ഈ കേസില്‍ വീട്ടമ്മയായ സുമതിയാണ് താരം

പുകവലിക്കാര്യത്തില്‍ പൊലീസിനു ചുമതല ലഭിക്കാന്‍ പോകുന്നുവെന്നു വിധിവരും മുന്‍പേ ചാലക്കുടി സി.ഐ ജോളി ചെറിയാന്‍ എന്നോട് പറഞ്ഞിരുന്നു
ഈ കേസില്‍ വീട്ടമ്മയായ സുമതിയാണ് താരം

കേരളാ ഹൈക്കോടതിയുടെ ഒരു സുപ്രധാന വിധിയിലൂടെയാണ് കേരളത്തില്‍ പൊതുസ്ഥലത്തെ പുകവലി നിരോധനം നിലവില്‍ വന്നത്. പൊതുജനാരോഗ്യത്തിന്റെ കാഴ്ചപ്പാടില്‍ ഏറെ ഗുണകരമായ  കോടതി ഇടപെടല്‍ ആയിരുന്നു അത്. ആ വിധി വരുമ്പോള്‍ ഞാന്‍ തൃശൂര്‍ എസ്.പി ആയിരുന്നു. അത് നടപ്പിലാക്കാനുള്ള ചുമതലയും പൊലീസിനായിരുന്നു. പൊതുസ്ഥലത്തെ പുകവലി പൊലീസിനു നേരിട്ടെടുക്കാവുന്ന കുറ്റമായി മാറി. അതായത് പൊലീസിന് വാറണ്ട് കൂടാതെ കുറ്റക്കാരനെ അറസ്റ്റ് ചെയ്യാം. ബസ് സ്റ്റാന്‍ഡിലും മാര്‍ക്കറ്റിലുമെല്ലാം നൂറുകണക്കിനു പുകവലിക്കാരെ കാണാവുന്ന കാലമായിരുന്നു അത്. പുകവലി ഒരുപാടാളുകളുടെ ശീലമായിരുന്നു. വിധി വന്നതോടെ, അറസ്റ്റിന്റെ കാര്യത്തില്‍ ബസ് സ്റ്റാന്റിലെ പോക്കറ്റടിക്കാരനും പുകവലിക്കാരനും പൊലീസിനു മുന്നില്‍ ഒരുപോലായി. 

പൊലീസിനു പെട്ടെന്നു വലിയ അധികാരം പുതുതായി കൈവന്നു. പുകവലിക്കാര്യത്തില്‍ പൊലീസിനു ചുമതല ലഭിക്കാന്‍ പോകുന്നുവെന്നു വിധിവരും മുന്‍പേ ചാലക്കുടി സി.ഐ ജോളി ചെറിയാന്‍ എന്നോട് പറഞ്ഞിരുന്നു. ഈ ഭവിഷ്യവാണി അദ്ദേഹത്തിനു കിട്ടിയത് ഒരു ജഡ്ജിയില്‍ നിന്നുതന്നെ. വ്യക്തിപരമായി ഞാന്‍ പുകവലിക്കാരനായിരുന്നില്ല. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവിതം തുടങ്ങിയ കാലത്ത് റാഗിങ്ങിന്റെ ഭാഗമായി ഒരിക്കല്‍ മാത്രം ഒന്നോ രണ്ടോ പുക ഊതിയിട്ടുണ്ട്. 

ഇതൊക്കെയാണെങ്കിലും പുതുതായി പൊലീസിനു കിട്ടിയ അധികാരം എന്നെ അമ്പരപ്പിച്ചു. പതിറ്റാണ്ടുകളായി ഒരു മനുഷ്യന്‍ ശീലിച്ചുവന്ന പ്രവൃത്തി ഒരു ദിവസം കാലത്ത് സൂര്യനുദിച്ചപ്പോള്‍ അയാളെ  പൊലീസിനു മുന്നില്‍ ദൈന്യതയോടെ ''ഒരു പ്രാവശ്യം ക്ഷമിക്കണം സാര്‍'', ''മേലില്‍ ആവര്‍ത്തിക്കില്ല സാര്‍'' എന്നൊക്കെ പറയിക്കുന്ന അവസ്ഥ ഉത്തമ ജനാധിപത്യ മാതൃകയായൊന്നും തോന്നിയില്ല. എന്റെ തോന്നലിനു വലിയ പ്രസക്തിയൊന്നുമില്ല. 'മഹത്തായ' കാര്യങ്ങള്‍ പലതും അങ്ങനെയൊക്കെയാണ്. അര്‍ദ്ധരാത്രി സ്വാതന്ത്ര്യം കിട്ടിയതൊന്നും അറിയാതെ ബംഗാളിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പഴയതുപോലെ കന്നുകാലി മേയ്ക്കാന്‍ പോയ കാലിപ്പയ്യന്മാര്‍, പുല്ലിന്റെ വഴിയെ പോയ കന്നുകാലികളെ പിന്തുടര്‍ന്നു  പോയപ്പോള്‍, ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തിയില്‍ അപ്പുറവും ഇപ്പുറവുമുള്ള പൊലീസിന്റെ കണ്ണില്‍ മഹാ അപരാധികള്‍ ആയി മാറി. ലോകത്താകെ മഹത്തായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കുറെ പാവം മനുഷ്യര്‍ ബുദ്ധിമുട്ടിപോകാറുണ്ട്. 

എന്തായാലും പുതിയ അധികാരത്തിന്റെ പേരില്‍ അമിതാവേശമൊന്നും വേണ്ട എന്നു ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുതിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ആദ്യപടി ബോധവല്‍ക്കരണം നടത്താം എന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. കാര്യമായ ബോധവല്‍ക്കരണം ഉണ്ടായത് ശക്തമായ മാധ്യമ സ്വാധീനത്തിലൂടെയാണ്. ഒരാളെപ്പോലും ഇക്കാര്യത്തില്‍ പെട്ടെന്ന് അറസ്റ്റ് ചെയ്തില്ല. അങ്ങനെയിരിക്കെ അവിടുത്തെ ജില്ലാ ജഡ്ജി എന്നെ ഫോണില്‍ വിളിച്ചു. പുകവലി സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അതു അസാധാരണമായിരുന്നു. ഹൈക്കോടതിയില്‍നിന്നും അദ്ദേഹത്തെ വിളിച്ച് വിധി നടപ്പാക്കുന്നതില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നതായി പറഞ്ഞു. പുകവലിയില്‍ ദീര്‍ഘകാലമായി നിലവിലിരുന്ന ശീലം മാറ്റിയെടുക്കേണ്ട സാഹചര്യമാണ് വിധിയിലൂടെ ഉണ്ടായതെന്നും അതുകൊണ്ട് ശക്തമായ ബോധവല്‍ക്കരണം നടത്തിയശേഷം മാത്രമേ അറസ്റ്റ് പോലുള്ള നടപടിയിലേയ്ക്ക് പോകാവൂ  എന്നതാണ് എന്റെ കാഴ്ചപ്പാടെന്നു ഞാന്‍ പറഞ്ഞു. 'High Court may not be happy with that approach' (ആ സമീപനം ഹൈക്കോടതിക്കു തൃപ്തിയാകണമെന്നില്ല) എന്നദ്ദേഹം പറഞ്ഞു. അതിന്മേല്‍ ഞാന്‍ പ്രതികരിച്ചില്ല. ജുഡിഷ്യല്‍ ഓഫീസര്‍ എന്ന നിലയില്‍, ഉന്നത നീതിബോധവും പെരുമാറ്റത്തില്‍ തികഞ്ഞ  ഔചിത്യവും പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ ഈ സംഭാഷണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എനിക്കു തോന്നി. സത്യത്തില്‍ അതെന്നെ അത്ഭുതപ്പെടുത്തി. ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹം എന്നെ വീണ്ടും ഫോണ്‍ ചെയ്തു. വീണ്ടും പുകവലിക്കേസ് ആയിരുന്നു വിഷയം. ഇത്തവണ അദ്ദേഹം പറഞ്ഞത് ഇത് താന്‍ ഇടപെടേണ്ട വിഷയമല്ലെന്നും ശരിതെറ്റുകള്‍ മനസ്സിലാക്കി എന്താണ് ചെയ്യേണ്ടത് എന്നു തീരുമാനിക്കുന്നത് പൊലീസ് ആണെന്നും ആയിരുന്നു. നേരത്തെ സംസാരിച്ചതു തന്നെ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എനിക്കു വളരെ മതിപ്പു തോന്നി. സാന്ദര്‍ഭികമായി ഒരു കാര്യം സൂചിപ്പിക്കട്ടെ, പൊലീസും പട്ടാളവും പോലുള്ള യൂണിഫോംധാരികളുടെ  സര്‍വ്വീസുകളില്‍ ചില ഉദ്യോഗസ്ഥര്‍  മേലുദ്യോഗസ്ഥന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി  വല്ലാത്ത വിധേയത്വം കാണിക്കുന്നത് വലിയ രഹസ്യമൊന്നുമല്ല. എന്നാല്‍, ജുഡിഷ്യറിയിലും ആ പ്രവണത ഒട്ടും കുറവല്ല എന്നാണ് അനുഭവങ്ങളില്‍ ഞാന്‍ കണ്ടത്. മനുഷ്യസ്വഭാവവും അധികാരത്തിന്റെ സ്വഭാവവും അടിസ്ഥാനപരമായി എവിടെയും ഒന്നു തന്നെ.  

ഇകെ നായനാർ
ഇകെ നായനാർ

പുകവലി നിരോധന വിധി നടപ്പാക്കല്‍ അധികം കഴിയും മുന്‍പേ, പൊലീസ് ആസ്ഥാനത്ത് ഒരു സംസ്ഥാനതല യോഗത്തില്‍ അവലോകനത്തിനും ചര്‍ച്ചയ്ക്കും വിധേയമായി. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പങ്കെടുത്ത യോഗമായിരുന്നു അത്. പല എസ്.പിമാരും  വിധി നടപ്പാക്കാന്‍ എത്ര ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിച്ചുവെന്നും അതിന്റെ ഫലമായി എത്രപേര്‍ക്കെതിരെ കേസെടുത്തുവെന്നും എത്ര നിയമലംഘകരെ അറസ്റ്റ് ചെയ്തുവെന്നും വാചാലരായി. ജില്ലകള്‍ ഓരോന്ന് കടന്ന് തൃശൂരോട് അടുക്കുന്തോറും എന്റെ മാനസികസമ്മര്‍ദ്ദം കൂടിവന്നു. കാരണം ഞാനപ്പോഴും ബോധവല്‍ക്കരണത്തില്‍നിന്ന് മുന്നോട്ടുപോയിരുന്നില്ല. കേസും അറസ്റ്റും ഒന്നും ആയിട്ടില്ല എന്നു കേട്ടാല്‍ എന്തായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണം എന്നെനിക്ക് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. അങ്ങനെ എന്റെ ഭാഗം വന്നപ്പോള്‍ അല്പം അറച്ച് ഇപ്പോള്‍ വളരെ ഊര്‍ജ്ജിതമായി ബോധവല്‍ക്കരണം നടത്തുകയാണെന്നൊക്കെ വിവരിച്ചിട്ട് ഒടുവില്‍ പതുക്കെ ഇതുവരെ കേസും അറസ്റ്റും ഇല്ലെന്നു പറഞ്ഞുനിര്‍ത്തി. മുഖ്യമന്ത്രി എന്തോ പറഞ്ഞപോലെ തോന്നി; ഞാനത് കേട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ സമീപത്തിരുന്ന ഉദ്യോഗസ്ഥര്‍ ചിരിച്ചു. ''ഓന് ബോധമുണ്ടെന്നു തോന്നുന്നു'' എന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ കമന്റ് എന്നു പിന്നീടറിഞ്ഞു. അവലോകനത്തിന്റെ അവസാനം മുഖ്യമന്ത്രി സാമാന്യം ദീര്‍ഘമായി സംസാരിച്ചു. അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ നര്‍മ്മം കലര്‍ത്തി, വിധിയേയും ജഡ്ജിയേയും പൊലീസിനേയും എല്ലാം വിമര്‍ശിച്ചു. പുകവലി വിധിയിലൂടെ കിട്ടിയ അധികാരം പ്രയോഗിക്കുന്നതില്‍ വലിയ ആവേശമൊന്നും വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഹൈക്കോടതി വിധിയെത്തുടര്‍ന്നുള്ള പുതിയ സാഹചര്യത്തെക്കുറിച്ച് മതിയായ അവബോധം സൃഷ്ടിച്ച ശേഷം പടിപടിയായി തൃശൂരിലെ പൊലീസ് നടപടികളിലേയ്ക്ക് നീങ്ങി. അക്കാര്യത്തില്‍ ഒരിക്കല്‍പ്പോലും പൊലീസിനെതിരെ എനിക്ക് ഒറ്റ പരാതിപോലും കിട്ടിയിട്ടില്ല. 

അധികാരപ്രയോഗത്തിന്റെ ശരിതെറ്റുകള്‍

ശിക്ഷാര്‍ഹമായ പ്രവൃത്തി എന്നു നിയമത്തില്‍ പറയുന്ന എന്തും ഒഫന്‍സ് അഥവാ കുറ്റകൃത്യം  എന്നാണ് നിയമം നിര്‍വ്വചിക്കുന്നത്. ആ അര്‍ത്ഥത്തില്‍ കൊലപാതകം മുതല്‍ പൊതു ഇടത്തെ പുകവലി വരെ നിയമദൃഷ്ടിയില്‍ കുറ്റം തന്നെ. രണ്ടിലും 'കുറ്റവാളി'യെ പൊലീസിനു വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവുമുണ്ട്.  വ്യത്യസ്ത സാഹചര്യങ്ങളില്‍ അധികാരം എങ്ങനെ പൊലീസ് വിനിയോഗിക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബ്ബല്യവും പ്രതിഫലിപ്പിക്കുന്ന പ്രധാന ഘടകം. അധികാരപ്രയോഗത്തിന്റെ ശരിതെറ്റുകളും സങ്കീര്‍ണ്ണതകളും സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരുമായി അക്കാലത്ത് ഞാന്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. തൃശൂരില്‍ അതിനു സഹായകമായ ഒരായുധം കൂടി ഞങ്ങള്‍ക്കു ലഭിച്ചു. 

ബിഎസ് ശാസ്ത്രി
ബിഎസ് ശാസ്ത്രി

അവിടെ എസ്.പി ആയിരിക്കെ ഞാനൊരു പത്രാധിപര്‍ കൂടി ആയിരുന്നു! എല്ലാ ജില്ലകളിലും പൊലീസ് വിശേഷങ്ങള്‍ പൊലീസുകാരുമായി പങ്കിടാന്‍ ഒരു മാസിക തുടങ്ങാന്‍ അന്നത്തെ ഡി.ജി.പി ബി.എസ്. ശാസ്ത്രി നിര്‍ദ്ദേശിച്ചു. തൃശൂരില്‍ ഞങ്ങളതിന് സേവനവീഥി എന്നു പേരിട്ടു. ഏറെ ഗവേഷണം നടത്തിയാണ് ആ പേര് കണ്ടെത്തിയത്. പേരില്‍ 'സേവനം' വേണം എന്നൊരു നിര്‍ബ്ബന്ധബുദ്ധി അന്നു തോന്നി. സേവനവീഥിയില്‍ എഡിറ്റോറിയല്‍ എഴുതിയത് ഞാന്‍ തന്നെയായിരുന്നു. അധികാരം, ജനാധിപത്യം, സേവനം, പൊലീസ് ഭാഷ ഇങ്ങനെ പലതും ആയിരുന്നു മുഖപ്രസംഗ വിഷയങ്ങള്‍. ക്ലാര്‍ക്ക് നാരായണന്‍, ആദ്യ ലക്കത്തില്‍ സേവനവീഥിയെ പ്രകീര്‍ത്തിച്ച് ഒരു കൊച്ചുകവിത എഴുതിക്കളഞ്ഞു. ''നിന്നിലൂടൊഴുകട്ടെ, പൂനിലാവൊളിയായി, മാനവസ്‌നേഹത്തിന്റെ, ദീപ്തരാഗങ്ങള്‍ മേന്മേല്‍'' എന്നു തുടങ്ങി ''നിന്നില്‍ നിന്നെന്നാത്മാവില്‍ പടരട്ടെ നീതിബോധവും ത്യാഗശീലവും ദയാവായ്പും'' എന്നു വരെ എഴുതി കവി നാരായണന്‍. പ്രിന്റിങ്ങിലും ലേഔട്ടിലും എല്ലാം ഞങ്ങളെ സഹായിച്ചത് ഉണ്ണികൃഷ്ണന്‍ എന്നൊരു സ്വകാര്യവ്യക്തി ആയിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പൈലിയുടെ കണ്ടെത്തലായിരുന്നു മിടുക്കനായ ഈ ഉണ്ണികൃഷ്ണന്‍. ഒരു ദിവസം സന്ധ്യയ്ക്ക് എന്റെ ഓഫീസില്‍ ഞങ്ങള്‍ മൂന്നു പേരും കൂടി ഒരു ലക്കം സേവനവീഥിയുടെ കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കുകയായിരുന്നു. എന്റെ മുന്നിലിരുന്ന ഉണ്ണികൃഷ്ണന്റെ കണ്ണ് പെട്ടെന്ന് അടയുന്നപോലെ തോന്നി. 'പൈലീ'  എന്നു ഞാന്‍ വിളിക്കുമ്പോഴേയ്ക്കും അയാള്‍ ഒരു വശത്തേയ്ക്ക് ചരിഞ്ഞു. പൊലീസുകാര്‍ ഓടിവന്ന് മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അയാള്‍ കണ്ണുതുറന്നു. കുഴപ്പമില്ല എന്നു പറഞ്ഞെങ്കിലും ഉടനെ ജീപ്പില്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. ഉണ്ണികൃഷ്ണനു വലിയ കുഴപ്പമൊന്നുമില്ലായിരുന്നു, അന്ന് അയാള്‍ കാര്യമായി ആഹാരം കഴിച്ചിരുന്നില്ല എന്നതൊഴിച്ചാല്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടിയ ആ മനുഷ്യനു വളരെ ചെറിയ തുക മാത്രമേ  ഞങ്ങള്‍ നല്‍കുന്നുണ്ടായിരുന്നുള്ളൂ. സേവനവീഥിക്ക് ഉണ്ണികൃഷ്ണന്റെ സേവനം വളരെ വലുതായിരുന്നു. ഞാന്‍ തൃശൂരില്‍ നിന്നുമാറി അധികം കഴിയും മുന്‍പേ ഡി.ജി.പി ശാസ്ത്രി സാര്‍ നാടകീയ സാഹചര്യങ്ങളില്‍ സ്ഥാനഭ്രഷ്ടനായി. അതോടെ സേവനവീഥി അകാല ചരമമടഞ്ഞു.

മണ്ണുത്തി സ്റ്റേഷനതിര്‍ത്തിയിലെ വലിയൊരു കവര്‍ച്ചാശ്രമം ധീരതയോടെ ചെറുത്ത ഒരു വീട്ടമ്മ സേവനവീഥിയില്‍ ഇടം പിടിച്ചു. ഒരു നാല്‍വര്‍സംഘം വെളുപ്പിനു മൂന്ന് മണിക്ക് അടുക്കളയുടെ ഓട് പൊളിച്ച് ഉള്ളില്‍ കടന്നു. ഉണര്‍ന്ന് തീപ്പെട്ടിയുരച്ച് വിളക്കു കത്തിക്കാന്‍ ശ്രമിച്ച ഗൃഹനാഥനെ ആദ്യം അവര്‍ മര്‍ദ്ദിച്ചു. മകന്റെ നിലവിളി  കേട്ട്  അമ്മ ഉണര്‍ന്നപ്പോഴാണ് സംഭവത്തിന്റെ ഗതിമാറിയത്. അപകടാവസ്ഥ തിരിച്ചറിഞ്ഞ്  ആ വീട്ടമ്മ മനസ്സാന്നിദ്ധ്യം കൈവിടാതെ തന്റേടത്തോടെ  പ്രതികരിച്ചു. അവര്‍  കോടാലിയെടുത്ത് ഒരക്രമിയെ വെട്ടി. അയാള്‍ക്ക് തലയില്‍ പരിക്കേറ്റു. അപ്പോഴേയ്ക്കും ഗൃഹനാഥനും കയ്യില്‍ കിട്ടിയ കത്തികൊണ്ട് മറ്റൊരാക്രമിയെ പരിക്കേല്പിച്ചു. വീട്ടമ്മ വീണ്ടും കോടാലി ഉയര്‍ത്തിയപ്പോള്‍ അക്രമികള്‍ ജീവനും കൊണ്ടോടി. ആ പലായനത്തിനിടയില്‍, പിന്നീട്  പൊലീസിനു പ്രയോജനപ്പെട്ട പലതും അവര്‍ക്ക് അവിടെ ഉപേക്ഷിക്കേണ്ടിവന്നു, കയ്യുറകള്‍ മുതല്‍ ഷര്‍ട്ട് വരെ. ആ വിലപ്പെട്ട വസ്തുക്കളും തൃശൂരേയും പാലക്കാട്ടേയും ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആയപ്പോള്‍ സി.ഐ  മണിയന്റെ നേതൃത്വത്തിലുള്ള സംഘം മുഴുവന്‍ പ്രതികളേയും വൈകാതെ പിടിച്ചു. അനവധി കേസുകളില്‍ പ്രതികളായിരുന്ന അവരുടെ അറസ്റ്റ് പൊലീസിനു വലിയ നേട്ടം ആയിരുന്നു. പക്ഷേ, അതിന്റെ പേരിലല്ല ഞാനീ കേസ് ഓര്‍ക്കുന്നത്; ഒരു സാധാരണക്കാരിയായ വീട്ടമ്മ പ്രകടിപ്പിച്ച അസാമാന്യ ധൈര്യത്തിന്റെ പേരില്‍ മാത്രമാണ്. അവരുടെ പേര് സുമതി എന്നായിരുന്നു. ചലച്ചിത്രകാരന്‍ ശ്രീനിവാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ കേസില്‍ വീട്ടമ്മയായ സുമതിയാണ് താരം. ''വീട്ടമ്മയുടെ ധീരത, കവര്‍ച്ചയ്ക്കെത്തിയ പ്രതികള്‍ ജയിലില്‍'' എന്ന വലിയ തലക്കെട്ടോടെയാണ് സേവനവീഥി അത് ആഘോഷിച്ചത്.  

മറവിയുടെ വെളിപ്പെടുത്തല്‍

ഹിപ്നോട്ടിസം കേസന്വേഷണത്തെ സഹായിച്ച ഒരു സംഭവം സേവനവീഥിയില്‍ കൊടുത്തില്ല. കാരണം, വഴിയേ മനസ്സിലാകും. പ്രമാദമായ സംഭവമായാണ് അത് തുടങ്ങിയത്. നഗരത്തില്‍നിന്ന്  ഒരു കാറില്‍ കൊണ്ടുപോയ 16 ലക്ഷം രൂപ പകല്‍സമയത്ത് കൊള്ള ചെയ്യപ്പെട്ടു. അക്കാലത്ത് ജ്വല്ലറികളുമായി ബന്ധപ്പെട്ട് വലിയ തുക ഒരുമിച്ച് കൊണ്ടുപോകുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു. വളരെ രഹസ്യമായി അങ്ങേയറ്റം വിശ്വസ്തതയുള്ള വ്യക്തികളെയാണ് ഇങ്ങനെയുള്ള ഇടപാടുകള്‍ ഏല്പിച്ചിരുന്നത്. ഇത്തരം സാമ്പത്തിക കൈമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ കൂടുതല്‍ ഭയപ്പെട്ടിരുന്നത് കുറ്റവാളി സംഘങ്ങളെ ആയിരുന്നു. തൃശൂര്‍ ടൗണില്‍ നിന്നും ഒല്ലൂര്‍ഭാഗത്തേയ്ക്ക് കൊണ്ടുപോയ പണമാണ് കൊള്ളചെയ്യപ്പെട്ടത്. അതിരാവിലെ ആയിരുന്നു സംഭവം. ടൗണിലെ ഒരു വീട്ടില്‍നിന്നു മുന്‍ധാരണയനുസരിച്ച് കാറുമായി ചെന്നാണ് പണം ഏറ്റുവാങ്ങിയത്. പണം സൂക്ഷിച്ചിരുന്നത് കാറില്‍ അതിനായി ഉണ്ടാക്കിയ പ്രത്യേക അറയിലായിരുന്നു. കാറുമായി പോകവേ, ഒല്ലൂരിനടുത്തുവച്ച് ഒരു ജീപ്പില്‍ വന്നവര്‍, അതുപയോഗിച്ച് കാര്‍ തടഞ്ഞുവെന്നും അതിലുള്ളവര്‍ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിനുശേഷം കാര്‍ പരിശോധിച്ചു പണം കണ്ടെത്തി അതുമായി കടന്നുകളഞ്ഞുവെന്നുമാണ് പറഞ്ഞത്. അതിനു മുന്‍പുതന്നെ കാറോടിച്ചിരുന്ന പരാതിക്കാരനെ സീറ്റില്‍ അനങ്ങാനാവാതെ കെട്ടിയിട്ടുവത്രെ. ഇതായിരുന്നു  പരാതി.  

തൃശൂര്‍ സി.ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. പരാതിക്കാരന്‍ എന്തൊക്കെയൊ കള്ളം പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കു തോന്നി. പണം കൊണ്ടുവരുന്നതിന് അയാളെ ചുമതലപ്പെടുത്തിയവരും അയാള്‍ പറയുന്നതില്‍ സംശയിക്കുന്നതുപോലെ തോന്നി. മുന്‍കാലങ്ങളിലും അയാള്‍ സ്വര്‍ണ്ണവും വലിയ തുകകളും ഇപ്രകാരം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൊണ്ടു പോയിട്ടുണ്ട്. എന്നാല്‍, അന്നൊന്നും യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് അയാള്‍ വിശ്വസ്തനായിരുന്നു. പണവുമായി പോയ കാര്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തിയ സാഹചര്യം വിശദീകരിക്കുന്നതില്‍ ആവര്‍ത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ പല വൈരുദ്ധ്യങ്ങളും കണ്ടു. എന്നാല്‍,  പരാതിക്കാരനെ കുറ്റകൃത്യത്തില്‍ സംശയിക്കപ്പെടുന്ന വ്യക്തിയെപ്പോലെ ചോദ്യം ചെയ്യാനാകില്ലല്ലോ.  അയാള്‍ കുറ്റകൃത്യത്തിന്റെ ഇരയാണല്ലോ. പണം കൊള്ളചെയ്തു എന്ന ആരോപണം തന്നെ സത്യമാണോ എന്നതില്‍ സംശയം ജനിച്ചു. അക്കാര്യം ഉറപ്പില്ലെങ്കില്‍ എങ്ങനെയാണ്  അന്വേഷണം മുന്നോട്ടുപോകുക? വളരെ ക്ഷമയോടെ, തികച്ചും പ്രൊഫഷണലായി പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ പരാതിക്കാരനെ പറഞ്ഞു മനസ്സിലാക്കി സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ സി.ഐ രാധാകൃഷ്ണന്‍ കഠിനമായി പ്രയത്‌നിച്ചു. പരാതിക്കാരന്‍ എന്തൊക്കെയോ മറച്ചുവെയ്ക്കുന്നെന്ന് പൊലീസിനു വ്യക്തമായിരുന്നു. അയാള്‍ തന്നെ പണം തട്ടിയെടുത്തതാണോ എന്ന സംശയം ബലപ്പെട്ടു. 

അവസാനം രാധാകൃഷ്ണന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഹിപ്നോട്ടിസം. കുറ്റാന്വേഷണത്തില്‍ ഹിപ്നോട്ടിസത്തിന്റെ പ്രയോജനം സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായിരുന്നു. ആലപ്പുഴയില്‍ ഒരു വൃദ്ധയുടെ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ ഞങ്ങള്‍ ഈ വിദ്യ ഒരിക്കല്‍ പരീക്ഷിച്ചിരുന്നു. അന്ന് കേസ് തെളിഞ്ഞെങ്കിലും ഹിപ്നോട്ടിസം വിജയിച്ചില്ല. മലപ്പുറം ജില്ലയില്‍ അറിയപ്പെട്ടിരുന്ന ഒരു മനഃശാസ്ത്രജ്ഞനുണ്ടായിരുന്നു. ഹിപ്നോട്ടിസത്തിന്റെ ശാസ്ത്രീയ അടിത്തറയില്‍ ബോദ്ധ്യമില്ലായിരുന്നുവെങ്കിലും ചിലേടത്ത് അത് പ്രയോജനം ചെയ്തിരുന്നതായി കേട്ടിട്ടുണ്ട്. അതുകൊണ്ട് ഞാനും ഹിപ്നോട്ടിസത്തെ പ്രോത്സാഹിപ്പിച്ചു. ഒരു മനുഷ്യന്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ അയാളുടെ മനസ്സില്‍നിന്നും പുറത്തുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയും എന്നൊക്കെയാണ് പ്രതീക്ഷ. പക്ഷേ, ഹിപ്നോട്ടിസത്തിനു വിധേയനാകുന്ന വ്യക്തി അതുമായി സഹകരിക്കണം. 

നമ്മുടെ കേസിലെ പരാതിക്കാരന്‍ സമ്പൂര്‍ണ്ണമായി സഹകരിച്ചു. മനഃശാസ്ത്രജ്ഞന്‍ ആദ്യം സി.ഐയോട്  സംഭവത്തിന്റെ മുഴുവന്‍ പശ്ചാത്തലവും ചോദിച്ചു മനസ്സിലാക്കി. അയാള്‍ പൊലീസിനോട് പറഞ്ഞ സംഭവവിവരണവും പൊലീസിന്റെ സംശയങ്ങളും എല്ലാം മനഃശാസ്ത്രജ്ഞനോട് പറഞ്ഞു. അതിനുശേഷം അദ്ദേഹം ഹിപ്നോട്ടിസത്തിലേയ്ക്ക് കടന്നു. മനഃശാസ്ത്രജ്ഞന്റെ ഓരോ നിര്‍ദ്ദേശവും പരാതിക്കാരന്‍ അനുസരിച്ചു. ഹിപ്നോട്ടിക്ക് നിദ്രയില്‍ അയാളോട് കൊള്ളയടിച്ച സംഭവത്തെപ്പറ്റി ചോദ്യങ്ങള്‍ ഉന്നയിച്ച് ഉത്തരം തേടി. അയാള്‍ നിദ്രയില്‍നിന്നുണര്‍ന്ന ശേഷം സി.ഐയും ആ മുറിയില്‍ വന്നു. നിദ്രയില്‍നിന്നുണര്‍ന്ന പരാതിക്കാരനെ മുഖം കഴുകാനായി മനഃശാസ്ത്രജ്ഞന്റെ മുറിയോട് ചേര്‍ന്നുള്ള സ്ഥലത്തേയ്ക്കയച്ചു. അയാള്‍ വാഷ്‌ബേസിനില്‍ മുഖം കഴുകുമ്പോള്‍, ഹിപ്നോട്ടിക്ക് നിദ്രയില്‍ അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്ന് വിലപ്പെട്ട മുത്തുകള്‍ മനഃശാസ്ത്രജ്ഞന്‍ കണ്ടെടുത്തിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു സി.ഐ. മനഃശാസ്ത്രജ്ഞന്‍ ശബ്ദം താഴ്ത്തി പറഞ്ഞു: ''അയാള്‍ നിങ്ങളോട് പറഞ്ഞതുതന്നെയാണ് ഹിപ്നോട്ടിസത്തിലും പറഞ്ഞത്.'' അതുകേട്ട് സി.ഐ അയാള്‍ കള്ളം പറയുകയാണോ എന്നായി. ''അല്ല. അയാള്‍ പറയുന്നത് സത്യമാണ്.'' മനഃശാസ്ത്രജ്ഞന്‍ ഉറപ്പിച്ചു പറഞ്ഞു. ഈ പരീക്ഷണവും പരാജയപ്പെട്ടുവോ എന്ന് സി.ഐ നിരാശയിലായി. പെട്ടെന്ന് മുഖം കഴുകിക്കൊണ്ടിരുന്ന പരാതിക്കാരന്‍ വെപ്രാളത്തോടെ പുറത്തുവന്നു. ''ഞാന്‍ പറഞ്ഞത് സത്യമല്ല സര്‍'' എന്നു പറഞ്ഞുകൊണ്ട് സി.ഐയുടെ കാല്‍ക്കല്‍ വീണു. അയാളുടെ പെരുമാറ്റം മനഃശാസ്ത്രജ്ഞനേയും അമ്പരപ്പിച്ചു. ''അല്ല നിങ്ങള്‍  പറഞ്ഞത് സത്യം തന്നെയാണ്'' എന്ന വാക്കുകളോടെ മനഃശാസ്ത്രജ്ഞന്‍ അയാളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പരാതിക്കാരന്‍ വീണ്ടും ''ഇല്ല, സത്യം ഞാനിപ്പോള്‍ പറയാം'' എന്ന് സി.ഐയോട് കരഞ്ഞ് പറഞ്ഞു. ''എനിക്കൊരു അബദ്ധം പറ്റി സാര്‍'' -അയാള്‍ വിശദീകരിച്ചു തുടങ്ങി. പണവുമായി കാറില്‍ യാത്രതിരിച്ച് കാര്‍ ടൗണ്‍ വിട്ടയുടനെ രണ്ടുമൂന്നാളുകള്‍ കാറിനു കൈകാണിച്ചു. അയാള്‍ കാര്‍ നിര്‍ത്തി. കേന്ദ്ര റെവന്യു ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥരാണ് അവരെന്നും വാഹനം പരിശോധിക്കണമെന്നും അവരാവശ്യപ്പെട്ടു. അവര്‍ കാറില്‍ കയറി സൗകര്യപ്രദമായ സ്ഥലത്തോട്ടു പോകാമെന്ന് നിര്‍ദ്ദേശിച്ച പ്രകാരം മുന്നോട്ടു പോയി. അധികം കഴിയും മുന്‍പേ കത്തിയും കഠാരയും എല്ലാം കാണിച്ച് കാര്‍ നിര്‍ത്തി പണം എവിടെ എന്നു  ചോദിച്ച് അത് മനസ്സിലാക്കി പണമെല്ലാം കൈക്കലാക്കി. അതിനുശേഷം അയാളെ സീറ്റില്‍ ചേര്‍ത്തുവച്ച് കെട്ടി. രണ്ടുമണിക്കൂര്‍ നേരം അനങ്ങാതിരുന്നുകൊള്ളണമെന്നും, ഏതെങ്കിലും വിധത്തില്‍ ബഹളമുണ്ടാക്കിയാല്‍ അവരുടെ ആളുകള്‍ പരിസരത്തുണ്ടെന്നും ജീവന്‍  അപകടത്തിലാകുമെന്നും ഭീഷണിപ്പെടുത്തി അവര്‍ കടന്നുകളഞ്ഞു. എല്ലാം പറഞ്ഞ് പൂര്‍ത്തിയാക്കിയ ശേഷം ''ഇനി എന്നെ കോഴിക്കോടുള്ള ഡോക്ടറുടെ അടുത്തു കൊണ്ടുപോകരുത് സാര്‍'' എന്ന് അയാള്‍ കേണപേക്ഷിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ മനഃശാസ്ത്രം പുറത്തുവന്നത്. ഹിപ്നോട്ടിസത്തിനായി മലപ്പുറത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍, കൂട്ടത്തിലുണ്ടായിരുന്ന പൊലീസുകാര്‍ പരമരഹസ്യമായി ഒരു കാര്യം അയാളോട് പറഞ്ഞു. മുഴുവന്‍ സത്യവും ബുദ്ധിമുട്ടില്ലാതെ പറയാനുള്ള അവസാന അവസരമാണ് ഹിപ്നോട്ടിസം. അവിടെയും സത്യം പറഞ്ഞില്ലെങ്കില്‍ അടുത്ത പരീക്ഷണം നടത്തുന്നത് കോഴിക്കോടുള്ള ഒരു ഡോക്ടര്‍ ആയിരിക്കും. ആ ഡോക്ടര്‍ ഒരു മരുന്ന് കുത്തിവെയ്ക്കും; പിന്നെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യം മാത്രമേ പറയാന്‍ കഴിയൂ; അങ്ങനെ മുഴുവന്‍ സത്യവും പൊലീസിനു കിട്ടും. പക്ഷേ ഒറ്റക്കുഴപ്പമുണ്ട്, ഒരിക്കല്‍ മരുന്നുകുത്തിവെച്ചാല്‍ അയാള്‍ പിന്നെ ജീവിതകാലം മുഴുവന്‍ തളര്‍ന്നു കിടക്കും, എഴുന്നേല്‍ക്കാനാവില്ല. കോഴിക്കോട്ടെ ഡോക്ടറെ ഓര്‍മ്മ വന്നപ്പോഴാണ് പരാതിക്കാരന്‍ സി.ഐയുടെ കാല്‍ക്കല്‍ വീണത്. ചിലര്‍ അപ്രതീക്ഷിതമായി കൈകാണിച്ചപ്പോള്‍ അയാള്‍ കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്നാണ് അവര്‍ക്കു കാറില്‍ കയറാന്‍ കഴിഞ്ഞത് എന്ന കാര്യം മറച്ചുവെയ്ക്കാനായിരുന്നു അയാളുടെ തീവ്രശ്രമം. ഒരു കാരണവശാലും കാര്‍ നിര്‍ത്താന്‍ പാടില്ല എന്നാണ് അയാളെ നിയോഗിച്ചവരുടെ കര്‍ശന നിര്‍ദ്ദേശം. അതു ലംഘിച്ചുവെന്നു വെളിപ്പെട്ടാല്‍ ഉണ്ടാകാവുന്ന പരിണതഫലത്തെ അയാള്‍  ഭയന്നിരുന്നു. അത് മറച്ചുവെയ്ക്കാനുള്ള ശ്രമത്തിലാണ് അയാളുടെ മൊഴിയില്‍ വൈരുദ്ധ്യം വന്നത്. അങ്ങനെ ഹിപ്നോട്ടിസം വിജയിച്ചാലും ഇല്ലെങ്കിലും പൊലീസുകാരുടെ പ്രായോഗിക മനഃശാസ്ത്രം വിജയിച്ചു. കാരണം, കോഴിക്കോട്ടെ ഭീകരനായ ആ ഡോക്ടര്‍ പൊലീസുകാരുടെ ഭാവനയില്‍ മാത്രമേ ഉണ്ടായിരുന്നുളളൂ.  

കുറ്റകൃത്യം യഥാര്‍ത്ഥമാണെന്നു ബോദ്ധ്യപ്പെട്ടപ്പോള്‍ പിന്നീടുള്ള അന്വേഷണം വേഗത്തില്‍ പുരോഗമിച്ചു. അതില്‍ ഏറെ സഹായിച്ചത് കുറ്റവാളികളുടെ ആല്‍ബമാണ്. അക്കാലത്ത് പല ഉദ്യോഗസ്ഥരും സ്വന്തമായും പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചും കുറ്റവാളികളുടെ ആല്‍ബങ്ങള്‍ സൂക്ഷിച്ചിരുന്നു. തൃശൂര്‍ ടൗണ്‍ സ്റ്റേഷനിലെ പല ഫോട്ടോകളും കണ്ടെങ്കിലും അതില്‍നിന്നും കുറ്റവാളിയെ തിരിച്ചറിഞ്ഞില്ല. എന്നാല്‍, ചാവക്കാട് നിന്നും കൊണ്ടുവന്ന ആല്‍ബത്തിലെ ഒരു ഫോട്ടോ കണ്ടപ്പോള്‍ പരാതിക്കാരന്‍ ആലിലപോലെ വിറയ്ക്കാന്‍ തുടങ്ങി. ചാവക്കാട്  അയാളുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ഈ കേസിനു പുറമേ മറ്റൊരു കേസില്‍പ്പെട്ട കുറേ കള്ളനോട്ടുകെട്ടുകളും പിടിച്ചെടുക്കാനായി. പിന്നെ മറ്റുള്ളവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അധികനാള്‍ വേണ്ടിവന്നില്ല.

ഹിപ്നോട്ടിസംകൊണ്ട് കുറ്റാന്വേഷണത്തില്‍ പ്രയോജനമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഒരിക്കല്‍ എനിക്ക് പ്രയോജനപ്പെട്ടുവെന്നു തന്നെ ഞാന്‍ പറയും!

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com