അതിസങ്കീര്‍ണ്ണ മനുഷ്യ ബന്ധങ്ങളുടെ മനോഹര ദൃശ്യാനുഭവം

മികച്ച സംവിധാനത്തിനുള്ള  ഓസ്‌കാര്‍ അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ജെയിന്‍ കാംപിയന്റെ 'The power of the dog' എന്ന  സിനിമയെക്കുറിച്ച്
അതിസങ്കീര്‍ണ്ണ മനുഷ്യ ബന്ധങ്ങളുടെ മനോഹര ദൃശ്യാനുഭവം

22-ാം സങ്കീര്‍ത്തനം നമുക്ക് സുപരിചിതമാണ്. യേശുക്രിസ്തു കുരിശില്‍ കിടന്നുകൊണ്ട് ഉരുവിട്ടത്  ഇതിലെ  ആദ്യ വാക്യമാണല്ലോ. ദാവീദിന്റെ ഈ സങ്കീര്‍ത്തനത്തിലെ 20ാം വാക്യം പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ പീറ്റര്‍ കാഴ്ചക്കാരെ വായിച്ചു കേള്‍പ്പിക്കുന്നു  ചിത്രത്തിന്റെ അവസാനത്തിനു തൊട്ടുമുന്‍പ്. എന്തായാലും യേശു ക്രിസ്തുവിന്റെ 'ശത്രുവിനോടു    സ്‌നേഹം കാണിക്കുക' എന്ന ഉപദേശമല്ല സങ്കീര്‍ത്തന കര്‍ത്താവായ ദാവീദിന്റെ, 'മിത്രങ്ങളെ സ്‌നേഹിക്കുക, ശത്രുവിനെ പകക്കുക' എന്ന കല്പനയാണ് പീറ്ററിന് സ്വീകാര്യം എന്ന് പ്രേക്ഷകന് അതിനോടകം മനസ്സിലായിട്ടുണ്ടാവും. പീറ്ററിന്റെ തന്നെ ശബ്ദത്തില്‍ തന്റെ നിലനില്‍പ്പിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ഏതാനും വാക്യങ്ങള്‍ കേള്‍പ്പിച്ചുക്കൊണ്ടാണ് സിനിമ തുടങ്ങുന്നതുതന്നെ.

'എന്റെ അച്ഛന്‍ കടന്നുപോയപ്പോള്‍ എന്റെ അമ്മയുടെ സന്തോഷത്തേക്കാള്‍ കൂടുതല്‍ ഒന്നും എനിക്കു വേണ്ടിയിരുന്നില്ല; എന്തുകൊണ്ടെന്നാല്‍ ഞാന്‍ എന്തുതരം മനുഷ്യനായിരിക്കും അമ്മയെ സഹായിച്ചില്ലെങ്കില്‍?' അല്പം നിര്‍ത്തി അയാള്‍ തുടരുന്നു. 'അമ്മയെ രക്ഷിച്ചില്ലെങ്കില്‍', ക്രൂരനായ ഒരു നായയുടെ ശക്തിയില്‍നിന്നും അമ്മയെ രക്ഷിക്കാന്‍ അയാള്‍ നടത്തുന്ന യജ്ഞമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ആരാണ് ആ ശത്രു?

പ്രബലനാണ്. സിനിമയിലെ പ്രധാന കഥാപാത്രമായ ഫില്‍ എന്ന ഫില്‍ ബര്‍ബാങ്ക് (ബെനഡിക്റ്റ് കംബര്‍ ബാച്ച്). പശുപാലകന്‍, ഒരു റാഞ്ചിന്റെ ധാരാളം പശുക്കളും അവയ്ക്കായി  വിശാലമായ മേച്ചില്‍പ്പുറങ്ങളും താമസിക്കാന്‍ ഒരു നല്ല വീടും എല്ലാം ഉള്‍പ്പെടുന്ന ഒരു ഗോശാലയാണ് റാഞ്ച്. ഉടമസ്ഥരായ രണ്ട് അവിവാഹിതരില്‍ മൂത്തയാള്‍. കാലം 1925; സ്ഥലം പടിഞ്ഞാറന്‍ ഐക്യനാടുകളിലെ മൊണ്ടാന. ഒരു കൗമാരക്കാരന്റെ ശബ്ദത്തില്‍ മുകളില്‍ പറഞ്ഞ വാക്യം  കേട്ട് കഴിയുമ്പോള്‍  വലിയൊരു പശുക്കൂട്ടം വെള്ളിത്തിരയില്‍. പശുക്കളുടെ അമറല്‍ കൗബോയ്‌സിന്റെ  ഒച്ചപ്പാടുകള്‍ തമ്മില്‍ തലകൊണ്ടിടിക്കുന്ന രണ്ടു പശുക്കുട്ടികളിലൊന്നിനെ അതിന്റെ തള്ള വന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോകുന്നു. അവിടെ, കുതിരപ്പുറത്ത്, അഴുക്കുപുരണ്ട കൗബോയ് ജീന്‍സും ഷര്‍ട്ടും ഹാറ്റും ധരിച്ച ഫില്‍ രൂക്ഷമായ, ഒന്നിനേയും കൂസാത്ത മുഖഭാവം, തനിക്ക് താന്‍പോരിമ വ്യക്തമാക്കുന്ന സംസാരരീതിയും ചലനങ്ങളും; മെലിഞ്ഞ അരോഗദൃഢഗാത്രന്‍. ഒപ്പം അനിയന്‍  ജോര്‍ജ് (ജെസ്സേ പ്ലിമോണ്‍സ്). ജോര്‍ജ് വൃത്തിയില്‍ വസ്ത്രം ധരിക്കുന്ന ആളാണ്. കോട്ടും ടൈയുമൊക്കെയായി. അയാള്‍ക്ക് കൗബോയുടെ എന്നതിനേക്കാള്‍ ഉടമസ്ഥന്റെ ഛായയാണ്. അയാള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നത് റാഞ്ചിനു പുറത്ത് മിക്കവാറും കുതിരയല്ല ആയിടെ പുറത്തിറങ്ങിയ ഫോര്‍ഡിന്റെ ആദ്യ മോഡല്‍ മോട്ടോര്‍ കാര്‍ ആണ്. ഫില്‍ ആ കാര്‍ ഉപയോഗിക്കുന്നതായി കാണുന്നതേയില്ല. പിന്നില്‍ പശുക്കൂട്ടം, വിശാലമായ പുല്‍പ്പരപ്പ്, അതിനു പിന്നില്‍ മലനിരകള്‍. സംഘം ബീച്ച് എന്ന സ്ഥലത്തേക്ക് യാത്രപോവുകയാണ്. ആഘോഷിക്കാന്‍. ഈ റാഞ്ച് നമ്മളേറ്റെടുത്ത് വിജയകരമായി നടത്താന്‍ തുടങ്ങിയിട്ട് 25 വര്‍ഷം തികയുന്നു. ഫില്‍ അനിയനോടു പറഞ്ഞു:

'നമ്മളെ നല്ല റാഞ്ചര്‍മാരാക്കിയ ബ്രോംകോ ഹെന്ററിയേയും നമ്മള്‍ക്ക് ഓര്‍ക്കേണ്ടതുണ്ട്.' 23  വര്‍ഷം മുന്‍പു മരിച്ചുപോയ, ഒരിക്കലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാത്ത  ബ്രോംകോ ഹെന്ററി ഈ സിനിമയിലെ ഒരു  പ്രധാന കഥാപാത്രമാണ്. ബ്രോകോം ഹെന്ററിയും ഫിലുമായുള്ള ബന്ധം ഫിലും സഹോദരന്‍ ജോര്‍ജുമായുള്ള ബന്ധം പോലെ തന്നെ സങ്കീര്‍ണ്ണമാണ്. സഹോദരന്മാരുടെ വേഷത്തിലുള്ള വൈജാത്യം അവരുടെ പെരുമാറ്റരീതികളിലും സ്വഭാവത്തിലുമുണ്ട്. ഫിലിനു ബ്രോംകോ ഹെന്ററിയോടു സ്‌നേഹവും കടപ്പാടും ആരാധനയും മാത്രമല്ല, വിധേയത്വവുമുണ്ടായിരുന്നുവെന്നതിന് അയാളുടെ വാക്കുകള്‍തന്നെ തെളിവ്.

ജോര്‍ജിന്റെ കാര്യത്തില്‍ ആ ബന്ധം തിരിച്ചിട്ടതുപോലെയാണ്. സഹോദരന്മാര്‍ ഒരുമിച്ചു നടക്കുന്നു, ഒരുമിച്ചുറങ്ങുന്നു. ഫിലിന് ജോര്‍ജിനെ കൂടാതെ അധികം സമയം കഴിക്കാന്‍ കഴിയുകയില്ലെന്നു തോന്നും. ഉദാഹരണത്തിന് ബീച്ചിലെ റോസിന്റെ റസ്റ്റോറന്റില്‍ വെച്ചു നടന്ന സല്‍ക്കാരത്തിന് ആമുഖമായ ആശംസ പറയാന്‍ ഫില്‍ വിസമ്മതിക്കുന്നു. Not without my brother- ജോര്‍ജ് വരാന്‍ അല്പം  വൈകി. അയാള്‍ വന്നതിനുശേഷമാണ് ഫില്‍ ആശംസ നേര്‍ന്നത്... അന്ന് രാത്രി വൈകി ഹോട്ടല്‍മുറിയില്‍ ഫില്‍, ജോര്‍ജിനെ കണ്ടില്ല. അയാള്‍ അസ്വസ്ഥനാവുന്നു.

ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ. ജോര്‍ജ് കുറേ താമസിച്ചാണ് വന്നത്. ചിത്രത്തിലെ സൂചനകള്‍ മനസ്സിന്റെ അബോധതലങ്ങളാണ് പ്രേക്ഷകന് അനാവരണം ചെയ്യുന്നത്. ഫിലിന് ജോര്‍ജിനോടുള്ള ബന്ധത്തെ സ്വവര്‍ഗ്ഗ അഭിനിവേശം എന്നു വിശേഷിപ്പിക്കുന്നത് കടന്ന കൈയായിരിക്കും. ഒട്ടും സൗമ്യതയില്ലാത്തവനെങ്കിലും സഹോദര ബന്ധത്തിന്റെ പവിത്രത ഫില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. പക്ഷേ, തീവ്രമായ ഒരു ബന്ധമാണ് അയാള്‍ക്ക് അനിയനോടുള്ളത് അനിയനോ?

ദ പവർ ഓഫ് ​ദ ഡോ​ഗ്
ദ പവർ ഓഫ് ​ദ ഡോ​ഗ്

അതിന് നമുക്ക് ചിത്രത്തിന്റെ തുടക്കം മുതല്‍  ശ്രദ്ധിക്കേണ്ടതുണ്ട്. ബീച്ചില്‍ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുമ്പോള്‍ മേശപ്പുറത്തിരുന്ന കടലാസുപൂക്കള്‍ ഫിലിന്റെ ശ്രദ്ധയില്‍പ്പെട്ടു.  വെയിറ്ററായി അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍, ഉടമസ്ഥയും പാചകക്കാരിയുമൊക്കെയായ റോസ് ഗോര്‍ഡന്‍ എന്ന യുവവിധവയുടെ മകന്‍ പീറ്റര്‍ അത് താനാണ് ഉണ്ടാക്കിയതെന്നു പറഞ്ഞു. പീറ്ററുടെ സ്‌ത്രൈണത എന്നവര്‍ക്ക് തോന്നിയ സ്വഭാവരീതിയെ ഫിലും കൂട്ടാളികളും പരിഹസിക്കുന്നു. ആണത്തം ആഘോഷിക്കുന്നവരാണല്ലോ അവര്‍. അതിലൊരു പൂവ് തന്റെ സിഗരറ്റുകൊളുത്താന്‍ വേണ്ടി കത്തിക്കുന്നുമുണ്ട്  ഫില്‍. പീറ്റര്‍ ദുഃഖിതനായി റസ്റ്റോറന്റിന്റെ പുറത്തേക്കു പോകുന്നു. ഫിലും കൂട്ടുകാരും ജോര്‍ജെഴികെ, അതൊന്നും ശ്രദ്ധിക്കുന്നില്ല. അവര്‍ ഭക്ഷണം കഴിച്ചുപോകുന്നു. ജോര്‍ജ് അമ്മയ്ക്കും മകനുമുണ്ടായ ഭാവപകര്‍ച്ചകള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ അവിടെ നിന്നു. റോസ് കരയുകയായിരുന്നു. ജോര്‍ജ് അവരെ ആശ്വസിപ്പിക്കുന്നു.  അങ്ങനെയാണ് അയാള്‍ ഹോട്ടലില്‍ വൈകിയെത്തിയത്. അയാള്‍ ഫിലിനോട് അവര്‍ക്കുണ്ടായ പ്രയാസത്തെക്കുറിച്ച് പറയുകയും ചെയ്തു. മകനെ ആണായി വളര്‍ത്താന്‍ അവര്‍ ശ്രമിക്കട്ടെ എന്നായിരുന്നു ഫിലിന്റെ മറുപടി.

എന്തായാലും ജോര്‍ജ്  വീണ്ടും ആ റസ്റ്റോറന്റില്‍ പോയി. ഒരു ആത്മഹത്യാ വിധവയുടെ  കൂട്ട്‌കെട്ട് നല്ലതല്ലെന്നും മകനെ കോളേജില്‍ പഠിപ്പിക്കാന്‍ ആവശ്യമായ ഡോളര്‍ തട്ടിയെടുക്കാനുള്ള പരിപാടിയാണിതൊക്കെയെന്നും   ജ്യേഷ്ഠന്‍ പറഞ്ഞത് അയാള്‍ കാര്യമാക്കിയില്ല. 'ഞാന്‍ കഴിഞ്ഞ ഞായറാഴ്ച റോസിനെ വിവാഹം കഴിച്ചു'  അയാള്‍ പറഞ്ഞു. ഈ വാര്‍ത്ത, ഒപ്പം അതു പറഞ്ഞ രീതി, ലാഘവം ഒക്കെ  കരുത്തനായ ആ മനുഷ്യനില്‍ ഉണ്ടാക്കിയ പ്രതികരണങ്ങളുടെ, അവ മറ്റുള്ളവരില്‍ പ്രത്യേകിച്ച് മിസ്സിസ് ബര്‍ബങ്കായി മാറിയ റോസിലും അവരുടെ മകന്‍  ഇതിനോടകം മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നുകഴിഞ്ഞിരുന്നു.

പീറ്റര്‍ ഗോള്‍ഡിലും ഉണ്ടാക്കിയ ആഘാതങ്ങളുടെ മനോഹരമായ ദൃശ്യവല്‍ക്കരണമാണ് പിന്നീടങ്ങോട്ട് നാം കാണുന്നത്. പീറ്ററിനെ മെഡിക്കല്‍ സ്‌കൂളിലാക്കിയിട്ട് ജോര്‍ജ്  റോസിനൊപ്പം  കാറില്‍ റാഞ്ചിലേക്ക് വരുംവഴി കുന്നുംപുറത്ത് ഒരു പിക്‌നിക്ക് സ്‌പോട്ടില്‍ ഇറങ്ങുന്നുണ്ട്. അവിടെ റോസ് ജോര്‍ജിനെ നൃത്തച്ചുവടുകള്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പച്ചവിരിച്ച കുന്നിന്‍പുറം, പിന്നില്‍ നീല കുന്നുകള്‍, മനോഹരമായ  പശ്ചാത്തല സംഗീതം, മങ്ങിത്തുടങ്ങിയ വെളിച്ചം. ജോര്‍ജ് വികാരധീനനായി.  അയാള്‍ റോസിനോടു പറഞ്ഞു: 'ഒറ്റക്കല്ലാതാവുന്നത് (Not to be alone) എത്ര സന്തോഷകരമാണ് റോസ്.' ഹൃദയഹാരിയായ ആ രംഗം കണ്ടിരിക്കുമ്പോള്‍  പക്ഷേ, വിവേകിയായ  ഒരു പ്രേക്ഷകന് മൂര്‍ഖനും കരുത്തനുമായ ആ ജ്യേഷ്ഠനെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല. എപ്പോഴും ചിറകിനടിയില്‍ അനിയനെ കാത്തുസൂക്ഷിച്ച, പഠിക്കാന്‍ കൊള്ളാതിരുന്ന അവനെ ധനികനായ റാഞ്ചറാക്കി മാറ്റിയ ജ്യേഷ്ഠന്റെ കരുതല്‍ അവന് ഒന്നുമായിരുന്നില്ല. ജോര്‍ജ് ജ്യേഷ്ഠനെ സ്‌നേഹിച്ചിരുന്നില്ല എന്നു പറയുന്നത് ശരിയല്ല. പക്ഷേ, അയാള്‍ക്ക് ഏതൊരു സാധാരണ വ്യക്തിയേയും പോലെ   എതിര്‍ലിംഗത്തില്‍പ്പെട്ട  ഒരു കൂട്ടുവേണമായിരുന്നു. അതു കിട്ടുന്നതുവരെ അയാള്‍ക്ക്   ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിരുന്നിരിക്കണം.

നിത്യഏകാന്തതയ്ക്ക് വിധിക്കപ്പെട്ടവന്റെ ആദ്യരാത്രി

റാഞ്ചിലെത്തിയ റോസ് ഫിലിനോട് അടുക്കാന്‍ ഒരു ശ്രമം നടത്തി. 'ബ്രദര്‍ ഫില്‍' പുതിയ ബന്ധത്തിന്റെ ഊഷ്മളതയോടെ അവര്‍ ഫിലിനോട് ലോഹ്യം പറഞ്ഞു: 'It was a  nicet rip' 'അയാം നോട്ട് യുവര്‍ ബ്രദര്‍'  അറുത്തുമുറിച്ചായിരുന്നു ഫിലിന്റെ മറുപടി. ഫിലിനു ആ കൂടിക്കാഴ്ച അരോചകമായിരുന്നു... രാത്രി അനിയന്‍  കൂടെയില്ല... അയാള്‍ക്ക് വേറെ കിടപ്പുമുറി. അവിടെ ആദ്യരാത്രി ആഘോഷിക്കപ്പെടുകയാണ്. കളിയും ചിരിയും അടക്കിപ്പിടിച്ച സംസാരവും രതിയുടെ ശബ്ദങ്ങളും ഫിലിനെ ഭ്രാന്തുപിടിപ്പിച്ചു. അയാള്‍ ഇറങ്ങിനടന്നു. ബ്രോംകോ ഹെന്ററിയുടെ സ്മാരകമായി സൂക്ഷിച്ചിരുന്ന  ജീനിയുടെ അടുത്തെത്തി അതിനെ തഴുകി. സ്വയംഭോഗത്തിലേര്‍പ്പെട്ടു. പൂര്‍ണ്ണ നഗ്‌നനായി മേലാകെ മണ്ണുതേച്ചു കാട്ടാറില്‍ച്ചാടി നീന്തി.  നമ്മള്‍ നേരത്തെ കുന്നുംപുറത്തു കണ്ട രംഗത്തിന്റെ ഒരു വിപരീത ദൃശ്യം. നിത്യമായ ഏകാന്തതയ്ക്ക് വിധിക്കപ്പെട്ടവന്റെ ആദ്യരാത്രി. ചിരപരിചിതയായ വനകല്ലോലിനി, കാടുപിടിച്ച വിശാലമായ പുല്‍പരപ്പ്, അകലെ അബോധമനസ്സുപോലെ  അവ്യക്തമായ മലനിരകള്‍, നിരാശയും ദുഃഖവും സൂചിപ്പിക്കുന്ന പശ്ചാത്തല സംഗീതം. മറ്റൊരു ദൃശ്യശ്രാവ്യ  അനുഭവം പ്രേക്ഷകന്, അര്‍ത്ഥഗര്‍ഭവും രസനീയവുമായ ഒന്ന്.

അടുത്തൊരു ദിവസം വിവാഹത്തിന്റെ വിരുന്നിന് ഗവര്‍ണറും പത്‌നിയും വരുന്നുണ്ട്. വിരുന്നിനു  കുളിച്ചിട്ട് വന്നാല്‍ നന്നായിരിക്കുമെന്ന് ജോര്‍ജ് ഫിലിനോടു നിര്‍ദ്ദേശിച്ചു. തനിക്ക് നാറ്റമുണ്ടെന്നും തനിക്ക് അതിഷ്ടമാണെന്നും ഫിലിന്റെ മറുപടി. 'I stink  and I like it.' ഗവര്‍ണറും പത്‌നിയും ഫിലിനെയാണ് ആദ്യം അന്വേഷിച്ചത്. ഫില്‍  യെയില്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പ്രശസ്തമായ രീതിയില്‍ ബിരുദം നേടിയ ആളാണ്. വിഷയം ക്ലാസ്സിക്ക് സാഹിത്യം. ഈ വിവരം പ്രേക്ഷകന്‍  അപ്പോളാണ് മനസ്സിലാക്കുന്നത്, ലേശം അമ്പരപ്പോടെ. അപ്പോള്‍ പശുക്കളെ ചീത്ത വിളിക്കുന്നതിന്  ഗ്രീക്കിലോ ലാറ്റിനിലോ എന്ന തമാശ ചോദ്യം ചോദിക്കുന്നുണ്ട്  ഗവര്‍ണര്‍. എന്തായാലും പാര്‍ട്ടി കഴിയാന്‍ നേരത്താണ് ഫില്‍ വരുന്നത്. 'ഞങ്ങള്‍ താങ്കളെ കാത്തിരിക്കുകയായിരുന്നു'  എന്നു പറഞ്ഞ് അടുത്തേക്കു ചെന്ന ഗവര്‍ണറോട് ഫില്‍ പറഞ്ഞു, 'മാറി നിന്നാല്‍ മതി, എന്റെ ദേഹത്തിനു  നാറ്റമുണ്ട്' എന്ന്. അപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞ മറുപടി മദ്ധ്യവര്‍ഗ്ഗ മലയാളിയായ എനിക്ക് ഉള്ളില്‍ തട്ടി. 'താങ്കള്‍ ഒരു പശുപാലകനല്ലേ. അഴുക്കുണ്ടാവും. That is honest dirt' എന്ന് അദ്ധ്വാനത്തിന്റെ വിയര്‍പ്പുമണമുള്ളവനെ നാറി എന്നു വിളിച്ചു പരിഹസിക്കുന്ന,  നാറി എന്നത് അങ്ങനെയൊരു  തെറിവാക്കായി മാറ്റിയ മലയാളിക്ക് ചിന്തിക്കാനുള്ള വകയുണ്ട്  ആ വാക്യത്തില്‍.

ആ പാര്‍ട്ടി റോസിന് വലിയൊരു പീഡാനുഭവമായിരുന്നു. പണ്ട് സിനിമാപുരകളില്‍ പിയാനോ  വായിച്ചിരുന്ന അവരെക്കൊണ്ട്  വിരുന്നിനു പിയാനോ വായിപ്പിക്കണമെന്നു ജോര്‍ജിനു നിര്‍ബന്ധം. അതിനുവേണ്ടി അയാള്‍ ഒരു പുതിയ പിയാനോ   വാങ്ങി. പക്ഷേ, അതില്‍  നേരെ ചൊവ്വേ പ്രാക്ടീസ് ചെയ്യാന്‍ റോസിനു കഴിഞ്ഞില്ല.  ഫിലിന്റെ സാന്നിദ്ധ്യം അവരെ സംഭ്രമിപ്പിച്ചു. ഫില്‍ നന്നായി ബെന്‍ജോ വായിക്കും. റോസിന്റെ പിയാനോയില്‍ അപ്പോഴൊക്കെ അപസ്വരങ്ങളാണുയരുന്നത്. പാര്‍ട്ടിക്ക് വായിക്കാന്‍ ചെന്നിരുന്ന അവര്‍ക്ക് ഒരു സ്വരം പോലും  വായിക്കാന്‍ കഴിഞ്ഞില്ല. 'അവര്‍ പിയാനോ വായിച്ചില്ലേ, പ്രാക്ടീസ് ചെയ്തിരുന്നല്ലോ' എന്ന് ഒടുവില്‍ വന്നുകയറിയ ഫില്‍ പറയുക കൂടി ചെയ്തപ്പോള്‍ റോസിന്റെ മനോനില താറുമാറായി. പാര്‍ട്ടി പിരിഞ്ഞുകഴിഞ്ഞപ്പോള്‍ അതിഥികളിലാരോ കുടിക്കാതെ വെച്ചിരുന്ന മദ്യഗ്ലാസ്സെടുത്തു കുടിച്ചുതീര്‍ത്തു റോസ്, ഒരു ബാര്‍ റസ്റ്റോറന്റ് നടത്തിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഒരു തുള്ളി കുടിക്കാതിരുന്ന റോസ്!

ഫില്‍ റോസിനോട് ഒന്നും പറയാറുണ്ടായിരുന്നില്ല. അവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഒന്നും പ്രവര്‍ത്തിച്ചിരുന്നുമില്ല   അയാളുടെ അനിഷ്ടം പക്ഷേ,  അയാള്‍  മറച്ചുവെച്ചിരുന്നില്ല. പക്ഷേ, റോസിന് അയാളുടെ സാന്നിദ്ധ്യം പോലും  അസുഖകരവും ഭീതിജനകവുമായിരുന്നു. ഭര്‍ത്താവ് മരിച്ചപ്പോള്‍ തൊഴിലെടുത്ത് തന്റേയും മകന്റേയും ജീവിതം മുന്‍പോട്ടു കൊണ്ടുപോയ റോസിന് പക്ഷേ, റാഞ്ചില്‍  പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ഒപ്പം സംസാരിക്കാന്‍ കൂടി ഒരാളില്ലാത്ത അവസ്ഥയും. അവര്‍ മദ്യത്തില്‍ അഭയം തേടി.   ചുരുങ്ങിയകാലം കൊണ്ട് അവര്‍ ഒരു  ആല്‍ക്കഹോളിക്കായി മാറി. ആയിടയ്ക്ക്  ഫിലിനോടുള്ള എതിര്‍പ്പ് ഒരിക്കല്‍ അവര്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി ഫില്‍ സൂക്ഷിച്ചിരുന്ന തോല്‍  റോസ് അറിഞ്ഞുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്ക് വില്‍ക്കുന്നു. 'എന്റെ ഭര്‍ത്താവാണ് ഈ റാഞ്ചിന്റെ ഉടമസ്ഥനെ'ന്ന് പ്രഖ്യാപിക്കുന്നു. തുടര്‍ന്നവര്‍ കുഴഞ്ഞുവീഴുന്നു. ഈ സിനിമയിലെ ഏറ്റവും രസനീയവും ചിന്തനീയവുമായ രംഗങ്ങളിലൊന്നാണിത്. ഈ സംഭവവും അവരുടെ അവസ്ഥയില്‍ പക്ഷേ,  മാറ്റമൊന്നുമുണ്ടാക്കിയില്ല. അവരുടെ മകന്‍ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന പീറ്റര്‍, പണ്ട് റെസ്റ്റോറന്റില്‍ സഹായിയായിരുന്ന ആ ചെറുപ്പക്കാരന്‍ ഒരൊഴിവുകാലത്ത് റാഞ്ചിലെത്തുന്നു. പൗരുഷം കുറഞ്ഞവനെന്ന പേരില്‍ ഫിലിന്റേയും കൗബോയിസിന്റേയും അവഹേളനം റാഞ്ചിലും തുടരുന്നുണ്ട്. മിസ്സ് നാന്‍സി, സിസി എന്നു തുടങ്ങി ഫാഗട്ട് എന്ന അശ്ലീലപദം വരെ അയാള്‍ക്കെതിരെ ഉപയോഗിക്കുന്നുണ്ടവര്‍. പീറ്റര്‍ അത് കാര്യമാക്കിയിരുന്നില്ല. പക്ഷേ, തന്റെ അമ്മയുടെ അവസ്ഥ അയാള്‍ക്ക് മനസ്സിലായി. അതിന്റെ കാരണമെന്താണെന്നും. ഒരു ദിവസം മദ്യപിച്ച് ലക്കുകെട്ട് നിലവിട്ട് സംസാരിച്ച അമ്മയോട് അയാള്‍ പറയുന്നുണ്ട്: 'അമ്മേ, അമ്മ ഇതു ചെയ്യാന്‍ പാടില്ല, ചെയ്യേണ്ടിവരില്ല എന്ന് ഞാന്‍ ഉറപ്പാക്കും' എന്ന്. ആ വാക്കു പാലിക്കാനുള്ള അയാളുടെ ശ്രമങ്ങളാണ് പിന്നീട് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നതും പരിസമാപ്തിയിലെത്തിക്കുന്നതും.

ദ പവർ ഓഫ് ​ദ ഡോ​ഗ് എന്ന ചിത്രത്തിലെ രം​ഗങ്ങൾ
ദ പവർ ഓഫ് ​ദ ഡോ​ഗ് എന്ന ചിത്രത്തിലെ രം​ഗങ്ങൾ

പ്രതീകാത്മക ദൃശ്യശ്രാവ്യവത്കരണം

ഫിലിന്റെ പെട്ടെന്നുള്ള മരണം ആകസ്മികമല്ല ആസൂത്രിതമാണെന്നുള്ള സൂചനകള്‍ ചിത്രത്തിലുണ്ട്. പക്ഷേ, സൂക്ഷ്മദൃക്കുകളായ പ്രേക്ഷകര്‍ പോലും അതത്ര ശ്രദ്ധിച്ചിരിക്കാന്‍ ഇടയില്ല. ഒടുവില്‍ സങ്കീര്‍ത്തന പുസ്തകത്തിലെ നായയുടെ ശക്തിയെക്കുറിച്ചുള്ള  വാക്യം തേടിപ്പിടിച്ച് പീറ്റര്‍ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ അവയെക്കുറിച്ചൊക്കെ ആലോചിക്കുന്നത്. റെസ്റ്റോറന്റിലും പിന്നീട്   റാഞ്ചിലും  വെച്ച് ഫിലും കൂട്ടരും മോശം പദങ്ങളുപയോഗിച്ച് സംബോധന ചെയ്തുകൊണ്ട് അവഹേളിച്ചപ്പോഴും ഫില്‍ പിന്നീട് തന്നെ സുഹൃത്തായി കണ്ട്  കുതിരസവാരി അഭ്യസിപ്പിക്കുമ്പോഴും അയാള്‍ പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ, അയാളുടെ നിശ്ചയദാര്‍ഢ്യം പ്രേക്ഷകന് പ്രകടമായിരുന്നു. അയാള്‍ക്ക്  തന്റെ അമ്മയെ രക്ഷപ്പെടുത്തണമായിരുന്നു. അതയാള്‍ ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ നമ്മളോടു അരൂപിയായി നിന്നുകൊണ്ട് പറയുന്നുണ്ടല്ലോ. പൗരുഷം കുറഞ്ഞ പെരുമാറ്റരീതിയുടെ മുഖപടമണിഞ്ഞ ശക്തനും ലക്ഷ്യബോധമുളളവനും നിഷ്‌കണ്ടകനുമായ നവയുവാവിനെ  തന്മയത്വത്തോടെ വെള്ളിത്തിരയിലവതരിപ്പിച്ചിരിക്കുന്നത് കോഡിസ്മിത്ത് മക്ക് ഫ്രി എന്ന യുവ ആസ്ട്രിലിയന്‍ നടനാണ്. ഏറ്റവും നല്ല സഹനടനുളള  ഓസ്‌കാര്‍ നോമിനേഷന്‍ മക്ക് ഫ്രിക്ക്  ലഭിച്ചിരുന്നു.  തികച്ചും ന്യായമായ ഒരു നാമനിര്‍ദ്ദേശം. ഇത് പക്ഷേ, ഫില്‍ ബര്‍ബങ്കിന്റെ ദുരന്തകഥയാണ്. 

നേരത്തെ വിശദീകരിച്ചിട്ടുള്ളതുപോലെ  പ്രശസ്തമായ ഒരു യൂണിവേഴ്‌സിറ്റിയില്‍നിന്ന്  ക്ലാസിസത്തില്‍   ബിരുദം നേടിയ അയാള്‍ പശുപാലകരിലൊരാളായി അവരുടെ ഭാവഹാദികളോടെ, അവരുടെ വേഷവിധാനത്തോടെ ജീവിക്കുന്നു. പരുക്കന്‍ പെരുമാറ്റരീതി  പിന്തുടരുന്നു. കൗബോയ്‌സില്‍ സാധാരണയായ ആണഹന്ത അയാളിലുമുണ്ട്. പക്ഷേ, അയാള്‍ ആരോടും ഒരു വിരോധവും വെച്ചുപുലര്‍ത്തുന്നില്ല. തനിക്ക് അനിഷ്ടം തോന്നിയിട്ടുള്ള റോസിനോട് പോലും ഒരു പ്രതിഷേധപ്രകടനം പോലെ റോസ് തോല്‍  വിറ്റപ്പോള്‍  പോലും അയാള്‍ അവരോട് ഒന്നും പറഞ്ഞില്ല. തന്റെ അമര്‍ഷം തന്റേതായ രീതിയില്‍ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. അവള്‍ അയാളെ ഭയപ്പെടുന്നുവെങ്കില്‍, അയാളുടെ സാന്നിദ്ധ്യം അവര്‍ക്ക് സംഭ്രമമുണ്ടാക്കുന്നുവെങ്കില്‍ അയാള്‍ക്കെന്തുചെയ്യാന്‍ കഴിയും? 

റോസ് ആല്‍ക്കഹോളിക്കായി മാറുന്നത് ഫിലിന്റെ ശ്രദ്ധയില്‍പ്പെടുന്നുണ്ട്. അതിലയാള്‍ സന്തോഷിക്കുന്നില്ല എന്നു മാത്രമല്ല,  അവരെ അതില്‍നിന്ന് മോചിപ്പിക്കുവാന്‍ അവരുടെ മകനോട് അയാള്‍ ആവശ്യപ്പെടുന്നുമുണ്ട്. അയാള്‍ വിദ്യാസമ്പന്നന്‍ മാത്രമല്ല, കലാഹൃദയമുള്ളവനുമാണ്. നന്നായി ബന്‍ജോ വായിക്കും. പിയാനോയില്‍ റോസിന്റെ അപസ്വരങ്ങള്‍ ഉതിര്‍ന്നപ്പോള്‍ അതേ മെലഡി അയാള്‍ ബന്‍ജോയില്‍ ശ്രുതിമധുരമായി സ്വരതാളലയബന്ധമായി വായിച്ചത് ഈ സിനിമയിലെ ഏറ്റവും നല്ല രംഗങ്ങളിലൊന്നാണ്. ജീവിതത്തിലെ അപസ്വരങ്ങളും താളപ്പിഴകളും രൂപപ്പെടുത്തുന്നതിന്റെ പ്രതീകാത്മകമായ ദൃശ്യശ്രാവ്യവല്‍ക്കരണമാണല്ലോ അത്. പരുക്കനും ശഠനുമൊക്കെയായ  ഫില്‍ തരളിതനാവുന്ന  ചില രംഗങ്ങളുണ്ട്. ബ്രോംകോ ഹെന്ററിയെക്കുറിച്ച് പറയേണ്ടിവരുമ്പോഴാണിത്. മലമുകളില്‍ കടുത്ത ശൈത്യത്തില്‍ ബ്രോംകോം ഹെന്ററി തന്റെ ശരീരം അയാളുടെ ശരീരത്തോട് ചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയ സംഭവം പീറ്ററോടു വര്‍ണ്ണിക്കുമ്പോള്‍ ഫിലിന്റെ മുഖത്തു തെളിയുന്ന ലജ്ജ കലര്‍ന്ന ചിരിയും തരളതയും അനുഭവമാത്രവേദ്യമാണ്.

മറ്റാളുകള്‍ എങ്ങനെ ചിന്തിക്കുന്നു, തന്റെ പെരുമാറ്റം അവരിലുണ്ടാക്കുന്ന മനോഭാവം എന്ത് എന്നൊക്കെ തിരിച്ചറിയുന്നതില്‍  ഫില്‍ പരാജയപ്പെടുന്നു. അതായിരുന്നു അയാളുടെ ഹമാര്‍ഷ്യ. ബനഡിക്റ്റ് കംബര്‍മാച്ചാണ് ഫിലിന്റെ റോളില്‍ തിരനിറഞ്ഞാടിയിരിക്കുന്നത്. നല്ല നടനുള്ള  ഓസ്‌കാര്‍ നോമിനേഷന്‍ കംബര്‍മാച്ചിനുണ്ടായിരുന്നു. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനയപ്രകടനങ്ങളിലൊന്നാണ് ഈ സിനിമയില്‍  കംബര്‍ മാച്ചിന്റേത്.

ആണഹന്തതയുടെ ഗാഥയെന്ന് പാശ്ചാ ത്യ നിരൂപകര്‍ വിളിച്ച  ഈ ചിത്രത്തെ റോസ് എന്ന സ്ത്രീയുടെ ദുരിതകഥയുടെ ആവിഷ്‌കാരമായും കാണാം. അമിതമായ മദ്യപാനം കാരണമാണ് അവരുടെ ആദ്യ ഭര്‍ത്താവ് മരിച്ചത്. സിനിമാപുരകളില്‍ പിയാനോ വായിച്ചും പിന്നീട് സ്വന്തമായി റസ്റ്റോറന്റ് നടത്തിയും  മകനെ പോറ്റിയിരുന്ന അവര്‍ക്ക് ഒരു കൈത്താങ്ങായി എത്തിയതായിരുന്നല്ലോ ജോര്‍ജ് ബര്‍ബങ്ക്. ജോര്‍ജിനെ വിവാഹം കഴിച്ച് റാഞ്ചിലെത്തിയ  റോസിന് അവിടെ അനുഭവിക്കേണ്ടിവന്ന ദുരിതത്തെപ്പറ്റി നേരത്തെ പറഞ്ഞുകഴിഞ്ഞു. ഫിലിനോടുള്ള ഭയം മിക്കവാറും അവരുടെ മനസ്സിന്റെ സൃഷ്ടിയായിരുന്നു. എങ്കിലും അവരെ സംബന്ധിച്ചിടത്തോളം അത് യാഥാര്‍ത്ഥ്യമായിരുന്നു. ഒപ്പം പരിചയമില്ലാത്ത ജീവിത സാഹചര്യങ്ങളും. അവരുടെ മകന്‍  തന്നെ അവര്‍ക്കൊരു മോചനമൊരുക്കി. അവര്‍ ആല്‍ക്കഹോളിസത്തില്‍നിന്നും മുക്തിനേടി  സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിലേക്കു കടക്കുന്നതായി സൂചിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. റോസിന്റെ വേഷത്തില്‍ ക്രിസ്റ്റീന്‍ ഡന്‍സ്റ്റ്   നല്ല അഭിനയം കാഴ്ചവെച്ചു. നല്ല സഹനടിക്കുള്ള ഓസ്‌കാര്‍ നോമിനേഷന്‍ അവര്‍ക്ക് ലഭിച്ചിരുന്നു. ജെസെ പ്ലിമോണ്‍സാണ് ജോര്‍ജിനെ അവതരിപ്പിച്ചിരിക്കുന്നത്. നാലു പ്രധാന കഥാപാത്രങ്ങളില്‍ അസാധരണത്വം ഏറ്റവും കുറവുള്ള ആള്‍ ജോര്‍ജാണല്ലോ. തന്റെ ജോലി പ്ലിമോണ്‍സ് ഭംഗിയായി ചെയ്തു. അദ്ദേഹത്തിനുമുണ്ടായിരുന്നു നല്ല സഹനടനുള്ള ഓസ്‌കാര്‍ നോമിനേഷന്‍.

ഈ ചിത്രത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളവരാണ്   സംഗീത സംവിധായകനായ ജോണിഗ്രീന്‍വുഡും സിനിമാട്ടോഗ്രാഫറായ ഏറി വെഗ്‌നറും. ഓരോ രംഗത്തിനും അഭിനേതാക്കളുടെ പ്രകടനം, പ്രകൃതിദൃശ്യങ്ങള്‍, പ്രകൃതിയിലെ ശബ്ദങ്ങള്‍, ഉപകരണ സംഗീതം ഇവയുടെയൊക്കെ  ഉചിതമായ മേളനത്തിലൂടെ ശ്രാവ്യദൃശ്യചാരുത നല്‍കാന്‍ ഇവരെങ്ങനെ സഹായിച്ചുവെന്ന് നേരത്തെത്തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ.

തോമസ് സാവേജിന്റെ  'പവര്‍ ഓഫ് ദി ഡോഗ്' എന്ന നോവലിനെ അധികരിച്ച് അതേ പേരിലുള്ള ഈ ചലച്ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് ജെയിന്‍ കാംപിയനാണ്. നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത, അബോധമനസ്സിന്റെ പ്രേരണകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന  പ്രതിജന ഭിന്നവിചിത്രമായ മനുഷ്യസ്വഭാവത്തെ,  മനുഷ്യബന്ധങ്ങളെ, സംഘര്‍ഷങ്ങളെ ദൃശ്യവല്‍ക്കരിക്കുന്നതില്‍  അവര്‍ പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നത് പ്രകൃതിദൃശ്യങ്ങള്‍ മാത്രമല്ല,  അമേരിക്കന്‍ സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ അവസ്ഥ കൂടിയാണ്. വളരെ വേഗം വികസിക്കുന്ന കമ്പോള സമ്പദ്‌വ്യവസ്ഥയുടെ പ്രതീകങ്ങളാണ് ഫോര്‍ഡ് കാറും ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തീവണ്ടിയും. അതേപോലെയോ അതിലധികമോ പ്രധാനമാണ് അന്നേക്ക് ഒന്നാമത്തെ പ്രധാന വിജയം സ്ത്രീകളുടെ വോട്ടവകാശം നേടിക്കഴിഞ്ഞിരുന്ന, സ്ത്രീ വിമോചന പ്രസ്ഥാനം. സെനെക്ക ഫാള്‍ കണ്‍വെന്‍ഷന്‍ കഴിഞ്ഞിട്ട് മുക്കാല്‍ നൂറ്റാണ്ട്, സ്ത്രീ വോട്ടവകാശം കിട്ടിയിട്ട് അഞ്ച് കൊല്ലവും. റാഞ്ചിലെ മനുഷ്യരുടെ ബോധാബോധങ്ങളിലും സാമൂഹ്യ അബോധത്തിലും ഇവയൊക്കെ ചെലുത്തിയ സ്വാധീനം ഈ സിനിമയിലെ പാത്രങ്ങളുടെ സ്വഭാവത്തില്‍ മാത്രമല്ല, കഥാഗതിയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. റോസിന്റെ പ്രതിഷേധ പ്രകടനം ഒരു പ്രതീകമാണ്. വിപുലമായ ഈ പശ്ചാത്തലത്തില്‍ അതിസങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളുടെ കഥ മനോഹരമായ ഒരു ദൃശ്യാനുഭവമായി രൂപപ്പെടുത്തുന്നതില്‍ ജെയിന്‍ കാമ്പയ്ന്‍ വിജയിച്ചിരിക്കുന്നു. അതുകൊണ്ടാണല്ലോ ഓസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തിയത്. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com