Articles

ആലാപനത്തിന്റെ അപാര സൗന്ദര്യം

ഉസ്താദ് റാഷിദ് ഖാന്‍ പാടിത്തുടങ്ങുമ്പോള്‍ കേള്‍വിക്കാര്‍ അനായാസം അതില്‍ ലയിക്കുന്നു

സി.കെ. ഹസ്സന്‍കോയ

വോ ഗെ ജബ് തും സാജ്‌ന...അംഗ്‌നാ ഫൂല് ഖിലേംഗെ...

കൊഴിഞ്ഞ പൂക്കളുടെ വാടിയ മന്ദഹാസം തെളിയുന്ന സ്വച്ഛമായ ആലാപനം. ശ്രോതാവിന്റെ മനസ്സിലെ സങ്കടങ്ങള്‍ക്കു ചിറകു നല്‍കാനുള്ള കെല്പുണ്ട് ഈ ഗായകന്. ഉസ്താദ് റാഷിദ് ഖാന്‍ പാടിത്തുടങ്ങുമ്പോള്‍ കേള്‍വിക്കാര്‍ അനായാസം അതില്‍ ലയിക്കുന്നു. ഓര്‍ഫ്യൂസിനു പിന്നാലെ മൂഷികര്‍ എന്നപോലെ  ആലാപനത്തിന്റെ അപാരമായ സൗന്ദര്യത്തിലേക്ക് അവര്‍ ആനയിക്കപ്പെടുകയായി. പാട്ടു തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ അതിന്റെ ലഹരി ഗായകനേയും ഒപ്പം ശ്രോതാക്കളേയും ആവേശിച്ചു കഴിഞ്ഞിരിക്കും. ഇതില്‍ വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. ഗസല്‍ ഗായകന്‍ ജഗജിത് സിംഗിനെ അനുസ്മരിച്ച് മുംബൈയില്‍ നടന്ന സംഗീത പരിപാടിയില്‍ രാജ്യത്തെ മുന്‍നിര ഗായകരെല്ലാം അണിനിരന്ന സദസ്സിനെ ലയത്തിന്റെ മാസ്മര ലോകത്തേക്കാനയിച്ചത് ഉസ്താദ് റാഷിദ് ഖാന്റെ ആലാപനമായിരുന്നു. മറ്റുള്ളവരെല്ലാം ആ ശബ്ദലഹരിയില്‍ മുങ്ങിപ്പോയി. 

സമകാലിക ഇന്ത്യന്‍ സംഗീതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയും 21ാം നൂറ്റാണ്ടിലെ ഹിന്ദുസ്ഥാനി സംഗീതത്തിന്റ ഭാവിയും എന്നു മഹാഗായകന്‍ സാക്ഷാല്‍ ഭീംസന്‍ ജോഷി വിശേഷിപ്പിച്ച പാട്ടുകാരനു വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശീലനത്തിന്റേയും വേദനിപ്പിക്കുന്ന തിരസ്‌കാരത്തിന്റേയും വലിയൊരു ഭൂതകാലമുണ്ട്. ഒരിക്കല്‍ ഡല്‍ഹിയില്‍ നടന്ന ഒരു കച്ചേരിയില്‍ ഭീംസന്‍ ജോഷിയുടെ ആലാപനം കേള്‍ക്കാന്‍ കൊതിച്ചു ചെന്ന യുവഗായകന്‍ നേരിട്ട ദുരനുഭവം അയാളുടെ മനസ്സില്‍ മുറിവായി ഇന്നും നില്‍ക്കുന്നു. മുന്‍നിരയിലെ ഒഴിഞ്ഞ ഒരിടത്ത്  ഇരുന്ന  റാഷിദിനെ സംഘാടകര്‍ ഓടിച്ചുവിട്ടു.  അന്നനുഭവിച്ച വേദന വര്‍ണ്ണനാതീതമായിരുന്നുവെന്ന് ഒരഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഒരിക്കല്‍ ഇവരെല്ലാം തന്റെ പിന്നാലെ വരുമെന്ന് അയാള്‍ക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. അങ്ങനെ ഒരു അവസരമുണ്ടാക്കിത്തന്ന ദൈവത്തോട് ഇന്നയാള്‍ നന്ദി പറയുന്നു. 

വല്യമ്മാവനും വിഖ്യാത സംഗീതജ്ഞനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ ചെറുപ്പത്തില്‍ മുംബൈയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ചു പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ജന്മനാടായ യു.പിയിലെ ബദായുനിലേക്ക് ഓടിപ്പോയ കുട്ടിയായിരുന്നു റാഷിദ്. പതിനൊന്നാം വയസ്സില്‍ മുതിര്‍ന്ന കലാകാരന്മാര്‍ക്കൊപ്പം വേദിയില്‍ പാടി അരങ്ങേറ്റം കുറിച്ച റാഷിദ് പാരമ്പര്യത്തിന്റെ അനുഗ്രഹവും  കഠിനപരിശീലനത്തിന്റെ ഊര്‍ജ്ജവും ഒരുപോലെ ആര്‍ജ്ജിച്ച ഗായകനാണ്. പിതാമഹന്‍മാരിലൂടെ പകര്‍ന്നുകിട്ടിയ രാംപൂര്‍ സഹസ്വാന്‍ ഖരാനയുടെ  തുറന്ന പാട്ടുശൈലിയാണ് അദ്ദേഹം സ്വായത്തമാക്കിയത്. താളവുമായി ഇഴുകിച്ചേര്‍ന്നുള്ള ഈ ശൈലിക്ക് അസാധാരണമായ വശ്യതയുണ്ട്. അതില്‍ വിഷാദത്തിന്റെ ഇഴചേര്‍ത്തു നെയ്‌തെടുത്ത ശബ്ദസൗഭഗമാണ് ഉസ്താദ് റാഷിദ് ഖാനെ മറ്റു ഗായകരില്‍നിന്നു വേറിട്ടുനിര്‍ത്തുന്നത്.  

മഹാഗായകരുടെ വലിയ ശ്രേണിയിലെ കണ്ണിയാണ് റാഷിദ് ഖാന്‍. സഹസ്വാന്‍ ഖരാനയുടെ സ്ഥാപകന്‍ ഇനായത് ഹുസൈന്‍ ഖാന്‍ റാഷിദ് ഖാന്റെ മുതുമുത്തച്ഛനാണ്. അമ്മാവനായിരുന്ന ഉസ്താദ് നിസാര്‍ ഹുസൈന്‍ ഖാനില്‍ നിന്നാണ് വര്‍ഷങ്ങള്‍ നീണ്ട കഠിന പരിശീലനത്തിലൂടെ അദ്ദേഹം ആലാപനത്തിന്റെ മാന്ത്രികവിദ്യ സ്വായത്തമാക്കിയത്. വെളുപ്പിന് നാലുമണിക്ക് ആരംഭിക്കുന്ന സ്വരസാധന മണിക്കൂറുകള്‍ നീളും. ഒരു സ്വരം സ്വായത്തമാക്കാന്‍ പകലറുതിയോളം പരിശീലിപ്പിക്കുമായിരുന്നു. അഭംഗുരമായ പരിശീലനത്തിലൂടെ ഉരച്ചെടുത്ത വജ്രമാണ് ഇന്ന് ലോകമെങ്ങുമുള്ള സംഗീതാസ്വാദകരെ  വിരുന്നൂട്ടുന്ന ആ ശബ്ദം. ചെറുപ്പകാലത്ത്  കഠിനമായ ഈ പരിശീലനം വലിയ പീഡാനുഭവമായാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീടത്  ഏറ്റവും വലിയ ആര്‍ജ്ജിത സ്വത്തായി മാറി. 

മുംബൈയിലുള്ള അമ്മാവനും പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ഗുലാം മുസ്തഫ ഖാന്റെ പക്കലേക്കാണ് വിദ്യാഭ്യാസം ലക്ഷ്യമിട്ട്  ആദ്യം പോയതെങ്കിലും അധികകാലം മുംബൈയില്‍ തുടരാനാവാതെ നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഗുലാം മുസ്തഫ ഖാനാണ് മരുമകന്റെ സംഗീതാഭിരുചി ആദ്യമായി തിരിച്ചറിയുന്നത്. വീട്ടില്‍ ചെറുപ്പത്തിലേ കേള്‍ക്കുന്ന സംഗീതം അയാളുടെ രക്തത്തില്‍ അലിഞ്ഞിരുന്നുവെങ്കിലും താനൊരു പാട്ടുകാരനായിത്തീരുമെന്ന് കരുതിയിരുന്നില്ല, ഹിന്ദി സിനിമയിലെ പാട്ടെഴുത്തുകാരില്‍ പ്രമുഖനായിരുന്ന കവി ഷക്കീല്‍ ബദായുനിയുടെ ഈ നാട്ടുകാരന്‍.  അന്തരീക്ഷത്തില്‍ സംഗീതമുള്ള ബദായുന്‍ പട്ടണത്തിലേത് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സംഗീതത്തിന്റെ വളക്കൂറുള്ള  മണ്ണായിരുന്നു. റാഷിദിന് എട്ട് വയസ്സുള്ളപ്പോള്‍ അയാളെ കണ്ട കാര്യം പ്രസിദ്ധ ഗായകന്‍ ഹരിഹരന്‍ അഭിമുഖത്തില്‍ അനുസ്മരിച്ചിട്ടുണ്ട്. ഹരിഹരന്റെ ഗുരുവായിരുന്നു ഗുലാം മുസ്തഫ ഖാന്‍.  'മുംബൈയില്‍ ഉസ്താദിന്റെ വീട്ടിലാണ് ആദ്യമായി അവനെ കണ്ടത്. നന്നായി സംസാരിക്കുന്ന കുട്ടിയായിരുന്നു റാഷിദ്. കുറച്ചുകഴിഞ്ഞ് അവന്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അന്തംവിട്ടുപോയി. എന്തൊരു ഭാവഭംഗി' തന്റെ പ്രഥമ റാഷിദ് അനുഭവം അനുസ്മരിച്ചുകൊണ്ട് ഹരിഹരന്‍ പറഞ്ഞു. 

1978ല്‍ പന്ത്രണ്ടാം വയസ്സില്‍ ഡല്‍ഹിയില്‍ നടന്ന ഐ.ടി.സി സംഗീതക്കച്ചേരിയില്‍ റാഷിദ് ഖാന്‍ പാടിയിട്ടുണ്ട്.  കല്‍ക്കത്തയിലെ ഐ.ടി.സി സംഗീത ഗവേഷണ അക്കാദമിയില്‍ ഉസ്താദ് നിസാര്‍ ഹുസൈന്‍ ഖാന്‍ വിദഗ്ദ്ധ അദ്ധ്യാപകനായി ക്ഷണിക്കപ്പെട്ടപ്പോള്‍ മരുമകന്‍ റാഷിദിനേയും അദ്ദേഹം ഒപ്പം കൂട്ടി. പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ അടങ്ങിയ ഇന്റര്‍വ്യൂബോര്‍ഡ് റാഷിദിന്റെ ആലാപനത്തില്‍ തൃപ്തരാവുകയും അയാള്‍ക്കു പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് അനുവദിക്കുകയും ചെയ്തു. 1980ല്‍ പതിന്നാലാം വയസ്സിലാണ് റാഷിദ് അക്കാദമിയില്‍ ഔപചാരികമായി പഠനം തുടങ്ങിയത്. തുടക്കത്തിലെ അലംഭാവത്തിനു ശേഷം ഗൗരവമായി പഠനത്തെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ കേള്‍വിയുടെ വലിയൊരു ലോകവും അയാളെ പുണര്‍ന്നു. മറ്റു ഖരാനകളില്‍പ്പെട്ട വലിയ ഗായകരുടെ പാട്ടുകള്‍ കൂടുതല്‍ കേട്ടു തുടങ്ങിയപ്പോളാണ് ഖരാനകളുടെ അതിരുകള്‍ക്കപ്പുറമാണ് സംഗീതമെന്നു മനസ്സിലായത്. 1994ഓടെ പഠനം പൂര്‍ത്തിയാക്കി പുറത്തുവന്നു. ഇതോടെ വ്യത്യസ്തനായ ഒരു ഗായകന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു.  

2006ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച റാഷിദ് ഖാന്  കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (2006), ഗ്ലോബല്‍ ഇന്ത്യന്‍ മ്യൂസിക് അക്കാദമി അവാര്‍ഡ് (2010), മഹാ സംഗീത് സമ്മാന്‍ അവാര്‍ഡ് (2012), മിര്‍ചി മ്യൂസിക് അവാര്‍ഡ് (2013) തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.  വിവിധ ഹിന്ദുസ്ഥാനി രാഗങ്ങളുടെ വൈവിധ്യമാര്‍ന്ന ആലാപനങ്ങള്‍ക്കു പുറമേ ഉസ്താദ് റാഷിദ് ഖാന്റെ വേറിട്ട ശബ്ദത്തില്‍ അനേകം ബന്ദിഷുകളും ഖയാലുകളും റിക്കാര്‍ഡു ചെയ്യപ്പെട്ടിട്ടുണ്ട്.  ലോകമെങ്ങുമുള്ള സംഗീതവേദികളില്‍ നിറസാന്നിധ്യമാണ് ഈ 52കാരന്‍.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT