എന്തുകൊണ്ട് റോസയോട് ജീവിതം ഇത്ര ക്രൂരത കാട്ടി? 

നാല്‍പ്പതിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുന്‍പാണ് എനിക്ക് ഡി.ഐ.ജിയായി പ്രൊമോഷന്‍ ലഭിച്ചത്. ആ സമയം ഞാന്‍  തൃശൂര്‍ എസ്.പി ആയിരുന്നു
എന്തുകൊണ്ട് റോസയോട് ജീവിതം ഇത്ര ക്രൂരത കാട്ടി? 

നാല്‍പ്പത് കഴിഞ്ഞവരൊക്കെ തെമ്മാടികളാണെന്ന് ജോര്‍ജ് ബെര്‍ണാര്‍ഡ് ഷാ പറഞ്ഞിട്ടുണ്ട്. ആ അഭിപ്രായത്തിനാധാരമായ കാരണമൊന്നും എവിടെയും വിശദീകരിച്ചു കണ്ടിട്ടില്ല. നാല്‍പ്പതിലേയ്ക്ക് കടക്കുന്നതിനു തൊട്ടുമുന്‍പാണ് എനിക്ക് ഡി.ഐ.ജിയായി പ്രൊമോഷന്‍ ലഭിച്ചത്. ആ സമയം ഞാന്‍  തൃശൂര്‍ എസ്.പി ആയിരുന്നു. ചുരുങ്ങിയ കാലം വിജിലന്‍സില്‍ ജോലി ചെയ്തത് ഒഴിച്ചാല്‍ പൊലീസ് സൂപ്രണ്ടായും അതിനു മുന്‍പും ക്രമസമാധാന ചുമതലയാണ് വഹിച്ചത്. കടന്നുപോയത് ജീവിതത്തിലെ അനുഭവസമ്പന്നമായ അസുലഭ കാലഘട്ടം തന്നെയായിരുന്നു. നേരിട്ടിടപെട്ട എത്ര എത്ര മാനുഷികപ്രശ്നങ്ങള്‍, കടുത്ത ദുഃഖവും നിസ്സഹായതയും തോന്നിയ സന്ദര്‍ഭങ്ങള്‍, കൊച്ച് കൊച്ച് സന്തോഷങ്ങള്‍, ഒരുപാട് ആത്മസംഘര്‍ഷങ്ങള്‍ എല്ലാം അതിലുണ്ടായിരുന്നു. ജീവിതത്തേയും മനുഷ്യനേയും ഇതിലേറെ അടുത്തറിയാനും മനസ്സിലാക്കാനും മറ്റെവിടെയെങ്കിലും കഴിയുമോ? അറിയില്ല. വലിയൊരു കുറ്റകൃത്യം ഉണ്ടാകുമ്പോള്‍ ആരിത് ചെയ്തു എന്ന് സമൂഹം പൊലീസിനോട് ചോദിക്കും. അതിന്  ഉത്തരം കിട്ടിയാലും ഉത്തരമില്ലാതെ ചില ജീവിതസമസ്യകള്‍ മനസ്സില്‍ അവശേഷിക്കും, ശാശ്വതമായി. പേരാമംഗലം സ്റ്റേഷനതിര്‍ത്തിയില്‍ റോസ എന്ന വിധവയായ വീട്ടമ്മ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ അത് തെളിയിക്കാന്‍ സ്‌ക്വാഡിലെ പൊലീസുകാര്‍ -രാജന്‍, മുകുന്ദന്‍, മണി തുടങ്ങിയവര്‍ - മാസങ്ങളോളം കഠിനമായി അദ്ധ്വാനിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു. അപ്പോഴും ഒരു ചോദ്യം അവശേഷിച്ചു. എന്തുകൊണ്ട് റോസയോട് ജീവിതം ഇത്ര ക്രൂരത കാട്ടി. ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് കുട്ടികളെ വളര്‍ത്താന്‍ അവര്‍ ചെയ്തിരുന്ന അത്യധ്വാനം അവിശ്വസനീയമായിരുന്നു. അന്നത്തെ ഒരു പൊലീസുകാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ജോലിയുടെ കാര്യത്തില്‍ ''ആണുങ്ങളെപ്പോലെ ജീവിച്ച പെണ്ണുങ്ങളായിരുന്നു അവര്‍.'' കുട്ടികള്‍ക്കുവേണ്ടി മാത്രം രാപ്പകല്‍ അദ്ധ്വാനിച്ചിരുന്ന നിഷ്‌കളങ്കയായ ആ വീട്ടമ്മയോട് ജീവിതം വല്ലാത്ത ക്രൂരതയാണ് കാട്ടിയത്. എന്തുകൊണ്ട് എന്ന ചോദ്യം അര്‍ത്ഥശൂന്യമാണ്. എങ്കിലും ആ ചോദ്യം മനസ്സിലുണ്ട്. വിചിത്രമായ സ്വഭാവ സവിശേഷതകള്‍കൊണ്ട് വിസ്മയിപ്പിച്ച എത്രയോ മനുഷ്യരെ കണ്ടു. അപൂര്‍വ്വമായെങ്കിലും, ഇരയേക്കാള്‍ അനുകമ്പ കുറ്റവാളിയോട് തോന്നിയ അവസരങ്ങള്‍ പോലും ഉണ്ട്. ഫീല്‍ഡില്‍ പ്രവര്‍ത്തിച്ച  ഈ ഘട്ടത്തില്‍ ഗുരുതരമായ പ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്, പൊലീസ് വെടിവെയ്പ് മുതല്‍ കസ്റ്റഡിമരണം വരെ. ഒപ്പം നിന്ന സഹപ്രവര്‍ത്തകരും ഭാഗ്യവും ഒരുപോലെ എന്നെ തുണച്ചതുകൊണ്ടുമാത്രം എല്ലാ അര്‍ത്ഥത്തിലും പരിക്ക് പറ്റാതെ മുന്നോട്ടുപോയി. തൃശൂര്‍ കളക്ടറേറ്റിനു മുന്നില്‍ എന്റെ തൊട്ടടുത്തു നിന്ന പൊലീസുകാരന്‍ റോയിക്ക് കല്ലേറില്‍ പല്ലൊടിഞ്ഞു. പക്ഷേ, ഞാന്‍ സുരക്ഷിതനായിരുന്നു.   

തൃശൂരില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ പൂരപ്പറമ്പിലെ കാഴ്ചകള്‍ കണ്ടും തേക്കിന്‍കാട് മൈതാനിയിലേയും പരിസരത്തേയും ബഹളങ്ങളില്‍ കാണിയായും പങ്കാളിയായും ഒക്കെ കറങ്ങിനടന്നിട്ടുള്ള എന്റെ നിയമപാലകവേഷം പലപ്പോഴും എനിക്കു തന്നെ കൗതുകം പകര്‍ന്നിട്ടുണ്ട്. ചിലരൊക്കെ എന്റെ പുതിയ വേഷം കണ്ട് ലേശം പരിഭ്രമിച്ചിട്ടുണ്ട്, ഞാനാരേയും 'വിരട്ടാന്‍' ശ്രമിച്ചിട്ടില്ലെങ്കിലും.
 
തൃശൂരില്‍ ഞാനെത്തുമ്പോള്‍ പൊലീസും പത്രങ്ങളും തമ്മില്‍ ഒരു തരം ശീതസമരം പ്രകടമായിരുന്നുവെങ്കിലും വിടപറയുമ്പോള്‍ ബന്ധം ഊഷ്മളമായിരുന്നു. അതിനര്‍ത്ഥം മാധ്യമങ്ങള്‍ പൊലീസിനെ വിമര്‍ശിച്ചില്ല എന്നല്ല; പക്ഷേ, വിമര്‍ശനം ആരോഗ്യകരമായ ബന്ധത്തിനു തടസ്സമായില്ല. അത് വ്യക്തമാക്കുന്ന ഒരു സംഭവം പറഞ്ഞുപോകാം. ടൗണില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു വ്യാപാരി മരിച്ചു. ദൗര്‍ഭാഗ്യകരമായ ആ സംഭവത്തില്‍ പൊലീസിനെതിരെ ആക്ഷേപമുണ്ടായി. മരണപ്പെട്ട വ്യക്തിയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ കാലതാമസമുണ്ടായി എന്നായിരുന്നു പരാതി. ആ ആക്ഷേപത്തിന് അടിസ്ഥാനമുണ്ടായിരുന്നു. ട്രാഫിക്ക് എസ്.ഐയ്ക്ക് ആശയക്കുഴപ്പമുണ്ടായത്രെ. അപകടം നടന്ന സ്ഥലം തന്റെ പരിധിയിലായിരുന്നോ എന്നതായിരുന്നു സന്ദേഹം. അല്ലെങ്കില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കേണ്ടത് ഈസ്റ്റ് എസ്.ഐ ആയിരുന്നു. അവസാനം സംശയം ദൂരീകരിച്ച് ട്രാഫിക്ക് എസ്.ഐ തന്നെ ഇന്‍ക്വസ്റ്റ് നടത്തി. പക്ഷേ, ഇതിനിടയില്‍ കുറേസമയം മൃതദേഹം അനാവശ്യമായി റോഡില്‍ കിടന്നു. അതാണ് പരാതിക്കിടയാക്കിയത്. സംഭവദിവസം വൈകുന്നേരം വ്യാപാരികളുടെ സംഘടനാ പ്രതിനിധികള്‍ എന്നെ കണ്ട് പരാതി തന്നു. ട്രാഫിക്ക് എസ്.ഐയെ സസ്പെന്റ് ചെയ്യണം എന്നവര്‍ പറഞ്ഞു. പരാതിയുമായി വന്നതില്‍ ഒരു നേതാവ് ഒരുപാട്  വൈകാരികമായി സംസാരിച്ചു. മൃതദേഹം അനാഥമായി മണ്ണിനു മുകളില്‍ കിടന്നു എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഒരുപാടതു പറഞ്ഞപ്പോള്‍ മനസ്സില്‍ തോന്നി, ആരായാലും മരിച്ചുകഴിഞ്ഞാല്‍ കുറേ നേരം മണ്ണിനു മുകളില്‍ കിടക്കും, പിന്നെ ശാശ്വതമായി മണ്ണിനടിയിലും. തോന്നല്‍ അവിടെ വിളമ്പിയില്ല. പരാതി ഉടനെ അന്വേഷിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഞാന്‍ പറഞ്ഞു. ട്രാഫിക്ക് എസ്.ഐയെ സസ്പെന്റ് ചെയ്യണം എന്നതായിരുന്നു ആവശ്യമെങ്കിലും അക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയില്ല. പൊലീസില്‍, നടപടി എന്നാല്‍ പലര്‍ക്കും അതിനര്‍ത്ഥം സസ്പെന്‍ഷന്‍ എന്നു മാത്രമാണ്. ട്രാഫിക്കിലെ ചെറുപ്പക്കാരനായ ആ എസ്.ഐ സത്യസന്ധനായിരുന്നു എന്ന പരിഗണന മനസ്സിലുണ്ടായിരുന്നു. സത്യസന്ധനായ ട്രാഫിക്ക് എസ്.ഐ എന്നാല്‍ തിളയ്ക്കുന്ന മഞ്ഞുകട്ടപോലെ അസാദ്ധ്യം എന്നു കരുതുന്നവര്‍ ഉണ്ടാകാം. 

തൊട്ടടുത്ത ദിവസം പത്രങ്ങളില്‍ ട്രാഫിക്ക് പൊലീസിന്റെ വീഴ്ച എന്ന നിലയില്‍ ആ സംഭവത്തിനു വലിയ പ്രാധാന്യം നല്‍കിയിരുന്നു. നടപടി എന്തായി എന്നു ചില പത്രപ്രവര്‍ത്തകര്‍ അടുത്ത ദിവസം എന്നോട് ചോദിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയില്ല എന്നു ഞാന്‍ മറുപടി നല്‍കി. മാധ്യമങ്ങളിലൂടെ സസ്പെന്‍ഷനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതുപോലെ തോന്നി. സസ്പെന്‍ഷന്‍ ഒഴിവാക്കി മറ്റു നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് അന്വേഷണ റിപ്പോര്‍ട്ടിനു ധൃതികൂട്ടിയില്ല. ഇക്കാര്യത്തില്‍ എന്റെ മെല്ലെപ്പോക്ക് പത്രപ്രവര്‍ത്തകര്‍ക്കും മനസ്സിലായിരുന്നിരിക്കണം. ഒരു ദിവസം മനോരമ  വലിയ തലക്കെട്ടില്‍ വാര്‍ത്ത നല്‍കി: ''നാലാം ദിവസവും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന്.'' പൊലീസിന്റെ  മെല്ലെപ്പോക്ക് തുറന്നുകാട്ടുന്നതായിരുന്നു ആ വാര്‍ത്ത. വാര്‍ത്ത വന്ന ദിവസം വൈകുന്നേരം മനോരമ ലേഖകന്‍ റോമി മാത്യു എന്നെ ഫോണില്‍ വിളിച്ചു. ഇങ്ങോട്ടെന്തെങ്കിലും ചോദിക്കും മുന്‍പേ ഞാന്‍ പറഞ്ഞു: ''അഞ്ചാം ദിവസവും റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.'' അതുകേട്ട്  അദ്ദേഹം  ഉറക്കെ ചിരിച്ചു, കൂടെ ഞാനും. ആ വാര്‍ത്ത ഒരു പരിധിക്കപ്പുറം കത്തില്ല എന്നു ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമായിരുന്നു.  വാര്‍ത്തയില്‍നിന്നും പതുക്കെ അത് അപ്രത്യക്ഷമായെങ്കിലും പിന്നീട് ട്രാഫിക്ക് എസ്.ഐയെ സ്ഥലം മാറ്റി.

ഫയലുകളുടെ ലോകം

തൃശൂരില്‍ എന്നെ ഏറെ ആകര്‍ഷിച്ച ഒരു വ്യക്തി ആനകളുടെ ക്ഷേമത്തില്‍ ആത്മാര്‍ത്ഥതയോടെ ഇടപെട്ടിരുന്ന വെങ്കിടാചലം എന്ന ചെറുപ്പക്കാരനാണ്. ആ ആനസ്‌നേഹി പലപ്രാവശ്യം എന്നെ കണ്ടിട്ടുണ്ട്, ആനക്കാര്യങ്ങള്‍ക്കുവേണ്ടി. മനുഷ്യരെക്കൊണ്ടു തന്നെ പൊറുതിമുട്ടുന്നതിനിടെ ആയിരുന്നു ആനയുടെ വേദനയുമായി വരുന്ന ഈ വെങ്കിടാചലം. ചില ഘട്ടങ്ങളില്‍ നേരിയ അക്ഷമ ഞാനദ്ദേഹത്തോട് പ്രകടിപ്പിച്ചിട്ടുമുണ്ട്. ജില്ലയുടെ ഏതെങ്കിലും കോണില്‍ ആരെങ്കിലും ആനയെ പീഡിപ്പിച്ചാല്‍ അദ്ദേഹത്തിനു വിവരം കിട്ടിയിരുന്നു. അതിന്റെ രഹസ്യം ഞാന്‍ ചോദിച്ചു. കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്ന അദ്ദേഹം തന്റെ ശിഷ്യഗണങ്ങളെ ആന പ്രശ്‌നത്തില്‍ നന്നായി ബോധവല്‍ക്കരിച്ചിരുന്നു. എവിടെയെങ്കിലും പീഡനമുണ്ടായതായി കണ്ടാല്‍ ശിഷ്യന്‍മാര്‍ ഗുരുവിനെ വിവരം അറിയിക്കും. അദ്ദേഹം അതിനുപിറകെ ഇറങ്ങിത്തിരിക്കും. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്ത് ഞാന്‍ ഉയര്‍ന്ന പദവികളിലിരിക്കുമ്പോഴും ആനകളുടെ ആവലാതികളുമായി അദ്ദേഹം എന്നെ പിടികൂടിയിട്ടുണ്ട്. 

തൃശൂരില്‍ അങ്ങനെ 'ആനക്കാര്യ'ങ്ങളുമായി നീങ്ങുമ്പോള്‍ ഞങ്ങളുടെ പ്രൊമോഷന്‍ വന്നു. സത്യം സത്യമായി പറഞ്ഞാല്‍ മണ്‍സൂണ്‍ മഴയെക്കാള്‍ കൃത്യമായി കേരളത്തില്‍ സംഭവിക്കുന്നതാണ് ഐ.എ.എസ്/ഐ.പി.എസ് പ്രൊമോഷന്‍. വലിയ കാലാവസ്ഥാ വ്യതിയാനമൊന്നും അതില്‍ സംഭവിച്ചിട്ടില്ല. ഒരുമാതിരി കുഴപ്പംകൊണ്ടൊന്നും പ്രൊമോഷന്‍ നഷ്ടമാകില്ല; അതിന്  ഒരുപാട് 'കഷ്ടപ്പെടണം.' എസ്.ഐ, സി.ഐ മുതലായവരുടെ കാര്യത്തില്‍ അതല്ല അവസ്ഥ. അവിടെ ചെറിയ കാര്യങ്ങള്‍ക്കും പ്രൊമോഷന്‍ നഷ്ടപ്പെടാം. അങ്ങനെ ഞാനും ഡി.ഐ.ജിയായി. പൊലീസിന്റെ അധികാര ശ്രേണിയില്‍ പണ്ടൊരു ഗ്ലാമര്‍താരം ആയിരുന്നു ഈ ഡി.ഐ.ജി റാങ്ക്. ഐ.പി.എസ് കിട്ടി പരിശീലനം കഴിഞ്ഞ് 1987-ല്‍ കേരളത്തില്‍ എത്തുമ്പോള്‍ ഇന്റലിജന്‍സ് ഡി.ഐ.ജി, ഭരണവിഭാഗം ഡി.ഐ.ജി എന്നൊക്കെ കേട്ടാല്‍ വകുപ്പില്‍ ലേശം ഭയഭക്തിബഹുമാനമൊക്കെ ഉദ്യോഗസ്ഥര്‍ക്കു തോന്നിയിരുന്നു. സര്‍ക്കാരിന്റെ വിശ്വസ്തരാണിവര്‍ എന്നൊരു ധാരണ ഉണ്ടായിരുന്നു. മറ്റുള്ളവര്‍ വിശ്വസ്തരല്ലേ എന്നു ചോദിച്ചാല്‍ ഉത്തരം ജോര്‍ജ് ഓര്‍വലിന്റെ വിഖ്യാത വാക്കുകളാണ്: 'All animals are equal but some animals are more equal than others.' (എല്ലാ ജന്തുക്കളും തുല്യരാണ്, എന്നാല്‍ ചില ജന്തുക്കള്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ തുല്യരാണ്). കൂടുതല്‍ വിശ്വസ്തര്‍  എന്ന ഗണത്തില്‍പ്പെടുന്ന ഭരണ വിഭാഗം ഡി.ഐ.ജി ആയിട്ടാണ് എന്നെ  നിയമിച്ചത്. നിയമനത്തെക്കുറിച്ച് നേരത്തേ ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്താണെന്റെ പുതിയ ജോലിയെന്നോ അതെങ്ങനെ നിര്‍വ്വഹിക്കണമെന്നോ കാര്യമായ ഒരു ധാരണയും ഇല്ലായിരുന്നു. പരമ്പരാഗതമായി ആ പോസ്റ്റ് വലിയ പ്രാധാന്യം ആര്‍ജ്ജിച്ചിരുന്നു. കേരളത്തില്‍ ഐ.ജി ആയിരുന്നല്ലോ ദീര്‍ഘകാലം പൊലീസ് മേധാവി. അപ്പോള്‍ ഡി.ഐ.ജി എന്നാല്‍ മേധാവിയെ സഹായിക്കുന്ന ഉപമേധാവി എന്നായിരുന്നു പഴയ സങ്കല്പം. പിന്നീട് വകുപ്പുമേധാവിയായി ഡി.ജി.പി റാങ്കും തൊട്ടുതാഴെ എ.ഡി.ജി.പി റാങ്കും വന്നപ്പോള്‍ ഐ.ജിയും ഡി.ഐ.ജിയും താഴോട്ടുപോയി. എങ്കിലും ഭരണ വിഭാഗം ഡി.ഐ.ജിയുടെ പ്രഭാവം ഒട്ടും കുറഞ്ഞിരുന്നില്ല. അതിന്റെ പ്രധാന കാരണം പലപ്പോഴും ഈ ഡി.ഐ.ജിക്ക് സിദ്ധിച്ചിരുന്ന അധികാരത്തിന്റെ ഒരു ഉറവിടം പൊലീസ് മന്ത്രിയുടെ ഓഫീസുമായുള്ള സാമീപ്യം ആയിരുന്നു. കാലത്തും വൈകിട്ടും അവിടെ ഹാജര്‍ വയ്ക്കുന്നത് ജോലിയുടെ ഭാഗമായി കരുതിയിരുന്നവരും ഉണ്ട്. അവിടെനിന്നും കിട്ടുന്ന ശുപാര്‍ശകള്‍ നടപ്പാക്കുക എന്നതായിരുന്നു അവരുടെ മുഖ്യ ഭരണച്ചുമതല. ഇതില്‍നിന്നും വ്യത്യസ്തമായി, രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ സംവിധാനവും പൊലീസ് വകുപ്പും തമ്മിലുള്ള ആശയ വിനിമയത്തില്‍ പൊലീസ് മേധാവിയോടൊപ്പമോ വകുപ്പിനെ പ്രതിനിധീകരിച്ചോ പങ്കെടുക്കുന്ന ചുമതലയും ഡി.ഐ.ജിക്കുണ്ടായിരുന്നു. 

ഓഫീസ് ഭരണത്തില്‍ ഇതിനെക്കാളൊക്കെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഫയലുകളുടെ ലോകത്ത് സ്വയം നഷ്ടപ്പെടാതെ എങ്ങനെ സംവിധാനം കാര്യക്ഷമമാക്കാം എന്നതായിരുന്നു. മേശപ്പുറത്ത് മാത്രമല്ല, മുറി നിറയെ ഫയല്‍ കൂനകളാല്‍ ചുറ്റപ്പെട്ട് അതിനു നടുവില്‍ ഇരുന്നിരുന്ന ചില പൂര്‍വ്വകാല മാതൃകകളെ അവിടെ കണ്ടിട്ടുണ്ട്. എത്ര വലിയ ഭാരമാണ് താന്‍ വഹിക്കുന്നത് എന്നു ലോകത്തോട് വിളംബരം ചെയ്യുന്നതില്‍ അപൂര്‍വ്വം ചിലര്‍ ആനന്ദിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. ഫയല്‍ നോക്കുന്നതിന്റെ ഒരു മാതൃക പൊലീസ് ആസ്ഥാനത്ത് ഞാന്‍ കണ്ടത് ടി.വി. മധുസൂദനന്‍ ഡി.ജി.പി ആയിരിക്കുമ്പോഴാണ്. ഞങ്ങള്‍ ഏതാനും എസ്.പിമാര്‍ മുന്നിലുണ്ടായിരുന്നു. ഞങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം ഇടയ്ക്കിടെ  ഫയലുകള്‍ എടുത്ത് അതില്‍ ചിലതില്‍ കുപ്രസിദ്ധമായ ചുവപ്പുനാടപോലും അഴിക്കാതെ ഒപ്പിടുന്നുണ്ടായിരുന്നു. ഞങ്ങളുടെ മുഖഭാവം മനസ്സിലാക്കി ആയിരിക്കണം അദ്ദേഹം പറഞ്ഞു: ''ഈ ഫയലുകള്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് നല്‍കാനുള്ളതാണ്. തുക ശരിയാണോ എന്ന് കണക്കു കൂട്ടി നോക്കിയാല്‍ ഒരു ദിവസം എനിക്ക് പത്ത് പ്രോവിഡന്റ് ഫണ്ട് ഫയല്‍ നോക്കാനെ നേരം കിട്ടൂ''- കണ്ണടച്ച് ഒപ്പിടാവുന്ന ഫയലുകളും ഉണ്ട് എന്നാണ് അദ്ദേഹം വിശദീകരിച്ചത്.  
        
ഇങ്ങനെ കുറേ അറിവുകളുടേയും അനുഭവങ്ങളുടേയും പിന്‍ബലത്തിലായിരുന്നു പൊലീസ് ആസ്ഥാനത്തെ ഫയലുകളുടെ ലോകത്തേയ്ക്ക് എന്റെ കാല്‍വെയ്പ്. തൊട്ടതും പിടിച്ചതും എല്ലാം അടിയന്തരം എന്ന ലേബലില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഫയലുകള്‍ കൊണ്ടുവരുന്ന രീതി വളരെ കൂടുതലായിരുന്നു എന്നു തുടക്കത്തില്‍ തോന്നി. അത് പതുക്കെ നിരുത്സാഹപ്പെടുത്താന്‍ അതാത് ദിവസം തന്നെ എന്റെ മുന്നിലെത്തുന്ന ഫയലുകള്‍ തീര്‍പ്പാക്കേണ്ടത് അത്യന്താപേക്ഷിതം ആയിരുന്നു. ഓഫീസ് ജോലി വീട്ടില്‍ കൊണ്ടുപോകരുത് എന്നു പല മഹദ്വചനങ്ങളും കേട്ടിട്ടുണ്ടെങ്കിലും തുടക്കം മുതലേ അത് ഞാന്‍ ലംഘിച്ചു. സര്‍ക്കാരിലേക്കുള്ള ഒരു ഓര്‍മ്മക്കുറിപ്പ് അടിയന്തര അംഗീകാരത്തിനായി ജൂനിയര്‍ സൂപ്രണ്ട് മുറിയില്‍ വന്നപ്പോള്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചത് ഫയലിന്റെ കനമായിരുന്നു. ദീര്‍ഘകാലമായി ആഭ്യന്തരവകുപ്പുമായി കറസ്പോണ്ടന്‍സില്‍ ഇരിക്കുന്ന വിഷയമാണെന്നു പറഞ്ഞ് ഓര്‍മ്മക്കുറിപ്പ് ഉടന്‍ അയക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ആവേശം തണുപ്പിക്കാതെ എന്തോ പറഞ്ഞ്  ഫയല്‍ മാറ്റിവെച്ചു. 

രാത്രി ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍  ധാരാളം ഫയലുകള്‍ക്കൊപ്പം അതും പെട്ടിയിലാക്കി വീട്ടില്‍ കൊണ്ടുപോയി. അടുത്തദിവസം വെളുപ്പിനുണര്‍ന്ന് ഫയല്‍ തുറന്നു. ഫയലിന്റെ സമീപകാല ചരിത്രം നോക്കുമ്പോള്‍ പ്രഥമദൃഷ്ടിയില്‍ ഒരുപാട് നടപടികള്‍ എടുത്തപോലെ തോന്നും. പ്രഥമദൃഷ്ട്യാ കാണുന്നത് ആകണമെന്നില്ല സത്യം എന്ന് അനുഭവം കൊണ്ടറിയാം. ഒരുപാട് കത്തുകള്‍ പൊലീസില്‍നിന്ന് ആഭ്യന്തരവകുപ്പിലേക്കും തിരിച്ചും അയച്ചിട്ടുണ്ട്. കൂടാതെ ആഭ്യന്തരവകുപ്പില്‍നിന്ന് നിയമം, ധനകാര്യം, ഭരണപരിഷ്‌കാരം തുടങ്ങിയ വകുപ്പുകളിലേക്കും കത്തുകള്‍ ഒരുപാട് പോയതായി മനസ്സിലാക്കാം. ആശ്രിതനിയമനമാണ് വിഷയം. സാധാരണ ഗതിയില്‍ അതിനൊരു വ്യവസ്ഥാപിത സമ്പ്രദായം ഉണ്ട്. അതില്‍ ഇത്രയേറെ വകുപ്പുകള്‍ ഇത്രയ്ക്ക് തല പുണ്ണാക്കിയിട്ടും  വഞ്ചി തിരുനക്കര തന്നെ എന്നതായിരുന്നു അവസ്ഥ. തടിച്ച ഫയലിന്റെ ഭൂതകാലത്തേയ്ക്ക് കടന്നപ്പോഴാണ് യഥാര്‍ത്ഥ ചിത്രം വ്യക്തമായത്.   

കണ്ണൂര്‍ ജില്ലക്കാരനായ ബാലന്‍ എന്ന പൊലീസുകാരനായിരുന്നു അതിന്റെ കേന്ദ്രബിന്ദു.  ഫയലില്‍ പ്രത്യക്ഷപ്പെട്ട ബാലന്റെ കഥ ഇങ്ങനെ: ബാലന്‍ നന്നെ ചെറുപ്പമായിരുന്നു. മുപ്പതിനടുത്ത് പ്രായമുണ്ടായിരുന്ന അയാള്‍ പൊലീസ് ജോലിയില്‍ സമര്‍ത്ഥനായിരുന്നു. ക്രൈം സ്‌ക്വാഡില്‍ ജോലി ചെയ്തിരുന്ന ബാലന്‍ കുറ്റവാളികളെ അന്വേഷിച്ച് കണ്ടെത്തുന്നതിലും പിടികൂടുന്നതിലും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച് വിജയിച്ചിട്ടുണ്ട്. ബുദ്ധിയും ധൈര്യവും സാഹസികതയും എല്ലാം ആവശ്യമായ ആ ജോലി അയാള്‍ക്കൊരു ആവേശമായിരുന്നു. അങ്ങനെയിരിക്കെ ഒരു അന്വേഷണത്തിനിടയില്‍ ബാലനും സഹപ്രവര്‍ത്തകരും അപകടകാരിയായ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തില്‍ അയാളെ പിന്‍തുടര്‍ന്നോടി. പ്രതി ഒരു ഇരുനില കെട്ടിടത്തിനുള്ളില്‍ കയറി. അതു മനസ്സിലാക്കിയ ബാലനും കൂട്ടുകാരും തൊട്ടു പിറകെ എത്തി. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കയറിയ പ്രതി അവിടെനിന്ന്  കൈവരിയില്‍ തൂങ്ങി താഴെ പടിക്കെട്ടിലേക്ക് ചാടി. സാഹസികതയില്‍ ഒട്ടും പിറകിലല്ലാതിരുന്ന ബാലന്‍ കൂടെ ചാടാന്‍ ശ്രമിച്ചു. കൈതെറ്റി അയാള്‍ വീണു. അതൊരു വല്ലാത്ത  പതനമായിപ്പോയി. അയാള്‍ ആശുപത്രിയിലായി. നട്ടെല്ലിനായിരുന്നു പരിക്ക്. പരിക്ക്  ഗുരുതരമാണെന്നും സ്പൈനല്‍ കോര്‍ഡിനു സാരമായ കേടുവന്നിട്ടുണ്ടെന്നും ക്രമേണ മനസ്സിലായി. അതില്‍നിന്നു പിന്നെ അയാള്‍ക്ക് മോചനമുണ്ടായില്ല. മാസങ്ങളോളം ആശുപത്രിയും വീടുമായി അയാള്‍ കഴിഞ്ഞു. ശരീരം ഏതാണ്ട് പൂര്‍ണ്ണമായും ചലനമറ്റ അവസ്ഥയിലായി. ചെറുപ്പക്കാരിയായ ഭാര്യയും കൊച്ചു കുഞ്ഞും മാത്രമുള്ള അയാളുടെ കുടുംബം വലിയ ബുദ്ധിമുട്ടിലുമായി. 

ആദ്യമൊക്കെ സഹപ്രവര്‍ത്തകരുടേയും ഡിപ്പാര്‍ട്ട്‌മെന്റിന്റേയും സഹാനുഭൂതിയും വലിയ സഹായവുമുണ്ടായി. പക്ഷേ, ക്രമേണ അതു കുറഞ്ഞു. അതാണല്ലോ മനുഷ്യസ്വഭാവം. ദുഃഖം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങള്‍ സമയം പോകുന്തോറും അതിവേഗം കുറഞ്ഞുവരും. അത്യന്തം ദുഃഖകരമായ ഒരു സംഭവമുണ്ടാകുമ്പോള്‍ ആദ്യം മനസ്സാക്ഷിയെ ഞെട്ടിച്ചു എന്നൊക്കെ പറഞ്ഞാലും അധികം കഴിയും മുന്‍പ് അതിന്റെ ആഘാതം, ആ സംഭവം നേരിട്ടു ബാധിക്കുന്ന വ്യക്തികളില്‍ മാത്രമായി ചുരുങ്ങും. ഇവിടെയും അതുതന്നെ സംഭവിച്ചു. ക്രമേണ സഹായം കുറഞ്ഞു. കിടപ്പിലായി മാസങ്ങള്‍ നീണ്ടപ്പോള്‍ അയാളുടെ അവധിയും വലിയ പ്രശ്‌നമായി; ശമ്പളവും കിട്ടാതായി. പ്രത്യേക അവധിക്കും ആനുകൂല്യത്തിനുമുള്ള കത്തുകള്‍ ജില്ലാ പൊലീസ് ഓഫീസില്‍നിന്നും പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേയ്ക്കും സര്‍ക്കാരിലേക്കും എല്ലാം  വന്നും പോയുമിരുന്നു. ഫയലുകള്‍ തടിച്ചു കൊഴുത്ത് തീരുമാനമാകാതെയിരുന്നപ്പോള്‍, ബാലന്റെ അവസ്ഥയും കുടുംബത്തിന്റെ സ്ഥിതിയും കൂടുതല്‍ ദയനീയമായി. 

ഇതിനിടെ സ്പൈനല്‍ കോര്‍ഡിനേറ്റ ഗുരുതരമായ പരിക്കു മൂലം ബാലന്‍ സ്ഥിരം കിടപ്പിലായി. രക്ഷപ്പെടാന്‍ ഒരു സാദ്ധ്യതയുമില്ലെന്നു കണ്ട്, തന്നെ ജോലിയില്‍നിന്നും ഒഴിവാക്കി പകരം എന്തെങ്കിലും ജോലി ഭാര്യക്കു നല്‍കാന്‍ ബാലന്‍  സര്‍ക്കാരില്‍ അപേക്ഷ നല്‍കി. പക്ഷേ, അവിടെ ഒരു പ്രശ്‌നം. ബാലന്‍ ശയ്യാവലംബിയായിയിരുന്നെങ്കിലും അയാള്‍ ജീവിച്ചിരിക്കുന്നു എന്നതുതന്നെ പ്രശ്‌നം. ആ സാഹചര്യത്തില്‍ ആശ്രിതനിയമനം സാധാരണയായി അസാദ്ധ്യമാണ്. ആഭ്യന്തരവകുപ്പും ഭരണപരിഷ്‌കരണവകുപ്പും നിയമവകുപ്പും എല്ലാ നിയമവും ചട്ടവും തലനാരിഴകീറി പരിശോധിച്ചു വ്യക്തമാക്കി. അങ്ങനെയാണ് ഈ പൊലീസുകാരന്‍ വലിയ ഒരു ഭരണപ്രശ്‌നമായത്. ഏറെ സമയം ചെലവഴിച്ചിട്ടും പരിഹാരമൊന്നും ഞാന്‍ കണ്ടില്ല. ഒരു കാര്യം വ്യക്തമായിരുന്നു. വെറുതെ ഒരു ഓര്‍മ്മക്കുറിപ്പ് അയച്ചിട്ട് ഒരു കാര്യവുമില്ല. ഓര്‍മ്മയുടേയും മറവിയുടേയും മന:ശാസ്ത്രം പണ്ട് ഞാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അവസരത്തില്‍ പഠിച്ചിട്ടുണ്ട്. മനുഷ്യന്‍ ഓര്‍മ്മിക്കാന്‍  ആഗ്രഹിക്കാത്ത  കാര്യങ്ങളാണ് പലപ്പോഴും മറക്കുന്നത്. ഇവിടെ ഓര്‍മ്മക്കുറവല്ല പ്രശ്നം. പൊലീസുകാരന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ് പ്രശ്നം. പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ലോകത്തെവിടെയും 'ബുദ്ധിമാന്മാര്‍' സ്വീകരിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. പ്രശ്നത്തെ സ്വന്തം ചുമലില്‍നിന്ന് എത്രയും പെട്ടെന്ന് മറ്റൊരു ചുമലിലേയ്ക്ക് തള്ളിവിടുക. ഈ സിദ്ധാന്തം ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു 'Who has got the monkey' (''കുരങ്ങ് ആരുടെ കൈവശമാണ്'') എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവിടെ 'കുരങ്ങ്' തീരുമാനമെടുക്കേണ്ട ഒരു പ്രശ്നത്തിന്റെ പ്രതീകമാണ്. എന്റെ മുന്നിലിരുന്ന ഫയലില്‍ ഹനുമാന്‍ ചാട്ടങ്ങള്‍ ഒരുപാട് നടന്നു. പക്ഷേ, പൊലീസുകാരന്റേയും കുടുംബത്തിന്റേയും പ്രശ്നം ഒരിഞ്ച് മുന്നോട്ടുപോയിരുന്നില്ല. പ്രശ്നപരിഹാരത്തിന് ഒരു വഴിയും കാണാതെ ഞാന്‍ ഫയല്‍ തിരികെവച്ചു. ഫയല്‍ അടച്ചുവെങ്കിലും ബാലന്‍ മനസ്സില്‍നിന്നിറങ്ങിയില്ല. അന്നു വൈകുന്നേരം ഓഫീസില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു തോന്നല്‍. ഫയല്‍ നാലഞ്ചു വര്‍ഷം പഴക്കമുള്ളതാണല്ലോ. എന്തായിരിക്കും ബാലന്റെ ഇപ്പോഴത്തെ അവസ്ഥ? അത് ഫയലില്‍ ഇല്ലായിരുന്നു. ഞാന്‍ ഉടനെ ജില്ലാ എസ്.പിയെ ഫോണ്‍ ചെയ്തു. എസ്.പിക്ക് 'ബാലന്‍സംഭവം' അറിയില്ലായിരുന്നു. സംഭവത്തിനു ശേഷം പല എസ്.പിമാരും മാറി വന്നിരുന്നു. അദ്ദേഹം അന്വേഷിച്ച് അറിയിക്കാമെന്നു പറഞ്ഞു. അടുത്ത ദിവസം എസ്.പിയുടെ ഫോണ്‍ വന്നു. ''സര്‍, he is dead.' സത്യത്തില്‍, സങ്കടത്തേക്കാള്‍ ആശ്വാസം തോന്നി. ആ പൊലീസുകാരന്‍ രക്ഷപ്പെട്ടു, ദുസ്സഹമായ ജീവിതത്തില്‍നിന്ന്. അയാളുടെ കുടുംബവും രക്ഷപ്പെട്ടു! സങ്കീര്‍ണ്ണമായൊരു ഭരണപ്രശ്‌നവും തീര്‍ന്നു! ഒരു ഫയല്‍, അല്ല ഒരു ജീവിതം തീര്‍പ്പായി. 

(തുടരും)

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com