മുഖ്യമന്ത്രിയുടെ സംഭാഷണത്തില്‍, 'ഉരുള്‍പൊട്ടല്‍, കല്യാണവീട്, മരണം' ഇങ്ങനെ ചില വാക്കുകള്‍ കേട്ടു

പൊലീസുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി രാത്രികാല യോഗങ്ങള്‍ വിളിക്കുക പതിവായിരുന്നു
മുഖ്യമന്ത്രിയുടെ സംഭാഷണത്തില്‍, 'ഉരുള്‍പൊട്ടല്‍, കല്യാണവീട്, മരണം' ഇങ്ങനെ ചില വാക്കുകള്‍ കേട്ടു

പൊലീസുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി രാത്രികാല യോഗങ്ങള്‍ വിളിക്കുക പതിവായിരുന്നു. ഡി.ജി.പിയും എ.ഡി.ജി.പി ഇന്റലിജെന്‍സും ഉള്‍പ്പെടെ നാലഞ്ച് പേരേ അതില്‍ പങ്കെടുക്കാറുണ്ടായിരുന്നുള്ളു. ചില അവസരങ്ങളില്‍ മുഖ്യന്ത്രിയുടെ സെക്രട്ടറി ഗോപാല്‍കൃഷ്ണപിള്ളയും ഉണ്ടാകും. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആയിരുന്ന ഞാനായിരുന്നു യോഗത്തിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥന്‍. ആദിവാസിസമരം, തീരദേശത്തെ വര്‍ഗ്ഗീയ സംഘര്‍ഷം തുടങ്ങി മിക്ക പ്രശ്‌നങ്ങളും തലസ്ഥാനത്തെ ചുറ്റിപ്പറ്റിയായതിനാലാകാം എന്നെയും വിളിച്ചിരുന്നത്. അവിടെ റാങ്കു വ്യത്യാസമില്ലാതെ എല്ലാപേര്‍ക്കും സ്വതന്ത്രമായി സംസാരിക്കാം. മുഖ്യമന്ത്രി എല്ലാം ശ്രദ്ധയോടെ കേള്‍ക്കും. അങ്ങനെ, ഞാനല്പം സ്വതന്ത്ര്യം വിനിയോഗിച്ച ആ ദിവസം കൃത്യമായി ഓര്‍ക്കുന്നു. പത്തനംതിട്ട ജില്ലാ എസ്.പി ആയിരുന്ന ആനന്ദകൃഷ്ണന്റെ അപ്രതീക്ഷിത മാറ്റം ആയിരുന്നു വിഷയം. ഒരു സബ്ബ് ഇന്‍സ്പെക്ടറുമായി ബന്ധപ്പെട്ട ചില നടപടികളാണ് അവസാനം എസ്.പിയുടെ സ്ഥലംമാറ്റത്തില്‍ കലാശിച്ചത്. ആ സബ്ബ് ഇന്‍സ്പെക്ടര്‍ മറ്റൊരു പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റത്തിന് എസ്.പിയോട് അപേക്ഷിച്ചിരുന്നു. ജില്ലാ എസ്.പിമാര്‍ക്ക് ഈ അധികാരം വിനിയോഗിക്കാന്‍ 'സ്വാതന്ത്ര്യം' ഉണ്ടായിരുന്ന കാലമായിരുന്നു അത്. റേഞ്ച് ഡി.ഐ.ജിയുമായി ആലോചിച്ച് അത് നിര്‍വ്വഹിക്കട്ടെ എന്ന നിര്‍ദ്ദേശം മാത്രമേ മുഖ്യമന്ത്രി നല്‍കിയിരുന്നുള്ളൂ. പുഴയോര പൊലീസ് സ്റ്റേഷനുകള്‍ അക്കാലത്ത് പല ഉദ്യോഗസ്ഥര്‍ക്കും പ്രിയങ്കരമായിരുന്നു. കാടും പുഴയും കായലും ആരുടെ  മനസ്സിനാണ് കുളിര്‍മ പകരാത്തത് എന്നു ചിന്തിക്കാന്‍ വരട്ടെ. പ്രകൃതിസ്‌നേഹവും കാല്പനികതയും ഒന്നും ആയിരുന്നില്ല അതിന്റെ ആകര്‍ഷണം. ആകര്‍ഷിച്ചത്  പുഴയിലെ മണലായിരുന്നു. മണല്‍ നല്ലൊരു വരുമാന സ്രോതസ്സ് ആയി വളര്‍ന്നുവന്നിരുന്നു. മണലിന്റെ വന്‍ സാമ്പത്തിക സാദ്ധ്യതയില്‍ കണ്ണുവച്ചവരില്‍ രാഷ്ട്രീയക്കാരും പൊലീസും റവന്യുവും എല്ലാം ഉണ്ടായിരുന്നു. എണ്‍പതുകളില്‍ നാട് വാണിരുന്നത് മദ്യമാഫിയ ആയിരുന്നുവെങ്കില്‍ തൊണ്ണൂറുകളില്‍ ആ നിലവാരത്തിലേക്ക് മണല്‍ മാഫിയ ഉയര്‍ന്നു. അങ്ങനെ പുഴയോരത്തെ പൊലീസ് സ്റ്റേഷന്‍ സ്വപ്നം കണ്ട പാവം സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് അപ്രതീക്ഷിതമായി അതാ വരുന്നു സസ്പെന്‍ഷന്‍. 'കൊള്ളാവുന്ന' പൊലീസ് സ്റ്റേഷനുവേണ്ടിയുളള എസ്.ഐയുടെ നീക്കങ്ങളെക്കുറിച്ച് എസ്.പി എന്നോടു പറഞ്ഞിരുന്നു. അതിനിടെ ഒരു സാമ്പത്തിക ഇടപാടില്‍ പുഴയോരം സ്വപ്നം കണ്ട എസ്.ഐ അവിഹിതമായി ഇടപെട്ടതായി വിവരം ലഭിച്ചു. തികച്ചും സിവില്‍ സ്വഭാവമുള്ള കൊടുക്കല്‍ വാങ്ങല്‍ ഇടപാടായിരുന്നു അത്. നിയമപരമായി അതില്‍ ഇടപെടുന്നതിന് പൊലീസിനു പരിമിതികളുണ്ട്. പക്ഷേ, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു ചാകരയാണ്. സിവില്‍ കേസിനെ ക്രിമിനല്‍ കേസാക്കി മാറ്റുന്ന ജാലവിദ്യ പൊലീസില്‍ ഏറെ പഴക്കമുള്ളതാണ്. അങ്ങനെ കേസായാല്‍ പിന്നെ കടക്കാരനെ വിരട്ടാന്‍ അതൊരു നല്ല ആയുധമാണ്. നമ്മുടെ പ്രകൃതി സ്‌നേഹിയും ആ വഴി നീങ്ങിയപ്പോള്‍ എസ്.പി ആനന്ദകൃഷ്ണന്‍ അക്കാര്യം അന്വേഷിച്ച് അച്ചടക്ക നടപടിക്ക് എനിക്ക് റിപ്പോര്‍ട്ട് നല്‍കി. അത് കിട്ടിയ ഉടന്‍ ഞാനയാളെ സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്തു. അഴിമതിക്കുവേണ്ടിയുള്ള അധികാര ദുര്‍വിനിയോഗം ആയാണ് ഞാനത് കണ്ടത്. സസ്പെന്റ് ചെയ്തത് ഞാനായിരുന്നെങ്കിലും കസേര പോയത് ആനന്ദകൃഷ്ണന്റേതാണ്. പ്രകൃതിയെ സ്‌നേഹിച്ച സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് ശക്തരായ ചില സ്പോണ്‍സര്‍മാരുണ്ടായിരുന്നുവെന്ന് വ്യക്തം. സ്ഥലംമാറ്റത്തിനു ശ്രമിച്ചത് ഇഷ്ടപ്പെടാത്തതുകൊണ്ട്, ആ വിരോധംവെച്ച് എസ്.പി അയാളെ മനപ്പൂര്‍വ്വം സസ്പെന്റ് ചെയ്യിച്ചു എന്ന വ്യാഖ്യാനമാണ് തല്‍പ്പരകക്ഷികള്‍ രാഷ്ട്രീയ നേതൃത്വത്തിന് നല്‍കിയത്. അങ്ങനെയാണ് മുഖ്യമന്ത്രിയും ധരിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് എനിക്കു മനസ്സിലായത്. എസ്.ഐയുടെ സസ്പെന്‍ഷനാണ് എസ്.പിയുടെ സ്ഥലം മാറ്റത്തിലേയ്ക്ക് നയിച്ചത് എന്നു കേട്ടപ്പോള്‍ ഞാനല്പം വൈകാരികമായി അതിനോട് പ്രതികരിച്ചു. ''അതാണ് കാരണമെങ്കില്‍ എന്നെ ആയിരുന്നു മാറ്റേണ്ടിയിരുന്നത്.  അയാളെ സസ്പെന്റ് ചെയ്തത് ഡി.ഐ.ജി ആയ ഞാനാണ്.'' പത്രഭാഷയില്‍ ''ഹേമചന്ദ്രന്‍ പൊട്ടിത്തെറിച്ചു'' എന്ന് വേണമെങ്കില്‍ പറയാം. അതിനോട് തികഞ്ഞ ശാന്തതയോടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഏതാനും നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു: ''ആ വിഷയത്തിലേയ്ക്ക് നമുക്ക് പിന്നീട് വരാം. തല്‍ക്കാലം മറ്റ് കാര്യങ്ങള്‍ എടുക്കാം.'' അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്നോട് ലവലേശം നീരസം കണ്ടില്ല. 

അംബൂരിയിലെ ദുരന്തദിനങ്ങള്‍

ചര്‍ച്ച മറ്റു കാര്യങ്ങളിലേയ്ക്ക് കടന്ന് അധികം കഴിയും മുന്‍പേ മൊബൈല്‍ ഫോണുമായി മുഖ്യമന്ത്രിയുടെ സഹായി അകത്തു വന്നു; എന്തോ അടിയന്തര പ്രശ്‌നമുണ്ടെന്നു പറഞ്ഞ് ഫോണ്‍ അദ്ദേഹത്തിനു നല്‍കി. അന്ന് മുഖ്യമന്ത്രിയുടെ മീറ്റിംഗില്‍ പങ്കെടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സാധാരണയായി മൊബൈല്‍ ഫോണ്‍ എടുക്കാറില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ സ്വിച്ച് ഓഫ് ആയിരിക്കും. മുഖ്യമന്ത്രിയുടെ സംഭാഷണത്തില്‍, 'ഉരുള്‍പൊട്ടല്‍, കല്യാണവീട്, മരണം' ഇങ്ങനെ ചില വാക്കുകള്‍ കേട്ടു. പശ്ചിമഘട്ടമലകളിലെവിടെയോ എന്തോ പ്രകൃതിദുരന്തം ഉണ്ടായിരിക്കണം എന്നൂഹിച്ചു. ഇടുക്കിയോ വയനാടോ ആയിരിക്കാമെന്നും കരുതി. അപ്പോള്‍ സമയം രാത്രി ഒന്‍പതിനോടടുക്കുന്നതേയുള്ളു. ഫോണ്‍ സംഭാഷണം അവസാനിച്ച ഉടന്‍, നെയ്യാറ്റിന്‍കരയ്ക്കടുത്ത് അംബൂരിയില്‍ ഉരുള്‍പൊട്ടലോ മറ്റോ ഉണ്ടായെന്നും ഒരു കല്യാണവീട്ടില്‍ ഉണ്ടായിരുന്നവര്‍ അതില്‍പ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കുറേ ആളുകളുടെ ജീവന്‍ അപകടത്തിലാണെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. വിവരങ്ങള്‍ കേട്ടപ്പോള്‍ 'ഞാനുടനെ അങ്ങോട്ട് പോയി നോക്കാം' എന്നു പറഞ്ഞ് പുറത്തിറങ്ങി. കാറിലെ വയര്‍ലെസ്സ് ശ്രദ്ധിച്ചപ്പോള്‍ അത്യാഹിതം ഉണ്ടായി അധികസമയമായിട്ടില്ലെന്നു മനസ്സിലായി. ലഭിച്ച വിവരംവെച്ച് എന്തോ വലിയ പ്രകൃതിദുരന്തം ആണെന്നു വ്യക്തം. സംഭവസ്ഥലത്ത് കനത്തമഴയും കൂരിരുട്ടും ആയിരുന്നു. അതുകൊണ്ട് കൃത്യമായ വിവരമൊന്നും കിട്ടുന്നില്ലായിരുന്നു. ഞാന്‍ സംഭവസ്ഥലത്തേയ്ക്ക് തിരിക്കുകയാണെന്നും ജില്ലയിലെ പരമാവധി ഉദ്യോഗസ്ഥരെ അങ്ങോട്ടയയ്ക്കാനും കണ്‍ട്രോള്‍റൂമിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സിറ്റിയിലെ പൊലീസ് കമ്മിഷണര്‍ രാജന്‍സിംഗിനോടും സംഭവസ്ഥലത്തേയ്ക്ക് വരാന്‍ പറഞ്ഞു. ദുരന്തമുണ്ടായ ഒറ്റപ്പെട്ട മലമ്പ്രദേശത്ത് രാത്രിയിലെ പേമാരിയില്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിച്ചു. അക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തിയെങ്കില്‍ മാത്രമെ യഥാസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കുകയുള്ളൂ എന്നെനിക്കറിയാം. സംഭവസ്ഥലത്തേയ്ക്ക് യാത്രചെയ്യുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വയര്‍ലെസ്സില്‍ കിട്ടിക്കൊണ്ടിരുന്നു. അംബൂരിയിലെ കുരിശുമലയിലാണ് സംഭവമെന്നും വീടുകള്‍ പലതും ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിട്ടുണ്ടെന്നും അതില്‍ ഉണ്ടായിരുന്ന മനുഷ്യരെ കാണാനില്ലെന്നും കേട്ടു. തോമസ് എന്നൊരാളിന്റെ വീട്ടില്‍, മകന്റെ കല്യാണനിശ്ചയത്തോടനുബന്ധിച്ച് കുറേ ബന്ധുക്കള്‍ പലേടത്തുനിന്നും വന്നിരുന്നുവത്രെ. സാമാന്യം വലിപ്പമുള്ള ആ കോണ്‍ക്രീറ്റ് കെട്ടിടം അപ്രത്യക്ഷമായിരുന്നു. കുറേ മനുഷ്യര്‍ മരിച്ചിരിക്കണം. പലരും തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ജീവനുവേണ്ടി പൊരുതുന്നുണ്ടാകണം. ദുരന്തത്തിന്റെ ചിത്രം തെളിഞ്ഞുവന്നപ്പോള്‍ ആ രാത്രിയില്‍ വലിയ രക്ഷാപ്രവര്‍ത്തനം വേണ്ടിവരും എന്നു വ്യക്തമായി. അഗ്‌നിരക്ഷാ സേന, ആശുപത്രികള്‍ തുടങ്ങി എല്ലാ ഏജന്‍സികളോടും ദുരന്തത്തിന്റെ വ്യാപ്തി ധരിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനു പരമാവധി ആളുകളേയും ഉപകരണങ്ങളും ഉടന്‍ സജ്ജമാക്കാനും നിര്‍ദ്ദേശിച്ചു. 

ഇങ്ങനെ വിവരങ്ങള്‍ കേട്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും അംബൂരിയില്‍ എത്തിയതറിഞ്ഞില്ല. ദുരന്തത്തിന്റെ കേന്ദ്രബിന്ദുവെന്നു കരുതിയ സ്ഥലത്തിനു കഴിയുന്നത്ര അടുത്തെത്തി കാര്‍ നിര്‍ത്തി. ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എങ്ങും കൂരിരുട്ടാണ്; കൂടെ കനത്ത മഴയും. വൈദ്യുതവിളക്കിന്റെ ഒരു ലക്ഷണവും എങ്ങും കണ്ടില്ല. കുറെ ടോര്‍ച്ചുകളും റാന്തല്‍ വിളക്കുകളും അവിടവിടെ മിന്നുന്നുണ്ടായിരുന്നു. പൊലീസുകാരും ചില നാട്ടുകാരും തെളിച്ച വഴികളിലൂടെ ഇരുട്ടില്‍ വേഗം ഞാന്‍ മുന്നോട്ടു നടന്നു. ആളുകളുടെ കാല്‍പ്പെരുമാറ്റങ്ങളും സംഭാഷണങ്ങളും കേള്‍ക്കാം. എന്റെ സമീപത്ത്, ഇരുട്ടില്‍ ഒപ്പം നടന്ന് ഒരാള്‍ പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞ ശേഷം ദുരന്തത്തെ പറ്റി ചോദിച്ചു. ആദ്യം സ്ഥലത്തെത്തട്ടെ എന്നു പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും ഒരു ഘട്ടത്തില്‍ മുപ്പതിലേറേ ആളുകള്‍ അപകടത്തിലായിരിക്കണം എന്ന് അത്ര ഉറപ്പില്ലാതെ ഞാന്‍ പറഞ്ഞു. അടുത്ത നിമിഷം ഞാന്‍ കേട്ടത്, സംഭവസ്ഥലത്തുനിന്ന് ഡി.ഐ.ജി ഹേമചന്ദ്രന്‍ പ്രസ്താവിച്ചു എന്ന് എന്റെ വാചകം വാര്‍ത്തയായി പത്രഓഫീസിലേയ്ക്ക് വിളിച്ചുപറയുന്നതാണ്. ഞാനപ്പോള്‍ മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനെ ഓര്‍ത്തു. ഏതാനും മാസം മുന്‍പു മാത്രമാണ് തൊടുപുഴയ്ക്കടുത്ത് ഉരുള്‍പൊട്ടല്‍ ദുരന്തം ചിത്രീകരിക്കാനെത്തിയ അദ്ദേഹത്തിന്റെ ജീവന്‍ പിന്നാലെ വന്ന മറ്റൊരു ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. അംബൂരിയിലെ ദുരന്തമുഖത്തോടടുക്കുമ്പോള്‍, ഇത്തരം പ്രകൃതിദുരന്തങ്ങളുടെ തുടര്‍ സാധ്യതകളും അപകടങ്ങളും ലേശം മരണഭയവും മനസ്സില്‍ മിന്നിമറഞ്ഞു. 

ദുരന്തമുഖത്തെ കാഴ്ച എന്തായിരുന്നു? ഒറ്റനോട്ടത്തില്‍ ഒരു വലിയ കുന്ന് അവിടെ പുതുതായി രൂപംകൊണ്ടിരുന്നു. കുന്നിന്റ മുകള്‍ ഭാഗം അല്പം വിശാലമായിരുന്നു. അവിടെയാകെ ഇളകിയ മണ്ണും ചെളിയും പാറക്കഷണങ്ങളും; ചില വൃക്ഷങ്ങള്‍ പിഴുതെറിയപ്പെട്ടത് മണ്ണിനടിയിലും വെളിയിലുമായി കാണാം. ചിലേടത്ത് വെള്ളം കെട്ടിക്കിടക്കുന്നു. ഈ കുന്നിനടിയില്‍ ഒരു കോണ്‍ക്രീറ്റ് വീട് ഉണ്ടായിരുന്നുവെന്ന് ആളുകളില്‍ നിന്നറിഞ്ഞു. അപ്പോഴും മഴ കോരിച്ചൊരിയുന്നുണ്ട്. പക്ഷേ, അവിടെ കൂടിയിട്ടുള്ള ചുറ്റുവട്ടത്തുള്ള മനുഷ്യര്‍ അതൊന്നും ഗൗനിക്കുന്നില്ല. അവരെല്ലാം ഒറ്റയ്ക്കും കൂട്ടായും കഠിനമായ അദ്ധ്വാനത്തിലാണ്. അവരുടെ ശ്രമം കുന്നിനെ തകര്‍ത്ത് താഴെ ഉള്ളിലേയ്ക്ക് കടക്കാനാണ്. കാരണം, അവിടെ മനുഷ്യരുണ്ടായിരുന്നു. ഇപ്പോഴും അവരവിടെയുണ്ട്. ആ ചിന്തയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്ന മനുഷ്യരെ നയിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു. മുഖ്യമായും സ്വന്തം കായികശക്തിയെ മാത്രമാണ് അവരാശ്രയിക്കുന്നത്. മണ്‍വെട്ടി തുടങ്ങി കയ്യില്‍ കിട്ടിയ വീട്ടുപകരണങ്ങളെല്ലാം മണ്ണ് നീക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ആ പ്രവര്‍ത്തനത്തിനിടയില്‍ സ്വന്തം സുരക്ഷയ്ക്ക് ഭീഷണിയുണ്ടോ എന്ന ചിന്ത വിദൂരമായിപ്പോലും അവരുടെ മനസ്സിലുണ്ടാകാനിടയില്ല. മനുഷ്യത്വം മാറ്റിനിര്‍ത്തി, യാന്ത്രികമായ യുക്തിയുടെ കണ്ണിലൂടെ നോക്കിയാല്‍ അവരുടെ പ്രവൃത്തി അശാസ്ത്രീയവും അപകടകരവുമാണ് എന്നു വേണമെങ്കില്‍ പറയാം. ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായി ഒരു മണിക്കൂര്‍ കഴിഞ്ഞതേയുള്ളു. പേമാരി അപ്പോഴും തുടരുകയാണ്. തുടര്‍ചലനങ്ങള്‍ വീണ്ടുമുണ്ടാകാം. ഉണ്ടായാല്‍ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസുകാരും ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ തന്നെ. ശാസ്ത്രവും സാങ്കേതികവിദ്യയും വളരും മുന്‍പേ തുടങ്ങിയതാണല്ലോ മനുഷ്യന്റെ പ്രകൃതിയുമായുള്ള ഏറ്റുമുട്ടല്‍. ആ ഏറ്റുമുട്ടലില്‍ അതിജീവനം സാദ്ധ്യമായതിനു പിന്നില്‍ മനുഷ്യത്വത്തില്‍നിന്നു മാത്രം പ്രചോദനം ഉള്‍ക്കൊണ്ട് സഹജീവികളുടെ ജീവനുവേണ്ടി അത്യധ്വാനം നടത്തുവാനുള്ള ആദിമനുഷ്യന്റെ ഉള്‍പ്രേരണയും ഒരു ഘടകം  ആയിരിക്കണം. അതിന്റെ അംശങ്ങളാകാം അപകടസന്ധിയില്‍ സ്വന്തം സുരക്ഷ അവഗണിച്ച് മറ്റുള്ളവരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇന്നും സാധാരണ മനുഷ്യനു പ്രേരണയാകുന്നത്. അംബൂരിയില്‍ അതാണ് കണ്ടത്. അംബൂരിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചേര്‍ന്ന് കായികമായി മണ്ണുമാറ്റല്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. കുറേക്കൂടി കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജില്ലാ ഓഫീസര്‍ ആര്‍. പ്രസാദിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കാണ്. അവര്‍ എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും മെച്ചപ്പെട്ട ഉപകരണങ്ങളുടേയും രക്ഷാപ്രവര്‍ത്തനത്തിലുള്ള പരിശീലനത്തിന്റേയും മേന്മ ഗുണകരമായി. എന്നാല്‍, വലിയതോതില്‍ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ആവശ്യമായ ജെ.സി.ബി പോലുള്ള ഉപകരണങ്ങള്‍ എത്തിച്ചെങ്കിലേ സാദ്ധ്യമാകൂ എന്നു വ്യക്തമായിരുന്നു. അത്തരം ഉപകരണങ്ങള്‍ കണ്ടെത്തി ഉടന്‍ തന്നെ അംബൂരിയിലേക്ക് അയയ്ക്കാന്‍ പൊലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. രാത്രി അല്പം വൈകിയെങ്കിലും ഒരു സ്വകാര്യ ഗ്രാനൈറ്റ് സ്ഥാപനത്തിന്റെ പ്രൊക്ലേന്‍ സ്ഥലത്തെത്തിയതോടെയാണ് തെരച്ചിലിനു വേഗം കൂടിയത്. 

അര്‍ദ്ധരാത്രിയോടെ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ തെളിഞ്ഞു. കുരിശുമലയുടെ ചരിവ് മുതല്‍ താഴോട്ട് നാലു വീടുകള്‍ ദുരന്തത്തില്‍പ്പെട്ടു. അതിലൊരു വീട്ടില്‍ ധാരാളം ബന്ധുക്കള്‍ ഒത്തു കൂടിയിരുന്നത് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനിടയാക്കി. പ്രകൃതിദുരന്തത്തിനുള്ളില്‍ വലിയൊരു മാനുഷിക ദുരന്തം കൂടി അരങ്ങേറി. മുപ്പത് വര്‍ഷമായി അവിടെ താമസിക്കുന്ന തോമസിന്റെ മകന്റെ വിവാഹ മനസമ്മതം തൊട്ടടുത്ത ദിവസം അംബൂരി പള്ളിയില്‍ നടക്കേണ്ടതാണ്. അതിനായി കോട്ടയം, ആലപ്പുഴ തുടങ്ങി ജില്ലകളില്‍നിന്നും കേരളത്തിനു പുറത്ത് പൂനയില്‍നിന്നും വരെ അടുത്ത ബന്ധുക്കള്‍ അവിടെ എത്തിയിരുന്നു. സന്തോഷകരമായ ആ കുടുംബക്കൂട്ടായ്മയിലേയ്ക്കാണ് മരണം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ കടന്നുവന്നത്. ക്ഷണിക്കാതെ വന്ന ആ അതിഥി  രണ്ടുപേരെ മാത്രം തൊട്ടില്ല; ഗൃഹനാഥനായ തോമസിനേയും കോട്ടയത്തുനിന്നു വന്ന ഒരു കുട്ടിയേയും. ഉരുള്‍പൊട്ടലിന്റെ ആദ്യ മിനിറ്റുകളില്‍ ചുറ്റുവട്ടത്തുള്ള നാട്ടുകാരുടെ സമയോചിത പ്രവൃത്തികൊണ്ടു മാത്രമാണ് തോമസ് രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലിന്റെ ഒച്ചയും ഇരമ്പലും കേട്ട് തൊട്ടയല്‍പക്കത്തെ വീട്ടമ്മ ജനലിലൂടെ നോക്കുമ്പോള്‍ മിന്നലിന്റെ വെളിച്ചത്തില്‍ ആ കാഴ്ച കണ്ടു. തോമസിന്റെ വീട് നിന്നിടം ശൂന്യം. പെട്ടെന്ന് രക്ഷിക്കണേ എന്ന് നിലവിളി കേട്ട് ശ്രദ്ധിക്കുമ്പോള്‍ ദേഹം മുഴുവന്‍ മണ്ണിനടിയിലായ നിലയിലായിരുന്നു തോമസ്. അയല്‍ക്കാര്‍ ഓടിവന്ന് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ഏറെ പണിപ്പെട്ടാണ് അയാളെ രക്ഷിച്ചത്. ആ സമയത്തും രക്ഷിക്കാനെത്തിയവരുടെ സുരക്ഷയെ കരുതി അവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുള്ള മനസാന്നിദ്ധ്യം ആ മനുഷ്യന്‍ പ്രകടിപ്പിച്ചു. അംബൂരി ആശുപത്രിയില്‍നിന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ അയാളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ അങ്ങനെ ഏതാനും പേരെ രക്ഷപ്പെടുത്തി അംബൂരി ഗുഡ് സമരിറ്റന്‍ ആശുപത്രിയിലാക്കിയിരുന്നു. 

അമ്പൂരി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ കണ്ടെത്തുന്നതും കാത്തുനിൽക്കുന്നു/ ഫയൽ ഫോട്ടോ/ എക്സ്പ്രസ്
അമ്പൂരി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ കണ്ടെത്തുന്നതും കാത്തുനിൽക്കുന്നു/ ഫയൽ ഫോട്ടോ/ എക്സ്പ്രസ്

മുഖ്യമന്ത്രി നല്‍കിയ പിന്തുണ

അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ സുഗമമായി. ദുരന്തം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച അതിവൃഷ്ടി പൂര്‍ണ്ണമായും നിലച്ചു. മണ്ണുമാറ്റുന്നതിന് പ്രൊക്ലേന്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ എത്തി. മണ്ണിനടിയില്‍ തകര്‍ന്നുകിടക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടഭാഗങ്ങള്‍ മുറിച്ചു മാറ്റാന്‍ അഗ്‌നിരക്ഷാസേന കൂടുതല്‍ ഉപകരണങ്ങളെത്തിച്ചിരുന്നു. അതെല്ലാം സുഗമമായി നീങ്ങിയപ്പോഴും എല്ലാത്തിന്റേയും അവസാനം കടുത്ത നിരാശതന്നെ ആയിരുന്നു ഞങ്ങള്‍ക്ക്. ജീവന്റെ തുടിപ്പ് അവശേഷിക്കുന്ന മനുഷ്യശരീരം, ഏതെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ വായു തടഞ്ഞുനില്‍ക്കുന്ന ഇടങ്ങളില്‍ കണ്ടേക്കാം എന്നായിരുന്നു പ്രതീക്ഷ. അത്തരം ചില അതിശയങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോകത്ത് പലേടത്തും സംഭവിച്ചിട്ടുണ്ട്. ആ പ്രതീക്ഷയില്‍ ദുരന്തഭൂമിയില്‍ ആഴത്തിലേയ്ക്ക് തെരച്ചില്‍ നീണ്ടു. ഒരു കയ്യോ കാലോ വസ്ത്രത്തിന്റെ ഭാഗമോ കാണുന്നുവെന്നു തോന്നിയാല്‍ പിന്നെ മണ്ണ് നീക്കിയത് ഏറെ കരുതലോടേയും സാവകാശത്തിലും ആയിരുന്നു. ജീവനുണ്ടങ്കില്‍ അശ്രദ്ധകൊണ്ട് ദേഹത്ത് ഒരു പോറല്‍ പോലും ഏല്‍ക്കരുതല്ലോ. സമയം മുന്നോട്ടുപോകുന്തോറും വീണ്ടെടുക്കുന്ന മൃതദേഹങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. വെളുപ്പിന് മൂന്നു വരെ 7 ജീവനറ്റ ശരീരങ്ങള്‍ ലഭിച്ചു. നേരം വെളുത്തപ്പോള്‍ അത് 17 ആയി. സ്ത്രീകളും കുട്ടികളും ആയിരുന്നു കൂടുതലും. കാണാതായവര്‍ പിന്നെയും ബാക്കിയായി. അത് കൃത്യമായി അപ്പോള്‍ അറിയില്ലായിരുന്നു. അകലെനിന്നും മനസമ്മതത്തിന് തോമസിന്റെ വീട്ടില്‍ വന്ന പല കുടുംബങ്ങളിലേയും മുഴുവന്‍ പേരും മണ്ണിനടിയില്‍ ആയിരുന്നു. ഒരാളെങ്കിലും രക്ഷപ്പെട്ടെങ്കിലല്ലേ, പ്രിയപ്പെട്ടവര്‍ എവിടെ എന്ന് ഉല്‍ക്കണ്ഠപ്പെടുകയുള്ളു. ശനിയാഴ്ച നേരം പുലര്‍ന്നിട്ടും തിരച്ചില്‍ തുടര്‍ന്നു. അപ്പോഴേയ്ക്കും പാങ്ങോടുനിന്നും സൈനികരും പള്ളിപ്പുറത്തുനിന്ന് സി.ആര്‍.പി.എഫും അവിടെ എത്തിയിരുന്നു. അന്ന് വൈകുന്നേരമായപ്പോള്‍ കണ്ടെടുത്തവരുടെ എണ്ണം 36 ആയി. പിന്നെ അവശേഷിച്ച രണ്ടുപേര്‍ക്കുവേണ്ടി മാത്രം അടുത്ത ദിവസങ്ങളിലും തിരച്ചില്‍ തുടരേണ്ടിവന്നു. വിവിധ ഏജന്‍സികളില്‍പ്പെട്ട യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുമയോടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. മണ്ണും ചെളിയും നീക്കിയശേഷം മണ്ണിനടിയില്‍ തകര്‍ന്നു കിടന്ന വീടിന്റ വിവിധ ഭാഗങ്ങള്‍ സൂക്ഷ്മതയോടെ ഉള്ളിലേയ്ക്ക് നീങ്ങിയുള്ള പരിശോധന അതികഠിനമായ അദ്ധ്വാനവും പ്രത്യേക വൈദഗ്ദ്ധ്യവും ആവശ്യമുള്ളതാണ്. അതിനിടയില്‍ ഒരു മനുഷ്യന്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചു. ഒരുപാട് മൃതദേഹങ്ങള്‍ പുറത്തെടുത്തത് അയാളുടെ കൈകളിലൂടെയാണ്. അഗ്‌നിരക്ഷാസേനയിലെ അശോക് കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു അത്. ഏതാണ്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് സര്‍വ്വീസില്‍നിന്നു വിരമിക്കുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ എന്നെ കണ്ടു. അപ്പോഴും, അംബൂരിയില്‍ കണ്ട അശോക് കുമാറായിരുന്നു മനസ്സില്‍. 

പല മേഖലകളിലുമുള്ള ഒരുപാട് മനുഷ്യര്‍ ആ സമയത്ത് അനുഷ്ഠിച്ച സേവനം വളരെ വലുതായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൊതുപ്രവര്‍ത്തകരും സാധാരണ മനുഷ്യരും എല്ലാം ദുരന്തത്തില്‍ ഒരുമിച്ചു. മരണം വിതച്ച പ്രകൃതി വേഗം ശാന്തമായി. മരണപ്പെട്ടവര്‍ക്ക് എല്ലാം കഴിഞ്ഞു. പക്ഷേ, മറ്റുള്ളവര്‍ക്ക് ഒരുപാട് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ടായിരുന്നു. എല്ലാ അപകടമരണങ്ങളിലേയും പോലെ ഇവിടെയും കേസ്, ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം തുടങ്ങിയ ഔപചാരികതകള്‍ വേണ്ടിയിരുന്നു. ഈ കേസില്‍ പ്രതി പ്രകൃതിയോ പ്രകൃതിയുമായി ഇടഞ്ഞ മനുഷ്യനോ എന്ന ചോദ്യം ബാക്കിയായി. കേസിന്റെ കാര്യം വന്നപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല എന്നാണെനിക്കു തോന്നിയത്. മരണകാരണം കണ്ടെത്താനും കൃത്യത്തിന്റെ തെളിവ് ശേഖരിക്കാനും ആണല്ലോ പോസ്റ്റുമോര്‍ട്ടം. ഇവിടെ അതെല്ലാം എല്ലാപേര്‍ക്കും അറിയാം. എങ്കിലും പിന്നീട് ഇന്‍ഷുറന്‍സ് പോലുള്ള എന്തെങ്കിലും ആവശ്യം ഉയര്‍ന്നുവന്നാല്‍ ഇത്തരം രേഖകള്‍ വേണ്ടിവന്നാലോ എന്ന സംശയം ചില പൊതു പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. നടപടിക്രമങ്ങള്‍ പരമാവധി ലഘൂകരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അംബൂരിയില്‍ വെച്ച് അതെല്ലാം നിര്‍വ്വഹിച്ചു. 

വിവാഹ മനസമ്മതച്ചടങ്ങ് നടക്കേണ്ട പള്ളിയില്‍ അതിനായി നിശ്ചയിച്ച ദിവസം വരന്റേയും മറ്റുള്ളവരുടേയും മരണാനന്തര ചടങ്ങുകള്‍ നടന്നപ്പോള്‍ ദുരന്തത്തിന്റെ മറ്റൊരദ്ധ്യായം പൂര്‍ത്തിയായി. മുഴുവന്‍ കുടുംബത്തേയും നഷ്ടമായ തോമസിനെപ്പോലെ ഒരുപാട് മനുഷ്യരുടെ ജീവിതത്തില്‍ അംബൂരി ദുരന്തത്തിന്റെ നിഴല്‍ ശിഷ്ടകാലം മുഴുവന്‍ വീണിരിക്കണം. കേരളം അതുവരെ കണ്ടതില്‍ ഏറ്റവും വലിയ പ്രകൃതിദുരന്തം എന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞത് മരണസംഖ്യ അടിസ്ഥാനമാക്കിയാകണം. ദുരന്തം ബാക്കിയാക്കിയ ഒറ്റപ്പെട്ട മനുഷ്യരുടെ മുന്നോട്ടുള്ള  ജീവിതമായിരുന്നു അംബൂരിയില്‍നിന്നു മടങ്ങുമ്പോള്‍ എന്റെ മനസ്സില്‍.

മുഖ്യമന്ത്രിയുടെ ഓഫീസിലെ മീറ്റിംഗില്‍ നിന്നാണല്ലോ ഞാന്‍ അംബൂരിക്കു പോയത്. പത്തനംതിട്ട എസ്.പിയുടെ സ്ഥലംമാറ്റ ചര്‍ച്ച അന്നവിടെ അപൂര്‍ണ്ണമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ അംബൂരിയില്‍നിന്നു മടങ്ങിയ ഉടന്‍ മുഖ്യമന്ത്രി എന്നെ ഫോണില്‍ വിളിച്ചു. യോഗത്തില്‍ പറഞ്ഞുനിര്‍ത്തിയ സ്ഥലംമാറ്റ വിഷയത്തെപ്പറ്റി അദ്ദേഹം ചോദിച്ചു. സബ്ബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യാന്‍ ഇടയായ സാഹചര്യം വിശദമായി അദ്ദേഹത്തോടു പറഞ്ഞു. ആ പശ്ചാത്തലം മുഖ്യമന്ത്രി അപ്പോള്‍ മാത്രമാണ് സൂക്ഷ്മമായി മനസ്സിലാക്കിയത് എന്നെനിക്കു ബോദ്ധ്യമായി. അദ്ദേഹവും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. മുഖ്യമന്ത്രി എനിക്കു വലിയ പരിഗണന നല്‍കിയപോലെ തോന്നി. അദ്ദേഹത്തിന്റെ ഈ സമീപനം എന്നെ സ്പര്‍ശിച്ചു. അംബൂരിയില്‍നിന്നു മടങ്ങുമ്പോള്‍ മരവിച്ചിരുന്ന മനസ്സിന് അല്പം ഉണര്‍വ്വു തോന്നി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com