പി സി ജോര്‍ജ് / ഫയല്‍ ചിത്രം 
Articles

പൂഞ്ഞാറില്‍ നിന്നൊരു പൂജ്യം

ആരപ്പാ ഈ പി.സി. ജോര്‍ജെന്ന പുമാന്‍? ഭാവവും രീതിയും കണ്ടാല്‍ തോന്നും ചിത്തിര തിരുനാളിന്റെ പിന്‍ഗാമി ആണെന്ന്. വാചകമടി കൂടെ കേട്ടാല്‍ ജനം പഞ്ചപുച്ഛമടക്കി നിന്നുപോകും

റ്റി.ജെ.എസ്. ജോര്‍ജ്

രപ്പാ ഈ പി.സി. ജോര്‍ജെന്ന പുമാന്‍? ഭാവവും രീതിയും കണ്ടാല്‍ തോന്നും ചിത്തിര തിരുനാളിന്റെ പിന്‍ഗാമി ആണെന്ന്. വാചകമടി കൂടെ കേട്ടാല്‍ ജനം പഞ്ചപുച്ഛമടക്കി നിന്നുപോകും. എന്തൊരു താന്‍ പോരിമ. എന്തൊരു 'ഞാന്‍' പോരിമ. 'ഞാന്‍' വിളംബരം ചെയ്യുന്ന വ്യക്തിപ്രഭാവം ചോദ്യം ചെയ്താല്‍ പച്ചത്തെറി കേള്‍ക്കേണ്ടിവരും. തെറിക്ക് രാഷ്ട്രീയമാനം നേടിക്കൊടുത്തത് പിസിജോ എന്ന ഒറ്റയാന്‍ പട്ടാളമാണ്.

ഒരുകാലത്ത് പൂഞ്ഞാറിന്റെ അനിഷേധ്യ നേതാവായിരുന്നു കഥാപുരുഷന്‍. കുടുംബസ്വത്തുപോലെ സുസ്ഥിരമായ തട്ടകം. 1996 മുതല്‍ മുടിചൂടാമന്നനായി പൂഞ്ഞാര്‍ ഭരിച്ച മഹാന്‍. 2016-ല്‍ പാര്‍ട്ടി ബലമില്ലാതെ സ്വതന്ത്രനായി മത്സരിക്കേണ്ടിവന്നു. അപ്പോഴും ഏതാണ്ട് 28,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ചരിത്രപുരുഷന്‍ ജയിച്ചത്.

പെട്ടെന്ന് എന്തോ സംഭവിച്ചു. 2021-ല്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഇടതു സ്ഥാനാര്‍ത്ഥിയുടെ മുന്‍പില്‍ 11,000 വോട്ടിനു തോറ്റു. ചരിത്രം തിരിഞ്ഞുനിന്നു കടിച്ചുകീറിയ മുഹൂര്‍ത്തം. വെറും തോല്‍വി ആയിരുന്നില്ല അന്നു സംഭവിച്ചത്. അതുവരെ ജനപ്രിയനായിരുന്ന വ്യക്തിയെ ജനം വെറുക്കാന്‍ തുടങ്ങി എന്ന വിളംബരം കൂടി ആയിരുന്നു അത്. ഈരാറ്റുപേട്ടയിലെ ഒരു മീറ്റിംഗില്‍ പൊതുജനം കൂകിവിളിച്ച് നേതാവിനെ ഓടിച്ച സംഭവം അക്കാലത്ത് വാര്‍ത്തയായിരുന്നു.

അഹന്തയായിരുന്നു പ്രശ്‌നം. താനെന്ന ഭാവം എവറസ്റ്റിനും മുകളിലായി ഉയര്‍ന്നു നില്‍ക്കുന്ന പ്രതിഭാസം. ഒപ്പം, മറ്റുള്ളവരോടുള്ള പുച്ഛവും. പൊതുജനാഭിപ്രായം എന്നൊരു സംഗതി ഒരുകാലത്തും ഒരു രീതിയിലും തിരിച്ചറിയാന്‍ കൂട്ടാക്കാതെ പോയ നേതാവാണിത്. തന്റെ അഭിപ്രായമാണ് പൊതുജനാഭിപ്രായം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലാത്ത നിലപാടാണ് എക്കാലത്തും സ്വീകരിച്ചിരുന്നത്. സ്ത്രീലമ്പടാരോപണങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മുങ്ങിനിന്നപ്പോള്‍, അയാള്‍ ബിഷപ്പാണെന്ന പേരില്‍ പിസിജോ എന്ന ഭക്തന്‍ കൈമുത്തിയത് ഓര്‍ക്കുക.

റ്റി.ജെ.എസ്. ജോര്‍ജ് 

തനിക്കു മാത്രമായ, തനിക്കുവേണ്ടി മാത്രമുള്ള ഒരു ലോകത്താണ് പിസിജോ എന്ന ഭാഗ്യവാന്റെ ജീവിതം. താന്‍ അംഗീകരിക്കുന്നതു മാത്രമാണ് അംഗീകാരം അര്‍ഹിക്കുന്നതെന്നും ബാക്കിയെല്ലാം പുല്ലാണെന്നും വിശ്വസിക്കാന്‍ എല്ലാവര്‍ക്കും കഴിയുകയില്ല. അതു വിശ്വസിക്കാനും മറ്റൊന്നും വിശ്വസിക്കാതിരിക്കാനുമുള്ള കഴിവാണ് പിസിജോയെ പിസിജോ ആക്കുന്നത്.

ഇപ്പോള്‍ പുള്ളിക്ക് നിയമസഭയില്ല. പബ്ലിക് പ്ലാറ്റ്‌ഫോമെന്നു പറയാവുന്ന ഒന്നുമില്ല. ജനപക്ഷം എന്നൊരു പാര്‍ട്ടി സ്വന്തമായി ഉണ്ടാക്കി. ആ പക്ഷത്ത് ജനം ഉള്ളതായി ഒരു ലക്ഷണവുമില്ല.

പറഞ്ഞിട്ടെന്തു കാര്യം. ഒരു പ്രസക്തിയുമില്ലാത്ത ഒറ്റയാനായി രൂപാന്തരപ്പെട്ടിരിക്കുന്നു പിസിജോ. ആര്‍ക്കും ആവശ്യമില്ലാത്ത ഒരു നേതാവ്. വിടുവായത്തം മാത്രം മൂലധനമായി കൊണ്ടുനടക്കുന്ന നേതാവ്. പാര്‍ട്ടിയില്ല, പ്ലാറ്റ് ഫോമില്ല. ആകെയുള്ളത് ഒരു നാക്കു മാത്രം. അതു മതിയല്ലോ ടെലിവിഷന്‍ എന്ന പെട്ടിയില്‍ താരമാകാന്‍. സ്ഥലത്തെ പ്രധാന ടിവി ജീവിയായി നമ്മുടെ പിസിജോ മാറിയിരിക്കുന്നു.

ഭാഗ്യവാനാണ് പിസിജോ. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ലോകം ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നു എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ട്. ഒരു മൈക്ക് അടുത്തെങ്ങാനും കണ്ടാല്‍ മതി, മണ്‍സൂണ്‍ കാലത്തെ മഴപോലെ വാചകങ്ങള്‍ ഘോരഘോരം പെയ്തുതുടങ്ങും. ലോകം അതുകേട്ട് സായൂജ്യം അനുഭവിക്കുന്നു എന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകും. 

വിശ്വാസം, അതല്ലേ എല്ലാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT