അഞ്ച് വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയമാറ്റവും തുടര്‍ന്നുള്ള ഉദ്യോഗസ്ഥ സ്ഥലം മാറ്റവും കേരളം പണ്ടേ കണ്ടുവരുന്നതാണ്. 2016-ലും അതുതന്നെ സംഭവിച്ചു. 1996, 2001, 2011 വര്‍ഷങ്ങളിലെ രാഷ്ട്രീയമാറ്റം മൂലം എനിക്ക് സ്ഥലം മാറ്റം സംഭവിച്ചിരുന്നില്ല. 2006-ല്‍ ഞാന്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ആയിരുന്നല്ലോ. എന്നാല്‍, 2016-ല്‍, ഞാന്‍ ഇന്റലിജന്‍സില്‍നിന്ന് അഗ്‌നിരക്ഷാസേനയിലേക്ക് മാറി. ഉദ്യോഗസ്ഥ ജാതിവ്യവസ്ഥയില്‍ ഇന്റലിജന്‍സ് ബ്രാഹ്മണനും രക്ഷാസേന അധഃകൃതനും ആകുന്നു എന്ന് കരുതുന്നവര്‍ കുറവല്ല. മാറ്റം വന്ന ഉടന്‍ ഉണ്ടായ ഒരു യുവ എസ്.പിയുടെ സന്ദര്‍ശനം പ്രത്യേകം ഓര്‍ക്കുന്നു. കോഴിക്കോട് റൂറല്‍ എസ്.പി ആയിരുന്ന പ്രതീഷ്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു ഘട്ടത്തില്‍ എന്നെ വിളിച്ചിരുന്നു. അതയാള്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയ നേതൃത്വ പശ്ചാത്തലമുള്ള ഒരു കുടുംബാംഗത്തെ ഒരടിപിടി കേസില്‍ പ്രതിചേര്‍ക്കാന്‍ വലിയ സമ്മര്‍ദ്ദം എസ്.പിയുടെ മേല്‍ ഉണ്ടായി. അക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഉപദേശിച്ചത്രേ; 'When you decide, don't forget that you are an IPS Officer' (തീരുമാനമെടുക്കുമ്പോള്‍, നിങ്ങള്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എന്നത് മറക്കാതിരിക്കുക).
ഇന്റലിജന്‍സിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പ് മന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി ഭരണനിര്‍വ്വഹണവുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ആശയവിനിമയം നടത്തേണ്ടിവരുന്നത് സ്വാഭാവികം മാത്രം. അതില്‍ അപ്രിയ സത്യങ്ങളും കടന്നുവന്നിട്ടുണ്ടെങ്കിലും അതൊക്കെ വിശാലമനസ്‌കതയോടെ അവരെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നാണെന്റെ ബോദ്ധ്യം. അധികാരവഴികളില്‍ കണ്ട പല അപഭ്രംശങ്ങളും തിരുത്താന്‍ വേണ്ടിയുള്ള ചില ഇടപെടല്‍ നടത്താന്‍ കഴിഞ്ഞ കാലം കൂടിയായിരുന്നു അത്. അധികാരം ദുഷിപ്പിക്കും; സംശയമില്ല എന്നുമാത്രം പറഞ്ഞ് മുന്നോട്ട് നീങ്ങട്ടെ.
രണ്ട് കാര്യങ്ങള്‍ ശ്രദ്ധേയമായി തോന്നി. കോണ്‍സ്റ്റബിള്‍മാരായി പൊലീസില്‍ ചേര്‍ന്നവരുടെ ഇടയില്‍ സീനിയോറിറ്റിയെ ചൊല്ലി ദീര്‍ഘകാലമായി ഉടലെടുത്ത തര്‍ക്കം അന്ന് ഉച്ചാവസ്ഥയിലായിരുന്നു. ബറ്റാലിയന്‍, ജില്ലാ ആംഡ്റിസര്‍വ്വ് എന്നീ വ്യത്യസ്ത ധാരകളില്‍നിന്നും വന്നവര്‍ തമ്മിലുള്ള തര്‍ക്കം പലവട്ടം കോടതി കയറി, പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തീരുമാനമായപ്പോള്‍ പൊലീസില്‍ അതൊരു ഭരണപ്രതിസന്ധി സൃഷ്ടിച്ചു. വര്‍ഷങ്ങളായി പ്രമോഷനിലൂടെ എസ്.ഐ റാങ്കുവരെ എത്തിയ പലര്‍ക്കും റാങ്ക് നഷ്ടമാകും എന്ന സ്ഥിതി വന്നു. പൊലീസിന്റെ അടിത്തട്ടില്‍ വലിയ ചേരിപ്പോരിന്റെ അന്തരീക്ഷം സൃഷ്ടിച്ച ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഞാന്‍ അധ്യക്ഷനായ കമ്മിറ്റി ഒരു റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് കടമ്പകള്‍ ഒരുപാട് കടക്കേണ്ടിയിരുന്നു . എല്ലാം കടന്ന് തീരുമാനം നടപ്പാക്കി പ്രശ്നം പരിഹരിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നിശ്ചയദാര്‍ഢ്യം നിര്‍ണ്ണായകമായിരുന്നു. താഴെ തട്ടിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റാങ്ക് നഷ്ടം വരാതെ പ്രശ്നം പരിഹരിക്കുന്നതില്‍ ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷം തോന്നി.
വെളിച്ചം കാണാതെപോയ ബില്ലിന്റെ കരട്
ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അതിനെതിരെ നിയമനിര്‍മ്മാണത്തിലേയ്ക്ക് മഹാരാഷ്ട്ര നീങ്ങിയിരുന്നു. നിയമം എന്ന ആശയത്തെ ആഭ്യന്തര വകുപ്പ് മന്ത്രി പിന്താങ്ങി. അക്കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരനും വലിയ താല്പര്യം എടുത്തു. വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍വരമ്പ് എങ്ങനെ നിശ്ചയിക്കും എന്നതാണ് അതിലെ മുഖ്യതര്‍ക്കം. പരമ്പരാഗത വിശ്വാസത്തില്‍ കൈകടത്താതെ അന്ധവിശ്വാസം ചൂഷണം ചെയ്ത് നടക്കുന്ന ബലാത്സംഗം, കൊലപാതകം എന്നിങ്ങനെ നീളുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം സാധ്യമാണ്. സമൂഹത്തിന്റെ ശ്രദ്ധയില്‍ വരുന്നതിനേക്കാള്‍ എത്രയോ വലുതാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണം. അത് മനസ്സിലാക്കി, വ്യക്തിപരമായി താല്പര്യമെടുത്ത് ബില്ലിന്റെ കരട് തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ചു. അത് പക്ഷേ, വെളിച്ചം കണ്ടില്ല. ഞാന്‍ ഇന്റലിജന്‍സില്‍നിന്ന് മാറും മുന്‍പെ ബില്ലിന്റെ കരട് പുതിയ സര്‍ക്കാരിലെ ഒരു പ്രധാനിക്ക് നല്‍കിയിരുന്നു. അപ്പോഴേയ്ക്കും ഞാന്‍ തന്നെ ഇന്റലിജന്‍സില്‍ ഒരു കരടായിക്കഴിഞ്ഞിരുന്നു; ഞാന്‍ പുറത്തുപോയി.
അഗ്‌നിരക്ഷാസേനയുടെ മേധാവിയായി നിയമിതനാകുമ്പോള്‍ മൂന്നു ചിത്രങ്ങള്‍ മനസ്സില്‍ കടന്നുവന്നു. പണ്ടൊരു മേധാവിയെ അവിടെ കാണാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം കാല് രണ്ടും മേശപ്പുറത്ത് കയറ്റിവച്ച് കസേരയില്‍ ചാരിക്കിടക്കുകയായിരുന്നു. ആ കാലുകളാണ് എന്നെ സ്വാഗതം ചെയ്തത്. നിരാശയുടെ പടുകുഴിയിലായിരുന്നു അദ്ദേഹമെന്ന് മുഖഭാവം വിളിച്ചറിയിച്ചു. പൊലീസിന്റെ ഔന്നത്യത്തില്‍ നിന്നുള്ള മാറ്റം ഏറ്റവും വലിയ ജീവിതദുരന്തമാണെന്ന് അദ്ദേഹം കരുതി. മറ്റൊരു മേധാവി പരിതപിച്ചത് തന്റെ മുന്നില്‍ അധികം ഫയല്‍ ഒന്നും വരാറില്ല എന്നായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വലിപ്പം സമം മേശപ്പുറത്ത് കുമിഞ്ഞുകൂടുന്ന ഫയലുകളുടെ എണ്ണം എന്നൊരു സമവാക്യം പണ്ടേ നിലവിലുണ്ട്. മൂന്നാമത്തെ മേധാവി പറഞ്ഞു: ''ഇതൊരു പാവം ഡിപ്പാര്‍ട്ട്മെന്റാണ്.'' വിലപ്പെട്ട സേവനം നല്‍കുന്ന എന്നാല്‍ സര്‍ക്കാരോ സമൂഹമോ വില കല്പിക്കാത്ത ഡിപ്പാര്‍ട്ട്മെന്റ് എന്നാണ് 'പാവം' എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത്. പൊലീസില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അമ്പൂരി പോലുള്ള പല ദുരന്തസ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്ന അഗ്‌നിവീരന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ''ഇവര്‍ മിടുക്കന്മാരാണല്ലോ'' എന്ന് പലവട്ടം മനസ്സില്‍ തോന്നിയിട്ടുമുണ്ട്. ഉള്ളതു പറഞ്ഞാല്‍, മികച്ച സേവനമനുഷ്ഠിക്കുന്ന സേനാംഗങ്ങളും നൈരാശ്യം ബാധിച്ച മേധാവിയും എന്നതാണ് മിക്കപ്പോഴും അഗ്‌നിരക്ഷാസേനയുടെ അവസ്ഥ. ജീവിതത്തിന്റെ പല മേഖലകളിലും ഈ അവസ്ഥയുണ്ട് എന്നുമാത്രം പറഞ്ഞുകൊണ്ട് കാടുകയറുന്ന ചിന്തയില്‍നിന്നും പുറത്തുകടക്കട്ടെ.
അഗ്‌നിശമനസേനാ മേധാവിയായി അധികം കഴിയും മുമ്പേ എന്നെ വല്ലാതെ ദുഃഖിപ്പിച്ച ഒരു സംഭവം ഉണ്ടായി. എറണാകുളത്ത് കാക്കനാട് ഒരു ഫ്‌ലാറ്റിന്റെ പതിന്നാലാം നിലയില്‍നിന്ന് യുവതിയായ ഒരു വീട്ടമ്മ താഴെ വീണു മരിച്ചു. നട്ടുച്ചസമയത്താണ് സംഭവം. ചെറുപ്പക്കാരിയായ അമ്മയും രണ്ടു വയസ്സുകാരന്‍ മകനും മാത്രമേ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നുള്ളൂ. അടുക്കള മാലിന്യം പുറത്തു കളയാന്‍ അമ്മ പുറത്ത് കടന്ന സമയം കാറ്റടിച്ച് കതകടഞ്ഞ് ലോക്കായി പോയി. താക്കോല്‍ ഉള്ളിലായതിനാല്‍ അവര്‍ക്കത് തുറക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ കുട്ടി കരയാന്‍ തുടങ്ങി. സെക്യൂരിറ്റി ജീവനക്കാര്‍ വന്നെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. കുഞ്ഞിന്റെ സുരക്ഷയില്‍ ഉല്‍ക്കണ്ഠപ്പെട്ട അമ്മ ഫ്‌ലാറ്റിന് പിന്നിലൂടെ ഗ്രില്‍ വഴി ബാല്‍ക്കണി ഭാഗത്ത് എത്തി ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചു. സാഹസികമായ ആ ശ്രമത്തില്‍ അവര്‍ കൈവിട്ട് നിലത്തു വീണുപോയി. വിലപ്പെട്ട ആ ജീവന്‍ നഷ്ടപ്പെട്ടതിനു ശേഷം ആരോ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കാക്കനാട് ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥരാണ് അടഞ്ഞ ഫ്‌ലാറ്റ് തുറന്നത്. എന്തുകൊണ്ട് നേരത്തെ ആരും 101 ഡയല്‍ ചെയ്ത് ഫയര്‍സ്റ്റേഷനില്‍ വിളിച്ചില്ല. അടുത്തുള്ള ഫയര്‍സ്റ്റേഷനില്‍നിന്നും അഞ്ച് മിനിറ്റില്‍ ജീവനക്കാര്‍ എത്തി വളരെ നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നത്തിലാണ് വിലപ്പെട്ട ആ ജീവന്‍ നഷ്ടപ്പെട്ടത്. എന്തുകൊണ്ട് നേരത്തെ അഗ്‌നിരക്ഷാസേനയുടെ സഹായം തേടിയില്ല എന്ന ചോദ്യം മാധ്യമങ്ങളില്‍ പോലും ഉയര്‍ന്നു വന്നില്ല.
ഞാനത് സ്വയം ചോദിച്ചു; വകുപ്പിലെ പല ഉദ്യോഗസ്ഥരോടും അക്കാര്യം ചര്‍ച്ച ചെയ്തു. ഉത്തരം ലളിതമായിരുന്നു അഗ്‌നിരക്ഷാസേനയ്ക്ക് നിര്‍വ്വഹിക്കാന്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സമൂഹത്തില്‍ വലിയ ധാരണ ഒന്നുമില്ലായിരുന്നു. തീപിടിക്കുമ്പോള്‍ മാത്രം ഉണരുകയും അല്ലെങ്കില്‍ ഉറങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം എന്നായിരുന്നു സേനയെക്കുറിച്ചുള്ള പൊതു ധാരണ. അത് മാറ്റിയെടുക്കാന്‍ യാതൊന്നും കാര്യമായി വകുപ്പുതലത്തിലും ചെയ്തിരുന്നില്ല എന്നതാണ് സത്യം. ആരംഭകാലത്ത് വളരെ പരിമിതമായ അംഗസംഖ്യയും ഉപകരണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാകണം വകുപ്പിന്റെ ആദ്യകാല നിര്‍ദ്ദേശങ്ങളില്‍ പലതും ഫയര്‍സ്റ്റേഷനുകള്‍ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ ഉതകുന്നതായിരുന്നില്ല. വകുപ്പിന്റെ അവസ്ഥ കാലക്രമേണ മെച്ചപ്പെട്ടിരുന്നെങ്കിലും സമൂഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന മനോഭാവം മാറിയിരുന്നില്ല. ദുരന്തനിവാരണത്തിനു നിയമം മൂലവും അല്ലാതെയും കേരളത്തില്‍ ധാരാളം അതോറിറ്റികളുണ്ട്. പക്ഷേ, വെള്ളപ്പൊക്കമോ തീപിടിത്തമോ മണ്ണൊലിപ്പോ മൂലം, മനുഷ്യജീവന്‍ അപകടത്തില്‍ പെടുമ്പോള്‍ അവിടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആ പ്രദേശത്തെ സേവനസന്നദ്ധതയുള്ള ജനങ്ങളോ സ്ഥലത്തെത്തുന്ന പൊലീസോ അഗ്‌നിരക്ഷാസേനയോ മാത്രമേ ഉണ്ടാകൂ എന്നതാണ് വസ്തുത. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനവും ഉപകരണങ്ങളും ഉള്ളത് അഗ്‌നിരക്ഷാസേനയ്ക്ക് മാത്രവും. അതുകൊണ്ട് ഫയര്‍ഫോഴ്സ് ജനങ്ങളിലേക്ക് ഇറങ്ങിയേ മതിയാകൂ എന്ന് എനിക്കു തോന്നി. ഈ കാര്യങ്ങളില്‍ അനുകൂലമായ ഒരു സാഹചര്യം അവിചാരിതമായി ഉണ്ടായി.
അഗ്‌നിരക്ഷാസേന സമൂഹോന്മുഖമാകുന്നു
വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു യോഗം വിളിച്ചു. ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതാനും ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ സേവനം നല്‍കിയിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്ത 'പാവം' ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി എന്ന നിലയില്‍ നന്നായി ഗൃഹപാഠം ചെയ്ത ശേഷമാണ് ഞാന്‍ ആ യോഗത്തിനു പോയത്. അഗ്‌നിരക്ഷാസേന നടത്തുന്ന സേവനത്തിന്റെ മഹത്വം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തണം എന്ന വാശിയോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സ്‌കൂള്‍ കുട്ടിയെപ്പോലെ കുറെ പോയിന്റുകള്‍ ഒക്കെ മനസ്സില്‍ കുറിച്ചിരുന്നു. കിട്ടിയ അവസരത്തില്‍ ഞാന്‍ അല്പം ആവേശത്തോടെ അതൊക്കെ പറഞ്ഞുതുടങ്ങി. രണ്ടാമത്തെ പോയിന്റ് എത്തിയപ്പോഴേക്കും നിങ്ങളുടെ സേവനം വലുതാണ് എന്നതില്‍ സംശയമൊന്നുമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് കേട്ടപ്പോള്‍ പിന്നെ പഠിച്ചുകൊണ്ടുപോയ മറ്റ് കാര്യങ്ങള്‍ പറഞ്ഞില്ല. സേവനം വലുതാണ് എന്ന് പറഞ്ഞശേഷം, ''പക്ഷേ, നിങ്ങളുടെ വകുപ്പിന്റെ സാമൂഹികബന്ധം'', എന്ന് അദ്ദേഹം ഒരു ചോദ്യം പോലെ പറഞ്ഞുനിര്‍ത്തി. അന്നത്തെ യോഗത്തില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ചത് അതാണ്. ചുരുങ്ങിയ കാലത്തെ അനുഭവത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യത്തിലേക്ക് തന്നെയാണ് അദ്ദേഹവും വിരല്‍ചൂണ്ടിയത്. അഗ്‌നി രക്ഷാസേനയുടെ മുന്നോട്ടുള്ള പോക്കിന് ദിശാബോധം പകര്‍ന്ന നല്ല ആശയവിനിമയം അന്നവിടെ നടന്നു എന്നെനിക്കു തോന്നുന്നു. സേനയുടെ ആധുനികവല്‍ക്കരണം, ഫ്‌ലാറ്റുകള്‍ക്കും മറ്റു നിര്‍മ്മാണങ്ങള്‍ക്കും നല്‍കേണ്ടുന്ന എന്‍.ഒ.സി എന്നീ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തു. ആധുനികവല്‍ക്കരണത്തില്‍ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കാന്‍ കഴിഞ്ഞു. വലിയ വിവാദം സൃഷ്ടിച്ചിട്ടുള്ള എന്‍.ഒ.സി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് വ്യക്തമായിരുന്നു. ''നമുക്ക് സുരക്ഷാനിയമങ്ങള്‍ പാലിക്കണം എന്നതില്‍ സംശയമില്ല. അതേസമയം എല്ലാം മാഫിയ മാഫിയ എന്നു പറഞ്ഞ് ഒരു നിര്‍മ്മാണവും സാധ്യമാകാത്ത അവസ്ഥ ഉണ്ടാകാനും പാടില്ല.'' പുതിയ ചുമതലയേറ്റ ശേഷം കാര്യങ്ങള്‍ മനസ്സിലാക്കി ഓരോ വിഷയങ്ങളിലും അഭിപ്രായ രൂപീകരണം നടത്തുന്ന ഘട്ടത്തിലെ ഈ യോഗം ഫലപ്രദമായിരുന്നു. എന്റെ ധാരണകള്‍ക്കു രാഷ്ട്രീയ പിന്‍ബലം ലഭിച്ചു എന്ന തോന്നലാണ് ആ യോഗം അവസാനിച്ചപ്പോള്‍ ഉണ്ടായത്.
എറണാകുളത്തെ വീട്ടമ്മയുടെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്സിനെ ജനങ്ങളുമായി അടുപ്പിക്കുന്ന നടപടികളെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഓരോ ഫയര്‍സ്റ്റേഷന്റെ പരിധിയിലും എന്ത് ദുരന്തം ഉണ്ടായാലും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് അവിടുത്തെ ജനങ്ങളാണ്. കേരള സമൂഹത്തിന്റെ കരുത്താണത്. പൊലീസും അഗ്‌നിരക്ഷാസേനയും അപകടമേഖലയില്‍ എത്തുന്നത് പിന്നീടാണ്. അതുകൊണ്ട് ഓരോ പ്രദേശത്തേയും ജനങ്ങളെ അവിടുത്തെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അവരെക്കൂടി രക്ഷാപ്രവര്‍ത്തനത്തില്‍ ഭാഗമാക്കുകയും ചെയ്യുന്നത് ഗുണകരമായിരിക്കും എന്നത് സുവ്യക്തമായിരുന്നു. ആ ആശയം വികസിപ്പിച്ച് ചിട്ടയോടെ വകുപ്പില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ വാളണ്ടിയര്‍ സര്‍വ്വീസ് (CRVS) ജന്മം കൊണ്ടത്. കോഴിക്കോട് ജില്ലയില്‍ മുക്കത്ത് പുതിയൊരു ഫയര്‍സ്റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കേണ്ടിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുന്നതിന് കമ്മ്യൂണിറ്റി റെസ്‌ക്യൂ വാളണ്ടിയര്‍ സര്‍വ്വീസ് (CRVS) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനംകൂടി മുഖ്യമന്ത്രി മുക്കത്ത് വച്ച് നടത്തി. അതൊരു നല്ല തുടക്കമായിരുന്നു.
അഗ്‌നിരക്ഷാസേനയിലെ ഉദ്യോഗസ്ഥര്‍ ആവേശപൂര്‍വ്വം അത് ഏറ്റെടുത്തു. പുതിയ സ്‌കീമില്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ ഉത്സാഹത്തോടെ പങ്കാളികളായി. ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി പല പ്രൊഫഷണലുകളും ഇതില്‍ സഹകരിച്ച് മുന്നോട്ടുവന്നു. 2017-ല്‍ ആരംഭിച്ച ഈ സംരംഭം 2018-ലെ പ്രളയകാലത്ത് പ്രയോജനകരമായി. ഓരോ പ്രദേശത്തേയും അപകടസാധ്യതകള്‍ കണക്കിലെടുത്താണ് വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കിയത്.
സംസ്ഥാനത്തുടനീളം രക്ഷാപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കുന്ന പരിപാടിയുടെ തുടക്കമായപ്പോള്‍ ആവശ്യാനുസരണം പരിശീലകരെ കണ്ടെത്തേണ്ടിവന്നു. ആധുനിക സുരക്ഷാ വെല്ലുവിളികളില്‍ നിരന്തരം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം. തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രെയിനിംഗ് അക്കാദമിയുടെ  പരിമിതി അവിടെ സ്റ്റാഫ് തീരെ ഇല്ല എന്നതായിരുന്നു. ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാമിനെ നേരിട്ടു കണ്ട് പുതിയ സാഹചര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. അദ്ദേഹം സഹായകമായ നിലപാട് സ്വീകരിച്ചു. അക്കാദമിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് പലതും ചെയ്തെങ്കിലും അവിടെ അനുവദിച്ച 22 പുതിയ തസ്തികകള്‍ അതില്‍ നിര്‍ണ്ണായകമായിരുന്നു. അക്കാദമിയെ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോയതിന്റെ പ്രയോജനം വളരെ വലുതായിരുന്നു. കൊവിഡിനെ തുടര്‍ന്ന് അകാല മരണമടഞ്ഞ പി. ബിജു കേരളാസ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരിക്കെ നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നതിന് അക്കാദമി പ്രയോജനപ്പെടുത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ആ സ്ഥാപനം വളര്‍ന്ന് ദേശീയ പ്രാധാന്യം നേടും എന്നാണെന്റെ പ്രതീക്ഷ. 
തുടക്കത്തില്‍ തന്നെ ആധുനിക വല്‍ക്കരണത്തിന്റെ പ്രാധാന്യം ഏറ്റവും മുന്‍ഗണന ലഭിക്കേണ്ട ഒരു വിഷയമായി എനിക്കു തോന്നി. കണ്ണും മനസ്സും തുറന്നിരിക്കുന്ന ആര്‍ക്കും തോന്നിപ്പോകും. ഉയര്‍ന്ന കെട്ടിടങ്ങള്‍, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി, നീണ്ട കടലോരവും മലനിരകളും ഉള്ള കേരളത്തിന്റെ ഭൂപ്രകൃതി എല്ലാം കണക്കിലെടുക്കുമ്പോള്‍ ദുരന്തസാദ്ധ്യതകള്‍ വലുതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആധുനിക ഉപകരണങ്ങള്‍ വാങ്ങിയേ മതിയാകൂ. കുറച്ചുകാലം സേനാമേധാവിയായിരുന്നിട്ടുള്ള വിരമിച്ച ഒരു ഡി.ജി.പിയെ ഞാന്‍ കാണാനിടയായി. അദ്ദേഹം എന്നോട് പറഞ്ഞു: ''ഹേമചന്ദ്രന്‍ പുതുതായൊന്നും വാങ്ങാന്‍ പോകേണ്ട; പര്‍ച്ചേസ് നടത്തിയാല്‍ അത് വിജിലന്‍സ് അന്വേഷണവും പുലിവാലുമൊക്കെയാകും. ഉള്ളതുകൊണ്ടൊക്കെയുള്ള രക്ഷാപ്രവര്‍ത്തനം മതി.'' ഈ ഉപദേശം ഏതാനും ദിവസം എന്നെ സ്വാധീനിച്ചു എന്നുതന്നെ പറയണം. ഞാനെന്തിന് പുലിവാല്‍ പിടിക്കണം? ഉപദേശത്തിന് പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു. 'പാവം' ഡിപ്പാര്‍ട്ട്മെന്റിലും ഉദ്യോഗസ്ഥ ചേരിപ്പോരിനു കുറവില്ലായിരുന്നു. ഒരു കൂട്ടരുടെ പ്രവര്‍ത്തനത്തില്‍ കുഴപ്പം കണ്ടുപിടിച്ച് പരാതികള്‍ അയക്കുന്നത് മറുപക്ഷത്തിന്റെ ഹോബി ആയിരുന്നു. അതായിരുന്നു വിജിലന്‍സ് അന്വേഷണങ്ങളുടെ വഴി. എങ്ങനെ പരാതിക്കിടയില്ലാതെ സുതാര്യമായി നടപടിക്രമങ്ങള്‍ പാലിച്ച് പര്‍ച്ചേസ് നടത്തും എന്നായി എന്റെ ചിന്ത.
പലരുമായും ചര്‍ച്ച ചെയ്തും മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തിലും ചില നടപടികള്‍ സ്വീകരിച്ചു. അതില്‍ നിര്‍ണ്ണായകമായത് സെക്രട്ടേറിയേറ്റിലെ ഫിനാന്‍സ് വകുപ്പില്‍നിന്ന് പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ ആവശ്യപ്പെട്ടതാണ്. പര്‍ച്ചേസിന്റെ എല്ലാ ഫയലും ആ ഉദ്യോഗസ്ഥന്റെ സൂക്ഷ്മപരിശോധന കഴിഞ്ഞു മാത്രമേ എനിക്ക് വരികയുള്ളൂ എന്ന് നിഷ്‌കര്‍ഷിച്ചു. അങ്ങനെ ചില സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ നേരായ വഴിയില്‍ ആധുനികവല്‍ക്കരണം സാദ്ധ്യമാണ് എന്നായിത്തുടങ്ങി. ഇക്കാര്യത്തില്‍ മികച്ച സംഭാവന നല്‍കിയ ആഭ്യന്തരവകുപ്പിലേത് ഉള്‍പ്പെടെയുള്ള പല മുഖങ്ങളും മനസ്സിലുണ്ട്.
അക്കാലത്ത് അഗ്‌നിസുരക്ഷാവകുപ്പ് ഏറെ വാര്‍ത്തകളില്‍ ഇടംപിടിച്ചത് ഉയര്‍ന്ന കെട്ടിടങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് നല്‍കേണ്ട വകുപ്പുതല എന്‍.ഒ.സിയുടെ കാര്യത്തിലാണ്. നാഷണല്‍ ബില്‍ഡിംഗ് കോഡ് പഞ്ചായത്ത്/മുന്‍സിപ്പല്‍ നിയമങ്ങള്‍ ഇവയൊക്കെയാണ് അതിനാധാരം. ബില്‍ഡിംഗ് കോഡും നിയമങ്ങളും ചട്ടങ്ങളും ഇടയ്ക്കിടെ മാറുന്നതും സുരക്ഷയോട് അലസമനോഭാവം പുലര്‍ത്തുന്ന സംസ്‌കാരവും എല്ലാം പ്രശ്നം സങ്കീര്‍ണ്ണമാക്കി. അതിനിടയില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും എന്തും എങ്ങനെയും സാധിച്ചെടുക്കാം എന്ന ചില ബില്‍ഡര്‍മാരുടേയും അവരുടെ കണ്‍സള്‍ട്ടന്റ്മാരുടേയും മനോഭാവവും അന്തരീക്ഷം വഷളാക്കിയിരുന്നു. സുരക്ഷാനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സിനിമാഹാളും വ്യാപാരസ്ഥാപനങ്ങളും എല്ലാമടങ്ങുന്ന ഒരു ബഹുനില കെട്ടിടം സുരക്ഷാനിയമലംഘനം ഉണ്ടായിട്ടും പ്രവര്‍ത്തിക്കുന്നതായി എറണാകുളത്തെ ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പ്പെടുത്തി. 30 മീറ്ററിലധികം ഉയരത്തിലുള്ള സിനിമാഹാളിനു സുരക്ഷാനിയമമനുസരിച്ച് അനുമതി നല്‍കാനാകില്ല. ഈ വ്യവസ്ഥ ലംഘിച്ചിട്ടുള്ള ആ മന്ദിരത്തിന് അനുമതി നല്‍കാന്‍ നേരത്തെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി കേട്ടു. അവസാനം എങ്ങനെയോ സമ്പാദിച്ച ഹൈക്കോടതി ഉത്തരവിന്റെ ബലത്തിലാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. അഗ്‌നിബാധയും അതിവര്‍ഷവും കോടതി ഉത്തരവുകളെ ബഹുമാനിക്കുകയില്ലല്ലോ. അതുകൊണ്ട് ദുരന്തസാധ്യത ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാന്‍ ജില്ലാകളക്ടര്‍ക്ക് കത്ത് നല്‍കാന്‍ ഞാന്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. അല്പം വൈകിയെങ്കിലും തല്‍ക്കാലം ആ സ്ഥാപനം അടച്ചിടേണ്ടിവന്നു.
അങ്ങനെയിരിക്കെ ഒരു മന്ത്രി എന്നെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. തികഞ്ഞ മാന്യതയോടെയാണ് അദ്ദേഹം ഇടപെട്ടത്. വിഷയം എറണാകുളത്തെ സ്ഥാപനത്തിന്റെ അനുമതിയായിരുന്നു. നിയമലംഘനം ഉണ്ടായെങ്കിലും അതിനൊരു വലിയ തുക ഫൈന്‍ അടപ്പിച്ച് ആ സ്ഥാപനം അനുവദിച്ചുകൂടെ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിനു പുറത്തുനിന്ന് സുരക്ഷാകാര്യത്തില്‍ വൈദഗ്ധ്യം ഉള്ള ഒരാള്‍ എന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തദിവസം വിദഗ്ദ്ധന്‍ വന്നു. നഗരവല്‍ക്കരണം, വികസനം തുടങ്ങി പലതും അദ്ദേഹം സംസാരിച്ചു. തുറന്നമനസ്സോടെ എല്ലാം കേട്ടുകഴിഞ്ഞ് ഞാന്‍ ഒരു കാര്യം മാത്രം ചോദിച്ചു: ''നിയമം നമുക്ക് തല്‍ക്കാലം മാറ്റിവയ്ക്കാം, ഇത്രയും ഉയരത്തില്‍ ഒരു തിയേറ്റര്‍ മുംബൈയിലോ കല്‍ക്കത്തയിലോ ഡല്‍ഹിയിലോ പ്രവര്‍ത്തിക്കുന്നുണ്ടോ?'' അതോടെ അദ്ദേഹം നിശ്ശബ്ദനായി. തല്‍ക്കാലം ആ സ്ഥാപനം അടഞ്ഞുതന്നെ കിടന്നു. അങ്ങനെ മുന്നോട്ടുപോകവേ എനിക്ക് വീണ്ടും പൊലീസിലേയ്ക്ക് മാറ്റമുണ്ടായി.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates