'പൊലീസ് എന്നാല്‍ സര്‍ക്കാരുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംവിധാനമായി മാറി'

പൊലീസിന് എതിരായ ആക്ഷേപങ്ങളെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമായും രണ്ടു കാരണങ്ങളാണ് 'പണ്ഡിതന്മാര്‍' കണ്ടെത്തിയിട്ടുള്ളത്
'പൊലീസ് എന്നാല്‍ സര്‍ക്കാരുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംവിധാനമായി മാറി'

നമൈത്രി എന്ന് ഞാനാദ്യം പറഞ്ഞത് തൃശൂരില്‍ എസ്.പി. ആയിരിക്കുമ്പോഴാണ്. ജനമൈത്രി എന്നാല്‍ ഇന്ന് ഏറെക്കുറെ ജനങ്ങള്‍ക്കറിയാം. ഒരുപാട് പൊലീസ് സ്റ്റേഷനില്‍ വലിയ അക്ഷരത്തില്‍ അതെഴുതിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകണം. 'മൈത്രി' പേരില്‍ മാത്രം ഒതുങ്ങുമോ അതോ പ്രവൃത്തിയില്‍ പ്രതിഫലിക്കുമോ എന്നതില്‍ വ്യത്യസ്ത അനുഭവങ്ങളുണ്ടാകാം. എങ്കിലും ജനങ്ങളോടുള്ള സൗഹൃദം പേരിനൊപ്പം കൂട്ടിച്ചേര്‍ത്ത് പൊലീസ് സ്റ്റേഷന്റെ മുകളില്‍ അങ്ങനെ വിലസുന്നത് ചെറിയ കാര്യമല്ല. പൊലീസ് സ്റ്റേഷന്‍ എന്നാല്‍ ജനങ്ങള്‍ ഭയക്കേണ്ട സ്ഥാപനമാണ് എന്ന് ഒരുപാട് ആളുകള്‍ കരുതിയിരുന്നു. ഇന്നും കരുതുന്നവരുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആലപ്പുഴ വച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നോടു പറഞ്ഞു: ''ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ആളുകള്‍ക്ക് പൊലീസ് സ്റ്റേഷന്‍ പേടിയില്ല എന്നതാണ്. പൊലീസ് സ്റ്റേഷനില്‍ വരുന്ന ആളുകള്‍ക്ക് അല്പം പേടിവേണം.'' പൊലീസില്‍ അയാള്‍ 'പുലി'യും 'കടുവ'യും ഒന്നുമായിരുന്നില്ല. ജനങ്ങളോട് നല്ലനിലയില്‍ തന്നെയാണ് ഇടപെട്ടിരുന്നത്. എങ്കിലും പൊലീസ് സ്റ്റേഷന്‍ എന്നുകേട്ടാല്‍ ആളുകള്‍ പേടിക്കണം എന്ന കാഴ്ചപ്പാട് തീരെ ഒറ്റപ്പെട്ടതല്ല. അത് കേട്ടാല്‍ തോന്നുക 'ജനമൈത്രി' എന്നെഴുതുന്നതിനു പകരം 400 കെ.വി. വൈദ്യുതി പോസ്റ്റിന്റെ താഴെ കാണുന്നപോലെ ഒരു തലയോട്ടിയും രണ്ട് എല്ലും വരച്ചുവെയ്‌ക്കേണ്ട ഇടമാണ് പൊലീസ് സ്റ്റേഷന്‍ എന്നാണ്. 

ജനാധിപത്യത്തില്‍ പൊലീസ് ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണം എന്ന ആശയം പ്രബലമായിരുന്നു. പൊലീസിന് എതിരായ ആക്ഷേപങ്ങളെക്കുറിച്ച് പറയുമ്പോള്‍ മുഖ്യമായും രണ്ടു കാരണങ്ങളാണ് 'പണ്ഡിതന്മാര്‍' കണ്ടെത്തിയിട്ടുള്ളത്. ഒന്നാമത്, ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ കുഴപ്പം രണ്ട് അശാസ്ത്രീയമായ പരിശീലനം. ഇതു രണ്ടുമാണ് പ്രശ്‌നമെങ്കില്‍ പിന്നെ ഇപ്പോഴത്തെ ഉദ്യോഗസ്ഥ-രാഷ്ട്രീയ വൃന്ദം എന്ത് ചെയ്യാനാണ് എന്ന് തോന്നിപ്പോകും. എങ്കിലും സംസ്ഥാനതലത്തിലും ജില്ലകളിലും പൊലീസ്-പൊതുജന ബന്ധം എങ്ങനെ മെച്ചപ്പെടുത്താം എന്ന വിഷയം പൊലീസ് ഉദ്യോഗസ്ഥരുടെ നിരന്തര ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കാലാകാലങ്ങളില്‍ പല പരിപാടികളും നടപ്പിലാക്കിയിരുന്നു. പൊലീസ് അസ്സോസിയേഷന്‍ സമ്മേളനങ്ങളില്‍ ഏതാണ്ട് സ്ഥിരം ചര്‍ച്ചാവിഷയമായിരുന്നു ഇത്. ഒരുവശത്ത് ഇത്തരം പരിപാടികള്‍ അരങ്ങേറിയെങ്കിലും പൊലീസ് സ്റ്റേഷനുകള്‍ സാമാന്യ ജനങ്ങള്‍ക്ക് സ്വതന്ത്രമായി സമീപിച്ച് നീതി തേടാവുന്ന അവസ്ഥ സൃഷ്ടിക്കാനായില്ല എന്നതാണ് വസ്തുത. പഴയ പൊലീസ് ബ്രിട്ടീഷ് ഭരണത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഉപകരണമായിരുന്നുവെങ്കില്‍ പുതിയ പൊലീസ് രാഷ്ട്രീയ അധികാരം കയ്യാളുന്ന കക്ഷിയുടെ താല്പര്യസംരക്ഷകരായി എന്ന ആക്ഷേപം ശക്തമായിരുന്നു. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരാണ് ജനാധിപത്യമെന്ന ആശയം പ്രസിദ്ധമാണല്ലോ. ആശയം കൊള്ളാം. ജനാധിപത്യമാണെങ്കിലും, പൊലീസ് എന്നാല്‍ സര്‍ക്കാരുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ സൃഷ്ടിക്കുന്ന സര്‍ക്കാര്‍ സംവിധാനമായി മാറി. ഫലത്തില്‍ ജനം പുറത്തായി. ജില്ലാ എസ്.പിയായി പ്രവര്‍ത്തിക്കുമ്പോള്‍ ദൈനംദിന ചുമതലകള്‍ക്കിടയില്‍ പൊലീസിങ്ങിന്റെ മൗലികമായ പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ഒക്കെയുള്ള ഗഹനമായ പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രയാസമാണ്. പ്രായോഗിക അനുഭവങ്ങള്‍ പലതും വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നവയാണ് എന്നതില്‍ സംശയമില്ല. തൃശൂര്‍ എസ്.പിയായി എത്തും മുന്‍പ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ മൂന്നാഴ്ചത്തെ പരിശീലനത്തിന് എത്തുമ്പോള്‍ ഒരുപാട് അനുഭവങ്ങളും ചിന്തകളും മനസ്സിലുണ്ടായിരുന്നിരിക്കണം. ആ പരിശീലനത്തിന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എസ്.പിമാര്‍ എത്തിയിരുന്നു. ജില്ലയിലൊക്കെ പ്രവര്‍ത്തിച്ചു കഴിഞ്ഞ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പിന്നീടുളള പരിശീലനം അല്പം ബുദ്ധിമുട്ടാണ്. പരിശീലനത്തിന് എത്തുന്നവരില്‍ രണ്ടു തരം ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. 'ദുരനുഭവങ്ങ'ളുടെ പേരില്‍ കടുത്ത നൈരാശ്യം ബാധിച്ച് എല്ലാം നിഷേധാത്മകമായി കാണുന്നവരാണ് ഒരുകൂട്ടര്‍. 'ദുരനുഭവം' എന്നത് വ്യക്തിനിഷ്ഠമാണ്. ഇഷ്ടപ്പെടാത്ത ഒരു സ്ഥലംമാറ്റത്തെ വലിയൊരു ദുരന്തമായി മനസ്സില്‍ വിടാതെ കൊണ്ടുനടക്കുന്നവരുണ്ട്. എന്തിനേറെ, റിട്ടയര്‍മെന്റിനോടടുക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ തുടക്കത്തിലുള്ള പരിശീലനത്തില്‍ കുതിരസവാരിയില്‍ തനിക്കായിരുന്നു കൂടുതല്‍ മാര്‍ക്ക് കിട്ടേണ്ടിയിരുന്നത് എന്ന് തീവ്രവികാരത്തോടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റൊരു കൂട്ടര്‍ അക്കാദമി പരിശീലനം എന്നതൊക്കെ അനാവശ്യമാണ് എന്നു കരുതുന്നവരാണ്. സ്വയം 'സര്‍വ്വജ്ഞപീഠം' കയറി എന്നതില്‍ അവര്‍ക്ക് നല്ല ഉറപ്പാണ്. ഭാഗ്യവശാല്‍ ഈ രണ്ടുകൂട്ടരും അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് അക്കാദമിയില്‍ ഒരുമിച്ച് ചെലവിട്ട ആ ഇരുപത് ദിവസങ്ങള്‍ സഫലമായിരുന്നു. രണ്ടുകാര്യങ്ങള്‍ അന്നെന്റെ മനസ്സില്‍ കയറിപ്പറ്റി. ഒന്ന് മനുഷ്യാവകാശം, രണ്ട് കമ്യൂണിറ്റി പൊലീസിംഗ്. മനുഷ്യാവകാശത്തിലേയ്ക്ക് മറ്റൊരവസരത്തില്‍ വരാം. 

തൃശൂരില്‍ ജനമൈത്രിയായി പ്രത്യക്ഷപ്പെട്ട കമ്യൂണിറ്റി പൊലീസിംഗ് എന്നതിനെക്കുറിച്ച് ആഴത്തില്‍  പഠിക്കാന്‍ അവസരം ലഭിച്ചു. പരിശീലനത്തിന്റെ ഭാഗമായി പുസ്തകാവലോകനം എഴുതുന്നതിനായി പുസ്തകം തേടി, സുബ്രഹ്മണ്യഭാരതിയുടെ പേരിലുള്ള വിപുലമായ അക്കാദമി ലൈബ്രറിയില്‍ നോക്കിയപ്പോള്‍, കമ്യൂണിറ്റി പൊലീസിംഗില്‍ ധാരാളം പുതിയ പുസ്തകങ്ങള്‍ അവിടെ കണ്ടു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളായിരുന്നു മുഴുവനും. അവിടെ നടത്തിയിട്ടുള്ള പഠനങ്ങളും പരീക്ഷണങ്ങളും പൊലീസ് അനുഭവങ്ങളുമാണ് അവയുടെ ഉള്ളടക്കം. അവയെല്ലാം നോക്കിക്കണ്ടു. പലതും ഓടിച്ചു വായിച്ചു. സമഗ്രമെന്ന് തോന്നിയ ഒരു പുസ്തകം വായിച്ചു പഠിച്ചു. പേര് Community Oriented Policing and Problem Solving (കമ്യൂണിറ്റി പൊലീസിംഗും പ്രശ്‌നപരിഹാരവും). നമ്മുടേതിനെക്കാള്‍ ദീര്‍ഘകാലത്തെ ജനാധിപത്യ പാരമ്പര്യമുള്ള ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍പോലും പൊലീസും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചയുടേയും സംഘര്‍ഷങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിലൊരു പ്രധാന ആശയമായിരുന്നു കമ്യൂണിറ്റി പൊലീസിംഗ്. കുരുടന്‍ ആനയെ കണ്ടപോലെ എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒന്നായിരുന്നു അത്. ബ്രിട്ടനിലും അമേരിക്കയിലും സിംഗപ്പൂരിലും ജപ്പാനിലും നടപ്പാക്കിയ പല പൊലീസ് പരിഷ്‌കാരങ്ങളും ആ പേരില്‍ അറിയപ്പെട്ടു.  എന്നാല്‍, എല്ലായിടത്തും അത് ഒന്നായിരുന്നില്ല. അതിന്റെ ഹൃദയം എന്ന് ഞാന്‍ മനസ്സിലാക്കിയത്, അതിന്റെ ഫിലോസഫി പരമ്പരാഗത പൊലീസിംഗ് രീതിയില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നതാണ്. ഒരു പ്രദേശത്തിന്റെ സുരക്ഷാവിഷയങ്ങളില്‍ ഏകപക്ഷീയമായി പ്രശ്‌നവും പരിഹാരവും പൊലീസ് തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതാണ് പരമ്പരാഗത രീതി. യാന്ത്രികമായ നിയമപാലനത്തിനപ്പുറം പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹാരം തേടുന്നതിനും ഒരു പ്രദേശത്തെ പൗരസമൂഹത്തിന്റെ പങ്ക് മനസ്സിലാക്കി അംഗീകരിക്കുക എന്നതാണ് പുതിയ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനം. അല്ലാതെ പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മുഖം മിനുക്കല്‍ പരിപാടിയായിരുന്നില്ല അത്. ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് എന്തെല്ലാമാണ് പ്രശ്‌നങ്ങള്‍ എന്നതില്‍ ജനങ്ങളുമായി ആശയവിനിമയം കൂടിയേ തീരൂ. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതില്‍ കാണിക്കുന്ന താല്പര്യം അതിന് പരിഹാരം തേടുന്നതിലും പൊലീസ് പ്രകടിപ്പിക്കണം. അത് വിജയിക്കണമെങ്കില്‍ ഓരോ പ്രദേശത്തിനും ഉതകുന്ന പ്രവര്‍ത്തനരീതി കണ്ടെത്താന്‍ സംയുക്തമായി പൊലീസിനും ജനങ്ങള്‍ക്കും കഴിയണം. 

ജനമൈത്രിയിലെ അനുഭവങ്ങള്‍

പൊലീസ് അക്കാദമിയില്‍വച്ച് പഠിച്ച പാഠങ്ങള്‍ തൃശൂരില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കാന്‍ ഞാനാഗ്രഹിച്ചു. തുടക്കം വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ആയിരുന്നു. ചാലക്കുടിക്കടുത്ത് മലയോര പ്രദേശങ്ങളടങ്ങിയ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ വാര്‍ത്തയില്‍ ഇടംപിടിച്ചത് വലിയൊരു കുറ്റകൃത്യത്തിന്റെ പേരിലായിരുന്നു. അവിടെ ചായ്പാന്‍കുഴി എന്ന സ്ഥലത്ത് വ്യാജമദ്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ മദ്യവിരുദ്ധസമിതി പ്രവര്‍ത്തകനായ രാജന്റെ കൊലപാതകം കേരളത്തിന്റെ ആകെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. വ്യാജവാറ്റ് സംഘത്തലവനായിരുന്ന മധുരജോഷി എന്നൊരു കുപ്രസിദ്ധ കുറ്റവാളിയും സംഘവും രാജനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഞാന്‍ തൃശൂരില്‍ എസ്.പിയായി എത്തുന്നതിനും ഒരു വര്‍ഷം മുന്‍പ് ആയിരുന്നു സംഭവം. പക്ഷേ, സംഘത്തലവനായ മധുരജോഷി അപ്പോഴും ഒളിവിലായിരുന്നു. തൃശൂരില്‍ ചുമതലയേറ്റ് എന്റെ സഹപ്രവര്‍ത്തകരുമായുളള ആദ്യ യോഗം കഴിഞ്ഞ ശേഷം ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോളി ചെറിയാന്‍ എന്നെ കണ്ടു. മധുരജോഷി കര്‍ണ്ണാടകയില്‍ എവിടെയോ ഉണ്ട് എന്നൊരു രഹസ്യവിവരം ഉള്ളതായി സൂചിപ്പിച്ചു. ഞാന്‍ സശ്രദ്ധം കേട്ടു. എന്നോട് രണ്ടു കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ഒന്നു്, ഒരു നല്ല ജീപ്പ് നല്‍കണം; രണ്ട്, ഏതാനും മിടുക്കരായ പൊലീസുകാരെ കൂടെ വിടണം. ജില്ലാ എസ്.പിക്ക് അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഒരു ജീപ്പുണ്ടായിരുന്നു. അത് ഞാന്‍ കൊടുത്തു. പൊലീസുകാരെ ജോളിതന്നെ തിരഞ്ഞെടുത്തുകൊള്ളാന്‍ പറഞ്ഞു. അധിക ദിവസം കഴിയും മുന്‍പേ ജോളിയുടെ ഫോണ്‍കാള്‍ എനിക്ക് വന്നു. ''സാറെ, അവനെ കിട്ടി.'' കര്‍ണ്ണാടകയിലെ കുടകില്‍ ഒരുള്‍പ്രദേശത്തുനിന്നും വളരെ സാഹസികമായാണ് പൊലീസ് സംഘം അയാളെ പിടികൂടിയത്. അയാള്‍ അവിടെ ഒരു സ്ത്രീയുടെ സഹായിയായി പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു പൊലീസ് എത്തുന്നത്. പൊലീസിന് വെല്ലുവിളി ഉയര്‍ത്തിയതില്‍ സ്ത്രീകളും സജീവമായിരുന്നുവത്രെ. കേരളത്തിലെ ഗുണ്ടാത്തലവന്റെ ഒളിവ് ജീവിതത്തിലെ വേഷപ്പകര്‍ച്ച അവിശ്വസനീയമായിരുന്നു. അടുത്തിടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശ്രദ്ധേയമായ സിനിമ, ചുരുളി കണ്ടപ്പോള്‍ മധുരജോഷിയുടെ അറസ്റ്റ് ഞാനോര്‍ത്തു. പൊലീസ് സംഘത്തിലുണ്ടായിരുന്ന വിശ്വംഭരന്‍, ചാക്കോ തുടങ്ങിയ പൊലീസുകാരെ ഓര്‍ക്കുന്നു. നേരത്തെ, ജീവിതത്തോട് വിടപറഞ്ഞ വിശ്വംഭരനാണ് ഈ ഓപ്പറേഷനില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. പൊലീസ് സംഘടനയിലും സജീവമായിരുന്ന വിശ്വംഭരന്‍ ജോലിയിലും മിടുക്കനായിരുന്നു.

ഈ അറസ്റ്റുകള്‍ ആ പ്രദേശത്തെ സമാധാനകാംക്ഷികളായ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സഹായിച്ചു. അതോടൊപ്പം അന്ന് വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന സബ്ബ് ഇന്‍സ്പെക്ടറുടെ ജനകീയതയും കൂടി പരിഗണിച്ചാണ് കമ്യൂണിറ്റി പൊലീസിന്റെ പുതിയ പരീക്ഷണത്തിന് ആ സ്റ്റേഷന്‍ തെരഞ്ഞെടുത്തത്. സത്യസന്ധതയോടും സേവന മനോഭാവത്തോടുംകൂടി പ്രവര്‍ത്തിക്കുന്ന സബ്ബ് ഇന്‍സ്പെക്ടര്‍ എല്ലാക്കാലത്തും സാധാരണ ജനങ്ങളുടെ വിശ്വാസം നേടും. അങ്ങനെ ജനങ്ങളുടെ സ്‌നേഹവും വിശ്വാസവും ആര്‍ജ്ജിച്ച ഉദ്യോഗസ്ഥനായിരുന്നു അന്ന് വെള്ളിക്കുളങ്ങരയില്‍ ചുമതല വഹിച്ചിരുന്ന സന്തോഷ്‌കുമാര്‍. ആ പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ മലയോര പൊലീസിന് പണമില്ലെന്നു കണ്ട്, സാധാരണക്കാരായ ജനങ്ങള്‍ മുന്നോട്ടു വന്നു. അഞ്ചുരൂപയും പത്തുരൂപയും വരെ അവിടുത്തെ തുച്ഛവരുമാനക്കാര്‍ അതിനു നല്‍കിയിരുന്നു. ആ ഉദ്യോഗസ്ഥന് സ്ഥലംമാറ്റമുണ്ടാകും എന്നൊരു കിംവദന്തി നാട്ടില്‍ പരന്നപ്പോള്‍ അതിനെതിരെ അവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ എന്നെ വന്നു കണ്ടിരുന്നു. അങ്ങനെ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥന്‍ പൊലീസ് സ്റ്റേഷന്റെ ചുമതല വഹിച്ചെങ്കില്‍ മാത്രമേ, കമ്യൂണിറ്റി പൊലീസിംഗ് വിജയിക്കുകയുള്ളു. വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ജനങ്ങളും അവിടുത്തെ പൊലീസുകാരും തമ്മിലുള്ള ഒരു മുഖാമുഖം സംഘടിപ്പിച്ചുകൊണ്ട് തുടങ്ങാം എന്നു തീരുമാനിച്ചു. എനിക്കൊരിക്കലും പൊലീസ് സ്റ്റേഷന്‍ കയറേണ്ടിവന്നിട്ടില്ലെന്ന് പറയുന്നത് സ്വന്തം സ്വഭാവവൈശിഷ്ട്യത്തിന്റെ തെളിവായി കരുതുന്ന ജനങ്ങളും പൊലീസ് സ്റ്റേഷനില്‍ വരുന്നത് ആരായാലും അല്പം പേടിയോടെ വേണം എന്ന് ചിന്തിക്കുന്ന പൊലീസുകാരും നിലനില്‍ക്കുമ്പോഴാണ് പൊലീസിന്റെ ഈ ക്ഷണം. സാധാരണയായി മുഖാമുഖമെന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സാമൂഹ്യ സംഘടനാ പ്രതിനിധികളും അല്ലെങ്കില്‍ എല്ലാം ശരിയാക്കാന്‍ കഴിവുള്ള ചില അധികാര ദല്ലാളന്മാരും മാത്രമായിരിക്കും വരിക. ജനങ്ങളുടെ ഇടയില്‍ ബോധവല്‍ക്കരണവും പ്രചരണവും നടത്തിയത് സബ്ബ് ഇന്‍സ്പെക്ടറും പൊലീസുകാരും തന്നെ. ജനങ്ങളും പൊലീസും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കൂടിയാലോചിക്കാന്‍ എല്ലാപേരെയും സ്റ്റേഷനിലേയ്ക്ക് ക്ഷണിച്ചുകൊണ്ടൊരു മൈക്ക് അനൗണ്‍സ്മെന്റ് ആയിരുന്നു മുഖ്യ പ്രചരണ ഉപാധി. കൂടിയാലോചനയില്‍ എസ്.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും എന്നും അറിയിച്ചിരുന്നു. നിശ്ചിത ദിവസം ഉച്ചകഴിഞ്ഞ നേരത്ത് ഈ ആലോചനയ്ക്കായി പൊലീസ് സ്റ്റേഷനില്‍ ഞാനെത്തുമ്പോള്‍ അവിടെ കണ്ട വലിയ ആള്‍ക്കൂട്ടം എന്നെ വിസ്മയിപ്പിച്ചു. ഒരു മലയോര ഗ്രാമപ്രദേശത്ത് പൊലീസുമായി സഹകരിക്കുക എന്ന ആശയം പങ്കിടുവാനുള്ള യോഗത്തില്‍ പൊലീസ് സ്റ്റേഷന്‍ മുറ്റം ആളുകളെക്കൊണ്ട് നിറഞ്ഞു. യോഗത്തിനു ശേഷം ജനപ്രിയ പരിപാടികളായ മിമിക്രി, സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങി ഒന്നുമില്ലായിരുന്നു ആളുകളെ ആകര്‍ഷിക്കാന്‍. എന്നിട്ടും ആളുകള്‍ വന്നു. സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും വിവിധ തൊഴില്‍ മേഖലയിലുള്ളവരും എത്തിയിരുന്നു. ആദ്യപരിപാടി എന്ന നിലയില്‍ ഇതെങ്ങനെയൊക്കെ പോകും എന്നതില്‍ നേരിയ ഉല്‍ക്കണ്ഠ ഉള്ളില്‍ തോന്നാതിരുന്നില്ല. കഴിയുന്നത്ര ആളുകളെക്കൊണ്ട് സംസാരിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ കേള്‍ക്കുകയും ചെയ്യണം എന്ന് മനസ്സില്‍ കരുതി. ''പൊലീസ് കൈക്കൂലിക്കു കൂട്ടുനിന്നിട്ടല്ലേ, ഞങ്ങളുടെ പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നത്'' തുടങ്ങിയ ചോദ്യങ്ങള്‍ വന്നാലും കേള്‍ക്കുവാനുള്ള മനസ്സോടെയാണ് ഇവിടെ ഇരുന്നത്. വളരെ ചുരുക്കത്തില്‍, കൂടിയാലോചനയുടെ ലക്ഷ്യം ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു. ''വെള്ളിക്കുളങ്ങരയിലെ പൊലീസ് സ്റ്റേഷന്‍ വെള്ളിക്കുളങ്ങരയിലെ ജനങ്ങള്‍ക്ക് ഉള്ളതാണ്. എന്താണ് പ്രശ്‌നങ്ങള്‍ എന്ന് നിങ്ങളില്‍നിന്ന് നേരിട്ട് കേള്‍ക്കണം; പൊലീസില്‍നിന്നും എന്ത് പ്രതീക്ഷയാണ് നിങ്ങള്‍ക്കുള്ളത്?'' തുടങ്ങിയ ചില കാര്യങ്ങളാണ് ഞാന്‍ ഉന്നയിച്ചത്. കൂടുതല്‍ ഉദ്‌ബോധനത്തിനൊന്നും മുതിര്‍ന്നില്ല. ഇത്തവണ നാട്ടുകാരില്‍നിന്നും ഞങ്ങളാണത് പ്രതീക്ഷിച്ചത്. അവിടെ ഒത്തുകൂടിയവരില്‍ ധാരാളം ആളുകള്‍ സംസാരിച്ചു. ഓരോ പ്രദേശത്തേയും കാര്യങ്ങളും പൊതുപ്രശ്‌നങ്ങളും ഉന്നയിച്ചു. വ്യാജമദ്യത്തിന്റെ പ്രശ്‌നം സ്ത്രീകളുള്‍പ്പെടെ പലരും സംസാരിച്ചു. കാര്യങ്ങള്‍ പൊതുവേദിയില്‍ പറയാന്‍ ഒരുമടിയും കണ്ടില്ല. വ്യാജമദ്യ മേഖലയില്‍ ഉണ്ടായ കുറ്റകൃത്യങ്ങളില്‍ പൊലീസ് എടുത്ത നടപടികള്‍ക്കു നല്ല സ്വീകാര്യത ഉണ്ടായിരുന്നു. ഓരോ പ്രദേശത്തും കൂടുതല്‍ പൊലീസ് പട്രോളിംഗ് വേണമെന്നാണ് പലരും ആവശ്യപ്പെട്ടത്. ഏറെ ചര്‍ച്ച ചെയ്ത വിഷയം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളായിരുന്നു. യാത്രയ്ക്കിടയിലും പൊതു നിരത്തുകളിലും ഉണ്ടാകുന്ന അസഹ്യമായ പെരുമാറ്റങ്ങള്‍ ഉള്‍പ്പെടെ പല കാര്യങ്ങളും അവിടെ പറഞ്ഞു. ആക്ഷേപത്തിനുവേണ്ടിയുള്ള ആക്ഷേപം എന്ന നിലയിലുളള ഒരഭിപ്രായം പോലും അവിടെ കേട്ടില്ല. പക്ഷേ, പല ചോദ്യങ്ങളും ആളുകള്‍ ഉന്നയിച്ചു. എന്ത് തുടര്‍നടപടിയാണ് ഇനി ഉണ്ടാകുക? ഇതൊരു പബ്ലിക്ക് റിലേഷന്‍ പരിപാടി മാത്രമായി തീരുമോ? ആളുകളില്‍നിന്നും രഹസ്യവിവരം തേടാനുള്ള പൊലീസ് തന്ത്രമാണോ? എല്ലാ ചോദ്യങ്ങള്‍ക്കും പൊലീസിനു മാത്രമായി ഉത്തരമില്ലെന്നും പൊലീസും ജനങ്ങളും സംയുക്തമായി ഉത്തരം തേടാമെന്നും വ്യക്തമാക്കി. ജനങ്ങളുമായി ചേര്‍ന്ന് എന്തു ചെയ്യാം എന്ന് ചര്‍ച്ച ചെയ്തു. ചില സ്ഥലങ്ങളില്‍ പൊലീസും നാട്ടുകാരും ഒരുമിച്ച് പട്രോളിംഗ് വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. സ്റ്റേഷനില്‍നിന്നും വളരെ അകലെയുള്ള സ്ഥലങ്ങളിലും എസ്.ഐയും സഹപ്രവര്‍ത്തകരും അവിടെ പോയി ജനങ്ങളുമായി ആശയവിനിമയം നടത്തി പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവസരം സൃഷ്ടിക്കാമെന്നും പറഞ്ഞു. പൊലീസിനു രഹസ്യവിവരങ്ങള്‍ നല്‍കുന്നതിന് ആളുകളുടെ ഇടയില്‍ കുറെ ചാരന്മാരെ സൃഷ്ടിക്കുന്ന പരിപാടിയല്ല ഇത്. സാധാരണക്കാരായ ജനങ്ങള്‍ 99 ശതമാനവും നേരെ ചൊവ്വെ ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവര്‍ നിര്‍ഭയം പൊലീസുമായി സഹകരിക്കുമ്പോള്‍ സാമൂഹ്യവിരുദ്ധര്‍ ഒറ്റപ്പെടാനുള്ള ഇടയുണ്ട്. നാട്ടില്‍ സമാധാന ജീവിതം ഉറപ്പുവരുത്തുന്നത് പൊലീസിന്റെ ഒറ്റപ്പെട്ട പ്രവര്‍ത്തനത്തിലൂടെയല്ല. നിയമാനുസരണം ജോലി ചെയ്യേണ്ട പൊലീസുമായി നല്ലവരായ ജനങ്ങള്‍ സഹകരിക്കുമ്പോഴാണ് നാട്ടില്‍ സുരക്ഷ ഉറപ്പാകുന്നത്. അക്കാര്യം ഓര്‍മ്മിപ്പിച്ച് ചര്‍ച്ച അവസാനിച്ചു. 

അതിനുശേഷം അവിടുത്തെ മുഴുവന്‍ പൊലീസ് ഉദ്യോ ഗസ്ഥരുമായി പുതിയ സംരംഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ മുഴുവന്‍ ആത്മാര്‍ത്ഥമായ സഹകരണം കൂടിയേ തീരൂ എന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളില്‍ പൊലീസുകാര്‍ പോയിട്ട് എസ്.ഐമാരും മറ്റ് ഉദ്യോഗസ്ഥരുമായിപ്പോലും ആശയവിനിമയം ഉണ്ടാകാറില്ല. മുകളില്‍നിന്ന് തീരുമാനിക്കുന്നതെല്ലാം ഗംഭീരം എന്ന് എല്ലാ പേരും പറയും. പിന്നീട് തോന്നിയപോലെ എന്തെങ്കിലും ചെയ്യും. കമ്യൂണിറ്റി പൊലീസിന്റെ കാര്യത്തില്‍ അങ്ങനെ ആയാല്‍ പരിപാടി പരാജയപ്പെടും എന്നുറപ്പായിരുന്നു. പുതിയ ആശയത്തോട് പൊലീസുകാരുടെ അഭിപ്രായം മനസ്സിലാക്കാനാണ് ശ്രമിച്ചത്. ഒരു ഹെഡ് കോണ്‍സ്റ്റബിള്‍ പറഞ്ഞ കാര്യം പ്രത്യേകം ഓര്‍ക്കുന്നു. ''ഇതൊക്കെ കണ്ടിട്ട് പേടി തോന്നുന്നു'' എന്നായിരുന്നു പറഞ്ഞത്. ആളുകള്‍ക്ക് പൊലീസിനെ പേടിയില്ലാതായാല്‍ പിന്നെ എങ്ങനെ ജോലി ചെയ്യാന്‍ കഴിയും? ഇങ്ങനെ ചില ഉല്‍ക്കണ്ഠകള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ പൊതുവേ പൊലീസുകാര്‍ അനുകൂലമായ മനോഭാവം തന്നെയാണ് പ്രകടിപ്പിച്ചത്. ഔപചാരികമായും അനൗപചാരികമായും ഇക്കാര്യങ്ങളെക്കുറിച്ച് ഞാന്‍ പലപ്പോഴും പൊലീസുകാരോട് സംസാരിച്ചിട്ടുണ്ട്. പുതിയ ആശയങ്ങള്‍ വിലയിരുത്തുന്നതിനും അഭിപ്രായം രൂപീകരിക്കുന്നതിനും പ്രാപ്തരാണ് കേരളത്തിലെ ശരാശരി പൊലീസുകാര്‍ എന്നാണ് ഞാനന്നും മനസ്സിലാക്കിയത്. പൊലീസ് സ്റ്റേഷനായാലും മുകളിലോട്ടായാലും യാന്ത്രികമായ അനുസരണം മാത്രം ആശ്രയിച്ച് പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെടും. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് പൊലീസ് സംവിധാനത്തിനുള്ളിലെ ബോധവല്‍ക്കരണമാണ് എന്ന് ഞാന്‍ മനസ്സിലാക്കി. അത് പിന്നീട് കൂടുതല്‍ ബോദ്ധ്യപ്പെട്ടു. 

വെള്ളിക്കുളങ്ങരയിലെ പുതിയ സംരംഭത്തിന് അവിടെനിന്ന് മാത്രമല്ല, പൊതുസമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഒരിടത്തുനിന്നും എതിര്‍ ശബ്ദം വന്നില്ല. മാധ്യമങ്ങളെല്ലാം തന്നെ വലിയ പ്രാധാന്യത്തോടെ ജനമൈത്രി എന്നു വിളിച്ച പുതിയ സംരംഭത്തെ പിന്തുണച്ചു. വെള്ളിക്കുളങ്ങരയില്‍ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പൊലീസിനും നാട്ടുകാര്‍ക്കും കഴിഞ്ഞു. 

മറ്റു പലേടത്തുനിന്നും ഞങ്ങള്‍ക്കും പുതിയ സംരംഭത്തിലേയ്ക്ക് നീങ്ങണം എന്ന ആവശ്യം ഉയര്‍ന്നു വന്നു. എന്നാല്‍ ഒറ്റയടിക്ക് അത് ജില്ല മുഴുവന്‍ വ്യാപിപ്പിക്കുക എളുപ്പമാണെന്ന ബോദ്ധ്യം എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് പൊലീസ്-പൊതുജന സഹകരണവും പങ്കാളിത്തവും എന്ന ആശയം പൊതുസമൂഹത്തിലും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയിലും ക്രമേണ വ്യാപിക്കണം എന്ന് എനിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണവും അതിനു പിന്നിലെ ആശയങ്ങളും ഉദ്യോഗസ്ഥരുടെ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഓരോ പ്രദേശത്തും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ബോദ്ധ്യവും പ്രതിച്ഛായയും ഇക്കാര്യത്തില്‍ പ്രസക്തമാണ്. ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിച്ച ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷന്‍ തലത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ ജനമൈത്രി വിജയിക്കുകയുള്ളു. വെള്ളിക്കുളങ്ങരയെത്തുടര്‍ന്ന് തൃശൂര്‍ ടൗണിലും വലപ്പാടും ജനമൈത്രി പൊലീസ് സംവിധാനം ആരംഭിച്ചു. ടൗണില്‍ ഈസ്റ്റ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ രാധാകൃഷ്ണനും വലപ്പാട്ട് സി.ഐ ആയിരുന്ന ഉണ്ണിരാജനുമാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത്. രണ്ടുപേരും തൊഴില്‍പരമായ മികവിലൂടെയും സംശുദ്ധ സ്വഭാവത്തിലൂടെയും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച ഉദ്യോഗസ്ഥരായിരുന്നു. രണ്ടിടത്തേയും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കത്തിന്റെ തുടക്കം കുറിക്കുന്ന യോഗങ്ങളില്‍ ഞാനും പങ്കെടുത്തു. 

വലപ്പാട് നടത്തിയ ചര്‍ച്ചായോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ എസ്.പിയുടെ വാക്കുകള്‍ ധിക്കാരപരമായിരുന്നു എന്ന വിമര്‍ശനം ഒരു ചെറിയ പത്രം ഉന്നയിച്ചു. അന്നത്തെ ചര്‍ച്ചയില്‍ ഒരു വ്യക്തി ചില അസഭ്യവാക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചു. ഒരു പൊലീസുകാരന്റെ മോശം ഭാഷയെ വിമര്‍ശിക്കുകയായിരുന്നു എങ്കിലും പൊതുവേദിയില്‍ അത് പരിധി കടന്നപോലെ  തോന്നി. വിമര്‍ശനവും സഭ്യമാകാം എന്ന രീതിയിലുള്ള എന്റെ മറുപടി  അല്പം രൂക്ഷമായിപ്പോയി. മാധ്യമവാര്‍ത്ത വായിച്ചപ്പോള്‍ അനാവശ്യ വളച്ചൊടിക്കല്‍ എന്ന് ആദ്യം തോന്നിയെങ്കിലും സത്യത്തില്‍ അതെനിക്കും ജനമൈത്രിയുടെ ഒരു പാഠമായി. ഏതു സാഹചര്യത്തിലും അധികാരസ്ഥാനത്തിരിക്കുന്ന വ്യക്തികള്‍ വാക്കുകളില്‍ മിതത്വം പാലിക്കണം എന്നത് കൂടുതല്‍ വ്യക്തമായി. 

മുന്നോട്ടുള്ള യാത്ര സുഗമമാക്കണമെങ്കില്‍ എല്ലാ തലത്തിലുമുള്ള പൊലീസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിബദ്ധതയും ജാഗ്രതയും കൂടിയേ തീരൂ. ഞങ്ങള്‍ക്ക് അധികാരമുണ്ട്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കറിയാം, അത് പരിഹരിക്കാന്‍ എന്തുചെയ്യണമെന്നും ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ അതനുസരിച്ചാല്‍ മതി എന്ന സമീപനം മാറണം. ആത്യന്തികമായി, കമ്യൂണിറ്റി പൊലീസിംഗ് അധികാരത്തിന്റെ പ്രശ്‌നം കൂടിയാണ്. പേരിനു മുന്‍പ് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ ജനമൈത്രി സ്ഥാനം പിടിച്ചത് നല്ല കാര്യം. അതുകൊണ്ട് മാത്രം ആയില്ല. താഴോട്ടിറങ്ങണം; ചോദിക്കാനും പറയാനും ആരും ഇല്ലാത്ത മനുഷ്യനും അത് അനുഭവപ്പെടണം. കേരളത്തില്‍ അത് സാധ്യമാണ് എന്നാണെന്റെ വിശ്വാസം. പൗരന്‍ എന്ന നിലയിലും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലും അതാണ് എന്റെ ഹൃദയാഭിലാഷം.

(തുടരും)

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com