മതത്തിന്റെ പേരില്‍ ഒരു പാവം മനുഷ്യന്റെ ജീവന്‍
By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.) | Published: 24th March 2022 03:12 PM |
Last Updated: 24th March 2022 03:12 PM | A+A A- |

'സ്വാതന്ത്ര്യം, നീതി, സുരക്ഷ' എന്ന മുദ്രാവാക്യം കേള്‍ക്കാന്‍ ആകര്‍ഷകമാണ്. നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് (എന്‍.ഡി.എഫ്) എന്ന സംഘടന ഉപയോഗിച്ചിരുന്ന മുദ്രാവാക്യമാണത്. പക്ഷേ, തൃശൂരില്‍ ഫക്കീര്‍ ഉപ്പാപ്പ എന്നറിയപ്പെട്ടിരുന്ന ഒരു പാവം മനുഷ്യനെ ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയപ്പോള്‍ അന്നവിടെ ഉയര്‍ന്നുകേട്ടത് എന്‍.ഡി.എഫിന്റെ പേരാണ്. ഈ പാവം മനുഷ്യന്‍ ആരുടെ സ്വാതന്ത്ര്യത്തിനും നീതിക്കും സുരക്ഷയ്ക്കും ആണോ ഭീഷണി ആയതെന്ന് അജ്ഞാതമായിരുന്നു. വധിക്കപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് പഴയന്നൂര്‍ സിദ്ധന്‍ എന്നും അറിയപ്പെട്ടിരുന്ന ആ മനുഷ്യന്‍ എന്നെ കണ്ടിരുന്നു. തൃശൂരില്‍ എസ്.പി ഓഫീസില്‍ വച്ചായിരുന്നു അത്. പഴയന്നൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ തിരുവില്ല്വാമലയ്ക്കടുത്ത് ഒരു സിദ്ധന്‍ പ്രത്യക്ഷപ്പെട്ട വിവരം ഞാനറിഞ്ഞിരുന്നു. ദിവ്യ ദൃഷ്ടിയൊന്നും ആയിരുന്നില്ല; ജില്ലയിലുടനീളം എന്റെ കണ്ണും കാതുമായി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സജീവമായിരുന്നു. ചെറുതും വലുതുമായ ധാരാളം സിദ്ധന്‍മാരെ ഞാനറിയും. നാടന്‍ രീതിയില്‍ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ലളിതമായി സംസാരിക്കുന്നവര്‍ മുതല്‍ ശശിതരൂരിനോട് കിടപിടിക്കാവുന്ന ഇംഗ്ലീഷ് ഭാഷാ വൈഭവം പ്രകടിപ്പിക്കുന്ന 'ഹൈഫൈ' ദിവ്യന്‍മാര്‍ വരെ അതില്‍ പെടും. രണ്ടാമത്തെ ഇനത്തിന് കോര്‍പ്പറേറ്റ് ലോകത്ത് ഇപ്പോള്‍ നല്ല മാര്‍ക്കറ്റുണ്ട്. പക്ഷേ, എനിക്കേറ്റവും പ്രിയപ്പെട്ട ദിവ്യന്‍ ആര്‍.കെ. നാരായണ്‍ 'ദി ഗൈഡ്' എന്ന നോവലില്‍ വരച്ചുകാട്ടിയതാണ്. ടൂറിസ്റ്റ് ഗൈഡായി തുടങ്ങി കുറ്റകൃത്യത്തിന്റേയും ജയില്‍ ജീവിതത്തിന്റേയും വഴികളിലൂടെ സഞ്ചരിച്ച് അവസാനം അയാള്‍ ഒരു നാട്ടിന്‍പുറത്തെത്തുന്നു. അവിടുത്തെ സാഹചര്യങ്ങളില്‍ ആത്മീയതയുടെ ഗൈഡായി രൂപപരിണാമം സംഭവിക്കുന്ന ആ മനുഷ്യന്‍ ഒടുവില്‍ ഗ്രാമീണര്‍ക്കുവേണ്ടി ജീവത്യാഗത്തിനുവരെ സന്നദ്ധനാകുന്നു. കഥാകാരന്റെ ഭാവനയില്‍ ജനിച്ച ഈ ദിവ്യനെ ആരും ഇഷ്ടപ്പെടും.
ചാത്തന്മാര്‍, സിദ്ധന്മാര്‍, ജ്യോതിഷികള്‍ ഇങ്ങനെ പലവിധ ദിവ്യന്മാരാല്‍ സമൃദ്ധമായിരുന്നു തൃശൂര്‍ ജില്ല. ഇത്തരം ദിവ്യന്മാരെക്കുറിച്ച് എനിക്കശ്ശേഷം ബഹുമാനമുണ്ടായിരുന്നില്ല. അന്ധവിശ്വാസത്തിന്റെ വ്യാപാരികളാണ് മിക്കവരും. ഒരിക്കലൊരു ദിവ്യനെ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ വച്ച് ഞാന്‍ കണ്ടു. ഒരു കൊലപാതകക്കേസിന്റെ അന്വേഷണത്തിനിടയിലായിരുന്നു അത്. ആരുടേയും ഭാവി പ്രവചിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ഒരാളായിരുന്നു അയാള്‍. ക്രിമിനല്‍ക്കേസില്‍ അയാള്‍ കുറച്ചുകാലം ജയിലില്‍ കഴിഞ്ഞിരുന്നു. പ്രവചന വിദ്യ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചപ്പോള്‍ ജയിലില്‍ വച്ച് പഠിച്ചു എന്നാണ് അയാള്‍ പറഞ്ഞത്. ഗുരുശിഷ്യബന്ധം ജയിലിലും ഉണ്ടാകാമെന്നത് പുതിയ അറിവായിരുന്നു. ചോദിച്ചുവന്നപ്പോള്‍ ഗുരു നല്‍കിയ വിജയമന്ത്രം കുസൃതിച്ചിരിയോടെ എന്നോട് വെളിപ്പെടുത്തി. മുന്നില്‍ കിട്ടുന്ന ഇരയെ വിലയിരുത്തിയ ശേഷം സുഖിപ്പിച്ച് സംസാരിക്കുക. തരാതരം പോലെ ഉന്നതശീര്‍ഷന്‍, കാമലോലുപന്‍, കാരുണ്യശീലന്‍ എന്നൊക്കെ നിര്‍ത്താതെ പ്രയോഗിക്കുക. അതില്‍ ഏതെങ്കിലും ചൂണ്ടയില്‍ ഇര കൊത്താതിരിക്കില്ല. അത്തരം പ്രയോഗങ്ങളുടെ അക്ഷയഖനി ആയിരുന്നു അയാള്‍.
എന്നെ സന്ദര്‍ശിച്ച ഫക്കീര്‍ ഉപ്പാപ്പ എന്ന പഴയന്നൂര്‍ സിദ്ധന്റെ സ്പെഷ്യാലിറ്റി രോഗശാന്തി ആയിരുന്നു. പക്ഷേ, എന്നോട് അക്കാര്യത്തില്‍ വലിയ അവകാശവാദമൊന്നും ഉന്നയിച്ചില്ല. ധാരാളം ആളുകള്‍ തന്നെ കാണാന്‍ വരുന്നു. മിക്കവരും വലിയ രോഗപീഡ അനുഭവിക്കുന്നവരാണ്. രോഗം മാറുമെന്ന് ഉറപ്പൊന്നും താന്‍ നല്‍കുന്നില്ല. തന്റെ മുന്നില്‍ വരുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥിച്ച്, ഓതി അവര്‍ക്കെല്ലാം കുടിവെള്ളം കൊടുക്കുന്നു. അതു കുടിച്ചാല്‍ രോഗശാന്തിയുണ്ടാകുമെന്ന് അവര്‍ കരുതുന്നു. ആളുകളുടെ വിശ്വാസം മാത്രം അതായിരുന്നു അയാള്‍ പറഞ്ഞതിന്റെ ചുരുക്കം. സാധാരണ കണ്ടുവന്നിട്ടുള്ള ചില ദിവ്യന്മാരെപ്പോലെ ആകര്‍ഷകമായ വേഷവും വലിയ ചമയങ്ങളും ഒന്നുമുണ്ടായിരുന്നില്ല. പച്ച നിറമുള്ള ഒരു ചെറിയ ടവല്‍ മാത്രം തോളില്‍ ഇട്ടിരുന്നു. ചിരിച്ചുകൊണ്ട് സൗഹൃദഭാവത്തില്‍, എന്നാല്‍ ബഹുമാനം പ്രകടിപ്പിക്കുന്ന സംഭാഷണം. സിദ്ധന്‍ ഇസ്ലാം മതത്തില്‍പ്പെട്ട ആളായിരുന്നുവെങ്കിലും സിദ്ധനെ സമീപിച്ചിരുന്നവര്‍ എല്ലാ മതക്കാരുമുണ്ടായിരുന്നു. രോഗത്തിന് മതമില്ലല്ലോ. ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും എല്ലാം സിദ്ധന്റെ ചികിത്സ ഒന്നുതന്നെ. അവര്‍ കൊണ്ടുവരുന്ന വെള്ളം ജപിച്ച് തിരികെ കൊടുക്കുന്നു. ജില്ലാ എസ്.പിയായ എന്നെ സിദ്ധന്‍ എന്തിനു കാണണം എന്നതിലായിരുന്നു എനിക്ക് താല്പര്യം. അത് ക്രമേണ വെളിവായി. ഭക്തിയുടേയും വിശ്വാസത്തിന്റേയും ലേബലില്‍ നടന്നുകൊണ്ടിരുന്ന ഈ പ്രസ്ഥാനത്തിനു ചില എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. ആ എതിര്‍പ്പിന്റെ അടിസ്ഥാനം മതപരമായിരുന്നു. സിദ്ധന്‍ മുസ്ലിം മതവിശ്വാസി ആയിരുന്നുവെങ്കിലും അയാളുടെ വിശ്വാസ ചികിത്സയോട് മുസ്ലിം വിഭാഗത്തില്‍നിന്ന് ചില എതിര്‍പ്പുകള്‍ ഉയര്‍ന്നു. മതമൗലികതയും തീവ്രതയും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. സിദ്ധന്റെ പ്രവൃത്തി അനിസ്ലാമികമാണ് എന്നൊരു ധാരണ ചില മുസ്ലിം വിശ്വാസികള്‍ക്കിടയില്‍ പരന്നുവത്രെ. ആ എതിര്‍പ്പിനെക്കുറിച്ച് സിദ്ധന്‍ ബോധവാനായിരുന്നു.

മതതീവ്രവാദം ജീവനെടുക്കുമ്പോള്‍
അക്കാലത്ത് സിദ്ധന്റേത് സാമാന്യം വലിയ ഒരു പ്രസ്ഥാനമായി വളര്‍ന്നിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങി വിവിധ ജില്ലകളില്‍നിന്നും രോഗശാന്തി തേടി ആളുകള്‍ ദിനംപ്രതി അവിടെ എത്തുന്നുണ്ടായിരുന്നു. ആളുകളുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചുവന്നു. തികച്ചും ഗ്രാമീണ സ്വഭാവമുള്ള ആ പ്രദേശത്ത് സിദ്ധന്റെ സാന്നിദ്ധ്യം ആളുകളെ ആകര്‍ഷിച്ചപ്പോള്‍ പല അനുബന്ധ പ്രവര്‍ത്തനങ്ങളും വളര്‍ന്നുവന്നു. വിശ്വാസ ചികിത്സയിലെ പ്രധാന ഇനം വെള്ളമാണല്ലോ. വെള്ളവും അത് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങളും വില്‍ക്കുന്ന കടകള്‍ വന്നു. രോഗശാന്തിക്ക് എത്തുന്നവര്‍ക്ക് സിദ്ധന്റെ ദര്‍ശനം കിട്ടാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു. അവിടെ എത്തുന്ന ജീപ്പുകള്‍ക്കും കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കണ്ടെത്തേണ്ടിവന്നു. സ്വാഭാവികമായും അവിടെ ഭക്ഷണശാലകളും മറ്റു ചെറുകിട കച്ചവടസ്ഥാപനങ്ങളും ഉണ്ടായി. സിദ്ധനെ സഹായിക്കാനുള്ള ആളുകളുടെ എണ്ണവും കൂടി. സഹായികള്‍ വ്യത്യസ്ത മതക്കാര്‍ ആയിരുന്നു.
അതിനിടയിലാണ് 'അനിസ്ലാമികം' എന്ന ആക്ഷേപവും എതിര്‍പ്പും സിദ്ധന്റെ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്നത്. സിദ്ധന്‍ എന്നെ കാണുമ്പോള്‍, തന്നെ എതിര്‍ക്കുന്നവര്‍ ഏതെങ്കിലും തരത്തില്‍ ശാരീരികമായി ആക്രമിക്കുമെന്നോ അപായപ്പെടുത്തുമെന്നോ ഉള്ള ഭയം പ്രകടിപ്പിക്കുകയുണ്ടായില്ല. അത്തരം മാനസിക സംഘര്‍ഷമൊന്നും അയാളില്‍ ഞാന്‍ കണ്ടില്ല. സിദ്ധന്റെ ഭയം മറ്റൊന്നായിരുന്നുവെന്ന് എനിക്കു തോന്നി. രോഗം മാറ്റാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടുകയാണെന്ന് തന്റെ എതിരാളികള്‍ പൊലീസില്‍ പരാതി നല്‍കി പ്രശ്‌നം സൃഷ്ടിക്കുമോ എന്നായിരുന്നിരിക്കണം സിദ്ധന്റെ ഉല്‍ക്കണ്ഠ. സിദ്ധന്‍ ആവര്‍ത്തിച്ചു പറഞ്ഞത് ആരില്‍നിന്നും പണം ആവശ്യപ്പെടുന്നില്ല എന്നാണ്. ആളുകള്‍ സ്വമേധയാ അവര്‍ക്കു തോന്നുന്ന തുക നല്‍കുന്നുവെന്നേയുള്ളു. രോഗം മാറുമെന്ന് വാഗ്ദാനം ചെയ്യുന്നില്ലെന്നും അതിനായി പ്രാര്‍ത്ഥിക്കുക മാത്രമെ താന്‍ ചെയ്യുന്നുള്ളു എന്നും വ്യക്തമാക്കി. ശാസ്ത്രബോധത്തിന്റെ കാഴ്ചപ്പാടില്‍ സിദ്ധന്റെ രീതികളോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ലായിരുന്നു. എന്നാല്‍, ശാസ്ത്രം അംഗീകരിക്കാത്തതെല്ലാം നിയമവിരുദ്ധമാകണമെന്നില്ല. സിദ്ധന്റെ പ്രവര്‍ത്തനങ്ങള്‍, അദ്ദേഹം പറഞ്ഞതിന്‍പ്രകാരം കുറ്റകരമായിരുന്നില്ല. വ്യക്തിപരമായ വീക്ഷണം ഇടകലര്‍ത്താതെ മാന്യതയോടെയാണ് ഞാന്‍ സംസാരിച്ചത്. ഏതെങ്കിലും ദിവ്യത്വം ഉള്ളതായി സിദ്ധന്‍ എന്നോട് വിദൂരമായിപ്പോലും സൂചിപ്പിച്ചില്ല. സന്ദര്‍ശനം പൂര്‍ത്തിയാക്കി, സന്തുഷ്ടനായാണ് ആ മനുഷ്യന്‍ മുറിവിട്ടിറങ്ങിയത്. എന്റെ മനസ്സില്‍ പതിഞ്ഞത് സിദ്ധന്റെ ചിരിക്കുന്ന മുഖമായിരുന്നു.
പക്ഷേ, അവസാന ചിരി അനിസ്ലാമികം എന്നു പറഞ്ഞ് സിദ്ധനെ എതിര്‍ത്തവരുടേതായിരുന്നു. കൊലച്ചിരി ആയിരുന്നു അത്. ആദ്യം വിവരം കിട്ടുമ്പോള്‍ ഞാന്‍ ക്യാമ്പ് ഓഫീസില്‍ ഉച്ചഭക്ഷണത്തിന് എത്തിയതേയുള്ളു. തിരുവില്ല്വാമലയ്ക്കടുത്ത് സിദ്ധന്റെ വിശ്വാസ ചികിത്സാകേന്ദ്രത്തില്‍ എന്തോ അനിഷ്ടസംഭവമുണ്ടായെന്നും പൊലീസ് സ്ഥലത്തേയ്ക്ക് പോയെന്നും ആയിരുന്നു വിവരം. കൂടുതല്‍ വിവരം വേഗം വന്നുകൊണ്ടിരുന്നു. സംഭവത്തിന്റെ വ്യക്തതയും വര്‍ദ്ധിച്ചുവന്നു. വലിയ അക്രമം നടന്നുവെന്നും സിദ്ധന് കാര്യമായി പരിക്കേറ്റെന്നും അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയാണെന്നും വിവരം കിട്ടി. സംഭവം ഗുരുതരമാണെന്നു വ്യക്തമായി. ഞാനുടനെ അങ്ങോട്ട് തിരിച്ചു. വണ്ടിയിലെ വയര്‍ലെസ്സില്‍നിന്നും ചേലക്കര സി.ഐ, പഴയന്നൂര്‍ എസ്.ഐ തുടങ്ങി ഉദ്യോഗസ്ഥരെ അങ്ങോട്ടേയ്ക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കി. പ്രധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പരസ്പരം സഹകരിക്കുന്ന സംസ്‌കാരം തൃശൂരില്‍ ഞാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അത് ഈ സംഭവത്തില്‍ വളരെ ഗുണം ചെയ്തു. ചേലക്കര പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെയാണ് സംഭവസ്ഥലത്തേയ്ക്ക് പോകേണ്ടത്. പോകുംവഴി ചേലക്കര എസ്.ഐ സതീശനേയും കൂടി എന്റെ കാറില്‍ കയറ്റി. സതീശന് സംഭവം നടന്ന സ്ഥലവും പരിസരവുമായി നല്ല പരിചയമുണ്ടായിരുന്നു. ഞങ്ങള്‍ ആക്രമണമുണ്ടായ സ്ഥലത്ത് എത്തുമ്പോള്‍ അവിടം ആന ഇടഞ്ഞ പൂരപ്പറമ്പുപോലെ കാണപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട രീതിയില്‍ നിരവധി ആളുകളുടെ ചെരുപ്പുകള്‍, പ്ലാസ്റ്റിക്ക് കന്നാസുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, വിലകുറഞ്ഞ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ അങ്ങനെ പലതും അവിടെ ചിതറിക്കിടന്നു. സാമാന്യം വലിയ ആള്‍ക്കൂട്ടം അവിടെയുണ്ടായിരുന്നിരിക്കണം എന്നു വ്യക്തം. പഴയന്നൂരില്‍ നിന്നുള്ള പൊലീസുകാരും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കുഞ്ഞുണ്ണിയും അവിടെ എത്തിച്ചേര്‍ന്നു. അപ്പോഴും കുറേയേറെ ആളുകള്‍ അവിടെ അവശേഷിച്ചിരുന്നു. കച്ചവടക്കാര്‍ മിക്കവരും തങ്ങളുടെ സാധനസാമഗ്രികളെല്ലാം കെട്ടിപ്പെറുക്കി വേഗം സ്ഥലം വിടാനുള്ള വ്യഗ്രതയിലായിരുന്നു. സിദ്ധനെ ചുറ്റിപ്പറ്റിയുള്ള അവിടുത്തെ കച്ചവടം എന്നെന്നേയ്ക്കുമായി അവസാനിച്ചു എന്ന് അവര്‍ക്കു ബോദ്ധ്യം വന്നിരിക്കണം. അതിജീവന ചിന്തകളാണല്ലോ അവരെ നയിക്കുന്നത്. ഇത്തരം തിരക്കുകള്‍ക്കിടയില്‍ എന്താണ് അവിടെ സംഭവിച്ചത് എന്നു വ്യക്തമായ രൂപം കിട്ടാന്‍ പ്രയാസമായിരുന്നു. എന്തോ പടക്കം പൊട്ടുന്നപോലുള്ള ശബ്ദം കേട്ടെന്നും അതോടൊപ്പം അക്രമികള്‍ സിദ്ധന്റെ ഭാഗത്തേയ്ക്ക് ഇരച്ചുകയറിയെന്നും ഒക്കെയാണ് കേട്ടത്. പടക്കം പൊട്ടലും അക്രമവും ഒക്കെ ആയപ്പോള്‍ രോഗശാന്തി തേടി എത്തിയവരെല്ലാം പരക്കം പാഞ്ഞു. അക്രമികള്‍ ആരാണെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഒന്നും ആദ്യം വ്യക്തതയില്ലായിരുന്നു. എന്നാല്‍, അവിടെ ഉണ്ടായിരുന്നവരുമായി സംസാരിച്ചതില്‍ സാധാരണ കാണാത്ത ചില വാഹനങ്ങള്‍ അവിടെ വന്നിരുന്നതായി ചിലര്‍ പറഞ്ഞു. പടക്കം പൊട്ടലും അക്രമവും എല്ലാം വേഗത്തില്‍ പൂര്‍ത്തിയായപ്പോള്‍ വാഹനങ്ങള്‍ പലതും അപ്രത്യക്ഷമായി. സ്ഥലത്തുണ്ടായിരുന്ന ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരെ എല്ലാം എസ്.ഐ സതീശന്‍ ഒത്തുകൂട്ടി. അതിലൊരാള്‍ ചില വാഹനങ്ങളുടെ നമ്പരുകള്‍ ഒരു സിഗററ്റുപാക്കറ്റിന്റെ കീറിയ കടലാസില്‍ കുറിച്ചിരുന്നു. ലോട്ടറിടിക്കറ്റ് വില്‍പ്പനക്കാര്‍ക്ക് നമ്പരുകളോട് പ്രത്യേക ആഭിമുഖ്യം ഉണ്ടാകണം. നമ്പരുകളടങ്ങിയ കീറക്കടലാസ് അയാള്‍ എനിക്കു തന്നു. അക്രമസംഭവത്തിനു ശേഷം അതിവേഗം സ്ഥലം വിട്ടുപോയ വാഹനങ്ങളായിരുന്നു അവ. ആദ്യം അവിടെ എത്തിയ ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനോട് ഒരു വാഹനത്തിന്റെ നമ്പര്‍ തിരക്കിനിടയില്‍ ആരോ ഓര്‍മ്മയില്‍ നിന്നും പറഞ്ഞിരുന്നു. ബഹളത്തിന്റെ നടുവില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ സ്വന്തം കൈപ്പത്തിയില്‍ ആ നമ്പര്‍ എഴുതിയിട്ടു. ആ ഉദ്യോഗസ്ഥന്റെ പേര് ഓര്‍ക്കുന്നില്ല. മെലിഞ്ഞ് ഉയരമുള്ള രൂപം മനസ്സിലുണ്ട്. ഇങ്ങനെ സംശയകരമായ ഏതാനും വാഹന നമ്പരുകള്‍ അവിടെനിന്നും കിട്ടി. അതിനിടെ തൃശൂരില്‍നിന്നും വിവരം വന്നു. ഫക്കീര്‍ ഉപ്പാപ്പ എന്ന സിദ്ധന്‍ മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചു. അതോടെ കേസിന്റെ ഗൗരവം വര്‍ദ്ധിച്ചു.
പ്രാദേശികമായ എതിര്‍പ്പിന്റേയോ ശത്രുതയുടേയോ പേരില്‍ ഉണ്ടായ കൊലപാതകമായിരുന്നില്ല അത്. സിദ്ധന്റെ പ്രവൃത്തികള്‍ 'അനിസ്ലാമികം' എന്ന ആരോപണത്തില്‍നിന്നുള്ള ഭീഷണിയല്ലാതെ മറ്റൊരു എതിര്‍പ്പും ആ പാവം മനുഷ്യനുണ്ടായിരുന്നില്ല. അവിചാരിതമായുണ്ടായ വഴക്കോ തര്‍ക്കമോ സംഘര്‍ഷമോ വളരെ പെട്ടെന്ന് സംഘട്ടനമായി, അങ്ങനെ സംഭവിച്ച അപ്രതീക്ഷിത കൊലപാതകമായിരുന്നില്ല സിദ്ധന്റേത്. ശരിയായാലും തെറ്റായാലും ഒരുകൂട്ടം ആളുകള്‍, അതും വ്യത്യസ്ത മതസ്ഥര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ രോഗശാന്തിക്കായി സമീപിച്ച ഒരു മനുഷ്യനെ, ആസൂത്രിതമായി ആക്രമിച്ചു കൊലപ്പെടുത്തുകയാണുണ്ടായത്.
പ്രാഥമികമായി ലഭിച്ച വിവരമനുസരിച്ച് ഒരുതരം മിന്നലാക്രമണത്തിലൂടെ ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്നു തുടക്കം. സംഭവദിവസം ഉച്ചയോടെ പത്തിരുപത് ആളുകള്‍ സിദ്ധന്റെ പ്രവര്‍ത്തനം നടന്നിരുന്ന കെട്ടിടത്തിനടുത്തെത്തി. അക്രമികള്‍ ചിലര്‍ എന്തോ സ്ഫോടനവസ്തുക്കളെറിഞ്ഞ് വലിയ ശബ്ദം സൃഷ്ടിച്ചു. അവിടെ രോഗമുക്തി ചികിത്സയ്‌ക്കെത്തിയിരുന്നവര്‍ ഭയചകിതരായി പലവഴി ഓടി. ചില അക്രമികള്‍ കെട്ടിടത്തിനു മുന്നിലുണ്ടായിരുന്ന കാറിന്റേയും കെട്ടിടത്തിന്റേയും ഗ്ലാസ്സ് ചില്ലുകള്‍ തകര്‍ത്തു. ആ സമയം കുറെ പേര്‍ വടിയും കത്തിയും മറ്റ് ആയുധങ്ങളുമായി സിദ്ധന്‍ ഉണ്ടായിരുന്ന ഭാഗത്തേയ്ക്ക് നീങ്ങി. ഫക്കീര്‍ ഉപ്പാപ്പയെ ശാരീരികമായി, അതികഠിനമായി ആക്രമിച്ചു. അടിച്ചും ഇടിച്ചും ചവിട്ടിയുമെല്ലാം ആ പാവം മനുഷ്യന്റെ മുഖത്തും നെഞ്ചത്തും വലിയ പരിക്കേല്പിച്ചിരുന്നു. സിദ്ധന്റെ സഹായത്തിനെത്തിയ അവിടെയുണ്ടായിരുന്നവര്‍ക്കും അടി കിട്ടി. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സിദ്ധന് നേരെ നടന്ന മര്‍ദ്ദനത്തിന്റെ ക്രൂരത വെളിവായി. നെഞ്ചില്‍ ഇടതുവശത്തെ അനവധി വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തിനു വലിയ ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളെ ചേര്‍ത്തുനിര്‍ത്തുന്ന പ്രധാന അസ്ഥിപോലും തകര്‍ന്നിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് നിസ്സഹായനായ ആ മനുഷ്യന്റെ അടി മുതല്‍ മുടി വരെ ക്രൂര താണ്ഡവമാടി. 'സ്വാതന്ത്ര്യം, നീതി, സുരക്ഷ' എന്ന മുദ്രാവാക്യം പ്രവൃത്തിപഥത്തില്‍ വന്നതിന്റെ ശേഷിപ്പുകള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. എന്‍.ഡി.എഫ് എന്ന സംഘടനയുടെ പേര് തുടക്കത്തിലേ ഉയര്‍ന്നുകേട്ടു. കുറ്റവാളികളെ കണ്ടെത്തുക ദുഷ്‌കരമായിരിക്കുമെന്നു തോന്നി. ഒരു പിടിവള്ളിയായി തോന്നിയത് പേടിച്ച് പേടിച്ച് ചില ആളുകള്‍ നല്‍കിയ വാഹനങ്ങളുടെ നമ്പരുകള്‍ മാത്രം. എന്നോടൊപ്പം വന്ന ചേലക്കര എസ്.ഐ സതീശനെ ആ നമ്പരുകള്‍ ആധാരമാക്കി കൂടുതല്‍ അന്വേഷണം നടത്തി വേഗത്തില്‍ വിവരം കണ്ടെത്താന്‍ ചുമതലപ്പെടുത്തി.
സംഭവസ്ഥലത്തേയ്ക്കുള്ള യാത്രയില്‍ത്തന്നെ കുറ്റകൃത്യമെന്ന നിലയില്‍ സംഭവത്തിന്റെ പ്രാധാന്യം മനസ്സില്‍ തോന്നിയിരുന്നു. സ്ഥലത്തെത്തി പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കുമ്പോള്‍ ഗൗരവം വര്‍ദ്ധിച്ചുവന്നു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങള്‍ തീരെ അപൂര്‍വ്വമല്ല. വ്യക്തിവിദ്വേഷം, കുടുംബവഴക്കുകള്‍, രാഷ്ട്രീയ സംഘട്ടനം അങ്ങനെ പലതും ചിലപ്പോള്‍ നരഹത്യയില്‍ കലാശിക്കും. ഇവിടെ കൊലപാതകം നടത്തിയത് ആസൂത്രിതമാണെന്നു വ്യക്തം. കുറ്റവാളികള്‍ക്കു നേരിട്ട് ഫക്കീര്‍ ഉപ്പാപ്പ എന്ന സിദ്ധനോട് ഒരു വിരോധത്തിനും കാരണമില്ല. സ്വന്തം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സിദ്ധന്‍ നടത്തിയ പ്രവര്‍ത്തനം കുറേ പേര്‍ക്ക് 'അനിസ്ലാമിക'മാകുന്നു. അതിന്റെ പേരില്‍ കൊലനടത്തുമ്പോള്‍ കുറ്റവാളികളുടെ ഊര്‍ജ്ജത്തിന്റെ സ്രോതസ്സ് മതത്തിന്റെ പേരില്‍ അവരുടെ ഉള്ളില്‍ രൂപപ്പെട്ട വിശ്വാസമാണ്. അത്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ കുറവായിരുന്നു. എല്ലാ കൊലപാതകങ്ങളും 302 ഐ.പി.സി പ്രകാരമുള്ള കുറ്റകൃത്യം തന്നെ. എന്നാല്‍ 302 ഐ.പി.സി പ്രകാരമുള്ള എല്ലാ കുറ്റകൃത്യത്തിന്റേയും സാമൂഹ്യ പ്രത്യാഘാതം ഒന്നല്ല. മതപരമായ വിശ്വാസം കൊലപാതകത്തിലേയ്ക്ക് നയിച്ചുവെങ്കില്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം ഏറ്റവും ഗുരുതരമാണ്. പൊലീസിന്റെ മുന്നില്‍ അത് വെറും മറ്റൊരു കേസല്ല, ഏറ്റവും വലിയ വെല്ലുവിളിയാണത്. ആ നിലയ്ക്കുതന്നെയാണ് ഞാനതിനെ കണ്ടത്.
രണ്ടു ഘടകങ്ങള്‍ അല്പം ബുദ്ധിമുട്ടുണ്ടാക്കി. ആയിടെ കോഴിക്കോട്ടും മറ്റു ചിലയിടത്തും ഉണ്ടായ ചില പൊലീസ് നടപടികള്‍ കടുത്ത അതിക്രമം എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി വലിയ വിമര്‍ശനത്തിനും ആക്ഷേപത്തിനും ഇടയായിരുന്നു. അതുകൊണ്ട് പൊലീസ് നടപടികളില്‍ ഒരു ചുവട് തെറ്റിയാല്‍ പൊലീസ് പ്രതിരോധത്തിലാകുന്ന സാമൂഹ്യ സാഹചര്യം അന്നുണ്ടായിരുന്നു. സിദ്ധന്റെ കൊലപാതകം പോലുള്ള കടുത്ത വെല്ലുവിളി നേരിടുന്ന കേസിന്റെ അന്വേഷണത്തില്‍ പൊലീസ് ഊര്‍ജ്ജസ്വലതയോടും ധീരമായും നീങ്ങേണ്ടതുണ്ട്. അറച്ചറച്ച് നില്‍ക്കുന്ന മനാസികാവസ്ഥ അവിടെ പറ്റില്ല. ഒപ്പം എന്‍.ഡി.എഫ് എന്ന സംഘടനയെക്കുറിച്ച് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലെങ്കിലും വലിയ ആശങ്കകള്‍ നിലനിന്നിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പല തന്ത്രങ്ങളും അവര്‍ക്കുണ്ടായിരുന്നത്രെ. അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ചിലര്‍ പരസ്യമായും മറ്റു ചിലര്‍ രഹസ്യമായും പൊലീസിനെതിരെ എന്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ധാരണയും നിലനിന്നിരുന്നു. പാവം പഴയന്നൂര്‍ സിദ്ധനെ ക്രൂരമായി കൊല ചെയ്യുമ്പോള്‍ ഇതായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന അവസ്ഥ.
ആ അവസ്ഥയില്‍ മറ്റൊരു സാധാരണ കൊലപാതകം എന്ന നിലയില്‍ ചേലക്കര സി.ഐ കുഞ്ഞുണ്ണിക്കു മാത്രമായി അത് വിടാനാകില്ല. ജില്ലയിലെ പൊലീസ് സംവിധാനത്തിന്റെ മുഴുവന്‍ കര്‍മ്മശേഷിയും ഈ അന്വേഷണത്തിനു ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് പൊലീസ് ഈ വെല്ലുവിളിയെ നേരിട്ടത്. പി.എന്‍. ഉണ്ണിരാജന്‍, എം.ആര്‍. മണിയന്‍, വി.വി. ശശികുമാര്‍, പി. രാധാകൃഷ്ണന്‍ തുടങ്ങി എത്രയോ ഉദ്യോഗസ്ഥര്‍ നിസ്തുലമായ സംഭാവനയാണ് ഈ ഘട്ടം തരണം ചെയ്യുന്നതിന് നല്‍കിയത്. ഒരു ടീം വര്‍ക്കിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതായിരുന്നു ആ അന്വേഷണത്തിന്റെ ശക്തി.
ആദ്യത്തെ നിര്‍ണ്ണായക നേട്ടം എസ്.ഐ സതീശന്‍ കൊണ്ടുവന്നു. അതിലൂടെ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട വാഹനം വേഗത്തില്‍ മനസ്സിലാക്കാനായി. തുടര്‍ന്നുള്ള പൊലീസ് നീക്കങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടുപോയി. പഴയന്നൂര്‍ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ജില്ലയിലെ പ്രാപ്തരായ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥര്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ നടത്തിയ ചിട്ടയായ അന്വേഷണമാണ് കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവന്നത്. കുറ്റവാളികള്‍ മിക്കവരും തൃശൂര്‍ ജില്ലയ്ക്ക് പുറത്തുള്ളവരായിരുന്നു. സാക്ഷികളേയും സംശയിക്കുന്നവരേയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങള്‍ വെരിഫൈ ചെയ്ത് സമയനഷ്ടമില്ലാതെ ചെറു പൊലീസ് ടീമുകള്‍ പ്രതികളുടെ പിന്നാലെ എത്തി. പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍, പട്ടാമ്പി തുടങ്ങിയ മേഖലകളില്‍നിന്നുള്ള മത തീവ്രചിന്തയുടെ സ്വാധീനത്തില്‍പ്പെട്ടവരായിരുന്നു കുറ്റകൃത്യത്തില്‍ പങ്കെടുത്തത്. ആക്രമണം നടന്നതിന്റെ തൊട്ടു തലേദിവസം ഷൊര്‍ണ്ണൂരില്‍ ഒരിടത്തുവച്ച് നടത്തിയ ഗൂഢാലോചനയും ആക്രമണപദ്ധതിയും കണ്ടെത്താനായി. ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ നടത്തിയ പ്രതികളുടെ തിരിച്ചറിയല്‍ പരേഡില്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന, അക്രമത്തില്‍ പരിക്കേറ്റ വ്യക്തികള്‍ അവരെ തിരിച്ചറിഞ്ഞു. പ്രതികളില്‍ മിക്കവരും എന്‍.ഡി.എഫില്‍ സജീവമായിരുന്നു. പ്രാപ്തരായ ഒരു സംഘം ഉദ്യോഗസ്ഥര്‍ ഒരേ മനസ്സോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണ് സമൂഹത്തിനു വലിയ വിപത്തായി രൂപം പ്രാപിച്ചുവന്ന ഒരു സംഘം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനായത്.
അക്രമസംഭവത്തിന് അനവധി ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും നാലഞ്ചു വര്‍ഷം കഴിഞ്ഞ് വിചാരണ തുടങ്ങിയപ്പോള്‍ ചിത്രം മാറി. ഞാനന്ന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ആയിരുന്നു. ക്രൂരമായി കൊലചെയ്യപ്പെട്ട സിദ്ധന്റെ ബന്ധു ഉള്‍പ്പെടെയുള്ള സാക്ഷികള്‍ കൂറുമാറി. കൊലപാതകം തെളിഞ്ഞുവെങ്കിലും ദൃക്സാക്ഷികളെല്ലാം കൂറുമാറിയപ്പോള്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. പാവനമായ കോടതി, നീതിപീഠം എന്നൊക്കെ പറയാനും കേള്‍ക്കാനും ഇമ്പമുണ്ടെങ്കിലും അവിടെ നടക്കുന്ന പലതിനേയും അങ്ങനെ വിശേഷിപ്പിക്കാനാവില്ല. സാക്ഷിക്കൂട്ടില്‍നിന്ന് ഓരോ സാക്ഷിയും തന്റെ വിശ്വാസമനുസരിച്ച് വിശുദ്ധഗ്രന്ഥത്തില്‍ കൈവച്ച് പറയും: ''ഞാന്‍ സത്യം പറയും, സത്യമല്ലാതൊന്നും പറയില്ല; മുഴുവന്‍ സത്യവും പറയും.'' ആ ആചാരം വേഗം പൂര്‍ത്തിയാക്കി ഗ്രന്ഥം എടുത്തുകൊണ്ട് പോകും. തുടര്‍ന്നു കണ്ടത് കണ്ടില്ലെന്നും കാണാത്തത് കണ്ടുവെന്നും എല്ലാം സൗകര്യം പോലെ പറയും. ഇത്തരം 'പാവനമായ' പ്രക്രിയയിലൂടെയാണ് നമ്മള്‍ നീതി ഉറപ്പാക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന മതതീവ്രവാദ ശക്തികളുടെ കരുത്ത് കുറ്റവാളികള്‍ക്ക് കവചം തീര്‍ക്കുമ്പോള്‍ സാക്ഷികള്‍ കൂറുമാറിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ. ഒരു ശക്തിയുടേയും പിന്തുണയില്ലാത്ത പാവം ഫക്കീര്‍ ഉപ്പാപ്പയുടെ ജീവനു പിന്നെന്തു വില?
പുസ്തകത്താളുകളിലും ചില മന്ദിരങ്ങളുടെ മതിലുകളിലും സ്ഥാനം പിടിച്ചുകിടക്കുന്ന മഹത്തായ ശ്രീനാരായണഗുരു വചനം നമുക്കറിയാം; 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.' നന്നാകലും നന്നാക്കലും ഒക്കെ ശ്രമകരമാണ്. മതവിശ്വാസം ഒരുപാട് മനുഷ്യരെ തെറ്റില്‍നിന്ന് നിയന്ത്രിക്കുന്നുണ്ടാകാം. പക്ഷേ, മതത്തിന്റെ പേരില്‍ മനുഷ്യനെ ആക്രമിക്കുന്നതിനേയും ഇല്ലായ്മ ചെയ്യുന്നതിനേയും പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയല്ലേ പ്രബുദ്ധകേരളത്തിലും ആര്‍ഷഭാരതത്തിലും?
(തുടരും)