'മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ അപ്രീതി പൊലീസ് ആസ്ഥാനത്തെ വിറളി പിടിപ്പിച്ച പോലെ തോന്നി'

'കടത്തുവള്ളം യാത്രയായി, യാത്രയായീ, കരയില്‍ നീ മാത്രമായി' കള്ളിച്ചെല്ലമ്മ'യിലെ പ്രസിദ്ധമായ ഈ ഗാനശകലം പൊലീസ് ആസ്ഥാനത്ത് ഒരു ഫയലില്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം, അത്ഭുതം
'മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ അപ്രീതി പൊലീസ് ആസ്ഥാനത്തെ വിറളി പിടിപ്പിച്ച പോലെ തോന്നി'

'കടത്തുവള്ളം യാത്രയായി, യാത്രയായീ, കരയില്‍ നീ മാത്രമായി'' പി. ഭാസ്‌കരന്‍ എന്ന മഹാപ്രതിഭയുടെ തൂലികയില്‍ പിറന്ന് ജയചന്ദ്രന്‍ ഹൃദയത്തില്‍ തൊടുന്നപോലെ പാടിയ വരികള്‍ ആര്‍ക്ക് മറക്കാനാകും? 'കള്ളിച്ചെല്ലമ്മ'യിലെ പ്രസിദ്ധമായ ഈ ഗാനശകലം പൊലീസ് ആസ്ഥാനത്ത് ഒരു ഫയലില്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ സന്തോഷം, അത്ഭുതം. ഫയലില്‍ അത് കുറിച്ചത് അന്ന് എന്റെ മേലുദ്യോഗസ്ഥനായിരുന്ന ജേക്കബ്ബ് പുന്നൂസ് സാറായിരുന്നു. കോട്ടയം ജില്ലയ്ക്ക് പൊലീസ് ബോട്ട് വാങ്ങണം എന്ന് അവിടുത്തെ എസ്.പിക്ക് കലശലായ ആഗ്രഹം. ഫയലിലെ പരിഗണനാ വിഷയം അതായിരുന്നു. അങ്ങനെയൊരു പ്രൊപ്പോസല്‍ പൊലീസ് ആസ്ഥാനത്ത് വന്നു. ബോട്ടിന്റെ ഫയല്‍ പൊലീസ് ആസ്ഥാനത്ത് താഴെനിന്നും മെല്ലെ മെല്ലെ സഞ്ചരിച്ച് സന്ധ്യയിലൂടെ ഭരണവിഭാഗം ഡി.ഐ.ജി ആയിരുന്ന എന്റെ മുന്നിലെത്തി. വീണ്ടും പൊലീസ് ബോട്ട് വാങ്ങാന്‍ ശ്രമം എന്നു കണ്ട ഉടന്‍, ഞാനേതാണ്ട് വിറളിപിടിച്ച പോലെയായി എന്നു വേണമെങ്കില്‍ പറയാം. അതിനു കാരണങ്ങള്‍ പലതാണ്. ഒന്നാമതായി ആലപ്പുഴയിലെ അനുഭവം. അവിടെ പൊലീസിന് നാലഞ്ച് ബോട്ടുകളുണ്ടായിരുന്നു. ബോട്ടിന്റെ സാരഥികള്‍ ഇന്ധനം ഊറ്റി ഊറ്റി പിന്നീട് സ്വന്തമായി ബോട്ട് വാങ്ങിയ കഥകള്‍ അവിടെ കേട്ടു. എല്ലാം സത്യമാകണമെന്നില്ല. കഥകള്‍ അങ്ങനെയാണല്ലോ, ചുറ്റും കേള്‍ക്കുന്ന പല വീരകഥകളും പോലെ. എസ്.പി.ക്കു വേണ്ടി കുട്ടനാട് റോവര്‍ എന്ന പേരില്‍ ഒരു വലിയ ബോട്ടും ആലപ്പുഴയിലുണ്ടായിരുന്നു. ഏതാണ്ട് ഒരു ഉല്ലാസനൗകയെപ്പോലെയാണത് ഉപയോഗിച്ചിരുന്നത്. ഉല്ലാസം എനിക്കിഷ്ടമായിരുന്നെങ്കിലും എനിക്കതിന് അവസരം കിട്ടിയില്ല. കാരണം നൗക അന്ന് കേടായിരുന്നു. മറ്റൊരു ബോട്ട് വാങ്ങലിന്റെ അഴിമതിക്കഥകളും വിജിലന്‍സ് അന്വേഷണവും അന്നു സജീവമായിരുന്നു. ആധുനികവല്‍ക്കരണത്തിന് ഫണ്ട് നന്നേ കുറവായിരുന്ന അക്കാലത്ത് പല പൊലീസ് സ്റ്റേഷനുകളിലും ജീപ്പുപോലും ഇല്ലാത്ത അവസ്ഥയായിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ ഫണ്ടിന്റെ വിനിയോഗത്തില്‍ ഞാനത്ര ഉദാരമതി ആയിരുന്നില്ലെന്നു തോന്നുന്നു. എല്ലാംകൂടി ചേര്‍ന്നപ്പോള്‍ കോട്ടയത്തിനൊരു പൊലീസ് ബോട്ടെന്ന ആശയത്തോട് അന്നെനിക്ക് തീരെ യോജിപ്പില്ലായിരുന്നു. വിയോജിപ്പ് ശക്തമായി ഫയലില്‍ ഞാന്‍ രേഖപ്പെടുത്തി. അത് ഐ.ജിയുടെ അടുത്തെത്തിയപ്പോള്‍ അദ്ദേഹം എഴുതി; ''കടത്തുവള്ളം യാത്രയായി, യാത്രയായീ, കരയില്‍ നീ മാത്രമായി, എന്ന അവസ്ഥയിലായല്ലോ ഞാനിപ്പോള്‍.'' തുടര്‍ന്ന്, ആലപ്പുഴ പോലെ കുട്ടനാടും മഹാനദികളും ഒന്നുമില്ലെങ്കിലും മീനച്ചിലാറും മണിമലയാറും ഒക്കെയുള്ള കോട്ടയത്തെ പൊലീസിന് ഒരു കൊതുമ്പുവള്ളമെങ്കിലും വേണ്ടേ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. പൊലീസ് ആസ്ഥാന ജീവിതത്തെ ഇത്തരം ചില കൗതുകങ്ങള്‍ രസകരമാക്കി. 

വേട്ടയാടപ്പെടുന്ന ഉദ്യോഗസ്ഥര്‍

താരതമ്യേന കൂടുതല്‍ ഫയലുകളും കുറച്ച് മനുഷ്യരും മാത്രമുള്ള ആ ലോകവും എനിക്കിഷ്ടമായിരുന്നു. ഫയലുകള്‍ക്കിടയിലെ ജീവിതത്തിലും അധികാരലോകത്തെ ചില അന്തര്‍ധാരകള്‍ തെളിഞ്ഞുവരുന്നത് ഞാന്‍ കണ്ടു. പൊലീസുകാരുടെ ഉപയോഗത്തിന് അന്ന് ഹെല്‍മറ്റ് വാങ്ങിയിരുന്നു. വാങ്ങല്‍ പൂര്‍ത്തിയായിട്ടും ''ഹെല്‍മറ്റ് ഇനിയും വേണ്ടേ? വീണ്ടും വീണ്ടും വാങ്ങിക്കോളൂ'' എന്ന രീതിയില്‍ ചില പേപ്പറുകള്‍ ആഭ്യന്തരവകുപ്പില്‍നിന്നു കണ്ടപ്പോള്‍ കൗതുകം തോന്നി. അത് മാറ്റിവച്ചു. വൈകാതെ, തന്റെ സ്ഥാപനത്തിന് ദൈവനാമം നല്‍കിയ നഗരത്തിലെ വ്യാപാരി എന്നെ കണ്ടു. പഴയ നിരക്കില്‍ വീണ്ടും ഹെല്‍മറ്റ് നല്‍കാന്‍ വ്യാപാരിക്കു സമ്മതം. തീവ്രമായ പ്രണയാഭിലാഷം 'ആമൃസശ െശ െംശഹഹശിഴ' (ബര്‍ക്കിസിന് സമ്മതം) എന്ന സന്ദേശത്തിലൊതുക്കിയ ചാള്‍സ് ഡിക്കന്‍സ് കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു ഈ വ്യാപാരി. 'പ്രണയാഭ്യര്‍ത്ഥന' ഞാന്‍ സ്വീകരിച്ചുമില്ല, നിരസിച്ചുമില്ല. സര്‍ക്കാര്‍ ഭാഷയില്‍ പറഞ്ഞാല്‍ പെന്‍ഡിംഗില്‍ വെച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ ആഭ്യന്തരത്തിലെ ഉന്നതന്‍ എന്നെ ഫോണ്‍ ചെയ്തു. ഹെല്‍മറ്റ് മാഹാത്മ്യം തന്നെ ആയിരുന്നു വിഷയം. ''വാങ്ങാം സാര്‍'' എന്ന് പറഞ്ഞെങ്കിലും വാങ്ങിയില്ല. ആ വ്യാപാരിയുടെ ഉന്നത സ്വാധീനത്തെക്കുറിച്ച് അന്ന് ഒരുപാട് കേട്ടിരുന്നു. അത് എത്രത്തോളം എന്ന് അറിയുക എന്ന എന്റെ 'ദുരുദ്ദേശ്യം' സാധിച്ചു. 

അങ്ങനെ ഒരു വര്‍ഷം വേഗം കടന്നുപോയി. ആ സമയത്തൊരു മാറ്റം തീരെ പ്രതീക്ഷിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ട് മാസം മാത്രമുള്ളപ്പോള്‍ പൊലീസ് ആസ്ഥാനത്തു നിന്ന് എന്നെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആയി മാറ്റി നിയമിച്ചു. ആ മാറ്റം ദോഷകരമാണെന്ന് എന്റെ സുഹൃത്ത് രാജേഷ് ദിവാന്‍ എന്നോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മാറ്റം സംഭവിക്കുമെന്നും അപ്പോള്‍ പുതിയ സര്‍ക്കാര്‍ എന്നെ 'ഒതുക്കും' എന്ന ഉല്‍ക്കണ്ഠ അദ്ദേഹം പ്രകടിപ്പിച്ചു. ഗുണമായാലും ദോഷമായാലും എനിക്കതിലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ റേഞ്ച് ഡി.ഐ.ജി ആയി. റേഞ്ച് ഡി.ഐ.ജി എന്നാല്‍ നാല് പൊലീസ് ജില്ലകളുടെ ചുമതലയാണ്. കേട്ടാല്‍ തോന്നും അതൊരു ഭയങ്കര തലവേദന ആണെന്ന്. പക്ഷേ, യാഥാര്‍ത്ഥ്യം അതല്ലെന്ന് പണ്ടേ തോന്നിയിട്ടുണ്ട്. ജില്ലാ എസ്.പിയുടെ താങ്ങാനാവാത്ത ദൈനംദിന ജോലി ഡി.ഐ.ജിക്കില്ല. ഉച്ചകഴിഞ്ഞ് ഓഫീസില്‍ വരേണ്ട കാര്യം തന്നെയില്ലെന്നു കണ്ടെത്തിയ പല മുന്‍ഗാമികളേയും പല റേഞ്ചുകളിലും കണ്ടിട്ടുണ്ട്. പൊലീസ് ഭരണത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വേഗത്തില്‍ സംഭവിച്ചിട്ടുള്ള ഓഫീസാണ് ഈ റേഞ്ച്. ഇടയ്ക്ക് റേഞ്ചിന്റെ കീഴിലുള്ള ജില്ലകള്‍ മാറും, ഇടയ്ക്ക് റേഞ്ച് ഐ.ജി ആകും, ഇടയ്ക്കിടെ ഓഫീസ് ആസ്ഥാനം തന്നെ മാറും. ഇങ്ങനെ പലവിധ മാറ്റങ്ങള്‍കൊണ്ട് നാട്ടുകാര്‍ക്കും റേഞ്ച് ഡി.ഐ.ജി ഓഫീസിനെക്കുറിച്ചുള്ള ധാരണ പൊലീസ് സ്റ്റേഷനേയോ ജില്ലാ എസ്.പി ഓഫീസിനേയോ അപേക്ഷിച്ച് നന്നേ കുറവായിരുന്നു. അതുകൊണ്ട് പരാതിക്കാരും കുറയും. വലിയ അധികാരവും കുറച്ചു ജോലിയും ആണല്ലോ ഈ റേഞ്ച് ഡി.ഐ.ജിക്ക് എന്നു തോന്നാതിരുന്നില്ല. ആ തോന്നലിന്റെ സുഖം തുടക്കത്തില്‍ത്തന്നെ നഷ്ടമാക്കിയ ഒരു സംഭവം തലസ്ഥാനത്ത് ഉണ്ടായി. 

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍നിന്നും ഒരു യുവതി ബലമായി പുറത്തു ചാടാന്‍ ശ്രമിക്കുന്നു എന്നൊരു വയര്‍ലെസ്സ് സന്ദേശം ആയിരുന്നു തുടക്കം. പാളയത്ത് ട്രാഫിക്ക് പൊലീസ്, കാര്‍ നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും നിര്‍ത്താതെ സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് നീങ്ങി. പട്രോളിങ്ങിലായിരുന്ന ചെറുപ്പക്കാരനായ കന്റോണ്‍മെന്റ് എസ്.ഐ അതു കേട്ടു. സെക്രട്ടറിയേറ്റിനടുത്ത് ജാഗ്രതയോടെ അയാള്‍ കാത്തുനിന്നു. ഏതാനും നിമിഷങ്ങളേ എടുത്തുള്ളു. പ്രതീക്ഷിച്ച കാര്‍ ട്രാഫിക്ക് ജംഗ്ഷനടുത്തെത്തി. സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പിന്നില്‍ കാര്‍ എത്തിയപ്പോള്‍ എസ്.ഐയും അവിടെയുണ്ട്. കാറിനുള്ളില്‍ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവും അടുത്തിരുന്ന യുവതിയും തമ്മില്‍ എന്തോ രൂക്ഷമായി സംസാരിക്കുന്നുണ്ടായിരുന്നു.

രാജേഷ് ദിവാൻ
രാജേഷ് ദിവാൻ

എസ്.ഐയെ കണ്ടപ്പോള്‍ പെട്ടെന്ന് അവര്‍ നിശ്ശബ്ദരായി. ''എന്താണ് പ്രശ്‌നം?'' എസ്.ഐ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവിനോട് ചോദിച്ചു: ''എന്തു പ്രശ്‌നം? ഒന്നുമില്ല'' അയാള്‍ പറഞ്ഞു. യുവതിയെ ചൂണ്ടി ''ഇവര്‍ വാഹനത്തില്‍നിന്ന് പുറത്തു ചാടാന്‍ ശ്രമിച്ചോ?'' എന്ന് ചോദിച്ചു. പെട്ടെന്ന് ഇരുവരും നിശ്ശബ്ദരായി. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാവര്‍ത്തിച്ച് ചോദിച്ചിട്ടും മറുപടിയൊന്നുമുണ്ടായില്ല. എന്തോ പന്തികേടുണ്ടെന്നു വ്യക്തമായിരുന്നു. തിരക്കേറിയ നടുറോഡില്‍ ആ രംഗം നീട്ടിക്കൊണ്ടു പോകുന്നത് ഉചിതമല്ലെന്ന് എസ്.ഐയ്ക്കു തോന്നി. എന്നാല്‍, അവരെ അവരുടെ പാട്ടിന് വിടാനും ധൈര്യം തോന്നിയില്ല. മുന്‍പോട്ട് പോകുമ്പോള്‍ ആ പെണ്‍കുട്ടി എങ്ങാനും എടുത്ത് ചാടിയാല്‍, എന്നായിരുന്നു അയാള്‍ ചിന്തിച്ചത്. കാര്യങ്ങള്‍ ബോധ്യപ്പെട്ട ശേഷം ഉടന്‍ പോകാം എന്ന് നിര്‍ദ്ദേശിച്ച് അവരെ കാറില്‍ തന്നെ തൊട്ടടുത്ത കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. പിന്നെ അതിവേഗം കാര്യങ്ങള്‍ മുന്നോട്ട് നീങ്ങി. രണ്ടു പേരും ആരെയൊക്കെയോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. അതിനൊന്നും പൊലീസ് തടസ്സം നിന്നില്ലെന്നു മാത്രമല്ല, ബന്ധുക്കളാരെങ്കിലും വന്നാല്‍ അവരെക്കൂട്ടി വിടാം എന്നായിരുന്നു എസ്.ഐയുടേയും ചിന്ത. അവരുടെ അടുത്ത ബന്ധു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്നു. ഫോണ്‍വിളികള്‍ തലങ്ങും വിലങ്ങും പാഞ്ഞു. വിഷയത്തില്‍ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇടപെട്ടു. മിനിറ്റുകള്‍ക്കകം അവരെ വിട്ടയക്കാന്‍ നിര്‍ദ്ദേശമെത്തി. അതിനിടെ സ്റ്റേഷനിലെത്തിയ ബന്ധുക്കളോടൊപ്പം അവരെ വിട്ടയക്കുകയും ചെയ്തു.

എല്ലാം ശുഭം എന്ന് യുവ എസ്.ഐ കരുതി. പക്ഷേ, വേഗം കഥയുടെ ഗതിമാറി. സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് വേണമെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നും സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. അദ്ദേഹം ഉടന്‍ എന്നെ വിളിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന യുവദമ്പതികളെ പൊലീസ് അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു എന്നാണ് ആരോപണം. ഇത് ഗുരുതരമായ പൊലീസ് അതിക്രമമായി ചിത്രീകരിക്കുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. അന്വേഷണം നടത്തി അതില്‍ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാല്‍ സാധാരണയായി എസ്.ഐയുടെ പേരില്‍ അച്ചടക്കനടപടി സ്വീകരിക്കേണ്ടത് ഡി.ഐ.ജി ആയ ഞാനാണ്. പരാതിയിലെ ആരോപണങ്ങള്‍ എന്തെല്ലാമാണെന്ന് കമ്മിഷണറോട് ചോദിച്ചു. ആരും പരാതിയൊന്നും നല്‍കിയിട്ടില്ല. എന്നാല്‍, എസ്.ഐയെ ഉടന്‍ സസ്പെന്റ് ചെയ്യാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.    പൊലീസ് കമ്മിഷണറുടെ ഉല്‍ക്കണ്ഠ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് എനിക്ക് കരുതാനായില്ല. കാരണം അന്വേഷണ റിപ്പോര്‍ട്ട് അന്നുതന്നെ കിട്ടണമെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നും എനിക്കും നിര്‍ദ്ദേശം കിട്ടി. യുവദമ്പതികളുടെ ബന്ധുവായ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖന്റെ അപ്രീതി പൊലീസ് ആസ്ഥാനത്തെ വിറളിപിടിപ്പിച്ചപോലെ തോന്നി. കസ്റ്റഡി മരണത്തിനോ പൊലീസ് വെടിവെയ്പിനോ ഒന്നും കാണാത്ത വേഗം എന്താണ് സൂചിപ്പിക്കുന്നത്? അതെന്തായാലും നീതി നടത്തുവാനുള്ള അടക്കാനാവാത്ത വ്യഗ്രതയാണ് എന്ന് കരുതാനായില്ല. ആസ്ഥാനം കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നിരിക്കണം. 

അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുക ഡി.ഐ.ജി ആയിരുന്ന ഞാനായിരിക്കില്ലെന്നും അത് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോയി അവിടെയാകും തീരുമാനം എന്നും വ്യക്തമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പങ്ക് സുപ്രധാനമാണ്. അധികാര കേന്ദ്രങ്ങളുടെ സര്‍വ്വവ്യാപിയും അദൃശ്യവുമായ കരങ്ങള്‍ അവിടെയും സ്വാധീനിക്കാം. അക്കാലത്ത് സ്പെഷ്യല്‍ ബ്രാഞ്ചില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ആയിരുന്ന സി.വി. രാജീവന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങാത്ത മൂല്യബോധമുള്ള മികച്ച ഉദ്യോഗസ്ഥനായിരുന്നു. പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍, അയാള്‍ ഉള്ളത് ഉള്ളതുപോലെ എഴുതും. അന്വേഷണത്തിന് അദ്ദേഹത്തെ ചുമതലപ്പെടുത്താന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. ഒരുതരം വൃത്തികെട്ട ധൃതി പ്രകടമായിരുന്നു. കാലതാമസം പോലെ നീതിനിഷേധത്തിലേയ്ക്ക് നയിക്കുന്ന ഒന്നാണ് അതിവേഗവും. ഒരു മനുഷ്യനെ ദോഷകരമായി ബാധിക്കാനിടയുള്ള സംഗതിയില്‍ അന്വേഷണം നടത്തുമ്പോള്‍ മുന്‍വിധിയില്ലാതെ പ്രസക്തമായ എല്ലാ വസ്തുതകളും കണ്ടെത്തി സൂക്ഷ്മമായി വിശകലനം ചെയ്ത് വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. അങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ പല ആവര്‍ത്തി വായിച്ച് തിരുത്തി മാത്രമേ ഞാന്‍ അന്തിമരൂപം നല്‍കിയിട്ടുള്ളൂ. പക്ഷേ, ആ സൗകര്യം ഇവിടെ രാജീവനു നല്‍കാന്‍ കഴിഞ്ഞില്ല. പൊലീസ് ആസ്ഥാനം തീപിടിച്ച പോലായിരുന്നു. പ്രമുഖന്റെ രോഷാഗ്‌നി ഉടന്‍ തണുപ്പിക്കണമല്ലോ. ആ ചൂട് എനിക്കും അനുഭവപ്പെട്ടു: ''എവിടെ അന്വേഷണ റിപ്പോര്‍ട്ട്? ഡി.ജി.പി കാത്തിരിക്കുന്നു.'' ഫോണ്‍വിളികള്‍ ഒരുപാട് വന്നു. അതിനിടെ പൊലീസ് ആസ്ഥാനത്ത് തലവേദന ആയി മാറിക്കഴിഞ്ഞിരുന്ന കന്റോണ്‍മെന്റ് എസ്.ഐ ഓഫീസില്‍ വന്ന് എന്നെ കണ്ടു. ജനങ്ങളോട് ഇടപഴകുന്നതില്‍ തികഞ്ഞ മര്യാദയും അന്തസ്സും പുലര്‍ത്തിയിരുന്നു ആ ഉദ്യോഗസ്ഥന്‍. ഞാനയാളുടെ ഭാഗം കേട്ടു. ഒരു കുറ്റബോധവും അയാള്‍ക്കില്ലായിരുന്നു. സത്യത്തില്‍ അഭിനന്ദനീയമായ കൃത്യനിര്‍വ്വഹണം ആയിരുന്നു അയാളുടേത്. പൊലീസ് നടപടി ശരി ആയാലും തെറ്റായാലും ചിലപ്പോള്‍ ആക്ഷേപം ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തൂ എന്നും ഞാന്‍ നിര്‍ദ്ദേശിച്ചു.

സന്ധ്യയായിട്ടും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയില്ല. ഡി.ജി.പി റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് അക്ഷമയോടെ ഫോണ്‍ പിന്നെയും വന്നു. അവസാനം രാത്രി 8.00 മണിയോടെ റിപ്പോര്‍ട്ട് കിട്ടി. ചുരുങ്ങിയ സമയം കൊണ്ട് പരാമാവധി വിവരങ്ങളും സാക്ഷിമൊഴികളും സമാഹരിച്ചിരുന്നു. എല്ലാം വിലയിരുത്തി, എസ്.ഐയുടെ നടപടികളെ ശരി വയ്ക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ചില വസ്തുതകള്‍ നിസ്തര്‍ക്കമായിരുന്നു. സബ്ബ് ഇന്‍സ്പെക്ടറോ മറ്റ് പൊലീസുകാരോ ഈ സംഭവത്തില്‍ ഏതെങ്കിലും തരത്തില്‍ ബലപ്രയോഗം നടത്തുകയോ, ഭീഷണിപ്പെടുത്തുകയോ അശ്ലീലപദ പ്രയോഗം നടത്തുകയോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, നഗരത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന ഭാര്യാഭര്‍ത്താക്കന്മാരെ വാഹനം തടഞ്ഞ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് അരമണിക്കൂറിനകം വിട്ടയച്ചുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുമുണ്ട്.  ഏതെങ്കിലും തരത്തിലുള്ള വ്യക്തിവിദ്വേഷമോ വ്യക്തിപരമായ പരിഗണനയോ പൊലീസ് നടപടിക്കു പിന്നിലില്ലായിരുന്നു എന്നതും വ്യക്തമാണ്. ഓടുന്ന വാഹനത്തില്‍നിന്നും സ്ത്രീ പുറത്ത് ചാടാന്‍ ശ്രമിക്കുന്നുവെന്ന വിവരം കിട്ടിയപ്പോള്‍ എസ്.ഐ ഇടപെട്ടതിനെ കുറ്റപ്പെടുത്തുക വയ്യ. യുവദമ്പതികളെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കാമായിരുന്നോ എന്നതാണ് ചോദ്യം. വസ്തുതകളും സാഹചര്യങ്ങളും ബോദ്ധ്യപ്പെടാതെ യാത്ര തുടരാന്‍ അനുവദിച്ചാല്‍ അതുണ്ടാക്കാന്‍ സാദ്ധ്യതയുള്ള ഭവിഷ്യത്തുകളും കണക്കിലെടുക്കേണ്ടതുണ്ട്. ലഭ്യമായ വിവരത്തിന്റെ വെളിച്ചത്തില്‍ അതിവേഗം നടുറോഡില്‍വെച്ച് എടുക്കേണ്ട തീരുമാനമാണ്. ആ തീരുമാനത്തില്‍ എന്തെങ്കിലും ന്യൂനത ഉണ്ടായിയെന്ന് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍ പോലും അതെങ്ങനെ ശിക്ഷാര്‍ഹമായ കുറ്റമാകും? ഇങ്ങനെ പോയി എന്റെ ചിന്തകള്‍. ഡിജിപിക്ക് റിപ്പോര്‍ട്ട് അയക്കുമ്പോള്‍ എന്റെ അഭിപ്രായം ശക്തമായി രേഖപ്പെടുത്തി. അത് വിഫലമാകാം എന്ന തോന്നലും ഉണ്ടായി. 

ബി സന്ധ്യ
ബി സന്ധ്യ

ഇക്കാര്യത്തില്‍ സോണല്‍ ഐ.ജിയുടെ അഭിപ്രായം ആരായുകയും പറ്റുമെങ്കില്‍ പിന്തുണ തേടുകയും ചെയ്യാമെന്ന ധാരണയില്‍ ഞാനദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. എല്ലാം അദ്ദേഹം ക്ഷമയോടേ കേട്ടു. ഇത്തരം ഒരു കാര്യത്തില്‍ എസ്.ഐയെ സസ്പെന്റ് ചെയ്യുന്നത് ഒരിക്കലും ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം എനിക്കൊരു ഉപദേശം കൂടി നല്‍കി. ''നിങ്ങള്‍ക്ക് ശക്തമായ അഭിപ്രായം ഇതിലുണ്ടെങ്കില്‍ അത് രേഖപ്പെടുത്തിയതുകൊണ്ട് മാത്രമായില്ല, നേരിട്ട് ഡി.ജി.പിയെ കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ കൂടി ശ്രമിക്കുന്നതാണ് ഉചിതം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഡി.ജി.പിയെ കാണാന്‍ ഞാന്‍ കൂടി വന്നേനെ.'' പക്ഷേ, അദ്ദേഹത്തിന് പെട്ടെന്ന് വീട്ടില്‍ പോകണം. കാരണം പറഞ്ഞത്, ഭാര്യയുടെ ജന്മദിനമായിരുന്നോ വിവാഹ വര്‍ഷികമായിരുന്നോ എന്നത് കൃത്യമായി ഓര്‍ക്കുന്നില്ല. ടെലഫോണ്‍ സംഭാഷണം അങ്ങനെ അവസാനിച്ചു. ഞാന്‍ നേരെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് പോയി. ഡി.ജി.പി കാത്തിരിക്കുകയായിരുന്നു. ഐ.ജിയും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. റിപ്പോര്‍ട്ട് നല്‍കിക്കൊണ്ട് ഞാന്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു. 'There were compelling circumstances to bring them to police station nearby (അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അവരെ കൊണ്ടുവരാന്‍ നിര്‍ബ്ബന്ധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു). അതിനപ്പുറം എസ്.ഐ മോശമായി പെരുമാറുകയോ ഒന്നും ഉണ്ടായിട്ടില്ല.'' എന്റെ വാക്കുകള്‍ക്ക് പ്രതികരണമുണ്ടായില്ല, ആരില്‍നിന്നും. നിശ്ശബ്ദത സുഖകരമായി തോന്നിയില്ല. റിപ്പോര്‍ട്ട് വാങ്ങി അതിന്റെ അവസാന ഭാഗങ്ങളും എന്റെ കുറിപ്പും വായിച്ച ശേഷം ഡി.ജി.പി അത് ഐ.ജിക്ക് കൈമാറി, ഒന്നും പറയാതെ. അദ്ദേഹം ഓടിച്ചുനോക്കിയ ശേഷം, 'no action is possible with this', (ഇത് വച്ച് ഒരു നടപടിയും സാധ്യമല്ല.) എന്ന് പതുക്കെ പറഞ്ഞു. എന്റെ സാന്നിധ്യം ഒഴിവാക്കുന്നതാണ് ഉചിതമെന്ന് തോന്നിയതുകൊണ്ട് ഞാന്‍ പുറത്തിറങ്ങി. അപ്പോഴും ഓഫീസില്‍ ഉണ്ടായിരുന്ന വിന്‍സണ്‍ പോള്‍ സാറിന്റെ മുറിയില്‍ കയറി. പൊലീസ് ആസ്ഥാനത്തെ തലവേദന അദ്ദേഹത്തെ ഒട്ടും ബാധിച്ചിട്ടില്ല. പുതിയ തലവേദനയെക്കുറിച്ച് അല്പം ചില തമാശകള്‍ പങ്കിട്ട് ഞാനിറങ്ങി. ഉള്ളില്‍ വലിയ ഭാരത്തോടെയായിരുന്നു അല്പം മുന്‍പ് ആ പടിക്കെട്ടുകള്‍ കയറിയത്. ഇപ്പോള്‍ മനസ്സ് തികച്ചും ശാന്തമായിരുന്നു. മനസ്സ് എല്ലാക്കാലത്തും അങ്ങനെയൊക്കെത്തന്നെയായിരുന്നുവെന്ന് തോന്നുന്നു. എത്ര സങ്കീര്‍ണ്ണമായ വിഷയത്തിലും സ്വന്തം ഉത്തരവാദിത്വം സ്വന്തം ബോദ്ധ്യമനുസരിച്ച് ചെയ്തുവെന്നുറപ്പായാല്‍ പിന്നീട് വലിയ ഉല്‍ക്കണ്ഠകള്‍ മനസ്സിനെ അലട്ടാറില്ല.

ഏതായാലും അന്നു രാത്രി പൊലീസ് ആസ്ഥാനത്തുനിന്നും ഉത്തരവൊന്നുമിറങ്ങിയില്ല. ഇക്കാര്യത്തില്‍ എന്നെ ആരും ബന്ധപ്പെട്ടില്ല. പക്ഷേ, വിഷയം അവസാനിച്ചിരുന്നില്ല. ഒന്നോ രണ്ടോ ദിവസത്തിനകം ആസ്ഥാനത്തുനിന്ന് മറ്റൊരു അന്വേഷണത്തിന് ഉത്തരവിട്ടു. അധികാര കേന്ദ്രങ്ങളുടെ താല്പര്യം മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റിയ ആളായിരുന്നു ആ ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. നാലഞ്ച് ദിവസം കഴിഞ്ഞ് പൊലീസ് ആസ്ഥാനത്തുനിന്ന് ഉത്തരവിറങ്ങി, എസ്.ഐയെ സസ്പെന്റ് ചെയ്തുകൊണ്ട്. അതെന്നെ അത്ഭുതപ്പെടുത്തിയില്ല.

സസ്പെന്‍ഷനു ശേഷം ഇക്കാര്യത്തില്‍ പ്രമുഖ സി.പി.ഐ നേതാവ് സി. ദിവാകരന്‍ എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചു. എന്റെ നിലപാട് അദ്ദേഹം എങ്ങനെയോ മനസ്സിലാക്കിയിരുന്നു. നിങ്ങളെടുത്ത 'സ്റ്റാന്‍ഡ്' ആണ് ശരി എന്ന് അദ്ദേഹം പറഞ്ഞു. സസ്പെന്‍ഷന്‍ കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനുശേഷം ഡി.ജി.പി എന്നെ ഫോണ്‍ വിളിച്ച് എസ്.ഐയെ സര്‍വ്വീസില്‍ തിരികെ എടുക്കാന്‍ ഉത്തരവിട്ടു എന്ന് പറഞ്ഞു. അതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി തോറ്റിരുന്നു. മറിച്ചായിരുന്നുവെങ്കില്‍ അത്രവേഗം തിരികെ എടുക്കുമായിരുന്നുവോ എന്ന ചോദ്യം അവശേഷിച്ചു. എങ്കിലും തിരിച്ചെടുത്ത കാര്യം എന്നോട് നേരിട്ട് അറിയിച്ചതില്‍ എനിക്ക് സന്തോഷം തോന്നി. 

അടുത്തിടെ കണ്ട, അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച ഡോക്ടര്‍ ബിജുവിന്റെ 'വെയില്‍ മരങ്ങള്‍' എന്ന സിനിമയിലെ ഒരു പൊലീസ് രംഗം ഇവിടെ പ്രസക്തമാണെന്ന് കരുതുന്നു. അതില്‍ അരിക് ജീവിതത്തിന്റെ പ്രതിനിധിയായ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പോക്കറ്റടി സംശയിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പില്‍ ആക്കുന്നു. ഒരുരാത്രി കഴിഞ്ഞ് യഥാര്‍ത്ഥത്തില്‍ പോക്കറ്റടിയേ നടന്നിട്ടില്ല എന്നറിയുമ്പോള്‍ പൊലീസ് അയാളെ മോചിപ്പിക്കുന്നു. ''നിന്നെ ഇവിടെ ആരും ഉപദ്രവിച്ചിട്ടില്ലല്ലോ'' എന്ന് എസ്.ഐ പ്രത്യേകം പറയുന്നുണ്ട്, വലിയ സൗജന്യം ചെയ്ത പോലെ. ആ പാവം മനുഷ്യന്‍ അര്‍ഹിക്കാത്ത രാത്രികാല ലോക്കപ്പ് കസ്റ്റഡിക്ക് ആരും മറുപടി പറയേണ്ടതില്ല. ഫ്രെഞ്ച് കവി ബോദ്ലേര്‍ എഴുതി (കൃതി, കലാകാരന്റെ കുമ്പസാരങ്ങള്‍; പരിഭാഷ വി. രവികുമാര്‍). ''നിസ്വരുടെ ശോകത്തില്‍ എന്തോ ഒന്നിന്റെ കുറവ് കാണാം, ഒരു ശ്രുതി ചേരായ്ക. അക്കാരണം കൊണ്ട് പക്ഷേ, അത്രയ്ക്ക് ഹൃദയഭേദകവുമാണത്. നിര്‍ദ്ധനര്‍ക്ക് തങ്ങളുടെ ദുഃഖത്തിലും ലുബ്ധിക്കേണ്ടി വരുന്നു. എന്നാല്‍, പണക്കാരുടെ ശോകമോ സര്‍വ്വാഭരണവിഭൂഷിതവും.'' കന്റോണ്‍മെന്റിലെ സംഭവത്തില്‍ ശോകം സര്‍വ്വാഭരണവിഭൂഷിതമാണ്; പൊലീസ് ആസ്ഥാനം തന്നെ ഇളകുന്നു; ഉടന്‍ എസ്.ഐ സസ്പെന്‍ഷനില്‍ ആകുന്നു. 

ജനാധിപത്യത്തില്‍, നിയമം ദുര്‍ബ്ബലനായ മനുഷ്യന്റെ ബലമാകേണ്ടതാണ്. ചിലപ്പോഴെങ്കിലും, പ്രയോഗത്തില്‍ വരുമ്പോള്‍, ദുര്‍ബ്ബലന്റെ നിസ്സഹായതയും പ്രബലന്റെ മേല്‍ക്കോയ്മയും അരക്കിട്ടുറപ്പിക്കുന്നതായിപ്പോകുന്നു നമ്മുടെ നിയമപാലനം. 

 (തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com