'കുറുക്കന്‍' അല്ലെങ്കില്‍ 'എലിയന്‍' എന്ന പേര്‍ കേള്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കേണ്ടിവന്ന മനുഷ്യരുടെ മുഖം, അനുഭവങ്ങളുടെ തീക്ഷ്ണമായ രേഖയാണ്.
കേരള ചരിത്രം, ആരുടെയെല്ലാം ചരിത്രമാണ്? രാജാക്കന്മാരുടേയും തമ്പുരാക്കന്മാരുടേയും ചരിത്രമാണത്. ചരിത്രത്തെക്കുറിച്ച് വളരെ ലളിതമായി പറയാവുന്ന ഒരു കഥാസംഗ്രഹം ഇങ്ങനെയാണ്: ആ നാട്ടുരാജാവ് ഈ നാട്ടുരാജാവുമായി യുദ്ധം ചെയ്തു, ചുങ്കം പിരിച്ചു, കച്ചവടത്തിനു വന്ന പുറം രാജ്യക്കാര്‍ ആ നാട്ടുരാജാവിനും ഈ നാട്ടുരാജാവിനുമിടയില്‍ കുത്തിത്തിരിപ്പുണ്ടാക്കി, അവരുടേതായ രാജ്യങ്ങള്‍ പണിതു.
നാട്/രാജാവ് എല്ലാ ചരിത്രത്തിലുമുണ്ട്. പക്ഷേ, 'നാട്ടുകാരെവിടെ?' ചരിത്രത്തിലെ 'നാട്ടുകാരുടെ ചരിത്ര'മെന്താണ്? സൂക്ഷ്മമായ പ്രാദേശിക ചരിത്രരചനകളുടെ പ്രകാശനങ്ങള്‍ വരുന്നതോടെയാണ്, ചരിത്രപാഠങ്ങള്‍, പരീക്ഷയുടെ മാര്‍ക്കടിസ്ഥാന പാഠഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു തലത്തിലുയരുന്നത്.
മലബാറിന്റെ ദേശചരിത്രം പറയുമ്പോഴും, അതില്‍ ഉള്‍ച്ചേരുന്ന ആശയലോകം വിവിധ 'കോയ്മകളുടേയും സ്വരൂപങ്ങളുടേ'തുമാണ്. സാമൂതിരി, ചിറക്കല്‍ കോവിലകം, അറയ്ക്കല്‍ രാജവംശം ഇങ്ങനെ 'അധികാരത്തിന്റെ കഥകള്‍' തന്നെയാണ് ചരിത്രമായി നാം വായിക്കുന്നത്. രാജ്യവും രാജാവും നായര്‍ പരിവാരങ്ങളും അവരിലൂടെ അവതരിപ്പിക്കപ്പെട്ട ചരിത്രങ്ങളില്‍ ദേശമനുഷ്യര്‍ മിക്കവാറും പുറത്താണ്. തോറ്റം പാട്ടുകള്‍, തെയ്യങ്ങള്‍ ഇതിലൂടെയൊക്കെയാണ് വേറൊരു വിധത്തില്‍ ചരിത്രം പുറത്തുനിര്‍ത്തിയ മനുഷ്യരുടെ കഥകള്‍ നാമറിയുന്നത്.
മലബാര്‍ ചരിത്രത്തിന്റെ ഇരുണ്ട ചില കാലങ്ങള്‍ വിരല്‍തൊട്ടുകൊണ്ടുതന്നെ കാണിച്ചു തരുന്നുണ്ട്, സാന്‍ നിക്കളാവോ ദേവാലയം (മാട്ടൂല്‍ നോര്‍ത്ത്) പ്രസിദ്ധീകരിച്ച 'പിടിയരി' സ്മരണിക. കൊറോണ എന്നോ കൊവിഡ് എന്നോ കേട്ടിട്ടുപോലുമില്ലാത്ത, ഒരു വന്‍ ആഗോളവ്യാധിയുടെ പിടിയില്‍ ലോകം നിശ്ശബ്ദമായി അടഞ്ഞ നാളുകള്‍ക്കും എത്രയോ മാസം മുന്‍പാണ് ഈ സ്മരണികയുടെ പ്രകാശനം. സാന്‍ നിക്കളാവോ ദേവാലയ രജതജൂബിലി സ്മരണിക പ്രകാശനം ചെയ്തതാണ് ഈ ലേഖകന്‍ മനസ്സില്‍ സൂക്ഷിക്കുന്ന അതീവ ഹൃദ്യമായ ചടങ്ങ്. അമ്മമാരും കുട്ടികളും കന്യാസ്ത്രീകളും വൈദികരുമടങ്ങുന്ന ചടങ്ങില്‍, സ്മരണികയുടെ ഡമ്മിയായിരുന്നു പ്രകാശനം ചെയ്തിരുന്നത്. ഇത്തരം രീതികള്‍ സാധാരണവുമാണ്. പിന്നീട്, പൂര്‍ണ്ണരൂപത്തില്‍ ആ സ്മരണിക കയ്യില്‍ കിട്ടിയപ്പോള്‍ ദൈവമേ, എത്രയോ മോശം കാലത്തിലൂടെയാണ് ഞങ്ങളുടെ ദേശം കടന്നുപോയത് എന്നു ഖേദത്തോടെ ചിന്തിച്ചിരുന്നു പോയി. അത്രയും വൈകാരികമായ ഭാരമുണ്ട് ഈ സ്മരണികയ്ക്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സുലോചന ടീച്ചറുമായി ('അടിയാറ് ടീച്ചര്‍' എന്ന വിളിപ്പേര് കാരണം സ്‌കൂളില്‍നിന്നു രാജിവെച്ച് കൂലിപ്പണിക്കു പോയ സുലോചന വല്യമ്മ) സംസാരിച്ച രാത്രിയിലും ബോധത്തില്‍ മുള്ളാണി അടിച്ചുകയറ്റിയ പോലെ ഒരനുഭവമുണ്ടായിട്ടുണ്ട്. 'മനുഷ്യര്‍ എത്ര മഹത്തായ പദം എന്നത് മനുഷ്യരെക്കുറിച്ചു മനുഷ്യരുണ്ടാക്കിയ മഹത്തായ ബഡായിയാണ്. നാം ഇവിടേക്ക് വന്ന ജൂതന്മാരെക്കുറിച്ചും ഡച്ചുകാരെക്കുറിച്ചും പോര്‍ച്ചുഗീസുകാരെക്കുറിച്ചും സൂഫികളെക്കുറിച്ചും ദീര്‍ഘ ദീര്‍ഘം ഉപന്യസിക്കും. നമ്മുടെ നാട്ടില്‍ ആ കാലങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ അവസ്ഥ എന്തായിരുന്നു? സംശയമില്ല, മനുഷ്യര്‍ മഹത്തായ പദമായി മാറുന്നത്, അധികാരമുള്ള മനുഷ്യരുടെ കാര്യത്തില്‍ മാത്രമാണ്.
1939 ഒക്ടോബര്‍ 22-ന് മാട്ടൂല്‍ വടക്കുഭാഗത്ത് നടന്ന സമൂഹജ്ഞാനസ്‌നാന തിരുക്കര്‍മ്മത്തില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചവരുടെ പേര് വിവരങ്ങള്‍ ഈ സുവനീറിലുണ്ട്. ഇത് ഒരു അപൂര്‍വ്വ രേഖയാണ്. ആ കാലത്തെ മനുഷ്യര്‍ അവരുടെ പേരിലൂടെ എങ്ങനെയാണ് ചരിത്രത്തെ മുറിച്ചു കടന്നത് എന്നതിന്റെ രേഖീയമായ ഒരു തെളിവാണിത്. കുറുക്കന്‍, കാക്കച്ചി, എലിയന്‍, പല്ലിച്ചി, കുറുക്കച്ചി, കുപ്പ, കാടന്‍ എന്നീ പേരുകള്‍ മനുഷ്യര്‍ക്കുണ്ടായിരുന്ന ഒരു കാലം, എന്തായാലും, എത്ര ഭൂതകാലക്കുളിരുള്ള കാലമായിരുന്നാലും മഹത്തരമാകാനിടയില്ല. മനുഷ്യരുടെ പേരുകള്‍ സ്വന്തമാക്കാന്‍ നടത്തിയ ജ്ഞാനസ്‌നാനമായിട്ടാണ് ആ കാലത്തെ കീഴാള സമൂഹത്തിന്റെ മതപരിവര്‍ത്തനത്തെ കാണേണ്ടത്. ഒരു മനുഷ്യനെ 'കുറുക്കാ' എന്നും 'എലിയന്‍' എന്നും 'പല്ലിച്ചി' എന്നുമൊക്കെ വിളിക്കുമ്പോള്‍, ചരിത്രത്തിന്റെ മാരകമായ അവഹേളനമുണ്ട്. (സുലോചന ടീച്ചറുടെ അമ്മയുടെ പേര് പ്റ്ക്കാത്തി എന്നായിരുന്നു. 'പിറ്ക്ക്' എന്നാല്‍ കൊതുക്). കൂട്ടായ്മകളില്‍ നിന്നുള്ള മാറ്റിനിര്‍ത്തല്‍ മാത്രമല്ല, 'മനുഷ്യരുടെ വാസയോഗ്യമായ വ്യവസ്ഥകളില്‍' നിന്നുള്ള പൂര്‍ണ്ണമായ ഒഴിച്ചുനിര്‍ത്തല്‍കൂടി അതിലുണ്ട്. രാഷ്ട്രീയമായി മറികടക്കാനാവുമായിരുന്നില്ല, ആ വിളിയില്‍നിന്ന്.
ജീവകാരുണ്യത്തിന്റെ, തുല്യതയുടെ ഒരാശയം കൊണ്ടുവരുന്നത് മലബാറില്‍ മിഷണറിമാരാണ്. സാമൂഹികമായ ഭ്രഷ്ടനുഭവങ്ങളേയും തിരസ്‌കാരങ്ങളേയും ജ്ഞാനസ്‌നാനത്തിലൂടെ മറികടക്കാന്‍ അന്നത്തെ കീഴാളസമൂഹത്തിനു മുന്നില്‍ തുറന്നുകിട്ടിയ ഒരു വാതില്‍ അതു മാത്രമായിരുന്നു. 'തുറക്കപ്പെട്ട വാതിലി'ലൂടെ കീഴാളസമൂഹം 'പുതിയ പേരുക'ളില്‍ ലോകത്തെ കാണാന്‍ തുടങ്ങി. അങ്ങനെ സംഭവിച്ച സമൂഹം പില്‍ക്കാലത്ത് ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമായി മുഖ്യധാരയിലേക്ക് വന്നുവോ എന്നത് വേറൊരു ചോദ്യമാണ്. ദളിത് ക്രൈസ്തവ സമൂഹം 'അധികാരം കയ്യാളുന്ന ശാക്തികസമൂഹ'മായി വളര്‍ന്നില്ല എന്നതും 'ഉയര്‍ന്ന ശ്രേണി'യിലുള്ള ക്രൈസ്തവസമൂഹത്തില്‍നിന്ന് അവരിപ്പോഴും ഏറെ മാറ്റിനിര്‍ത്തപ്പെടുന്നു എന്നതും ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍, 1930-കളിലെ മലബാര്‍ കീഴാളസമൂഹം 'മനുഷ്യരുടെ പേര്' ആത്മത്തോടൊപ്പം ചേര്‍ക്കാന്‍ നടത്തിയ ആഴമുള്ള 'വ്യക്തിഗത പോരാട്ട'മായിട്ടാണ് ആ കാലത്തെ മതപരിവര്‍ത്തനത്തിന്റെ സൂക്ഷ്മവായനയില്‍നിന്നു ബോധ്യമാകുന്നത്. ആ കാലത്തെ മിഷണറിമാര്‍, മനുഷ്യരെ 'മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങളുമായി' ചേര്‍ത്തുതന്നെ നിര്‍ത്തി. മനുഷ്യര്‍ പാര്‍ക്കുന്ന ഇടം 'പാര്‍പ്പിടം' ആ കാലത്തെ മിഷണറിമാരുടെ മുഖ്യ അജണ്ടയായി മാറുന്നത് അങ്ങനെയാവണം.
മനുഷ്യരുടെ പേരിനുവേണ്ടിയുള്ള പോരാട്ടം
പക്ഷികളുടേയും മൃഗങ്ങളുടേയും പേര് സ്വന്തം പേരായി ചാര്‍ത്തപ്പെട്ട ഹതഭാഗ്യരായ മനുഷ്യര്‍, പുറമ്പോക്ക് ജീവിതത്തില്‍നിന്ന് ഉയ്ര്‍ത്തെഴുന്നേല്‍ക്കുന്നത്, ആ കാലത്തെ മിഷണറിമാരിലൂടെയാണ്. ക്രിസ്തു വിഭാവനം ചെയ്ത 'ദു:ഖിതരേയും ഭാരം ചുമക്കുന്നവരേയും ചേര്‍ത്തു പിടിക്കുക എന്ന 'ക്രൈസ്റ്റ് സ്പിരിച്വാലിറ്റി' അതില്‍ ദര്‍ശിക്കാം. അത് മനുഷ്യഭാഗധേയത്തില്‍ പുതിയ ഓര്‍മ്മകളുടെ തുടക്കമാണ്.
1939 ഒക്ടോബര്‍ 18-ന് ജ്ഞാനസ്‌നാനം ചെയ്ത 65 പേരില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജുവാന അരിങ്ങളയനുമായി ജംസണ്‍ ജേക്കബ്ബ് നടത്തിയ ഒരു സംഭാഷണം ഈ സ്മരണികയിലുണ്ട്. വാമൊഴിയില്‍ ആത്മം ചോരാതെ അവരുടെ വാക്കുകള്‍ ജംസണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ ജീവിതത്തിന്റെ വിങ്ങിപ്പൊട്ടലുകള്‍ ഇതില്‍ വായിക്കാം. ജുവാനയുടെ വാക്കുകളില്‍ :
''മക്കളെ, അച്ചന്മാരിവിടെ വരുന്നതിനു മുന്‍പ് നമ്മളെ ആള്‍ക്കാര് മാപ്ലാരെ അടിമയാന്ന്. പെണ്ണ്ങ്ങളും ആണ്ങ്ങളും പിള്ളേരും രാവിലെ മൊതല് രാത്രി വരെ കണ്ടത്തില് പണിക്ക് പോണം. പോയില്ലെങ്കില്‍ അടികിട്ടും. നിര്‍ബ്ബന്ധായി പോയിക്കോളണം. ഇപ്പോ നമ്മള് കാണ്ന്ന ചിമ്മാനക്കളിയില്ലേ, അതില് മാപ്പിളമാര്ടെ അടിമയായി അഭിനയിച്ച് കാണിക്കൂലേ, അതേ അവസ്ഥയാണ് അന്ന്. കൊറേ കാട്ടു മന്ഷ്യര്‍. അന്ന് കാടെല്ലാം വെട്ടിത്തെളിച്ച് എന്നു തുടങ്ങുന്ന പാട്ടെന്നെ ഇണ്ടായ്ന്. കൊറേ കാട്ടുമനുഷ്യരെ നാട്ടുമനുഷ്യരാക്കി, അവര്ടെ ആത്മാവിനെ ദൈവത്തിന് നേടിക്കൊടുത്ത പുണ്യാന്ന് അച്ചന്. അല്ലാതെ കൊറേ ഭക്ഷണം കൊടുത്തതോ മരുന്ന് കൊടുത്തതോ അല്ല. അതാന്ന് അച്ചന്‍ ചെയ്ത പുണ്യം...''
1940-ലെ മലബാറിലെ കോളറക്കാലത്തെ എങ്ങനെയാണ് ഫാദര്‍ ജോണ്‍ സെക്വേര (മാട്ടൂല്‍, കടലോരത്ത് കുടില്‍കെട്ടി പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ വൈദികന്‍ ജനിച്ചത് കണ്ണൂര്‍ തയ്യിലിലാണ്. മാതാപിതാക്കള്‍ കൊങ്കിണി വംശജരായിരുന്നു. 'മാട്ടൂല്‍ മിഷന്‍' എന്ന പ്രേഷിതദൗത്യമാണ് ഫാദര്‍ ജോണ്‍ സെക്വേര നിര്‍വ്വഹിച്ചത്) നേരിട്ടത് എന്നുകൂടി ജുവാന അരിങ്ങളയന്‍ പറയുന്നുണ്ട്:
''കോളറ പിടിച്ച സമയം ഒരാള് മരിക്കുമ്പോഴേക്കും മറ്റൊരാള്‍ രോഗം കൊണ്ട് വീണിട്ട്ണ്ടാവും. രോഗം വന്നാല് മരിക്കലെന്നെ. വേറെ നിവര്‍ത്തിയില്ല. മരിച്ചയാള്‍ടെ ബോഡി എടുക്കാനും മറ്റും കൊറച്ച് പേരെ കണ്ടുപിടിച്ച് അവര്‍ക്ക് റാക്ക് വാങ്ങി നല്‍കും. കാരണം, അത്രയും ഭീകരമായ അവസ്ഥയാണ്. ഒരു ധൈര്യം കിട്ടാന്‍ വേണ്ടീറ്റാന്ന് തോന്നും, അച്ചനവര്‍ക്ക് റാക്ക് വാങ്ങി കൊടുത്തത്. അതിനുശേഷം, ഒരു കോളറ കൂടി വന്നിന്. അപ്പോഴേക്കും അച്ചന്‍ അത്ന്ള്ള ഇംഗ്ലീഷ് മരുന്ന് കൊണ്ടന്ന്. ഞങ്ങളെല്ലാം ആദ്യായിറ്റാന്ന് ഇംഗ്ലീഷ് മരുന്ന് കാണ്ന്നത്.''
കോളറ കണ്ട കണ്ണുകള്‍ ഇപ്പോള്‍ മറ്റൊരു മഹാമാരി കാണുന്നു. വാക്‌സിനുവേണ്ടി മനുഷ്യര്‍ ക്യൂ നില്‍ക്കുന്നു. (ഈ കോളത്തില്‍ വ്യക്തിപരമായ ഓര്‍മ്മകള്‍ കൊണ്ടുവരാതിരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഈ ഒരു ഓര്‍മ്മ പറയാതിരിക്കാനാവില്ല. കോളറ പടര്‍ന്ന കാലം. മരണപ്പേടിയില്‍ ഓരോ വീടും അരക്ഷിതമായ ദിനങ്ങള്‍ക്കിടയില്‍, ഒരു ദിവസം രാത്രിയായപ്പോള്‍ ഞങ്ങളുടെ തറവാട്ടില്‍ ആരോ വാതിലില്‍ മുട്ടുന്നു. ധൈര്യമുള്ള ഒരേയൊരു സ്ത്രീയായ ഉമ്മാമ പേടിയോടെയാണെങ്കിലും വാതില്‍ തുറന്നു. കയ്യില്‍ ഒരു ചിമ്മിനി വിളക്ക് തൂക്കിപ്പിടിച്ച് വാതിലില്‍ മുട്ടിയ ആ മനുഷ്യന്‍ ഫാദര്‍ കൈറോണിയായിരുന്നു. രോഗിയുണ്ടെങ്കില്‍ സാന്ത്വനിപ്പിക്കാന്‍ വന്നതായിരുന്നു, ആ മഹാ വൈദികന്‍).
ഓര്‍മ്മകളില്‍ പൊള്ളുന്ന അനുഭവങ്ങള്‍ അതേ കാലത്ത് ജീവിച്ച ആഗ്നസ് തല്ലരിയനും പറയുന്നുണ്ട്:
''ഉടുപ്പ് ഉടുക്കുന്നയ്നും ഇണ്ട് ചെല നെയമം! എലാച്ചിയോ കറുപ്പോ മാത്രേ നമുക്കുടുത്തൂടൂ. വെള്ള കോറ മുണ്ട് ഉടുക്കാന്‍ പറ്റില്ല. ബ്ലൗസോ കുപ്പായോ പെണ്ണ്ങ്ങളായാലും ഉടുത്തൂടാ. മുന്‍പ് ഒര് സംഭവം ഇണ്ടായിന്. ജോണ്‍ മാഷെ അമ്മയും ഞാനും മാടായി പാറക്ക് പൂരം കാണാന്‍ പോയി. ജോണ്‍ മാഷെ അമ്മയെന്താക്കി? പൂരത്തിനു പോകന്നല്ലെ. എലാച്ചിന്റെ അടിയിലായി വെള്ള കോറമുണ്ട് ഉടുത്തിട്ടാണ് പോയത്. പൂരപ്പറമ്പ് എത്തുമ്പോ വെള്ളമുണ്ട് ഉടുക്കാലോ? പോക്ന്ന വഴിക്ക് ഒരു ചെറിയ വെള്ളക്കെട്ട്ണ്ട്. ഉടുത്ത മുണ്ട് വെള്ളം നനയാതിരിക്കാന്‍ കൊറച്ച് പൊക്കിയപ്പോ വെള്ള മുണ്ടുടുത്തത് മൊതലാളിമാരെ പിള്ളേര് കണ്ട്. പിന്നെ നമ്മള് ഇട്ടിര്ന്ന വെള്ളമുണ്ട് അഴിച്ചു മാറ്റീറ്റാന്ന് പൂരം കാണാന്‍ വിട്ടത്. നമ്മളെ കൂട്ടര് ധരിക്ക്ന്ന വെള്ളമുണ്ട് ഇവളെങ്ങനെയാണ് ഉടുക്കുന്നത് എന്ന് ഒച്ചയെടുത്ത്റ്റാന്ന് മൊതലാളി പിള്ളേര് പോയത്...''
(ഇതേ ഓര്‍മ്മകള്‍ സുലോചന ടീച്ചറും പറയുന്നുണ്ട്. സുലോചന ടീച്ചറുടെ വാക്കുകളില്‍: സ്ത്രീകള് ബ്ലൗസിനു പകരം കൂര്‍ക്ക (തോര്‍ത്തുമുണ്ട് വലിച്ചു കെട്ടുന്ന രീതി) കെട്ടി മാറ് മറക്കും. അതും വെച്ചേക്കില്ല!)
ഓര്‍മ്മകളുടെ ഒരു ചരിത്രരേഖയാണ് 'പിടിയരി' എന്ന സുവനീര്‍. ഒരു കീഴാളസമൂഹം ദൈനംദിന ജീവിതത്തില്‍നിന്നു 'പിടിയരി' മാറ്റിവെച്ചുകൊണ്ട് പള്ളിപണിത് 'മനുഷ്യ ജീവിതത്തിന്റെ അന്തസ്സിനു' വേണ്ടി നടത്തിയ വിശ്വാസജീവിതത്തിന്റെ പോരാട്ടങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും 1930-കളിലെ മലബാറിലെ അടിത്തട്ടനുഭവങ്ങളെക്കുറിച്ച് സൂക്ഷ്മമായ അടയാളങ്ങള്‍ ഇതിലുണ്ട്. 'ഭൂതകാലത്തുണ്ടായിരുന്നു' എന്നു പറയുന്ന മാപ്പിള/കീഴാള സൗഹൃദം ഇവരുടെ വാക്കുകളില്‍ അത്ര പ്രതിഫലിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാട്ടൂല്‍ മുസ്ലിം ഭൂരിപക്ഷ ദേശമായതിനാല്‍ അധികാരം കയ്യാളുന്ന സമുദായമെന്ന നിലയില്‍ മുസ്ലിങ്ങളില്‍നിന്ന് അവര്‍ക്കു നല്ല അനുഭവമല്ല ഉണ്ടായിരുന്നത് എന്നുവേണം, ഇവരുടെ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പറയേണ്ടിവരിക.
ദളിത്/ക്രൈസ്തവ ചരിത്രത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്ന ഒരു റഫറന്‍സ് കൃതിയുടെ മൂല്യമുണ്ട് ഈ സ്മരണികയ്ക്ക്. ഇതു രൂപപ്പെടുത്തിയ ജയ്സണ്‍ മാട്ടൂലും ജംസണ്‍ ജേക്കബും സമുദായത്തെക്കുറിച്ചുള്ള ഉജ്ജ്വലമായ ഒരു സാംസ്‌കാരിക പഠനമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ഇതിന്റെ സമര്‍പ്പണവരികള്‍ ഈ കാലത്ത് വായിക്കുമ്പോള്‍ ഏറെ മുഴക്കമുണ്ട്:
''പട്ടിണിയിലും പകര്‍ച്ചവ്യാധിയിലും പകച്ചുപോയ ജീവിതങ്ങള്‍ക്ക് പ്രതീക്ഷകളുടെ പ്രകാശമായി വന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ മിഷണറിമാര്‍ക്ക്.''
ദളിത് ക്രൈസ്തവ സമൂഹം മുഖ്യധാരാ സമൂഹമായി മാറിയോ, നിശ്ചലസമൂഹമായി തുടരുകയാണോ എന്ന ചോദ്യം, അശുഭാപ്തി നിറഞ്ഞതാണെങ്കില്‍, എന്നോട് ക്ഷമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates