'കൂത്തുപറമ്പ് ഇഫക്ട്'  പരാമര്‍ശം  ഉള്‍ക്കൊണ്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ പരസ്യമായി

ഒരു ദിവസം ഉച്ചകഴിഞ്ഞ് ഓഫീസില്‍ വരുമ്പോള്‍ സിറ്റിയില്‍ സമരവും അക്രമവും ഉണ്ടായതായി കേട്ടു. അതില്‍ പുതുമ തോന്നിയില്ല
'കൂത്തുപറമ്പ് ഇഫക്ട്'  പരാമര്‍ശം  ഉള്‍ക്കൊണ്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ പരസ്യമായി

രണവിഭാഗം ഡി.ഐ.ജി ആയി ഞാന്‍ പൊലീസ് ആസ്ഥാനത്തെത്തുമ്പോള്‍ ബി.എസ്. ശാസ്ത്രി ആയിരുന്നു പൊലീസ് മേധാവി. രണ്ടു വര്‍ഷമായി ആ പദവിയില്‍  തുടരുകയായിരുന്ന അദ്ദേഹത്തിന് വിരമിക്കാന്‍ പിന്നെയും ഒരു വര്‍ഷം ബാക്കിയുണ്ടായിരുന്നു. വിരമിക്കല്‍ പ്രായം 58-ല്‍നിന്ന് 60 ആക്കിയതിന്റെ ആദ്യ ഗുണഭോക്താവ് അദ്ദേഹമായിരുന്നു. ഒരു സ്ഥാനമാറ്റം ആ സമയത്ത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അപ്രതീക്ഷിതമായത് സംഭവിച്ചു. ജീവിതത്തില്‍ പൊതുവേയും പൊലീസില്‍ പ്രത്യേകിച്ചും അങ്ങനെയാണല്ലോ. അറിഞ്ഞോ അറിയാതേയോ ഞാന്‍ കൂടി ഉള്‍പ്പെട്ട ആ നാളുകള്‍ ഓര്‍ത്തെടുക്കട്ടെ. 
  
ഒരു ദിവസം ഉച്ചകഴിഞ്ഞ് ഓഫീസില്‍ വരുമ്പോള്‍ സിറ്റിയില്‍ സമരവും അക്രമവും ഉണ്ടായതായി കേട്ടു. അതില്‍ പുതുമ തോന്നിയില്ല. തിരുവനന്തപുരം നഗരത്തില്‍ ധാരാളം സമരങ്ങളും സംഘര്‍ഷങ്ങളും അക്രമങ്ങളും കാലാകാലങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. കണ്ണീര്‍ വാതകം, ലാത്തിച്ചാര്‍ജ്ജ്, വെടിവെയ്പ്, ഒക്കെ ഉണ്ടാകും. എ.കെ.ജി സെന്റര്‍ വെടിവെയ്പ് പോലും ഉണ്ടായിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍, പിന്നെ സ്ഥിരമായി പൊലീസുകാരും ആണ് സാധാരണയായി അക്രമത്തിനിരയാകുന്നത്. പത്രക്കാര്‍ക്കും പലപ്പോഴും തല്ല് കിട്ടും. മാധ്യമങ്ങള്‍ ഒന്നോ രണ്ടോ ദിവസം തലക്കെട്ട് നിരത്തും. പിന്നെ എല്ലാ കോലാഹലങ്ങളും നിലയ്ക്കും. ഭരണവിഭാഗം ഡി.ഐ.ജി ആയി പൊലീസ് ആസ്ഥാനത്തു വന്നപ്പോള്‍ ഇത്തരം തലവേദനകളില്‍നിന്ന് ഞാന്‍ മോചിതനായി. അപ്പോഴും തലസ്ഥാനത്തെ 'കലാപരിപാടികള്‍' ഇടയ്ക്കിടെ അരങ്ങേറുന്നുണ്ടായിരുന്നു, പൂര്‍വ്വാധികം ഭംഗിയായി. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയം കൂടി ആയിരുന്നല്ലോ അത്. അതെല്ലാം പൊലീസ് കമ്മിഷണര്‍ പദ്മകുമാറിന്റേയും, റേഞ്ച് ഡി.ഐ.ജി വിന്‍സന്‍ പോള്‍ സാറിന്റേയും തലവേദനയായിരുന്നു. അതുകൊണ്ട് സിറ്റിയില്‍ അക്രമമുണ്ടായതായി കേട്ടപ്പോള്‍ ഞാനത് കാര്യമായി ഗൗനിച്ചില്ല. അന്ന് നഗരത്തില്‍ ബി.ജെ.പി ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥി യുവജന വിഭാഗത്തിന്റെ സമരപരിപാടി ഉണ്ടായിരുന്നു. തലേന്നും കല്ലേറും ലാത്തിച്ചാര്‍ജ്ജും മറ്റുമൊക്കെയുണ്ടായിരുന്നതാണ്. എന്നാലന്ന് വലിയ അക്രമം ഉണ്ടായെന്നും ബസുകള്‍ക്കും കടകള്‍ക്കും വലിയ നാശമുണ്ടായെന്നും കേട്ടു. കാര്യമായി പരുക്കേറ്റ ഒരാള്‍ പിന്നീട് മരണമടഞ്ഞു. തലേദിവസത്തെ സമരത്തെ പൊലീസ് നേരിട്ട രീതിയെക്കുറിച്ച് മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമുണ്ടായിരുന്നു. പെണ്‍കുട്ടികളുള്‍പ്പെടെയുള്ള സമരക്കാരെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചുവെന്നും ചിലരെ തലയ്ക്കടിച്ചെന്നും മറ്റും വാര്‍ത്തകളും ചിത്രങ്ങളുമുണ്ടായിരുന്നു. അതിന്റെ പ്രതിഷേധം കൂടിയായിരുന്നു അടുത്ത ദിവസത്തെ സമരം. ഡി.ജി.പി ശാസ്ത്രി സാറിന്റെ മുറിയില്‍ പോയപ്പോള്‍ നഗരത്തിലെ സംഭവങ്ങളെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചു. അദ്ദേഹം അല്പം ഉല്‍ക്കണ്ഠാകുലനായിരുന്നുവെന്ന് എനിക്കു തോന്നി. ഡി.ജി.പിക്ക് ഇന്റലിജന്‍സില്‍നിന്നും നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരില്‍നിന്നുമെല്ലാം നേരിട്ട് വിവരം കിട്ടിയിട്ടുണ്ടാകും. ഭരണവിഭാഗം ഡി.ഐ.ജിക്ക് അതിന്മേല്‍ കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. നഗരത്തിലെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടും കേട്ടും ഏറെ അനുഭവിച്ചും ഉള്ള അറിവിന്മേല്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് ഈ ബഹളം ശമിക്കും എന്നു ഞാന്‍ കരുതി. 

അങ്ങനെ ഇരിക്കെ, അന്ന് വൈകി ഡി.ജി.പി, ഈ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ഒരു റിപ്പോര്‍ട്ട് എന്നെ ഏല്പിച്ചു. സംസ്ഥാന ഇന്റലിജന്‍സില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടായിരുന്നു അത്. അന്ന് ഇന്റലിജന്‍സ് ഡി.ഐ.ജി ആയിരുന്ന ടി.പി. സെന്‍കുമാര്‍ ആണത് നല്‍കിയത്. ഇന്റലിജന്‍സ് മേധാവി ജേക്കബ്ബ് പുന്നൂസ്  ഈ സംഭവം നടക്കുമ്പോള്‍ കേരളത്തിനു പുറത്തായിരുന്നു. റിപ്പോര്‍ട്ട് ഞാന്‍ വായിച്ചു നോക്കി. നഗരത്തിലുണ്ടായ അക്രമസംഭവങ്ങളായിരുന്നു വിഷയം. പിന്നീട് പരസ്യമായ ആ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് അക്രമങ്ങള്‍ രൂക്ഷമായതെന്ന് സൂചിപ്പിച്ചിരുന്നു. കുറേക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന 'കൂത്തുപറമ്പ് ഇഫക്ട്' എന്ന പ്രയോഗം ഈ റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചിരുന്നു. പൊലീസ് നിഷ്‌ക്രിയത്വം ഉണ്ടായെന്നും അതിന്റെ കാരണം കൂത്തുപറമ്പ് ഇഫക്ട് ആണെന്നും ആയിരുന്നു നിഗമനം. 

വിൻസൻ പോൾ
വിൻസൻ പോൾ

കൂത്തുപറമ്പ് ഇഫക്ട്

സത്യത്തില്‍, തിരുവനന്തപുരത്ത് 'കൂത്തുപറമ്പ് ഇഫക്ട്' ആദ്യം നേരിട്ടത് ഞാന്‍ തന്നെയായിരുന്നു. അഞ്ചുപേരുടെ ജീവന്‍ നഷ്ടപ്പെട്ട ആ വെടിവെയ്പിനു ശേഷം അന്ന് മന്ത്രിയായിരുന്ന എം.വി. രാഘവന് സുരക്ഷ ഒരുക്കുന്നതില്‍ തിരുവനന്തപുരത്ത് ഞാന്‍ ഏറെ ബുദ്ധിമുട്ടിയതാണല്ലോ, 1995-ല്‍. 1995-ല്‍നിന്ന് 2000-ല്‍ എത്തുമ്പോള്‍ കൂത്തുപറമ്പിന്റെ ഇഫക്ടിനു വലിയ മാറ്റം വന്നു. 1996-ല്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം, കൂത്തുപറമ്പ് പൊലീസ് വെടിവെയ്പില്‍, മന്ത്രിയായിരുന്ന എം.വി. രാഘവനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കൊലപാതകത്തിന് പുതിയ കേസ് എടുക്കുകയും അവരെ അറസ്റ്റു ചെയ്യുകയും ധാരാളം പൊലീസ് ഉദ്യോഗസ്ഥര്‍ നടപടി നേരിടുകയും ചെയ്തു. അതേത്തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ സംസ്ഥാന പൊലീസിലും രാഷ്ട്രീയരംഗത്തും പൊതുസമൂഹത്തിലും വലിയ വിവാദങ്ങളും ചേരിതിരിവുകളും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യങ്ങളുടെയെല്ലാം പരിണതഫലമായി ഉണ്ടായ പൊലീസ് നിഷ്‌ക്രിയത്വം മൂലമാണ് തലസ്ഥാന സംഭവങ്ങള്‍ എന്നതായിരുന്നു ഇപ്പോഴത്തെ വിലയിരുത്തല്‍. ഞാനത് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്ന രഹസ്യവിഭാഗത്തില്‍ ഏല്പിച്ചു. ഉടനടി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്റലിജന്‍സ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസിനു തന്നെയായിരുന്നു ഐ.ജി അഡ്മിനിസ്ട്രേറ്റിന്റെ അധികച്ചുമതല. അതുകൊണ്ട് അദ്ദേഹം കൂടി വന്ന ശേഷം ഡി.ജി.പിയുമായി  ആലോചിച്ച് അടുത്ത നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കാം എന്നാണ് കരുതിയത്. 

അടുത്ത ദിവസം നിര്‍ണ്ണായകമായിരുന്നു. പതിവുപോലെ രാവിലെ  ഞാന്‍ ഓഫീസില്‍ എത്തി. അല്പം കഴിഞ്ഞ് ഡി.ജി.പിയും എത്തി. എത്തിയ ഉടന്‍ അദ്ദേഹം ഇന്റര്‍കോമില്‍ എന്നെ  മുറിയിലേയ്ക്ക് വിളിപ്പിച്ചു. തലസ്ഥാനത്തെ സംഭവങ്ങളെക്കുറിച്ച്  ഇന്റലിജന്‍സില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിലേയ്ക്ക് അയയ്ക്കാന്‍ പറഞ്ഞു. അതെന്തിനെന്ന് എനിക്ക് വ്യക്തമായിരുന്നില്ല. സാധാരണ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത്തരം റിപ്പോര്‍ട്ട് അയയ്ക്കുന്നതായി കണ്ടിരുന്നില്ല. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യഥാസമയം സര്‍ക്കാരില്‍ വിവരമറിയിക്കുന്ന ജോലി ഇന്റലിജന്‍സില്‍നിന്നും നിര്‍വ്വഹിക്കുകയാണ് പതിവ്. റിപ്പോര്‍ട്ട് ഡി.ജി.പിയുടേതായി സര്‍ക്കാരിലേയ്ക്ക് അയയ്ക്കുക എന്നത് അവധാനതയോടെ ചെയ്യേണ്ട ജോലിയാണ്. തിരുവനന്തപുരം സിറ്റിയിലെ പ്രശ്‌നം കൂത്തുപറമ്പ് ഇഫക്ട് ആണ് എന്ന  റിപ്പോര്‍ട്ട് ഡി.ജി.പി സര്‍ക്കാരിലേക്ക് അയയ്ക്കുമ്പോള്‍ ഫലത്തില്‍ അത് സംസ്ഥാന ഡി.ജി.പിയുടെ കാഴ്ചപ്പാടായി മാറുകയാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം ഹൈക്കോടതിയില്‍ വന്ന പ്രസിദ്ധമായ രാജന്‍ കേസില്‍ കോടതി പറഞ്ഞപോലെ പൊലീസ് മേധാവിയുടെ ഓഫീസ് പോസ്റ്റ് ഓഫീസ് അല്ലല്ലോ. മാത്രമല്ല, ഇവിടെ റിപ്പോര്‍ട്ട് ഇന്റലിജെന്‍സ് മേധാവി കണ്ടിട്ടുമില്ല. ആ സാഹചര്യം എല്ലാം മനസ്സില്‍വെച്ച് ഐ.ജി ഇന്റലിജെന്‍സ് ഇന്നെത്തുമല്ലോ എന്ന് ഞാന്‍ ഡി.ജി.പിയോട് പറഞ്ഞു. ഒന്നുകൂടി ആലോചിച്ച് സര്‍ക്കാരിലേയ്ക്ക് അയച്ചാല്‍ പോരേ എന്നുതന്നെയായിരുന്നു എന്റെ ഉദ്ദേശ്യം. അത്  കേട്ടപാടെ അദ്ദേഹം 'Why?, Why?' എന്ന് ആവര്‍ത്തിച്ച് ചോദിച്ചു. ''ഐ.ജിയെക്കൂടി കാണിക്കാനാണോ'' എന്നും ചോദിച്ചു. പ്രത്യക്ഷത്തില്‍ സൗമ്യത വെടിയാതെയാണ് സംസാരിച്ചതെങ്കിലും കൂടുതല്‍ പര്യാലോചന ആവശ്യമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ ധ്വനി. പിന്നെ ഞാനൊന്നും പറഞ്ഞില്ല. ഡി.ജി.പിയുടേതാണല്ലോ അവസാന വാക്ക്.   ഓഫീസില്‍ തിരിച്ചെത്തിയ ഉടന്‍ ഒരു കവറിംഗ് ലെറ്ററോടെ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കയച്ചു. പിന്നീടത് വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കി.  

ടിപി സെൻകുമാർ
ടിപി സെൻകുമാർ

കൂത്തുപറമ്പ് പരാമര്‍ശമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിലേയ്ക്ക് അയയ്ക്കാന്‍ ഡി.ജി.പി പറഞ്ഞത് തീരെ അശ്രദ്ധയോടെ ആയിരുന്നുവെന്ന് എനിക്കു തോന്നിയില്ല. അക്കാലത്ത് കൂത്തുപറമ്പ് വെടിവെയ്പിന്മേല്‍ സ്വീകരിച്ച പൊലീസ് നടപടികള്‍ പൊലീസ് സംവിധാനത്തിനുള്ളില്‍ കുറേ അസ്വസ്ഥതകളും വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഞാന്‍ മനസ്സിലാക്കിയേടത്തോളം ഡി.ജി.പി ബി.എസ്. ശാസ്ത്രിക്ക് അതില്‍ പല കാര്യങ്ങളോടും പൊരുത്തപ്പെടാനായിരുന്നില്ല. അതില്‍പ്പെട്ട ചില ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്കായി ഫയല്‍ പൊലീസ് ആസ്ഥാനത്തു വന്നിരുന്നു. അത് ഞാന്‍ ഡി.ജി.പിക്ക് സമര്‍പ്പിച്ചു. ഉടന്‍ തന്നെ അദ്ദേഹമത് സര്‍ക്കാരിലേയ്ക്കയയ്ക്കാന്‍ എഴുതി. അതേ സമയം തനിക്ക് അതിനോട് യോജിപ്പില്ലെന്നും പറഞ്ഞു. എങ്കില്‍ പിന്നെ അത് ഫയലില്‍ രേഖപ്പെടുത്തിക്കൂടേ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം എന്തോ പിറുപിറുത്തു. കൂത്തുപറമ്പ് കേസുമായി പല കാര്യങ്ങളിലും എതിര്‍പ്പുണ്ടായിട്ടും, അന്നത്തെ ശക്തമായ രാഷ്ട്രീയ താല്പര്യം മൂലം നിസ്സഹായനായ അവസ്ഥ അദ്ദേഹത്തില്‍ കടുത്ത സംഘര്‍ഷം സൃഷ്ടിച്ചിരിക്കണം. 'കൂത്തുപറമ്പ് ഇഫക്ട്' ഉള്‍ക്കൊണ്ട ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ വേഗം അതെടുത്ത് സര്‍ക്കാരിലേയ്ക്ക് അയച്ചതിനു പിന്നില്‍ ഈ സംഘര്‍ഷം  ഒരു പങ്ക് വഹിച്ചിരിക്കണം എന്നെനിക്കു തോന്നുന്നു. 

ഒഴിയേണ്ടി വന്ന ഡി.ജി.പി സ്ഥാനം

മലയാള സാഹിത്യത്തില്‍ എം.ടിയുടെ കഥാപാത്രങ്ങള്‍ പലരും പലപ്പോഴും പിറുപിറുക്കുന്നവരാണ്. കടുത്ത വികാരം ഉള്ളിലുണ്ടാകുകയും അത് തുറന്നു പ്രകടിപ്പിക്കാനാകാതെ വരികയും ചെയ്യുമ്പോഴാകണം ഈ  പിറുപിറുപ്പ്. ഡി.ജി.പിയും മനുഷ്യനാണല്ലോ. ചിലപ്പോള്‍ പിറുപിറുത്തുപോയേക്കാം. അതില്‍ വലിയ കുഴപ്പമില്ല. അതിനപ്പുറത്തേയ്ക്ക് പോയാല്‍ പ്രശ്‌നമാണ്. അതു വഴിയേ മനസ്സിലായി. 'കൂത്തുപറമ്പ് ഇഫക്ട്' അടങ്ങിയ ഡി.ജി.പിയുടെ കത്ത് സര്‍ക്കാരില്‍ സൃഷ്ടിച്ച ഇഫക്ട് അധികം വൈകാതെ പുറത്തുവന്നു. ഇന്റലിജെന്‍സ്, പൊലീസ് ആസ്ഥാനം, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലെ രഹസ്യ ഫയലുകളില്‍ വിശ്രമിക്കേണ്ട 'കൂത്തുപറമ്പ് ഇഫക്ട്' അധികം വൈകാതെ മലയാള മനോരമ പത്രത്തില്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടു. ആ ദിവസം പബ്ലിക്ക് സര്‍വ്വീസ് കമ്മിഷനില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ കാര്യത്തിന് ഡി.ജി.പി പങ്കെടുക്കേണ്ട യോഗമുണ്ടായിരുന്നു. ഞാനും അതില്‍ പങ്കെടുത്തു. യോഗാനന്തരം ഞാന്‍ ഡി.ജി.പിയോടൊപ്പമാണ് മടങ്ങിയത്. കാറില്‍വെച്ച് 'കൂത്തുപറമ്പ് ഇഫക്ട്' പത്രത്തില്‍ പ്രത്യക്ഷപ്പെട്ട വിവരം ഞാന്‍ സൂചിപ്പിച്ചു. ഡി.ജി.പി അതറിഞ്ഞിരിക്കും എന്നാണ് കരുതിയത്. കാരണം, പൊലീസ് സംബന്ധിയായ പ്രധാന വാര്‍ത്തകള്‍ സംസ്ഥാന ഇന്റലിജെന്‍സ് അതിരാവിലെ ഡി.ജി.പിമാരെ അറിയിക്കുന്നത് പതിവാണ്. എന്തുകൊണ്ടോ ഈ വാര്‍ത്ത അദ്ദേഹം അറിഞ്ഞിരുന്നില്ല. പൊലീസ് ആസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം അദ്ദേഹം പത്രം വരുത്തി അത് വായിച്ചു. 

ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസ്

അധികം വൈകാതെ ഒരു ദിവസം ഉച്ചകഴിഞ്ഞ് ഡി.ജി.പി ശാസ്ത്രി സാര്‍ ഓഫീസില്‍ വന്നില്ല. പൊലീസ് ആസ്ഥാനത്തിനു തൊട്ടടുത്ത വീട്ടില്‍ അദ്ദേഹം ഉണ്ടായിരുന്നുവെങ്കിലും ഓഫീസില്‍ വരുന്നില്ലെന്നറിയിച്ചു. തൊട്ടുപിന്നാലെ ഡി.ജി.പി അവധിയിലാണെന്നു കേട്ടു. നേരിട്ടു ചോദിച്ചപ്പോള്‍ കാരണമൊന്നും പറഞ്ഞില്ല. അധികം കഴിയാതെ മനസ്സിലായി അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന്. പൊലീസ് മേധാവിയുടെ കസേര അദ്ദേഹത്തിനു ശാശ്വതമായി നഷ്ടമായിയെന്ന് പിന്നെ വ്യക്തമായി. 'കൂത്തുപറമ്പ് ഇഫക്ട്'  പരാമര്‍ശം  ഉള്‍ക്കൊണ്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ പരസ്യമായി എന്നതിന്റെ രഹസ്യം കണ്ടെത്താന്‍ സര്‍ക്കാര്‍ ഒരന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൃഷ്ണമൂര്‍ത്തി ആയിരുന്നു ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ സ്വന്തം ഷെര്‍ലക്ക് ഹോംസ്. അധികം കഴിയും മുന്‍പേ ഡി.ജി.പി ബി.എസ്. ശാസ്ത്രിയുടെ പാതയില്‍ കൂത്തുപറമ്പ് സിദ്ധാന്തം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച ഡി.ഐ.ജി ടി.പി. സെന്‍കുമാറും സ്ഥാനഭ്രഷ്ടനായിരുന്നു. സെന്‍കുമാര്‍ സാറിനെ സസ്പെന്റ് ചെയ്യും എന്ന് ശക്തമായ കിംവദന്തി തലസ്ഥാനത്ത് ഐ.പി.എസ് വൃത്തങ്ങളില്‍ അന്ന് പ്രചരിച്ചു. അത് ഉദ്യോഗസ്ഥ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. ഒരുപക്ഷേ, രാഷ്ട്രീയ നേതൃത്വം അതും ശ്രദ്ധിച്ചിരിക്കാം. എന്തായാലും സസ്പെന്‍ഷന്‍ ഉണ്ടായില്ല. അഞ്ച് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവം എന്ന നിലയില്‍ ഭരണകക്ഷിയെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ ബലത്തില്‍ നിയമത്തിന്റെ ഏതു പഴുതും സാധ്യതയും ഉപയോഗിച്ച് ഏതറ്റംവരെ പോകുന്നതിനും രാഷ്ട്രീയ ന്യായീകരണം ഉണ്ടാകാം. പക്ഷേ, പൊലീസിനുള്ളില്‍ അത് വലിയ അസ്വസ്ഥതകളും ശത്രുതകളും പ്രശ്‌നങ്ങളും സൃഷ്ടിച്ചു. അല്പം വൈകി സുപ്രീംകോടതി, പൊലീസ് നടപടിക്കാധാരമായ എഫ്.ഐ.ആര്‍ റദ്ദ് ചെയ്തത് പൊലീസിനുള്ളില്‍ നീറിപ്പുകഞ്ഞിരുന്ന  അസ്വസ്ഥതകള്‍ കെട്ടടങ്ങുന്നതില്‍ സഹായിച്ചു എന്ന് എനിക്ക് തോന്നുന്നു.

ഡി.ജി.പിയും ഇന്റലിജന്‍സ് ഡി.ഐ.ജിയും നടപടി നേരിട്ട അസ്വസ്ഥമായ ആ അന്തരീക്ഷത്തില്‍   തലസ്ഥാനത്തുവെച്ച് ഐ.പി.എസ് അസ്സോസിയേഷന്റെ ഒരു ജനറല്‍ ബോഡി യോഗം നടന്നു. ഉടന്‍ യോഗം നടത്തണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നതിനാലാണ് അസ്സോസിയേഷന്‍ സെക്രട്ടറിയായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ സീനിയര്‍ യോഗം വിളിച്ചുകൂട്ടിയത്. സാധാരണയായി യോഗത്തില്‍ പങ്കെടുക്കുന്നവരില്‍നിന്നും സീനിയറായ ഉദ്യോഗസ്ഥനായിരിക്കും അദ്ധ്യക്ഷസ്ഥാനത്ത്. അതിന് ഒരുമാറ്റം പലരും ആവശ്യപ്പെടുന്നുണ്ടായിരുന്നു. പ്രസിഡന്റിനെ ഒരു നിശ്ചിതകാലത്തേയ്ക്ക് തെരഞ്ഞെടുക്കണം എന്നായിരുന്നു അത്. മറ്റ് ഭാരവാഹികളുടെ കാര്യത്തിലും പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ ചുമതലപ്പെടുത്തുന്ന രീതിയായിരുന്നു നടന്നിരുന്നത്. എന്റെ അനുഭവത്തില്‍ ഒരിക്കലും മത്സരം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നവരുടെ ഉദ്ദേശ്യം കെ.ജെ. ജോസഫിനെ പ്രസിഡന്റാക്കുക എന്നതായിരുന്നു. ബാഹ്യപരിഗണനകളില്ലാതെ സ്വതന്ത്ര നിലപാടെടുക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥന്‍ എന്നതിനാലാണ് അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചത്. എന്നാല്‍, ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് അസ്സോസിയേഷന്‍ ശക്തം അല്ലെങ്കില്‍ ദുര്‍ബ്ബലം എന്നെനിക്കു തോന്നിയില്ല. പൊതുസമൂഹത്തിന്റേയും പൊലീസ് സംവിധാനത്തിന്റേയും ഉത്തമ താല്പര്യങ്ങള്‍ക്കനുസൃതമായി അസ്സോസിയേഷന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് സംസ്ഥാന രാഷ്ട്രീയ നേതൃത്വവും കൂടുതല്‍ പരിഗണന നല്‍കിയേക്കും എന്നായിരുന്നു എന്റെ വിലയിരുത്തല്‍. ഏതായാലും അന്നത്തെ ജനറല്‍ബോഡി സംഭവബഹുലമായിരുന്നു. എ.വി. സുബ്ബറാവു ആയിരുന്നു അദ്ധ്യക്ഷന്‍. പ്രസിഡന്റിനെ തെരഞ്ഞെടുക്കണം എന്നതായിരുന്നു അജണ്ട. 

തുടക്കത്തില്‍ത്തന്നെ ഒരു 'ഭരണഘടനാ പ്രശ്‌നം' ഏതാനും അംഗങ്ങള്‍ ഉന്നയിച്ചു. അങ്ങനെ തെരഞ്ഞെടുപ്പ് നമ്മുടെ ഭരണഘടനയിലുണ്ടോ? അസ്സോസിയേഷന്‍ ചട്ടങ്ങള്‍ പരിശോധിച്ച് തീരുമാനിക്കാം എന്നുവച്ചാല്‍ ചട്ടങ്ങള്‍ അവിടെ കൊണ്ടുവന്നിരുന്നില്ല. അത് കണ്ടിട്ടുള്ളവര്‍ തന്നെ ചുരുക്കമായിരുന്നു. ഈ  ക്രമപ്രശ്‌നം അനാവശ്യമായി ഒരുപാട് സമയം അപഹരിച്ചു. ഒരു ഭാരവാഹിയെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴും എന്നെനിക്കു തോന്നിയില്ല. മാത്രവുമല്ല, അത് ജനാധിപത്യരീതിയാണല്ലോ. ആ രീതിയില്‍ ഞാന്‍ സംസാരിച്ചു. അതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് പലരും ശക്തമായി സംസാരിച്ചു. അതോടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാം എന്ന പൊതുധാരണയിലെത്തി. എന്നാല്‍, പിന്നെ ആര് എന്ന ചോദ്യം ഉയരും മുന്‍പേ കെ.ജെ. ജോസഫ്, എന്ന് പാര്‍ലമെന്റിലെ ശബ്ദവോട്ട് ശൈലിയില്‍ എല്ലാപേരും അഭിപ്രായപ്പെട്ടു. അങ്ങനെ അക്കാര്യം തീരുമാനമായി എന്ന്  കരുതിയപ്പോള്‍ അദ്ദേഹം ഇടപെട്ടു. തന്നെക്കാള്‍ സീനിയര്‍ ആയ മറ്റാരെങ്കിലും പ്രസിഡന്റ് ആകാന്‍ സമ്മതമാണെങ്കില്‍ ആ ഉദ്യോഗസ്ഥനെ പരിഗണിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സീനിയര്‍ ആയ ജോസഫ് ഡോസണ്‍ ജനറല്‍ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. ആ ഘട്ടത്തില്‍ കെ.ജെ. ജോസഫ് തന്നെ ടെലിഫോണില്‍ ഡോസണ്‍സാറിനെ ബന്ധപ്പെട്ടു. അദ്ദേഹം പൊതുവേ അസ്സോസിയേഷന്‍ കാര്യങ്ങളില്‍ വലിയ താല്പര്യം എടുക്കുന്ന ചരിത്രം ഇല്ലായിരുന്നു. ഫോണില്‍ ബന്ധപ്പെട്ട് വിവരം പറഞ്ഞപ്പോള്‍ മുഴുവന്‍ ആളുകളും യോജിക്കുകയാണെങ്കില്‍ താന്‍ സ്ഥാനം ഏറ്റെടുക്കാം എന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. ആരും  പ്രതീക്ഷിക്കാതെ അദ്ദേഹം ഐ.പി.എസ് അസ്സോസിയേഷന്റെ പ്രസിഡന്റായി. അങ്ങനെ പ്രസിഡന്റായപ്പോള്‍, സെക്രട്ടറി അരുണ്‍കുമാര്‍ സിന്‍ഹ സീനിയര്‍ ഒരു വെടിപൊട്ടിച്ചു. താന്‍ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയാണെന്ന്; അത് തീര്‍ത്തും പ്രതീക്ഷിക്കാത്തതായിരുന്നു. എന്താണ് കാരണം എന്ന ചോദ്യത്തിന്, 'തികച്ചും വ്യക്തിപരം' എന്നുമാത്രം പറഞ്ഞ്, രാജിയില്‍ അദ്ദേഹം ഉറച്ചുനിന്നു. വ്യക്തിപരമായ കാരണം പിന്നീട് അദ്ദേഹം എന്നോട് സ്വകാര്യമായി പങ്കിട്ടു. അസ്സോസിയേഷന്‍ പ്രവര്‍ത്തനത്തിന് വീര്യം പോരെന്ന് പറഞ്ഞ് ഞങ്ങളുടെ ചില 'തീവ്രവാദി' സുഹൃത്തുക്കള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്രേ. അതോടെ പുതിയ സെക്രട്ടറിയെ തീരുമാനിക്കേണ്ടിവന്നു. ആലോചന തുടങ്ങിയപ്പോള്‍ തന്നെ വി.ആര്‍. രാജീവന്‍ എന്റെ പേര് പറഞ്ഞു. അതും ശബ്ദവോട്ട് ശൈലിയില്‍ അംഗീകരിച്ചതോടെ അപ്രതീക്ഷിതമായി  ഞാന്‍ സെക്രട്ടറിയുമായി. കെ.ജെ. ജോസഫ്, ജേക്കബ് പുന്നൂസ് ഉള്‍പ്പെടെയുള്ള സീനിയര്‍ ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റിയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 

എംവി രാഘവൻ
എംവി രാഘവൻ

പക്ഷേ, 'കൂത്തുപറമ്പ് ഇഫക്ട്' പുതിയ കമ്മിറ്റിയേയും പിന്തുടര്‍ന്നു. നേരത്തെ സ്ഥലം മാറ്റിയ രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗവണ്‍മെന്റ് അച്ചടക്കനടപടിക്കു കൂടി ഉത്തരവിട്ടു. അതില്‍ ബി.എസ്. ശാസ്ത്രി, സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നതിന്റെ വക്കത്തായിരുന്നു. ഈ ഘട്ടത്തില്‍ അച്ചടക്കനടപടി അഭിമുഖീകരിക്കേണ്ടിവരിക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുണ്ടാക്കുന്നതാണല്ലോ. പെന്‍ഷന്‍ ആനുകൂല്യമുള്‍പ്പെടെ തടസ്സപ്പെടും. ഈ സാഹചര്യത്തില്‍ ഐ.പി.എസ് അസ്സോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി രണ്ട് പേരുടേയും പേരിലുള്ള അച്ചടക്കനടപടി വിഷയം ചര്‍ച്ച ചെയ്തു. അസ്സോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നടപടികള്‍ ഒഴിവാക്കണമെന്ന് നിവേദനം നല്‍കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന ദിവസം നിവേദകസംഘം പൊലീസ് ആസ്ഥാനത്ത് ഒത്തുചേര്‍ന്ന് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. സെക്രട്ടറി എന്ന നിലയില്‍ എന്നോട് മുഖ്യമന്ത്രി മുന്‍പാകെ  വിഷയം അവതരിപ്പിക്കാന്‍ ജോസഫ് സാര്‍ പറഞ്ഞു. അതിനുശേഷം ചര്‍ച്ചയുടെ സ്വഭാവമനുസരിച്ച് മറ്റുള്ളവരും പങ്കെടുത്ത് മുന്നോട്ടുപോകാം  എന്ന ധാരണയായി. പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണ് ഞങ്ങളെ മുഖ്യമന്ത്രിയുടെ മുറിയിലേയ്ക്ക് കൊണ്ടുപോയത്. നായനാര്‍ അങ്ങേയറ്റം സൗഹാര്‍ദ്ദമായിട്ടാണ് ഇടപെട്ടത്. മുന്‍ധാരണയനുസരിച്ച് ഞാനാണ് വിഷയം പറഞ്ഞുതുടങ്ങിയത്. അച്ചടക്കനടപടിയുടെ മെറിറ്റിലേയ്‌ക്കൊന്നും കടക്കാതെ, ഡി.ജി.പി ശാസ്ത്രി സാര്‍, റിട്ടയര്‍മെന്റിന്റെ വക്കത്താണെന്നും സര്‍വ്വീസിന്റെ ഈ ഘട്ടത്തില്‍ അച്ചടക്കനടപടി ഉണ്ടാകുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമാണ് പറഞ്ഞുതുടങ്ങിയത്. ഉടന്‍  തന്നെ മുഖ്യമന്ത്രി അതേറ്റെടുത്തു. അദ്ദേഹം അച്ചടക്കനടപടിയെപ്പറ്റി ഒന്നും പറയുന്നുണ്ടായിരുന്നില്ല. എന്തുകൊണ്ട് ഡി.ജി.പിയെ പൊലീസ് മേധാവി സ്ഥാനത്തുനിന്നുമാറ്റി എന്നതിലാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. തിരുവനന്തപുരം നഗരത്തിലുണ്ടായ അക്രമസംഭവവും അതിന്മേലുള്ള ഇന്റലിജെന്‍സ് റിപ്പോര്‍ട്ടും എല്ലാം അദ്ദേഹം പരാമര്‍ശിച്ചു. കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു: ''ആ കുമാറിന് ഈ കുമാറിനെ ഇഷ്ടമില്ല. അതാണ് പ്രശ്‌നം.'' നായനാര്‍ പറഞ്ഞ 'ആ കുമാര്‍' ഇന്റലിജെന്‍സ് ഡി.ഐ.ജി  സെന്‍കുമാറും, 'ഈ കുമാര്‍'  തിരുവനന്തപുരം കമ്മിഷണര്‍ പത്മകുമാറും ആയിരുന്നു. വ്യക്തിപരമായ ഇഷ്ടക്കേടാണ് റിപ്പോര്‍ട്ടിനു കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ കുറേ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അത് എന്തിനാണെന്ന് എനിക്കാദ്യം മനസ്സിലായില്ല. പൊലീസ് ഉദ്യോഗസ്ഥരില്‍ ഏറെ അസ്വസ്ഥത സൃഷ്ടിച്ച സര്‍ക്കാര്‍ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചു എന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ആ അവസരം അദ്ദേഹം നന്നായി  വിനിയോഗിച്ചതായി പിന്നീട് തോന്നി. അവസാനം അച്ചടക്കനടപടിയുടെ കാര്യം വന്നപ്പോള്‍, വളരെ നിസ്സാരമായി, അനുകൂലഭാവത്തിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഉദ്യോഗസ്ഥര്‍  നല്‍കുന്ന വിശദീകരണം അനുനയരൂപത്തിലായാല്‍ അച്ചടക്കനടപടി അവസാനിപ്പിക്കാന്‍ എളുപ്പമാകും എന്ന് പുറത്തിറങ്ങുമ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും സൂചിപ്പിച്ചു. എങ്കിലും ബി.എസ്. ശാസ്ത്രിയുടെ പേരിലുള്ള നടപടി മാത്രമേ പിന്‍വലിച്ചുള്ളൂ.
 
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അയച്ച നടപടിയെ തുടര്‍ന്ന് ശാസ്ത്രി സാറിന് സര്‍വ്വീസിന്റെ അവസാന കാലത്ത് കുറേ ബുദ്ധിമുട്ട് ഉണ്ടായി. അതിലെനിക്ക് വലിയ ദുഃഖം തോന്നി. ആ റിപ്പോര്‍ട്ട് അയയ്ക്കുന്നതിനെ കുറേക്കൂടി ശക്തമായി എതിര്‍ക്കാമായിരുന്നില്ലേ എന്ന് പില്‍ക്കാലത്ത് സ്വയം ചോദിച്ചിട്ടുണ്ട്. പക്ഷേ, എന്റെ പൊതുരീതി അതുതന്നെ ആയിരുന്നു. ആവശ്യമുണ്ടെന്ന് ഉറപ്പുള്ളിടത്ത് മാത്രം അഭിപ്രായം പറയുക; പിന്നീട് തീരുമാനം അതിന് ചുമതലപ്പെട്ടവര്‍ക്ക് വിടുക. അതിനപ്പുറം ഞാനും നിസ്സഹായനാണ്. 

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com