വര്‍ത്തമാനകാലത്തിന്റെ അനുഗ്രഹവും ഭാവിയുടെ പ്രതീക്ഷയുമാണ് സുഗതകുമാരിയുടെ കാവ്യലോകം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതിഹാസാവബോധത്തെ സ്വാംശീകരിച്ച ഒരു ഭാവാത്മകത അവരുടെ കവിതകളെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാക്കുന്നു. നമ്മുടെ സംസ്‌കാരത്തിലേക്ക് അന്തര്‍വ്യാപനം ചെയ്ത് സൂക്ഷ്മമായ ഇഴയടുപ്പത്തോടെ വര്‍ത്തിക്കുന്ന ആ കവിതകളുടെ ദീപ്തി അവഗണിക്കാന്‍ കഴിയില്ലതന്നെ. അഗാധവും തീവ്രവുമായ സ്‌നേഹാതുരത്വത്തിന്റേയും ധര്‍മ്മസങ്കടങ്ങളുടേയും പൂക്കള്‍ വിരിയുന്ന ജൈവസമൃദ്ധമായ താഴ്വരയോട് കവി ഒ.എന്‍.വി കുറുപ്പ് സുഗതകുമാരിയുടെ കവിതകളെ താരതമ്യം ചെയ്തതില്‍ (സുഗതകുമാരിയുടെ കവിതകള്‍ സമ്പൂര്‍ണ്ണം, 2006 സത്യസൗന്ദര്യങ്ങളുടെ കവിത) തികഞ്ഞ ഔചിത്യമുണ്ട്. വ്യക്തിഗതവും സാമൂഹികവുമായ ആകാംക്ഷകളെ ധാര്‍മ്മിക പ്രശ്‌നങ്ങളെ, നീതിബോധത്തെ സ്വകാര്യാനുഭവങ്ങളെ ആവിഷ്‌കരിക്കുന്നതില്‍ സുഗതകുമാരി പ്രദര്‍ശിപ്പിക്കുന്ന മൗലികതയും ആര്‍ജ്ജവവും ധൈര്യവും പ്രതിഭയും അനന്യമാണ്. വികാരങ്ങളുടേയും ചിന്തകളുടേയും ഭാഷയുടേയും ക്രമഭംഗങ്ങളില്‍നിന്ന് അവര്‍ ഉരുത്തിരിയിച്ചെടുക്കുന്ന കാവ്യശില്പങ്ങള്‍ ഹൃദയാവര്‍ജ്ജകം തന്നെ. ആകാംക്ഷകളെ പ്രകോപിപ്പിക്കുകയും ധാര്‍മ്മിക ബോധത്തെ സമരസപ്പെടുത്തുകയും ചെയ്യുന്ന ഒരുകാലത്തിലാണ് ജീവിതത്തിന്റെ വ്യാമിശ്രമായ പ്രകമ്പനങ്ങളേയും അതുളവാക്കുന്ന ഉള്ളുരുക്കങ്ങളേയും ഭാവഗീതത്തിന്റെ മാസ്മരികതയോടെ ഭാവം ചോര്‍ന്നുപോകാതെ കയ്യൊതുക്കത്തോടെ ഈ കവി അവതരിപ്പിച്ചത് എന്നത് വലിയൊരു കാര്യം തന്നെയാണ്. ലഹരിപിടിപ്പിക്കുന്ന വേദനയില്‍ അലിയാനല്ല, മറിച്ച് വേദനയെ മനോജ്ഞമായ മുത്താക്കി അനുവാചകനു മുന്നില്‍ അവതരിപ്പിക്കാനാണ് അവര്‍ എന്നും ശ്രമിച്ചുപോന്നത്.
അഗാധമായ വായനയും തീക്ഷ്ണമായ സംവേദനാത്മകതയും സമഞ്ജസമായി സമന്വയിച്ച ആ കവിചിത്തത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട ആദ്യ കവിതകളായ 'വിശ്വവേദിയില്‍' 'സരസ്വതി പൂജ' എന്നിവ കവിതയുടെ ലോകത്തില്‍ തന്നെ അവഗണിക്കാന്‍ പറ്റില്ല എന്ന തോന്നല്‍ സുഗതകുമാരി നല്‍കി. പിന്നീട് 'മുത്തുച്ചിപ്പി' എന്ന സമാഹാരം പുറത്തുവന്നതോടെ അവരുടെ കവിത്വം അംഗീകരിക്കപ്പെട്ടു. 'പുതിയൊരു നാര്‍സിസ്സ്' എന്ന കവിതയില്‍ (1956) തന്റെ സ്വത്വപ്രതിസന്ധികളെക്കുറിച്ചുള്ള സൂചന അവര്‍ നല്‍കുന്നുണ്ട്. തരളിതചിത്തയായ് മുഗ്ദ്ധയായ് നില്‍ക്കുക എന്ന നിലപാട് സ്വീകാര്യമല്ല എന്ന ധ്വനി 'വിശാലതയിലേക്ക്' (1956) എന്ന കവിതയില്‍ സൂചിതമാകുന്നു. മിന്നല്‍പ്പിണര്‍പോല്‍ കുതിക്കുന്ന ചിന്തയെ കടിഞ്ഞാണിടാന്‍ ശ്രമിക്കുമ്പോള്‍ ഭീതിയുടെ ചാട്ടവാര്‍ ദൂരത്തെറിയണമെന്നവര്‍ക്കറിയാം. മുഗ്ദ്ധമായ ഹൃദയത്തില്‍ സുന്ദരസ്മിതത്തെക്കാളേറെ പുഴയുടെ ചിലമ്പിച്ച ചിരിയും പൊയ്ക തന്‍ കിനാവിനെക്കാള്‍ ആഴിയുടെ അസ്വസ്ഥതയും മഞ്ഞുമാമലയെക്കാളേറെ അഗ്‌നിപര്‍വ്വതത്തിന്റെ അല്ലലും കാംക്ഷിക്കുന്ന കവി (ഏകാകി) തന്റെ കാവ്യലോകം കാഴ്ചവെയ്ക്കാന്‍ പോകുന്ന അനുഭൂതിയുടെ സൂചകങ്ങള്‍ ആദ്യ സമാഹാരമായ 'മുത്തുചിപ്പി'യില്‍ത്തന്നെ നല്‍കുന്നുണ്ട്. മുത്തെടുക്കല്‍ (1957) മുത്തച്ചിപ്പി (1958) എന്നീ കവിതകളുടെ രചനാകാലത്തിനു വലിയ വ്യത്യാസമില്ലെങ്കിലും അതിനിടയിലുള്ള കവിയുടെ വളര്‍ച്ച ചെറുതല്ല. ദുഃഖത്തിന്റെ നനുത്ത തുള്ളിയെ പരിവര്‍ത്തനപ്പെടുത്തി മുത്താക്കി മാറ്റുന്ന കലാവിദ്യയെ മലയാള സംവേദനശീലത്തിന് സുഗതകുമാരി പരിചയപ്പെടുത്തി. മഴ മലയാളി ഭാവുകത്വത്തിന് അപരിചിതമല്ലെങ്കിലും ഇടിമിന്നലും കൊടുങ്കാറ്റുംകൊണ്ട് അബ്ധിയേയും ഭൂമിയേയും കുലുക്കുന്ന വര്‍ഷമയൂരത്തെ വിരിമാറില്‍ ചേര്‍ന്ന് പുണര്‍ന്ന് അവളോടൊപ്പം പുതിയൊരു ജീവിതമുണര്‍ത്തി പുതിയൊരു ഗാനവുമായി ഈ കവി വന്നപ്പോള്‍ മലയാള കവിത ആഹ്ലാദംകൊണ്ടു. ജീവിതമെന്ന രണഭൂവില്‍ ദുസ്സഹമായ് വാടിയ മുഖത്തോടും കണ്ണില്‍ കദനത്തോടും നിലകൊള്‍കെ കുനിയാത്ത ശിരസ്സുമായേ താന്‍ നില്‍ക്കൂ എന്ന കവിവാക്യം (കുരുക്ഷേത്രത്തില്‍) ജീവിതാന്ത്യം വരെ പരിപാലിക്കാന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കടന്നുപോന്ന പാതകള്‍ ദുര്‍ഘടമാണ്. മുന്നിലെ ദീര്‍ഘമാം മാര്‍ഗ്ഗം ഏറെ ദുര്‍ഗ്ഗമമാണ് എന്ന് കവി തിരിച്ചറിയുന്നു (തുലാവര്‍ഷത്തില്‍, 1958). തന്റെ മുന്നിലെ കൂട്ടിലെ കിളിയെ കാണുമ്പോള്‍ കവി അതുമായി താദാത്മ്യപ്പെടുന്നു.
പൂവിന്‍ ചിരിയും നിലാവിന്‍ സുഗന്ധവും
ജീവിതത്തിന്റെയഗാധമാം ദുഃഖവും
ചേലിലൂടും പാവുമെന്നപോല്‍ ചേരുമീ
രാവും പകലും വിരാമവും കണ്ടവര്‍
ചക്രവാളത്തിനാല്‍ ചുറ്റഴിയിട്ടൊരീ
നിത്യമാം പഞ്ജരത്തിന്നുള്ളിനാര്‍ത്തനായ്
ദുഃഖവും സൗഖ്യവുമെന്നോര്‍ത്തു മതിമറ-
ന്നിക്കൊടും വെയ്ലില്‍ തളര്‍ന്നുറങ്ങീടവേ
ഏതോ കരങ്ങള്‍ വിമുക്തി നല്‍കീടിലു-
മാകാതെ നോവും മുഖംതിരിച്ചീടവേ,
ഞാനും നിനക്കൊപ്പമിങ്ങു മാഴ്കുന്നിതെ
ന്നോമനേ, മോചനമെങ്ങുതേടേണ്ടൂ ഞാന്‍
(പക്ഷിശാസ്ത്രം)
എന്നുരിയാടുന്നത് 'വെറുമൊരു വേദന മാത്രം', 'ദാഹം നീയൊരാള്‍ മാത്രം' തുടങ്ങി നിരവധി കവിതകള്‍ക്കു തുടക്കം മാത്രമാണ്. എന്നാല്‍ വിഷാദത്തിലും കവിയെ പ്രതീക്ഷ കൈവിടുന്നില്ല. ആരു ചവുട്ടിത്താഴ്ത്തിലുമിരുളിന്‍ പാതാളത്തിലൊളിക്കിലുമേതോ പൂര്‍വ്വസ്മരണയില്‍ ആഹ്ലാദത്തില്‍ ലോകത്തില്‍ തിരിച്ചെത്തുന്ന 'പാവം മാനവഹൃദയ'ത്തെ കവി തിരിഞ്ഞറിയുന്നത് കാളിദാസീയമായ ഒരു തെളിച്ചം ഈ കാവ്യലോകത്തിനുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. അതുതന്നെയാകാം ''ഒരിക്കലും കരള്‍ തകരാത്തതും മിന്നലിനേയും കൊടുങ്കാറ്റിനേയും സ്വാഗതം ചെയ്യുന്നതും സംവേദനോല്‍ക്കടമെങ്കിലും സുധീരവുമായ മനുഷ്യത്വത്തെ കീര്‍ത്തിക്കുന്ന ഈ കവിതകള്‍ ഒരുദാര സഹാനുഭൂതിയുടെ കുളിര്‍മ്മയും തെളിമയും അനുവാചകര്‍ക്കനുഭവപ്പെടുത്തുന്നു'' എന്ന് പറയാന്‍ ബാലാമണി അമ്മയേയും (മുത്തുച്ചിപ്പി - അവതാരിക) ഏതാണ്ട് അമ്പത്തി അഞ്ചു വര്‍ഷത്തിനുശേഷം ആ കവിതകളെ ''ലോകാനുരാഗത്തിന്റെ അഭിജ്ഞാനം'' എന്നഭിപ്രായപ്പെടാന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനേയും (പൂവഴി മരുവഴി എന്ന കവിതാസമാഹാരത്തിനെഴുതിയ കുറിപ്പ്) പ്രേരിപ്പിക്കുന്നത്.
നാനാരാഗ സങ്കലിതമായ സംഗീതത്തിന്റെ അടിസ്ഥാന ശ്രുതി വിഷാദത്തിന്റേതാണെന്നും ഓരോ ഹൃദയബന്ധവും ദുഃഖത്തിന്റെ നിറംമാറലുകള്‍ മാത്രമാണെന്നും സുഗതകുമാരി രേഖപ്പെടുത്തിയിട്ടുണ്ട് (എന്റെ കവിതയെപ്പറ്റി-ഇരുള്‍ച്ചിറകുകള്‍). എന്നാല്‍, ബൗദ്ധദര്‍ശനത്തിലും ഹൈന്ദവ സിദ്ധാന്തങ്ങളിലും സ്ഫുരിക്കുന്ന ആശയുടേയും വിശ്വാസത്തിന്റേയും പ്രതീകങ്ങള്‍ ഈ കവി നിരാകരിക്കുന്നില്ല. നിത്യതയെ പുണരാന്‍ വെമ്പുന്ന ഏതൊരു മനുഷ്യന്റേയും അനശ്വരതയിലേക്കുള്ള കൈനീട്ടലായിട്ടാണ് സാഹിത്യത്തെ കവി വിവക്ഷിക്കുന്നത്. അപ്പോള്‍ കര്‍മ്മങ്ങളുടെ കൊടുംയാതന അനുഭവിച്ചു തീര്‍ക്കുന്ന പീഡിതനായ മനുഷ്യാത്മാവും ആ കര്‍മ്മങ്ങള്‍ ഈശ്വരനിയമമാണെന്ന സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുന്ന അഗ്‌നിനാളങ്ങളാണെന്ന സനാതന സിദ്ധാന്തവും കവിതയിലൂടെ ആവിഷ്‌കരിക്കാന്‍ കവിക്ക് അനായാസം കഴിയുന്നു. 'കാളിയമര്‍ദ്ദനവും' 'ഗജേന്ദ്രമോക്ഷവും' അത്തരമൊരു ചിത്തത്തിലേ പിറക്കൂ. ദൈവികമായ ശക്തിക്കു മുന്നിലും മനസ്സാന്നിദ്ധ്യം കവി വിടുന്നില്ല. പത്തികള്‍ കുനിക്കാതെ, കരള്‍ കുലുങ്ങാതെ ആണ് വേദനയെ കവി സമീപിക്കുന്നത് (കാളീയമര്‍ദ്ദനം). കഠിനമായ വേദനകള്‍ക്കിടയിലും തന്റെ നേരെ നീളുന്ന കരങ്ങള്‍ പരത്തുന്ന ഹരിചന്ദന പരിപാവന ഗന്ധം (ഗജേന്ദ്രമോക്ഷം) കവിയുടെ നിലനില്‍പ്പ് അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. ''ഉജ്ജ്വല സ്വപ്നങ്ങളെ ഉദാരമായ ഭാഷയില്‍ സംസ്‌കാര രുചിരമായ രീതിയില്‍'' അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാകാം ആ കവിതകളെ 'കുങ്കമപ്പൂക്കള്‍' എന്നു വിശേഷിപ്പിക്കാന്‍ ജി. ശങ്കരക്കുറുപ്പ് താല്പര്യപ്പെടുന്നത് (സ്വപ്നഭൂമി - അവതാരിക). ഈ ഒരു ആസ്തിക്യബോധം മരണത്തോടുള്ള സമീപനത്തില്‍പ്പോലും ഗതിമാറ്റം കവിയില്‍ ഉണ്ടാക്കുന്നുണ്ട്. ''കറുത്ത ചിറകും രോമശൂന്യമാം നീണ്ട കഴുത്തും നീട്ടി ചാരെ കാത്തിരിക്കുന്ന മൃത്യു'' (രാജലക്ഷ്മിയോട്) ചിറകുകളുടച്ച് ഇരുട്ടില്‍ തള്ളിയപ്പോള്‍ തന്റെ വാനത്തിലെ അമ്പിളിയും കടുംചോപ്പായ് കറുപ്പായ് വിറയ്ക്കുന്നതായി കവിക്കനുഭവപ്പെടുന്നു. മഹാഭയകാരിണിയായ യാമിനി തന്നെ കറുത്ത കിനാവാക്കുന്നു എന്ന് വിഭാവനം ചെയ്യുന്ന (ഇരുള്‍ച്ചിറകുകള്‍). മൃത്യു മാത്രം സത്യമെന്നു തിരിച്ചറിയുന്നു (മൃത്യുപത്തി). 4 മരണകവിതകളില്‍ മൃതിയെ കണ്ണില്‍ കാണുന്നു. എനിക്കു മരണത്തെ പേടിയില്ലെന്നു പറയുന്നു (അമൃതംഗമയ). പക്ഷേ ''മരിച്ചാല്‍ സുഖം സൈ്വരമെന്നാരു ചൊല്ലി'' എന്നു തീര്‍പ്പില്ല. അതുകൊണ്ടാവാം
എരിയും നിന്‍ ചുംബനമേല്‍ക്കവേ മമാത്മാവു-
മുരുകുന്നാലെന്തേ? പൂവിന്റെ കിനാവായി
മന്നിന്റെ തെളിമുത്തുമണിയായ്, നക്ഷത്രമായ്
വിണ്‍ വെളിച്ചത്തില്‍ വെള്ളിനുമങ്ങായ് തീര്‍ന്നല്ലോ
ഞാന്‍ ('നന്ദി')
എന്നും
എങ്കിലും, ഇന്നും ജീവിതമേ, ഞാന്‍
സ്‌നേഹിക്കുന്നു നിന്നെ,
(എങ്കിലും, ഇന്നും)
എന്നും പറയുന്നുണ്ട്. പലതും തനിക്കു നഷ്ടപ്പെട്ടു. എങ്കിലും മാതൃചുംബനകാരുണ്യവും ദൃഢവാസ്തവാലംബവും പിഞ്ചിതളധരം തേടിയ മധുരവും സ്വീയര്‍ തരും തണലും തോഴരുടെ സൗഹാര്‍ദ്ദവും പിന്നെ തന്റെ ഉയിരിന്‍ ഖിന്നാഞ്ജലി പോലുള്ള മുളന്തണ്ടു ജീവിതത്തെ വീണ്ടും വീണ്ടും സ്‌നേഹിക്കാന്‍ പ്രചോദിപ്പിക്കുന്നു.
ആരെന്റെ കയ്യിലൊരു മണ്‍വീണയേകി, മമ
ചേതസ്സിലാരൊഴല്‍ പാകി!
ആരെന്റെ കണ്ണില്‍ മിഴിനീരും മനസ്സില്‍ മൃദു-
താരസ്വരങ്ങളുമധീരമാം മൂകമാം
ഭീതമധരങ്ങളില്‍ നറുഗാനങ്ങളും ചേര്‍ത്തു
പാതയില്‍ വിട്ടു വിടനല്‍കി (ധന്യത)
അതു നിയോഗമാണെന്നു കരുതി ആ വിധാതാവിനെ അവര്‍ നമിക്കുന്നു. ആ പ്രണവ്രതയാണ് സുഗതകുമാരിയുടെ പല കവിതകളുടേയും ബലരേഖ. പിന്നീട് ഇതുതന്നെയാണ് കൃഷ്ണകവിതകളില്‍ വികസ്വരമാകുന്നതും.
സുഗതകുമാരിയുടെ കവിതകളുടെ മികവിനെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ''വ്യക്തിഗതമായ വേദനകളെ വിശ്വഗതമായി വികസിപ്പിക്കുന്നതിലാണ് സുഗതകുമാരിയുടെ മിടുക്ക്''എന്ന് എസ്. ഗുപ്തന്‍നായര്‍ അഭിപ്രായപ്പെടുന്നുണ്ട് (പാതിരാപ്പൂക്കള്‍ - അവതാരിക) കവിത്വം രൂപപ്പെട്ടുവരുന്ന കാലത്തുതന്നെ എഴുതിയ 'അഭയാര്‍ത്ഥിനി' എന്ന കവിത ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അനുതാപം എന്നത് ഈ കവിയുടെ സവിശേഷ ഗുണമായി തിരിച്ചറിയപ്പെടുകയും ചെയ്തു. ''അന്നോളമൊറ്റയ്ക്കു വന്മണല്‍ക്കാട്ടിലായ് നിന്നു വിളിച്ചുപറഞ്ഞതെല്ലാം'' ആരും കേട്ടില്ല, ഗൗനിച്ചില്ല എന്നു പരിതപിക്കുമ്പോഴും (വിധിദിനത്തില്‍) തന്റെ ചുറ്റുപാടുകളെ പാടെ നിരാകരിച്ചുകൊണ്ട് മുന്നോട്ടു പോകാന്‍ കവിക്ക് ആവതില്ല. കലുഷതകള്‍ക്കു നേരെ കണ്ണടക്കാനാകുന്നില്ല. 'ബയാഫ്ര'യിലെ കരഞ്ഞുവിളിക്കുന്ന കുട്ടികളും തന്നില്‍മാത്രം പ്രേമലോലുപരും സ്വാര്‍ത്ഥമതികളുമായ നൂറു കുഞ്ഞുങ്ങളെ പെറ്റ അമ്മയും (ബീഹാര്‍) ഭൂതലത്തെ വിഴുങ്ങുന്ന യുദ്ധമെന്ന രാക്ഷസനും (കൊളോസ്സസ്സ്) കവിയെ വ്യാകുലപ്പെടുത്തുന്നു. സമകാലിക സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പല കവിതകളും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും തന്നെയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രൂപപ്പെട്ട കവിദര്‍ശനം സാമൂഹ്യമോചനത്തെ പാര്യന്തിക ലക്ഷ്യമായി കാണുന്ന കര്‍മ്മയോഗത്തിന്റേതാണെന്നാണ് എന്‍.വി. കൃഷ്ണവാരിയരുടെ പക്ഷം (പാവം മാനവഹൃദയം - അവതാരിക). ഗാന്ധിയന്‍ ദര്‍ശനത്തിലെ വിശ്വാസവും അതു അപായപ്പെടുമ്പോള്‍ ഉണ്ടാകുന്ന സന്ത്രാസവും നിരവധി കവിതകളില്‍ സുഗതകുമാരി ആവിഷ്‌കരിച്ചിട്ടുണ്ട്. ഭദ്രദീപത്തെ വീട് കത്തിക്കാന്‍ ഉപയോഗിക്കുന്നതിന്റെ നിരര്‍ത്ഥകതയെ അവര്‍ അപലപിക്കുന്നു (സ്വാതന്ത്ര്യം). മൂല്യച്യുതിയും ഉപഭോഗ സംസ്‌കാരവും സ്വാര്‍ത്ഥതയും ജീവിതത്തെ എത്രമാത്രം മലീമസമാക്കുന്നു എന്ന് 'ധര്‍മ്മത്തിന്റെ നിറം കറുപ്പാണ്', 'ധര്‍മ്മം എന്ന പശു', 'ഹേ രാമ', സ്വാതന്ത്ര്യം 1976', 'ആഗസ്റ്റ് 15, 1981' എന്നീ കവിതകളിലെല്ലാം ആവിഷ്‌കൃതമാകുന്നുണ്ട്. ശ്രാവണത്തില്‍ തേജസ്വരൂപിയായ മാബലിയുടെ മുന്നില്‍
കപടത്തിന്‍ കൊടും വിഷം
കിനിയും തേന്‍ കനികളും
കടലാസു പൂക്കള്‍ മിന്നും
പൂക്കളങ്ങളും
വെള്ളിക്കസവൊഴുകുന്ന
ഹാരങ്ങളും നയത്തിന്റെ
പൊള്ളച്ചിരി ചിതറുന്ന
പൂത്തിരികളും (മഹാബലിയുടെ മുന്നില്‍)
ലജ്ജയില്ലാതെ നില്‍ക്കുന്നു എന്നു മാത്രമല്ല, അദ്ദേഹം തിരിച്ചുപോകാതിരിക്കാന്‍ ഞങ്ങള്‍ ഇവിടെ ''പുതിയ പാതാളം ചമയ്ക്കാം എന്നുവരെ പറയുന്നു. ഞാന്‍ കാല്‍വെയ്ക്കുന്ന പാതയില്‍ തളംകെട്ടി നല്‍ക്കുന്ന ചോരയുടെ കറുപ്പും ജഡങ്ങളും കാണ്‍കെ അതിന്റെ കാരണമോര്‍ത്ത് വ്യാകുലപ്പെടുന്ന മനസ്സും (തലശ്ശേരികള്‍) നെഞ്ചിടിപ്പു പിഴച്ചുപോകുന്ന ചമ്പലും (ചമ്പല്‍) തെറ്റിപ്പോയ പഞ്ചാബും (പഞ്ചാബ്) മക്കള്‍ തന്‍ ചുടുചോര ചിതറുന്ന, കണ്ണീരൊലിക്കുന്ന മഹാഭാരതം ശാപപര്‍വ്വവും (ഒരു മഹാഭാരതം) കൃത്യമായ രാഷ്ട്രീയ സാമൂഹ്യ നിരീക്ഷണത്തിന്റെ പരിച്ഛേദങ്ങളും.''
അഴലും അഴുക്കും ചേര്‍ന്ന വഴിയിലൂടെ പോയി പൂര്‍ണ്ണ മോദം അനുഭവിക്കുമ്പോഴും എന്തിന്റെയോ കുറവ് മനുഷ്യനെ ഖിന്നനാക്കുന്നുവെന്നും അതിന്റെ കുറവ് ഇണയുടെ സാമീപ്യമേ മാറ്റൂ എന്നും 'സൃഷ്ടി' എന്ന കവിതയില്‍ സുഗതകുമാരി പറഞ്ഞുവെയ്ക്കുന്നുണ്ട്. സുഗതകുമാരിയുടെ സ്ത്രീസങ്കല്പം ശക്തിരൂപിണിയായ സ്ത്രീയുടേതാണ് (ശക്തിപൂജ, 1956) എന്ന് ആദ്യമേ തന്നെ അവര്‍ സൂചിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍, ചുറ്റും കാണുന്ന ദീനദൃശ്യങ്ങള്‍ 'ഇവള്‍ക്കു മാത്രമായ്' പാടാന്‍ കവിയെ പ്രേരിപ്പിക്കുന്നു. 'ജെസ്സി', 'പെണ്‍കുഞ്ഞ് -90', 'തെരുക്കൂത്ത്', 'ദേവദാസി', 'കാത്യ' തുടങ്ങി നിരവധി കവിതകളില്‍ സ്ത്രീ ജീവിതത്തിന്റെ ദുരിതങ്ങള്‍ കവി ആവിഷ്‌കരിക്കുന്നു. ഇതിന്റെ ഒരു പരകോടിയെന്ന് 'സ്ത്രീ പര്‍വ്വം' എന്ന നീണ്ട കവിതയെ വിശേഷിപ്പിക്കാം. കേരളീയ പരിതോവസ്ഥയില്‍ ഏതെല്ലാമോ ഘട്ടത്തില്‍ ഒരു സ്‌ത്രൈണ ചിത്തം അനുഭവിച്ച വ്യഥകളാണ് ആ കവിതയില്‍ വിഷയമാകുന്നത്. 'കണ്ണന്റെ അമ്മയും' ഒരു താരാട്ടിന്റെ ഓര്‍മ്മയും രചിച്ച കവി 'മാതൃദര്‍ശനം' എഴുതിയതില്‍ അത്ഭുതപ്പെടാനില്ല. അമ്മ സാന്ത്വനമാണ്. 'അമ്മയുണ്ട്' എന്ന തോന്നല്‍ സുരക്ഷയാണ്. എന്നാല്‍, അതേ കവിതന്നെ 'കൊല്ലേണ്ടതെങ്ങനെ' എഴുതുന്നതില്‍ വൈരുദ്ധ്യമല്ല, യാഥാര്‍ത്ഥ്യത്തിന്റെ മുഖമാണ് നാം കാണേണ്ടത്. അതു മനസ്സിലാക്കാന്‍ കവിക്കു പ്രയാസമില്ല. കാരണം
പിളരുവാന്‍ വെമ്പുമാ
ഭൂവിയിലേയ്ക്കാദ്യമായ്
മറയുവാനുള്ള പാദങ്ങള്‍
'മതി മതി'യെന്നു പിന്‍വാങ്ങുന്ന
ശാന്തമാം
മെലിവാര്‍ന്ന
രണ്ടു പാദങ്ങള്‍ (പാദപ്രതിഷ്ഠ) അവയെയാണ് ഉള്ളിലെ അഗ്‌നിയാലും അശ്രുവാലും സുഗതകുമാരി ഉള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പരിസ്ഥിതി
മാതൃചൈതന്യത്തെത്തന്നെ പ്രകൃതിയില്‍ കാണുന്ന കവിയാണ് സുഗതകുമാരി. കാലവര്‍ഷവും തുലാവര്‍ഷവും മഴയുടെ ഭിന്നഭാവങ്ങളും കവിക്കു പ്രിയപ്പെട്ടതാണ്. നിലാവിനേയും പൂക്കളേയും കിളികളേയും സ്‌നേഹിക്കുക എന്ന പരിപ്രാന്ത കേവലവാദത്തില്‍നിന്ന് ഭിന്നമായി അവയെ വിശുദ്ധിയുടെ പ്രാഗ്രൂപങ്ങളായി കാണുന്ന നിലപാടില്‍നിന്നു വ്യത്യസ്തമായി പ്രപഞ്ചത്തിന്റെ സമഗ്രതയില്‍ പ്രകൃതിഘടകങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക എന്ന തലത്തിലേക്കുള്ള ഒരു പ്രകൃതിദര്‍ശനം വികസ്വരമാകുന്നത് സുഗതകുമാരിയുടെ കവിതകളില്‍ കാണാം. ഒരുതരം മതാത്മകമായ സഹവര്‍ത്തിത്വത്തിലാണ് അവരുടെ പ്രകൃതിദര്‍ശനം ഊന്നുന്നത്. 'മരങ്ങള്‍', 'മരത്തിനു സ്തുതി' എന്നീ കവിതകളെടുത്ത് കേവലം മരസങ്കീര്‍ത്തനങ്ങളാണ് അവരുടെ പാരിസ്ഥിതിക രചനകള്‍ എന്നു പറയുന്നതില്‍ അപാകതയുണ്ട്. മാനവരാശിയും പരിസ്ഥിതിയും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ജൂഡിത്ത് റൈറ്റിന്റെ കവിതകള്‍ അവര്‍ വിവര്‍ത്തനം ചെയ്തത്. അവരെപ്പോലെ വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യവും ആന്തരിക സത്തയും തമ്മിലുള്ള ഐക്യബന്ധം തിരയുന്ന നിരവധി കവിതകള്‍ സുഗതകുമാരി രചിച്ചിട്ടുണ്ട്. അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിനു തുല്യമായിട്ടാണ് പ്രകൃതിനാശത്തേയും കവി കാണുന്നത്. 'പാതിരാക്കിളി പാട്ടു നിര്‍ത്തുക', 'സൈലന്റ് വാലി', 'പശ്ചിമഘട്ടം', 'നിങ്ങളെന്‍ ലോകത്തെ എന്തുചെയ്തു', 'അട്ടപ്പാടിയെ സ്വപ്നം കാണുന്നു ഞാന്‍', 'പാല പാവമാണ്' എന്നിങ്ങനെ നിരവധി കവിതകളില്‍ പ്രകൃതിയോടു കാട്ടുന്ന ക്രൂരതയ്‌ക്കെതിരെയുള്ള ശബ്ദങ്ങളാണ്. പ്രകൃതി മാത്രമല്ല, വന്യജീവിയും വിപത്തിനെ നേരിടുന്നുവെന്ന നേരറിവാണ് 'വനരോദനം', 'ആന' മുതലായ കവിതകള്‍. പരിസ്ഥിതി നാശം വരുത്തുന്ന ഭീതിദമായ അവസ്ഥയെ സംബന്ധിച്ച പ്രവചനാത്മകമായ സൂചനകളായി 'കടല്‍പോലൊരു രാത്രി', 'ആശങ്ക', 'ഇതു മര്‍ത്ത്യഭാഷയിലൊതുങ്ങില്ല' തുടങ്ങിയവയെ കാണേണ്ടിയിരിക്കുന്നു. ഒരു മഹാവൃക്ഷമായ് കൈനീട്ടി നില്‍ക്കുന്ന പ്രഭുവിന്റെ കാരുണ്യത്തെ നിരാകരിക്കുന്നതിന്റെ വേദന (നിന്റെ കാരുണ്യം) കവി പ്രകടമാക്കുന്നത്.
സ്‌നേഹദര്‍ശനം
സുഗതകുമാരിയുടെ കവിതകളെക്കുറിച്ചു പറയുമ്പോള്‍ സവിശേഷമായി വിവരിക്കേണ്ടത് അവരുടെ സ്‌നേഹദര്‍ശനത്തെക്കുറിച്ചാണ്. 'അകലെ നിന്നൊരു സുഗന്ധം' പോലെ പ്രേമം കവിയുടെ ആത്മാവില്‍ വിലയിച്ചു ചേര്‍ന്നിരിക്കുന്നു 'സ്‌നേഹത്തിനെന്തേ നിറം' എന്ന കവിതയില്‍ സ്‌നേഹത്തിന്റെ ഭിന്നഭാവങ്ങള്‍ കവി ആരായുകയാണ്. ഉദാസീന പ്രേമവും (നീയാകും നിലാവിനെ) ഉല്‍ക്കട പ്രേമവും (അത്രമേല്‍ സ്‌നേഹിക്കയാല്‍) കവി ആവിഷ്‌ക്കരിക്കുന്നുണ്ട്. 'ആവര്‍ത്തനത്താല്‍ വിരസമാവാത്തതായ് പ്രേമമൊന്നല്ലാതെയെന്തു പാരില്‍?' എന്ന കാര്യത്തില്‍ അവര്‍ക്കു സംശയമില്ല. അതുകൊണ്ടുതന്നെ അനുരാഗികള്‍ക്കായ് അവര്‍ കവിത കുറിക്കുന്നു.
തളിര്‍ പോല്‍, താരം പോലെ
കതിര്‍ പോല്‍, നീലാകാശം
പോലെയെന്നനുരാഗം
എന്നു പാടുന്നു. 'നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു' എന്ന എഴുത്ത് തിരയും അഗ്‌നിയും മായ്ചാലും അനന്തമായ് വന്നെത്തി തലമുറയോരോന്നും മോദത്തോടെ ആ ദിവ്യാക്ഷരം പൂജിക്കും എന്ന് കവിക്കറിയാം. 'മണലെഴുത്തി'ലും ഇതേ ആശയം കവി സൂചിപ്പിക്കുന്നുണ്ട്. ദൃഢമായ ദാമ്പത്യത്തിന്റെ ഉറപ്പ് അവര്‍ക്ക് ജീവിതത്തില്‍ രക്ഷാകവചമായിരുന്നു. 'ഒടുക്കത്തെ തിരുവോണം', 'രാത്രിയില്‍ ഗംഗോത്രിയില്‍', തനിച്ചുതനിച്ചിനി', 'പോയതിന്‍ ശേഷം' തുടങ്ങിയ കവിതകളെല്ലാം തന്നെ സുദൃഢമായ ഒരു ദാമ്പത്യത്തിനു മുന്നിലുള്ള അര്‍ച്ചനാ പുഷ്പങ്ങളാണ്.
എന്നാല്‍, സുഗതകുമാരിയുടെ സ്‌നേഹസങ്കല്പം പ്രഫുല്ലമാകുന്നത് അവരുടെ രാധാകൃഷ്ണ കവിതകളിലാണ്. താന്‍ പ്രേമിക്കുന്ന വ്യക്തിയുമായി സായൂജ്യം പ്രാപിക്കുകയെന്നത് മനുഷ്യമനസ്സിലെ അനാദിവാസനയോ പ്രേമമോ ഭക്തിയോ എന്തു പേരിട്ടും ഇതിനെ വിളിക്കാം. ഈ ഒരു ഭാവത്തെ പ്രകീര്‍ത്തിക്കുന്ന 'രാധയെവിടെ' എന്ന കാവ്യം കാലഘട്ടത്തിന്റെ രുഗ്ണചേതസ്സിനുള്ള ചികിത്സ, പരോക്ഷമായി നിര്‍വ്വഹിക്കുന്നുണ്ട് എന്നാണ് ഡോ. എം. ലീലാവതി പറഞ്ഞുവെയ്ക്കുന്നത്. ആരാധിക്കാനും നിരുപാധികം സ്‌നേഹിക്കാനും അവള്‍ക്കാകും. അതവളുടെ ബലമാണ്. യുഗങ്ങളിലൂടെ മീരയായി, ആണ്ടാളായി രാധ പുനരവതരിക്കുന്നത്
തീരെ ദരിദ്രമെന്‍ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിന്‍ (കാടാണ്)
എന്നും
ആ രാധയുള്ളില്‍ പ്രതിഷ്ഠിതമാകയാല്‍
തീരാത്ത തേടലാകുന്നു ജന്മം (കാടാണ്)
എന്നും കവി പാടുന്നു. ഒരു ചുംബനത്തിന്റെ നിര്‍വൃതിയില്‍ കാലം നിശ്ചലമാകുന്ന അനുഭൂതി അവര്‍ തിരിച്ചറിയുന്നു (ഒരു നിമിഷം). ജന്മങ്ങള്‍ക്കു പുറത്തു വ്യഥപൂണ്ടു നില്‍ക്കുന്നതിന്റെ താരള്യം അനുഭവപ്പെടുത്തുന്നു (ഒരു സ്വപ്നം). 'കണ്ണനെത്തേടി', 'എവിടെ നീ' എന്നീ കവിതകളിലെല്ലാം തേടലിന്റെ വൈവശ്യമാണ്. 'കൃഷ്ണ നീയെന്നെയറിയില്ല' എന്നു പരിഭവിക്കുന്നു. 'അമ്മ', 'കണ്ണന്റെ അമ്മ' എന്നീ കവിതകളിലാകട്ടെ, അമ്മയുടെ വാത്സല്യത്തിന്റെ തേനാണ് നിറയ്ക്കുന്നത്. കൃഷ്ണ കവിതകളിലൂടെ സ്‌നേഹം എന്ന ഭാവത്തിന്റെ വിവിധ മാനങ്ങള്‍ ആവിഷ്‌കരിക്കുന്ന കവി നിഷ്‌കാമ പ്രേമത്തിന്റെ ആദിരൂപമായിട്ടാണ് രാധയെ അവതരിപ്പിക്കുന്നത്. വര്‍ത്തമാനകാലത്തില്‍ ചാരുത നഷ്ടപ്പെടുന്ന പ്രേമമെന്ന ഭാവത്തിന്റെ യാഥാര്‍ത്ഥ്യവും രാധാസങ്കല്പമെന്ന സ്വപ്നവും ഇത്ര സമര്‍ത്ഥമായി ആവിഷ്‌കരിച്ച കവി മലയാളത്തില്‍ വേറെയില്ല. സ്വപ്നത്തേയും യാഥാര്‍ത്ഥ്യത്തേയും സന്തുലനം ചെയ്യുന്നതുകൊണ്ടാണ് സുഗതകുമാരിയുടെ കവിതയ്ക്ക് കാലത്തിന്റെ ചേതനയെ രൂപീകരിക്കാന്‍ കഴിയുന്നതെന്നാണ് ഡോ. എം. ലീലാവതിയുടെ അഭിപ്രായം (അമ്പലമണി-അവതാരിക)
'ഇനിയീ മനസ്സില്‍ കവിതയില്ല' എന്നും 'ഇനിയെന്തിനെപ്പറ്റി പാടുവാന്‍' എന്നുമൊക്കെ സുഗതകുമാരി പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ, അവര്‍ക്ക് കവിതയെഴുതാതെ പറ്റില്ലായിരുന്നു. അവരുടെ ജീവിതത്തിന്റെ ബലരേഖയായിരുന്നു കവിത. തന്റെ കവിതയുടെ മഹത്വത്തെക്കുറിച്ച് അവര്‍ ആരാഞ്ഞില്ല. പ്രത്യുത സമാന ഹൃദയര്‍ക്കു വേണ്ടിയാണ് താന്‍ പാടുന്നതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. എവിടെയെല്ലാമോ വസിക്കുന്ന സമാന ഹൃദയര്‍ തന്റെ വരികള്‍ക്കു കാതോര്‍ത്തിരിക്കുന്നു എന്ന തോന്നലില്‍ കവി വീണ്ടും പാടിത്തുടങ്ങുന്നു.
നിഷ്ഫലമല്ലീ ജന്മം, തോഴ
നിനക്കായ് പാടുമ്പോള്‍
നിഷ്ഫലമല്ലീഗാനം, നീയതു
മൂളി നടക്കുമ്പോള്‍
എന്ന ചാരിതാര്‍ത്ഥ്യമാണ് കവിയെ മുന്നോട്ടു നയിച്ചത്. ഒരു സഹാനുഭൂതിയുടെ കുളിര്‍മ്മയും തെളിമയും അനുഭവപ്പെടുത്തിത്തന്നെ ഈ കവി മലയാള സാഹിത്യത്തില്‍ അവശേഷിപ്പിച്ചിട്ടു പോകുന്ന വിടവ് നികത്താനാവാത്തതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates