗം സമയവും രണ്ട് പേര്‍മാത്രം തിരശ്ശീലയിലെത്തുന്ന ചിത്രം, നിശബ്ദതയും ഏറ്റവും കുറഞ്ഞ പശ്ചാത്തലസംഗീതവും കൊണ്ട് ശ്രദ്ധേയമാകുന്നുണ്ട്. സംവിധായകന്റെ നാടായ മധുരയ്ക്കടുത്തുള്ള ഇടയപ്പത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന 'കൂഴങ്ങള്‍', പതിവ് തമിഴ് ആഖ്യാനരീതികളെ മാറ്റിയെഴുതുന്നു. മഴകിട്ടാതെയും മരങ്ങളില്ലാതെയും തരിശായി കിടക്കുന്ന ഗ്രാമത്തില്‍, വറ്റിവരണ്ട് മനസ്സുകളുമായി ജീവിക്കുന്നവരില്‍ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കേന്ദ്രസ്ഥാനങ്ങളില്‍  മദ്യപനായ ഗണപതിയും അയാളുടെ മകന്‍ വേലുവുമാണുള്ളത്. പലപ്പോഴായി വേലു പാറയില്‍ കല്ലുകൊണ്ടെഴുതിവെക്കുന്ന  കുടുംബാംഗങ്ങളുടെ പേരുകളില്‍ നിന്നാണ് അവ നാമറിയുന്നത്. അവന്റെ അമ്മ ശാന്തിയും  സഹോദരി ലക്ഷ്മിയും ചേര്‍ന്ന നാലംഗകുടുംബത്തിന്റെ കഥ, ഗ്രാമത്തിലെ മറ്റ് പല കുടുംബങ്ങളുടേതുമാണെന്ന സൂചനയാണ് ഇതു വഴി സംവിധായകന്‍ നല്‍കുന്നത്.  

അപകടകരമാംവിധം വളഞ്ഞുനില്‍ക്കുന്ന മരക്കൊമ്പില്‍ കൂടുകൂട്ടിയ പക്ഷിയുടെ കാഴ്ചയില്‍ 'കൂഴങ്ങള്‍' ആരംഭിക്കുമ്പോള്‍, പല വഴികളിലൂടെ മറ്റൊന്നും ശ്രദ്ധിക്കാതെ ധൃതിയില്‍ നടന്നുപോകുന്ന ഗണപതി, ഗ്രാമത്തിലെ സ്‌കൂള്‍ വരാന്തയില്‍ വന്നു നില്‍ക്കുന്നു. ആരോടും അനുവാദം ചോദിക്കാതെ, ക്ലാസ്സ് മുറിക്കകത്തേക്ക് കയറുന്ന അയാളെ  വഴക്ക് പറയുന്ന അദ്ധ്യാപികയ്ക്ക് മറുപടിയൊന്നും കൊടുക്കാതെ നില്‍ക്കുമ്പോള്‍,  ക്ലാസ്സിനകത്തുനിന്ന് ഒരു കുട്ടി പേടിയോടെ എഴുന്നേറ്റ് നില്‍ക്കുന്നു. തുടര്‍ന്ന്  തന്റെ നടത്തം തുടരുന്ന ഗണപതിയെ നാം കാണുന്നു. ധൃതിയില്‍ നടന്നുപോകുന്ന ഗണപതി, ഒരു നിമിഷം തിരിഞ്ഞുനിന്ന്: ''നിനക്ക് അമ്മയേയോ, അതോ അച്ഛനേയോ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിക്കുമ്പോള്‍ മാത്രമാണ് നാം അയാളുടെ പുറകെ നടക്കുന്ന വേലുവിനെ കാണുന്നത്. അതില്‍ ചിത്രത്തിന്റെ പ്രമേയം വായിച്ചെടുക്കുന്ന പ്രേക്ഷകര്‍, ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ വീണ്ടും പലവട്ടം ചിത്രത്തില്‍ അഭിമുഖീകരിക്കുന്നുണ്ട്. അത് അയാളുടെ മകന്‍ വേലുവാണെന്ന് പിന്നീട് മാത്രമാണ്  നാമറിയുന്നത്.  ഇങ്ങനെ, പതിവ് 'കഥാപാത്ര പരിചയപ്പെടുത്തലുകള്‍' കൂടാതെ തുടങ്ങുന്ന ചിത്രം, മറ്റ് പല ചലച്ചിത്ര രീതികള്‍ക്കും വിരുദ്ധമായാണ് പുരോഗമിക്കുന്നത്. ഏറ്റവും കുറഞ്ഞ സംഭാഷണങ്ങള്‍  വഴി, പ്രമേയത്തിനുള്ളിലേക്ക് പ്രേക്ഷകനെയെത്തിക്കുന്ന രീതി ചിത്രത്തിനു നല്‍കുന്ന കരുത്ത് ചെറുതല്ല. 

'കൂഴങ്ങള്‍' എന്ന ചിത്രത്തിൽ നിന്ന്
'കൂഴങ്ങള്‍' എന്ന ചിത്രത്തിൽ നിന്ന്

ഗ്രാമജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍

മദ്യപിച്ച ഗണപതിയുമായി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയ ഭാര്യയെ, ഗണപതിയും  വേലുവും അന്വേഷിച്ച് പോകുന്നതും വഴിയില്‍ നടക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ക്കു ശേഷം അവര്‍  തിരിച്ച് വരുന്നതും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം, ഒരു പകലിന്റെ കാഴ്ചകളാണ് ചിത്രീകരിക്കുന്നത്. ശീട്ട് കളിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തില്‍നിന്ന് പണം കടം വാങ്ങി, അതുപയോഗിച്ച്  മദ്യപിച്ച്,  മകനൊപ്പം ഭാര്യയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഭാര്യയെ തിരികെയെത്തിക്കാമെന്ന പ്രതീക്ഷ അയാള്‍ക്കുണ്ട്. ഗ്രാമത്തില്‍ ബസ്സിറങ്ങി, മകനെ ഭാര്യയെ കൂട്ടിക്കൊണ്ട് വരാനായി പറഞ്ഞുവിടുന്ന ഗണപതി, ഭാര്യ വന്നില്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുമെന്ന ഭീഷണി മുന്‍പോട്ട് വെക്കുന്നു. മകന്‍ തിരിച്ചു വരാതായപ്പോള്‍, അവനെ തേടിച്ചെല്ലുന്ന അയാള്‍, ഭാര്യസഹോദരനുമായി വഴക്കിടുന്നു. അതിനുശേഷം തിരികെ പോകുന്ന ഗണപതി, പിന്നാലെ വന്ന മകനോട്, അവനിനി അമ്മയില്ലെന്ന് പറയുന്നു.  അമ്പരന്നു നില്‍ക്കുന്ന വേലു, അയാള്‍ കൊടുത്ത പണം നിലത്തെറിഞ്ഞ് ഓടിപ്പോകുന്നു. പുകയുയരുന്ന അടുക്കളയില്‍ തിളച്ചുമറിയുന്ന പാത്രം ഓര്‍മ്മയിലെത്തുന്ന വേലു, താനും കുടുംബവും കഴിഞ്ഞിരുന്ന വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. തിരിച്ച് വീട്ടിലേക്ക് മടങ്ങുന്ന അവനു പിന്നാലെ ഗണപതിയും വരുന്നു. ദീര്‍ഘമായ ഈ തിരിച്ചുപോക്കാണ്, വിശദമായ പരിസരക്കാഴ്ചകളിലേക്കും അതുവഴി ഗ്രാമത്തിന്റെ യഥാര്‍ത്ഥ അവസ്ഥയിലേക്കും പ്രേക്ഷകരെ എത്തിക്കുന്നത്. 

ഒരു പുല്‍ക്കൊടി പോലുമില്ലാതെ, തരിശായി പരന്നുകിടക്കുന്ന ഗ്രാമത്തില്‍, പാറക്കെട്ടുകളും  കൂറ്റന്‍ കല്ലുകളും അപൂര്‍വ്വമായ കാഴ്ചാനുഭവമാകുന്നു. മഴകിട്ടാതെ വരണ്ട പ്രകൃതി,  അതിനിടയില്‍ ജീവിക്കുന്ന മനസ്സുകളേയും അതേപോലെയാക്കി മാറ്റുന്നുണ്ട്. യാത്രയ്ക്കിടയില്‍ നിരാശനും അപമാനിതനും പരിക്ഷീണനുമായ  ഗണപതി,  കാരണങ്ങളൊന്നുമില്ലാതെ പലവട്ടം മകനെ അടിക്കുന്നുണ്ട്. തനിക്കു ചുറ്റുമുള്ള അന്തരീക്ഷം  അയാളുടെ ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നു. ഭക്ഷണത്തിനു മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ, എലികളെ കൊന്ന് വിശപ്പടക്കുന്ന ഗ്രാമീണരെ  നാം കാണുന്നുണ്ട്. അവര്‍ക്കൊന്നിച്ചുള്ള കൊച്ചുകുട്ടിയുടെ ജീവിതത്തില്‍, നിലത്ത് വീണുകിടക്കുന്ന ഇലകള്‍ തുമ്പികളായി ആകാശത്തില്‍ പറന്ന് നടക്കുന്നതും നാം കാണുന്നു. എലിമാംസത്തിലെ മൃദുലമായ ഭാഗം കൊച്ചുമോള്‍ക്ക് സ്നേഹത്തോടെ നല്‍കുന്ന മുത്തശ്ശി നിസ്സഹായ ജീവിതത്തിന്റെ തീവ്രമായ കാഴ്ചയാകുന്നുണ്ട്. കടുത്ത  വെയിലില്‍ വരണ്ടുപോയ വായ നനയാനായി കല്ലെടുത്ത് മിഠായിപോലെ നുണയുന്ന വേലു, ജീവിതത്തിന്റെ വേറിട്ടൊരു കാഴ്ചയായി പ്രേക്ഷകരിലെത്തുന്നു. സവിശേഷമായ ഒരു റോഡ് മൂവിയായി 'കൂഴങ്ങളെ' മാറ്റുന്ന ഈ യാത്രയ്ക്കിടെ, സ്‌കൂട്ടറില്‍ പോകുന്ന വേലുവിന്റെ അദ്ധ്യാപിക, അവനെ അതില്‍ കയറ്റിക്കൊണ്ടുപോകുന്നതില്‍ കുപിതനായ ഗണപതി അവനെ ക്രൂരമായി ശിക്ഷിക്കുന്നുണ്ട്. 

ഒടുവില്‍,  വീട്ടില്‍ തിരിച്ചെത്തുന്ന ഗണപതി തുറന്നു കിടക്കുന്ന വാതിലും മുറിയില്‍ കിടത്തിയിരിക്കുന്ന മകളേയുമാണ്  കാണുന്നത്. അയാള്‍ക്കതില്‍ അത്ഭുതമൊന്നുമില്ല; കാരണം, ഇതിനുമുമ്പ്  പല പ്രാവശ്യം അയാള്‍ അഭിമുഖീകരിച്ച  കാഴ്ചയാണത്. എന്നത്തേയും പോലെ, ഗണപതി   പതിവ് ജീവിതത്തിലേക്ക് മടങ്ങുന്നു. അടുക്കളയില്‍നിന്ന് ചോറെടുത്ത് കഴിക്കുന്നു. വെള്ളമെടുക്കാന്‍ പോയ ഭാര്യയോട് മടങ്ങിവരാന്‍ ആവശ്യപ്പെടുന്നു. പട്ടിക്കുട്ടിക്കൊപ്പം മടങ്ങി വരുന്ന വേലു, കൊച്ച് സഹോദരിയുമായി കളിക്കുന്നു. അവന്‍, തന്റെ വായ്ക്കകത്ത്  നിന്ന് കല്ലെടുത്ത്  പതിവായി സൂക്ഷിക്കാറുള്ള സ്ഥലത്ത്  വെക്കുന്നു. അവിടെക്കാണുന്ന  നിരവധി കല്ലുകള്‍, ഇത്തരം സംഭവങ്ങളുടെ ആവര്‍ത്തനത്തിലേക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്. ചിത്രം അവസാനിക്കുമ്പോള്‍,  പുറത്ത്, കുഴിയില്‍   അവശേഷിക്കുന്ന  വെള്ളം ഊറ്റിയെടുക്കുന്ന വൃദ്ധയില്‍ ദീര്‍ഘനേരം തങ്ങിനില്‍ക്കുന്ന ക്യാമറ, പാത്രങ്ങളുമായി വെള്ളത്തിനായി കാത്തിരിക്കുന്ന, ഗണപതിയുടെ ഭാര്യ  ശാന്തിയടക്കമുള്ള  നിരവധി സ്ത്രീകളുടെ അസ്വസ്ഥതകളിലേക്കും ചെന്നെത്തുന്നുണ്ട്. 

ഇന്ത്യയിലെ ഗ്രാമീണജീവിതങ്ങളിലെ  ദുരിതങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് നിരവധി ചിത്രങ്ങള്‍ ഇതിനകം  നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞു. അവയില്‍നിന്ന് 'കൂഴങ്ങള്‍' എങ്ങനെ വ്യത്യസ്തപ്പെടുന്നു എന്ന് പരിശോധിക്കുമ്പോഴാണ് അതിന്റെ പ്രസക്തി നാം തിരിച്ചറിയുന്നത്. ഗണപതിയും മകന്‍ വേലുവും ചേര്‍ന്ന് നടത്തുന്ന യാത്രയ്ക്കിടയില്‍ അവരനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങള്‍ക്കൊപ്പം, അവര്‍ക്കു ചുറ്റുമുള്ള ജീവിതങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും ആവിഷ്‌കരിക്കപ്പെടുമ്പോള്‍, എല്ലാവരേയും ഭൗതികമായും മാനസികമായും സ്വാധീനിക്കുന്ന ചിത്രത്തിന്റെ ലാന്‍ഡ്‌സ്‌കേപ്പ്, അതിലെ മുഖ്യകഥാപാത്രമാകുന്നു. ഗ്രാമജീവിതത്തിന്റെ കാഴ്ചകളിലേക്ക് സവിശേഷമായ രീതിയിലാണ് സംവിധായകന്‍ പ്രേക്ഷകരെയെത്തിക്കുന്നത്. തുടക്കത്തില്‍, ഗണപതി നടന്നുപോകുന്ന വഴിയുടെ ഇരു വശങ്ങളിലുമുള്ള, ഗ്രാമത്തിലെ  പതിവ് കാഴ്ചകള്‍ സ്വാഭാവികതയോടെ പ്രേക്ഷകരിലെത്തുന്നു. പല ജോലികളിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കിടയില്‍ ശീട്ട് കളിച്ചും മദ്യപിച്ചും വെറുതെ കിടന്നുറങ്ങിയും വര്‍ത്തമാനം പറഞ്ഞിരുന്നും  സമയം കളയുന്ന ഗ്രാമത്തിലെ പുരുഷന്മാര്‍, അവിടത്തെ ജീവിതഘടനയെക്കുറിച്ച് കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്.  ആധുനിക ജീവിതവുമായി ബന്ധപ്പെടുന്ന രണ്ട് കാഴ്ചകള്‍ മാത്രമേ ചിത്രം സൂചിപ്പിക്കുന്നുള്ളൂ. യാത്രയ്ക്കിടെ, വിമാനത്തിന്റെ ശബ്ദം കേട്ട് പ്രതീക്ഷയോടെ ആകാശത്തേക്ക് നോക്കുന്ന വേലുവിന്റേയും കൊക്കോകോളയുടെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് പാത്രം പരിശോധിക്കുന്ന നായയുടേയും ദൃശ്യങ്ങളാണവ. ചിത്രത്തിന്റെ ആദ്യഭാഗത്ത്, ഗണപതിയും വേലുവും ബസ്സിനായി കാത്തുനില്‍ക്കുമ്പോള്‍ നാം കാണുന്ന ബസ്സിലുള്ളവരുടെ കാഴ്ച, പതിവായി നാമവര്‍ ബസ്സില്‍  കയറിയതിനു ശേഷമാണ് കാണാറുള്ളത്. ദൈവരൂപം മടിയില്‍ വെച്ചിരിക്കുന്ന വൃദ്ധന്‍, കളിപ്പാട്ടങ്ങളടങ്ങുന്ന സഞ്ചിയുമായി സന്തോഷത്തോടെയിരിക്കുന്ന കുട്ടി, പുതിയ വീട്ടിലേക്ക്  വിളക്ക് വാങ്ങിവരുന്ന സ്ത്രീ, കുട്ടിയെ മടിയിലിരുത്തി താലോലിക്കുന്ന യുവതി, മൊബൈല്‍ നോക്കുന്ന യുവാവ്... ഇങ്ങനെ പുരോഗമിക്കുന്ന കാഴ്ചകളില്‍ ഗ്രാമത്തിലെ ജീവിതം നിറഞ്ഞുനില്‍ക്കുന്നതായി നാം തിരിച്ചറിയുന്നു. ഗണപതിയും മറ്റൊരു യാത്രക്കാരനും തമ്മില്‍ നടക്കുന്ന അടിപിടിക്കു ശേഷം കരച്ചില്‍ നിര്‍ത്താത്ത കുട്ടിയുമായി വഴിയിലിറങ്ങുന്ന യുവതി, അവിടെയുള്ള ഒരേ ഒരു മരത്തിന്റെ തണലില്‍ പോയിരിക്കുന്നു. കളിമണ്‍ രൂപങ്ങളുടെ സമ്പുഷ്ടമായ കാഴ്ചകളില്‍, ശാന്തമായ അന്തരീക്ഷത്തില്‍ ഉറങ്ങുന്ന കുഞ്ഞിന്റെ ദൃശ്യം. 

വൈകാരിക മിതത്വവും സ്വാഭാവികതയും

ചെറുദൃശ്യങ്ങള്‍ തീവ്ര വൈകാരിക സാന്നിദ്ധ്യങ്ങളാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ 'കൂഴങ്ങള്‍' രേഖപ്പെടുത്തുന്നുണ്ട്. അമ്മയുടെ വീട്ടിലേക്കാണ് താനും അച്ഛനും പോകുന്നതെന്ന് മനസ്സിലാക്കുന്ന വേലു, തന്റെ സ്‌കൂള്‍ ബാഗില്‍നിന്ന് കളിപ്പാട്ടങ്ങളെടുക്കുന്നുണ്ട്. കാരണം, അന്വേഷിക്കുന്ന അച്ഛനോട്, സഹോദരിക്ക് കൊടുക്കാനെന്ന് പറയുമ്പോള്‍, കഥയുടെ വിശദാംശങ്ങളിലേക്ക് നാം നേരിട്ടെത്തുകയാണ്. അനുജത്തിയോടുള്ള വേലുവിന്റെ സ്നേഹത്തിന്റെ ചിഹ്നമായി ഇത് മാറുന്ന കളിപ്പാട്ടം, യാത്രയ്ക്കിടയില്‍ അച്ഛന്റെ  അടിയേറ്റ് വീഴുന്ന  വേലുവിന്റെ കയ്യില്‍നിന്ന് താഴെപ്പോകുന്നു. അപൂര്‍വ്വമായി മാത്രം ചിത്രത്തില്‍  കാണുന്ന പച്ചപ്പുല്ലുകള്‍ക്കിടയിലാണ് അത് ചെന്ന് വീഴുന്നത്. പച്ചനിറത്തിലുള്ള പുല്ലുകള്‍ക്കിടയില്‍ പച്ചനിറത്തിലുള്ള കളിപ്പാട്ടം.  ചിത്രം അവസാനിക്കുമ്പോള്‍, ജീവനുള്ള 'കളിപ്പാട്ട'മായ പട്ടിക്കുട്ടിയുമായി അനുജത്തിക്കടുത്ത് വന്ന് അവള്‍ക്കൊപ്പം  കളിക്കുന്ന വേലുവില്‍ ഈ സ്നേഹം നിറഞ്ഞുകവിയുന്നു. യാത്രയ്ക്കിടെ അച്ഛനോടുള്ള വേലുവിനു തോന്നുന്ന വെറുപ്പ് സൂക്ഷ്മതയോടെ ചിത്രം രേഖപ്പെടുത്തുന്നുണ്ട്. ബസ്സില്‍ കയറി സീറ്റിലിരിക്കുന്ന വേലുവിനടുത്ത് ഗണപതി വന്നിരിക്കുമ്പോള്‍ അവന്‍ സീറ്റ് മാറിയിരിക്കുന്നു. തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍, ബീഡി കത്തിക്കാനായി തീപ്പെട്ടി ചോദിക്കുന്ന ഗണപതിക്ക് അത് കൊടുക്കാതെ രഹസ്യമായി വേലുവത് വലിച്ചെറിയുന്നു. പല ഘട്ടങ്ങളിലായി വേലുവിന്റെ മുഖത്ത് വേദനയും നിരാശയും അതോടൊപ്പം പ്രതീക്ഷയും പേടിയും മിന്നിമറയുന്നത് നാമറിയുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പേര് 'കൂഴങ്ങളെ'ന്നാല്‍ ഉരുണ്ട ചെറുകല്ലുളെ(pebbles)ന്നാണര്‍ത്ഥം. ഓരോ യാത്രയ്ക്കിടയിലും വേലു നിലത്തുനിന്ന് തിരഞ്ഞെടുത്ത് മിഠായിപോലെ വായില്‍ സൂക്ഷിക്കുന്ന കല്ല്, വീട്ടിലെത്തിയ ശേഷം അവന്‍ മേശപ്പുറത്ത് വെക്കുന്നുണ്ട്, അവിടെ അതുപോലുള്ള അനവധി കൊച്ച് കല്ലുകള്‍ നാം കാണുന്നു. ഓരോ പ്രാവശ്യവും അമ്മ വഴക്കിട്ട് വീട്ടില്‍ പോകുമ്പോള്‍ തിരികെ വിളിക്കാനായി അച്ഛനോടൊപ്പം പോയതിന്റെ അടയാളങ്ങളായി വേലു അവ സൂക്ഷിക്കുന്നു. ഗ്രാമത്തിലെ കുടുംബങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഘര്‍ഷങ്ങളും  അവയുടെ സ്വാഭാവികമായ പരിണാമങ്ങളും ഈ കല്ലുകള്‍ സൂചിപ്പിക്കുന്നു. നന്മയും തിന്മയും ചേര്‍ന്നു നില്‍ക്കുന്ന ജീവിതത്തിന്റെ സൂചനയായി ഈ കല്ലുകള്‍ മാറുന്നുണ്ട്: 'കൂഴങ്ങളി'ലെ ലാന്‍ഡ്‌സ്‌കേപ്പ് പ്രേക്ഷകരെ ഒഴിയാതെ പിന്തുടരുന്നുണ്ട്. ചെറുതും വലുതുമായ കല്ലുകള്‍, വന്‍ പാറക്കൂട്ടങ്ങള്‍, പുല്ലുപോലും കിളര്‍ക്കാതെ കിടക്കുന്ന വിശാലമായ തരിശു ഭൂമി. അപൂര്‍വ്വമായി മാത്രം കാണുന്ന ചെടികളും മരങ്ങളും. കഥാപാത്രങ്ങളുടേയും; അതേ പോലെ പ്രേക്ഷകരുടേയും മനസ്സുകളെ സ്വാധീനിക്കുന്ന ഇവ കള്ളിമുള്‍ച്ചെടികളും പാറക്കൂട്ടങ്ങളും നിറഞ്ഞ ഗ്ളോബര്‍ റോഷയുടെ ലാന്‍ഡ്സ്‌കേപ്പുകള്‍ മനസ്സിലെത്തിക്കുന്നുണ്ട്. ചിത്രത്തില്‍  നീണ്ടുകിടക്കുന്ന ശൂന്യമായ റോഡുകള്‍. കിയരൊസ്തമിയുടെ റോഡുകളെ ഓര്‍മ്മിപ്പിക്കുന്നു. 

ചിത്രം ആവിഷ്‌കരിക്കുന്ന ഒരു പ്രധാന പ്രമേയം വരള്‍ച്ച, ഒരു ജീവിതാവസ്ഥയായി കഥാപാത്രങ്ങളുടെ (പ്രേക്ഷകരുടേയും) മനസ്സുകളില്‍ പടര്‍ന്നുകയറുന്നുണ്ട്. പാത്രങ്ങളില്‍ വെള്ളമെടുത്ത്, പ്രയാസപ്പെട്ട് ബസ് കയറി സ്വന്തം വീട്ടിലേക്ക് പോകുന്ന സ്ത്രീ മുതല്‍ ചിത്രത്തിന്റെ അവസാന ഭാഗത്ത്, കുഴിയില്‍ അവശേഷിക്കുന്ന വെള്ളത്തില്‍നിന്ന്  ചെളികലരാതെ, സൂക്ഷിച്ച് വെള്ളം കോരിയെടുക്കുന്ന വൃദ്ധയും തങ്ങളുടെ ഊഴങ്ങള്‍ക്കായി പാത്രങ്ങളുമായി കാത്തിരിക്കുന്ന സ്ത്രീകളുടേയും ദൃശ്യം സൂക്ഷ്മമായി ഇത് ആവിഷ്‌കരിക്കുന്നുണ്ട്. 

ചിത്രത്തിലെ ഗണപതി, ഇത്തരം ഗ്രാമങ്ങളില്‍ കാണപ്പെടുന്ന പുരുഷന്മാരിലൊരാളാണ്.  സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഗണപതി മദ്യം കയ്യില്‍ കരുതുകയും അനാവശ്യമായി മറ്റുള്ളവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഭാര്യയെ തിരഞ്ഞ് അവരുടെ വീട്ടിലെത്തുന്ന അയാളെ ഭാര്യാസഹോദരന്‍ ചീത്ത പറയുന്നതോടെ രണ്ട് പേരും കയ്യാങ്കളിയിലെത്തുന്നു. മറ്റൊരു വിവാഹം കഴിക്കുമെന്ന ഭീഷണിയില്‍ അയാള്‍ ഭാര്യയെ തിരികെ കൊണ്ടുവരാമെന്ന്  കരുതുന്നു. കാരണമില്ലാതെ മകനെ അടിച്ചു വീഴ്ത്തുന്നു. അതേ ഗണപതിയുടെ മറ്റൊരു ചിത്രവും പ്രേക്ഷകര്‍ക്കു കിട്ടുന്നുണ്ട്. വഴിയില്‍ കാണുന്ന പാമ്പിനെക്കണ്ട് അമ്പരക്കുന്ന, കാല്‍വിരല്‍ മുറിയുമ്പോള്‍ ആശങ്കപ്പെടുന്ന ഗണപതി, തിരികെ വരുന്ന ഭാര്യയെ ശാന്തനായി സ്വീകരിക്കുന്നു. പിതാവിനെ ഒരു നിഴല്‍പോലെ പിന്തുടരുന്ന വേലു അയാളെ പേടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അച്ഛനേയോ അമ്മയേയോ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന  ഗണപതിയുടെ ചോദ്യത്തിന് അവന് മറുപടി പറയാന്‍ കഴിയുന്നില്ല. ഭാര്യയുടെ വീട്ടുകാരുമായി വഴക്കിട്ട് തിരികെ വന്ന ഗണപതി, നിനക്കിനി അമ്മയില്ല, അച്ഛന്‍ മാത്രമേയുള്ളുവെന്ന് പറയുമ്പോള്‍ തകര്‍ന്നുപോകുന്ന വേലു, സങ്കടത്തോടെ അച്ഛന്‍ നല്‍കിയ നോട്ടുകള്‍ കീറിയെറിയുന്നുണ്ട്. വഴിയില്‍ക്കിട്ടുന്ന കണ്ണാടിക്കഷണമെടുത്ത് ഗണപതിക്കു നേരെ അവന്‍ പിടിക്കുന്നു. അതുവഴി, തനിക്ക് ഇതേവരെ മനസ്സിലാക്കാന്‍ കഴിയാതിരുന്ന സ്വന്തം അച്ഛനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു വേലു.  അനുജത്തി ലക്ഷ്മിയെ വളരെയേറെ സ്നേഹിക്കുന്ന വേലു അവളെ എപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. ഇത്തരം സ്നേഹത്തിന്റെ പതിവ്  ജീവിതക്കാഴ്ചകള്‍ വ്യത്യസ്തമായി 'കൂഴങ്ങള്‍' പ്രേക്ഷകര്‍ക്കു നല്‍കുന്നുണ്ട്. 

ഗ്രാമത്തിലെ സ്ത്രീജിവിതം ചിത്രം ആവിഷ്‌കരിക്കുന്നുണ്ട്. ഗണപതിയുടെ ഭാര്യ ശാന്തി, മദ്യപിച്ചും ശീട്ട് കളിച്ചും സമയവും പണവും കളയുന്ന പുരുഷന്മാരുടെ കുടുംബങ്ങള്‍ സംരക്ഷിക്കുന്ന സ്ത്രീകള്‍, വിശപ്പടക്കാനായി എലികളെ പിടിച്ച് ചുട്ടുകൊല്ലേണ്ടിവരുന്നവര്‍, ശാന്തിയുടെ അമ്മ, ജീവിതത്തില്‍ എപ്പോഴും പരാതിപ്പെടുന്ന ശാന്തിയുടെ സഹോദരന്റെ ഭാര്യ, ചന്തയിലേക്ക് പോകുന്ന സ്ത്രീകള്‍, ബസ്സില്‍ വെള്ളം കൊണ്ടുവരുന്ന സ്ത്രീ, വെള്ളത്തിനായി തങ്ങളുടെ ഊഴം കാത്തിരിക്കുന്ന കുടുംബിനികള്‍ - ഇങ്ങനെ ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം സൂക്ഷ്മമായും സമഗ്രമായും ചിത്രം ആവിഷ്‌കരിക്കുന്നു.  

വൈകാരിക മിതത്വവും സ്വാഭാവികതയും ആദ്യന്തം നിലനിര്‍ത്തുന്ന ചിത്രമെന്ന നിലയില്‍ കൂഴങ്ങള്‍ ശ്രദ്ധേയമാകുന്നുണ്ട്. അതിഭാവുകത്വവും അത്ഭുതങ്ങളും കാണിക്കാതെ ദൃശ്യങ്ങള്‍  കടന്നുപോകുമ്പോള്‍, ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തീവ്രമായ ആവിഷ്‌കാരമായി ചിത്രം  മാറുന്നു. സംഘര്‍ഷങ്ങള്‍ നിറയുന്ന ജീവിതങ്ങള്‍ക്കിടയിലും സ്നേഹവും കരുതലുകളും അത്യന്താപേക്ഷിതമാണെന്ന് ചിത്രം അടിവരയിടുന്നുണ്ട്. സംവിധായകന്റെ വാക്കുകളില്‍, ''ചിത്രത്തിലെ തരിശുഭൂമി വെള്ളത്തിന്റെ ചെറുതുള്ളികള്‍ ഞങ്ങള്‍ക്ക് നല്‍കുന്നതുപോലെ, ഇവിടത്തെ ആളുകള്‍ക്ക് തരാന്‍ സ്നേഹമുണ്ട്, അവര്‍ നല്ലവരല്ല, എന്നാല്‍ അവര്‍ ചീത്ത ആളുകളുമല്ല.'' തന്റെ ഗ്രാമത്തിലെ ആളുകളുടെ ജീവിതം സത്യസന്ധമായി  വരച്ചിടുന്ന സംവിധായകന്‍, വരണ്ട മണ്ണിലെ വെള്ളത്തിന്റെ സാന്നിദ്ധ്യം തന്നെയാണ് കൂഴങ്ങളില്‍ ആവിഷ്‌കരിക്കുന്നത്. ചിത്രത്തിന്റെ അന്ത്യരംഗം നല്‍കുന്ന സൂചന അതാണ്. നല്ലവരും അല്ലാത്തവരുമെന്ന ആളുകളുടെ  വേര്‍തിരിവിനെ നിഷേധിക്കുന്ന സംവിധായകന്‍ തികച്ചും സ്വാഭാവിക ജീവിതങ്ങളാണ് കൂഴങ്ങളില്‍ ആവിഷ്‌കരിക്കുന്നത്.

തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സ്വാധീനത്തില്‍ കഴിയുന്നവരുടെ ജീവിതം സൂക്ഷ്മമായി  വരച്ചിടുന്ന ചിത്രം, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതസംവിധാനത്തിലും സവിശേഷതകള്‍ രേഖപ്പെടുത്തുന്നുണ്ട്. കറുത്താദൈയന്റെ ഗണപതിയും ചെല്ലപാണ്ടിയുടെ വേലുവും ചിത്രത്തിന്റെ കൃത്യമായ ആവിഷ്‌കാരത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. വിഘ്നേഷ് കുമുലൈ, പാര്‍തിപ് എന്നിവരുടെ ക്യാമറ, അപൂര്‍വ്വം ഡ്രോണ്‍ ഷോട്ടുകളൊഴിച്ചാല്‍, മുന്‍പിലും പുറകിലുമായി കഥാപാത്രങ്ങളെ കൃത്യമായി  പിന്തുടരുന്നുണ്ട്. ചിത്രത്തില്‍, തിരഞ്ഞെടുക്കപ്പെട്ട നാല് ദൃശ്യങ്ങളില്‍ മാത്രമെ പശ്ചാത്തലസംഗീതം ഉപയോഗിക്കുന്നുള്ളൂ. തമിഴ് സിനിമയിലെ പ്രശസ്ത സംഗീതസംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയുടെ പ്രാഗത്ഭ്യം ഇവയുടെ തിരഞ്ഞെടുപ്പിലും സംഗീതത്തിലും നാം തിരിച്ചറിയുന്നുണ്ട്. 

സമകാലീന ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ ചിത്രത്തിന്റെ സംവിധായകനെന്ന നിലയില്‍, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലോ മറ്റ് അക്കാദമിക സ്ഥാപനങ്ങളിലോ പഠനം നടത്താതെ, സിനിമയിലുള്ള താല്പര്യമൊന്നുകൊണ്ട് മാത്രം സിനിമയുമായി പരിചയപ്പെട്ട്, ലോകസിനിമയിലെത്തിയ വിനോദ് രാജ്, 'കൂഴങ്ങള്‍'ക്ക് ശേഷവും പുതിയ രചനകളുമായി പല അംഗീകാരങ്ങളും നേടി, ലോകസിനിമയില്‍ ശ്രദ്ധേയനായിത്തീരുമെന്ന് പ്രതീക്ഷിക്കാം. 

വിനോദ് രാജ്
വിനോദ് രാജ്

'കൂഴങ്ങളി'ലെത്തിച്ചേര്‍ന്ന വഴികള്‍

അഭിമുഖം/ വിനോദ് രാജ് 

എങ്ങനെയാണ് 'കൂഴങ്ങള്‍'ക്ക്  തുടക്കമിടുന്നത് ?

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. അത് കേട്ടപ്പോള്‍ താല്പര്യം തോന്നിയ ഞാന്‍, ഉടന്‍ ചിത്രത്തിനായി സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ തുടങ്ങി. ചിത്രത്തിന്റെ പശ്ചാത്തലമായ മധുരയുടെ ഉള്‍നാടുകളില്‍ പോയി വിശദമായ തിരക്കഥ തയ്യാറാക്കി. ചിത്രത്തില്‍ ലാന്‍ഡ്‌സ്‌കേപ്പ് വളരെ പ്രധാനമായതിനാല്‍ ഒരു വര്‍ഷം അവിടെ താമസിച്ച്, സ്ഥലത്തിന്റെ വിശദാംശങ്ങള്‍ പഠിച്ചു. അതോടൊപ്പം, ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ഒരു  ഗ്രൂപ്പ് രൂപപ്പെടുത്താനും തുടങ്ങി. വളരെയധികം ആസൂത്രണം ചെയ്തുകൊണ്ടാണ്, ചിത്രത്തിലെ ദൃശ്യങ്ങളും അഭിനേതാക്കളേയും ക്രമീകരിച്ചത്. അതിനുശേഷം, ചിത്രത്തിന്റെ റഫ് കട്ടുണ്ടാക്കി,  ഗോവ ചലച്ചിത്രമേളയിലെ ഫിലിം ബസാറില്‍  നിര്‍മ്മാണത്തിന്  സഹായം തേടി. അവിടെ വെച്ചാണ്, സംവിധായകന്‍ റാം സാര്‍ ഞങ്ങളുടെ പദ്ധതിയുമായി സഹകരിക്കുവാന്‍ തയ്യാറാവുന്നത്. അതിനുശേഷം എപ്പോഴും ഒരു നെടുംതൂണായി അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ട്.

ടൊറോണ്ടോ ഫെസ്റ്റിവല്‍ വെബ്സൈറ്റില്‍ 'കൂഴങ്ങളു'ടെ സംഗ്രഹം ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്: ''ദരിദ്രരായ അച്ഛനും മകനും ദക്ഷിണേന്ത്യന്‍ ലാന്‍ഡ്‌സ്‌കേപ്പില്‍ അലഞ്ഞു തിരിയുന്നു. അവര്‍ക്ക് മുകളിലുള്ള സൂര്യന്റെ ചൂടിനെക്കാള്‍ കൂടുതലാണ് അവരുടെ ദേഷ്യവും അസ്വസ്ഥതകളും. ഇതിലും  കൂടുതലായി ചിത്രത്തെക്കുറിച്ച്  എന്താണ് പറയുവാനുള്ളത്?

ഇതൊരു ലളിതമായ ചിത്രമാണ്. അത് തികച്ചും വ്യത്യസ്തമാക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ലാന്‍ഡ്സ്‌കേപ്പ് ചിത്രത്തിലെ ഒരു കഥാപാത്രം തന്നെയായിരുന്നതിനാല്‍, മറ്റൊരു സ്ഥലത്തുവെച്ച് ചിത്രീകരിക്കുക അസാദ്ധ്യമായിരുന്നു. എന്റെ നാടും അവിടത്തെ ആളുകളും അവരുടെ വെറുപ്പ്, നിരാശ, വിശപ്പ്, ദാഹം തുടങ്ങിയവയുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ തരിശുഭൂമി വെള്ളത്തിന്റെ ചെറുതുള്ളികള്‍ ഞങ്ങള്‍ക്ക് നല്‍കുന്നതുപോലെ, ഇവിടത്തെ ആളുകള്‍ക്ക് തരാന്‍ സ്നേഹമുണ്ട്, അവര്‍ നല്ലവരല്ല, എന്നാല്‍ അവര്‍ ചീത്ത ആളുകളുമല്ല. 

എങ്ങനെയാണ് നയന്‍താരയും വിഘ്നേഷ് ശിവയും ചിത്രവുമായി ബന്ധപ്പെടുന്നത്, അവരുടെ സഹകരണം എത്രത്തോളമുണ്ടായിരുന്നു? 

ഇത്തരമൊരു ചിത്രത്തെ സംബന്ധിച്ചിടത്തോളം അവരുടെ പിന്തുണ വളരെ നിര്‍ണ്ണായകമാണ്. അവര്‍ ചിത്രത്തിനു നല്‍കിയ സഹായം കാരണമാണ് താങ്കള്‍ ഇപ്പോള്‍ എന്നോട് സംസാരിക്കുന്നത്. ഇത്തരം  സഹായങ്ങളില്ലാതെ പ്രദര്‍ശിപ്പിക്കപ്പെടാതെ പോയ അനവധി നല്ല ചിത്രങ്ങളെക്കുറിച്ച് എനിക്കറിയാം. 'കൂഴങ്ങള്‍' നിര്‍മ്മിച്ച റൗഡി പിക്ചേഴ്സ് പോലുള്ള കമ്പനികളുടെ അഭാവമാണ് ഇതിനു കാരണം. അവര്‍ ഞങ്ങള്‍ക്കുവേണ്ടി വളരെയധികം സഹായങ്ങള്‍  ചെയ്തുവെന്നത് വലിയൊരു കാര്യമാണ്. തമിഴ് സംവിധായകന്‍ റാം സാര്‍ ആണ് ഇതിനു കാരണം. 

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം എത്രമാത്രം ചിത്രത്തിനു ഗുണകരമായി മാറി?
 
അതും റാം സാര്‍  കാരണം നടന്നതാണ്. യുവന്‍ സാര്‍, ചിത്രം കണ്ടയുടന്‍, നാലു ദൃശ്യങ്ങളില്‍ മാത്രമേ സംഗീതം ആവശ്യമുള്ളൂവെന്ന് പറഞ്ഞു. വളരെ എളുപ്പത്തില്‍ അദ്ദേഹമത് ചെയ്ത് തീര്‍ത്തു. 

എങ്ങനെയാണ് സിനിമയുടെ ലോകത്തെത്തുന്നത്? 

മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അതോടെ, പഠനം നിര്‍ത്തി ഞങ്ങള്‍ തിരിപ്പൂരിലേക്ക് താമസം മാറ്റി. അന്ന് മുതല്‍ ഞാന്‍ സിനിമയെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. ഒരു സിനിമോട്ടോഗ്രാഫര്‍ ആകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍,  അതിനായി  മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമായിരുന്നു, അങ്ങനെ  ഒരു ട്യൂട്ടോറിയലില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. അതിനുശേഷമാണ് ചെന്നൈയിലേക്ക് പോകുന്നതും ഡി.വി.ഡി കടയില്‍ ജോലിക്ക് ചേരുന്നതും. 

അവിടെ വെച്ച് വിദേശസിനിമകള്‍ കാണാന്‍ കഴിഞ്ഞോ? 

അതെ, നല്ലതുപോലെ. അന്ന് ദിവസേന രണ്ട് സിനിമ വീതം കാണുമായിരുന്നു. കമ്പനിയുടെ സിറ്റി സെന്റര്‍ ശാഖയില്‍നിന്ന് വിരുഗമ്പക്കത്തേക്ക് മാറ്റം കിട്ടിയപ്പോള്‍, സിനിമാരംഗത്തുള്ളവരുമായി ബന്ധമുണ്ടാക്കാന്‍  കഴിഞ്ഞു. സംവിധായകന്‍ കിഷോറുമായി പരിചയപ്പെട്ട ഞാന്‍, ഷോര്‍ട്ട് ഫിലിമുകളില്‍ അദ്ദേഹത്തെ സഹായിക്കാന്‍ തുടങ്ങി. അക്കാലത്ത് കാവില്‍പ്പെട്ടി നാടകസംഘവുമായി ബന്ധപ്പെട്ട ഞാന്‍, അവര്‍ക്കായി രണ്ട് നാടകങ്ങള്‍ സംവിധാനം ചെയ്തിരുന്നു. ഇക്കാലത്ത്  നന്നായി വായിക്കാനും തുടങ്ങി. സംവിധായകന്‍ സര്‍ഗുണം സാറുമായി ചേര്‍ന്ന ശേഷമാണ്, ഞാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യാന്‍ തുടങ്ങുന്നത്.  

കൂഴങ്ങള്‍ക്കു ശേഷം അടുത്ത പദ്ധതികള്‍ എന്തൊക്കെയാണ്? 

പദ്ധതികള്‍ പലതുമുണ്ട്. എന്നാല്‍, നാമിപ്പോള്‍ ഒന്നും തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com