പൊലീസ് ആസ്ഥാനത്ത് 'രഹസ്യം' സൂക്ഷിക്കാന്‍ ഒരു വിഭാഗം തന്നെയുണ്ടെന്ന് നാട്ടുകാരറിഞ്ഞത് സമീപ കാലത്താണ്

പൊലീസ് ആസ്ഥാനത്തെ രഹസ്യഅറയിലെ നിധി എനിക്കും കാണണം എന്ന് അവിടെ ജോലി ചെയ്തിരുന്ന പല ഉയര്‍ന്ന ഉദ്യോഗസ്ഥരും മോഹിച്ചിരുന്ന കാര്യം എനിക്കറിയാം
പൊലീസ് ആസ്ഥാനത്ത് 'രഹസ്യം' സൂക്ഷിക്കാന്‍ ഒരു വിഭാഗം തന്നെയുണ്ടെന്ന് നാട്ടുകാരറിഞ്ഞത് സമീപ കാലത്താണ്

രാശരി മനുഷ്യന്റെ ദൈനംദിന ജീവിതം 'അടിപൊളി'യൊന്നുമല്ല. അത് ആവര്‍ത്തനവിരസമാണ്. അതില്‍ അല്പം 'രസം' പകര്‍ന്നു കടന്നുപോകുന്ന സംഗതികള്‍ ഒരുപാടുണ്ട്; ഏതെങ്കിലും പ്രമുഖന്റെ വിവരംകെട്ട പ്രസ്താവന മുതല്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തുന്ന പാവം പാമ്പ് പിടിത്തക്കാരന്‍ വരെ. അതില്‍പ്പെടുന്ന കൗതുകകരമായ ഒരിനമാണ് പൊലീസ് രഹസ്യങ്ങള്‍. കേരളത്തില്‍ പൊലീസ് ആസ്ഥാനത്ത് 'രഹസ്യം' സൂക്ഷിക്കാന്‍ ഒരു വിഭാഗം തന്നെയുണ്ടെന്ന് നാട്ടുകാരറിഞ്ഞത് സമീപകാലത്താണ്. കൃത്യമായി പറഞ്ഞാല്‍ ടി.പി. സെന്‍കുമാര്‍, സുപ്രീംകോടതി വിധി പ്രകാരം പൊലീസ് മേധാവിയായി തിരികെ വന്ന ഘട്ടത്തില്‍. അതിന്റെ ചുമതലക്കാരുടെ നിയമനം ഒരു  ജീവന്മരണ പ്രശ്നമായി അന്ന്  ചര്‍ച്ച ചെയ്യപ്പെട്ടു. ഒന്നുമറിയാത്ത മനുഷ്യര്‍ കരുതുക അമേരിക്ക ഹിരോഷിമയില്‍ ഇട്ടപോലെ എന്തോ ഒന്ന്  അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. ഭരണവിഭാഗം ഡി.ഐ.ജിയായി ഞാന്‍ പൊലീസ് ആസ്ഥാനത്തെത്തുമ്പോള്‍ ഈ രഹസ്യവിഭാഗം എന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു. പിന്നീട് ഐ.ജി ആയപ്പോള്‍, വര്‍ഷങ്ങള്‍ക്കു ശേഷവും ആ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. കുറേ ഉദ്യോഗസ്ഥ പ്രൊമോഷന്‍, പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍, ചില ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ ചില വിഷയങ്ങളാണവിടെയുള്ളത്. ഉദാഹരണത്തിന് ഐ.പി.എസ്സുകാരനായ അപ്പുക്കുട്ടന്റെ അഴിമതി സംബന്ധിച്ച് ഒരു ഫയല്‍ അവിടെ പരമരഹസ്യം ആയി വിശ്രമിക്കുന്നുണ്ടായിരിക്കും. പക്ഷേ, അപ്പുക്കുട്ടന്റെ 'സ്വഭാവ വൈശിഷ്ട്യം' നാട്ടുകാര്‍ക്കും പൊലീസുകാര്‍ക്കും പരസ്യമാണ്. ആസ്ഥാന രഹസ്യം മുഴുവന്‍ ഇവിടെയെന്ന് വലിയ ബോര്‍ഡെഴുതി പരസ്യപ്പെടുത്തുന്നതിന്റെ യുക്തി എനിക്ക് ആദ്യമേ മനസ്സിലായില്ല. എന്തെങ്കിലും യുക്തിയുണ്ടാകും, അത് പിന്നീട് മനസ്സിലാകും എന്ന് കരുതിയെങ്കിലും, അതൊരിക്കലും മനസ്സിലായില്ല. അങ്ങനെ രഹസ്യം കണ്ടറിഞ്ഞ അനുഭവങ്ങള്‍ കൊണ്ടാകണം പില്‍ക്കാലത്ത് അത് വിവാദമായപ്പോള്‍ എനിക്ക് വലിയ തമാശയായാണ്   തോന്നിയത്. പക്ഷേ, അറിയാത്തവര്‍ക്ക്, രഹസ്യത്തിന്റെ മൂല്യം എപ്പോഴും വളരെ വലുതായിരിക്കും, പത്മനാഭസ്വാമി ക്ഷേത്രത്തിലെ രഹസ്യഅറകളിലെ സ്വര്‍ണ്ണാഭരണം പോലെ. 

അതെന്തായാലും പൊലീസ് ആസ്ഥാനത്തെ രഹസ്യഅറയിലെ നിധി എനിക്കും കാണണം എന്ന് അവിടെ ജോലി ചെയ്തിരുന്ന പല ഉയര്‍ന്ന ഉദ്യോഗസ്ഥരും മോഹിച്ചിരുന്ന കാര്യം എനിക്കറിയാം. അതൊരു വലിയ അധികാരമായോ പ്രിവിലേജ് ആയോ പല ഉദ്യോഗസ്ഥരും കരുതിയിരുന്നു. നേരത്തെ ഭരണനിര്‍വ്വഹണ ഡി.ഐ.ജി  ആയിരുന്ന രമേഷ്ചന്ദ്രഭാനു സാര്‍ പറഞ്ഞ ഒരധികാരത്തര്‍ക്കം ഓര്‍ക്കുന്നു. അന്ന് ജയറാം പടിക്കല്‍ ആയിരുന്നു ഡി.ജി.പി. ആസ്ഥാനത്തുണ്ടായിരുന്ന ഒരു എ.ഡി.ജി.പി ഈ സെക്ഷനിലെ ഫയലുകളെക്കുറിച്ച് പലപ്പോഴും അദ്ദേഹത്തോട് ചോദിക്കും. ഒരു വിഷയം എന്തെങ്കിലും തീരുമാനമായി പുറത്തുവരും മുന്‍പ് അതിലെ വിവരങ്ങള്‍ സാധാരണയായി, ആ ഫയല്‍ കൈകാര്യം ചെയ്യുന്നവര്‍ മാത്രം അറിയേണ്ടതാണ്. അതുകൊണ്ടുതന്നെ ചോദ്യങ്ങള്‍ക്ക് നിരുപദ്രവകരമായ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കുമായിരുന്നു. ആ ഉദ്യോഗസ്ഥനാകട്ടെ, ഡി.ജി.പി വിരമിക്കുന്നതിന് ഒരു ദിവസം മുന്‍പ് അദ്ദേഹത്തില്‍നിന്നും ഫയലില്‍ ഒരുത്തരവ് വാങ്ങി. അതിന്‍പ്രകാരം 'രഹസ്യവിഭാഗ'ത്തിലെ ഫയലുകള്‍ കൈകാര്യം ചെയ്യുവാനുള്ള അവകാശം അദ്ദേഹത്തിനും സിദ്ധിച്ചു. പുതിയ അധികാര സിദ്ധിയില്‍ ആഹ്ലാദിച്ച ആ ഉദ്യോഗസ്ഥന്‍ ഒരാഴ്ച കഴിഞ്ഞ് ഡി.ഐ.ജിയോട് ഈ ഉത്തരവിന്റെ ബലത്തില്‍ ഒരു ഫയല്‍ ആവശ്യപ്പെട്ടു. അപ്പോഴേയ്ക്കും, പുതിയ ഡി.ജി.പി പഴയ ഉത്തരവ് റദ്ദാക്കിയ കാര്യം 'പാവം എ.ഡി.ജി.പി' അറിഞ്ഞിരുന്നില്ല. അങ്ങനെയൊക്കെയുള്ള കുറെ മോഹങ്ങളും മോഹഭംഗങ്ങളും അധികാരത്തിന്റെ ഇടനാഴിയില്‍ ഒരുപാട് കണ്ടു. അതെല്ലായിടത്തുമുള്ള അവസ്ഥയായിരുന്നു.   ഏറ്റവും കൗതുകം തോന്നിയ ഒരു സംഭവം ഈയ്യിടെ പുറത്തിറങ്ങിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക്ക്ബാസുവിന്റെ 'പോളിസി മേക്കഴ്സ് ജേര്‍ണല്‍' എന്ന ഗ്രന്ഥത്തില്‍ കണ്ടു. കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉപദേഷ്ടാവിനു പ്രത്യേകമായി ഒരു ശുചിമുറിക്കുള്ള  അര്‍ഹത കണ്ടെത്തി അത് നേടിയെടുത്തതിന്റെ  ചരിത്രം അതിലുണ്ട്. 

കൗതുകകരമല്ലാത്ത ഒരനുഭവം എനിക്കുണ്ടായതും ഇവിടെ പറഞ്ഞുപോകാം. രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഡെപ്യൂട്ടി ഡയറക്ടറായെത്തുമ്പോള്‍ അവിടെനിന്നും, ആയിടെ സംസ്ഥാനത്തേയ്ക്ക് മടങ്ങിയ ഗിരിധാരിനായക് എന്ന ഉദ്യോഗസ്ഥന്റെ വിടവാങ്ങല്‍  പ്രസംഗം പ്രസിദ്ധമായിരുന്നു. അദ്ദേഹം ഒരു വലിയ മാനേജ്‌മെന്റ് സിദ്ധാന്തം എന്ന നിലയിലാണ് അവതരിപ്പിച്ചത്. ആ സിദ്ധാന്തം ഇതായിരുന്നു: ''ഏത് ഓര്‍ഗനൈസേഷനിലും നിങ്ങള്‍ക്ക് നന്നായി മുന്നോട്ടുപോകണമെങ്കില്‍ ആരാണ് നിങ്ങളുടെ ബോസ് എന്നറിയണം. അദ്ദേഹത്തെ മാനേജ് ചെയ്യാന്‍ കഴിയണം. അതുകൊണ്ടായില്ല. ഈ ബോസിന്റെ ബോസ് ആരാണെന്നും അറിയണം. ആ ബോസിനേയും മാനേജ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയണം. രണ്ടാമത്തെ ബോസിനെ മാനേജ് ചെയ്യുന്നതില്‍ വന്ന പരാജയമാണ് തന്റെ പെട്ടെന്നുള്ള മടക്കത്തിന് കാരണം'' എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. അദ്ദേഹം സൂചിപ്പിച്ച ബോസ് ആകട്ടെ, ആദ്യ ബോസിന്റെ ഭാര്യ ആയിരുന്നു. അതെന്തായാലും അദ്ദേഹത്തിന്റെ മാനേജ്‌മെന്റ്  പരാജയം കൊണ്ടുള്ള തിരികെ പോക്കാണ്, എനിക്കവിടെ പ്രവേശിക്കാനുള്ള വഴിയൊരുക്കിയത്.  അധികം വൈകാതെ ഈ മാനേജ്‌മെന്റ് പ്രശ്‌നം എനിക്കും നേരിടേണ്ടിവന്നു. ഒരു ദിവസം കാലത്ത് ജിംനേഷ്യത്തില്‍ എത്തുമ്പോള്‍ 'ഈ ബോസ്', രണ്ടാമത്തെ ബോസ്, അവിടെയുണ്ട്. പരിശീലനത്തിനു വന്ന ചില ഉദ്യോഗസ്ഥര്‍  അവരോട് സംസാരിക്കുന്നുമുണ്ട്. അക്കാദമിയെ പ്രകീര്‍ത്തിച്ച് ബോസിനെ മണിയടിക്കുകയായിരുന്നു അവര്‍. ചില മനുഷ്യര്‍ അങ്ങനെയാണ്. മണിയടിക്കാന്‍ പറ്റിയ കക്ഷിയെ കിട്ടിയാല്‍ ആ അവസരം പാഴാക്കില്ല, കയറിയങ്ങ് മണിയടിക്കും. ഇതില്‍ പങ്കാളിയാകാതെ ഞാന്‍  ഒരു മൂലയ്‌ക്കൊതുങ്ങി, ദേഹം വേദനിപ്പിക്കാത്ത ചില ലഘു അഭ്യാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പെട്ടെന്ന്, ഈ ബോസ് എന്നെ വിളിച്ചു. ഞാനടുത്ത് ചെന്നു, ബഹുമാനം നടിച്ച്. ജിംനേഷ്യത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ഉടന്‍ ഒരു നോട്ടീസ് ഇടണമെന്നാണ് അവര്‍ എന്നോടു പറയുന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ശുദ്ധ ഹിന്ദിയില്‍ ആയിരുന്നു സംഭാഷണം. ഒന്നും മനസ്സിലാകാത്തപോലെ ഞാന്‍ നിന്നു, എല്ലാം മനസ്സിലായെങ്കിലും. ഇടയ്ക്ക് ഞാന്‍ കേരളത്തില്‍ നിന്നല്ലേ എന്നൊക്കെ 'ബോസ്' പറഞ്ഞു. പത്താം ക്ലാസ്സില്‍ 'കബീര്‍കാ ദോഹ'യെ കുറിച്ചൊക്കെ  ഉപന്യാസമെഴുതിയിട്ടുള്ള എനിക്ക് അത്യാവശ്യം രാഷ്ട്രഭാഷ വശമുണ്ടായിരുന്നു. കുറച്ചുനേരം നിശ്ശബ്ദത പാലിച്ച ശേഷം തപ്പിത്തടഞ്ഞ് പറയുംപോലെ ഞാന്‍ പറഞ്ഞു. ''മാഡം, കേരള ബഹുത്ത് സുന്ദര്‍ ഹേ.''  പരസ്പരബന്ധമില്ലാതെ ഇങ്ങനെ ചിലതു പറഞ്ഞപ്പോള്‍, എനിക്ക് യാതൊരു വിവരവുമില്ലെന്നോ, അല്ലെങ്കില്‍ വട്ടാണെന്നോ ബോസ് കരുതിയിരിക്കും. അതോടെ മാഡം എന്നെ ഉപേക്ഷിച്ചു. അങ്ങനെ തല്‍ക്കാലം ഞാന്‍ രക്ഷപ്പെട്ടു. അധികം  വൈകാതെ ബഹുമാന്യനായ ഒന്നാം ബോസ് വിരമിച്ചതോടെ രണ്ടാമത്തെ ബോസില്‍നിന്നും ഞാന്‍ ശാശ്വതമായി രക്ഷപ്പെട്ടു. 

അധികാര പ്രക്രിയയുടെ സ്വഭാവം കൂടുതല്‍ മനസ്സിലാക്കാന്‍ ഇടയായ ധാരാളം സംഭവങ്ങള്‍ പൊലീസ് ആസ്ഥാനത്ത് ഉണ്ടായിരുന്നു. അതില്‍ ഒന്ന് വന്നത് മൊബൈല്‍ ഫോണ്‍ മുഖേന ആയിരുന്നു. ഇന്ന്, നിലവാരമുള്ള യാചകര്‍ക്കുപോലും മൊബൈല്‍ ഫോണുണ്ട്. പെട്ടിക്കടയിലും  ഗൂഗിള്‍ പേ ആകാം.  അന്നത്തെ അവസ്ഥ അതായിരുന്നില്ല. ഉപയോഗത്തോടൊപ്പം  അതൊരു സ്റ്റാറ്റസ് സിംബല്‍ കൂടി ആയിരുന്നു. കേരളാ പൊലീസില്‍ ഇത് പ്രത്യക്ഷപ്പെട്ടത് ഞാന്‍ തൃശൂരില്‍ എസ്.പി ആയിരിക്കുമ്പോഴാണ്. അന്ന് ഒരെണ്ണം എനിക്കും കിട്ടി. ക്രമസമാധാന ചുമതലയുള്ള എസ്.പിമാര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് അത് ലഭിച്ചത്. ഭരണവിഭാഗം ഡി.ഐ.ജി ആയപ്പോള്‍ എനിക്കു്  അത് നഷ്ടമായി. എ.ഡി.ജി.പിമാരുള്‍പ്പെടെ പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആദ്യഘട്ടത്തില്‍ മൊബൈല്‍ ലഭിച്ചില്ല. അത് കടുത്ത വിവേചനമായി പലര്‍ക്കും തോന്നി. തോന്നലുകള്‍ കത്തായും അല്ലാതെയും പൊലീസ് ആസ്ഥാനത്ത് എത്തുന്നുണ്ടായിരുന്നു. അത് ഡി.ജി.പി ശാസ്ത്രി സാറിനും തലവേദനയായി തുടങ്ങിയിരുന്നു. അസംതൃപ്തരായ ഉദ്യോഗസ്ഥര്‍ ഫോണ്‍ വിതരണത്തില്‍ പക്ഷപാതവും വിവേചനവും ആരോപിച്ചു. പൊലീസിന്റെ ക്രമസമാധാന പാലനത്തിനാണെങ്കില്‍ പിന്നെ എങ്ങനെയാണ് സെക്രട്ടേറിയേറ്റില്‍ അതെത്തിയത് എന്നായി. ഫയല്‍ പരിശോധിച്ചപ്പോള്‍ സംഭവം ശരിയാണ്. രണ്ടു ഫോണുകള്‍ സെക്രട്ടേറിയേറ്റിലാണ്. അതാകട്ടെ, സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധവുമാണ്. സര്‍ക്കാര്‍ ഉത്തരവില്‍ ഓരോ ഫോണും ആര്‍ക്കെല്ലാം എന്ന് കൃത്യമായി ഉദ്യോഗപദവിയുടെ പേര് സഹിതം രേഖപ്പെടുത്തിയിരുന്നു. തലവേദന മൂത്തപ്പോള്‍ സെക്രട്ടേറിയേറ്റില്‍ കൊടുത്തിരുന്ന  ഫോണുകള്‍ തിരികെ വാങ്ങാന്‍ ഡി.ജി.പി എന്നോട് പറഞ്ഞു. തിരികെ വാങ്ങുമ്പോള്‍ അതിലൊരെണ്ണം എനിക്ക് തരാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം ഭരണവിഭാഗം ഡി.ഐ.ജിക്ക് അര്‍ഹത  ഇല്ലാത്തതുകൊണ്ട് എനിക്ക് വേണ്ടെന്ന് പറഞ്ഞു. കിട്ടാനിടയില്ലാത്ത 'കളിപ്പാട്ടങ്ങള്‍' പണ്ടും എന്നെ അധികം ഭ്രമിപ്പിച്ചിട്ടില്ലെന്നു തോന്നുന്നു. മാത്രവുമല്ല,  സ്വകാര്യ ആവശ്യത്തിനു എന്റെ വിപുലമായ വിദേശബന്ധം ഉപയോഗിച്ച് ഒരു മൊബൈല്‍ സ്വന്തമാക്കിയിരുന്നു. വിദേശബന്ധമെന്നാല്‍ നാട്ടില്‍ തൊഴില്‍ കിട്ടാഞ്ഞ് ഗള്‍ഫില്‍ പോയി ചോര നീരാക്കിയ സ്വന്തക്കാരുമായുളള ബന്ധം എന്നര്‍ത്ഥം. സെക്രട്ടേറിയേറ്റില്‍ ഫോണ്‍ നല്‍കിയിരുന്നത് ചീഫ് സെക്രട്ടറിക്കും ആഭ്യന്തരത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ആയിരുന്നു. രണ്ടു പേര്‍ക്കും ഡി.ജി.പിയുടെ പേരില്‍ കത്ത് തയ്യാറാക്കി. ഫോണ്‍ മടക്കണം എന്നായിരുന്നു ഉള്ളടക്കം. സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണ്ണമായി നടപ്പാക്കുന്നതിനായി എന്നൊക്കെ അല്പം നയതന്ത്രം കൂടി കലര്‍ത്തിയാണ് എഴുതിയത്. ഈ കത്ത് ഒപ്പിടുവാന്‍ വേണ്ടി ഡി.ജി.പിക്ക് സമര്‍പ്പിച്ചപ്പോള്‍ ഭരണവിഭാഗം ഡി.ഐ.ജി ഒപ്പിട്ടാല്‍ മതി എന്ന് അദ്ദേഹം ഫയലില്‍ രേഖപ്പെടുത്തി. വലിയ പ്രാധാന്യമില്ലാത്ത കത്തുകള്‍ ഡി.ജി.പിക്കുവേണ്ടി താഴെയുള്ള ഉദ്യോഗസ്ഥര്‍ ഒപ്പിടാറുണ്ടായിരുന്നു. അങ്ങനെ എന്റെ ഒപ്പില്‍ കത്തുരണ്ടും പോയി. കത്തുകിട്ടിയ ഉടന്‍ ചീഫ് സെക്രട്ടറി മോഹന്‍കുമാര്‍ സാര്‍ എന്നെ വിളിച്ചു. ''ഹേമചന്ദ്രാ, നിങ്ങളുടെ മുന്‍ഗാമി കൊണ്ടുവച്ച ഒരു പെട്ടി ഇവിടെ ഇരുപ്പുണ്ട്, പൊട്ടിച്ചിട്ടുപോലുമില്ല. ഒരാളെ വിട്ടാല്‍ കൊടുത്തുവിടാം.'' അദ്ദേഹത്തിന്റെ വാക്കുകളില്‍ അല്പം പോലും നീരസം ഉണ്ടായിരുന്നില്ല. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ സിവില്‍ സര്‍വ്വീസിലെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തമ മാതൃക ആയിരുന്ന അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിച്ച മറുപടി ആയിരുന്നു അത്. പക്ഷേ, രണ്ടാമന്‍ ഫോണ്‍ തിരികെ തന്നില്ല. അദ്ദേഹം ഒരടിയന്തര സ്വകാര്യ ആവശ്യം കൂടി കഴിഞ്ഞ് മടക്കാം എന്നെന്നോട് പറഞ്ഞു. ഏതായാലും ഞാന്‍ പൊലീസ് ആസ്ഥാനത്തുള്ളപ്പോള്‍ ആ ഫോണ്‍ തിരികെ എത്തിയില്ല.  'ബുദ്ധിശാലി'കളുടെ അടവാണത്. പില്‍ക്കാലത്ത് അവരുടെ എണ്ണം കൂടി.  അധാര്‍മ്മികതയെ അതിബുദ്ധികൊണ്ട് സാധൂകരിക്കുന്നവരാല്‍  സമ്പന്നമാണ് ഇന്ന് നമ്മുടെ ആള്‍ ഇന്‍ഡ്യാ സര്‍വ്വീസ്. 

എം വിജയകുമാർ
എം വിജയകുമാർ

അധികം താമസിയാതെ, കേരളനിയമസഭാ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത ഒരു യോഗത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളുണ്ടായി. വ്യക്തിപരമായി നല്ല ബന്ധമുണ്ടായിരുന്ന എം. വിജയകുമാര്‍ ആയിരുന്നു അക്കാലത്ത് നിയമസഭാ സ്പീക്കര്‍. നിയമസഭാ സാമാജികരുടെ ഒരു പുതിയ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. ആ യോഗത്തില്‍ സംസ്ഥാന ഡി.ജി.പിയും പങ്കെടുക്കേണ്ടതുണ്ട്. പുതിയ എം.എല്‍.എ ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പാളയം പൊലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്തുനിന്നും കുറേ ഭൂമി ഏറ്റെടുക്കലായിരുന്നു വിഷയം. അക്കാലത്ത് തിരുവനന്തപുരം നഗരത്തില്‍ പൊലീസുകാരുടെ  ക്വാര്‍ട്ടേഴ്സ് പ്രശ്നം രൂക്ഷമായിരുന്നു; വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും കിട്ടാത്ത അവസ്ഥ. പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് പൊലീസ് വകുപ്പിന്റെ കൈവശം ഭൂമിയും കുറവായിരുന്നു. ഒരുകാലത്ത് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ധാരാളം ഭൂമി സ്വന്തമായുണ്ടായിരുന്നു. പില്‍ക്കാലത്ത് ഓരോ അവസരങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഭൂമി വേണ്ടിവന്നപ്പോള്‍ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി നഷ്ടമായി. പൊലീസ് സ്റ്റേഷനുകളും മറ്റ് ഓഫീസുകളും നിര്‍മ്മിക്കുന്നതിനും പൊലീസുകാരുടെ താമസത്തിനും അവസാനം സ്ഥലമില്ലാതായി. അക്കാര്യത്തില്‍ പൊലീസ് വകുപ്പിന്റെ ന്യായമായ താല്പര്യം സംരക്ഷിക്കുന്നതില്‍ വകുപ്പുമേധാവിമാരും ആഭ്യന്തരവകുപ്പും ജാഗ്രത പുലര്‍ത്തിയിട്ടില്ല എന്ന ആക്ഷേപം എത്രയോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആ സാഹചര്യത്തില്‍ വീണ്ടും ഭൂമി ഏറ്റെടുക്കുവാനുള്ള  പ്രൊപ്പോസല്‍ വന്നപ്പോള്‍ പൊലീസ് വകുപ്പ് എതിര്‍ത്തു. അക്കാര്യത്തില്‍ ആഭ്യന്തരവകുപ്പും നിയമസഭാ സെക്രട്ടേറിയേറ്റുമായി ഒരുപാട് കത്തിടപാടുകള്‍ നടന്നു. അതിന്മേലാണ് അവസാനം  സ്പീക്കര്‍ യോഗം വിളിച്ചത്. 

യോഗത്തില്‍ ഡി.ജി.പി ശാസ്ത്രി സാര്‍ പങ്കെടുക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അദ്ദേഹത്തെ സഹായിക്കാന്‍ ഞാനും കൂടെ പോകണം. ആ നിലയില്‍ ഭൂമിപ്രശ്‌നം വിശദമായി ഞാന്‍ പഠിച്ചിരുന്നു. ദേശീയതലത്തില്‍ പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിനു ചില മാനദണ്ഡങ്ങളുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലും നമ്മള്‍  വളരെ പിന്നാക്കമായിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരിക്കും എന്നറിയാവുന്നതുകൊണ്ട് നഗരത്തിലെ പൊലീസുകാരുടെ ആവശ്യവുമായും ക്രമസമാധാന പാലനവുമായി ബന്ധിപ്പിച്ചുമൊക്കെ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. പക്ഷേ, യോഗദിവസം ഡി.ജി.പി എന്നോട് പങ്കെടുക്കാന്‍ പറഞ്ഞു. അദ്ദേഹം വന്നില്ല. ആഭ്യന്തരവകുപ്പില്‍നിന്നു അഡീഷണല്‍ ചീഫ് സെക്രട്ടറിയും യോഗത്തിനെത്തിയില്ല. പക്ഷേ, സെക്രട്ടറി പങ്കെടുത്തു. യോഗത്തിനു മുന്‍പു തന്നെ ഞാനദ്ദേഹത്തോട് പൊലീസിന്റെ അവസ്ഥ പറഞ്ഞു, ഭൂമി വിട്ടുകൊടുക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് അറിയിച്ചു. അക്കാര്യത്തില്‍ സഹായവും അഭ്യര്‍ത്ഥിച്ചു. യോഗം തുടങ്ങിയതുതന്നെ വലിയ പ്രക്ഷുബ്ധതയോടെ ആയിരുന്നു. ഡി.ജി.പിയുടെ അഭാവം സ്പീക്കര്‍ ഗൗരവമായിട്ടെടുത്തു. ഇത്ര പ്രധാനപ്പെട്ട ഒരു യോഗം വിളിക്കുമ്പോള്‍ ഡി.ജി.പി എന്തുകൊണ്ട് ഹാജരായില്ല എന്നദ്ദേഹം വിശദീകരണം ആരാഞ്ഞു. അക്കാര്യത്തില്‍ സ്പീക്കര്‍ നിര്‍ബന്ധബുദ്ധി കാണിച്ചപ്പോള്‍ അതിനു മറുപടി പറഞ്ഞേ മതിയാകൂ  എന്നായി. അവസാനം ഡി.ജി.പിയെ പെട്ടെന്ന് മുഖ്യമന്ത്രി വിളിച്ചതുകൊണ്ട് അങ്ങോട്ട് പോയതാണെന്ന് ഞാന്‍ വളരെ വിനീതനായി പറഞ്ഞുനോക്കി. പക്ഷേ, സ്പീക്കര്‍ തൃപ്തനായില്ല. എങ്ങനെ തൃപ്തനാകും? ഞാനെങ്ങനെ ഡി.ജി.പിക്കു പകരമാകും? അകാലത്തില്‍ കയറിയ കഷണ്ടിയുടെ 'ഗരിമ' മാത്രമല്ലേ എനിക്കുള്ളു. ഇക്കാര്യത്തില്‍ ഡി.ജി.പി വിശദീകരിക്കേണ്ടിവരും എന്നും അത് സഭയോടുള്ള ബഹുമാനമില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. അത് ഒരു നിയമസഭ പ്രിവിലേജ് പ്രശ്‌നമാകുമോ എന്ന് മനസ്സില്‍ തോന്നി. തന്റെ അസന്തുഷ്ടി രേഖപ്പെടുത്തിയ ശേഷം യോഗത്തിലേയ്ക്ക് കടന്നു. 

ബിഎസ് ശാസ്ത്രി ഐപിഎസ്
ബിഎസ് ശാസ്ത്രി ഐപിഎസ്

എം.എല്‍.എമാര്‍ക്കായി നിര്‍മ്മിക്കുന്ന പുതിയ ഹോസ്റ്റല്‍ ഏതാണ്ട് പൂര്‍ത്തിയായെന്നും ആ കെട്ടിടത്തിന്റെ അഗ്‌നിശമന സംവിധാനം, സുരക്ഷാ സംവിധാനം തുടങ്ങിയവ ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ സ്ഥലം വേണമെന്നും അതിനായി തൊട്ടടുത്തുളള പൊലീസ് വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കണമെന്നും പറഞ്ഞു. ആ വിഷയത്തില്‍ തീരുമാനമായ മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. സ്ഥലം ഏറ്റെടുക്കുന്നതിനോട്  എല്ലാപേര്‍ക്കും യോജിപ്പാണ് എന്ന നിലയില്‍ യോഗം ഉപസംഹരിക്കുന്നതുപോലെ തോന്നി. എം.എല്‍.എമാരുടെ താമസ സൗകര്യത്തിന്റെ പ്രശ്‌നമായതുകൊണ്ട് സ്പീക്കര്‍ സ്വാഭാവികമായും വസ്തു ഏറ്റെടുക്കുന്ന കാര്യത്തില്‍ തല്പരനായിരുന്നു. അദ്ദേഹത്തിന്റെ മനസ്സറിഞ്ഞപോലെയാണ് അവിടെ സന്നിഹിതരായിരുന്ന ഉദ്യോഗസ്ഥരും പെരുമാറിയത്. ഞാന്‍ നേരത്തെ, പൊലീസുകാരുടെ താമസസൗകര്യം ഒക്കെ പറഞ്ഞ് ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കിലും ആഭ്യന്തരസെക്രട്ടറി നിശ്ശബ്ദത പാലിച്ചു. ഏകപക്ഷീയമായ തീരുമാനത്തിലേയ്ക്ക് നീങ്ങുന്നതായി തോന്നിയപ്പോള്‍ ഞാന്‍ സംസാരിക്കാന്‍ താല്പര്യപ്പെട്ടു. ഇതിലിനി എന്തു ചര്‍ച്ചചെയ്യാന്‍ എന്നതായിരുന്നു പൊതുസമീപനം. അങ്ങനെ ആയപ്പോള്‍ ''ഇക്കാര്യത്തില്‍ പൊലീസ് വകുപ്പിന് ഒരഭിപ്രായമുണ്ട്'' എന്ന്  ഞാന്‍ പറഞ്ഞു. എന്നാല്‍ പിന്നെ ആ അഭിപ്രായം ഫയലില്‍ കിടന്നോട്ടെ എന്ന നിലയില്‍ എനിക്ക് അവസരം കിട്ടി. തിരുവനന്തപുരം നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പാര്‍പ്പിട പ്രശ്‌നത്തിലൂന്നിയാണ് ഞാന്‍ സംസാരിച്ചത്. വസ്തുനിഷ്ഠമായി കണക്കുകള്‍ അവതരിപ്പിച്ച് അതിന്റെ രൂക്ഷതയും സ്ഥലദൗര്‍ലഭ്യവും എല്ലാം പറഞ്ഞ ശേഷം സ്ഥലം ഏറ്റെടുക്കുന്നതില്‍ പൊലീസ് വകുപ്പിനുള്ള ശക്തിയായ എതിര്‍പ്പ്  അറിയിച്ചു. ഒരു സാങ്കേതിക വിദഗ്ദ്ധന്‍, എം.എല്‍.എ ഹോസ്റ്റല്‍ കെട്ടിടം പൂര്‍ത്തിയാകാറായെന്നും അതിന് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താന്‍ സ്ഥലം കൂടിയേ തീരൂ  എന്നും ഹോസ്റ്റലിന് സുരക്ഷ വേണ്ടെന്നാണോ പൊലീസ് നിലപാട് എന്നും ചോദിച്ചു. അതെന്നെ പ്രകോപിപ്പിച്ചു. ''എന്റെ പരിമിതമായ അറിവനുസരിച്ച് ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനു മുന്‍പ് അതിന് തീ പിടിച്ചാല്‍ എന്തുചെയ്യും എന്നും മറ്റും പരിശോധിച്ച് സുരക്ഷയ്ക്ക്  സ്ഥലം കണ്ടെത്തേണ്ടതാണ്. അല്ലാതെ ഉള്ള സ്ഥലത്ത് ഉയരത്തില്‍ കെട്ടിടം നിര്‍മ്മിച്ച ശേഷം സുരക്ഷയ്ക്ക് അയല്‍ക്കാരന്റെ വസ്തു വേണം എന്ന് പറയുന്നതാണോ ശരി'' എന്ന്  ഞാന്‍ ചോദിച്ചു. പിന്നെ അധികം ചര്‍ച്ചയുണ്ടായില്ല. യോഗം വേഗത്തില്‍ അവസാനിച്ചു. ഒറ്റപ്പെട്ട വിയോജിപ്പുകൊണ്ട് പ്രയോജനമുണ്ടാകില്ല എന്നുതന്നെ ആയിരുന്നു ആ സമയത്തെ എന്റെ ധാരണ. അത് തെറ്റായിരുന്നു. പാളയം പൊലീസ് ക്വാര്‍ട്ടേഴ്സിന് ആ ഭൂമി നഷ്ടമായില്ല. 

ഏതാണ്ടതേകാലത്ത് മറ്റൊരു ക്വാര്‍ട്ടേഴ്സ് പ്രശ്‌നം പൊലീസ് ആസ്ഥാനത്ത് അല്പം തലവേദന സൃഷ്ടിച്ചു. അന്ന് തലസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക വസതികള്‍ തീരെ കുറവായിരുന്നു. അതിനു പരിഹാരമെന്ന നിലയില്‍ വഴുതയ്ക്കാട് ഒരു ഫ്‌ലാറ്റ് നിര്‍മ്മാണം നന്നായി പുരോഗമിക്കുന്നുണ്ടായിരുന്നു. നിര്‍മ്മാണത്തിലിരുന്ന ഫ്‌ലാറ്റിന് മുന്നിലൂടെ ഒരു റോഡും അതിന്റെ എതിര്‍വശത്തായി എസ്.ഐ റാങ്കിലുള്ളവര്‍ കുടുംബസമേതം താമസിച്ചിരുന്ന രണ്ട്  ക്വാര്‍ട്ടേഴ്സും ഉണ്ടായിരുന്നു. പൊടുന്നനെ ഒരു വിവാദം ഉടലെടുത്തു. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഫ്‌ലാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ, അതേ കോമ്പൗണ്ടില്‍ എതിര്‍വശത്ത് താമസിക്കുന്ന രണ്ടു ഉദ്യോഗസ്ഥരെ കുടിയൊഴിക്കും എന്ന് പ്രചരിച്ചു. അടിസ്ഥാനമില്ലാത്ത അനാവശ്യ വിവാദം എന്നാദ്യം തോന്നി. പക്ഷേ, അടിസ്ഥാനമുണ്ടെന്ന് പിന്നീട് മനസ്സിലായി. പുതിയ ഫ്‌ലാറ്റില്‍ താമസിക്കാന്‍ ആഗ്രഹിച്ചിരുന്ന ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഒരാവശ്യവുമായി മുന്നോട്ടുവന്നു. ഫ്‌ലാറ്റിനു മുന്നിലെ താമസക്കാരെ ഒഴിവാക്കണമെന്നും ആ സ്ഥലംകൂടി ഫ്‌ലാറ്റിന്റെ കോമ്പൗണ്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആയിരുന്നു അത്. ക്രമേണ ഈ ആവശ്യവും  അതിനോടുള്ള എതിര്‍പ്പും ശക്തി പ്രാപിച്ചു. പൊലീസിനുള്ളില്‍ വ്യത്യസ്ത റാങ്കുകാര്‍ തമ്മിലുള്ള തര്‍ക്കം ഒട്ടും അഭിലഷണീയം ആയിരുന്നില്ല. പൊലീസായാലും ഐ.പി.എസ് ആയാലും പുതിയ ആളുകള്‍ക്ക് താമസ സൗകര്യം ഒരുക്കുമ്പോള്‍ പഴയ ആളുകളെ എങ്ങനെയാണ് ഇറക്കിവിടുക എന്നെനിക്കു മനസ്സിലായില്ല. അക്കാര്യത്തില്‍ അന്തിമ അഭിപ്രായം രൂപീകരിക്കുന്നതിനു മുന്‍പ് ഞാനാ സ്ഥലത്തുപോയി  പരിശോധിച്ചു. എങ്ങനെയൊക്കെ ചിന്തിച്ചിട്ടും പുതിയ ഫ്‌ലാറ്റില്‍ വരാന്‍ പോകുന്നവര്‍ക്ക് എങ്ങനെയാണ് വര്‍ഷങ്ങളായി അവിടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വീട്ടുകാര്‍ തടസ്സമാകുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ആ നിലയില്‍ത്തന്നെ ഞാന്‍ നിലപാട് സ്വീകരിച്ചു. ആ ഘട്ടത്തില്‍ എന്നോട് ചില ഐ.പി.എസ് സുഹൃത്തുക്കള്‍ അതിവൈകാരികമായി എതിര്‍ത്ത് സംസാരിച്ചു. എന്തുകൊണ്ടാണ് ഞാന്‍ ഐ.പി.എസ്സുകാര്‍ക്ക് എതിരുനില്‍ക്കുന്നത് എന്നായിരുന്നു ചോദ്യം. ഏതാനും ഉദ്യോഗസ്ഥരുടെ നിലപാടിനെ പലരും നിശ്ശബ്ദരായി പിന്തുണച്ചതായാണ് എനിക്കു തോന്നിയത്. ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ് എന്ന് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നോട് സ്വകാര്യമായി പറഞ്ഞിരുന്നു. അധികം വൈകാതെ ഈ പ്രശ്നം പൊതുസമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അതോടെ കുടിയൊഴിപ്പിക്കല്‍ ചിന്തകള്‍ തല്‍ക്കാലം കെട്ടടങ്ങിയത് എനിക്കും ആശ്വാസമായി.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com