'ആ അന്തര്‍ധാരയുടെ ഹെഡ്ക്വാര്‍ട്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു'

പൊലീസില്‍ രാഷ്ട്രീയ ഇടപെടല്‍ ആകാമോ? ആകാമെങ്കില്‍ എത്രത്തോളം? തുടങ്ങിയ ചോദ്യങ്ങള്‍ അക്കാലത്ത് രാഷ്ട്രീയത്തില്‍ കുറേ വാദകോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു
'ആ അന്തര്‍ധാരയുടെ ഹെഡ്ക്വാര്‍ട്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു'

ലസ്ഥാനത്ത് ഞാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണറാകുമ്പോള്‍ എ.കെ. ആന്റണി ആയിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പൊലീസില്‍ രാഷ്ട്രീയ ഇടപെടല്‍ ആകാമോ? ആകാമെങ്കില്‍ എത്രത്തോളം? തുടങ്ങിയ ചോദ്യങ്ങള്‍ അക്കാലത്ത് രാഷ്ട്രീയത്തില്‍ കുറേ വാദകോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമപരമായി തീരുമാനിക്കേണ്ട ഒരു കാര്യത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട ഒരനുഭവം പോലും സിറ്റിയില്‍ അന്നുണ്ടായിട്ടില്ല. അതിനു മുന്‍പും പിന്‍പും ഇതായിരുന്നില്ല സ്ഥിതി, രാഷ്ട്രീയ വ്യത്യാസമില്ലാതെ. സബ്ബ് ഇന്‍സ്പെക്ടറുടെ സ്ഥലംമാറ്റം, പ്രതികളുടെ അറസ്റ്റ്, പൊലീസുകാരുടെ സസ്പെന്‍ഷന്‍, കേസിന്റെ വകുപ്പ് തുടങ്ങി പല കാര്യങ്ങളിലും ഇടപെടലുകള്‍ ഉണ്ടാകാം. കൊവിഡ് ഭാഷയില്‍ പറഞ്ഞാല്‍ ഇടപെടലിനും ഒരു 'റൂട്ട്മാപ്പ്' ഒക്കെ ഉണ്ട്. ഉദാഹരണത്തിന്, രാഷ്ട്രീയം നോക്കാതെ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്ന 'തലതിരിഞ്ഞ' ഒരു സബ് ഇന്‍സ്പെക്ടര്‍ ആകാം വിഷയം. എസ്.ഐ പ്രശ്നം, ഭരിക്കുന്ന കക്ഷിയുടെ രീതിശാസ്ത്ര പ്രകാരം സഞ്ചരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്നു. അവിടെ പൊലീസ് ഭരണത്തിന്റെ ഒരു താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഉണ്ടാകും. അവിടുത്തെ കാഴ്ചപ്പാടനുസരിച്ച് 'തലതിരിഞ്ഞ' എസ്.ഐ ദൂരേക്ക് തെറിച്ചേക്കാം. ഈ കല്പന നടപ്പാകുന്ന വഴിയില്‍ പൊലീസ് ആസ്ഥാനത്തും മറ്റ് ഓഫീസുകളിലും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടാകും. മിക്ക ഡി.ജി.പിമാരും ഈ 'റൂട്ട്മാപ്പി'നു പുറത്തായിരിക്കും എന്ന് ഞാനറിഞ്ഞത് പിന്നീടാണ്. ഇടപെടല്‍ എന്നതുകൊണ്ട് എല്ലാം ശരിയെന്നോ എല്ലാം തെറ്റെന്നോ പറയാനാകില്ല.  രാഷ്ട്രീയവും പൊലീസും ജനാധിപത്യ സമൂഹത്തില്‍ അതിന്റേതായ ധര്‍മ്മം നിര്‍വ്വഹിക്കേണ്ട ഒഴിച്ചുകൂടാനാകാത്ത സ്ഥാപനങ്ങളാണ്. എന്നാല്‍, സങ്കുചിത രാഷ്ട്രീയവും സ്ഥാനമോഹം മാത്രം ജീവിതവ്രതമാക്കിയ ചില പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അന്തര്‍ധാര കാലാകാലങ്ങളില്‍, കേരളത്തില്‍ കക്ഷിഭേദമന്യേ സജീവമായിരുന്നു. ഈ അന്തര്‍ധാരയുടെ ഹെഡ്ക്വാര്‍ട്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയായിരുന്നു. 

ഇതുമായി ബന്ധപ്പെട്ട്, തൃശൂരില്‍വെച്ച് സംഭവിച്ചതാണെങ്കിലും പ്രസക്തമായ ഒരനുഭവം ഇവിടെ പറയാം. അവിടെ എസ്.പി ആയിരുന്ന എനിക്കൊരു ഫോണ്‍ വന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പൊളിറ്റിക്കല്‍ സെക്രട്ടറി ശശി എന്ന് പറഞ്ഞാണ് സംസാരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് ചില സാമൂഹ്യവിരുദ്ധന്മാര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നാണ് പറഞ്ഞത്. എനിക്ക് നേരിട്ട് അറിയാവുന്ന കേസായിരുന്നു അത്. പറഞ്ഞ കാര്യങ്ങള്‍ തികച്ചും ന്യായമായിരുന്നുതാനും. പക്ഷേ, ആ മനുഷ്യന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി അല്ലെന്ന് ശബ്ദം കൊണ്ടും സംസാരരീതികൊണ്ടും എനിക്കുറപ്പായിരുന്നു. ദീര്‍ഘമായ സംസാരം മുഴുവന്‍ ശാന്തമായി കേട്ടശേഷം ഞാന്‍ പറഞ്ഞു: ''ശരിയായ കാര്യമാണ് നിങ്ങള്‍ പറഞ്ഞത്; ഞാന്‍ നടപടി എടുക്കുകയും ചെയ്യും; പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ഈ ആള്‍മാറാട്ടം മാത്രം ഒഴിവാക്കാമായിരുന്നു.'' ഒന്നും പറയാതെ അദ്ദേഹം ഉടന്‍ ഫോണ്‍ കട്ട് ചെയ്തു. കാര്യം നടക്കാന്‍ എളുപ്പവഴി അതാണെന്നു കരുതിയതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയത് വേണ്ടായിരുന്നുവെന്ന് പിന്നീട് തോന്നി.  

ഡി.സി.പി ആകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള അധികാരകേന്ദ്രം ഇല്ലാതായിരുന്നു. അതിനര്‍ത്ഥം അവിഹിതമായ രാഷ്ട്രീയ ഇടപെടല്‍ പൂര്‍ണ്ണമായും ഇല്ലാതായി എന്നല്ല. പ്രഭവകേന്ദ്രം അപ്രത്യക്ഷമായെങ്കിലും അധികാര വികേന്ദ്രീകരണം എന്നു പറയും പോലെ അവിഹിത സ്വാധീനങ്ങളുടേയും വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ശക്തി കുറഞ്ഞിരിക്കണം. എങ്കിലും അത് പൂര്‍ണ്ണമായും നിലച്ചില്ല. ചില ഉയര്‍ന്ന ഉദ്യോ ഗസ്ഥര്‍ തന്നെ തങ്ങളുടെ മുന്‍കാല വിധേയത്വ ശീലത്തിനു വഴങ്ങി ആയിരിക്കണം, തെറ്റായ ചില ഇടപെടലുകള്‍ നടത്തിയ അനുഭവം എനിക്കുതന്നെ ഉണ്ടായി. അത്തരം പ്രശ്‌നങ്ങള്‍ കുറേയൊക്കെ താഴെത്തട്ടിലും ഉണ്ടായിട്ടുണ്ട്. എങ്കിലും നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ അന്യായമായ കാര്യങ്ങള്‍ക്കു സമ്മര്‍ദ്ദത്തിലാക്കുന്ന അവസ്ഥയ്ക്ക് നല്ല മാറ്റമുണ്ടായി. സാമൂഹ്യവിരുദ്ധര്‍ക്കെതിരേയും മറ്റും നിയമനടപടി സ്വീകരിക്കുന്നതില്‍ ഇത് വളരെ ഗുണം ചെയ്തു. എന്നാല്‍, പുതിയ സാഹചര്യം പലരേയും അസ്വസ്ഥരാക്കുകയും ചെയ്തു. 

എകെ ആന്റണി
എകെ ആന്റണി

ദുര്‍ബലമായ അസോസിയേഷനുകള്‍

മുന്‍കാലങ്ങളില്‍ രാഷ്ട്രീയ അധികാരത്തിന്റെ അകത്തളങ്ങളുമായുള്ള അടുപ്പം കൊണ്ട് പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൈകടത്തിയിരുന്ന പല ശക്തികളും പെട്ടെന്ന് അപ്രസക്തരായി. പൊലീസ് സംവിധാനത്തിനുള്ളില്‍ ഈ പ്രതിഭാസം ദൃശ്യമായ ഒരു മേഖല അസ്സോസിയേഷനുകളുടെ പ്രവര്‍ത്തനത്തിലാണ്. കത്തിജ്വലിച്ചുനില്‍ക്കുന്ന ഇലക്ട്രിക്ക് ബള്‍ബുകള്‍ക്കു പെട്ടെന്ന് പവര്‍കട്ട് വന്നാല്‍ എന്തു സംഭവിക്കുമോ ആ അവസ്ഥയിലായി ചില അസ്സോസിയേഷന്‍ ഭാരവാഹികള്‍. പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുവായി ഇടപെടുന്നതിനുള്ള സംവിധാനമാണ് അസ്സോസിയേഷന്‍. പൊലീസ് സേനയുടെ അച്ചടക്കം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ ഫലത്തില്‍, അധികാരം കയ്യാളുന്ന രാഷ്ട്രീയ കക്ഷികളുടെ പോഷകസംഘടന പോലെയാണ് പലപ്പോഴും പ്രവര്‍ത്തിച്ചിരുന്നത്. പുതിയ സംവിധാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള രക്ഷാകര്‍ത്തൃത്വം നേതാക്കള്‍ക്കു നഷ്ടപ്പെട്ടതോടെ അവരുടെ പങ്ക് ഗണ്യമായി ക്ഷയിച്ചു. പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ ചില ഭാരവാഹികള്‍ ബുദ്ധിമുട്ടുന്നതായി തോന്നി. അക്കാലത്ത് നടന്ന ഒരു പൊലീസ് അസ്സോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലെ അനുഭവം ഓര്‍ക്കുന്നു. യോഗത്തില്‍ പ്രസംഗിച്ച ഒരു ഭാരവാഹിയുടെ പരാമര്‍ശം കൗതുകകരമായിരുന്നു. ''പൊലീസുകാരുടെ മുഖത്ത് ഒട്ടും സന്തോഷം കാണുന്നില്ലെന്നും എന്തോ നിരാശ ബാധിച്ചപോലെ തോന്നുന്നുവെന്നും'' ആയിരുന്നു കണ്ടെത്തല്‍. സ്റ്റേജില്‍ തന്നെ ഇരുന്ന എനിക്ക് അങ്ങനെയൊന്നും തോന്നിയില്ല. ഒരു നിരാശയും ഞാന്‍ കണ്ടില്ല. മുംബൈ സെന്റ് സേവിയേഴ്സ് കോളേജിലെ ഒരു പരിശീലന ക്ലാസ്സ് ഓര്‍മ്മവന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ചേര്‍ന്ന ഉടനെ ആയിരുന്നു അത്. ഒരു മാനേജ്‌മെന്റ് ക്ലാസ്സില്‍ 'eye of the beholder' ('കാണുന്നവന്റെ കണ്ണ്') എന്നൊരു ലഘു ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യം സംഭാഷണങ്ങള്‍ ഇല്ലാതെ ദൃശ്യം മാത്രം കാണിക്കും. അതിനുശേഷം ''നിങ്ങള്‍ എന്താണാ ദൃശ്യങ്ങളില്‍ കണ്ടത്?'' എന്ന് ഓരോരുത്തരും എഴുതണം. എന്നിട്ട്  സംഭാഷണത്തോടെ വീണ്ടും ഫിലിം കാണിക്കും. അപ്പോഴാണ് അറിയുന്നത്, ഒരേ ദൃശ്യത്തില്‍നിന്ന് ഒരോരുത്തരം മനസ്സിലാക്കിയത്  വ്യത്യസ്തമായ കാര്യങ്ങളായിരുന്നുവെന്ന്. പലപ്പോഴും നാം കാണുന്നത് നമ്മുടെ മാനസികാവസ്ഥയുടെ കൂടി പ്രതിഫലനമാണ്  എന്നാണതിന്റെ സന്ദേശം. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ എന്റെ ഒരു മുഖ്യവിഷയമായിരുന്ന സൈക്കോളജിയില്‍ സമാനമായ ഒരു ഉപന്യാസം ഞാനെഴുതിയിരുന്നു. പൊലീസുകാരുടെ മുഖത്ത് നിരാശമാത്രം കണ്ടതിനെ പരമാര്‍ശിച്ച് ഞാനീ പഴയ ഡോക്യുമെന്ററി അനുഭവം അനുസ്മരിച്ചു. പൊലീസുകാരുടെ സ്ഥലംമാറ്റം, ജോലിഭാരം തുടങ്ങി ന്യായമായ പല വിഷയങ്ങളും ആ യോഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ഞാന്‍ ഊന്നല്‍ നല്‍കിയത് പൊലീസുകാരനായാലും പൊലീസ് സംഘടനയായാലും നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യവസ്ഥാപിതമായ രീതിയില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ശ്രമിക്കണം എന്നതിലാണ്. പ്രശ്‌നങ്ങള്‍ ശരിയായ രീതിയില്‍ ഉചിതമായ ഫോറങ്ങളിലും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടതെന്നു പറഞ്ഞു. അക്കാര്യത്തില്‍ നിര്‍ഭയമായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം. പൊലീസുകാരനായാലും ഐ.പി.എസുകാരനായാലും പരേഡ് ഗ്രൗണ്ടില്‍ ആദ്യം പഠിപ്പിക്കുന്ന പാഠം നട്ടെല്ലു നിവര്‍ത്തി അറ്റന്‍ഷനില്‍ നില്‍ക്കാനാണ്. പലരും ആദ്യം മറക്കുന്ന പാഠവും അതുതന്നെയാണ്. ഈ രീതിയില്‍ ചില 'ഉദ്‌ബോധനങ്ങള്‍'ക്കുള്ള അവസരമായി ആ വേദി പ്രയോജനപ്പെടുത്തി. അപൂര്‍വ്വം ചില അപശബ്ദങ്ങള്‍ ഉണ്ടായെങ്കിലും പൊതുവേ പൊലീസ് സംഘടനാ ഭാരവാഹികള്‍ പുതിയ സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിച്ചു. 

താഴെത്തട്ടിലെ പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അക്കാലത്ത് ധാരാളം പരാധീനതകളുണ്ടായിരുന്നു. അവധിയില്ലാതെ, തുടര്‍ച്ചയായി ജോലി നോക്കേണ്ട അവസ്ഥയായിരുന്നു അന്ന് സിറ്റിയില്‍ പൊലീസുകാരുടേത്. പല ഗാര്‍ഡു ഡ്യൂട്ടികളിലും ഞാനുള്‍പ്പടെയുള്ളവര്‍ അറിഞ്ഞുകൊണ്ടുതന്നെ അത്യാവശ്യത്തിന് വീട്ടില്‍ പോകാന്‍ ചില ഇളവുകള്‍ നല്‍കിയിരുന്നു. ഇളവുകള്‍ എന്നത് ന്യായമല്ലേ എന്ന് പൊലീസല്ലാത്ത സാധാരണ മനുഷ്യനു തോന്നുന്നത് സ്വാഭാവികം. പക്ഷേ, ഒരു പ്രശ്‌നമുണ്ട്. ഈ 'ഇളവുകള്‍' പലപ്പോഴും രേഖാമൂലമുള്ള ഉത്തരവുകള്‍ക്കു വിരുദ്ധമാകാം. അങ്ങനെ വരുമ്പോള്‍, ഡ്യൂട്ടി സ്ഥലത്ത് അവിചാരിതമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ചിലപ്പോള്‍ 'ഇളവ്' കിട്ടിയ പൊലീസുകാരന്‍ കുടുങ്ങിയതുതന്നെ. അല്ലെങ്കില്‍ വസ്തുത മനസ്സിലാക്കി അയാളെ പിന്തുണയ്ക്കാന്‍ ഉയര്‍ന്ന ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ധൈര്യം കാണിക്കണം. അത് അപൂര്‍വ്വമാണ്. പി.എസ്.സി, യു.പി.എസ്.സി പരീക്ഷകള്‍ പാസ്സായതുകൊണ്ട് മാത്രം കിട്ടുന്ന ഗുണമല്ലല്ലോ ധൈര്യം. ആ സമയത്ത് ഒരു നല്ലകാര്യം കോണ്‍സ്റ്റബിള്‍ മുതല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ വരെയുള്ളവര്‍ക്ക് സംഭവിച്ചു. തുടര്‍ച്ചയായി, വിശ്രമമില്ലാതെ അവധി ദിവസവും ജോലി ചെയ്യുന്നവര്‍ക്ക് ആ അധിക  ദിവസത്തേയ്ക്ക് ഉള്ള അലവന്‍സ് വളരെ തുച്ഛമായിരുന്നു. 15 രൂപ മാത്രമായിരുന്നു പൊലീസുകാര്‍ക്കെന്ന് ഇന്നു കേട്ടാല്‍ അത്ഭുതം തോന്നും. എസ്.ഐ വരെയുള്ളവര്‍ക്ക് ഈ അലവന്‍സ് ഏതാണ്ട് നാല് ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ചു. അന്നത്തെ അവസ്ഥയില്‍ തികച്ചും ന്യായമായ, അര്‍ഹമായ വര്‍ദ്ധനയായിരുന്നു അത്. ഒരുപക്ഷേ, പൊലീസ് അസ്സോസിയേഷന്‍കാരുടേയും പ്രതീക്ഷയ്ക്കപ്പുറമായിരുന്നു അത്. അത്രയ്ക്ക് കൂട്ടണമായിരുന്നോ എന്ന് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നെറ്റിചുളിച്ചു എന്നതും വസ്തുതയാണ്. 

തലസ്ഥാന നഗരത്തെ സംബന്ധിച്ചിടത്തോളം പൊലീസ് ധാരാളം വെല്ലുവിളികള്‍ നേരിട്ട കാലമായിരുന്നു അത്. തീരപ്രദേശത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുള്‍പ്പെടെയുള്ള ക്രമസമാധാന രംഗമായാലും കുറ്റകൃത്യങ്ങളായാലും പൊലീസ് ഏറെ പരീക്ഷിക്കപ്പെട്ടു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെടാതെ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞപ്പോള്‍ ഒരു പ്രശ്‌നവും പരിധി കടന്നില്ല. പൊലീസ് സ്റ്റേഷനുകളും അവയുടെ ചുമതല വഹിച്ചിരുന്ന എസ്.ഐമാരും തന്നെയാണ് ഇതില്‍ മുഖ്യപങ്ക് വഹിച്ചത് എന്നതില്‍ സംശയമില്ല. മുന്‍പ് പൊലീസ് തൊടാന്‍ മടിച്ചിരുന്ന ചില കുറ്റവാളികള്‍ അകത്തായപ്പോള്‍ ചില ഭരണകക്ഷി നേതാക്കള്‍ തന്നെ വല്ലാതെ വൈകാരികമായി കത്തും ടെലിഗ്രാമും മുഖ്യമന്ത്രിക്ക് അയച്ചെങ്കിലും അതൊന്നും പ്രയോജനപ്പെട്ടില്ല. എന്നാല്‍, ഉദ്യോഗസ്ഥര്‍ അമിതാധികാര പ്രയോഗത്തിനു മുതിരാതിരിക്കാന്‍ ഞങ്ങളും ശ്രദ്ധിച്ചു. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പല നേതാക്കളും വിവിധ വിഷയങ്ങളുമായി എന്നെ  ബന്ധപ്പെട്ടിട്ടുണ്ട്. അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ അല്പം ചില വാദപ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും അതെല്ലാം തന്നെ പൊതുവേ മാന്യതയുടേയും അന്തസ്സിന്റേയും പരിധിക്കുള്ളിലായിരുന്നു. തലസ്ഥാനത്ത് ചാര്‍ജ്ജെടുക്കും മുന്‍പ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ കൃഷ്ണന്‍ നായര്‍ സാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതുപോലെ ആരും എന്നോട് 'കുരച്ചില്ല.' അങ്ങനെ സുഗമമായി മുന്നോട്ട് പോകുന്നതിനിടയില്‍ തടസ്സങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നത് ഉദ്യോഗസ്ഥ തലത്തിലാണെന്നു തോന്നുന്നു.

ആദ്യം അതനുഭവപ്പെട്ടത് പൊലീസ് ആസ്ഥാനത്തു നടന്ന ഒരു സംസ്ഥാനതല യോഗത്തില്‍വെച്ചാണ്. സാധാരണ ഈ യോഗത്തില്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളും പ്രധാന കുറ്റകൃത്യങ്ങളും ഒക്കെയാണ് ചര്‍ച്ചയാകുക. സിറ്റി പൊലീസിന്റെ കാര്യത്തില്‍ കാര്യമായി എനിക്ക്  ഒന്നും വിശദീകരിക്കേണ്ടിവന്നില്ല. എന്നാല്‍, തികച്ചും അപ്രതീക്ഷിതമായി, ഒരു ചര്‍ച്ചയിലും പങ്കെടുക്കാതിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രൂക്ഷമായ ഭാഷയില്‍ എന്നെ വിമര്‍ശിച്ച് സംസാരിച്ചു. ട്രാഫിക്ക് ആയിരുന്നു വിഷയം.  ട്രാഫിക്കില്‍ മെച്ചപ്പെടേണ്ട പലതുമുണ്ടെന്ന് എനിക്കും  അറിയാം. പക്ഷേ, ഇവിടെ വിമര്‍ശനം തികച്ചും അന്യായമായി തോന്നി. ട്രാഫിക്ക് സിഗ്നലുകള്‍ സ്ഥാപിക്കുന്നതു പോയിട്ട് സീബ്രാലൈന്‍ മാര്‍ക്ക് ചെയ്യുന്നതിനുപോലും സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന കാലമായിരുന്നു അത്. അതൊന്നും അറിയാത്ത മട്ടിലായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എന്റെ പ്രതികരണം. വളരെ കുറച്ചേ പറഞ്ഞുള്ളുവെങ്കിലും അല്പം രൂക്ഷമായാണ് ഞാന്‍ സംസാരിച്ചതെന്ന് പിന്നീട് മനസ്സിലായി. ഞാന്‍ പറഞ്ഞുതീരും മുന്‍പേ അന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ആയിരുന്ന സെന്‍കുമാര്‍ മറ്റെന്തോ വിഷയം എടുത്തിട്ടു. ''ഹേമചന്ദ്രന്‍ വലിയ ദേഷ്യത്തിലായിരുന്നു.'' യോഗം കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞു. മനപ്പൂര്‍വ്വം വിഷയം മാറ്റി, എന്റെ സഹായത്തിനെത്തിയതായിരുന്നു അദ്ദേഹമെന്നെനിക്കു തോന്നി. ട്രാഫിക്ക് നിയമം ലംഘിച്ചത് ലോറി ആകാമെങ്കിലും ഒഴിഞ്ഞുമാറാതെ അപകടമുണ്ടായാല്‍ കേട് പറ്റുക കാറിനായിരിക്കും എന്ന യുക്തി ഒന്നും ഓര്‍ക്കാതെയാണ് മീറ്റിങ്ങില്‍ ഞാന്‍ മറുപടി പറഞ്ഞത്. അന്യായം എന്നു തോന്നിയ വിമര്‍ശനം ഉന്നയിച്ച ഉദ്യോഗസ്ഥനു വ്യക്തിപരമായി എന്നൊടെന്തെങ്കിലും ദേഷ്യമുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. ഒരിക്കല്‍ വാഹനാപകടക്കേസില്‍ തന്റെ ഒരു ഐ.എ.എസ് സുഹൃത്തിനുവേണ്ടി അദ്ദേഹം ഇടപെട്ടിരുന്നു. പ്രതിസ്ഥാനത്തായിരുന്ന ഒരു വ്യക്തിയെ സഹായിക്കാനാണ് അദ്ദേഹം എന്നെ വിളിച്ചത്. നിയമനടപടികള്‍ സുഗമമാക്കുന്നതിനപ്പുറം എനിക്കതിലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അക്കാര്യത്തില്‍ അനിഷ്ടം വച്ചുപുലര്‍ത്തിയിരുന്നുവോ എന്നെനിക്കറിയില്ല. തീരെ ചെറിയ സംഭവമായിരുന്നുവെങ്കിലും ഒരു കാര്യത്തെപ്പറ്റി ഞാനല്പം ബോധവാനായി. നിയമത്തിന്റെ ഉപകരണം മാത്രമായ പൊലീസ് ഉദ്യോഗസ്ഥന്‍ ബോധപൂര്‍വ്വം തെറ്റൊന്നും ചെയ്തില്ലെങ്കിലും ചില മനുഷ്യര്‍ക്ക് ചിലപ്പോള്‍ അയാളോട് അനിഷ്ടം തോന്നാം. ശരാശരി മനുഷ്യരില്‍ ക്രമേണ വസ്തുതകള്‍ മനസ്സിലാക്കുമ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യം അപ്രത്യക്ഷമാകും. എന്നാല്‍ ചില മനുഷ്യര്‍ മനസ്സിന്റെ ഇരുണ്ട അറകളില്‍ ആ വികാരം ഒരു സ്ഥിരം നിക്ഷേപം പോലെ സൂക്ഷിച്ച് അതിനെ വളര്‍ത്താം. സാഹചര്യങ്ങളുടെ അവസ്ഥ അനുസരിച്ചായിരിക്കും വ്യത്യസ്ത രൂപത്തില്‍ അത് പുറത്തുവരുന്നത്. പൊലീസ് ജോലിയുടെ ഈ അപകടം കൂടുതല്‍ നേരിടേണ്ടി വരിക എസ്.ഐമാരും മറ്റുമാണ്. 

ടിപി സെൻകുമാർ
ടിപി സെൻകുമാർ

ഏറെ കൗതുകത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു കാര്യം പറയാം. ഡി.സി.പി പോസ്റ്റില്‍ സിറ്റിയുടെ എസ്.പി എന്ന നിലയിലാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടയ്ക്കിടെ എന്റെ ജോലിഭാരത്തെക്കുറിച്ച് സംസാരിക്കും. ഉള്ളതു പറഞ്ഞാല്‍ അങ്ങനെ ഭാരമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. ഭാരം വഹിച്ചത് എസ്.ഐമാരും പൊലീസുകാരുമാണ്. ഇടയ്ക്കിടെയുള്ള എന്റെ 'ഭാര'ത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഒരു തമാശപോലെ കേള്‍ക്കുന്നതിനപ്പുറം ഞാനൊന്നും പറഞ്ഞില്ല. സിറ്റിയില്‍ ട്രാഫിക്ക്, ക്രൈം, അഡ്മിനിസ്ട്രേഷന്‍ എന്നിങ്ങനെ കുറഞ്ഞത് മൂന്ന് ഡി.സി.പിമാരെങ്കിലും വേണമെന്ന് പറഞ്ഞതും തമാശരൂപത്തില്‍ കേട്ടു. അപ്പോഴും പ്രതികരിച്ചില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം എന്നെ ഓഫീസില്‍ വിളിപ്പിച്ച് ഒരു ഡി.സി.പി പോസ്റ്റുകൂടി സൃഷ്ടിക്കാന്‍ പുതിയ പ്രൊപ്പോസല്‍ അയയ്ക്കുകയാണെന്ന് പറഞ്ഞു. ഒരു തീരുമാനം എന്നെ അറിയിക്കുന്ന രീതിയിലാണ് പറഞ്ഞത്. അപ്പോഴും ഞാന്‍ മൗനം പാലിച്ചു. അവസാനം ഈ വിഷയത്തില്‍ എന്റെ അഭിപ്രായം എന്താണെന്നു ചോദിച്ചു. ''പൊലീസിന്റെ അടിസ്ഥാന ജോലികളെല്ലാം പൊലീസ് സ്റ്റേഷനുകളിലാണ് നടക്കുന്നത്. സ്റ്റേഷനുകളുടെ മേല്‍നോട്ടം നടത്തുന്നത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരാണ്. അതിനുമുകളില്‍ അസിസ്റ്റന്റ് കമ്മിഷണര്‍മാരുണ്ട്. ഇതെല്ലാം കഴിഞ്ഞാണ് ഡി.സി.പി വരുന്നത്.  മേല്‍നോട്ടക്കാരുടെ എണ്ണം കൂട്ടിയതുകൊണ്ട് പ്രയോജനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല'' എന്ന രീതിയിലാണ് പറഞ്ഞത്. അദ്ദേഹം ഉടന്‍ ''അപ്പോള്‍ ഹേമചന്ദ്രന്‍ അധികാരം പങ്കുവെയ്ക്കാന്‍ തയ്യാറല്ല'' എന്ന് പറഞ്ഞു. അഭിപ്രായം ചോദിച്ചതുകൊണ്ടുമാത്രം പറഞ്ഞതാണെന്നും ആജീവനാന്തം സിറ്റിയുടെ ഡി.സി.പി ആയിരിക്കും എന്ന ചിന്ത ഒന്നും എനിക്കില്ലെന്നും ഞാന്‍ വ്യക്തമാക്കി. എന്റെ വാദത്തെ ഖണ്ഡിക്കാന്‍ മറ്റൊരു യുക്തിയും അദ്ദേഹം പറഞ്ഞില്ല. ആകെ പറഞ്ഞത് ബ്യൂറോക്രസി എന്നത് നിരന്തരം വളര്‍ന്നുകൊണ്ടിരിക്കണമെന്നും ഒരു ഡി.സി.പി പോസ്റ്റ് വന്നിട്ട് വര്‍ഷം കുറെ ആയെന്നും ഒക്കെയാണ്. ആ പ്രൊപ്പോസല്‍ അങ്ങനെ അവിടെ അവസാനിച്ചു. വ്യക്തിപരമായോ ഔദ്യോഗികമായോ എന്നോടുള്ള എതിര്‍പ്പൊന്നുമായിരുന്നില്ല അതിനു പിന്നില്‍ എന്നെനിക്കുറപ്പുണ്ട്. മെച്ചപ്പെട്ട ലാവണം തേടിയുള്ള ഏതോ ഒരു യുവ ഉദ്യോഗസ്ഥന്റെ പ്രേരണയായിരുന്നു അതിനു പിന്നില്‍ എന്നാണ് പൊലീസിന്റെ പിന്നാമ്പുറങ്ങളില്‍ അന്ന് കേട്ടത്. അതിന്റെ ശരിതെറ്റുകള്‍ എന്തായാലും ഒരു കാര്യം ഉറപ്പാണ്. പൊലീസിലും മറ്റു ഭരണതലങ്ങളിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യത്തിന് മുഖ്യ പ്രചോദനം ഉദ്യോഗസ്ഥരുടെ താല്പര്യം തന്നെയാണ്. അത് പൊതുജനങ്ങള്‍ക്കുള്ള സേവനം മെച്ചപ്പെടുത്താന്‍ എന്ന രൂപത്തിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നുമാത്രം. അധികം വൈകും മുന്‍പ് തിരുവനന്തപുരം സിറ്റിയില്‍ തന്നെ അത് പ്രകടമായി. ഒരു ഘടനാമാറ്റത്തില്‍ ഡി.ഐ.ജി റാങ്കുകാരനായിരുന്ന പൊലീസ് കമ്മിഷണര്‍ തന്നെ പെട്ടെന്ന് അപ്രത്യക്ഷനായി. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകള്‍ ഇഷ്ടം പോലെ നടത്തിയിരുന്ന ഈ ചതുരംഗത്തില്‍ 'ഭരണപരമായ സൗകര്യം', 'പൊതുജനതാല്പര്യം' എന്നൊക്കെ സൗകര്യം പോലെ പറയും എന്നുമാത്രം.

സിറ്റി പൊലീസിന്റെ ഘടന മാറ്റി വീണ്ടും ഒരു ഉദ്യോഗസ്ഥനെ ട്രാഫിക്കിന്റെ ചുമതലയുള്ള ഡി.സി.പി ആക്കാന്‍ ഒരു ശ്രമം നടന്നു. സര്‍വ്വീസ് കാലം മുഴുവന്‍ സ്പോര്‍ട്ട്‌സ്, സായുധസേന എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ആ ഉദ്യോഗസ്ഥനെ റിട്ടയര്‍മെന്റിന് തൊട്ട് മുന്‍പ് 'സഹായിക്കുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ രക്ഷകരുടെ ലക്ഷ്യം. രക്ഷകരാകട്ടെ, ഐ.എ.എസ്സിലും ഐ.പി.എസ്സിലും ഉന്നതസ്ഥാനീയരായിരുന്നു. എനിക്ക് അത്ഭുതം തോന്നി. പൊതുജനസമ്പര്‍ക്കമുള്ള ഒരു പൊലീസ് ജോലിയും സര്‍വ്വീസിലുടനീളം ചെയ്തിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥനെ വിരമിക്കുന്നതിനു മുന്‍പ് സിറ്റി ട്രാഫിക്കിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എന്താണ്? പൊലീസ് ഭരണത്തിലെ ഈ പരീക്ഷണം അഴിമതി സാദ്ധ്യത ലാക്കാക്കിയാണ്  എന്നായിരുന്നു സിറ്റിയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളിലെ സംഭാഷണം. ഈ വാര്‍ത്തകള്‍ ഒട്ടും സുഖകരമായി തോന്നിയില്ല. എങ്കിലും അതൊക്കെ അവഗണിച്ച് മുന്നോട്ടു പോയി. അക്കാലത്ത് പൊതുവേ സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ പ്രധാന ചുമതലകളില്‍നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രി എ.കെ. ആന്റണിയുടേത്. സിറ്റിയില്‍ ഉദ്യോഗസ്ഥതലത്തില്‍ നടത്തുവാന്‍ ശ്രമിക്കുന്ന പുതിയ പരീക്ഷണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാലോ? മനസ്സില്‍ തോന്നി. അതിരുവിട്ട സാഹസമാകുമോ അതെന്നും തോന്നാതിരുന്നില്ല. അതിന്റെ ശരിതെറ്റുകളും വരുംവരായ്കകളും മനസ്സില്‍ ഏറെ ചര്‍ച്ച ചെയ്തു. തൃപ്തികരമായ ഒരുത്തരം കിട്ടിയില്ല. എങ്കിലും അവസാനം അദ്ദേഹത്തെ കാണാന്‍ തീരുമാനിച്ചു. കണ്ടു. കേട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ''ഞാന്‍ അറിഞ്ഞിട്ടില്ല.'' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. എന്റെ ഭാഗം കഴിഞ്ഞ് വേഗം പുറത്തിറങ്ങി. പിന്നീട് എന്തുണ്ടായി എന്നെനിക്കറിയില്ല. പക്ഷേ, ട്രാഫിക്കിലെ പുതിയ പരീക്ഷണത്തെക്കുറിച്ചുള്ള ചര്‍ച്ച വളരെ പെട്ടെന്ന് ഇല്ലാതായി.

പൊലീസ് മന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ ബാഹ്യം എന്ന് ഞാന്‍ കരുതുന്ന ഒരധികാരകേന്ദ്രം ഇല്ലാതായെങ്കിലും പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുപോലും തെറ്റായ സ്വാധീനങ്ങളോട് 'നോ' പറയാന്‍ കഴിഞ്ഞില്ല. 'മുകളില്‍' നിന്നുള്ള ഉത്തരവുകളെ ആശ്രയിച്ചുള്ള ശീലം സ്വിച്ചിട്ടപോലെ നില്‍ക്കില്ലല്ലോ. നിയമാനുസരണം, സ്വയം തീരുമാനം എടുത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അനധികൃത രാഷ്ട്രീയ ഇടപെടലിനോടുള്ള പല പൊലീസ് ഉദ്യോഗസ്ഥരുടേയും സമീപനം, ''ദൈവം ഇല്ലെങ്കില്‍  മനുഷ്യന് ദൈവത്തെ സൃഷ്ടിക്കേണ്ടിവരും'' എന്ന ആശയത്തെ ഓര്‍മ്മിപ്പിച്ചു.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com