അലങ്കോലപ്പെട്ടതാണ് വിമല('മഞ്ഞ്'- എം.ടി. വാസുദേവന്‍ നായര്‍)യുടെ മുറി. കട്ടിലില്‍ കിടന്നു കൈ എത്തിച്ചാല്‍ കിട്ടാവുന്ന അകലത്തില്‍ വെച്ച ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കില്ലാതെ കൂട്ടിയിട്ടിരിക്കുകയാണ്. പെട്ടിപ്പുറത്തും സ്റ്റാന്‍ഡിലും കൂടിക്കിടക്കുന്ന വസ്ത്രങ്ങള്‍. ഉറക്കുത്തിയ തട്ടില്‍നിന്നും രാവും പകലും പൊടിഞ്ഞുവീഴുന്ന പൊടി. മുറിയില്‍ തൂക്കിയ കലണ്ടര്‍ ഏപ്രില്‍ മാസമായിട്ടും ജനുവരിയില്‍ നില്‍ക്കുന്നു. വല്ലപ്പോഴും മാത്രമേ മുറിയുടെ ജനാലകള്‍ തുറക്കാറുള്ളൂ. ജനാലകള്‍ തുറക്കുമ്പോള്‍ കാറ്റ് ഓടിവന്ന് വിമലയെ കെട്ടിപ്പിടിച്ച ശേഷം മുറിയില്‍ കുറ്റബോധത്തോടെ പരുങ്ങിനില്‍ക്കുന്നു. നരച്ചുവിളറിയതാണ് ആകാശം. വെയില്‍ തെളിയുമ്പോള്‍ ജാലകത്തിലൂടെ ഹിമശൃംഗങ്ങള്‍ കാണാം.
'വായിക്കാനൊന്നുമില്ല' എന്ന ആത്മഗതത്തോടെയാണ് 'മഞ്ഞ്' ആരംഭിക്കുന്നത്. ഇതൊരു അസാധാരണ തുടക്കമാണ്. ഒഴിവാക്കാനാവാത്തൊരു ജീവിതകര്‍മ്മമല്ല വായന. പുസ്തക വായനകൊണ്ടു മാറിമറിഞ്ഞ ജീവിതവുമല്ല വിമലയുടേത്. 'മഞ്ഞ്' അവസാനിക്കുന്നതും മറ്റൊരാത്മഗതത്തിലാണ്. 'വരാതിരിക്കില്ല' എന്നൊരു പിറുപിറുപ്പാണത്. തൊട്ടടുത്തിരിക്കുന്ന ബുദ്ദുവിനെക്കൂടി ഉള്‍പ്പെടുത്തിയാണതു പറയുന്നതെങ്കിലും അവനതു കേള്‍ക്കാനിടയില്ല. നോവലിന്റെ തുടക്കം മുറിക്കകത്തെ നിശ്ചലതയിലാണെങ്കില്‍ ഒടുക്കം തടാകത്തില്‍ ചലിക്കുന്ന തോണിയിലാണ്.
രണ്ടാത്മഗതങ്ങള്‍ക്കിടക്ക് നിബന്ധിക്കപ്പെട്ട വിമലയുടെ ജീവിതപുസ്തകം മലയാളികള്‍ വായിച്ചു തുടങ്ങിയിട്ട് 60 കൊല്ലങ്ങളായി. ക്രമാനുഗതമായി വികസിക്കുന്ന ഒരു കഥയോ സംഭവ പരമ്പരകളോ ഇല്ലാത്ത, കാലദേശ ഖണ്ഡങ്ങള്‍ ക്രമരഹിതമായി അടുക്കിക്കെട്ടിയ 'മഞ്ഞി'ല്‍ വസ്തുക്കളും കഥാപാത്രങ്ങളുമെല്ലാം പ്രത്യക്ഷപ്പെടുന്നത് ഓര്‍മ്മകളെ പുനരുല്പാദിപ്പിക്കാനാണ്. ഒന്നിനു പിറകെ ഒന്നായി അവ ഭൂതകാലത്തിലേയ്ക്ക് വഴിതെളിക്കുന്നു. പുസ്തകങ്ങളും മനുഷ്യരും ഓര്‍മ്മകളിലേയ്ക്ക് തുറക്കപ്പെടുന്ന വാതിലുകളാണ്. വിമല സൂക്ഷിക്കുന്ന വസ്തുക്കളിലെല്ലാം തുരുമ്പും പൊടിയുമെന്നപോലെ ഭൂതകാലവും ഓര്‍മ്മകളും അടിഞ്ഞുകൂടി കിടക്കുന്നു. വിമലയും അതിന്റെയെല്ലാം ഭാഗമാണ്.
ബോധധാരാ സമ്പ്രദായത്തിലുള്ള പ്രധാന കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ഓര്‍മ്മകളുടെ അപ്രതിഹതമായ ഒഴുക്കല്ല 'മഞ്ഞി'ന്റെ ആഖ്യാനത്തിലുള്ളത്. തുടര്‍ച്ചയിലേറെ ഭംഗങ്ങളാണ് അതിന്റെ സവിശേഷത. കയറ്റങ്ങളും ഇറക്കങ്ങളും ഭൂതവും വര്‍ത്തമാനവും ഭാവിയും സ്ഥലരാശികളും ശരീരങ്ങളും ആവാസവ്യവസ്ഥകളുമെല്ലാം ഇടകലര്‍ന്ന ജീവിതം ക്രമബദ്ധമല്ലാതെ അതില്‍ ആവിഷ്‌കരിക്കപ്പെടുന്നു. ബോധധാരയുടെ അടിസ്ഥാനമായ ഓര്‍മ്മകള്‍ക്ക് ഉത്തരാധുനിക ജീവിതത്തിലും ചിന്തയിലും രാഷ്ട്രീയാര്‍ത്ഥങ്ങളുണ്ട്. 'ഓര്‍മ്മ തന്നെയാണ് മനുഷ്യന്‍' എന്ന രീതിയില്‍ അതു ചരിത്രത്തെയാകെ ഉള്‍വഹിക്കുന്നു. യന്ത്ര സാങ്കേതികതകൂടി ഉള്‍പ്പെട്ടതാണ് പുതിയകാലത്തെ ഓര്‍മ്മ. മനുഷ്യമസ്തിഷ്‌കത്തിനു പുറത്തും ഓര്‍മ്മകള്‍ സംരക്ഷിക്കപ്പെടുമെങ്കിലും അതു തിരിച്ചറിയാന്‍ മനുഷ്യഭാഷ തന്നെ വേണം.
വായിക്കാനൊന്നുമില്ലാത്തത് പുസ്തകങ്ങളില്ലാത്തതുകൊണ്ടല്ല. ''കട്ടിലില്‍ കിടന്നു കൈ എത്തിച്ചാല്‍ കിട്ടാവുന്ന അകലത്തില്‍ വെച്ച റേക്കില്‍ അടുക്കില്ലാതെ കൂടിക്കിടക്കുന്നുണ്ട് പുസ്തകങ്ങള്‍.'' അവയെല്ലാം പലപ്പോഴായി വായിച്ചുതീര്‍ത്തവയാണ്. പുതിയ പുസ്തകങ്ങളൊന്നും വിമലയുടെ ശേഖരത്തിലില്ല (മുറിയില്‍ ചെന്നിരുന്നു പുസ്തകങ്ങള്‍ മറിച്ചുനോക്കി. കണ്ടു പഴകിയ പുറഞ്ചട്ടകള്‍, മടുപ്പ്... പു.78).
പഴയവയാകട്ടെ, ഭൂതകാലത്തെ വിളിച്ചുകൊണ്ടുവരുകയും ഓര്‍മ്മകളിലേക്കും വിഷാദങ്ങളിലേക്കും വിമലയെ നയിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ വായിച്ച പുസ്തകങ്ങളിലൊന്ന് വീണ്ടും വായിക്കാന്‍ ശ്രമിച്ചെങ്കിലും മടുപ്പുതോന്നി മടക്കിവെച്ച് കണ്ണടച്ചു കിടന്നപ്പോള്‍ അത് ഓര്‍മ്മകളിലേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗമായി.
നിശ്ശബ്ദതയെക്കുറിച്ചാണ് വിമല ആദ്യമോര്‍മ്മിക്കുന്നത്. ''എണ്ണമറ്റ ശബ്ദങ്ങള്‍ കൂടിക്കലര്‍ന്നു താളമുണ്ടാവുമ്പോഴാണ് നിശ്ശബ്ദത തോന്നുന്നത്... നിശ്ശബ്ദത ഒരു സംഗീതമാണ്.'' മുകളിലെ തട്ട് ഉറക്കുത്തി പൊടിഞ്ഞുവീഴുന്നത്, അകലെ ചുള്ളിക്കമ്പുകള്‍ ഒടിയുന്നത്, ചീവീടുകളുടെ ദൂരെ നിന്നുള്ള ശബ്ദം തുടങ്ങി പലതരം ശബ്ദാനുഭവങ്ങളിലേയ്ക്ക് വിമല കാതുകൂര്‍പ്പിക്കുന്നു. തുലാവര്‍ഷത്തില്‍ കുളിച്ചുനില്‍ക്കുന്ന കവുങ്ങിന്‍ തോപ്പിലാണ് ചീവീടുകള്‍ കരയുക. എന്നാല്‍, ഇപ്പോളവ കുമയൂണ്‍ കുന്നുകളില്‍ പകല്‍വെളിച്ചത്തില്‍ കരയുന്നു. ചീവീടുകളുടെ ആവാസസ്ഥലത്തെക്കുറിച്ച് അറിയാത്തതില്‍ ജീവശാസ്ത്ര അദ്ധ്യാപികയായ വിമലയ്ക്ക് ആത്മനിന്ദ തോന്നുന്നു. വാതില്‍ക്കല്‍ മുട്ടുകേള്‍ക്കുമ്പോള്‍ മയക്കത്തിന്റെ നേരിയ മൂടുപടം വിട്ട് കണ്ണു തുറക്കുന്നു.
ഉറക്കത്തിനും ഉണര്‍വ്വിനുമിടയിലൂടെയുള്ള വിമലയുടെ ഈ മാനസിക സഞ്ചാരം ചിന്തയും ഓര്‍മ്മയും ഇടകലര്‍ന്നതാണ്. വസ്തുക്കളും സന്ദര്‍ഭങ്ങളും ചേര്‍ന്നാണ് ഓര്‍മ്മകളും ഭൂതകാലവും സൃഷ്ടിക്കുന്നത്. തുലാവര്‍ഷത്തില്‍ കുളിച്ചുനില്‍ക്കുന്ന കവുങ്ങിന്‍ തോപ്പും കുമയൂണ്‍ കുന്നും ചേര്‍ന്നു ചിന്തകള്‍ക്ക് സ്ഥലസാന്നിദ്ധ്യമൊരുക്കി ഓര്‍മ്മകള്‍ക്ക് മൂര്‍ത്തത നല്‍കുന്നു.
മനഃപാഠമാക്കുന്ന യന്ത്രമെന്നതിലുപരി ചിന്തിക്കുന്ന യന്ത്രമായിട്ടാണ് മനുഷ്യമസ്തിഷ്‌കത്തെ ആധുനിക ശാസ്ത്രം കരുതുന്നത്. ഓര്‍മ്മകള്‍ ചിന്തയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ചുറ്റുപാടും സംഭവിക്കുന്ന സ്ഥലപരമായ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയാണ് മസ്തിഷ്‌കം കാലത്തെ പിന്തുടരുന്നത്. ഓരോ സ്ഥലത്തിനും അതിന്റെ സ്ഥാനം നിജപ്പെടുത്താന്‍ പര്യാപ്തമായ നിശ്ചിതമായ കാഴ്ചാനുഭവവും ശബ്ദവും മണവുമുണ്ട്. വിമലയുടെ ചിന്തയിലേയ്ക്ക് കടന്നുവരുന്ന ചീവീടുകളുടെ ഒച്ച ഓര്‍മ്മയില്‍ രണ്ടു സ്ഥലകാലങ്ങള്‍ തമ്മിലുള്ള താരതമ്യം സൃഷ്ടിക്കുന്നു. തുലാവര്‍ഷ രാത്രിയിലെ കവുങ്ങിന്‍ തോപ്പും പകല്‍വെളിച്ചത്തിലെ കുമയൂണ്‍ കുന്നുകളുമാണവ. അത് വിമലയുടെ ഇപ്പോഴത്തേയും കുട്ടിക്കാലത്തേയും സ്ഥലങ്ങള്‍ തമ്മിലുള്ള അന്തരവും ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഓര്‍മ്മിക്കുന്ന വ്യക്തി ഏകാകിയായിരുന്നാലും ഓര്‍മ്മകള്‍ക്ക് ഏകാന്തതയില്ല. സ്ഥലകാലങ്ങളുടെ സമൂഹജീവിതം അതില്‍ സന്നിഹിതമായിരിക്കും. വിമലയുടെ ഒറ്റമുറിക്ക് പുറത്തും ഓര്‍മ്മകള്‍ക്കകത്തും നിബിഡമായ പ്രകൃതിയും ജീവജാലങ്ങളും നാനാവിധ മനുഷ്യജീവിതങ്ങളുമുണ്ട്.
2.
വാതിലില്‍ മുട്ടുകേട്ട് മയക്കംവിട്ട വിമല വര്‍ത്തമാനലോകത്തിലേക്ക് കണ്ണു തുറക്കുമ്പോള്‍ രശ്മി വാജ്പേയി എന്ന തന്റെ വിദ്യാര്‍ത്ഥിനിയെ കാണുന്നു. യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വാതില്‍ തുറന്ന വിമല ചില കര്‍ക്കശ വായനകള്‍ നടത്തുന്നു. രശ്മി തന്നോട് കളവു പറഞ്ഞാണ് ആണ്‍സുഹൃത്തിനൊപ്പം പോകാനൊരുങ്ങുന്നതെന്നു തിരിച്ചറിഞ്ഞ് സദാചാരനിരതയായ അദ്ധ്യാപികയും രക്ഷകര്‍ത്താവുമാകുന്നു. അതോടൊപ്പം യാത്രാമദ്ധ്യേ മുസാവരി ബംഗ്ലാവില്‍വെച്ച് രശ്മി അനുഭവിക്കാന്‍ പോകുന്ന ആനന്ദം തിരിച്ചറിയുകയും ചെയ്യുന്നു. അതിനുവേണ്ട അനുഭവപാഠം സ്വന്തം ഭൂതകാലത്തില്‍നിന്നാണ് വിമല സ്വീകരിക്കുന്നത്. സ്വന്തം പ്രായത്തെക്കുറിച്ചും നരച്ച മുടിയിഴകളെക്കുറിച്ചും കറുപ്പുകയറിയ ചുണ്ടുകളെക്കുറിച്ചും ചിന്തിക്കാന്‍ അതു കാരണമാവുകയും ചെയ്യുന്നു.
ജനല്‍ തുറന്നാല്‍ കാണുന്ന ഹിമാലയത്തിന്റെ വിദൂരദൃശ്യം വിട്ട് സായാഹ്ന യാത്രയ്ക്കിറങ്ങുന്ന വിമലയ്ക്കു മുന്നില്‍ തിളങ്ങുന്ന വിളക്കുകാലുകളുമായി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് നൈനിറ്റാള്‍. അതൊരു സമീപദൃശ്യമാണ്. നൈനീ ദേവിയുടെ ക്ഷേത്രത്തിലെ കുടമണിയൊച്ചകള്‍ നാട്ടിലെ ഇടവഴികളിലേക്കും മഞ്ഞപ്പൂക്കള്‍ സമൃദ്ധമായി വിരിഞ്ഞുനില്‍ക്കുന്ന കരവീരക കൂട്ടങ്ങളുള്ള അമ്പലത്തിലേക്കും ഓര്‍മ്മകളെ നയിക്കുന്നു. കവുങ്ങിന്‍ തോട്ടത്തിനു മുകളില്‍ നില്‍ക്കുന്ന വൈക്കോല്‍ മേഞ്ഞ വീടിന്റെ ഓര്‍മ്മകള്‍ പഴയൊരു കുടുംബാന്തരീക്ഷത്തിലേക്കും അവിടെനിന്ന് സുധീര്‍കുമാര്‍ മിശ്രയിലേക്കും നീണ്ടെത്തുന്നു. അണിഞ്ഞൊരുങ്ങുന്ന നൈനിറ്റാള്‍ തന്നെ അയാളെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.
വര്‍ത്തമാനത്തിലേയ്ക്ക് വീണ്ടും നടന്നെത്തുന്ന വിമല ബുദ്ദു എന്ന തോണിക്കാരനെ കാണുകയും വെള്ളാരങ്കണ്ണുകളുള്ള അവന്റെ മുഖം നോക്കി മരിച്ചുപോയ അവന്റെ അമ്മയുടെ ഭൂതകാലം വായിച്ചെടുക്കുകയും ചെയ്യുന്നു. ബുദ്ദു ചെറുപ്പക്കാരനായ ഒരു സായ്പിന്റെ പഴയൊരു ചിത്രം വിമലയ്ക്ക് കാണിച്ചുകൊടുക്കുന്നു. അതു പോക്കറ്റില്‍ സൂക്ഷിച്ചുകൊണ്ട് ടൂറിസ്റ്റുകള്‍ക്കിടയില്‍ പിതാവിനെ തേടുന്ന ബുദ്ദുവിന്റെ അന്വേഷണങ്ങളുടെ ഫലശൂന്യത വിമലയ്ക്ക് നന്നായറിയാം. അത് നൈനിറ്റാള്‍ എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരയാക്കപ്പെട്ട നിരവധി പെണ്‍കുട്ടികളിലൊരാളുടെ ജീവിതകഥയാണ്. വര്‍ത്തമാനകാല സാന്നിദ്ധ്യങ്ങളും വസ്തുക്കളുമെല്ലാം വിമലയുടെ ഭൂതകാലത്തിലേക്കുള്ള വഴികളാണ്.
3.
നോവലിന്റെ തുടക്കം തൊട്ടേ ഓര്‍മ്മയെന്നാല്‍ ശബ്ദവും ഇടകലര്‍ന്നതാണ്. പിന്നീടത് കശുവണ്ടിയെണ്ണയുടെ മണത്തിലേക്കും മണമില്ലാത്ത കരവീരക പൂക്കളിലേക്കും സഞ്ചരിക്കുന്നു. എന്നാല്‍, പുസ്തകമണം അവയിലൊന്നുമില്ല.
നിശ്ശബ്ദതയുടെ സംഗീതം വിമല ആദ്യം തന്നെ തിരിച്ചറിയുന്നു. ഓര്‍മ്മയുടെ സംസ്‌കാരത്തില്‍ സംഗീതത്തിന്റെ ഇടം വിപുലമാണ്. ശബ്ദങ്ങള്‍ക്ക് ദൃശ്യങ്ങളേയും ഓര്‍മ്മയില്‍ കൊണ്ടുവരാന്‍ സാധിക്കും. സംഗീതവും ഫോട്ടോഗ്രാഫിയും യാന്ത്രികമായി സംരക്ഷിക്കപ്പെടുന്ന കലാരൂപങ്ങളാണ്. സംഗീതത്തിന്റെ യാന്ത്രിക ഉറവിടങ്ങളെന്ന നിലയ്ക്കും സവിശേഷ കാലത്തിന്റെ പ്രതീകങ്ങളെന്ന നിലയ്ക്കും വിനൈല്‍ റെക്കോഡുകള്‍, കാസറ്റുകള്‍, സി.ഡികള്‍ എന്നിവയെല്ലാം ഓര്‍മ്മകളുടെ സംഭരണകേന്ദ്രങ്ങള്‍ കൂടിയാണ്.
'മഞ്ഞി'നെക്കുറിച്ചുള്ള രണ്ടു പ്രധാന പഠനങ്ങള്‍ അതിലെ സംഗീതത്തെ കണ്ടെത്തുന്നവയാണ് (നോവലിലെ സംഗീതം/കെ.പി. ശങ്കരന്‍, സമയതീരങ്ങളിലെ സംഗീതം/കെ.പി. അപ്പന്‍). സംഗീതത്തിനു പല കാലങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ കാലംതന്നെയാണ് സംഗീതം. പ്രത്യക്ഷമായ സംഗീതവും സംഗീതത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും പുറമേ 'മഞ്ഞി'ന്റെ ശില്പഘടനയിലും ഭാഷാഘടനയിലും അന്തര്‍ലീനമായ സംഗീതവുമുണ്ട്. നോവലിന്റെ തുടക്കത്തില്‍ ഉദ്ധരിക്കപ്പെടുന്ന ആര്‍ച്ചി ബാള്‍ഡ് മക്ലീഷിന്റെ കവിതയും കാലത്തേയും സംഗീതത്തേയും കുറിച്ചുള്ളതാണ്. നിശ്ശബ്ദതയുടെ സംഗീതത്തെക്കുറിച്ചുള്ള വിമലയുടെ ചിന്തകളെ പിന്തുടര്‍ന്ന് ഓര്‍മ്മയും വര്‍ത്തമാന ക്രിയകളുമായി സംഗീതം പിന്നെയും വരുന്നു. സുധീര്‍കുമാറിന്റെ മുറിയില്‍ റെക്കോഡ് പ്ലെയറില്‍ നിന്നുയരുന്ന പാട്ട് (ഈ പാട്ട് വിമലയുടെ ലൈംഗികാനുഭവങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്നു), കാടിന്റെ സംഗീതത്തെക്കുറിച്ചുള്ള സര്‍ദാര്‍ജിയുടെ വാക്കുകള്‍, (''ഉവ്വ്, കാടിനു സംഗീതമുണ്ട്. മഴയ്ക്കും കാറ്റിനും ഭാഷയും സംഗീതവുമുണ്ട്'') ഏക്താര മീട്ടി സര്‍ദാര്‍ജി പാടുന്ന നാടന്‍ പാട്ടുകള്‍, നൈനീ ദേവിയുടെ അമ്പലത്തില്‍നിന്നുള്ള കുടമണിയൊച്ചകള്‍, തുഴ വെള്ളത്തില്‍ താഴുന്നതിന്റെ ഒച്ച എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമാണ് അവ. സുധീര്‍ വിമലയ്ക്ക് സമ്മാനിച്ച സ്വെറ്റര്‍ മ്യൂസിക് നോട്ടുകള്‍ തുന്നിപ്പിടിപ്പിച്ചതായിരുന്നു. ദൃശ്യമായ സംഗീതമാണത്. മനുഷ്യരുടെ പതിഞ്ഞ ചലനങ്ങളും മഞ്ഞിന്റെ തണുപ്പും മലകളുടെ വിഷാദശൃംഗങ്ങളും തടാകത്തിന്റെ നിശ്ചലതയും ഒത്തുചേര്‍ന്ന, ഓര്‍മ്മകളുടെ ദൃശ്യാത്മക സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന മന്ദതാളത്തിലുള്ള ഒരു ചലച്ചിത്രം തന്നെ നോവലിനുള്ളില്‍ നിബന്ധിക്കപ്പെട്ടിട്ടുണ്ട്.
സംഗീതവും വര്‍ത്തമാനങ്ങളും കൊണ്ട് മുഖരിതമാണ് സുധീര്‍കുമാറിന്റേയും സര്‍ദാര്‍ജിയുടേയും ജീവിതങ്ങള്‍. ചലിച്ചുകൊണ്ടും സംസാരിച്ചുകൊണ്ടും ഇരിക്കുന്നതാണ് ഇരുവരുടേയും അടയാളം. വിരൂപനും പ്രായം ചെന്നവനുമായ സര്‍ദാര്‍ജിയോട് വെറുപ്പാണ് വിമലയ്ക്ക് ആദ്യം തോന്നുന്നതെങ്കിലും അയാള്‍ ഏക്താര മീട്ടി പാടുന്നത് കേള്‍ക്കുമ്പോള്‍ അതില്‍ ആകൃഷ്ടയാവുന്നു. പഹാഡികളുടെ കല്ല്യാണ ഘോഷയാത്രയിലെ പാട്ടും കൊട്ടും കുഴല്‍വിളിയും കേട്ട് വിമല ഒരു കുടുംബജീവിതം സങ്കല്പിക്കുന്നു. ഹോളിയുടെ ആര്‍പ്പുവിളികള്‍ മുഴങ്ങുന്നു. അതെല്ലാം സുധീര്‍കുമാര്‍ മിശ്രയിലേയ്ക്ക് ഓര്‍മ്മകളെ തിരിച്ചുവിടുന്നു.
4
വലിയൊരു പുസ്തകവായനക്കാരിയല്ലെങ്കിലും വിമലയുടെ വായനകള്‍ ബഹുമുഖമാണ്. ചുറ്റുപാടുകളെ നിസ്സംഗമെങ്കിലും കരുതലോടെ കണ്ടെത്താനുള്ള വായനാ പരിശ്രമത്തില്‍ പ്രകൃതിയും സംഗീതവുംപോലെ പുസ്തകങ്ങളിലെ അടിവരകള്‍, ഒപ്പുകള്‍, പാറക്കൂട്ടത്തില്‍ കൊത്തിവെച്ച പേരുകള്‍, കത്തുകള്‍ തുടങ്ങി ലിഖിതവും അലിഖിതവുമായ പലതുമുണ്ട്. പഴയ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിച്ച് മടുപ്പനുഭവപ്പെട്ട വിമല പിന്നീട് വായിക്കുന്നത് ചില കത്തുകളാണ്. കത്തുകള്‍ വായിക്കുമ്പോള്‍ കയ്യക്ഷരങ്ങള്‍ ദൃശ്യരൂപങ്ങളായി മുന്നിലെത്തും. രശ്മി വാജ്പേയി വഴിയിലെവിടെയോ നിന്നു പോസ്റ്റ് ചെയ്ത കത്തിലെ അസത്യമെന്ന് ഉറപ്പുള്ള വാക്കുകള്‍ക്കു പിന്നാലെ കുറ്റാന്വേഷണ ത്വരയോടെ സഞ്ചരിച്ച് അത് പോസ്റ്റ് ചെയ്ത സ്ഥലം കണ്ടെത്തുമ്പോള്‍ നിഗൂഢമായ ആനന്ദം വിമലയ്ക്ക് കിട്ടുന്നു. വളരെ കാലങ്ങള്‍ക്കുശേഷം രശ്മി ഭാര്യയായി, അമ്മയായി മുസാവരി ബംഗ്ലാവിനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ പഴയതെല്ലാം ഓര്‍മ്മിക്കുന്നതുകൂടി ഭ്രാന്തമായി സങ്കല്പിച്ചുകൊണ്ട് ഭാവിയെത്തന്നെ ഭൂതമാക്കി മാറ്റുകയാണ് വിമല ചെയ്യുന്നത്.
അമര്‍സിംഗ് കൊണ്ടുവന്ന രണ്ടു കത്തുകള്‍ വായിക്കുന്നതിനു മുന്‍പേ പഴയ ചില കത്തുകളുടെ ഓര്‍മ്മകള്‍ കടന്നുവരുന്നു. നൃത്തം വെയ്ക്കുന്ന വയലറ്റ് മഷികൊണ്ടെഴുതിയിരുന്ന 'എന്റെ പ്രിയപ്പെട്ട വിമലേ' എന്നാരംഭിക്കുന്ന സുധീര്‍കുമാറിന്റെ കത്തുകള്‍. നിസ്സംഗമായി വായിച്ചുതള്ളുന്ന അനുജന്‍ ബാബുവിന്റെ കത്ത് വീടിനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ വീണ്ടുമുണര്‍ത്തുന്നു. അച്ഛന് എഴുതുന്ന കത്തുകള്‍ ഇംഗ്ലീഷിലാവണമെന്ന നിര്‍ബ്ബന്ധമുണ്ടായിരുന്നു. അവയിലെ തെറ്റിയ ഭാഗങ്ങള്‍ അടിവരയിട്ട് തിരിച്ചുവരും. സയന്‍സ് ടീച്ചര്‍ ശാന്തയുടെ കത്ത് കല്ല്യാണ അറിയിപ്പാണ്. അനുജത്തി അനിതയുടെ കത്തു കാണുമ്പോള്‍ സ്വന്തം കയ്യെഴുത്തിനോട് സാമ്യമുണ്ടെന്നാണ് ആദ്യം ഓര്‍ക്കുന്നത്.
''കാലത്തിന്റെ മഹാഗ്രന്ഥത്തില്‍ കുറിച്ചുവെച്ച നിമിഷം'' എന്ന് പരസ്പരം കണ്ട ദിവസത്തെ ഓര്‍ത്തുവെയ്ക്കുന്ന (പു.74). സുധീര്‍കുമാറിനോട് പറയാനുള്ള ഒരു മഹാഗ്രന്ഥം വിമലയുടെ മനസ്സിലുമുണ്ടായിരുന്നു. പക്ഷേ, ഒന്നും പറയാനവള്‍ക്ക് കഴിഞ്ഞില്ല. അയാളായിരുന്നു വാക്കുകള്‍കൊണ്ട് പൂമാല കോര്‍ത്ത് എപ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്. വിമല നിശ്ശബ്ദയായ കേള്‍വിക്കാരിയും. മികച്ച വായനക്കാരനായിരുന്നു സുധീര്‍കുമാര്‍ എന്നതിനു തെളിവാണ് വിമല സൂക്ഷിക്കുന്ന പുസ്തകങ്ങളിലെ വയലറ്റ് മഷികൊണ്ടുള്ള അടിവരകള്‍. പുസ്തകം മറിക്കുമ്പോള്‍ അതേ പേജുകളില്‍ത്തന്നെ വിമല എത്തിച്ചേരും. അവിടെയുള്ള സിനിമാ ടാക്കീസും റസ്റ്റോറന്റും വഴികളും രാത്രികളുമെല്ലാം അവരിരുവരും ചേര്‍ന്നാണ് കണ്ടെത്തിയത്. സുധീറിന്റെ ഓര്‍മ്മകളും അനുഭവങ്ങളുമെല്ലാം വിമലയുടെ ഓര്‍മ്മയായിട്ടാണ് വായനക്കാരറിയുന്നത്.
ഇതുപോലൊരു വായനക്കാരന്‍ വര്‍ത്തമാനകാലത്തില്‍ പ്രത്യക്ഷപ്പെടുന്നത് സര്‍ദാര്‍ജിയുടെ രൂപത്തിലാണ്. അയാള്‍ പഴയ സ്ഥലങ്ങള്‍ വീണ്ടും കാണാനിറങ്ങിയ പുനര്‍വായനക്കാരനാണ്. യൗവ്വനത്തില്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ വാര്‍ദ്ധക്യത്തില്‍ കാണുമ്പോള്‍ അവയ്ക്കു സംഭവിച്ച മാറ്റങ്ങള്‍ വിലയിരുത്തുകയാണ് ലക്ഷ്യം. അയാള്‍ കിട്ടിയതെന്തും വായിക്കും. ''നിങ്ങളുടെ മനസ്സു മുഴുവന്‍ ഞാന്‍ വേണമെങ്കില്‍ ഒരു പുസ്തകംപോലെ വായിക്കാം'' (പു.76) എന്ന് വിമലയോട് പറയുന്നു. വരുന്ന വഴിക്ക് വാങ്ങിയ പുസ്തകങ്ങളെല്ലാം മൂന്നു ദിവസംകൊണ്ട് ഭക്ഷിച്ചുകളഞ്ഞു എന്ന പ്രയോഗം കേട്ടപ്പോള്‍ വിമലയ്ക്ക് ചിരിവന്നു. തന്റെ കൈവശം നല്ല പുസ്തകങ്ങള്‍ കുറവാണ് എന്ന് വിമല പറഞ്ഞെങ്കിലും മരുന്നിന്റെ കാറ്റലോഗോ റെയിവേ ഗൈഡോ ടെലഫോണ്‍ ഡയറക്ടറിയോ എന്തായാലും താന്‍ വായിക്കുമെന്ന വര്‍ത്തമാനം കേട്ട് വിമലയ്ക്ക് തുറന്നു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുകിട്ടിയ പുസ്തകത്തില്‍ സര്‍ദാര്‍ജിവെച്ച കുറിപ്പ് മനോഹരമായ കൈപ്പടയിലുള്ളതായിരുന്നു. ആ മനുഷ്യന്റെ രൂപവുമായി തീരെ പൊരുത്തപ്പെടുന്നില്ല അതെന്ന് വിമലയ്ക്കു തോന്നി.
''സാത്താനേയും മാലാഖയേയും മാത്രമേ ഇതില്‍ കണ്ടുള്ളൂ. മനുഷ്യരുടെ കഥകള്‍ വല്ലതും നിങ്ങളുടെ ശേഖരത്തിലുണ്ടോ?'' (പു.70) എന്നായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
പറയാനുള്ളതത്രയും താന്‍ സൂക്ഷിച്ചുവെയ്ക്കുന്ന ഒരു ഫോട്ടോകൊണ്ട് വിനിമയം ചെയ്യാന്‍ ബുദ്ദുവിനു കഴിയും. അതിലേറെ ബുദ്ദുവിനു പറയാനുമില്ല. ആര്‍ക്കും എളുപ്പം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയാണ് ഫോട്ടോഗ്രാഫുകള്‍. നിറംമങ്ങിയ ആ ഫോട്ടോയില്‍നിന്ന് വിമല ഒരുകാലത്തിന്റെ ജീവചരിത്രമാകെ വായിച്ചെടുക്കുന്നു. നിരന്തരം സംസാരിക്കുകയും വായിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന സുധീര്‍കുമാറിനും സര്‍ദാര്‍ജിക്കുമാകട്ടെ, ഒന്നും പറഞ്ഞു തീര്‍ക്കാനാവുന്നില്ല. രണ്ടുപേര്‍ക്കുമിടയിലെ നിശ്ശബ്ദയായ കേള്‍വിക്കാരി മാത്രമാണ് വിമല.
വിമലയുടെ ഭൗതിക സഞ്ചാരമാര്‍ഗ്ഗങ്ങള്‍ പ്രധാനമായും ബുദ്ദുവും സര്‍ദാര്‍ജിയും ചേര്‍ന്നു നിശ്ചയിക്കുന്നവയാണ്. ബുദ്ദുവിനൊപ്പമുള്ള യാത്രാവഴികളില്‍ വിമലയ്ക്ക് ചെറിയൊരു മുന്‍കയ്യുണ്ടെങ്കിലും സര്‍ദാര്‍ജിയുടെ കാര്യത്തില്‍ അങ്ങനെയില്ല.
5
ഇരുണ്ട മുടിച്ചുരുളുകള്‍ക്കിടയില്‍ മറഞ്ഞുകിടക്കുന്ന നരച്ച രേഖകളും കറുപ്പു കയറിയ ചുണ്ടില്‍ വാസ്ലിന്‍ പുരട്ടിയപ്പോള്‍ ഉണ്ടായ ചോര കക്കിയ നിറവും (പു.24) ചേര്‍ന്നു സൃഷ്ടിക്കുന്ന സ്വന്തം വിഷാദശരീരം വിമല കണ്ണാടിയില്‍ കാണുന്നു. പിന്നീടത് ഇതര ശരീരങ്ങളുമായി പരോക്ഷമായി താരതമ്യം ചെയ്യപ്പെടുന്നു (കറുത്തു വിരൂപനായ സര്‍ദാര്‍ജി, നുണക്കുഴികളുള്ള രശ്മി, കവിളെല്ലുകള്‍ ഉന്തിനില്‍ക്കുന്ന പുഷ്പാ സര്‍ക്കാര്‍, വെള്ളാരങ്കണ്ണുകളും മഞ്ഞപ്പല്ലുകളുമുള്ള ബുദ്ദു, നീല ഞരമ്പുകള്‍ മുഖത്തു തുടിക്കുന്ന, നെറ്റിയിലേയ്ക്ക് വീണ മുടിയുള്ള സുധീര്‍കുമാര്‍ മിശ്ര).
വിമലയുടെ ഭൗതിക സഞ്ചാരമാര്‍ഗ്ഗങ്ങള്‍ പ്രധാനമായും ബുദ്ദുവും സര്‍ദാര്‍ജിയും ചേര്‍ന്നു നിശ്ചയിക്കുന്നവയാണ്. ബുദ്ദുവിനൊപ്പമുള്ള യാത്രാവഴികളില്‍ വിമലയ്ക്ക് ചെറിയൊരു മുന്‍കയ്യുണ്ടെങ്കിലും സര്‍ദാര്‍ജിയുടെ കാര്യത്തില്‍ അങ്ങനെയില്ല. തടാകത്തിലൂടേയും മലകളിലൂടെയുമുള്ള രണ്ടു യാത്രകളും സുധീര്‍കുമാര്‍ മിശ്രയുടെ ഓര്‍മ്മകളിലാണ് ചെന്നു ചേരുന്നത്. നോവലിലെ ഭൂതകാലത്തില്‍ സുധീറുമായി ചുറ്റിനടന്ന അതേ വഴികളിലൂടെയാണ് ബുദ്ദുവും സര്‍ദാര്‍ജിയുമൊത്ത് വിമല ഇപ്പോള്‍ സഞ്ചരിക്കുന്നത്. വഴികള്‍ക്കു പരിണാമം സംഭവിച്ചപോലെ കൂടെയുള്ള യാത്രികരും മാറിയിരിക്കുന്നു. നോവലിനു ദാര്‍ശനിക മാനം നല്‍കിയ കഥാപാത്രമെന്നു കണക്കാക്കപ്പെടുന്ന സര്‍ദാര്‍ജി പാറയുടെ മുകളില്‍ അതിസാഹസികമായി കയറി മരണത്തെ ദൃശ്യവല്‍ക്കരിക്കുന്നു. ലങ്ങ് കാന്‍സര്‍ ബാധിതനായ അയാള്‍ പ്രത്യക്ഷത്തില്‍ത്തന്നെ ആസന്നമരണത്തെ ഉള്ളില്‍ വഹിക്കുകയും ചെയ്യുന്നു. മരണം പ്രത്യക്ഷമാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം സര്‍ദാര്‍ജിയുടെ സാന്നിധ്യമുണ്ട്. മരണത്തെക്കുറിച്ച് എക്കാലത്തും ഉദ്ധരിക്കപ്പെടുന്ന ഒരു ചിന്താശകലവും അയാളുടെ സംഭാവനയാണ്. സര്‍ദാര്‍ജി എന്നല്ലാതെ അയാള്‍ക്കൊരു പേരില്ല. സര്‍ദാര്‍ജിയുടെ വിപരീതമായ ബുദ്ദുവിനും പേരില്ല. ബുദ്ധിമാനായ സര്‍ദാര്‍ജിയും ബുദ്ധിഹീനനായ ബുദ്ദുവും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ രണ്ടറ്റങ്ങളുടെ പ്രതീകങ്ങളാണ്. ബുദ്ദു പറയുന്നതെല്ലാം വിമല കേള്‍ക്കുകയും തന്റെ നിലയുമായി സമീകരിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും തമ്മില്‍ ആശയവിനിമയം സാദ്ധ്യമാണെങ്കിലും ഉയര്‍ന്ന നിലയിലാണ് വിമലയുടെ സ്ഥാനം. തടാകത്തില്‍ തുഴയുന്ന ബുദ്ദുവിനും മലകള്‍ കയറുന്ന സര്‍ദാര്‍ജിക്കുമിടയിലെ കണ്ണിയായി വിമല നില്‍ക്കുന്നു.
''കയ്യുള്ള കസേരയില്‍ ഒരു മൃതദേഹം ഇരുത്തിവെച്ചതാണെന്നേ തോന്നൂ'' എന്നാണ് സര്‍ദാര്‍ജിയുടെ രൂപം വിമലയിലുണ്ടാക്കിയ പ്രതികരണം. പിറ്റേന്ന് അയാളെ നേരില്‍ കാണുമ്പോള്‍ തലേന്നു രാത്രി ജാലകത്തിലൂടെ കണ്ട അത്രയും വൃദ്ധനല്ലെന്ന് അവള്‍ കണക്കാക്കുന്നു. പ്രായം നാല്‍പ്പതിനും അറുപതിനും ഇടയ്ക്ക് ഏതുമാവാം. എങ്കിലും നെറ്റിയില്‍ മുക്കാല്‍ ഭാഗവും കറുപ്പുനിറം വ്യാപിച്ചുകിടക്കുന്ന കലയുള്ള വികൃതമായ ആ മുഖത്തു നോക്കുമ്പോള്‍ വെറുപ്പാണ് അവള്‍ക്കു തോന്നുന്നത്. വൃദ്ധനായാലും യുവാവായാലും അയാള്‍ തനിച്ചാണോ എന്ന് വിമല ആലോചിക്കുകയും ചെയ്യുന്നു. എന്നാല്‍, പെട്ടെന്നുതന്നെ അയാള്‍ പാടുന്ന നാടന്‍പാട്ടില്‍ അവള്‍ ആകര്‍ഷിക്കപ്പെട്ടു. ഏക്താര മീട്ടുന്ന അയാളുടെ വിരലുകള്‍ കൊള്ളുന്നത് തന്റെ ഉള്ളിലെവിടെയോ ആണെന്ന് വിമലയ്ക്ക് തോന്നുന്നു. അതില്‍നിന്നു ശ്രദ്ധ തിരിക്കാനായി കയ്യിലെടുത്ത പുസ്തകത്തിന്റെ ആദ്യപേജില്‍ തന്നെയുണ്ട് വയലറ്റ് മഷികൊണ്ടുള്ള സുധീര്‍കുമാര്‍ മിശ്രയുടെ നീണ്ട ഒപ്പ്. ഇപ്രകാരം നേരിട്ടുതന്നെ സുധീര്‍കുമാറിന്റെ ഓര്‍മ്മയിലേയ്ക്ക് ഒട്ടിച്ചുചേര്‍ത്ത സര്‍ദാര്‍ജിയുടെ ദൃശ്യംപോലെ പ്രധാനമാണ് പുസ്തകത്തില്‍ അടിവരയിട്ട ''എന്റേയും എന്റെ പിമ്പേയുള്ളവരുടേയും മരണം ഞാന്‍ മരിക്കുകയാണ്'' (പു.52)എന്ന വരികള്‍.
സൗന്ദര്യത്തിന്റേയും വൈരൂപ്യത്തിന്റേയും വിനിമയങ്ങള്‍ ഒരേ നാണയത്തിന്റെ ഇരുഭാഗങ്ങളായി വിമലയില്‍ സൃഷ്ടിക്കുന്നത് സുധീറും സര്‍ദാര്‍ജിയുമാണ്. ശരീരത്തെക്കുറിച്ചും മരണത്തെക്കുറിച്ചും നിരന്തരം പറഞ്ഞുകൊണ്ടിരുന്നതും അവരിരുവരുമാണ്. ''പാറകളോട്, മരങ്ങളോട്, വിളക്കുകാലുകളോട്. സംസാരിക്കാന്‍ കഴിയുന്നത് ഒരനുഗ്രഹമാണ്'' (പു. 68) എന്നു കരുതുന്ന സര്‍ദാര്‍ജിയുടെ പൂര്‍വ്വകാലം സുധീര്‍കുമാറിലൂടെ വിമലയ്ക്കറിയാം. പുസ്തകങ്ങളും സംഗീതവും യാത്രകളും ഇഷ്ടപ്പെട്ട സുധീര്‍കുമാര്‍ തന്നെയാണ് സര്‍ദാര്‍ജി. രണ്ടു പേരുകളും തമ്മിലുള്ള സാമ്യവും അത്രയുണ്ട്.
നിരവധി വൈരുദ്ധ്യങ്ങളെ ഒരുമിച്ചാനയിക്കാന്‍ ബുദ്ദുവിന്റേയും സര്‍ദാര്‍ജിയുടേയും സാന്നിധ്യംകൊണ്ടു സാധിക്കുന്നു. ശബ്ദം/നിശ്ശബ്ദം, പ്രണയം/മരണം, യൗവ്വനം/വാര്‍ദ്ധക്യം തുടങ്ങിയ പ്രത്യക്ഷത്തില്‍ ദ്വന്ദങ്ങളെന്നു കരുതുന്നതും യഥാര്‍ത്ഥത്തില്‍ തുടര്‍ച്ച മാത്രമായതുമായ അവസ്ഥാന്തരങ്ങളുടെ മദ്ധ്യസ്ഥശരീരമായി വിമല നില്‍ക്കുന്നു. സര്‍ദാര്‍ജി പെട്ടെന്നു വിടപറഞ്ഞു പോകുന്നു. എന്നാല്‍, ബുദ്ദുവും വിമലയും പരസ്പരം വിട്ടുപോകുന്നില്ല എന്ന് നോവലിന്റെ അവസാനം സാക്ഷ്യപ്പെടുത്തുന്നു. കൂടെയുള്ള ബുദ്ദുവിനു വേണ്ടിക്കൂടിയാണ് 'വരാതിരിക്കില്ല' എന്നു വിമല മന്ത്രിക്കുന്നത്.
സ്ഥിരതയില്ലാത്ത ഭൂപ്രദേശമാണ് ഒരു ടൂറിസ്റ്റ് കേന്ദ്രം. സ്ഥിരവും ചിരന്തനവുമെന്നു തോന്നിക്കുന്ന സ്ഥലത്തിനുമേല്‍ പരിണാമങ്ങളുടെ പ്രതീകമായ നാഗരികതയുടെ നോട്ടങ്ങള്‍ക്ക് മേഞ്ഞുനടക്കാനുള്ള ഇടങ്ങളാണത്.
6.
തടാകത്തെക്കാള്‍ ''എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നുവെങ്കിലും ഒരേ ഭാവത്തില്‍ സന്നിഹിതമായിരിക്കുന്ന നദി''യായിരുന്നു കാലത്തിന്റെ പ്രതീകമായി 'മഞ്ഞി'ല്‍ ഉണ്ടാവേണ്ടിയിരുന്നതെന്ന ആഗ്രഹ ചിന്ത കെ.പി. അപ്പന്‍ (സമയതീരങ്ങളിലെ സംഗീതം) പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍, 'മഞ്ഞി'ലെ ഭൂമിശാസ്ത്രം നിരന്തര പരിണാമിയാണ്. വിമലയും അതിനു വിധേയയാണ്.
സ്ഥിരതയില്ലാത്ത ഭൂപ്രദേശമാണ് ഒരു ടൂറിസ്റ്റ് കേന്ദ്രം. സ്ഥിരവും ചിരന്തനവുമെന്നു തോന്നിക്കുന്ന സ്ഥലത്തിനുമേല്‍ പരിണാമങ്ങളുടെ പ്രതീകമായ നാഗരികതയുടെ നോട്ടങ്ങള്‍ക്ക് മേഞ്ഞുനടക്കാനുള്ള ഇടങ്ങളാണത്. അവ സൃഷ്ടിക്കുന്ന അനുഭൂതി വിമലയുടെ ലൈംഗികാനുഭവംപോലെ ഏകപക്ഷീയവുമാണ്. അവിടെ സ്ഥലകാലങ്ങളും ജീവിത സന്ദര്‍ഭങ്ങളും രൂപംകൊള്ളുകയാണ് ('സായാഹ്നം രൂപംകൊള്ളുന്നു' എന്നു വിമല തന്നെ പറയുന്നു). വിമല പലകാല സന്ദര്‍ഭങ്ങളുമായി അതിനെയെല്ലാം താരതമ്യം ചെയ്യുകയും നിത്യ പരിണാമിയായ സ്ഥലങ്ങളെ ഓര്‍മ്മകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാലം കടന്നു ചെല്ലുമ്പോഴുള്ള അമ്പലം, ഹോട്ടലിലെ ചുവന്ന കുഷ്യനുള്ള കസേരകള്‍, ഒറ്റയടിപ്പാതകള്‍, കശുവണ്ടി എണ്ണയുടെ മണമുള്ള വണ്ടിച്ചക്രങ്ങള്‍, പുല്‍ച്ചാടികള്‍... അതൊക്കെ നശ്വരമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നെന്നും ഇപ്പോളവയെല്ലാം മാറിക്കഴിഞ്ഞിരിക്കുമെന്നും വിമല ഉറപ്പിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലം വിമലയ്ക്ക് തിരിച്ചറിയാനാവും. അതിനിടയില്‍ ബോര്‍ഡിങ്ങ് ഹൗസിലെ ഒറ്റമുറി വീടാക്കിയ, ഇന്നലെകള്‍ക്കും നാളെകള്‍ക്കുമിടയില്‍ കൊഴിഞ്ഞു പോകുന്ന ജീവിതം ശാശ്വതമെന്ന് വിമലയും കരുതുന്നില്ല. ഹ്രസ്വമായ നോവല്‍ കാലത്തിനിടയ്ക്കുതന്നെ വിമലകൂടി പങ്കാളിയായ എന്തെല്ലാം മാറ്റങ്ങളാണ് ചുറ്റും നടക്കുന്നത്.
അക്കൗണ്ടന്റിനെപ്പോലെ വര്‍ഷാന്ത കണക്കെടുപ്പിനിറങ്ങിയ സര്‍ദാര്‍ജിക്ക് ആ മാറ്റങ്ങള്‍ നന്നായി മനസ്സിലാവുന്നുണ്ട്. വര്‍ഷാരംഭത്തിലുണ്ടായിരുന്നതില്‍ ഇപ്പോഴെന്തു ബാക്കിയുണ്ട് എന്നാണ് കണക്കെടുപ്പില്‍ (കണക്കു പുസ്തകത്തില്‍) തെളിയുന്നത്. സഞ്ചരിച്ച സ്ഥലങ്ങള്‍ വീണ്ടും കാണാനെത്തുന്ന സര്‍ദാര്‍ജി നടത്തുന്ന പുനര്‍വായന, സ്ഥലങ്ങളും മനുഷ്യസാന്നിദ്ധ്യങ്ങളും നിറഞ്ഞ ഓര്‍മ്മകളെ പുതിയ കാലസന്ദര്‍ഭത്തില്‍ തിരിച്ചറിയലാണ്. സര്‍ദാര്‍ജിയാണ് ജീവിതം വായിച്ച് അതിനെ തത്വചിന്താപരമായി ഉള്‍ക്കൊണ്ട ഒരാള്‍. അയാള്‍ പുസ്തകങ്ങള്‍പോലെ കാലദേശങ്ങളേയും ഭക്ഷിക്കുന്നു. ഭക്ഷിച്ചതെല്ലാം അതിവേഗം ദഹിച്ച് ഭൂതമായി മാറുന്നു. ആ ഭൂതത്തെയാണ് അയാള്‍ തേടിയിറങ്ങുന്നത്. ജീര്‍ണ്ണത ബാധിച്ച് പലയിടങ്ങളിലായി അവ പാതി മറഞ്ഞുകിടപ്പുണ്ട്. വായിക്കാനൊന്നുമില്ല എന്നതാണ് വിമലയുടെ എന്നപോലെ സര്‍ദാര്‍ജിയുടേയും പ്രശ്‌നം. വിമലയാകട്ടെ, ഒരേ പുസ്തകം തന്നെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുകയാണ്.
മനുഷ്യനെക്കുറിച്ച് മാറിയ സങ്കല്പങ്ങള്‍ സര്‍ദാര്‍ജിക്കുണ്ട്. അവയില്‍ പലതും വിമലയുമൊന്നിച്ചുള്ള സായാഹ്നസവാരിക്കിടയില്‍ പങ്കുവെയ്ക്കപ്പെടുന്നുമുണ്ട്. ഒന്നിനും വേണ്ടിയല്ലാതെ ഒരാളെ സ്‌നേഹിക്കാന്‍ സര്‍ദാര്‍ജിക്ക് കഴിയും. മുടിയില്‍ തെളിയുന്ന നരയെക്കുറിച്ച് വ്യാകുലപ്പെട്ട വിമല, ആദ്യ കാഴ്ചയില്‍ വിരൂപനും വൃദ്ധനുമായനുഭവപ്പെട്ട സര്‍ദാര്‍ജിയെ തത്ത്വചിന്തകനും ഗുരുവുമെന്നപോലെയാണ് പിന്നീട് കാണുന്നത്. പേരുകള്‍ പലതും മാഞ്ഞുപോയിരിക്കുന്നത് ചൂണ്ടിക്കാട്ടി ''പണ്ടു പേര്‍ കൊത്തിവെക്കാത്തതെത്ര നന്നായി'' എന്ന് സര്‍ദാര്‍ജി വിമലയോടു പറയുന്നു. നശ്വരതയെക്കുറിച്ചാണ് സര്‍ദാര്‍ജി നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.
യാഥാര്‍ത്ഥ്യത്തിന്റെ അസ്ഥിരതയെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന കാവ്യമാണ് 'മഞ്ഞ്.' നൈനിറ്റാളിന്റെ മഞ്ഞുമൂടിക്കിടക്കുന്ന പ്രകൃതിയിലും വെയില്‍ വരുമ്പോള്‍ ദൃശ്യമാകുന്ന ഹിമാലയക്കാഴ്ചയിലും അതുണ്ട്. വിമലയുടേയും ബുദ്ദുവിന്റേയും കുടുംബജീവിതങ്ങള്‍ അസ്ഥിരതയുടെ മാതൃകകളാണ്. മരണം തൊട്ടരികിലുള്ള സര്‍ദാര്‍ജി ഈ അസ്ഥിരതയുടെ മൂര്‍ത്ത സന്ദര്‍ഭമാണ്. മരണമാണ് അയാളുടെ കൂട്ടുകാരന്‍. മാറ്റങ്ങള്‍ കാണാന്‍ വാര്‍ഷിക കണക്കെടുപ്പുകാരന്റെ നിര്‍മ്മമതയോടെ പഴയ സ്ഥലങ്ങള്‍ വീണ്ടും സന്ദര്‍ശിക്കുകയാണയാള്‍. കടംവാങ്ങിയ ഒരു സായാഹ്നവുമായിട്ടാണ് അയാള്‍ തിരിച്ചുപോകുന്നത്. യാതൊരുറപ്പുമില്ലാത്ത മറ്റൊരു കാത്തിരിപ്പ് വിമലയ്ക്ക് സമ്മാനിച്ചുകൊണ്ട്.
7.
വിമലയുടെ വായനാചരിത്രം 'മഞ്ഞി'ന്റെ വായനാചരിത്രവുമാണ്. വിമല വായിച്ചതും വിമലയെ വായിച്ചതുമാണ് 'മഞ്ഞ്.' വായിച്ചു വളര്‍ന്നവരാണ് വിമലയും 'മഞ്ഞ്' എന്ന നോവലും.
''സംസ്‌കാരത്തിന്റെ ഇടപെടലില്‍ രൂപംമാറിയെത്തിയ സ്ത്രീ സങ്കല്പ''മായിട്ടാണ് വി.സി. ശ്രീജന്‍ ('വീണ്ടും മഞ്ഞ്'/ദേശാഭിമാനി വാരിക/1991 ജൂണ്‍9).
വിമലയെ കണ്ടത് ''നമ്മുടെ സംസ്‌കാരത്തിലുള്ള ആദര്‍ശവനിത''യാണത്. സംഗീതത്തിനും കാവ്യാത്മകതയ്ക്കുമപ്പുറം 'മഞ്ഞി'ന്റെ 'ലാവണ്യ'ത്തിന്റെ ആധാരമായി സ്ത്രൈണതയെ സംബന്ധിച്ച ചില ശാശ്വത സങ്കല്പങ്ങള്‍ വിമല എന്ന കഥാപാത്രത്തെ ചൂഴ്ന്നുനില്‍ക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു.
അറുപതാണ്ടുകള്‍ക്കിപ്പുറം സ്ഥലകാലങ്ങളെപ്പോലെ പ്രണയം, സ്ത്രീത്വം, ഏകാന്തത, വിഷാദം തുടങ്ങിയ പരികല്പനകളും ഭേദഗതി ചെയ്യപ്പെട്ടു. നോവല്‍ പാഠത്തിനുമേല്‍ വളര്‍ന്ന വിമലയ്ക്ക് ഇപ്പോള്‍ തൊണ്ണൂറു വയസ്സു കഴിഞ്ഞിരിക്കും.
ഏതാണ്ട് എം.ടിയുടെ അതേ പ്രായം. വിമലയുടെ ഓര്‍മ്മയില്‍ മാത്രമാണ് സുധീര്‍കുമാറിനു ജീവിതമുള്ളത്. ആര്‍ക്കറിയാം മറവികൊണ്ടോ പുതിയ ലോകക്കാഴ്ചകള്‍കൊണ്ടോ വിമല അതിനെയെല്ലാം തിരസ്‌കരിച്ചിട്ടില്ലെന്ന്. മറവിയെന്നാല്‍ പുതിയ ഓര്‍മ്മകള്‍ക്കായി ഇടം കണ്ടെത്തുന്ന പ്രക്രിയകൂടിയാണ്. ഓര്‍മ്മ അതിനെത്തന്നെ പുതുക്കിയെടുക്കലുമാണ്. സിനിമയിലെ യന്ത്രനിര്‍മ്മിതമായ ദൃശ്യങ്ങള്‍പോലെ വാക്കുകളാല്‍ ദൃശ്യപ്പെടുത്തിയതാണ് 'മഞ്ഞി'ന്റെ യാഥാര്‍ത്ഥ്യം. വായന ഒരു ദൃശ്യാനുഭവം കൂടിയാണ്. കാണിയാണ് ഇവയ്ക്ക് അര്‍ത്ഥം കൊടുക്കുന്നത്. പണ്ടു കണ്ടതെല്ലാം അതേപോലെ തോന്നുന്നത് ഓര്‍മ്മകള്‍ കാലികമല്ലാതിരിക്കുമ്പോഴാണ്. ''ഞാനും നിങ്ങളും ഇരുന്ന പാറക്കെട്ടിന്റെ പേര്‍ കൂടി മാറിപ്പോയി'' (പു.34) എന്ന് പണ്ടേ തിരിച്ചറിഞ്ഞ വിമല സാധാരണ വായനക്കാരിയല്ല.?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates