ഫയല്‍ കറങ്ങിക്കൊണ്ടേയിരിക്കും, പ്രശ്നത്തിന് പരിഹാരമില്ലാതെ

പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ അലവന്‍സ് സംബന്ധിച്ച ഒരു ഫയല്‍ പൊലീസ് ആസ്ഥാനത്ത് ഞാന്‍ കണ്ടു. ഹെവി ഡ്യൂട്ടി അലവന്‍സിനുള്ള അര്‍ഹതയാണ് വിഷയം
ഫയല്‍ കറങ്ങിക്കൊണ്ടേയിരിക്കും, പ്രശ്നത്തിന് പരിഹാരമില്ലാതെ

സിവില്‍ സര്‍വ്വീസിന്റെ കഥ പറയുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍, 'യന്ത്രം' വായിക്കുന്ന കാലത്ത് ഞാനാ യന്ത്രത്തിന്റെ ഭാഗമല്ലെന്നു മാത്രമല്ല, അതേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. യന്ത്രം എന്ന വാക്ക് എത്ര അന്വര്‍ത്ഥമാണെന്ന് പിന്നീട് ഞാന്‍ അനുഭവത്തിലൂടെ അറിഞ്ഞു. പൊലീസ് ആസ്ഥാനത്ത് ഡി.ഐ.ജി ആയപ്പോഴാണ് സമ്പൂര്‍ണ്ണ ബോദ്ധ്യം വന്നത്. അപ്പോഴാണല്ലോ ഞാന്‍ ഫയലുകളുടെ ലോകത്ത് പൂര്‍ണ്ണമായും മുങ്ങാന്‍ തുടങ്ങിയത്. എസ്.പി ആയിരിക്കുമ്പോഴേ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ആലപ്പുഴ ജില്ലാ പൊലീസ് ഓഫീസില്‍ തുടക്കത്തില്‍ കണ്ട ഒരു ഫയല്‍ ഓര്‍ക്കുന്നു. പതിനഞ്ചിന പരിപാടിയുടെ ത്രൈമാസ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ആയിരുന്നു വിഷയം. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്ക് അയക്കുവാനുള്ള റിപ്പോര്‍ട്ട് എസ്.പിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്, 'Urgent' എന്ന അടയാളത്തോടെ. അംഗീകരിക്കേണ്ടത് ഒരു സ്റ്റേറ്റ്മെന്റ് ആണ്. നോക്കുമ്പോള്‍ അതിന്റെ ഉള്ളടക്കം 1, 2, 3 എന്നിങ്ങനെ കുറെ അക്കങ്ങള്‍ ഒന്നാം കോളത്തിലും എല്ലാത്തിനും നേരെ Nil, Nil, Nil എന്നിങ്ങനെ ഒരേ വാക്ക് അടുത്ത കോളത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. അതാണ് ഞാന്‍ അംഗീകരിക്കേണ്ടത്. എനിക്കൊന്നും മനസ്സിലായില്ല. എന്തെങ്കിലും മനസ്സിലാകുമെന്ന് കരുതി ഫയലില്‍ പിറകോട്ടുപോയി, അതിന്റെ ചരിത്രം പരിശോധിച്ചു. അവിടെയും തഥൈവ.  1, 2, 3... എന്നിങ്ങനെ ഒന്നാം കോളം, Nil, Nil, Nil... എന്നിങ്ങനെ അടുത്ത കോളം. എസ്.പിമാര്‍ ഒപ്പിട്ടിട്ടുമുണ്ട്. ഫയലിന്റെ കവറില്‍ ഗംഭീരമായി Progress Report of 15 Point Programme എന്നെഴുതിയിട്ടുണ്ട്. 15 ഇനം എത്ര ഗംഭീരമായി രാഷ്ട്രനിര്‍മ്മാണം നടത്തുന്നുവെന്നെനിക്ക് മനസ്സിലായി. എന്തെങ്കിലും സംശയമുന്നയിച്ചാല്‍ പുതിയ എസ്.പി ഇതൊന്നും അറിയാത്ത വിവരമില്ലാത്ത മനുഷ്യനാണോ എന്ന് സംശയിക്കുമോ എന്ന് ആദ്യം അറച്ചു. പിന്നെ ധൈര്യം സംഭരിച്ച് ഫയലില്‍ എഴുതി. 'What are these 15 points? Any GO on this?' (എന്താണീ പതിനഞ്ചിനം? വല്ല സര്‍ക്കാര്‍ ഉത്തരവും ഉണ്ടോ ?)  പിന്നെ കുറെ നാളത്തേയ്ക്ക് ആ ഫയല്‍ കണ്ടില്ല. അസാധാരണത്വം കൊണ്ട് ഓര്‍മ്മയില്‍ തങ്ങിനിന്നതിനാല്‍ ഞാന്‍ ബന്ധപ്പെട്ട ക്ലാര്‍ക്കിനെ വിളിച്ച് പതിനഞ്ച് ഇനത്തിന്റെ പുരോഗതി അന്വേഷിച്ചു. ക്ലാര്‍ക്കും ജൂനിയര്‍ സൂപ്രണ്ടും ഓഫീസ് അരിച്ചുപെറുക്കിയിട്ടും എന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയില്ല. അവസാനം ജൂനിയര്‍ സൂപ്രണ്ടിനു ബുദ്ധിയുദിച്ചു. ഈ പതിനഞ്ചിനത്തിന് കളക്ട്രേറ്റിലും ഫയലുണ്ടാകുവാന്‍ സാധ്യതയുണ്ട്. കളക്ടറില്ലാതെ എന്ത് രാഷ്ട്രനിര്‍മ്മാണം? സൂപ്രണ്ടിന്റെ ഊഹം ശരിയായിരുന്നു. പതിനഞ്ചിനത്തിന് കളക്ട്രേറ്റിലും ഫയലുണ്ടായിരുന്നു. പക്ഷേ, അവിടുത്തെ ഫയലും ഏതാണ്ട് 1,2,3...; Nil, Nil, Nil... അവസ്ഥ തന്നെയായിരുന്നു. പുതുതായി വന്ന കളക്ടര്‍ റൊമാനസ് ഹോറോയും ഞാനുന്നയിച്ചപോലെ ചില ചോദ്യങ്ങള്‍ ഫയലില്‍ ഉന്നയിച്ചിരുന്നതായും അറിഞ്ഞു. ഏതാണ്ട് ഒരു ദശകത്തിലധികമായി തുടര്‍ന്നു വന്നിരുന്ന ഒരു ഏര്‍പ്പാടായിരുന്നു അത്. ഇത്തരത്തിലുള്ള ഫയലുകള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ധാരാളമാണ്. ഏതോ കാലഘട്ടത്തില്‍, അന്ന് നിലവിലിരുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനത്തിലായിരിക്കാം ഈ ഫയലിന്റെ ഉത്ഭവം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അത് അപ്രസക്തമായി കാലഹരണപ്പെട്ടു കഴിഞ്ഞാലും ഫയല്‍ സജീവമായിത്തന്നെ നില്‍ക്കുന്നു. അര്‍ത്ഥശൂന്യമായ ആചാരം അനുഷ്ഠിക്കുന്നതുപോലെ താഴെ പൊലീസ് സ്റ്റേഷനില്‍ തുടങ്ങി സെക്രട്ടറിയേറ്റുവരെ നീളുന്ന ഓഫീസ് ശൃംഖലയിലെ കണ്ണികളാകുന്ന ഉദ്യോഗസ്ഥര്‍ ചില കര്‍മ്മങ്ങള്‍ ഇടവിട്ട വേളകളില്‍ നിര്‍വ്വഹിക്കുന്നു. ഇത്തരം അനുഷ്ഠാനങ്ങള്‍ ശീലമായി മാറുന്ന മനുഷ്യന്‍ യന്ത്രമായില്ലെങ്കിലേ അത്ഭുതമുള്ളു. ഇങ്ങനെയാണ് സൗരോര്‍ജ്ജ പദ്ധതി മുതല്‍ പട്ടിക ജാതി ക്ഷേമംവരെ ഫയലുകളിലൂടെ മുന്നേറുന്നത്.  കൂട്ടത്തില്‍ പറയട്ടെ, ഈ അനുഷ്ഠാനങ്ങളില്‍ വീഴ്ച വന്നാല്‍ അത് D.O.Letter, Memo തുടങ്ങി ചില മാരണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ചട്ടങ്ങളും നിയമങ്ങളും

പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരുടെ അലവന്‍സ് സംബന്ധിച്ച ഒരു ഫയല്‍ പൊലീസ് ആസ്ഥാനത്ത് ഞാന്‍ കണ്ടു. ഹെവി ഡ്യൂട്ടി അലവന്‍സിനുള്ള അര്‍ഹതയാണ് വിഷയം. പൊലീസ് സംവിധാനത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്, എത്രത്തോളം ഭാരിച്ചതാണ് സ്റ്റേഷന്‍ ഡ്രൈവര്‍മാരുടെ ജോലിയെന്നത്. അക്കാലത്ത് പൊലീസ് സ്റ്റേഷനുകളില്‍ ഒരു ഡ്രൈവറേ ജോലിക്കുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് ഭാരിച്ച ജോലി ചെയ്യുന്ന ഈ വിഭാഗത്തിന് അലവന്‍സിന് അര്‍ഹതയുണ്ട് എന്നായിരുന്നു പൊലീസിന്റെ നിലപാട്. അക്കാര്യത്തിന് സര്‍ക്കാരില്‍നിന്ന് വന്ന മറുപടി, പൊലീസ് ജീപ്പ് ഹെവി വെഹിക്കിള്‍ അല്ലെന്നും അതുകൊണ്ട് അര്‍ഹത ഇല്ലെന്നും ആയിരുന്നു. ജോലിയുടെ ഭാരം സമം ഓടിക്കുന്ന വാഹനത്തിന്റെ ഭാരം എന്നായിരുന്നു കണ്ടുപിടിത്തം. കേട്ടാല്‍ തോന്നുക പൊലീസ് ഡ്രൈവര്‍മാരുടെ ജോലി ചുമട്ടുതൊഴിലാളികളുടേതുപോലെയാണെന്നാണ്. ഇത്തരം വിലപ്പെട്ട കണ്ടുപിടിത്തങ്ങള്‍ പലതും കണ്ടു. പള്ളിവാസല്‍ ജലവൈദ്യുതപദ്ധതി ആയാലും മറ്റെന്ത് പ്രൊപ്പോസല്‍ ആയാലും അതിനെ തച്ചുതകര്‍ക്കുന്നതിലൂടെ വൈദഗ്ദ്ധ്യം തെളിയിക്കുന്ന പഴയകാല സെക്രട്ടേറിയറ്റ് അനുഭവങ്ങള്‍ എം.കെ.കെ. നായര്‍ 'ആരോടും പരിഭവമില്ലാതെ' എന്ന വിഖ്യാത ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ആ വൈദഗ്ദ്ധ്യം ഓര്‍മ്മിപ്പിച്ചു പല ഫയലുകളും. 

എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ഫയലിന്റെ കഥ പറയാം. ഒരു സന്ദര്‍ശനമായിരുന്നു തുടക്കം. 

അപ്രതീക്ഷിതമായി പൊലീസ് ആസ്ഥാനത്തുവെച്ച് എസ്.ഐ. രാമചന്ദ്രനെ കണ്ടപ്പോള്‍ സന്തോഷം തോന്നി. അയാള്‍ എ.എസ്.ഐ ആയും പിന്നീട് എസ്.ഐ. ആയും എന്നോടൊപ്പം ആലപ്പുഴയിലുണ്ടായിരുന്നു. ജില്ലയിലാകുമ്പോള്‍, മിക്കവാറും ഏതെങ്കിലും ക്രമസമാധാന പ്രശ്നത്തിന്റേയോ കുറ്റകൃത്യത്തിന്റേയോ പശ്ചാത്തലത്തിലായിരിക്കും ഇടപഴകുന്നത്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ തീവ്രത പരസ്പരമുള്ള ആശയവിനിമയത്തേയും സ്വാധീനിക്കും. പൊലീസ് ആസ്ഥാനത്താകുമ്പോള്‍ അത്തരം പ്രശ്‌നങ്ങളില്ല. അലസമായ സൗഹൃദ സംഭാഷണത്തിനു ശേഷം വിഷയത്തിലേയ്ക്ക് കടന്നു. അയാള്‍ പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു: ''സാര്‍, ഞങ്ങള്‍ക്കൊരു പരീക്ഷ എത്രയും വേഗം നടത്തിത്തരണം.'' പരീക്ഷ നടത്തണം എന്നതാണ് ആവശ്യം. എന്തു പരീക്ഷ എന്നു ചോദിച്ചപ്പോള്‍, എ.എസ്.ഐ ആയി സ്ഥിരപ്പെടുത്തുന്നതിനുള്ള പരീക്ഷ എന്നായിരുന്നു മറുപടി. ''നിങ്ങളെന്താണ് നേരത്തേ പരീക്ഷ എഴുതാതിരുന്നത്?'' ഞാന്‍ ചോദിച്ചു. ''ഞങ്ങള്‍ എഴുതാത്തതല്ല സാര്‍, പരീക്ഷ നടത്തിയിട്ടില്ല'' അയാളുടെ മറുപടി. അത് വിചിത്രമായി തോന്നി. ഈ പരീക്ഷയും സ്ഥിരപ്പെടുത്തലും എല്ലാം നിയമനം കിട്ടി ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ നടക്കേണ്ടതാണ്. ഇവിടെ എ.എസ്.ഐമാരായി നിയമിതരായവര്‍, പ്രമോഷന്‍ ലഭിച്ച് എസ്.ഐമാരായി എത്രയോ വര്‍ഷം പ്രവര്‍ത്തിച്ചു. പിന്നീട് അടുത്ത സി.ഐ പ്രമോഷന്റെ വക്കിലാണവര്‍. അപ്പോഴാണ് എ.എസ്.ഐമാരാകാന്‍ ഇവര്‍ യോഗ്യരാണോ എന്ന് തീരുമാനിക്കാനുള്ള പരീക്ഷ ഉടന്‍ നടത്തണമെന്ന ആവശ്യം. വിവാഹ ജീവിതത്തിന്റെ പത്താം വാര്‍ഷികം കഴിഞ്ഞിട്ട് പ്രീ-മാരിറ്റല്‍ കൗണ്‍സലിംഗ്(വിവാഹത്തിന് മുന്‍പുള്ള ഉപദേശം) ഉടന്‍ നടത്തണമെന്ന് പറയുന്ന പോലുള്ള ഏര്‍പ്പാടാണല്ലോ ഇത് എന്നാണെനിക്കു തോന്നിയത്. അത്തരം ലളിതമായ യുക്തിക്കൊന്നും സര്‍ക്കാരില്‍ ഇടമില്ല. അവിടെ നിയമം നിയമമാണ്; ചട്ടം ചട്ടമാണ്. അതുകൊണ്ട് ഉടന്‍ പരീക്ഷ നടത്തിയില്ലെങ്കില്‍, അടുത്ത പ്രൊമോഷനും കിട്ടില്ല, ഇന്‍ക്രിമെന്റും കിട്ടില്ല എന്നാണ് രാമചന്ദ്രന്‍ പറയുന്നത്. അപ്പോള്‍ പിന്നെ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രമോഷന്‍ എങ്ങനെ കിട്ടി എന്ന് ഞാന്‍ ചോദിച്ചു. അയാളാ കഥ പറഞ്ഞു.

1988-ല്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെ 37 പേര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സ്‌കീമില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ മുഖേന എ.എസ്.ഐ റാങ്കില്‍ നിയമിതരായി. എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതാ പരീക്ഷയും എല്ലാം കഴിഞ്ഞായിരുന്നു നിയമനം. പരിശീലനം തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിംഗ് കോളേജിലായിരുന്നു. അക്കാലത്ത് തന്നെ നിയമനം ലഭിച്ച അറുപതില്‍ പരം എസ്.ഐമാരോടൊപ്പം ഒരേ പരിശീലനം ആയിരുന്നു. കഠിനമായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം എല്ലാ വിഷയങ്ങളിലും പരീക്ഷയും നടന്നു. ഔട്ട്‌ഡോര്‍ വിഷയങ്ങളിലും ഇന്‍ഡോര്‍ വിഷയങ്ങളിലും പരീക്ഷ കഴിഞ്ഞ് എ.എസ്.ഐമാര്‍ എല്ലാപേരും സന്തോഷത്തോടെ വിവിധ ജില്ലകളിലേയ്ക്ക് പോയി. പക്ഷേ, അവരുടെ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. ഔട്ട്‌ഡോര്‍ വിഷയങ്ങളുടെ ഫലം അപ്പോള്‍ തന്നെ അറിയാമെന്നതുകൊണ്ട് അതിലവര്‍ വിജയം കൈവരിച്ചതായി മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇന്‍ഡോര്‍ പരീക്ഷയുടെ ഫലം പുറത്തുവന്നില്ല. അന്വേഷിച്ചപ്പോള്‍ അതിനി പുറത്തുവരില്ലെന്നറിഞ്ഞു. 

പ്രത്യേക നിയമനം കിട്ടിയ എ.എസ്.ഐമാരുടെ പരിശീലനവും പരീക്ഷയും എല്ലാം കഴിഞ്ഞപ്പോള്‍ പൊലീസ് ട്രെയിനിംഗ് കോളേജില്‍ (PTC) ഒരു സംശയം ജനിച്ചു. ഇവരുടെ പരീക്ഷ നടത്തേണ്ടത് പി.ടി.സി അല്ലല്ലോ, പി.എസ്.സി ആണല്ലോ. സംശയം തീരെ അടിസ്ഥാന രഹിതമായിരുന്നില്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള നിയമനം സംബന്ധിച്ച ചട്ടത്തില്‍ അവരുടെ പരീക്ഷ പി.എസ്.സി നടത്തുമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പൊതുവായ നിയമനത്തിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥയില്ല. അവരുടെ കാര്യത്തില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പരീക്ഷ നടത്താം. എന്തിനാണ് സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു സ്പെഷ്യല്‍ വ്യവസ്ഥ എന്നു ചോദിച്ചാല്‍ അതിന്റെ കാരണം എനിക്കറിയില്ല. നിശ്ചയമായും, അത് നിയമനം കിട്ടുന്നവരെ സഹായിക്കാനാണ് എന്നു കരുതാന്‍ ഒരു യുക്തിയും കാണുന്നില്ല. ഏതായാലും ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി പി.ടി.സി, പൊലീസ് ആസ്ഥാനത്തേയ്‌ക്കെഴുതി. അവിടെനിന്നും സര്‍ക്കാരിലേയ്‌ക്കെഴുതി എന്നൊക്കെയാണ് എസ്.ഐ രാമചന്ദ്രന്‍ എന്നോടു പറഞ്ഞത്. ചുരുക്കത്തില്‍ പരിശീലനത്തിനു ശേഷമുള്ള പരീക്ഷ ആരു നടത്തും എന്നതില്‍ തീരുമാനമാകാത്തതുകൊണ്ട് ആ പരീക്ഷ നടന്നില്ല. അപ്പോഴേയ്ക്കും നിയമനം കഴിഞ്ഞ് ഒരു വ്യാഴവട്ടം പൂര്‍ത്തിയായിരുന്നു. 

പി. സുധാകരപ്രസാദ്
പി. സുധാകരപ്രസാദ്

എസ്.ഐ ആയി പ്രമോഷന്‍ ലഭിച്ചത് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയാണ്. അവര്‍ക്കു ശേഷം എ.എസ്.ഐമാരായ പലര്‍ക്കും പ്രമോഷന്‍ ലഭിച്ചപ്പോഴാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പില്‍ക്കാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയ പി. സുധാകരപ്രസാദ് ആയിരുന്നു അവരുടെ കേസ് നടത്തിയത്. ഹൈക്കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് 'കൃത്യ'മായിരുന്നു; അവരാരും പരിശീലനം കഴിഞ്ഞുള്ള പരീക്ഷ പാസ്സായിട്ടില്ല. പക്ഷേ, ആ പരീക്ഷ നടത്തിയിരുന്നില്ല എന്ന വസ്തുത മറച്ചുവച്ചു. നടത്താത്ത പരീക്ഷ എങ്ങനെ പാസ്സാവും എന്ന് കോടതി ചോദിച്ചപ്പോള്‍ സര്‍ക്കാരിന് ഉത്തരംമുട്ടി. ആ സാഹചര്യത്തില്‍ പരീക്ഷയുടെ പേരില്‍ പ്രമോഷന്‍ നിഷേധിക്കാനാകില്ലെന്ന കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ അവരെല്ലാം എസ്.ഐമാരായി. പക്ഷേ, അടിസ്ഥാനപ്രശ്‌നം അപ്പോഴും നിലനിന്നു. അതുകൊണ്ട് അവര്‍ക്കാര്‍ക്കും ഇന്‍ക്രിമെന്റ് ലഭിക്കുന്നുണ്ടായിരുന്നില്ല. ഏഴു വര്‍ഷം എസ്.ഐമാരായി ജോലി ചെയ്ത ശേഷം അടുത്ത പ്രമോഷന്റെ വക്കത്തെത്തിയപ്പോഴും അവരുടെ പരീക്ഷ നടത്തിയില്ല. എങ്ങനെയെങ്കിലും പരീക്ഷ നടത്തിക്കൊടുക്കണം എന്നായിരുന്നു ആവശ്യം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ബാച്ചില്‍ തന്നെയുള്ള തുളസീധരന്‍, വിജയകുമാര്‍, പ്രസന്നന്‍ അങ്ങനെ പലരും ഓരോരുത്തരായി എന്നെ കണ്ടു. എല്ലാ പേരുടേയും ആവശ്യം ഒന്നു മാത്രം. വേഗം പരീക്ഷ നടത്തണം. അല്ലെങ്കില്‍ അവരുടെ സര്‍വ്വീസിന്റെ ഭാവി ഇരുണ്ടതായിരിക്കും. അവരെല്ലാം എസ്.ഐമാരായ ശേഷം കേരള പൊലീസില്‍ എസ്.ഐമാരായി ചേര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കുകയും അവര്‍ അവഗണിക്കപ്പെടുകയും ചെയ്യും എന്നായിരുന്നു ഉല്‍ക്കണ്ഠ. അവരില്‍ പലര്‍ക്കും യഥാസമയം പ്രമോഷന്‍ ലഭിച്ചാല്‍ ഭാവിയില്‍ ഐ.പി.എസ് ലഭിക്കാനും സാധ്യത ഉണ്ടായിരുന്നു.

പി.ആര്‍. ചന്ദ്രന്‍
പി.ആര്‍. ചന്ദ്രന്‍

അസാധാരണമായ ഈ വിഷയം വളരെ ഗൗരവമായി എടുക്കേണ്ടതാണെന്ന് എനിക്കു തോന്നി. ബന്ധപ്പെട്ട ഫയല്‍ വരുത്തി പരിശോധിച്ചു. പ്രതീക്ഷിച്ചപോലെ ഫയല്‍ പല വോള്യങ്ങളായി വളര്‍ന്നിരുന്നു. പക്ഷേ, അടിസ്ഥാന വിഷയത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഞാനത് പരിശോധിക്കുന്നത് 2000-ാം ആണ്ടിന്റെ അവസാന കാലത്താണ്. 1989-ലാണ് അതിന്റെ ഉല്പത്തി. പൊലീസ് ആസ്ഥാനത്തുനിന്നും ആഭ്യന്തരവകുപ്പിലേയ്ക്കും അവിടെനിന്നും പബ്ലിക്ക് സര്‍വ്വീസ് കമ്മിഷനിലേയ്ക്കും ഒക്കെ ഒരുപാട് കത്തുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട്. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല എന്നുമാത്രം. ഈ ഫയല്‍ ഉത്ഭവിക്കുന്ന കാലത്ത് എന്റെ സ്ഥാനത്ത് ഭരണവിഭാഗം ഡി.ഐ.ജി പി.ആര്‍. ചന്ദ്രന്‍ ആയിരുന്നു. ഫയല്‍ ഞാന്‍ കാണുമ്പോള്‍ ചന്ദ്രന്‍ സാര്‍ ഡി.ജി.പി ആയിരുന്നു. ഡി.ഐ.ജി എന്ന നിലയില്‍ അദ്ദേഹം ആഭ്യന്തര സെക്രട്ടറിക്ക് അയച്ച അര്‍ദ്ധ ഔദ്യോഗിക കത്ത് ഫയലില്‍ ഉണ്ടായിരുന്നു. ആ കത്തില്‍ വിഷയത്തിന്റെ പ്രാധാന്യം പറഞ്ഞിട്ടുമുണ്ടായിരുന്നു. ഒന്നുകില്‍ പരീക്ഷ പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ നടത്തണം അല്ലെങ്കില്‍ അക്കാര്യത്തിന് പൊലീസിനെ ചുമതലപ്പെടുത്തണം. അങ്ങനെ  വേഗം പരിഹരിക്കാവുന്ന കാര്യമേ ഉണ്ടായിരുന്നുള്ളു. പറഞ്ഞിട്ടെന്തു കാര്യം? ഒന്നും നടന്നില്ല. കുറെ ഉദ്യോഗസ്ഥരുടെ സമയവും സ്റ്റേഷനറിയും നഷ്ടപ്പെടുത്തിയതല്ലാതെ. രണ്ടാം ലോകയുദ്ധത്തിന്റെ ചരിത്രകാരന്‍ കൂടിയായ ഇംഗ്ലണ്ടിന്റെ നായകന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ശൈലി അനുകരിച്ച് പറയുകയാണെങ്കില്‍, ''ഇത്രയേറെ വര്‍ഷക്കാലം, ഇത്രയേറെ ഉദ്യോഗസ്ഥര്‍ ഇത്രയ്ക്ക് സമയവും സ്റ്റേഷനറിയും വിനിയോഗിച്ചിട്ടും പരിഹരിക്കാത്ത ഇത്ര ലളിതമായ പ്രശ്‌നം പൊലീസ് ഭരണചരിത്രത്തില്‍ ഉണ്ടാകില്ല.'' 

ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്നെ ഏറെ ചിന്തിപ്പിച്ച ഒന്നായിരുന്നു ഈ അനുഭവം. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത ശ്രമം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, അനാസ്ഥ പല ഫയലുകളിലും പലേടത്തും ഞാന്‍ കണ്ടിട്ടുണ്ട്. ഫയലുകളുടെ ലോകത്ത് മുഴുകുന്ന ഉദ്യോഗസ്ഥന്റെ മനസ്സില്‍ അവരറിയാതെ ഒരു തരം യാന്ത്രികത വളരുന്നുണ്ടോ? ക്രമേണ പലരും തൃപ്തി കണ്ടെത്തുന്നത് തന്റെ മുന്നിലെത്തുന്ന ഫയലുകള്‍ എത്രയും വേഗം താഴോട്ടോ മുകളിലോട്ടോ അയക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. പല ഉദ്യോഗസ്ഥര്‍ക്കും തന്റെ മേശപ്പുറത്ത് ഫയലുകള്‍ ഉണ്ടാകരുതെന്ന നിര്‍ബ്ബന്ധമേയുള്ളു. അല്ലാതെ ഫയലില്‍ ഉള്‍ക്കൊള്ളുന്ന വിഷയം പരിഹരിക്കുന്നതിനല്ല പ്രാധാന്യം കല്പിക്കുന്നത്. ഭരണഘടനയുടെ സൃഷ്ടാക്കള്‍ ചരിത്രപരമായ കാരണങ്ങള്‍കൊണ്ട് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നിയമത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടല്ലോ. ഭരണഘടനാമൂല്യം ഉള്‍ക്കൊള്ളുന്ന ഉദ്യോഗസ്ഥ സംവിധാനമാണെങ്കില്‍, നേരിട്ട് നിയമനം ലഭിച്ച എ.എസ്.ഐമാരോട് ഇതിലും എത്രയോ മെച്ചപ്പെട്ട സമീപനം പുലര്‍ത്തേണ്ടതാണ്. 

എത്രയും വേഗം പരീക്ഷ നടത്തുക എന്നതായിരുന്നു എന്നോട് ആവശ്യപ്പെട്ടതെങ്കിലും, ഈ ഘട്ടത്തില്‍ പരീക്ഷ നടത്തുന്നത് യുക്തിസഹമായി തോന്നിയില്ല. അവരെല്ലാം ഇതിനകം പല സ്റ്റേഷന്‍ ചുമതലകള്‍ വഹിച്ച് ദീര്‍ഘകാലം പ്രവര്‍ത്തിച്ച് അടുത്ത പ്രമോഷന്റെ വക്കത്താണ്. പൊലീസ് സ്റ്റേഷന്‍ ചുമതല തൃപ്തികരമായി നിര്‍വ്വഹിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന് മറ്റ് ജോലികള്‍ എളുപ്പമായിരിക്കും. മാത്രവുമല്ല, അനവധി വര്‍ഷങ്ങള്‍ ന്യായമായി ലഭിക്കേണ്ട വാര്‍ഷിക ഇന്‍ക്രിമെന്റ് ലഭിച്ചിട്ടില്ല. കടുത്ത നീതിനിഷേധമായിരുന്നു സംഭവിച്ചത്. ഈ പ്രശ്‌നം കൂടുതല്‍ നീണ്ടുപോയാല്‍, അവരെക്കാള്‍ ജൂനിയര്‍ ആയി സര്‍വ്വീസില്‍ കയറിയ ഉദ്യോഗസ്ഥര്‍, അവര്‍ക്കു മുന്‍പേ സി.ഐ ആകുന്ന സാഹചര്യമുണ്ടാകും. പൊള്ളയായ വെറും ഔപചാരികത എന്ന നിലയില്‍ മാത്രം പരീക്ഷ എന്നതുകൊണ്ട് എന്തു പ്രയോജനം? മറ്റെന്തുവഴി? ഞാനാലോചിച്ചു. കടുത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഏറ്റവും അടിസ്ഥാന നിയമങ്ങള്‍ വീണ്ടും വീണ്ടും പരിശോധിക്കുന്ന ശീലം എങ്ങനെയോ ഞാനാര്‍ജ്ജിച്ചിരുന്നു. ഇവിടെയും അതു തന്നെ ചെയ്തു. സര്‍വ്വീസ് സംബന്ധമായ ചട്ടങ്ങള്‍ സൂക്ഷ്മമായി വായിച്ചു. ഇതൊക്കെ വളരെ ദുഷ്‌കരമാണെന്നും പരമ ബോറാണെന്നും ഒക്കെ ധാരണയുണ്ട്. സര്‍വ്വീസ് ചട്ടങ്ങള്‍ ഷെര്‍ലക്ക് ഹോംസിന്റെ കുറ്റാന്വേഷണകഥകള്‍പോലെ രസകരമല്ലെങ്കിലും അത് വായിക്കാനും മനസ്സിലാക്കാനും വലിയ പ്രയാസമൊന്നുമില്ല. എ.എസ്.ഐ നിയമനത്തിനുള്ള പ്രത്യേക ചട്ടങ്ങള്‍ നോക്കിയാല്‍ അവരെ സ്ഥിരപ്പെടുത്തുന്നതിന് പി.എസ്.സി നടത്തുന്ന പരീക്ഷ പാസ്സാകണം എന്നുതന്നെയാണ് വ്യവസ്ഥ. എങ്കിലും പൊതുചട്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു രക്ഷാമാര്‍ഗ്ഗം കണ്ടെത്തി. റൂള്‍ 39 എന്ന രൂപത്തിലാണത് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന ഗവണ്‍മെന്റിന് സവിശേഷ കാര്യങ്ങളില്‍ പ്രത്യേക അധികാരം അത് നല്‍കുന്നു. മറ്റു ചട്ടങ്ങളിലും വ്യവസ്ഥകളിലും എന്തെല്ലാം പറഞ്ഞിരുന്നാലും ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ നീതിക്കും ധാര്‍മ്മികതയ്ക്കും ഉതകുന്ന രീതിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന വകുപ്പാണത്. പ്രത്യേക നിയമനം ലഭിച്ച എ.എസ്.ഐമാരുടെ കാര്യത്തില്‍, കാലഹരണപ്പെട്ട വകുപ്പുതല പരീക്ഷ എന്തുകൊണ്ട് സര്‍ക്കാരിനു വേണ്ടെന്ന് വച്ചുകൂട എന്ന് ഞാനാലോചിച്ചു. നീതിക്കും ധാര്‍മ്മികതയ്ക്കും ചേരുന്ന തീരുമാനമായിരിക്കും അതെന്ന് എനിക്ക് പ്രാഥമികമായി തോന്നി. കൂടുതല്‍ ചിന്തിക്കുന്തോറും നീതി ഉറപ്പാക്കാന്‍ ശരിയായ മാര്‍ഗ്ഗം അതാണെന്ന് കൂടുതല്‍ ബോദ്ധ്യപ്പെട്ടു. ഐ.ജി ജേക്കബ് പൂന്നൂസ് സാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അദ്ദേഹം അതിനോട് യോജിക്കുക മാത്രമല്ല, അതൊരു നല്ല പ്രശ്‌നപരിഹാരമാകും എന്ന നിലയില്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നെ വൈകിയില്ല. കാര്യകാരണസഹിതം സര്‍ക്കാരിലേയ്ക്ക് ഒരു പ്രൊപ്പോസല്‍ തയ്യാറാക്കി. റൂള്‍ 39 പ്രദാനം ചെയ്യുന്ന സവിശേഷ അധികാരം ഉപയോഗിച്ച് എ.എസ്.ഐമാരായി നിയമനം ലഭിച്ച ആ ഉദ്യോഗസ്ഥരെ അപ്രസക്തമായ ആ പരീക്ഷയില്‍നിന്ന് ഒഴിവാക്കാന്‍. അക്കാലത്ത് പബ്ലിക്ക് സര്‍വ്വീസ് കമ്മിഷനില്‍ ഉദ്യോസ്ഥരുടെ പ്രമോഷന്‍ സംബന്ധിച്ച യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ആഭ്യന്തരവകുപ്പില്‍നിന്നും വരുന്ന അഡീഷണല്‍ സെക്രട്ടറി വിജയകുമാറിനെ പരിചയപ്പെട്ടിരുന്നു. വിജയകുമാറിനേയും ഞാനീ പ്രൊപ്പോസലിനെക്കുറിച്ച് ബോധവല്‍ക്കരിച്ചിരുന്നു. ഏതായാലും ഒട്ടും വൈകാതെ പ്രൊപ്പോസല്‍ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. അങ്ങനെ ഒരു ദശകത്തിലധികം ഫയലുകളില്‍ കുരുങ്ങിക്കിടന്ന പ്രശ്‌നം പരിഹരിക്കപ്പെട്ടു. ആ ഉദ്യോസ്ഥരെ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തുന്നതിനും ദീര്‍ഘകാലമായി അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്ന ഇന്‍ക്രിമെന്റ് അനുവദിക്കുന്നതിനും ഒക്കെ അത് ഇടയാക്കി. ഈ ഉദ്യോഗസ്ഥരും പിന്നീട് നേരിട്ട് എസ്.ഐ ആയി സര്‍വ്വീസില്‍ കയറിയവരും തമ്മില്‍ പില്‍ക്കാലത്ത് ഐ.പി.എസ് ലഭിക്കുന്നതിനുള്ള തര്‍ക്കത്തില്‍ ഈ ഉത്തരവ് കോടതി കയറി. ഉത്തരവിന്റെ സാധുത ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ചോദ്യം ചെയ്യപ്പെട്ടെങ്കിലും രണ്ടിടത്തും അത് ശരിവെയ്ക്കുകയാണുണ്ടായത്. 

ഇങ്ങനെ എത്രയെത്ര ഫയലുകള്‍. ഭരണയന്ത്രം ചലനാത്മകമാണ്; ഫയല്‍ കറങ്ങിക്കൊണ്ടേയിരിക്കും, പ്രശ്നത്തിന് പരിഹാരമില്ലാതെ. അതിനുള്ളില്‍ പെടുന്ന മനുഷ്യന്‍ നിസ്സഹായനാണ്. അതറിയാന്‍ യന്ത്രത്തിന് ഹൃദയമില്ലല്ലോ.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com