തന്റെ കാവ്യജീവിതം ഏകദേശം നാലു പതിറ്റാണ്ട് പിന്നിട്ട വേളയിലാണ് വൈലോപ്പിള്ളി 'അന്തി ചായുന്നു' എന്ന കവിത എഴുതുന്നത്. 1971 ഡിസംബറില്‍. വൈലോപ്പിള്ളിയുടെ കാവ്യസംസ്‌കാരത്തിന്റെ പ്രഖ്യാതമായ അടയാളങ്ങള്‍ക്കു കുറുകെ നീങ്ങുന്ന ഭാവനാസഞ്ചാരം നമുക്കാ കവിതയില്‍ കാണാനാകും.
''പച്ചകളിരുട്ടിനാല്‍ ചര്‍ച്ചിതമാകും നേരം
പക്ഷികള്‍ ചേക്കേറുമാ സവിഷാദമാം രംഗം
കറപ്പിന്‍ തെളിപോലെന്‍ ചേതന പണ്ടേ മോന്തി-
യിരുപ്പൂ, പുലരാത്തോരല്ലില്‍ ഞാനലഞ്ഞെങ്കില്‍''
ഒറ്റയൊറ്റയായ ജീവിതദുഃഖങ്ങള്‍ക്കുമേല്‍ ഉയര്‍ന്നു പാറുന്ന ജീവിതോത്സാഹത്തിന്റെ ഗായകനായാണ് വൈലോപ്പിള്ളി പൊതുവെ മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. വിജിഗീഷുവായ മൃത്യുവിന് താഴ്ത്തിക്കെട്ടാനാകാത്ത ജീവിതത്തിന്റെ കൊടിപ്പടം വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തിന്റെ അടയാളവാക്കായി എപ്പോഴുമുണ്ടായിരുന്നു താനും. 'കണ്ണീര്‍പ്പാട'ത്തിലെ പര്യവസാനത്തിലും ഒരു ചരിത്രഘട്ടത്തിന്റെ വൈരുദ്ധ്യങ്ങളെ അത്രയും അഗാധമായി സംഗ്രഹിച്ച കുടിയൊഴിക്കലിന്റെ അവസാന ഖണ്ഡത്തിലും ജീവിതത്തോടുള്ള പ്രത്യാശാഭരിതമായ നോട്ടം വൈലോപ്പിള്ളിയിലുണ്ടായിരുന്നു. 'സ്നേഹസുന്ദരപാതയിലൂടെ വേഗമാകട്ടെ, വേഗമാകട്ടെ' എന്ന് തന്നെ ചവുട്ടിയരച്ചു കടന്നുപോകുന്ന പുതിയ
കാലത്തോടു പറയാന്‍ പോന്ന ജീവിതസ്നേഹം ആ കവിതകള്‍ വച്ചുപുലര്‍ത്തിയിരുന്നു. ചേറ്റുപുഴയിലെ ബസപകടത്തില്‍ നിരവധി പേര്‍ മുങ്ങിമരിച്ച ദാരുണ സംഭവത്തെക്കുറിച്ചെഴുതിയപ്പോള്‍ പോലും നിത്യമധുരമായ ജീവിതപ്രവാഹത്തേയോ അതിന്റെ മഹിമയേയോ നിരസിക്കാന്‍ വൈലോപ്പിള്ളി തുനിഞ്ഞിരുന്നില്ല. ''ജീര്‍ണ്ണത ചേറ്റില്‍ താഴുന്നു പുഴ/ പൂര്‍ണ്ണതതേടിപ്പായുന്നൂ'' എന്ന് അതിദാരുണമായ ഒരു മരണമുഖത്തെപ്പോലും ജീവിതോത്സാഹത്തിന്റെ കളിക്കളമാക്കി മാറ്റുന്ന ഒരു നോട്ടം വൈലോപ്പിള്ളിയില്‍ കാണാനാവും. എത്രമേല്‍ ദുഃഖനിര്‍ഭരമായ ജീവിതസ്ഥാനങ്ങളിലും വിഷാദരഹിതമായി നിലയുറപ്പിക്കാന്‍ പോന്ന വിധത്തില്‍ ജീവിതോത്സാഹം ഒരു ഭാവബദ്ധതയായി വൈലോപ്പിള്ളിക്കവിതയെ വലയം ചെയ്തിട്ടുണ്ട് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. അവിടെനിന്നാണ് പ്രാപഞ്ചികമായ വിഷാദത്തില്‍ അലിഞ്ഞുചേരാന്‍ കൊതിക്കുന്ന അസാധാരണമായ വരികളിലേക്ക് വൈലോപ്പിള്ളി എത്തുന്നത്. 'സന്ധ്യകള്‍ വിഷാദങ്ങളാകുന്നു' എന്ന് ഖസാക്കിനേയോ 'ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല' എന്ന് ആര്‍. രാമചന്ദ്രനെയോ ഓര്‍മ്മിപ്പിക്കുന്ന നിലയില്‍ ഗഹനമായ വിഷാദത്തിന്റെ തിരയടികള്‍ ആ കവിതയില്‍ നമുക്ക് വായിക്കാനാവും.
''അന്തി ചായുന്നൂ, നഗരത്തിലെ നടക്കാവി-
ന്നന്തികം കാക്കും മാവുകളുടെ കൊമ്പില്‍
താഴുന്നു, ചേക്കേറുന്നൂ കാക്കകള്‍, ഇലപ്പച്ച
തോയുന്നോരിരുട്ടിങ്കലിരുട്ടിന്‍ നുറുങ്ങുകള്‍''
എന്നിങ്ങനെ അസ്തമയത്തിന്റെ മഞ്ഞവെളിച്ചത്തെ പ്രപഞ്ചവ്യാപ്തിയുള്ള നിത്യവിഷാദത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് ആ കവിത തുടങ്ങുന്നത്. പിന്നാലെ 'പുലരാത്തോരല്ലില്‍ഞാനലിഞ്ഞെങ്കില്‍'' എന്ന് ആ നിത്യവിഷാദത്തില്‍ ആണ്ടുമുഴുകാനുള്ള വൈയക്തികമായ ഒരാഗ്രഹചിന്തയിലേക്ക് അതു ചായുകയും ചെയ്യുന്നു.
'അന്തി ചായുന്നു' എന്ന കവിതയിലൂടെ കടന്നുപോകുമ്പോള്‍ ജീവിതോത്സാഹത്തിന്റെ ഗായകനെന്ന് വാഴ്ത്തപ്പെട്ട ഒരാള്‍ ഇങ്ങനെ ഒരു കല്പനയില്‍ ചെന്നെത്തിയതെന്തേ എന്ന് നല്ല വായനക്കാര്‍ ആലോചിക്കാതിരിക്കില്ല. 1971-ല്‍ ആ കവിതയെഴുതുമ്പോള്‍ വൈലോപ്പിള്ളിക്ക് 60 വയസ്സ് തികഞ്ഞിരുന്നു. അതുകൊണ്ട്, പാകം വന്ന ജീവിതം പകര്‍ന്നുനല്‍കിയതെന്ന് ആ വിഷാദച്ഛായയെ വിലയിരുത്താന്‍ ഒരാള്‍ക്ക് തോന്നിക്കൂടായ്കകയില്ല.
'അന്തി ചായുന്നു' എന്ന കവിതയിലൂടെ കടന്നുപോകുമ്പോള്‍ ജീവിതോത്സാഹത്തിന്റെ ഗായകനെന്ന് വാഴ്ത്തപ്പെട്ട ഒരാള്‍ ഇങ്ങനെ ഒരു കല്പനയില്‍ ചെന്നെത്തിയതെന്തേ എന്ന് നല്ല വായനക്കാര്‍ ആലോചിക്കാതിരിക്കില്ല. 1971-ല്‍ ആ കവിതയെഴുതുമ്പോള്‍ വൈലോപ്പിള്ളിക്ക് 60 വയസ്സ് തികഞ്ഞിരുന്നു. അതുകൊണ്ട്, പാകം വന്ന ജീവിതം പകര്‍ന്നുനല്‍കിയതെന്ന് ആ വിഷാദച്ഛായയെ വിലയിരുത്താന്‍ ഒരാള്‍ക്ക് തോന്നിക്കൂടായ്കകയില്ല. എന്നാല്‍, ജീവിതസായാഹ്നത്തിലെ കേവലദുഃഖത്തിനപ്പുറം പോകുന്ന പലതും വിഷാദത്തിന്റെ ആ തിരയടിക്കു പിന്നിലുണ്ടെന്ന് വൈലോപ്പിള്ളിക്കവിതയെ ആകമാനം നോക്കിയാല്‍ കാണാനാവും. വൈലോപ്പിള്ളിക്കുമേല്‍ പ്രശംസാവചനങ്ങളായി ചൊരിയപ്പെട്ട 'ശാസ്ത്രബോധത്തിന്റെ കവി', പുരോഗമനബോധത്തിന്റെ കവി തുടങ്ങിയ തീര്‍ത്തും ഉപരിപ്ലവങ്ങളായ അടയാളമുദ്രകള്‍ അദ്ദേഹത്തിന്റെ കാവ്യസംസ്‌കാരത്തെ പ്രകാശിപ്പിക്കാന്‍ എത്രയോ അപര്യാപ്തമാണെന്നും അതു നമ്മോടു പറയാതിരിക്കില്ല. 'സാഹിതീയത' എന്ന ആശയത്തിന് നമ്മുടെ കാലത്തെ വലിയ സാഹിത്യചിന്തകരിലൊരാളായ റാന്‍സിയേ നല്‍കിയ വിശദീകരണം ഇവിടെ സംഗതമാണെന്ന് തോന്നുന്നു. ജീവിക്കുന്ന വൈരുധ്യാത്മകത (Living Dialetic) എന്നൊരു വിവരണം റാന്‍സിയേ 'സാഹിതീയത'യ്ക്ക് നല്‍കുന്നുണ്ട്. ആ വിവരണത്തിലെ രണ്ടു ഘടകങ്ങളും സവിശേഷം ശ്രദ്ധിക്കേണ്ടവയാണ്. സജീവതയും വൈരുദ്ധ്യാത്മകതയും. അമൂര്‍ത്തമായ ആശയങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമപ്പുറം സജീവമായ അനുഭവമൂല്യമായല്ലാതെ സാഹിത്യത്തെ മനസ്സിലാക്കാനാവില്ല. ഈ സജീവത സാഹിതീയത കൈവരിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ വൈരുദ്ധ്യാത്മക പ്രകൃതിയില്‍ വേരാഴ്ത്തി നിന്നാണ്. യാഥാര്‍ത്ഥ്യത്തിന്റെ ഏതു പ്രതലവും തമ്മില്‍ത്തമ്മില്‍ ഇണങ്ങുകയും ഇടയുകയും ചെയ്യുന്ന നാനാതരം പ്രഭാവങ്ങളാല്‍ പൂരിതമാണ്. ചരിത്രപരമായ ഈ പ്രഭാവങ്ങളില്‍ വേരാഴ്ത്തി നില്‍ക്കുക വഴിയാണ് ഒരു കലാവസ്തു സ്വജീവിതമാര്‍ജ്ജിക്കുന്നത്. സാമൂഹ്യശാസ്ത്രപരവും സൈദ്ധാന്തികവും മറ്റുമായ ജ്ഞാനരൂപങ്ങളില്‍നിന്ന് സാഹിത്യവും അതിന്റെ ജ്ഞാനമണ്ഡലവും വ്യതിരിക്തമാവുന്നത് വിരുദ്ധബലങ്ങളെ അഭിസംബോധന ചെയ്യാനും പ്രമേയപരവും രൂപപരവും അനുഭൂതിപരവുമായ തലങ്ങളില്‍ അതിനെ സ്വാംശീകരിക്കാനുള്ള കെല്പുകൊണ്ടാണ്. സൈദ്ധാന്തിക ജ്ഞാനരൂപങ്ങള്‍ സങ്കല്പനപരവും അമൂര്‍ത്തവുമായി യാഥാര്‍ത്ഥ്യത്തെ ആവിഷ്‌കരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ സാഹിത്യം/കല അനുഭവപരവും വൈരുദ്ധ്യാത്മകവുമായി യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നു. വാസ്തവത്തില്‍, കലയേയും സാഹിത്യത്തേയും അതാക്കി മാറ്റുന്നതുതന്നെ ഈ അഭിമുഖീകരണമാണെന്നു പറയാം. കല/സാഹിത്യം തല്‍ക്കാലത്തിലും പില്‍ക്കാലത്തിലും ജീവിക്കുന്നത് യാഥാര്‍ത്ഥ്യത്തിന്റെ വൈരുദ്ധ്യാത്മക പ്രകൃതിയെ അഭിസംബോധന ചെയ്യുന്നതുവഴിയാണ്. സമകാലത്തിന്റെ വെളിച്ചത്തെയെന്നപേലെ, അതിലെ ഇരുട്ടിനേയും കല/സാഹിത്യം അഭിസംബോധന ചെയ്യുന്നു. 'അവകള്‍ കിനാവുകളെന്നാം ശാസ്ത്രം/ കളവുകളെന്നാം ലോകചരിത്രം/ അവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ/ ഹൃദയനിമന്ത്രിത സുന്ദരസ്വപ്നം' എന്ന് വൈലോപ്പിള്ളി കവിതയുടെ അനന്യമായ സത്യഭാഷണശേഷിയെ ആവിഷ്‌കരിക്കുന്നതില്‍ അതിന്റെ വൈരുദ്ധ്യാത്മമാനത്തിനും വലിയ പങ്കുണ്ട്.
വൈരുദ്ധ്യങ്ങളെ അഭിമുഖീകരിച്ച കവി
തന്റെ കാലത്തെ രൂപപ്പെടുത്തിയ വൈരുദ്ധ്യങ്ങളെ ഭയക്കാതിരിക്കുകയും കവിതയിലൂടെ അതിനെ അഭിമുഖീകരിക്കുകയും ചെയ്ത കവിയായിരുന്നു വൈലോപ്പിള്ളി. ആധുനികരായ മലയാള കവികളില്‍ കുമാരനാശാനെക്കുറിച്ചു മാത്രമേ ഇങ്ങനെ പറയാനാകുകയുള്ളൂ. അദ്ധ്യാത്മ ഭാവനമുതല്‍ അനുരാഗകല്പനകള്‍ വരെയും ജാതിനശീകരണം മുതല്‍ റൊമാന്റിക് വ്യക്തിസ്വത്വത്തിന്റെ അനുഭവലോകങ്ങള്‍ വരെയും ആശാന്‍ കവിതയിലെ ഊടും പാവുമായി നിലകൊണ്ടു. അവ തമ്മിലെ ഇണക്കങ്ങളെന്നപോലെ അവയ്ക്കിടയിലെ വൈരുദ്ധ്യങ്ങളും ആശാന്റെ കവിതയുടെ അടിപ്പടവുകളായി മാറി. ആധുനിക കേരളത്തിന്റെ അനുഭവഘടനയിലെ വൈരുദ്ധ്യങ്ങളിലായിരുന്നു ആശാന്റെ കവിതയുടെ വേരുകള്‍. സമാനമായ നിലയില്‍ നവോത്ഥാന കേരളത്തിന്റെ അനുഭവലോകവും അതിലെ ആന്തരികവൈരുദ്ധ്യങ്ങളും വൈലോപ്പിള്ളിക്കവിതയുടെ ആധാരശ്രുതിയായി മാറി. നവോത്ഥാനഭാവന ജന്മം നല്‍കിയ പ്രസാദാത്മകതയേയും ജീവിതോത്സാഹത്തേയും തന്റെ കവിതയുടെ ആധാരശ്രുതിയില്‍ ഉള്‍ച്ചേര്‍ത്ത അത്രതന്നെയളവില്‍ അതിനുള്ളിലെ ഇരുട്ടിനേയും വൈലോപ്പിള്ളിക്കവിത ഏറ്റെടുത്തിട്ടുണ്ട്. ഈ ഭാവവിശേഷം ചരിത്രപരമായ ഒരു അനുഭവഘടനയുടെ രണ്ടറ്റങ്ങളിലേക്കും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാളായി അദ്ദേഹത്തെ മാറ്റിത്തീര്‍ത്തു. വൈലോപ്പിള്ളിക്കവിതയുടെ സ്വരഗതിയെ നിര്‍ണ്ണയിക്കുന്ന ഗാഢമായ ഭാവബദ്ധതയായി നിലകൊണ്ടതും മറ്റൊന്നല്ല.
കന്നിക്കൊയ്ത്തിന് അവതാരികയെഴുതിയ കുട്ടിക്കൃഷ്ണമാരാര്‍ക്ക് കുടിയൊഴിക്കല്‍ അതേ അളവില്‍ സ്വീകാര്യമായിരുന്നില്ല എന്ന കാര്യത്തിന് ഇവിടെ സാംഗത്യമുണ്ടന്നു തോന്നുന്നു. വൈലോപ്പിള്ളിയുടെ കവിത്വസിദ്ധിയിലോ കുടിയൊഴിക്കലിന് അവതാരികയെഴുതിയ എന്‍.വിയുടെ കാവ്യാസ്വാദനശേഷിയിലോ തനിക്കു സംശയമില്ലെങ്കിലും കുടിയൊഴിക്കല്‍ തന്നെ സ്പര്‍ശിക്കാതെ പോയി എന്ന് മാരാര്‍ രേഖപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് മാരാരെപ്പോലൊരാള്‍ക്ക് അങ്ങനെ അനുഭവപ്പെട്ടതെന്ന ചോദ്യം വൈലോപ്പിള്ളിക്കവിത വേരാഴ്ത്തിനില്‍ക്കുന്ന ചരിത്രപരമായ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് നമ്മെ കൊണ്ടുപോകാന്‍ പര്യാപ്തമാണ്. 'തുടുവെള്ളാമ്പല്‍ പൊയ്കയല്ല, ജീവിതത്തിന്‍/കടലേ ഞങ്ങള്‍ തന്‍ കവിതയ്ക്കു മഷിപ്പാത്രം' എന്നെഴുതിയ, കാല്പനികതയുടെ കേവലഭംഗിയോടു വിടപറയുകയും ജീവിതത്തിന്റെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന ഒരു കവിയെയാണ് കന്നിക്കൊയ്ത്തില്‍ നാം കാണുന്നത്. ഒറ്റയൊറ്റയായ ദുഃഖങ്ങള്‍ക്കപ്പുറത്തുള്ള ഏകജീവിതാനശ്വരതയുടെ ഗായകനായാണ് വൈലോപ്പിള്ളി അവിടെ സ്വയം നിലയുറപ്പിച്ചതും. ഒരര്‍ത്ഥത്തില്‍ അത് ചങ്ങമ്പുഴയോടും കേവലദുഃഖങ്ങളോടുമുള്ള വൈലോപ്പിള്ളിയുടെ പ്രതികരണമാണെന്ന് പ്രൊഫ. എം.എന്‍. വിജയന്‍ സൂചിപ്പിക്കുന്നുണ്ട്. 'ഇവിടെ ജീവിപ്പാനിവിടെയാശിപ്പാന്‍/ഇവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം' എന്നെഴുതിക്കൊണ്ട് കാല്പനികമായ കേവലദുഃഖങ്ങള്‍ക്കപ്പുറമുള്ള ജീവിതത്തിന്റെ ഗതിഭേദങ്ങളെ വൈലോപ്പിള്ളി തന്റെ കവിതയുടെ ആധാരശ്രുതിയാക്കുന്നതിന് കന്നിക്കൊയ്ത്ത് എന്ന സമാഹാരത്തില്‍ എത്രയെങ്കിലും തെളിവുകളുണ്ടായിരുന്നു. 'ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിതപലഹാരം' എന്നെഴുതിയ ഇടശ്ശേരിയുടെ ജീവിതദര്‍ശനത്തോടുള്ള സാഹോദര്യം ആ കവിതകളില്‍ പ്രകടവുമായിരുന്നു. ഗാഢമായ ധര്‍മ്മബോധത്തേയും ജീവിതത്തെ നീതിനിഷ്ഠമാക്കാന്‍ പോന്ന സൗന്ദര്യാത്മക മൂല്യങ്ങളേയും സാഹിത്യത്തിന്റെ മൗലിക ലക്ഷ്യമായി കരുതിയ മാരാര്‍ക്ക് പ്രിയങ്കരമാകാന്‍ പോന്നതായിരുന്നു കന്നിക്കൊയ്ത്തിലെ ഭാവുകത്വം.
എന്നാല്‍, കുടിയൊഴിക്കല്‍ മറ്റൊരു കഥയാണ് പറഞ്ഞത്. കന്നിക്കൊയ്ത്തും കുടിയൊഴിക്കലും തമ്മില്‍ കേവലം അഞ്ചുവര്‍ഷത്തിന്റെ അകലമേയുള്ളൂ എന്ന കാര്യം നാം വേണ്ടത്ര ശ്രദ്ധിക്കണമെന്നില്ല. കന്നിക്കൊയ്ത്ത് 1947-ലും കുടിയൊഴിക്കല്‍ 1952-ലും (കന്നിക്കൊയ്ത്തിലെ പല കവിതകള്‍ക്കും കുറച്ചുകൂടി പ്രായമുണ്ടാകുമെങ്കിലും.) ചേര്‍ത്തുവയ്ക്കാനാവാത്തവിധം അകലങ്ങളിലാണ് ആ കൃതികളുടെ ഭാവുകത്വപരിസരം നിലകൊള്ളുന്നത്. 'ആരാണുവീറോടെ പോരാടുമീരണ്ടു/പോരാളിമാര്‍കളെ പാടിപ്പുകഴ്ത്താന്‍' എന്ന് മനുഷ്യമഹിമയുടെ ഉദ്ഗാതാവായി നിലകൊണ്ട കന്നിക്കൊയ്ത്തിലെ കവിയില്‍നിന്നും 'ചെറ്റയാം വിടന്‍ ഞാനിനിമേല്‍/ കഷ്ടമെങ്ങിനെ കണ്ണാടി നോക്കും?' എന്ന പൊള്ളിക്കുന്ന ആത്മവിമര്‍ശനത്തിലേക്ക് അത്രയേറെ ദൂരമുണ്ടായിരുന്നു. നവോത്ഥാന മാനവികതയുടെ വെള്ളിവെളിച്ചത്തില്‍ നിലയുറപ്പിച്ചുകൊണ്ടെഴുതിയ കവിതകളായിരുന്നു ആദ്യത്തേതെങ്കില്‍, അതിലെ ഇരുട്ടിനേയും പിളര്‍പ്പുകളേയും അത്രമേല്‍ ആഴത്തില്‍ അഭിമുഖീകരിച്ച കവിതയായിരുന്നു കുടിയൊഴിക്കല്‍. ഗഹനമായൊരു ചരിത്രകാലഘട്ടത്തിന്റെ രണ്ടറ്റങ്ങളായിരുന്നു അത്. വൈലോപ്പിള്ളി രണ്ടിടത്തും ഒരുപോലെ വേരാഴ്ത്തിനിന്നു. ആ നില്‍പ്പിലെ വൈരുദ്ധ്യങ്ങളെ അദ്ദേഹം ഭയപ്പെട്ടതേയില്ല. നവോത്ഥാന മാനവികതയിലെ ഉജ്ജ്വല പ്രകാശത്തെയെന്നപോലെ അതിനുള്ളിലെ ഇരുട്ടിനേയും വൈലോപ്പിള്ളി കണ്ടു. രണ്ടിന്റെയും നായകസ്ഥാനം കയ്യാളിയ മധ്യവര്‍ഗ്ഗ മാനുഷികതയുടെ സന്ദിഗ്ദ്ധതകളേയും പിളര്‍പ്പുകളേയും രേഖപ്പെടുത്തി. 'സ്വന്തവാലിനാല്‍ കുത്തിച്ചാകുന്ന' തേളായി മാറി. 'ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കും/ഇപ്പുരയ്ക്കിടിവെട്ടു കൊള്ളട്ടെ' എന്ന് തന്റെ തന്നെ പാരമ്പര്യത്തെ നിര്‍ദ്ദയം വിചാരണ ചെയ്തു. രൂപപരമായി പരസ്പരവിരുദ്ധമായിരുന്നിട്ടും ഒരു ചരിത്രഘട്ടത്തിന്റെ അനുഭൂതിഘടനയില്‍ ഒരുമിച്ചു പാര്‍ത്ത ഭാവഗീതത്തേയും നോവലിനേയും പോലെ, വൈലോപ്പിള്ളിക്കവിതയിലും ഒരു ചരിത്രഘട്ടത്തിന്റെ ആകെത്തുകയുണ്ടായിരുന്നു. അക്കാലത്തിന്റെ ആദര്‍ശബോധവും അതിലെ വഞ്ചനയുമുണ്ടായിരുന്നു. അടിയുറച്ച ധാര്‍മ്മികതയുടെ ആവിഷ്‌കാര സ്വരൂപമായിരിക്കാന്‍ ഒരുനിലയ്ക്കും സന്നദ്ധമല്ലാത്ത വിധത്തില്‍, അടിയിളകിയ കാലത്തിന്റെ മുദ്രകളെ കുടിയൊഴിക്കല്‍ അകമേ ഏറ്റുവാങ്ങിയിരുന്നു. മാരാരുടെ സുനിശ്ചിത ബോധ്യങ്ങള്‍ക്ക് ആ ഗാഢവൈരുദ്ധ്യത്തെ ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല.
മിന്നലിലെഴുതിയ പന്തങ്ങള്‍
'അറിവിന്റെ നിഴലുകള്‍ പ്രസന്നപ്രകാശങ്ങളെ വെട്ടിത്തിരുത്തി' എന്ന് വൈലോപ്പിള്ളി തന്റെ ആത്മകഥാപരമായ കുറിപ്പുകളില്‍ ഒരിടത്ത് എഴുതുന്നുണ്ട്. 'പന്തങ്ങള്‍' എഴുതിയ കവിതന്നെയാണ് ഈ വരികളും എഴുതുന്നത്. 'മര്‍ത്ത്യചരിത്രം മിന്നലിലെഴുതീ/യിത്തുടുനാരാചാന്തങ്ങള്‍' എന്ന് അറിവിന്റെ വെളിച്ചം 'പന്തങ്ങളി'ല്‍ വാഴ്ത്തപ്പെട്ടിരുന്നു. 'ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍' എന്ന് അത് പുതിയ തലമുറയോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. അത്തരം പ്രസന്നപ്രകാശങ്ങളെ 'അറിവിന്റെ നിഴലുകള്‍' വെട്ടിത്തിരുത്തുന്നതാണ് കാവ്യലോകസ്മരണകളില്‍ നാം വായിക്കുന്നത്. കുടിയൊഴിക്കലിലെ അലാതസംഘത്തിലും ഈ വൈരുദ്ധ്യത്തിന് ഒരു തുടര്‍ച്ച കാണാനാവും. ലോകത്തെ തിരുത്താന്‍ പോന്ന പ്രകാശവുമായി ഒരു വിപ്ലവസംഘം വരുന്നത് നമുക്കവിടെ കാണാം. പന്തങ്ങള്‍ പേറിയ പല പല കയ്യുകള്‍! എങ്കിലും കവി അതുകണ്ട് സംഭീതനാകുന്നു. മര്‍ത്യചരിത്രം മിന്നലിലെഴുതിയ പന്തങ്ങള്‍ ഇവിടെയുമുണ്ട്. പക്ഷേ, അതിന്റെ പ്രകൃതം വേറെയാണ്.
''എന്തുകാറല്ല മിന്നലല്ലേതോ
പന്തമാളും പടയണിഘോഷം
കൂകിയാര്‍പ്പിട്ടു കൂളികൂളന്മാര്‍
കൂരിരുട്ടിന്റെ കാടിളക്കുന്നു.
ഉണ്ടു നീ തൊഴിലാളി, കള്ളിന്‍
തൊണ്ടുമായ് ചൂട്ടെരിച്ചതിന്‍ മുന്നില്‍''
ചൂഷകമായ ലോകക്രമത്തെ വെട്ടിത്തിരുത്താന്‍ പുറപ്പെട്ട വിപ്ലവസംഘത്തിന്റെ കയ്യിലാളുന്ന തീജ്വാലയെയാണ് കവി കാണുന്നത്. വിപ്ലവത്തിന്റെ ആദര്‍ശത്തോടു ചേര്‍ന്നുനില്‍ക്കുമ്പോഴും വിപ്ലവകാരികളുടെ ആ സംഘത്തെ കവി ഭയപ്പെടുന്നു. 'കൂകിയാര്‍പ്പിട്ട് കൂരിരുട്ടിന്റെ കാടിളക്കുന്ന കൂളികൂളന്മാര്‍!' അഭിജാതമായ തന്റെ ജീവിതരീതിയോടൊത്തുപോകാവുന്ന ഒരാളേയും കവി അവിടെ കാണുന്നില്ല. 'ആഭിജാത്യത്തിന്റെ വെള്ളികെട്ടിയ ചൂരലു'കൊണ്ട് താന്‍ ഒതുക്കി നിര്‍ത്തിയ തൊഴിലാളിയാണ് എരിയുന്ന ചൂട്ടുമായി ആ അലാതസംഘത്തെ നയിക്കുന്നത്! അവരോടുള്ള തന്റെ ആദര്‍ശാത്മക സ്നേഹം കവി അവിടെ പ്രകടിപ്പിക്കുന്നുണ്ട്. ''എങ്ങിനെയോ പറഞ്ഞു ഞാന്‍, ഈ ഞാന്‍/ഞങ്ങള്‍ നിങ്ങളെ സ്നേഹിപ്പതെന്നും.'' മധ്യവര്‍ഗ്ഗപരമായ, വ്യാജമായ, ഭീരുത്വം നിറഞ്ഞ ഈ കപടസ്നേഹത്തെ 'വെള്ളമില്ലാത്ത കള്ളം' എന്ന് ആ തൊഴിലാളി തിരിച്ചറിയുന്നുണ്ട്. കവി തുറന്നുകാണിച്ച കരളിലെ സത്യത്തെ കാലത്തെ പുതുക്കുന്ന ആ പോരാളികള്‍ മാനിക്കുന്നില്ല. അയാളുടെ പഴയ കാമുകി, താന്‍ പ്രണയിക്കുകയും മധ്യവര്‍ഗ്ഗഭീരുത്വം കൊണ്ട് കയ്യൊഴിയുകയും ചെയ്ത കാമുകി, അതിലാഞ്ഞു തുപ്പുന്നു.
''തുപ്പിയെന്നോമലായതില്‍, നീയോ
നിര്‍ഭരസ്പന്ദമായതുവാങ്ങി
തൊണ്ടുകള്ളില്‍ പിഴി,ഞ്ഞതിന്‍ രക്തം
കണ്ഠഗോളമിളകെക്കുടിച്ചു'''
ആ അലാതസംഘത്തിന്റെ പൊട്ടിച്ചിരികള്‍ ആകാശവീഥികളില്‍ അട്ടഹാസങ്ങളായി മുഴങ്ങുമ്പോള്‍ മധ്യവര്‍ഗ്ഗ പുരോഗമനം നിഷ്ഫലവും പരിഹാസ്യവുമായിത്തീരുകയും ചെയ്യുന്നു.
''വീണു ഞാന്‍, പോയിതെന്നെച്ചവിട്ടി
മാനുഷവ്യൂഹം, കാലപ്രവാഹം!''
മിക്കവാറും വ്യാജമായ ധര്‍മ്മസന്ദിഗ്ധതകള്‍കൊണ്ട് തങ്ങളുടെ ഭീരുത്വവും യാഥാസ്ഥിതികത്വവും മറച്ചുപിടിക്കാന്‍ വെമ്പുന്ന മധ്യവര്‍ഗ്ഗ 'പുരോഗാമിത്വ'ത്തിലെ ആഴമേറിയ വൈരുദ്ധ്യമാണ് കുടിയൊഴിക്കല്‍ അനാവരണം ചെയ്യുന്നത്. ഒരുനിലയ്ക്ക് പില്‍ക്കാലത്ത് കേരളം ചെന്നുപെട്ട പ്രതിസന്ധിയുടെ വേരുകള്‍ ഇതിലുണ്ടെന്നു പറയാം. ജാതിമതഭേദങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നതായി സ്വയം ഭാവനചെയ്ത കേരളീയ മധ്യവര്‍ഗ്ഗം അതിനെ ആന്തരികമായി സ്വാംശീകരിച്ചതിന്റെ കഥകൂടിയാണ് കുടിയൊഴിക്കല്‍ പറയുന്നത്. ഈ മധ്യവര്‍ഗ്ഗ പുരോഗാമിത്വം നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ തങ്ങളുടെ സുരക്ഷയ്ക്കപ്പുറത്തേക്ക് ഒരു ചുവടും വയ്ക്കാനാവാതെ സ്തംഭിച്ചുനില്‍ക്കുകയും ചെയ്യും. ജീവിതംകൊണ്ട് യാഥാസ്ഥിതികരായിരിക്കുകയും കവിതയിലും ഭാവനയിലും വിപ്ലവകാരികളായിരിക്കുകയും ചെയ്യുന്ന ഇത്തരമൊരു സാമൂഹ്യവിഭാഗത്തിന്റെ ജീവിതത്തിലെ പിളര്‍പ്പുകളിലൂടെയാണ് ആ അലാതസംഘം കടന്നുപോകുന്നത്. 'അറിവിന്റെ നിഴലുകള്‍ പ്രസന്ന പ്രകാശങ്ങളെ വെട്ടിത്തിരുത്തി' എന്ന ആഴമുള്ള വിപരീതകല്പനയിലൂടെ പുതിയ ലോകവും ഈ മധ്യവര്‍ഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യത്തിലേക്ക് കൂടിയാണ് വൈലോപ്പിള്ളി വിരല്‍ ചൂണ്ടുന്നത്. ജീവിതംകൊണ്ട് സ്വസ്ഥിതിയില്‍ ഭദ്രമായിത്തുടരുകയും മനസ്സുകൊണ്ട് വിപ്ലവകാരികളായി നടിക്കുകയും ചെയ്യേണ്ടിവരുന്ന മധ്യവര്‍ഗ്ഗത്തിന്റെ ചരിത്രപരംകൂടിയായ പ്രതിസന്ധിയാണത്.
''ഓടുവാന്‍ ഞാനുഴന്നാലുമീയെന്‍
കൂടു നീങ്ങുന്നീലെന്തഭിശാപം!''
ഇത് ഒട്ടുമേ വ്യക്തിപരമായ ഒരു പ്രശ്നമല്ല. ചരിത്രഗതിയും മധ്യവര്‍ഗ്ഗപരമായ വിപ്ലവാഭിലാഷങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് അതിന്റെ വേരുകള്‍. ജീവിതംകൊണ്ട് നിന്നിടത്തു നില്‍ക്കുകയും മനസ്സുകൊണ്ട് കുതിച്ചുപായുകയും ചെയ്യുന്ന ജീവിതസ്ഥാനത്താണ് കുടിയൊഴിക്കലിലെ നായകന്‍ നിലയുറപ്പിച്ചിട്ടുള്ളത്. വാസ്തവത്തില്‍ ആ ജീവിതസ്ഥാനം 1950-കളില്‍ കേരളത്തില്‍ വേരുപിടിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില്‍ മലയാളി ജീവിതത്തിന്റെ ആധാരസ്വരങ്ങളിലൊന്നായി അത് മാറി. 'പുറത്തു ലെനിനും അകത്തു പൂന്താനവും' എന്ന് പില്‍ക്കാലത്ത് നമ്മുടെ വലിയ കവികളിലൊരാള്‍, പരിഹാസം ചാലിച്ചെഴുതിയ ജീവിതക്രമം കുടിയൊഴിക്കല്‍ എഴുതപ്പെട്ട കാലത്ത് മലയാളിയുടെ സ്വഭാവഘടനയുടെ ഭാഗമായി മാറിയിരുന്നില്ല. കാലവൈരുദ്ധ്യങ്ങളില്‍ വേരാഴ്ത്തിയ വൈലോപ്പിള്ളിക്കവിത അത് ഏറെ മുന്‍പേ തിരിച്ചറിഞ്ഞു എന്നുമാത്രം! ഇങ്ങനെ, ചരിത്രത്തില്‍ ആഴത്തില്‍ വേരാഴ്ത്തിനില്‍ക്കുന്നതുവഴി കൈവരുന്ന ഗാഢമായ വൈരുദ്ധ്യബോധം തന്റെ കാവ്യസംസ്‌കൃതിയുടെ അടിപ്പടവാണെന്ന ബോധം വൈലോപ്പിള്ളിക്കു തന്നെയും ഉണ്ടായിരുന്നു എന്നു തോന്നുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'സ്വസ്ഥിതിതന്‍ മറുപുറം തപ്പുന്ന' മര്‍ത്യരീതി തന്റെ കാവ്യരീതി കൂടിയാണ്. ഇത് വെളിച്ചത്തിലെ ഇരുട്ടായി മാത്രമല്ല, ഇരുട്ടിലെ വെളിച്ചമായും തെളിയുന്ന ഒന്നാണ്. 'കൊള്ളാന്‍ വല്ലതുമൊന്നു കൊടുക്കാനില്ലാതില്ലൊരു മുള്‍ച്ചെടിയും/ ഉദയക്കതിരിനെ മുത്തും മാനവ/ഹൃദയപ്പനിനീര്‍പ്പൂന്തോപ്പില്‍' എന്ന് ജീവിതവൈരുദ്ധ്യങ്ങളെ പ്രസാദാത്മകമായി തിരുത്തിയെഴുതാനും വൈലോപ്പിള്ളിക്ക് കഴിയുന്നുണ്ട്. 'ഉയിരിന്‍ കൊലക്കുടുക്കാവും കയറിനെ/ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം' എന്ന് 'ഊഞ്ഞാലില്‍' എന്ന പ്രസിദ്ധമായ രചനയുടെ ഭാവബദ്ധതയെ നിര്‍ണ്ണയിക്കുന്നതും അതുതന്നെയാണ്. വൈലോപ്പിള്ളി തന്റെ ജീവിതത്തിലപ്പാടെ എഴുതിയ പ്രണയകാവ്യമാണ് 'ഊഞ്ഞാലില്‍' എന്ന രചന. (താന്‍ പ്രണയകാവ്യങ്ങളൊന്നും എഴുതിയിട്ടില്ല എന്ന കാര്യം നിരൂപകര്‍ കാര്യമായി പരിഗണിച്ചിട്ടില്ലെന്ന് വൈലോപ്പിള്ളിതന്നെ ഒരിക്കല്‍ സൂചിപ്പിക്കുന്നുണ്ട്.) അതാകട്ടെ, വാര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയ ദമ്പതികളുടെ തിരിഞ്ഞുനോട്ടമായാണ് ആഖ്യാനം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയഭാസുരതയെല്ലാം മങ്ങിത്തുടങ്ങാവുന്ന ജീവിതത്തിന്റെ വിളുമ്പില്‍നിന്ന് 'മര്‍ത്യായുസ്സില്‍ സാരമായതു ചില മുന്തിയ സന്ദര്‍ഭങ്ങള്‍; അല്ല, മാത്രകള്‍ മാത്രം' എന്ന് ആ കവിത പ്രഖ്യാപിക്കുന്നത് പ്രണയമാധുര്യത്തിന്റെ തീവ്രതയെ അതിന്റെ ക്ഷണികതയോട് ചേര്‍ത്തുവച്ചുകൊണ്ടാണ് എന്ന കാര്യവും ശ്രദ്ധിക്കണം. വൈലോപ്പിള്ളിയുടെ പ്രണയഭാവന അതിന്റെ ഉദാത്ത മുഹൂര്‍ത്തങ്ങളില്‍പ്പോലും സഞ്ചരിക്കുന്നത് മറുപുറങ്ങളെക്കൂടി തൊട്ടുകൊണ്ടാണ് എന്ന കാര്യം ആ കവിതയുടെ അതീവ ഹൃദ്യതയില്‍ മുങ്ങിത്താഴുന്ന വായനക്കാരുടെ ശ്രദ്ധയില്‍ വരണമെന്നില്ല. 'ഇവിടെ ജീവിപ്പാനിവിടെയാശിപ്പാന്‍/ഇവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം' എന്ന് 'ആസാംപണിക്കാരി'ല്‍ സുഖാനുഭവത്തെ ദുഃഖത്തിന്റെ ആഴത്തില്‍നിന്നും കണ്ടെടുക്കുന്ന വിപരീതബോധം വൈലോപ്പിള്ളിക്കവിതയുടെ ഭാവനാവ്യാപാരങ്ങളിലുടനീളം അലതല്ലുന്നുണ്ട് എന്നര്‍ത്ഥം.
ഇത്തരമൊരു വിരുദ്ധഭാവനയുടെ ലോകം ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരിടമാണ് വൈലോപ്പിള്ളിയുടെ 'ഓണപ്പാട്ടുകാര്‍' എന്ന കവിത. മലയാളത്തിലെ പ്രഖ്യാതമായ ഓണക്കവിതകളില്‍നിന്നെല്ലാം രണ്ടുനിലകളില്‍ വേറിട്ടുനില്‍ക്കുന്നതാണ് വൈലോപ്പിള്ളിയുടെ 'ഓണപ്പാട്ടുകാര്‍'. ഒന്നാമതായി അത് ഓണത്തെ കാണുന്നത് കേരളീയമായ ഒരു ഗൃഹാതുരസ്വപ്നമായല്ല. മനുഷ്യവംശ ചരിത്രത്തിന്റെ വിശാലഭൂമികയിലാണ് വൈലോപ്പിള്ളി തന്റെ ഓണത്തെ കൊണ്ടുചെന്ന് നിര്‍ത്തിയിട്ടുള്ളത്. കേരളീയമായ ഒരു സുവര്‍ണ്ണ ഭൂതകാലത്തിന്റെ നഷ്ടസ്മൃതിയല്ല വൈലോപ്പിള്ളിയുടെ ഓണം. ചരിത്രപരിണാമങ്ങളുടെ ഗതിഭേദങ്ങളെ ഓണവുമായി ചേര്‍ത്തുവച്ച് മനുഷ്യവംശത്തിന്റെ മഹാപ്രയാണകഥയായി അതിനെ പടുത്തുയര്‍ത്തുകയാണ് വൈലോപ്പിള്ളി ചെയ്യുന്നത്. അതോടൊപ്പം തന്നെ ഓണത്തെ പൊയ്പ്പോയ കാലം എന്നതില്‍നിന്നും വരാനിരിക്കുന്ന കാലത്തിലേക്ക് ചേര്‍ത്തുവയ്ക്കുക കൂടി ചെയ്യുന്നുണ്ട് ആ കവിത.
''നഷ്ടവസന്ത സ്ഥലികളില്‍ നിന്നു സ-
മൃദ്ധ വസന്ത തടങ്ങളിലേയ്ക്കിള-
വറ്റു പറക്കും പക്ഷികള്‍ പോലിരു-
സന്ധ്യ തൊടുക്കും താരകള്‍ പോലെ
പോയതില്‍ നിന്നിനിയെന്നോ വിരിയു-
ന്നായതിലേക്കു കുതിക്കുകയാണി-
ന്നായത വിശ്വാസത്തൊടു ഞങ്ങടെ
ഭാസുരചിന്താ സങ്കല്പങ്ങള്‍.''
പോയകാലത്തില്‍നിന്നും വരാനിരിക്കുന്ന
വൈലോപ്പിള്ളിക്കവിതയുടെ വിരുദ്ധമാനങ്ങളെ ആഴത്തില്‍ വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൊന്ന് അതിലെ പ്രണയകല്പനകളുടേതാണ്. ഇരുപതാം ശതകത്തിന്റെ തുടക്കം മുതലേ വിപ്ലവപരമായ ഒരു സാമൂഹിക പുനര്‍നിര്‍മ്മിതിയുടെ ആധാരമായി അനുരാഗത്തെ പ്രതിഷ്ഠിക്കുന്ന ഭാവനാവ്യാപാരം നമ്മുടെ ഭാഷയില്‍ പ്രബലമാവുന്നുണ്ട്.
ശുഭകാലത്തിലേക്കുള്ള സഞ്ചാരമായി ഓണത്തെ കാണുന്ന ഭാവനയാണിത്. ഗൃഹാതുരതയെ ചരിത്രബോധം കൊണ്ടും ഭൂതത്തെ ഭാവികൊണ്ടും പകരം വച്ചാണതു നീങ്ങുന്നത്. അതുല്യമായ ആ ഭാവനായാത്രയില്‍ ആകാശച്ചരിവിനു കീഴിലെ താഴ്വാരത്തിലൂടെ ശിരസ്സുയര്‍ത്തി നടന്നുവരുന്ന തേജോമയ രൂപത്തെ വരവേല്‍ക്കുന്ന കാലബിന്ദുക്കളായി പൂക്കള്‍ വിടര്‍ന്നുനില്‍ക്കുന്നു. ഭാവിപരിണാമം ലക്ഷ്യം വയ്ക്കുന്ന തങ്ങളുടെ വിമോചനസ്വപ്നത്തിന്റെ സാക്ഷികളായാണ് വൈലോപ്പിള്ളി ആ പൂക്കളെ കാണുന്നതും. ആ പൂക്കള്‍ കൊണ്ട് 'നമ്മളൊരുക്കുക നാളെയൊരോണം' എന്ന് പ്രഖ്യാപിച്ചാണ് കവിത അവസാനിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഭൂതകാലത്തിന്റെ നഷ്ടസ്മൃതിയില്‍നിന്നും ഭാവിയുടെ വിമോചനസ്വപ്നമായി ഓണത്തെ മാറ്റിയെഴുതുന്ന ഈ ഭാവനാബന്ധം ശാസ്ത്രത്തേക്കാളും ചരിത്രത്തേക്കാളും വിലപിടിച്ചതാണെന്ന വിപുലബോധ്യവും കവിക്കുണ്ട്. 'ശാസ്ത്രബോധത്തിന്റെ കവി'യെന്ന് വാഴ്ത്തപ്പെട്ട കാലത്തുതന്നെ 'അവകള്‍ കിനാവുകളെന്നാം ശാസ്ത്രം/കളവുകളെന്നാം ലോകചരിത്രം/അവയിലുമേറെ യഥാര്‍ത്ഥം ഞങ്ങടെ/ഹൃദയനിമന്ത്രിത സുന്ദരതത്ത്വം' എന്നെഴുതാന്‍ വൈലോപ്പിള്ളിക്ക് കഴിഞ്ഞത് അത്രമേല്‍ ആഴമേറിയ ചരിത്രബോധ്യങ്ങളും അതില്‍ വേരുപിടിച്ചു വളരുന്ന പ്രത്യാശകളും കൊണ്ടാണ്. കേവലയുക്തിയെ വെട്ടിത്തിരുത്തുന്ന ഭാവനയുടെ ഭൂപടങ്ങള്‍ മനുഷ്യവംശചരിത്രത്തില്‍ എത്രവലിയ ദൗത്യങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് വൈലോപ്പിള്ളിക്കറിയാമായിരുന്നു!
ചരിത്രബോധവും പ്രകൃതിദര്‍ശനവും
ഗാഢമായ ഈ ചരിത്രബോധം വൈലോപ്പിള്ളിയുടെ പ്രകൃതിദര്‍ശനത്തിലും വേരാഴ്ത്തി നില്‍ക്കുന്നുണ്ട്. വികസനവാദിയായ ഒരാളായാണ് വൈലോപ്പിള്ളി പലപ്പോഴും മുദ്രകുത്തപ്പെട്ടിട്ടുള്ളത്. 'സര്‍പ്പക്കാവും' 'ജലസേചന'വും 'മലതുരക്കലും' അടക്കം പല കവിതകളും അതിനുള്ള പ്രേരണയായിത്തീരുകയും ചെയ്തു. 'മക്കളേ നുകര്‍ന്നാലും നിങ്ങളീ പുകമണം/ മാനവസംസ്‌കാരത്തിന്റെ ദിവ്യമാം പരിമളം' എന്നെഴുതിയ ഒരാളെ വികസനവാദത്തിന്റെ കവിയായി ഉറപ്പാക്കുക എളുപ്പമായിരുന്നു. വൈലോപ്പിള്ളിയുടെ മറുപുറം പോലെ 'കുറ്റിപ്പുറം പാലം' എഴുതിയ ഇടശ്ശേരിയും കൂടിയായതോടെ ഈ ദ്വന്ദ്വകല്പനയ്ക്ക് നല്ല വേരുറപ്പുമായി. എന്നാല്‍, 1952-ല്‍ 'സര്‍പ്പക്കാവ്' എഴുതിയ കവി തന്നെയാണ് ആറുവര്‍ഷങ്ങള്‍ക്കുശേഷം 1958-ല്‍ 'എണ്ണപ്പുഴുക്കള്‍' എഴുതുന്നതെന്ന കാര്യം നാം ഇതിനിടയില്‍ കാണാതിരുന്നുകൂടാ. ദൈവത്തിനു കുളിക്കാന്‍ എണ്ണ കൊണ്ടുപോകുന്ന പുഴുവിനെക്കുറിച്ചുള്ള, അത്രമേല്‍ ലളിതമായ ഒരു കിശോരഭാവനയെ പ്രപഞ്ചവ്യാപ്തിയുള്ള പാരിസ്ഥിതിക ദര്‍ശനമായി കവി ആ ചെറിയ കവിതയില്‍ വികസിപ്പിക്കുന്നുണ്ട്. അന്ധതയില്‍ കുടിവച്ചു പെരുത്ത ഇരുട്ടിന്റെ ദേവതമാരില്‍നിന്നും പാരിസ്ഥിതികാവബോധത്തിന്റെ പാര്‍പ്പിടമായി പരിണമിക്കുന്ന ഈ ദൈവഭാവനയിലേക്ക് വൈലോപ്പിള്ളിയിലുള്ള ദൂരം അത്രമേല്‍ കുറവാണ്!
വാസ്തവത്തില്‍ ഈ വൈരുദ്ധ്യം കവിതയുടെ ആന്തരഘടനയില്‍ത്തന്നെ ഇടംപിടിച്ചിട്ടുള്ള ഒന്നാണ്. സര്‍പ്പക്കാവ് എന്ന കവിതയിലൂടെ ശ്രദ്ധാപൂര്‍വ്വം കടന്നുപോയാല്‍ പ്രബോധനാത്മക സ്വഭാവമുള്ള അതിലെ ഭാഗങ്ങളേക്കാള്‍ എത്രയോ സാന്ദ്രമാണ് ഇരുള്‍മൂടിയ വനഭംഗിപോലെ നിലകൊള്ളുന്ന സര്‍പ്പക്കാവിനെ വര്‍ണ്ണിക്കുന്ന ആദ്യഭാഗം എന്ന് കാണാനാവും. കവിതയുടെ പ്രത്യക്ഷവും ബോധപൂര്‍വ്വമായ ലക്ഷ്യത്തിനെതിരെ നീങ്ങുന്ന ഭാഷാസ്വരൂപത്തെ ശ്രദ്ധാലുക്കളായ വായനക്കാര്‍ അവിടെ തിരിച്ചറിയാതെ വരില്ല. സംസ്‌കൃതിയുടെ ക്രമങ്ങള്‍ക്ക് മെരുങ്ങാത്ത പ്രകൃതിയുടെ ആദിമമായ ശ്യാമലോകത്തെ നാം മുഖാമുഖം കാണുന്ന ഇടങ്ങളിലൊന്നാണ് 'സര്‍പ്പക്കാവ്' എന്ന കവിത. ചരിത്രം അവിടെ ഭാഷാസ്വരൂപത്തിനുള്ളില്‍ സ്വയമേവ വൈരുദ്ധ്യനിര്‍ഭരമായി നിലകൊണ്ട് കവിതയെ തമ്മില്‍ പൊരുതുന്ന ബലങ്ങളുടെ പടനിലമാക്കി മാറ്റിയിരിക്കുന്നു. ലോകവൈരുദ്ധ്യങ്ങളുടെ നടുക്കടലില്‍ തോണിയിറക്കാന്‍ മടിയില്ലാത്ത ഒരു കവിയുടെ കാവ്യഭാഷയാണത്!
വൈലോപ്പിള്ളിക്കവിതയുടെ വിരുദ്ധമാനങ്ങളെ ആഴത്തില്‍ വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൊന്ന് അതിലെ പ്രണയകല്പനകളുടേതാണ്. ഇരുപതാം ശതകത്തിന്റെ തുടക്കം മുതലേ വിപ്ലവപരമായ ഒരു സാമൂഹിക പുനര്‍നിര്‍മ്മിതിയുടെ ആധാരമായി അനുരാഗത്തെ പ്രതിഷ്ഠിക്കുന്ന ഭാവനാവ്യാപാരം നമ്മുടെ ഭാഷയില്‍ പ്രബലമാവുന്നുണ്ട്. കുമാരനാശാന്റെ കാവ്യഭാവനയുടെ ഹൃദയമായി നിലകൊണ്ടത് ഈ അനുരാഗകല്പനയാണെന്ന കാര്യം എത്രയും പ്രസിദ്ധമാണ്. സാമൂഹ്യമായ ശ്രേണീകരണങ്ങളെ മറികടന്നുപോകുന്ന ഒരു ആദര്‍ശസ്ഥാനമായി ആശാന്റെ കവിതയില്‍ അനുരാഗം നിരന്തരം ഇടംപിടിക്കുന്നത് എത്രയെങ്കിലും ചൂണ്ടിക്കാണിക്കപ്പെട്ടതുമാണ്.
''പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകുംവഴി വേറെയാക്കിടാം
കഴിയുമിവ, മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍'''
എന്ന അതിപ്രശസ്തമായ വരികളില്‍, എല്ലാത്തരത്തിലുമുള്ള സാമൂഹിക ശ്രേണീകരണങ്ങളേയും മറികടന്നുപോകുന്ന ആദര്‍ശസ്ഥാനമായാണ് ആശാന്‍ അനുരാഗത്തെ പ്രതിഷ്ഠിക്കുന്നത്. ഈ അനുരാഗഭാവന ആധുനികവും വ്യക്തിഗതവുമായ ആത്മബോധത്തിന്റെ അടിപ്പടവായി മാറുന്നതിന്റെ ചിത്രം 'വീണപൂവ്' മുതല്‍ തന്നെ കാണാനാവും:
''ചേതോഹരങ്ങള്‍ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്റെ മിഴിക്കുവേദ്യം
ഏതോ വിശേഷസുഭഗത്വവുമാര്‍ന്നിരിക്കാം.''
വസ്തുഗതമായ ശരീരസൗന്ദര്യം ഗാഢമായ ആത്മഭാവമായി പരിണമിക്കുന്നത് അനുരാഗഭാവനയിലാണ്. വസ്തുഗുണമായ സൗന്ദര്യത്തെ ആന്തരികമായ ആത്മബോധത്തിലേക്ക് ആനയിക്കുന്നത്, അഥവാ സമജാതികളായ പൂക്കളില്‍നിന്ന് വിശേഷസുഭഗത്വമുള്ള ഒന്നായി വീണപൂവിനെ മാറ്റുന്നത് അനുരാഗിയുടെ കണ്ണുകളാണ്. അത് അനുരാഗിയായ നായകന് പുതിയ ആത്മബോധവും പൂവിന് വിശേഷസുഭഗത്വവും നല്‍കുന്നു. സാമൂഹ്യശ്രേണീകരണവും ഭേദഭാവനകളും മുതല്‍ മരണത്തെവരെ മറികടന്നുപോകുന്ന ഒന്നായി അനുരാഗം ആശാന്‍ കവിതയിലുണ്ട്. ഉടനീളം ഇത്രമേല്‍ തീഷ്ണമോ സംഘര്‍ഷഭരിതമോ അല്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ മലയാളഭാവന അനുരാഗത്തെ ഏറിയും കുറഞ്ഞും ഒരാദര്‍ശമൂല്യമായി പരിപാലിച്ചുപോന്നിട്ടുണ്ട്.
എന്നാല്‍, 1952-ല്‍ പുറത്തുവന്ന കുടിയൊഴിക്കല്‍ ഈ അനുരാഗഭാവനയുടെ മറുപുറം പോലെ നിലകൊള്ളുന്ന ഒന്നാണ്. 'പുഞ്ചിരി ഹാ! കുലീനമാം കള്ളം!' എന്ന വിപരീത കല്പനകൊണ്ടാരംഭിക്കുന്ന ആ കവിത തുടക്കം മുതല്‍ തന്നെ ചരിത്രത്തിന്റെ ആഴമേറിയ വൈരുദ്ധ്യങ്ങളെയാണ് അഭിസംബോധന ചെയ്യുന്നുത്. 'കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം' എന്നു വിലപിച്ച ചങ്ങമ്പുഴയുടെ 'കവിരക്തസാക്ഷിത്വം' എന്ന കാല്പനിക സങ്കല്പനത്തിന്റെ മറുപുറത്തേക്ക് ആദ്യവരിയില്‍ത്തന്നെ വൈലോപ്പിള്ളി ചുവടുവയ്ക്കുന്നു. പിന്നാലെ,
'ചെറ്റയാം വിടന്‍ ഞാനിനിമേലില്‍/കഷ്ടമെങ്ങനെ കണ്ണാടി നോക്കും?' എന്ന് ആദര്‍ശാത്മകവും കാല്പനികവുമായ വ്യക്തിഭാവനയെ കുടിയൊഴിക്കല്‍ വെട്ടിപ്പിളര്‍ക്കുന്നുമുണ്ട്. 'ദുഷ്പ്രഭു പുലയാടികള്‍ പാര്‍ക്കും ഇപ്പുരയ്ക്കിടിവെട്ടു കൊള്ളട്ടെ' എന്ന അധിക്ഷേപത്തിനിരയായിത്തീരുന്നതും ഈ ആദര്‍ശവ്യക്തിഭാവനയാണ്. ചരിത്രത്തിന്റെ ഗാഢവൈരുദ്ധ്യങ്ങളില്‍ വേരാഴ്ത്തിയ മധ്യവര്‍ഗ്ഗാനുരാഗം പഴയ വിപ്ലവസ്വപ്നങ്ങളെ കയ്യൊഴിയുകയും സാമൂഹിക സുരക്ഷിതത്വത്തിന്റേയും മധ്യവര്‍ഗ്ഗപരമായ അഭിമാനബോധത്തിന്റേയും പിടിയില്‍പ്പെടുന്നത് ഇവിടെ നമുക്ക് കാണാനാകും.
''ചുറ്റുപാടുമേ ചെമ്പനീര്‍പ്പൂക്ക-
ളെത്രചാടുവീര്‍പ്പിട്ടുനിന്നാലും
ഒട്ടുമാഗ്രഹമെന്നിയേ പാട്ടിന്‍
പട്ടുനൂലുനൂറ്റെന്നറയ്ക്കുള്ളില്‍
പെട്ടുവാണരെന്‍ ഭാവന, പത്ര-
പട്ടമേന്തിടും ഭ്രാന്തിനെപ്പോലെ
മീന്‍ കഴുകിയ വെള്ളത്തില്‍ വാച്ചാ-
ത്തേന്‍ കദളിയിലെന്തിന്നു പൂകി?''
ജാതിബന്ധങ്ങള്‍ക്കും സാമൂഹികമായ തട്ടുതിരിയലുകള്‍ക്കുമപ്പുറത്തേക്ക് ആദര്‍ശാത്മകമായി പറന്നുയര്‍ന്ന അനുരാഗഭാവനയെക്കുറിച്ചാണ് കുടിയൊഴിക്കലിലെ നായകന്‍ ഇങ്ങനെ ഖേദത്തോടെ ഓര്‍ക്കുന്നത്! ചുറ്റുപാടും വിടര്‍ന്ന ചെമ്പനീര്‍പ്പൂക്കളെപ്പോലും ഗൗനിക്കാതെ നിന്ന തന്റെ ഭാവനാപ്രപഞ്ചം മീന്‍ കഴുകിയ വെള്ളത്തില്‍ വളര്‍ന്ന തേന്‍കദളിയില്‍ ചെന്നുവീണതിനെക്കുറിച്ചുള്ള ഈ സങ്കടം മധ്യവര്‍ഗ്ഗപരമായ പുരോഗമനബോധത്തെ അകമേ പിളര്‍ക്കുന്ന വൈരുദ്ധ്യങ്ങളിലൊന്നാണ്. ജീവിതംകൊണ്ട് യാഥാസ്ഥിതികമായും ഭാവനകൊണ്ട് വിപ്ലവകരമായും ജീവിക്കുന്ന വഞ്ചനയുടെ ലോകം അതിലുണ്ട്. കുടിയൊഴിക്കലിന്റെ
തുടക്കത്തിലെ കാവ്യഭാവനാസഞ്ചാരചിത്രീകരണത്തില്‍ തന്നെ അതു കാണാന്‍ കഴിയും. 'അന്തിയുണ്ടു പഴങ്ങള്‍ തന്‍ മാംസം മന്ദമന്ദം നുണഞ്ഞ്' തന്റെ കാവ്യഭാവനയുടെ ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശിക്കുന്ന കവിയായാണ് കവിതയുടെ തുടക്കത്തില്‍ നാം കാണുന്നത്. 'പഴങ്ങള്‍ തന്‍ മാംസം' എന്ന പ്രാരംഭ കല്പനയില്‍ വരാനിരിക്കുന്ന ഗാഢവൈരുദ്ധ്യങ്ങളുടെ സൂചന കവി സന്നിവേശിപ്പിക്കുന്നുണ്ടെന്നു പറയാം. കവിതയുടെ ദന്തഗോപുരത്തിലേക്കുള്ള സഞ്ചാരമെന്നുകൂടി വിശേഷിപ്പിക്കാവുന്ന ആ യാത്ര ക്ലാസ്സിക്കല്‍ കാവ്യഭാവനയുടെ സഞ്ചാരപഥങ്ങളെ രേഖപ്പെടുത്തുന്ന മലയാളത്തിലെ ഏറ്റവും മഹിമയുറ്റ വരികളാണ്. 'പ്രതിഭാരക്ഷസ്സിന്റെ കുതിരപ്പുറത്തുള്ള' ആ ഭാവനാസഞ്ചാരത്തെ അതുല്യമായ പദാവലികളിലാണ് വൈലോപ്പിള്ളി കോറിയിടുന്നത്.
''മെത്ത കൈവിടാതെന്‍ ഹൃദയത്തില്‍
നിദ്രനെയ്തൊരാ കാവ്യസങ്കല്പം
നൂറുനൂറരിമുല്ലകളൊത്ത്
മൂരിനീര്‍ന്നെണീറ്റാവേശമോടെ
പക്കിലോമനപ്പാണ്ടെഴും രാവിന്‍
നല്‍ക്കരിം കുതിരപ്പുറത്തേറി
പൂനിലാപ്പുഴ നീന്തി,യാകാശസാനുവില്‍
കുതിത്തീപ്പൊരിചിന്തി
ഊരിവീണൊരാലാടത്തിനൊപ്പം
ദൂരെയമ്പിളിത്തെല്ലിനെത്തള്ളി-
ദേവകിന്നരയക്ഷസംഗീത
ക്കാവുപോലും കടന്നവസാനം''
ഇങ്ങനെ, കാവ്യനിര്‍മ്മാണത്തിന്റെ അലൗകികതയെ പരിലാളിക്കുന്ന, വിമോഹകമായ സൗന്ദര്യഭാവനയുടെ ലോകത്തേക്കാണ് കവി ചെന്നുകയറുന്നത്. അവിടെവച്ച് ചരിത്രത്തിന്റെ മഹാസംഘര്‍ഷത്തെ അയാള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്നു.
''ദേവ കിന്നര യക്ഷ സംഗീത-
ക്കാവുപോലും കടന്നവസാനം
വിദ്യുദൈന്ദ്ര ധനുസ്സുകള്‍ ചൂഴും
സത്യസൗന്ദര്യഗോപുരം പൂകെ
തള്ളിയേറുമെന്‍ കാതിലൊരൂറ-
ക്കള്ളുനാറും തെറിയുടെ പൂരം''
ചരിത്രത്തിലെ വൈരുദ്ധ്യം ഭാഷയിലെ വൈരുദ്ധ്യമായി പൊട്ടിപ്പിളരുന്നത് ഇവിടെ കാണാം. ഇന്ദ്രധനുസ്സുകള്‍ ചൂഴ്ന്നുനില്‍ക്കുന്ന സത്യസൗന്ദര്യങ്ങളുടെ ലോകം, എം.എന്‍. വിജയന്‍ ചൂണ്ടിക്കാട്ടിയതുപോലെ, കാല്പനികത ജന്മം നല്‍കിയ പഴയ ദന്തഗോപുരം തന്നെയാണ്. വിദൂരസുന്ദര ഗ്രാമങ്ങളേയും പ്രകൃതിയുടെ നിത്യലാവണ്യത്തേയും പ്രാചീനലോകത്തിന്റെ മായികഭംഗികളേയും കവികള്‍ ഭാവനചെയ്തത് ഇവിടെയിരുന്നാണ്. ആ ആദര്‍ശസൗന്ദര്യത്തിന്റെ ദന്തഗോപുരത്തെയാണ് താഴെനിന്നെത്തുന്ന 'ഊറക്കള്ളു നാറുന്ന തെറിയുടെ പൂരം' ഛിന്നഭിന്നമാക്കുന്നത്. മധ്യവര്‍ഗ്ഗപരമായ സുരക്ഷിതത്വം നല്‍കുന്ന ആഭിജാത്യത്തിന്റെ പുറംതോടിനെ ഭേദിക്കാന്‍ ആ തെറിവിളിക്കു കഴിവുണ്ട്.
''ഒരു മഹാകവിപോലും! ഒരു മഹാകപിപോലും!
പെരുമ ഭാവിച്ചു ചൊറിഞ്ഞിരിപ്പൂ
കനിവിന്റെ കണ്ണുനീര്‍ കലരാത്ത കരളിലെ
കവിതയിതൊക്കെയും കപടമല്ലേ?''
എന്ന് ഈ ആഴമേറിയ ചരിത്രസംഘര്‍ഷം കവിതയെ സംബന്ധിച്ച ചോദ്യമായി പിന്നാലെ ഉയരുന്നു. കാവ്യഭാഷയുടെ രൂപത്തിലും കവിതയെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യമെന്ന നിലയ്ക്കും കുടിയൊഴിക്കലില്‍ ഉയരുന്നത് ചരിത്രത്തിലെ വൈരുദ്ധ്യങ്ങളിലൊന്നാണെന്നര്‍ത്ഥം. ചരിത്രം പ്രമേയപരമായ പ്രതലത്തില്‍നിന്ന് രൂപപരവും അനുഭവപരവുമായ വിതാനങ്ങളില്‍ സന്നിഹിതമാകുന്നതിന്റെ അടയാളങ്ങളാണത്. കാവ്യഭാഷയില്‍ തെളിയുന്ന ഈ ചരിത്രസംഘര്‍ഷത്തിന് അനുഭൂതിയുടെ പല പല പ്രതലങ്ങളില്‍ തുടര്‍ച്ചയുണ്ട്. തന്റെ കാമിനിയുടെ കണ്ണുകളില്‍ തെളിയുന്ന വിഷാദത്തിലും ചരിത്രത്തിന്റെ ഈ അലയടി കവി കാണുന്നു:
''പക്ഷ്മളങ്ങളാം കണ്‍കളിലേതോ
ദുഃഖഭാവനിഴല്‍പെട്ടുവോളേ
ഹാ! വിഷാദം അതേതു വിദൂര
പൂര്‍വ്വജന്മപുനഃസ്മൃതിയാമോ!''
വൈയക്തികമായ അനുഭവലോകങ്ങളില്‍ ചരിത്രവൈരുദ്ധ്യങ്ങളെ കാണുന്ന കണ്ണാണ് വൈലോപ്പിള്ളിയുടേത്. ഇതിന്റെ മറുപുറത്ത് ചരിത്രത്തിലെ മഹാദുഃഖങ്ങളെ നിര്‍മമായി നോക്കാനും അതിനു കഴിവുണ്ട്. എത്രയോ പേര്‍ മുങ്ങിമരിച്ച ചേറ്റുപുഴയിലെ ബസപകടത്തെക്കുറിച്ചെഴുതുന്ന സന്ദര്‍ഭത്തില്‍ 'ജീര്‍ണ്ണത ചേറ്റില്‍ത്താഴുന്നു, പുഴ/പൂര്‍ണ്ണത തേടിപ്പായുന്നു.' എന്ന് കവിത പൂര്‍ത്തീകരിക്കപ്പെടുന്നത് അങ്ങനെയാണ്. ചരിത്രവൈരുദ്ധ്യങ്ങളിലേക്ക് ഇമ ചിമ്മാതെ നോക്കാനും അതില്‍ വ്യാകുലപ്പെടാതിരിക്കാനുമുള്ള ഗഹനമായ നിര്‍മമതയാണിത്. 'ഇവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം!' എന്നെഴുതിയതിന്റെ തുടര്‍ച്ച!
ഈ നിര്‍മമതയുടെ വേറെയും അടയാളങ്ങള്‍
'ചേറ്റുപുഴ' എന്ന കവിതയിലുണ്ട്. 'ചേറ്റുപുഴക്കൊലപ്പാലമടുത്താല്‍/ചേട്ടനതൊന്നു പറഞ്ഞേക്കണേ' എന്ന് എത്രയും സ്വാഭാവികമായ ഒരു സംഭാഷണത്തിന്റെ വടിവിലാണതാരംഭിക്കുന്നത്. ഇതിനു പിന്നാലെ ആ സ്ത്രീയുടെ ചികുര ഭംഗിയിലൂടെ കവിയും കവിതയും പാറിനടക്കുന്നു:
''മുന്‍പിലിരിക്കുമൊരോമല്‍ത്തയ്യിന്‍
മുടിയുടെ ചാരിമ നോക്കി ഞാന്‍
നിരുപിക്കുന്നേന്‍, നീള്‍ മുടിയാളേ
നീയുളവായ മുഹൂര്‍ത്തത്തില്‍
കാര്‍മുകില്‍ മാലകള്‍ പെയ്തു, ചെല്ല
ക്കാറ്റലതല്ലീ വല്ലികളില്‍
നിശ്ചയമല്ലാതാക്കുനുകുന്തള-
നിര്‍ഝരിയെങ്ങനെയുണ്ടായി
കാമനു കേളി വളര്‍ത്താനും ഒരു
കോമനുകേറിയൊളിക്കാനും?''
മരണത്തെ പ്രസാദവും ജീവിതത്തെ കൊടും കയ്പുമാക്കുന്ന ഈ വിരുദ്ധദര്‍ശനം വൈലോപ്പിള്ളിക്കവിതയുടെ വേരുകള്‍ ഇഴപിരിഞ്ഞു കിടക്കുന്ന ഇടങ്ങളിലൊന്നാണെന്നു പറയാം. പ്രമേയകല്പന മുതല്‍ ഭാഷാസ്വരൂപം വരെയുള്ള സമസ്തതലങ്ങളിലും ഈ വൈരുദ്ധ്യദര്‍ശനത്തിന് തുടര്‍ച്ചയുണ്ട്.
യാഥാര്‍ത്ഥ്യത്തെ വിപരീതബലങ്ങളുടെ ആഴമേറിയ സംഘാതമായിക്കാണുന്ന വൈരുദ്ധ്യാത്മകഭാവന ഏറ്റവും പ്രബലമായി നിലനിര്‍ത്തിയ കവിയായിരുന്നു വൈലോപ്പിള്ളി.
ചരിത്രത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും വൈരുദ്ധ്യങ്ങള്‍ വൈലോപ്പിള്ളിക്കവിതയില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരിടം വാക്കാണ്. വൈലോപ്പിള്ളിക്കവിതയുടെ വിരുദ്ധബിംബങ്ങളെ എന്തിന്റേയും മറുപുറം തേടുന്ന മാനസികഘടനയുമായി ബന്ധപ്പെടുത്തി പ്രൊഫ. എം.എന്‍. വിജയന്‍ മുന്‍പേതന്നെ വിശദീകരിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിഗതമായ മനോഘടനയുടെ പ്രകാശനം എന്നതിനപ്പുറം പോവുന്ന ചരിത്രമൂല്യം അവയിലുണ്ടെന്നു തോന്നുന്നു.
യാഥാര്‍ത്ഥ്യത്തെ അന്തിമവും കേവലവുമായ സത്താരൂപങ്ങളില്‍ സംഗ്രഹിക്കാതിരിക്കുകയും വിരുദ്ധബിംബങ്ങളുടെ സംഘര്‍ഷാത്മകവും പരിവര്‍ത്തനവ്യഗ്രവുമായ സംയോഗസ്ഥാനമായി അതിനെ മനസ്സിലാക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക വിചിന്തനത്തിന്റെ കാവ്യരൂപം പോലെയാണ് വൈലോപ്പിള്ളിയുടെ പല കല്പനകളേയും കാണാനാവുക. ഒരു വസ്തു/യാഥാര്‍ത്ഥ്യം എന്തായിരിക്കുന്നുവോ അതായിത്തന്നെ തുടരുന്നു എന്ന അനന്യതാതത്ത്വത്തിന് (principle of idendity) പകരം അതിന്റെ വിപരീതത്തിലേക്ക് പരിണമിക്കുന്നു എന്ന നിഷേധാത്മക തത്ത്വമാണ് (principle of negation) വൈരുദ്ധ്യാത്മക വിചിന്തനത്തിന്റെ കാതല്‍. അത്തരമൊരു പരിവര്‍ത്തനവ്യഗ്രതയുടെ ചിത്രം വൈലോപ്പിള്ളിയുടെ കാവ്യബിംബങ്ങളില്‍ കാണാനാവും. അത് 'അപ്പനെന്നൊച്ചയങ്ങു കേള്‍ക്കാമോ?/ അപ്പനെയെനിക്കസ്സലായ് കേള്‍ക്കാം' 'പണ്ടാവടക്കേച്ചിറയൊന്നു/കണ്ടാല്‍ കുളിച്ചീടണമെന്നു തോന്നും/പണ്ടാരമാം വാഴ്ചയിലിന്നതൊന്നു/കണ്ടാല്‍ കുളിച്ചീടണമെന്നുതോന്നും.' എന്നിങ്ങനെ ഒരു വാക്കിന്റെ തന്നെ വിപരീതധ്വനികളായും 'അക്കൊള്ളിവാക്കിലില്ലയോ വാസ്തവനാളം', 'ഞാനിക്കിളികളെയാട്ടിയോടിക്കും' എന്നിങ്ങനെ ദമനം ചെയ്യപ്പെട്ട അര്‍ത്ഥരൂപങ്ങളായും 'നിര്‍ഗതബലമെന്നാല്‍ ഉഗ്രവീര്യം തന്നുടല്‍/ നിഗ്രഹോത്സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം, പൊന്‍തിടമ്പേറി ദേവന്മാര്‍ വിളങ്ങും/പെരുംമസ്തകകടഹത്തില്‍ മന്ത്രിപ്പൂ പിശാചുക്കള്‍, വിരുന്നുകാര്‍ക്കമരദേശ/മിക്കതവി ഞങ്ങള്‍ക്കു നരകദേശം' എന്നിങ്ങനെ യാഥാര്‍ത്ഥ്യത്തിന്റെ വിരുദ്ധ തലങ്ങളെ നേര്‍ക്കുനേരെ എടുത്തുകാണിക്കുന്ന കല്പനകളായും 'ഓടുവാന്‍ ഞാനുഴന്നാലുമീയെന്‍/കൂടുനീങ്ങുന്നീലെന്തഭിശാപം' എന്ന അവസ്ഥാവിവരണമായും ഭിന്നഭിന്നമായ നിലകളില്‍ വൈലോപ്പിള്ളിക്കവിതയുടെ ഭാഷാസ്വരൂപത്തിലും അനുഭവഘടനയിലും നിത്യസാന്നിദ്ധ്യമായിത്തുടരുന്നുണ്ട്. വ്യക്തിഗതമായ മനോഭാവത്തിന്റേയോ മനഃശാസ്ത്രപരമായ വിശേഷവീക്ഷണത്തിന്റേയോ ഫലം എന്നതിനപ്പുറം ലോകവൈരുദ്ധ്യങ്ങളില്‍ വേരാഴ്ത്തിനില്‍ക്കുന്നതുവഴി കവിതയ്ക്കു കൈവന്ന സാമൂഹ്യമൂല്യമായി അതിനെ കാണാമെന്നു തോന്നുന്നു. കാരണം, വാക്ക് മറ്റെന്തിനേയുമുപരിയായി ചരിത്രത്തിന്റെ പടനിലമാണ്. അര്‍ത്ഥമണ്ഡലം മുതല്‍ ഉച്ചാരണക്രമം വരെ അത് തമ്മിലിടയുന്ന ബലങ്ങളുടെ വേദിയാണ്. മിശ്രഭാഷകത്വമെന്ന് (heteroglossia) മിഖായേല്‍ ബഖ്തിന്‍ പേരിട്ടു വിളിക്കുന്നത് ഭാഷയ്ക്കും വാക്കിനും കൈവരുന്ന, ചരിത്രപരമായ ഈ സംഘര്‍ഷാത്മക/വൈരുദ്ധ്യാത്മക ജീവിതത്തെയാണ്. അര്‍ത്ഥം മുതല്‍ ഉച്ചാരണം വരെയുള്ള സമസ്ത ഭാഷാഘടകങ്ങളേയും ക്രമപ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്രോന്മുഖബലങ്ങളും (centripetal forces), അവയെയപ്പാടെ കെട്ടഴിച്ചുവിടുന്ന അപകേന്ദ്രീകരണ ബലങ്ങളും (centrifugal forces) തമ്മിലുള്ള നിത്യസംഘര്‍ഷത്തിന്റെ വേദിയാണ് ഭാഷയെന്ന് ബഖ്തിന്‍ കരുതുന്നുണ്ട്. വൈലോപ്പിള്ളിക്കവിതയിലെ ഭാഷാപരമായ സന്ദിഗ്ധതകള്‍ ഈ മിശ്രഭാഷകപ്രകൃതത്തെ അഭിസംബോധന ചെയ്യുന്നതുവഴി അതിനു കൈവന്നതാണെന്നു പറയാം. വ്യവസ്ഥയും അധികാരവും ക്രമപ്പെടുത്തിയ അര്‍ത്ഥാനുഭവങ്ങള്‍ക്കു കുറുകെ വാക്കിനെ കെട്ടഴിച്ചുവിടുന്ന ഒരാളാണ് വൈലോപ്പിള്ളി. വാക്കിന്റെ പടക്കളത്തില്‍ അദ്ദേഹം ഏകാകിയായി നിലകൊള്ളുന്നു. അതിന്റെ മുറിവുകളേറ്റുവാങ്ങുന്നു. ചരിത്രപരമായ വൈരുദ്ധ്യങ്ങളെ പ്രമേയത്തിലും അനുഭൂതിഘടനയിലുമെന്നപോലെ തന്റെ കവിതയുടെ പദകോശത്തിലും ആഴത്തില്‍ സന്നിവേശിപ്പിക്കുന്നു. കാലവൈരുദ്ധ്യങ്ങളേയും ലോകവൈരുദ്ധ്യങ്ങളേയും ഇങ്ങനെ നിരന്തരമായി അഭിസംബോധന ചെയ്ത കവികളെ മലയാള കവിതയുടെ ചരിത്രത്തില്‍ ഏറെയൊന്നും കണ്ടുമുട്ടാനാവില്ല. വൈലോപ്പിള്ളിക്കവിതയുടെ നിത്യജീവിതത്തിന്റെ ആധാരവും മറ്റൊന്നല്ല.
ഇങ്ങനെ മനസ്സിലാക്കിയാല്‍ ബിംബകല്പനകള്‍ മുതല്‍ ഭാഷാസ്വരൂപം വരെയുള്ള തലങ്ങളില്‍ ലോകവൈരുദ്ധ്യങ്ങളുമായുള്ള മുഖാമുഖമായി കവിതയെ മാറ്റിത്തീര്‍ക്കാനായതാണ് വൈലോപ്പിള്ളിയെ തന്റെ കാലത്തെ ഏറ്റവും വലിയ കവികളിലൊരാളാക്കി മാറ്റിയത് എന്നും കാണാനാവും. അന്തിമവും ശാശ്വതവുമെന്ന് സങ്കല്പിക്കപ്പെടുന്ന ഏകതയില്‍ വിലയം പ്രാപിക്കാനല്ല, അനന്തമായ ജീവിതവൈരുദ്ധ്യങ്ങളിലേക്ക് തുറന്നുകിടക്കാനാണ് അതെപ്പോഴും പരിശ്രമിച്ചുകൊണ്ടിരുന്നത്. പോയ നൂറ്റാണ്ടില്‍ മലയാളകവിത കാലൂന്നിനിന്ന ഏറ്റവും വലിയ ജീവിതസ്ഥാനങ്ങളിലൊന്നായി വൈലോപ്പിള്ളിക്കവിത മാറിത്തീര്‍ന്നതും ലോകവൈരുദ്ധ്യങ്ങളിലാഴ്ന്നു അതിന്റെ വേര്‍പ്പടര്‍ച്ചയുടെ ബലം കൊണ്ടാണ്.
വൈരുദ്ധ്യങ്ങളെ ചേറ്റിക്കൊഴിച്ച് കണ്ടെത്തുന്ന അന്തിമസത്യങ്ങളല്ല; വൈരുദ്ധ്യനിര്‍ഭരമായ ജീവിതം തന്നെയാണ് കവിതയുടെ (കലയുടേയും) എക്കാലത്തേയും വലിയ പ്രഭവമെന്ന് അത് നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കവിയുടെ വ്യക്തിപരമായ ജീവിതബോധ്യങ്ങള്‍ക്ക് കുറുകെപ്പോലും നീങ്ങുന്ന വൈരുദ്ധ്യാത്മകമാനം വൈലോപ്പിള്ളിക്കവിതയിലുണ്ട്. ഇത്രമേല്‍ സമഗ്രമായും സര്‍വതലസ്പര്‍ശിയായും ഇക്കാര്യം നിര്‍വ്വഹിച്ച കവികള്‍ നമുക്കേറെയൊന്നും ഇല്ലതാനും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates