'Sir, We have to enter the campus; bombs are thrown from inside; violence has crossed all limits.' (സര്‍, നമുക്ക് ക്യാമ്പസില്‍ കയറിയേ പറ്റൂ; ഉള്ളില്‍നിന്ന് ബോംബ് എറിയുന്നു; അക്രമം എല്ലാ അതിരുകളും കടന്നു). യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍നിന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍ സിംഗ് എന്നെ മൊബൈലില്‍ വിളിച്ചു. 2001 സെപ്റ്റംബറില്‍ ആണിത്. ഞാനപ്പോള്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. അഞ്ച് വര്‍ഷം മുന്‍പ് ഡി.സി.പി എന്ന നിലയില്‍ ഞാനും ഒരുപാട് അക്രമസമരങ്ങള്‍ അവിടെ നേരിട്ടിട്ടുണ്ട്. പക്ഷേ, ക്യാമ്പസില്‍ കയറേണ്ടിവന്നിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലും വ്യക്തിപരമായും ഞാന്‍ അതിനെതിരാണ്. നിയമപ്രശ്നമൊന്നുമല്ല കാര്യം. നിയമം എല്ലായിടത്തും എല്ലാവര്‍ക്കും ബാധകമാണെങ്കില്‍ നിയമത്തിന്റെ ഉപകരണമായ പൊലീസിനു പ്രവേശനമില്ലാത്ത തുരുത്തുകള്‍ എങ്ങനെ നിലനില്‍ക്കും? നിയമം അനുവദിച്ചാലും ക്യാമ്പസിനുള്ളില്‍ കടക്കുവാനുള്ള അധികാരം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ മാത്രം വിനിയോഗിക്കേണ്ട ഒന്നാണ്. അതിലുപരി ബലപ്രയോഗം എവിടെയും അതിന്റെ ആവശ്യകത വിലയിരുത്തി ബോധ്യപ്പെട്ട് തീരുമാനിക്കേണ്ടതാണ്. ഇവിടെ അക്രമകാരികള്‍ വിദ്യാര്‍ത്ഥികളാണ്; അത് ക്യാമ്പസിനുള്ളില്‍ നിന്നാണ്. പക്ഷേ, സമരക്കാരുടെ അന്നത്തെ പ്രകടനം ഏതാണ്ട് ലക്കും ലഗാനും ഇല്ലാത്ത പോലായിരുന്നു. അതിന്റെ ചൂട് ആദ്യം അനുഭവിച്ചത് സെക്രട്ടേറിയേറ്റ് പരിസരത്ത് കേന്ദ്രവിരുദ്ധ സമരത്തിലേര്‍പ്പെട്ടിരുന്ന സി.പി.ഐക്കാരാണ്. വെളിയം ഭാര്‍ഗവന്‍ ആയിരുന്നു അത് ഉദ്ഘാടനം ചെയ്തത്. പൊലീസിനെ ലക്ഷ്യമാക്കി നടത്തിയ കല്ലേറില്‍ ചില സി.പി.ഐക്കാര്‍ക്കും പരിക്കേറ്റു. ഏറുകൊണ്ട് നിലത്തുവീണ സി.പി.ഐ നേതാവ് പട്ടം ശശിധരനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കു നേരെ ഉണ്ടായ കല്ലേറില്‍ പരിക്കേറ്റ ഒരു ഡ്രൈവര്‍ കുഴഞ്ഞുവീണു. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി. പൊലീസ് ആ ഘട്ടത്തില്‍ ചെറുതായി ബലം പ്രയോഗിച്ച് സമരക്കാരെ വിരട്ടിയോടിച്ചു. അതിനിടയില്‍ നടത്തിയ നാടന്‍ ബോംബേറില്‍ ചില പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിക്കേറ്റു. സമരക്കാര്‍ കോളേജ് ക്യാമ്പസിനുള്ളിലെത്തി. എന്നിട്ടും അക്രമം ശമിച്ചില്ല. അത് അസാധാരണമായിരുന്നു.
സെക്രട്ടേറിയേറ്റ് പരിസരത്തെ പ്രകടനം എല്ലാം കഴിഞ്ഞ് തിരികെ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ചാല്‍ പിന്നെ എല്ലാം കെട്ടടങ്ങുകയാണ് പതിവ്. അപൂര്‍വ്വമായി ഒറ്റപ്പെട്ട കല്ലേറ് ഉണ്ടായേക്കാം. അതായിരുന്നു അനുഭവം. അതില്‍നിന്നും വ്യത്യസ്തമായി ശക്തമായ കല്ലേറ് പിന്നെയും തുടര്‍ന്നു. ആ ഘട്ടത്തില്‍ തന്നെ അവിടുത്തെ അവസ്ഥ കണക്കിലെടുത്ത് പൊലീസിന് ഉള്ളില്‍ കടക്കേണ്ടിവരുമോ എന്ന ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു. പുതുതായി അവിടെ നിയമിച്ച പ്രിന്‍സിപ്പലിനോടുള്ള എതിര്‍പ്പും അന്തരീക്ഷം കലുഷിതമാക്കുന്നതില്‍ ഒരു പ്രധാന ഘടകം ആയിരുന്നു. പല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കു മുന്നില്‍ നിസ്സഹായരാണല്ലോ അവിടുത്തെ സര്‍വ്വാധികാരിയെന്ന് പലരും തെറ്റിദ്ധരിക്കുന്ന പ്രിന്‍സിപ്പല്‍മാര്‍. കല്ലേറിനിടയില്‍ കോളേജ് വളപ്പില്‍ സ്‌ഫോടകവസ്തുക്കളും പൊട്ടി. ആ ഘട്ടത്തിലാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് കമ്മിഷണര്‍ വീണ്ടും എന്നെ വിളിച്ചത്. നിയമപരമായി അത്തരമൊരു അനുമതിയുടെ ആവശ്യമില്ല. കമ്മിഷണര്‍ക്ക് സിറ്റിയില്‍ താരതമ്യേന പരിചയം കുറവായിരുന്നതിനാലും ഞങ്ങള്‍ തമ്മില്‍ ഊഷ്മളം എന്ന് ഇന്നും സന്തോഷത്തോടെ ഓര്‍ക്കുന്ന ബന്ധം ഉണ്ടായിരുന്നതുകൊണ്ടും കൂടിയാണ് അദ്ദേഹം എന്റെ അനുമതി തേടിയത്. സംഘര്‍ഷമേഖലയില്‍ മുന്നില്‍നിന്ന് പൊലീസിനെ നയിച്ച ആ യുവ ഐ.പി.എസ് ഉദ്യോഗസ്ഥനോട് എനിക്ക് വലിയ മതിപ്പ് ആയിരുന്നു. പലരുടേയും 'ധീരോദാത്തത' വാചകക്കസര്‍ത്തുകളില്‍ ഒതുങ്ങിയപ്പോള്‍, വ്യത്യസ്തനായിരുന്നു രാജന്‍സിംഗ്. അധികം വൈകാതെ, ഉന്നത പ്രതിഭകള്‍ക്കു മാത്രം സാധ്യമായ, ലോകത്തെ മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളുടെ വഴിയില്‍ അയാള്‍ ഐ.പി.എസ് വിട്ടപ്പോള്‍ കേരളത്തിനതൊരു നഷ്ടമാണെന്ന് എനിക്കു തോന്നി. ആഘോഷപൂര്‍വ്വം നമ്മള്‍ ആനയിക്കുന്ന ചില കണ്‍സള്‍ട്ടന്റുമാരെ കാണുമ്പോള്‍ ഇതിനേക്കാള്‍ മിടുക്കരായ എത്രയോ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും മറ്റ് ഉദ്യോഗസ്ഥരും നമുക്കുണ്ട് എന്ന് തോന്നിയിട്ടുണ്ട്.
ഇപ്പോള്‍ അയാള്‍ യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് കല്ല്, ബോംബ്, സോഡാക്കുപ്പി ഇത്യാദികളുടെ മുന്നില്‍ അകത്തു പ്രവേശിക്കാന്‍ എന്റെ അനുമതിയും പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. പൊലീസിനെ ക്യാമ്പസിനുള്ളില്‍ എങ്ങനെ എങ്കിലും കയറ്റുക എന്നത് ചിലപ്പോഴെങ്കിലും ഒരു 'സമരതന്ത്ര'മാണ്. ഈ സമയം പൊലീസുകാരുടെ അവസ്ഥ എന്താണ്? മണിക്കൂറുകളോളം പൊരിവെയിലത്ത് കടുത്ത സംഘര്‍ഷത്തില്‍ കല്ലേറ്, സ്‌ഫോടകവസ്തു പ്രയോഗം എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന അപകടസ്ഥിതിയില്‍ നില്‍ക്കുകയാണവര്‍. അവര്‍ മനുഷ്യരാണ്. ശരീരശാസ്ത്രപരമായി അഡ്രിനാലിന്‍ (Adrenaline) പോലുള്ള ഹോര്‍മോണുകള്‍ അവരുടെ പ്രവര്‍ത്തനത്തേയും സ്വാധീനിക്കും. ശാരീരികവും മാനസികവുമായ കടുത്ത സംഘര്‍ഷം സൃഷ്ടിക്കുവാനിടയുള്ള വൈകാരികാവസ്ഥ അവരുടെ നിയന്ത്രണം ഏറ്റെടുക്കാം. ആത്മനിയന്ത്രണം നഷ്ടപ്പെട്ടാല്‍ അച്ചടക്കം പമ്പകടക്കും. ചുരുക്കത്തില്‍, പൊലീസ് പൊലീസല്ലാതാകും; യൂണിഫോം ധരിച്ച മറ്റൊരു ആള്‍ക്കൂട്ടം മാത്രമായി മാറാം പൊലീസ്. മാത്രമല്ല, പൊലീസ് ഉള്ളില്‍ കടക്കുമ്പോള്‍ തന്നെ അക്രമകാരികള്‍ വേഗം സ്ഥലം കാലിയാക്കും. പിന്നീട് പൊലീസ് 'വീര്യ'ത്തിന്റെ രുചി അനുഭവിക്കുന്നത് നിരപരാധികളായ കുട്ടികളായിരിക്കും. അങ്ങനെ വരുംവരായ്കകള്‍ ഒരുപാടുണ്ട്. മറുവശത്ത് എന്തു വന്നാലും പൊലീസ് ഉള്ളില്‍ കയറില്ല എന്ന ധൈര്യത്തില്‍ അക്രമം പരിധി കടന്നിരിക്കുന്നു. ഏതാനും നിമിഷം എല്ലാം മനസ്സില്‍ മിന്നിമറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ലെങ്കിലും, കടുത്ത തീരുമാനം എടുത്തു. കര്‍ശനമായ ചില വ്യവസ്ഥകളോടെ, പൊലീസിന് ക്യാമ്പസിനുള്ളില്‍ കടക്കാന്‍ ഞാന്‍ കമ്മിഷണര്‍ക്ക് അനുമതി നല്‍കി.
പൊലീസ് അതിരുവിടുന്നില്ല എന്നുറപ്പാക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രം ഉള്ളില്‍ കടക്കുക; ഏറ്റവും കുറഞ്ഞ സമയം മാത്രം ഉള്ളില്‍ നില്‍ക്കുക; ആക്രമം ഇല്ലാതായാല്‍ അനാവശ്യമായി ഒരു നിമിഷം പോലും കളയാതെ ക്യാമ്പസിനുള്ളില്‍ നിന്നും പുറത്തു കടക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.
പിന്നീട് എന്തുണ്ടാകുന്നു എന്നതിനെക്കുറിച്ച് ഞാന്‍ ഉല്‍ക്കണ്ഠാകുലനായിരുന്നു. പൊലീസ് ഉള്ളില്‍ കയറി അഞ്ചാറ് മിനിട്ട് കഴിഞ്ഞു. എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ക്യാമ്പസിനുള്ളില്‍നിന്നും കൃത്യമായ വിവരം ഒന്നും എനിക്കു ലഭിച്ചില്ല. വയര്‍ലെസ്സും മൊബൈല്‍ ഫോണും എല്ലാം നിശ്ശബ്ദം. എനിക്ക് ഇരിപ്പുറച്ചില്ല. കൂടുതല്‍ കാത്തിരിക്കാതെ ഞാന്‍ നേരിട്ട് യൂണിവേഴ്സിറ്റി കോളേജ് ഗേറ്റിലെത്തി. ഉള്ളില്‍ കടക്കുമ്പോള്‍ ഏതാനും പെണ്‍കുട്ടികള്‍ ഗേറ്റിനടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ സുരക്ഷയെ കരുതി പുറത്തുപോകാന്‍ ഞാന്‍ പറഞ്ഞെങ്കിലും ആരെയോ പ്രതീക്ഷിച്ചെന്നപോലെ അവര്‍ അവിടെത്തന്നെ നിന്നു. അന്നവിടെ കണ്ടതില്‍ ഒരു മുഖം പിന്നീട് നിയമസഭാ ലോക്സഭാ തെരെഞ്ഞെടുപ്പുകളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടു. പൊലീസ് ആ സമയത്ത് ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു. അക്രമമൊന്നും അപ്പോള്‍ നടക്കുന്നുണ്ടായിരുന്നില്ല. ഞാനിടപെട്ട് അവിടവിടെ ചില ഗ്രൂപ്പുകളായി ഉണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരേയും ഒരുമിച്ച് വേഗം പുറത്തേക്ക് കൊണ്ടുവന്നു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുമായി ഒരു പൊലീസ് ബസ് ഗേറ്റിനു പുറത്തുണ്ടായിരുന്നു. ഏതാണ്ട് അതേസമയം തന്നെ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ടി. ശിവദാസമേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെ എത്തി. നേതാക്കളെത്തിയപ്പോള്‍ ബസിനുള്ളിലെ വിദ്യാര്‍ത്ഥികള്‍ ''തല്ലുന്നേ കൊല്ലുന്നേ'' എന്നൊക്കെ മുദ്രാവാക്യം വിളിച്ച് അവരുടെ ശ്രദ്ധയാകര്‍ഷിച്ചു. നേതാക്കളും ബസിനുള്ളില്‍ കയറി. പുറകെ ഞാനും. പില്‍ക്കാലത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണനെ ഞാനാദ്യം അഭിമുഖീകരിച്ചത് ആ 'ഇടിവണ്ടി'യില്‍വെച്ചാണ്. ഡ്രൈവര്‍ വേഗം വാഹനം മുന്നോട്ടെടുത്തപ്പോള്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോയി. അത് വീണ്ടും സമരക്കാരുടെ രോഷപ്രകടനത്തിനും ബഹളത്തിനും ഇടയാക്കി. നേതാക്കളുടെ സാന്നിദ്ധ്യം അവര്‍ക്ക് ധൈര്യം പകര്‍ന്നിരിക്കാം. മനുഷ്യന് ധൈര്യവും ആപേക്ഷികമായിരിക്കണം. അങ്ങനെ ചില്ലറ ബഹളങ്ങളുമൊക്കെയായി വാഹനം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തി. അവിടെയും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ ചില തര്‍ക്കങ്ങളൊക്കെ അരങ്ങേറി. എങ്കിലും ക്രമേണ പ്രശ്‌നങ്ങള്‍ക്ക് ശമനം വന്നു. തുടര്‍ന്ന് എല്ലാവരും പിരിഞ്ഞു; അറസ്റ്റ് ചെയ്യപ്പെട്ടവരൊഴികെ. എന്നോട് അസിസ്റ്റന്റ് കമ്മിഷണര്‍ വില്‍സണ്‍ കെ. ജോസഫ് ഒരു കാര്യം പറഞ്ഞു. ഒരിടത്ത് തീവ്ര വാക്കേറ്റം നേതാക്കളുമായി നടക്കുന്നതിനിടയില്‍, അതില്‍നിന്നു മാറി ഒരു പ്രമുഖ നേതാവ് അദ്ദേഹത്തോട് പറഞ്ഞു: ''അനിയാ, ഇതൊന്നും കണ്ടു പേടിക്കണ്ട, ഇതൊക്കെ ഒരു നാടകമല്ലേ.'' നാടകാന്തം ഞാനും ഓഫീസിലേയ്ക്ക് പോയി.
പൊലീസ്, ക്യാമ്പസില്‍ കയറിയതിന്റെ ബാക്കിപത്രം അത്ര ശുഭകരമായിരുന്നില്ല. നിരപരാധികളായ കുറേ കുട്ടികള്‍ കൊടിയ ദുരിതം നേരിട്ടു. അടുത്ത ദിവസം തിരുവനന്തപുരം ജില്ലാ ഹര്‍ത്താല്‍; ജുഡീഷ്യല്‍ അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരെ നടപടി വേണം എന്നൊക്കെയുള്ള നേതാക്കളുടെ പ്രസ്താവനകള്‍; നേതാക്കളുടെ ആശുപത്രി സന്ദര്‍ശനം, പരിക്കേറ്റവരുമായുള്ള ചിത്രങ്ങള്‍, വാര്‍ത്തകള്‍ അങ്ങനെയുള്ള വലിയ വലിയ കാര്യങ്ങള്‍ എല്ലാം നാലഞ്ച് ദിവസം കൊണ്ട് കഴിഞ്ഞു.
ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്നവര്‍
ഞാനും അതെല്ലാം മറന്നു. അപ്പോഴാണ് ഓഫീസില്‍ ഒരു സന്ദര്‍ശകന്‍; ഒറ്റനോട്ടത്തില്‍ മെലിഞ്ഞ് ദുര്‍ബ്ബലനായ ഒരു മനുഷ്യന്‍. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ അയാളുടെ മകനും പരിക്കേറ്റിരുന്നു. മകന്‍ ഡിഗ്രിക്കു പഠിക്കുകയായിരുന്നു. പൊലീസ് കോളേജിനുള്ളില്‍ ഇരച്ചുകയറുമ്പോള്‍ അതൊന്നുമറിയാതെ തന്റെ മകന്‍ മുകളിലത്തെ നിലയില്‍ ലാബറട്ടറിയിലോ മറ്റോ ആയിരുന്നു. പേടിച്ചോടുന്ന കുട്ടികളേയും പൊലീസിനേയും കണ്ടപ്പോള്‍ തന്റെ മകനും ഓടി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ മുകളില്‍ നിന്നും ചാടി, സിമന്റിട്ട തലത്തില്‍ വീണു; രണ്ടു കാലുകളിലും എല്ലുകള്‍ പൊട്ടി അയാള്‍ ആശുപത്രിയിലായി. ആ അച്ഛന്‍ വിശദീകരിച്ചു. സമരവും സംഘര്‍ഷവും അക്രമവും പൊലീസ് നടപടിയും ഉണ്ടാകുമ്പോള്‍ പലപ്പോഴും ഇങ്ങനെ ചില നിരപരാധികള്‍ക്കു വലിയ വിലകൊടുക്കേണ്ടിവരും. ആ കുട്ടിയുടെ അവസ്ഥയില്‍ എനിക്ക് വലിയ വിഷമം തോന്നി. ഉണ്ടായ സംഭവങ്ങളില്‍ പൊലീസിനു പൊലീസിന്റേതായ ന്യായീകരണമുണ്ട്; സമരക്കാര്‍ക്കും അവരുടേതായ ന്യായീകരണമുണ്ട്; പക്ഷേ, ഇതിനിടയില്‍പ്പെട്ട് 'അനുഭവിക്കുന്നവര്‍' അനുഭവിക്കും, പലപ്പോഴും ജീവിതകാലം മുഴുവന്‍.
തന്റെ മകന്റെ അവസ്ഥയില്‍ അയാള്‍ പൊലീസിനേയും പഴിച്ചില്ല; സമരക്കാരേയും പഴിച്ചില്ല. രണ്ടു കാലും പ്ലാസ്റ്ററിട്ട് ഇനി എന്ന് നേരേ ചൊവ്വേ എഴുന്നേറ്റ് നടക്കാന്‍ തന്റെ മകന് കഴിയുമെന്ന് ഉല്‍ക്കണ്ഠപ്പെടുമ്പോഴാണ് അടുത്ത പ്രശ്നം. മകന്‍ പൊലീസിനെ അക്രമിച്ച കേസില്‍ പ്രതിയാണത്രെ. എഫ്.ഐ. ആറില്‍ പേരു ചേര്‍ത്തിരിക്കുന്ന മുഖ്യപ്രതിയാണയാള്‍. അത് ആ മനുഷ്യന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഉയരാന്‍ ശ്രമിക്കുന്ന കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു ആ കുട്ടി. ആ കുടുംബം ഏതാണ്ട് 'ഭ്രാന്ത്' പിടിച്ച പോലായി. ആ കുട്ടി, അക്രമത്തിലെന്നല്ല, സമരത്തില്‍ പോലും ഉണ്ടായിരുന്നില്ല എന്നാണ് അവരുടെ ബോദ്ധ്യം. അക്രമങ്ങള്‍ക്കു മുന്നോടിയായി നടന്ന വിദ്യാര്‍ത്ഥി ജാഥയില്‍ മകനുണ്ടായിരുന്നോ എന്നു തുടങ്ങി കുറെ കാര്യങ്ങള്‍ ഞാന്‍ തിരക്കി. പ്രസ്തുത ജാഥയില്‍ പോലും മകനുണ്ടായിരുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനകം തന്നെ താഴെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ പലരേയും കണ്ടുവെന്നും അവരെല്ലാം തന്നെ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന മകനെ പ്രതിസ്ഥാനത്തു നിന്ന് മാറ്റാനാകില്ലെന്ന ഉറച്ച നിലപാടിലാണെന്നും പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ആ മനുഷ്യന്‍ പറയുന്നത് സത്യമായിരിക്കണം എന്നെനിക്കു തോന്നി. പൊലീസിന്റെ ഡി.എന്‍.എയുടെ ഭാഗം എന്ന് പറയാവുന്ന ഒരു പഴയ പ്രവണതയുണ്ട്. എല്ലാ പൊലീസ് ബലപ്രയോഗത്തിനും ഒരു ക്രിമിനല്‍ കേസ് ഉണ്ടായിരിക്കും. കാരണം, കല്ലേറും അക്രമങ്ങളും ഒക്കെയാണല്ലോ സാധാരണയായി ലത്തിച്ചാര്‍ജ്ജിലേക്കും മറ്റും നയിക്കുന്നത്. അതുകൊണ്ട് പൊലീസ് നടപടിയില്‍ പരിക്കേല്‍ക്കുന്നവര്‍ ആ അക്രമം നടത്തിയ ജാഥയുടേയോ കൂട്ടായ്മയുടേയോ ഭാഗമായിരിക്കാം. ഇങ്ങനെ ഒരു അനുമാനത്തിന്മേലായിരിക്കണം പൊലീസ് ബലപ്രയോഗത്തിന് കേസ് എടുക്കുമ്പോള്‍ പരിക്കേറ്റവരെ മുഴുവന്‍ എഫ്.ഐ.ആറില്‍ തന്നെ പ്രതികളാക്കും. അതാണ് പൊലീസിലെ 'നാട്ടുനടപ്പ്.' നിയമത്തില്‍ അങ്ങനെ ഒന്നുമില്ലെങ്കിലും പൊലീസിലെ എഫ്.ഐ.ആര്‍ വിദഗ്ദ്ധരുടെ ശീലം അതായിരുന്നു. സ്വാതന്ത്ര്യത്തിനു മുന്‍പ് ഏതെങ്കിലും 'പൊലീസ് ബുദ്ധിജീവി'യുടെ മസ്തിഷ്‌കത്തില്‍ ജന്മംകൊണ്ട കുതന്ത്രമാകണം ഇത്. തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ അത് സൂക്ഷിച്ചിട്ടുണ്ട്. ഈ തന്ത്രമാണോ പരാതിക്കാരന്റെ മകന് വിനയായത് എന്ന് സംശയം തോന്നി. ഏതായാലും അത്യന്തം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നു ബോദ്ധ്യപ്പെട്ടു. പരാതി വാങ്ങി ഉചിതമാര്‍ഗ്ഗേണ താഴോട്ടയച്ചതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാനിടയില്ലെന്നെനിക്കറിയാം. അതുകൊണ്ട് കമ്മിഷണറെ ഫോണ്‍ വിളിച്ച് പരാതി മുഴുവന്‍ വിശദമായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നോട് കുട്ടിയുടെ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ ആ വിദ്യാര്‍ത്ഥിയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്നും ഞാന്‍ വ്യക്തമാക്കി. വസ്തുതകള്‍ അന്വേഷിച്ച് വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു.
ആ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമായി ഏതാണ്ട് പൂര്‍ണ്ണമായും ശരിയാണെന്ന് കമ്മിഷണര്‍ പിന്നീട് എന്നെ അറിയിച്ചു. പക്ഷേ, ഒരു പ്രശ്‌നം. ആ കുട്ടിയെ ഇനി കേസില്‍നിന്നും ഒഴിവാക്കാനാകില്ല. ഒഴിവാക്കിയാല്‍ പൊലീസ് നടപടികള്‍ക്കു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് അത് 'പുലിവാലാ'കും എന്നതായിരുന്നു അവരുടെ പക്ഷം. കുട്ടി നിരപരാധിയാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയാല്‍ അവര്‍ പൊലീസിനെതിരെ കേസിനു പോകുമെന്നും സിവില്‍ കേസിലുള്‍പ്പെടെ കുടുങ്ങി പൊലീസുകാര്‍ക്ക് താങ്ങാനാകാത്ത കോമ്പന്‍സേഷന്‍ നല്‍കേണ്ടിവരും എന്നൊക്കെയായിരുന്നു പൊലീസ് പക്ഷം. പണ്ടേതോ ഒരു പൊലീസ് ഉദ്യോഗസ്ഥന് അങ്ങനെ സംഭവിച്ചിട്ടുണ്ട് പോലും. ഇക്കാര്യത്തില്‍ കമ്മിഷണര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടുവെങ്കിലും തന്റെ സഹപ്രവര്‍ത്തകരുടെ കടുത്ത എതിര്‍പ്പുണ്ടെന്നും അതിനെ തീര്‍ത്തും അവഗണിക്കുവാന്‍ ബുദ്ധിമുട്ടുകയാണെന്നും എനിക്കു തോന്നി. നഗരത്തില്‍ രൂക്ഷമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ ഉത്തരവാദപ്പെട്ട പൊലീസ് കമ്മിഷണര്‍ക്ക് തന്റെ സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.
ഞാന്‍ ബന്ധപ്പെട്ട സഹപ്രവര്‍ത്തകരെ നേരിട്ട് ഓഫീസില്‍ വിളിച്ച് സംസാരിച്ചു. ആ വിദ്യാര്‍ത്ഥി സമരത്തിലോ അക്രമത്തിലോ ഉള്‍പ്പെട്ടിട്ടില്ല എന്നതില്‍ തര്‍ക്കമില്ലായിരുന്നു. എന്നാല്‍, പിന്നീടുണ്ടാകുന്ന നിയമക്കുരുക്ക് സംബന്ധിച്ച് കടുത്ത ആശങ്ക അവര്‍ക്കുണ്ടായിരുന്നുതാനും. ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് നിയമാനുസരണം ബലപ്രയോഗം നടത്തുന്ന അവസരങ്ങളില്‍ ചിലപ്പോള്‍ അക്രമികളല്ലാത്തവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടാകാമെന്നും അക്കാര്യത്തില്‍ പൊലീസിനു നിയമപരമായ സംരക്ഷണമുണ്ടല്ലോ എന്നും ഒക്കെ ഞാന്‍ ക്ഷമയോടെ വിശദീകരിച്ചു. എന്റെ ബോധവല്‍ക്കരണം കൊണ്ട് അവരുടെ ആശങ്ക അകന്നില്ല. ഇതിനിടെ കുട്ടിയുടെ അച്ഛനും അമ്മയും മകന്റെ കാര്യത്തിനായി എന്നെ ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടായിരുന്നു. മകന്‍ ചെയ്യാത്ത കുറ്റത്തിനുള്ള കേസില്‍നിന്ന് രക്ഷിക്കണമെന്ന പരിമിതമായ ആവശ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. ആര്‍ക്കെതിരെയും ഒരു കേസിനും പോകാന്‍ തങ്ങളില്ലെന്നും അവരെന്നോട് പറഞ്ഞു. പക്ഷേ, ഇതുകൊണ്ടൊന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും തൃപ്തരായിരുന്നില്ല. പണ്ടെങ്ങോ അത്തരമൊരു സംഭവത്തില്‍ ഒരു വ്യക്തി പൊലീസിനെതിരെ കേസു കൊടുത്തു ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ച ഒരു കഥയാണ് അവര്‍ക്ക് ആവര്‍ത്തിച്ചു പറയാനുണ്ടായിരുന്നത്.
ആ കുടുംബത്തിന് അങ്ങനെ ഒരു ചിന്തയേയില്ല മാത്രമല്ല, നിയമാനുസരണം പൊലീസിനു മതിയായ സംരക്ഷണമുണ്ട്, അത്തരം ഒരു പ്രശ്‌നമുണ്ടായാല്‍ അത് നിയമപരമായി നേരിടാന്‍ ഞാനും ഒപ്പമുണ്ടാകും എന്നെല്ലാം ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്തു കാരണം പറഞ്ഞാലും നിരപരാധിയായ ഒരു യുവാവിനെ ഈ കേസില്‍ കുടുക്കാനാകില്ല. ഇക്കാര്യത്തില്‍ ഞാന്‍ നിലപാട് മാറ്റില്ലെന്ന് സഹപ്രവര്‍ത്തകര്‍ക്ക് ബോദ്ധ്യപ്പെട്ടു. അവസാനം അവര്‍ വഴങ്ങി. അയാളെ കേസില്‍നിന്നും ഒഴിവാക്കാമെന്ന് അവര്‍ നേരിട്ട് അച്ഛനോട് തന്നെ പറഞ്ഞു. ആ കുടുംബത്തിന് വലിയ സന്തോഷമായി. അവരെന്നെ വന്നു കണ്ട് നിരപരാധിയായ മകന്‍ അവസാനം കേസില്‍നിന്നും രക്ഷപ്പെട്ടതില്‍ എന്നോട് നന്ദി പറഞ്ഞു. ഞാന്‍ ഒരാനുകൂല്യവും നല്‍കിയിട്ടില്ലെന്നും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്റെ കടമ നിര്‍വ്വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും പറഞ്ഞു. മകന്റെ ചികിത്സാ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിച്ച ശേഷം വലിയ സന്തോഷത്തോടെ അവര്‍ പിരിഞ്ഞു.
ഏതാനും മാസം കഴിഞ്ഞ് ഞാന്‍ ഹൈദ്രാബാദില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയി അവിടെ ജോലി ചെയ്തു വരവെ ഒരു ദിവസം ആ വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ ഫോണ്‍. ''സാര്‍, എല്ലാം കുഴപ്പമായി. സാര്‍ പോയപ്പോള്‍ വീണ്ടും മകനെ പ്രതി ചേര്‍ക്കുന്നു സാര്‍, എന്തെങ്കിലും ചെയ്യണം, രക്ഷിക്കണം'', ഈ രീതിയില്‍ പോയി അദ്ദേഹത്തിന്റെ വാക്കുകള്‍. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് കടുത്ത വേദനയും നിരാശയും തോന്നി. ''ഞാനിപ്പോളെന്ത് ചെയ്യാനാണ്, ഇപ്പോള്‍ ഞാന്‍ കേരളത്തിലല്ലല്ലോ'' എന്ന വാക്കുകളാണ് നാവിന്‍ തുമ്പില്‍ വന്നത്. എങ്കിലും പറഞ്ഞില്ല. ആ മനുഷ്യന്റെ ആ അവസ്ഥയില്‍ അത് പറയാന്‍ കഴിഞ്ഞില്ല.
പെട്ടെന്ന് ഒരാശയം മനസ്സില്‍ വന്നു. അക്കാലത്ത് കെ.ജെ. ജോസഫ് സാറായിരുന്നു സംസ്ഥാന ഡി.ജി.പി. വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ നീതി ഉറപ്പാക്കാന്‍ കഴിയും എന്ന് എനിക്കു തോന്നി. ഞാന്‍ അദ്ദേഹത്തോട് എത്രയും പെട്ടെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പോയി ഡി.ജി.പി കെ.ജെ. ജോസഫ് സാറിനെ കണ്ട് കാര്യം പറയൂ എന്ന് ഉപദേശിച്ചു. ഉടന്‍ അദ്ദേഹം എന്നോട് ''സാറിക്കാര്യത്തില്‍ ഇടപെട്ട കാര്യം കൂടി ഡി.ജി.പിയോട് പറയാമോ'' എന്ന് ചോദിച്ചു. ''എല്ലാം ധൈര്യമായി പറഞ്ഞോളൂ'' എന്ന് ഞാന്‍ മറുപടി നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും എനിക്ക് അദ്ദേഹത്തിന്റെ ഫോണ്‍ വന്നു. ''സാര്‍, ഞാന്‍ ജോസഫ് സാറിനെ കണ്ടു. അദ്ദേഹം ഇടപെട്ടു. പ്രശ്‌നമെല്ലാം തീര്‍ന്നു. ഞങ്ങള്‍ക്കെല്ലാം വലിയ സന്തോഷമായി സാര്‍.'' എനിക്കും ആശ്വാസമായി.
വര്‍ഷങ്ങള്‍ക്കു ശേഷം ആ അച്ഛനമ്മമാര്‍ ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നു, മകളുടെ വിവാഹത്തിനു ക്ഷണിക്കാന്‍. ഞാന്‍ വിരമിക്കുന്നതിന് രണ്ട് വര്‍ഷം മുന്‍പ് അവരുടെ മകന്‍ എന്റെ ഓഫീസില്‍ വന്നിരുന്നു. അയാളപ്പോള്‍ ഒരു ഐ.ടി കമ്പനിയില്‍ ഉദ്യോഗസ്ഥന്‍. പഴയ പരിക്കിന്റെ ചില്ലറ ബുദ്ധിമുട്ടുകള്‍ അവശേഷിച്ചിരുന്നു. എങ്കിലും അയാള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തനായതില്‍ സന്തോഷം തോന്നി.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates