അടച്ചുപൂട്ടിയ അബോധത്തിന്റെ വാതിലുകൾക്ക് അപ്പുറം മരണമില്ലാതെ കാത്തിരിക്കുന്ന മുറവിളികളിലേക്കുള്ള ഒരു ക്ഷണമായിരുന്നു ‘മണിച്ചിത്രത്താഴ്’. നാം അതിലൂടെ അകത്തേക്ക് കയറി. പിന്നിട്ട അരനൂറ്റാണ്ടിൽ ഇന്ത്യൻ സിനിമയിലുണ്ടായ കാഴ്ചയുടെ ‘താജ്മഹലു’കളിൽ ഒന്നാണ് മധു മുട്ടത്തിന്റെ രചനയിൽ ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്’ (1993). മലയാളത്തിൽ പിറന്ന ആ കഥ
പിന്നീട് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാസിനിമകളിലെ പല പല പതിപ്പുകളിലൂടെ ജനകോടികളെ ഭൂതാവിഷ്ടരാക്കി. കോടാനുകോടികൾ അതുവഴി തിളച്ചുമറിഞ്ഞു. ഒരു കഥയുടെ, കഥാകാരന്റെ ജൈത്രയാത്രയാണത്. എന്നാൽ, അതിൽ ഗുരുദത്തിന്റെ ‘കാഗസ് കെ ഫൂൽ’ എന്നപോലെ സ്വന്തം രചന കൈവിട്ടുപോയ ഒരു കവിയുടെ ജീവിതദുരന്തവുമുണ്ട്.
മറ്റേതെങ്കിലും കാലത്തോ ലോകത്തോ ആയിരുന്നെങ്കിൽ മധു മുട്ടം ഭാഷയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന, എഴുത്തുകൊണ്ട് ലക്ഷങ്ങൾ കുമിച്ചുകൂട്ടിയ ഒരെഴുത്തുകാരനായി മാറിയിട്ടുണ്ടാകുമായിരുന്നു. പിൽക്കാലത്ത് കേരള സംസ്‌കാരത്തിൽ സംഭവിച്ച സാഹിത്യോത്സവങ്ങളിൽ ഏറ്റവും വലിയ എഴുന്നള്ളിപ്പ് വിഗ്രഹമാകുമായിരുന്നു. ഒന്നും സംഭവിച്ചില്ല. ഒരാഘോഷത്തിലും മധു മുട്ടം എന്ന എഴുത്തുകാരൻ ഭാഗഭാക്കായി കണ്ടിട്ടില്ല. ഒരു ചലച്ചിത്രോത്സവത്തിലും ആദരിക്കപ്പെട്ടതായി കണ്ടിട്ടില്ല. അദ്ദേഹം ലക്ഷങ്ങൾ കുമിച്ചുകൂട്ടിയതുമില്ല. ആലപ്പുഴയിലെ ഓണാട്ടുകരയിലെ മുട്ടം എന്ന കുഗ്രാമത്തിൽ മധു മുട്ടം എന്ന സ്വപ്നാടകൻ കഥകളുടെ മാസ്മരിക പ്രപഞ്ചത്തിൽ ഏകാന്തജീവിതം തുടർന്നു.
“കടലിലെ തിരപോലെ വ്യക്തിക്ക് ഇതിലൊക്കെ എന്ത്” എന്ന് കഥാകാരൻ മാറിനിൽക്കുന്നു. ചെറുതും വലുതുമായ എത്രയോ എഴുത്തുകാരുമായും ചലച്ചിത്രകാരന്മാരുമായും അടുത്തിടപഴകാൻ അവസരം ഉണ്ടായിട്ടുണ്ടെങ്കിലും ഹൃദയത്തിൽ സ്പർശിച്ച ഒരു കഥാകൃത്ത് ആരെന്നോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന മുഖം മധു മുട്ടത്തിന്റേതാണ്. പിന്നീടൊരിക്കലും കാണാനിടവന്നിട്ടില്ലാത്ത എൺപതുകളുടെ തുടക്കത്തിലെ ഒരൊറ്റ രാത്രിയിലെ തിരക്കഥാപാരായണത്തിന്റെ സൗഹൃദസ്മരണയിൽ മായാതെ നിൽക്കുന്ന ആ എഴുത്തിന്റെ കഥയാണ്, ‘മധ്യവേനലവധി’. കഥപറച്ചിലിന്റെ ഉറങ്ങാത്ത രാത്രിയായിരുന്നു അത്.
എൺപതുകളുടെ തുടക്കത്തിലെ ഒരു മധ്യവേനലവധി. ആലപ്പുഴ ചിങ്ങോലിയിൽ നിത്യചൈതന്യയതിയുടെ ആശ്രമത്തിൽനിന്നും ഇറങ്ങിവന്ന സ്വാമി മൈത്രേയന്റെ ആശ്രമത്തിൽ അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ട് നടക്കുന്ന കാലം (1982-1986). അവിടുത്തെ ജീവിതകാലത്തൊരുനാൾ മൈത്രേയനാണ് ഓണാട്ടുകരയിലെ മുട്ടം എന്ന ഗ്രാമത്തിലെ തന്റെ സുഹൃത്തായ മധു മുട്ടത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ഒരാത്മസുഹൃത്ത് എഴുതിവച്ച് കാത്തിരിക്കുന്ന ഒരു തിരക്കഥ വായിച്ചുകേൾപ്പിക്കാനായിരുന്നു ആ യാത്ര.
മനോഹരമായ പച്ചപ്പാടങ്ങൾക്ക് നടുവിലെ ഒരു കൊച്ചുതുരുത്തായിരുന്നു ആ വീട്. കുറേ നടന്നുവേണം അവിടെ എത്താൻ തന്നെ. വിദ്യുച്ഛക്തി എത്തിയിട്ടില്ല അപ്പോഴും ആ വീട്ടിൽ. മണ്ണെണ്ണ വിളക്കിന്റെ കരയിലിരുന്നു, പാടത്തെ ചീവീടുകളുടേയും ആഞ്ഞുവീഴുന്ന കാറ്റിന്റേയും അകമ്പടിയിൽ ആ രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് ജീവിതത്തിലാദ്യമായി ഒരു തിരക്കഥ തിരക്കഥാകൃത്ത് തന്നെ വായിച്ചു കേൾപ്പിച്ചു. കണ്ണടയ്ക്കാനായില്ല, ഒരു സിനിമ കാണിക്കുന്നതുപോലെയായിരുന്നു ആ എഴുത്തും വായനയും. ഒരു നനുത്ത പ്രണയകഥയായിരുന്നു അത്, ഒരു കൂട്ടുകുടുംബത്തിലെ മധ്യവേനലവധിക്കാലത്തിന്റെ കാത്തിരുപ്പുകളും ആഘോഷങ്ങളും മുറിപ്പാടുകളും ഓണാട്ടുകരയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥ.
“കോഴിക്കോട് വലിയ സിനിമാക്കാരൊക്കെ ഉള്ള നാടല്ലേ, ആരെങ്കിലും ഇതൊന്ന് സിനിമയാക്കിയാൽ മതി, എനിക്ക് പേരൊന്നും വേണ്ട, സിനിമയായി കണ്ടാൽ മാത്രം മതി” എന്നായിരുന്നു വായന കഴിഞ്ഞുള്ള കഥാകൃത്തിന്റെ ആഗ്രഹം. അതാണ് മധു മുട്ടം എന്ന അപൂർവ്വ മനുഷ്യനുമായുള്ള ആദ്യത്തേയും അവസാനത്തേയും കൂടിക്കാഴ്ച. നാല്‍പ്പത് വർഷം പിന്നിട്ടു ആ വായനയുടെ ഓർമ്മയ്ക്ക്. മധുച്ചേട്ടന്റെ അമ്മയുണ്ടായിരുന്നു ആ വീട്ടിലന്ന്. അമ്മയുടെ മുന്നിൽ ഒരു കൊച്ചുകുട്ടിയായി കഥകൾ കേട്ടും പറഞ്ഞും ജീവിക്കുകയായിരുന്നു ആ മനുഷ്യൻ.
മധ്യവേനലവധി സിനിമയായപ്പോള്‍
പിന്നെ ഏതാനും വർഷങ്ങൾക്കു ശേഷം ‘മധ്യവേനലവധി’ എന്ന തിരക്കഥ സംവിധായകൻ ഫാസിൽ ‘എന്നെന്നും കണ്ണേട്ടന്റെ’ (1986) എന്ന പേരിൽ സിനിമയാക്കി. കഥ മധു മുട്ടം, തിരക്കഥ സംഭാഷണം ഫാസിൽ എന്ന് വെള്ളിത്തിരയിൽ കണ്ടപ്പോൾ ചെറിയ അസ്വാസ്ഥ്യം തോന്നി. മധു മുട്ടം എഴുതിവച്ചതിനപ്പുറം എന്തു തിരുത്താണ് വരുത്തിയത് എന്ന് മനസ്സിലായില്ല. പകരം അതിന്റെ ആത്മാംശം ചോർന്നുപോവുകയാണ് സിനിമയായപ്പോൾ സംഭവിച്ചത്. സിനിമ വലിയ വിജയമായതുമില്ല.
മൂന്ന് വർഷത്തിനുശേഷം ഫാസിൽ തന്നെ അതേ സിനിമ ‘വർഷം 16’ (1989) എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തു. കഥയുടെ അവകാശം മധു മുട്ടത്തിനു തന്നെ കിട്ടി. എന്നാൽ, ഓണാട്ടുകരയുടെ തനത് ഭാഷയും സംസ്‌കാരവും ഇഴുകിച്ചേർത്ത മധു മുട്ടം എഴുതിയ ‘മധ്യവേനലവധി’ എന്ന തിരക്കഥയുടെ ഭംഗി തമിഴന്റെ വെള്ളിത്തിരയിലേക്കെത്തിയപ്പോൾ പടം സൂപ്പർ ഹിറ്റായി. മധു മുട്ടം എന്ന കഥാകൃത്തിന്റെ പേര് സിനിമയുടെ ഭാഗമായി എന്നതാണ് ‘എന്നെന്നും കണ്ണേട്ടന്റെ’, ‘വർഷം 16’ എന്നീ സിനിമകളെ ഓർമ്മിക്കത്തക്കതാക്കിയത്.
കൈതപ്രം എന്ന ഗാനരചയിതാവിന്റെ വരവറിയിച്ച ചിത്രമായിരുന്നു ‘കണ്ണേട്ടന്റെ’. ജെറി അമൽദേവിന്റെ സംഗീതത്തിൽ കൈതപ്രം എഴുതി യേശുദാസ് പാടിയ ‘ദേവദുന്ദുഭി സാന്ദ്രലയം’ എന്ന ഗാനം മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളുടെ പട്ടികയിൽ വന്നു, എന്നും.
“കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടിയും കേറാക്കൊമ്പത്ത്
ഓലഞ്ഞാലിയും പന്നീംപുള്ളച്ചനും പോകാക്കൊമ്പത്ത്
ഈ തെക്കേമുറ്റത്തെ ചക്കരമാവിന്റെ എത്താക്കൊമ്പത്ത്
ഇക്കുറിപോകാൻ ഇക്കിളികൂട്ടാൻ ഏതോ കാറ്റേതോ
ഇക്കുറിപോകാൻ ഇക്കിളികൂട്ടാൻ ഏതോ കാറ്റേതോ (കാക്കേം കീക്കേം...)
കാറ്റേതോ.... ആ കാറ്റിനെന്തു സമ്മാനം കാക്കപ്പൊൻചിലമ്പ് (കാക്കേം കീക്കേം...)” എന്നൊരു നാടൻ പാട്ടുമായി ഗാനരചയിതാവായും മധു മുട്ടം അതിൽ ഉണ്ടായിരുന്നു. എങ്കിലും കൈതപ്രം സൃഷ്ടിക്കപ്പെട്ടതിന്റെ ലഹരിയാണ് മലയാള സിനിമ ‘എന്നെന്നും കണ്ണേട്ടന്റേ’തിൽനിന്നും ഏറ്റെടുത്തത്.
1988-ൽ കമൽ സംവിധാനം ചെയ്ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ എന്ന സിനിമയുടെ കഥാകൃത്തായി മധു മുട്ടം വീണ്ടും വെള്ളിത്തിരയിലെത്തി. അവിടെ തിരക്കഥയും സംവിധാനവും ഫാസിൽ ഏറ്റെടുത്തു. രേവതിയുടേയും സുരാസുവിന്റേയും അഭിനയജീവിതത്തിലെ മനോഹരമായ ഏടാണ് ആ സിനിമ. കഥയുടെ മാന്ത്രികസ്പർശം അവിടെയും കാണാം.
പിന്നെയാണ്, 1993 ഡിസംബർ 25-ന് മലയാളത്തിലെ കൾട്ട് ക്ലാസ്സിക്കായ ‘മണിച്ചിത്രത്താഴ്’ പിറക്കുന്നത്. അതിന്റെ കഥ, തിരക്കഥ, സംഭാഷണം അവകാശം മധു മുട്ടത്തിനു തന്നെ കിട്ടി. ശോഭനയും മോഹൻലാലും സുരേഷ് ഗോപിയും നെടുമുടി വേണുവും ഇന്നസെന്റും പപ്പുവും കെ.പി.എ.സി. ലളിതയും സുധീഷും വിനയ പ്രസാദും തിലകനും ഒക്കെ നിറഞ്ഞാടി. ശോഭന മികച്ച നടിയായി ദേശീയ പുരസ്‌കാരം നേടി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ‘മണിച്ചിത്രത്താഴ്’ നേടി. സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങളിലും ശോഭന മികച്ച നടിയും ‘മണിച്ചിത്രത്താഴ്’ മികച്ച ജനപ്രിയ ചിത്രവുമായി. യേശുദാസ് മികച്ച ഗായകനായി. വേണു മികച്ച ഛായാഗ്രാഹകനായി. എം.ജി. രാധാകൃഷ്ണൻ ഒരുക്കിയ ഗാനങ്ങൾ മാത്രമല്ല, ജോൺസൻ മാഷിന്റെ പശ്ചാത്തല സംഗീതവും ഓർമ്മയുടെ ചരിത്രത്തിന്റെ ഭാഗമായി.
വാലിയും ബിച്ചു തിരുമലയും ചേർന്നു രചിച്ച് യേശുദാസും ചിത്രയും ചേർന്നു പാടിയ ‘ഒരു മുറൈ വന്തു പാർത്തായാ’, ബിച്ചു തിരുമലയുടെ യേശുദാസ് പാടിയ ‘പഴം തമിഴ് പാട്ടിഴയും’ എന്നീ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ജനം മതിമറന്നുപോയെങ്കിലും രണ്ട് മനോഹര ഗാനങ്ങൾക്ക് മധു മുട്ടം രചന നിർവ്വഹിച്ചിരുന്നുവെങ്കിലും രചയിതാവിന്റെ പേര് മുകൾപ്പരപ്പിലേക്ക് വന്നില്ല.
മധു മുട്ടം എഴുതി യേശുദാസ് പാടിയ ഒരു പാട്ട് നോക്കുക:
“പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ...
ഒറ്റനോട്ടത്തിൽ ഒ.എൻ.വി എഴുതിയ പാട്ടുകളാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നുവെങ്കിലും മധു മുട്ടം എന്ന വ്യക്തിയുടെ രചനാജീവിതത്തിലൂടെ കടന്നുപോകുന്ന ആർക്കും ആ പാട്ടുകൾ പിറന്നത് ഓണാട്ടുകരയിലെ മുട്ടം എന്ന ഉൾനാടൻ ഗ്രാമത്തിലെ എഴുത്തുകാരന്റെ ഉള്ളിലാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. അങ്ങനെയൊരു ഓർമ്മപ്പുസ്തകം മധു മുട്ടത്തിന്റേതായി ഇറങ്ങിയിട്ടുണ്ട്. ലോകം അത് ശ്രദ്ധിച്ചില്ല എന്നേ ഉള്ളൂ. ‘നിത്യമാധവം’ എന്നാണ് പുസ്തകത്തിന്റെ പേര്. പാട്ടും പറച്ചിലുമായി ഒരു നാട്ടുംപുറത്തിന്റെ ഓർമ്മച്ചിത്രം ഡയറിക്കറിപ്പുകൾ എന്ന പോലെ വരച്ചിടുന്നു. പ്രസാധകരില്ലാത്ത, പുസ്തകത്തിന് വില നിശ്ചയിച്ചിട്ടില്ലാത്ത, ഇഷ്ടമുള്ളവർക്ക് കൊടുക്കാനായി എഴുത്തുകാരൻ തന്നെ അടിച്ചിറക്കിയ പുസ്തകമായിരുന്നു അത്. മധു മുട്ടം രചനകളുടെ അടിവേരുകൾ ‘നിത്യമാധവ’ത്തിൽ കാണാം. പുസ്തകം പുറത്തിറക്കിയപ്പോൾ അന്ന് ‘ചിത്രഭൂമി’ സബ്ബ്എഡിറ്ററായിരുന്ന ജി. ജ്യോതിലാൽ വഴി മധുച്ചേട്ടൻ ഓർമ്മിച്ച് കൊടുത്തയച്ച കോപ്പി ഇപ്പോഴും സൂക്ഷിക്കുന്നു.
മണിച്ചിത്രത്താഴിന്റെ തിരക്കഥ
ജനഹൃദയങ്ങളിലും ചലച്ചിത്ര കമ്പോളത്തിലും ആഴത്തിൽ ഇടം പിടിച്ചെങ്കിലും ഒരു പുരസ്‌കാരം കിട്ടാത്ത ഒന്നായിരുന്നു ‘മണിച്ചിത്രത്താഴി’ന്റെ തിരക്കഥ. അത് പ്രസരിപ്പിച്ച വില്‍പ്പനമൂല്യം തിരിച്ചറിഞ്ഞ് ഇന്ത്യയിലെ അഞ്ച് പ്രധാന ഭാഷാസിനിമകളിൽനിന്നും ആ കഥയുടെ അവകാശം വൻകിടക്കാർ
സ്വന്തമാക്കി. അഞ്ചു ഭാഷകളിൽ സിനിമ പുനർനിർമ്മിക്കപ്പെട്ടു. തമിഴിൽനിന്നും സൂപ്പർസ്റ്റാർ രജനീകാന്ത് തന്നെ എത്തി. പി. വാസു ‘മണിച്ചിത്രത്താഴ്’ രജനീകാന്തിന്റെ ‘ചന്ദ്രമുഖി’യായി. തെലുങ്കിലും അത് ‘ചന്ദ്രമുഖി’യായിത്തന്നെ വന്നു. ബംഗാളിയിൽ അത് ‘രാജ് മൊഹൽ’ ആയി. കന്നഡയിൽ ‘ആപ്തമിത്ര’യും. ഹിന്ദിയിൽ പ്രിയദർശൻ അത് ‘ഭൂൽ ഭുലയ്യ’യാക്കി. എന്നാൽ, കഥയുടെ അവകാശം തമിഴും കന്നടയും മധു മുട്ടത്തിന് നൽകിയില്ല. കഥയുടെ അവകാശത്തിനായി കേസിനുപോയ മധു മുട്ടത്തിന് ആ അവകാശം മാത്രം കോടതി ഉത്തരവനുസരിച്ച് പതിച്ചുകിട്ടി. കഥ: മധു മുട്ടം എന്ന് ഹിന്ദി പതിപ്പിൽ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു, അത്രമാത്രം. അതിന് അർഹമായ യാതൊരു ആനുകൂല്യവും കഥാകൃത്തിന് കിട്ടിയില്ല. കാരണം ‘മണിച്ചിത്രത്താഴി’ന്റെ മലയാളം പതിപ്പിൽ തന്നെ എല്ലാ ഭാഷകളിലേക്കുമുള്ള കഥയുടെ വില്‍പ്പനാവകാശം മധു മുട്ടത്തിൽനിന്നും ഒപ്പിട്ടുവാങ്ങിയിരുന്നു - ഒരു അന്‍പത് രൂപ സ്റ്റാമ്പ് പേപ്പറിൽ. കഥ അതത് ഭാഷകളിലെ താരഭാവനകൾക്കനുസരിച്ച് കൊത്തിനുറുക്കപ്പെട്ടു. അടുത്തിടെ ഹിന്ദിയിൽ ‘ഭൂൽ ഭുലയ്യ-3’യും വന്നു. മധു മുട്ടത്തിന്റെ ഭാവനയിൽ വിരിഞ്ഞ നാഗവല്ലി.
അങ്ങനെ അതിന്റെ വെള്ളിത്തിര ജീവിതം ഇന്നും തുടരുന്നു. അടുത്തിടെ വന്ന റി റിലീസിലും ‘മണിച്ചിത്രത്താഴി’ന്റെ പ്രഭ കെട്ടുപോയിരുന്നില്ല. എന്റെ അറിവിൽ പുറത്തുപറയാനാവാത്തത്ര തുച്ഛമായ ഒരു തുകയാണ് 1993-ൽ ‘മണിച്ചിത്രത്താഴി’ന്റെ രചനയ്ക്ക് അതിന്റെ തിരക്കഥാകൃത്തായ മധു മുട്ടത്തിന് കിട്ടിയത്. 1993-ലെ കമ്പോളനിലവാരമനുസരിച്ച് അക്കാലത്തെ ഒരു നവാഗത തിരക്കഥാകൃത്തിന് കിട്ടുന്ന, അങ്ങോട്ട് ഒന്നും ചോദിക്കാനോ പറയാനോ ആവാത്ത ഒരു തുച്ഛ ശമ്പളം മാത്രം. ഒരു വീടിന്റെ നിർമ്മാണത്തിന് എത്ര ചെലവാകുന്നോ അതിന്റെ ശതമാനക്കണക്കിലാണ് ഇന്ന് ആർക്കിടെക്റ്റുകളുടെ വിഹിതം നിശ്ചയിക്കപ്പെടുന്നത്. ആ കണക്കിൽ ‘മണിച്ചിത്രത്താഴി’ന്റെ തിരക്കഥാകൃത്തിന് ന്യായമായും അവകാശപ്പെട്ട വിഹിതം സിനിമ ആ കലാകാരന് നൽകിയില്ല എന്നത് സിനിമയുടെ കച്ചവടചരിത്രത്തിലെ ഏറ്റവും വലിയ നെറികേടുകളിൽ ഒന്നാണ്.
‘മണിച്ചിത്രത്താഴ്’ ഇറങ്ങിയ കാലത്ത് ആ സിനിമയെക്കുറിച്ച് ‘ചിത്രഭൂമി’യിൽ ഒരു പഠനമെഴുതിയിരുന്നു: ‘മണിച്ചിത്രത്താഴ് തുറക്കുമ്പോൾ’. പിന്നീട് ഏഴ് വർഷങ്ങൾക്കു ശേഷം 2010-ൽ ‘മണിച്ചിത്രത്താഴ്’ ഒരു പുരാവൃത്തമായപ്പോൾ, അതിന്റെ തിരക്കഥ ഡി.സി. ബുക്‌സ് പുസ്തകമാക്കിയപ്പോൾ മധുച്ചേട്ടൻ ഓർമ്മിച്ച് വിളിച്ചു. ആ ലേഖനം തിരക്കഥയ്ക്ക് അനുബന്ധ ലേഖനങ്ങളിലൊന്നായി ചേർക്കാൻ സമ്മതം ചോദിച്ചു. അത് ആ എഴുത്തിനു കിട്ടിയ വലിയ അംഗീകാരമായി മനസ്സിൽ സൂക്ഷിച്ചു. ‘അപ്പം കാണുന്നവനെ അപ്പാ’ എന്നു വിളിക്കുന്ന ഒരു ഇന്‍ഡസ്‌ട്രിയില്‍, തുച്ഛപ്രതിഫലം കൊടുത്ത് എല്ലാ അവകാശങ്ങളും തീറെഴുതി ഒപ്പിട്ടുവാങ്ങി മറവികൾ ആഘോഷമാക്കുന്ന കാലത്ത് ചില സൗഹൃദങ്ങൾ പകരുന്ന മൂല്യം വളരെ വലുതാണ്.
ഞാനാദ്യം വായിക്കുന്ന തിരക്കഥ എ. വിൻസന്റ് മാസ്റ്ററുടെ ‘മുറപ്പെണ്ണ്’ (1965) എന്ന സിനിമയ്ക്കുവേണ്ടി എം.ടി. വാസുദേവൻ നായർ എഴുതിയ തിരക്കഥയാണ്. വല്യച്ഛൻ, പൊറ്റങ്ങാടി ഭാസ്‌കരന്റെ ശേഖരത്തിൽനിന്നും കിട്ടിയ ആ പുസ്തകം വായിക്കാൻ പ്രേരിപ്പിച്ച ഘടകം ‘മുറപ്പെണ്ണി’ലെ ചിത്രങ്ങളടക്കമുള്ള ഒരു പുസ്തകമായിരുന്നു അതെന്നതിലാണ്. നോവലുകളിൽ കാണാത്ത ഒരാകർഷണം ആ പുസ്തകത്തിൽ കണ്ടു. ഒരുപക്ഷേ, മലയാളത്തിൽ ആദ്യമായി അച്ചടിച്ച (1966) തിരക്കഥ ‘മുറപ്പെണ്ണി’ന്റേതാകാം. അതിനു മുന്‍പ് മറ്റേതെങ്കിലുമൊരു സിനിമയുടെ തിരക്കഥ അച്ചടിക്കാനുള്ള സാധ്യത വിരളമാണ്. ഉണ്ടായിരുന്നെങ്കിൽ അച്ചടിക്കേണ്ടിയിരുന്നത് സാഹിത്യത്തിൽ ഒരിടം സൃഷ്ടിച്ചതിനു ശേഷം സിനിമ എഴുതിയ ഉറൂബിന്റെ ‘നീലക്കുയിൽ’ ആണ്. അതിറങ്ങിയതായി കേട്ടിട്ടില്ല. കണ്ടിട്ടുമില്ല.
1966-ലാണ് തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ഏർപ്പെടുത്തുന്നത്. അത് ലഭിച്ചത് എസ്.എൽ. പുരം സദാനന്ദന്റെ ‘അഗ്നിപുത്രി’ക്കാണ്. തിരക്കഥ സിനിമയുടെ ഒരു ബ്ലു പ്രിന്റായി കണക്കാക്കിത്തുടങ്ങുന്ന കാലവും അതാണ്. സാഹിത്യരംഗത്ത് നിലയുറപ്പിച്ചുകഴിഞ്ഞ എഴുത്തുകാർ എഴുതിയ തിരക്കഥ എന്ന
നിലയ്ക്കാണ് അതിന് അച്ചടിയുടെ ലോകത്ത് സ്വീകാര്യത ലഭിച്ചു തുടങ്ങിയത്.
1966-ൽ തന്നെയാണ് ‘മുറപ്പെണ്ണ്’ അച്ചടിച്ചു വരുന്നതും എന്നത് ശ്രദ്ധേയമാണ്. 1966 ഏപ്രിലിൽ ‘മംഗളോദയം (പ്രൈവറ്റ്) ലിമിറ്റഡ് , തൃശ്ശിവപേരൂർ, പ്രസാധകന്മാരാ’യി ‘മുറപ്പെണ്ണ്’ 1000 കോപ്പി അച്ചടിച്ചു. ഒരു കോപ്പിക്ക് നാലു രൂപയായിരുന്നു വില. ചിത്രത്തിലെ നായിക ജ്യോതിലക്ഷ്മി കവർ ചട്ടയിൽ വരുന്ന പുസ്തകത്തിൽ ‘സ്‌ക്രീൻപ്ലേ’ എന്നാണ് എഴുതിക്കാണുന്നത്. ‘സിനിമയും സാഹിത്യവും’ എന്ന അതിന്റെ ആമുഖത്തിൽ ഒരിടത്തും എം.ടി. ‘തിരക്കഥ’ എന്ന വാക്ക് ഉപയോഗിക്കുന്നില്ല - ‘ഫിലിം സ്‌ക്രിപ്റ്റ്, സിനിമാക്കഥ’ എന്നാണ് വിളിക്കുന്നത്.
“സാങ്കേതികമായി പറഞ്ഞാൽ സെന്റിമെന്റലിസവും മെലോഡ്രാമയും ഇന്ത്യൻ സിനിമയുടെ മാറ്റിനിർത്താൻ വയ്യാത്ത ഭാഗങ്ങളായിരിക്കുന്നു. നോവലിലും കഥകളിലും നാം നാടകീയതയിൽനിന്ന് കഴിയുന്നത്ര അകലാനാണ് ശ്രമിക്കുന്നത്. സാഹിത്യം സെന്റിമെന്റുകൾ കൊണ്ടല്ല നിർമ്മിക്കപ്പെടുന്നത് എന്ന് ജർട്രൂഡ് സ്റ്റെയ്ൻ പറഞ്ഞത് ഓർക്കുക. ഇതു രണ്ടും വാരിക്കോരിച്ചൊരിഞ്ഞാലേ സിനിമാക്കഥയാവൂ, അതിനെ പ്രദർശനവിജയമുള്ളൂ എന്നുവരുന്ന കാലത്തോളം സാഹിത്യത്തിന് മലയാള സിനിമയ്ക്കു നൽകാൻ കഴിയുന്ന സഹകരണം പരിമിതമായിരിക്കും” എന്ന് എം.ടി. ആമുഖത്തിൽ എഴുതുന്നു. കഥ-സംഭാഷണം എന്ന നിലവിട്ട് വെള്ളിത്തിരയിൽ തിരക്കഥ എന്ന് എഴുതിക്കാണിക്കുന്ന നിലയിലേക്കുള്ള പരിണാമം ഇതേ കാലത്ത് തന്നെയാകും സംഭവിക്കുന്നത്.
“ഈ ഫിലിം സ്‌ക്രിപ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ രണ്ട് സുഹൃത്തുക്കളെ സ്‌നേഹത്തോടെ ഓർക്കുന്നു: എന്നെക്കൊണ്ട് ഇതെഴുതിച്ച പരമുവിനെ (നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായർ); ഈ മീഡിയത്തിന്റെ വലിയ സാധ്യതകളും മലയാളിയിലെ പരിമിതികളും പഠിപ്പിച്ചുതന്ന വിൻസന്റിനെ (സംവിധായകൻ എ. വിൻസന്റ് മാസ്റ്റർ). ‘മുറപ്പെണ്ണി’ന് തൊട്ടുമുന്‍പ് തന്നെ 1964-ൽ എ. വിൻസന്റ് മാസ്റ്റർ വൈക്കം മുഹമ്മദ് ബഷീറിനെക്കൊണ്ട് ‘ഭാർഗ്ഗവീനിലയ’വും എഴുതിച്ചിരുന്നു എന്നോർക്കണം. വിൻസന്റ് മാസ്റ്റർ സൃഷ്ടിച്ച ഒരു ഫോർമുലയാണ് മലയാളത്തിൽ തിരക്കഥാസാഹിത്യത്തിനുതന്നെ അടിത്തറപാകിയത് എന്നുവേണം മനസ്സിലാക്കാൻ. വല്യച്ഛന്റെ ഓർമ്മയ്ക്ക് ‘മുറപ്പെണ്ണി’ന്റെ തിരക്കഥ ഇന്നും സൂക്ഷിക്കുന്നു.
തിരക്കഥാകൃത്തിന്റ ഭാവന 1966 കാലത്തുനിന്നും വ്യത്യസ്തമായി തിരക്കഥയിൽനിന്നും ചോർന്നുപോകുന്നത് എന്താണ് എന്ന എഴുത്തുകാരന്റെ ആധി കാണാം ‘മണിച്ചിത്രത്താഴി’ന്റെ തിരക്കഥയ്ക്ക് മധു മുട്ടം എഴുതിയ ആമുഖത്തില്‍ “ചിന്തകൾ സ്വന്തം വഴിയേ പോകുന്നു കഥകളുണ്ടാക്കാൻ. ജീവിതഗന്ധം വെറും മേമ്പൊടി. ഇരിപ്പും നടപ്പുമായി രണ്ടു മൂന്നു കൊല്ലങ്ങൾ. മുന്നിൽ ചെറിയൊരു കടലാസുകടൽ. 1993 പകുതിയോടെ ഡയറക്ടർ-പഠന-ചർച്ചകൾ: അഭ്രടേപ്പിനുള്ള അളവെടുപ്പുകൾ, മുറിച്ചുമാറ്റലുകൾ”. കാലമാറ്റം ഇതിൽ കാണാം. കാലത്തിൽ ചോർന്നുപോകുന്നത് എന്ത് എന്നും.
പൊരുതി നേടിയ വിജയം
‘മണിച്ചിത്രത്താഴ്’ ഏത് ഭാഷയിലെടുത്താലും കഥ: മധു മുട്ടം എന്ന് എഴുതിക്കാട്ടണം എന്ന കോടതി ഉത്തരവ് മധുച്ചേട്ടൻ പൊരുതി നേടിയെടുത്തതാണ് . ഡോ. ബിജു സംവിധാനം ചെയ്ത ‘സൈറ’ എന്ന സിനിമയുടെ നിർമ്മാതാവും മധു മുട്ടത്തിന്റെ സുഹൃത്തുമായ ബി.എൻ. രാധാകൃഷ്‌ണനാണ് ആ പോരാട്ടത്തിൽ ഒപ്പം നിന്നത്. സിനിമയിലെ തിരക്കഥയ്ക്ക്, കഥാകൃത്തിനുള്ള അവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. സിനിമയുടെ ചരിത്രത്തിലുടനീളം കണ്ടുവരുന്ന ചൂഷണങ്ങളിൽ ഒന്നാണ് കഥയുടെ അവകാശം സ്വന്തമാക്കുന്ന പല രീതികൾ. ഇന്നും അതു തുടരുന്നു. കാരണം, മറുഭാഷകളിലെ വില്‍പ്പനസാധ്യതകൾ വഴി കിട്ടുന്ന വരുമാനം തന്നെ. എന്നാൽ, സിനിമയിലെ ഈ അന്യായവ്യവസ്ഥയ്ക്ക് എതിരെ ചോദ്യം ചെയ്തത് മധു മുട്ടം പോലെ ഒരു എഴുത്തുകാരന്റെ മിക്കവാറും സമ്പൂർണ്ണ ബാഷ്പീകരണത്തിലേക്കാണ് നയിച്ചത്. അതാണ് സിനിമ, ഏതെങ്കിലും അധികാരത്തെ ചോദ്യം ചെയ്താൽ സർവ്വ അധികാരങ്ങളും അതിനെതിരെ സംഘടിക്കും. അതിന് ഒരു കമ്മിറ്റിയും കൂടി തീരുമാനമെടുക്കേണ്ട ആവശ്യമില്ല. അതൊരു അലിഖിത നിയമവ്യവസ്ഥയാണ്.
1993-ൽ ‘മണിച്ചിത്രത്താഴി’നു ശേഷം മധു മുട്ടത്തിന് ചെയ്യാനായ സിനിമകളുടെ എണ്ണം പരിശോധിച്ചാൽ അദ്ദേഹം നേരിട്ട ബാഷ്പീകരണം വ്യക്തമാകും. 1993-ന് ശേഷം, അഞ്ചു വർഷം കഴിഞ്ഞ് 1998-ൽ ഫാസിലിന്റെ തന്നെ ‘ഹരികൃഷ്ണൻസി’ൽ സംഭാഷണം മാത്രം. അതിന്റെ പരസ്യത്തിൽ പോലും മധു മുട്ടം എന്ന പേരില്ല. പിന്നെ ഒരു ഒന്‍പത് വർഷത്തിനു ശേഷം 2007-ല്‍ ഒരു നവാഗത സംവിധായകനായ അനിൽ ദാസിനൊപ്പം ‘ഭരതൻ ഇഫെക്ട്’, വീണ്ടുമൊരു നാലു വർഷത്തിനു ശേഷം 2011-ൽ മറ്റൊരു നവാഗത സംവിധായകനായ മഹാദേവനൊപ്പം ‘കാണാക്കൊമ്പത്ത്’ എന്നീ രണ്ടു പരാജയങ്ങൾ, തീർന്നു: 1993-2025 കാലത്ത് 22 വർഷത്തിൽ കഷ്ടിച്ച് രണ്ടേകാൽ സിനിമകൾ. സിനിമയുടെ മുഖ്യധാരയിൽ മണിച്ചിത്രത്താഴ് സൃഷ്ടിച്ച ചലനവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ തിരസ്‌കാരത്തിന്റെ ആഴം തിരിച്ചറിയാനാവുക. ഇതിൽ ഇന്നയാളാണ് തിരക്കഥാകൃത്തെങ്കിൽ താൻ അഭിനയിക്കില്ല എന്നു പറഞ്ഞ് ഇല്ലാതാക്കിയ സിനിമകളും താൻ നിർമ്മിക്കില്ല എന്നു പറഞ്ഞ് ഇല്ലാതാക്കിയ സിനിമകളും ഉണ്ടാകും. ആ കഥകൾ ആരും പുറത്തുപറയില്ല, അതാണ് സിനിമയുടെ ഇരുണ്ട മറുവശം.
1964-ൽ ‘ഭാർഗ്ഗവീനിലയ’ത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയിൽ എ. വിൻസന്റ് മാസ്റ്ററാണ് ‘യക്ഷി’യെ വെള്ളിത്തിരയിലെ മലയാളി ഭാവനയുടെ ഭാഗമാക്കി ഉയര്‍ത്തിയത്. അതിന് എക്കാലത്തേയും മനോഹരമായ ഒരു ശില്പമാതൃക തന്നെ അവർ തീർത്തു. 1968-ൽ മലയാറ്റൂർ രാമകൃഷ്ണന്റെ നോവലിന് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതിയ കെ.എസ്. സേതുമാധവന്റെ ‘യക്ഷി’ വന്നു. 1972-ൽ തകഴി ശിവശങ്കരൻ പിള്ളയുടെ കഥയ്ക്ക് തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും എഴുതി വിൻസന്റ് മാസ്റ്റർ ‘ഗന്ധർവ്വക്ഷേത്രം’ പണിതു. 1973-ലാണ് ഹോളിവുഡിൽനിന്നും ഭൂതാവിഷ്ടരെ കുടിയൊഴിപ്പിക്കുന്ന ‘എക്‌സോസിസ്റ്റ്’ വരുന്നത്. 1978-ൽ നടൻ വിജയന്റെ രചനയിൽ ബേബി സംവിധാനം ചെയ്ത ‘ലിസ’ നമ്മുടെ പ്രേതഭാവനയെ ഹോളിവുഡ് ചിത്രത്തിലേക്ക് കൂട്ടിക്കെട്ടി.
യക്ഷികളും ഗന്ധർവ്വന്മാരും എന്നും മലയാളി ഭാവനയുടെ ഭാഗമാണെങ്കിലും വെള്ളിത്തിരയിലെ യക്ഷി/ഗന്ധർവ്വ മാതൃകയ്ക്ക് അടിത്തറപാകിയത് എ. വിൻസന്റ് മാസ്റ്ററുടെ ചലച്ചിത്ര പ്രതിഭയാണ് എന്നു പറയാം. പിന്നീട് വേറിട്ട മറ്റൊരു ഗന്ധർവ്വൻ മലയാളത്തിന്റെ വെള്ളിത്തിരയെ ഗ്രസിക്കുന്നത് പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വനി’ലൂടെയാണ്, 1991-ൽ. ഈ മുൻഗാമികളുടെയെല്ലാം വെള്ളിത്തിരത്തുടർച്ചയാണ് ഫാസിലിന്റെ, മധു മുട്ടത്തിന്റെ ‘മണിച്ചിത്രത്താഴ്’.
ആണത്തങ്ങളുടെ വിചാരണ എല്ലാറ്റിലും ഉൾച്ചേർന്നു കിടക്കുന്നുണ്ട്. മലയാളത്തിൽ മാജിക്കൽ റിയലിസത്തിന്റെ സാധ്യതകൾ സാർത്ഥകമായി ഉപയോഗിച്ച സിനിമകൾ കൂടിയാണിവ.
സിനിമയാകുമ്പോൾ ചോർന്നുപോകുന്നത് എക്കാലത്തും ഭാവനയുടെ വേദനയാണ്. അതനുഭവിക്കാത്ത എഴുത്തുകാർ ഉണ്ടാകില്ല. സിനിമയാകാതെ പോകുന്ന ഭാവനയെക്കാൾ കഠിനമാണ് ആ വേദന. അങ്ങനെ മധു മുട്ടം എന്ന തിരക്കഥാകൃത്ത് നാലു പതിറ്റാണ്ടിലേറെയായി നിധികാക്കുന്ന ഭൂതത്തെപ്പോലെ കാത്തുസൂക്ഷിച്ചുപോരുന്ന ഒരു തിരക്കഥയാണ് ‘ദുലാരി ഹർഷൻ’. അത് എൺപതുകളുടെ തുടക്കത്തിൽ സിനിമയിലേക്ക് വരും മുന്‍പെ സങ്കല്പിച്ചുവച്ചതാണ്. സിനിമയിലേക്ക് വന്ന ശേഷം പലവട്ടം പലരും അത് സിനിമയാക്കാൻ തുനിഞ്ഞ് പൊള്ളുമോ എന്ന് ഭയന്ന് പിൻവാങ്ങിയതാണ്. മധു മുട്ടത്തെ സിനിമയിലെത്തിച്ച ഫാസിൽ തന്നെ അതൊരിക്കൽ ചെയ്യാൻ ആലോചിച്ച് പിന്മാറിയതാണ്. മോഹൻലാലിനെ അത് ചെയ്യാൻ ഒരു ഭരതൻ തന്നെ വേണമായിരുന്നു എന്നായിരുന്നു ആ പിന്മാറ്റം പറഞ്ഞത്. പിൽക്കാലത്ത് ആ തിരക്കഥയുമായി നിർമ്മാതാവ് ബി.എൻ. രാധാകൃഷ്ണൻ കയറിയിറങ്ങിയ സംവിധായരുടെ പട്ടിക നീണ്ടതാണ്. ഇതു ചെയ്യാൻ ജീവിച്ചിരിക്കുന്ന സംവിധായകർ പോര എന്ന യുക്തിവിചാരത്തിന്റെ തിരസ്‌കാരങ്ങളിൽ മലയാളത്തിന്റെ വെള്ളിത്തിരയിൽനിന്നും ഉന്മൂലനം ചെയ്യപ്പെട്ട ഉള്ളടക്കങ്ങളുടെ ചരിത്രം ഒരു പ്രത്യേക ഗവേഷണ വിഷയം തന്നെയാണ്. കമ്പോളയുക്തികൾക്കിണങ്ങുന്ന, താരപ്രതിച്ഛായകളുടെ ഹ്രസ്വദൃഷ്ടികൾക്ക് അനുസൃതമായി പലതരം വെട്ടിമുറിക്കലിനും ചിട്ടപ്പെടുത്തലുകൾക്കും വിധേയമായാണ് ഉള്ളടക്കത്തിന്റെ വെള്ളിത്തിര സഞ്ചാരം. ആ കെണിയിൽ കുടുങ്ങിപ്പോയി ‘ദുലാരി ഹർഷൻ’.
‘മണിച്ചിത്രത്താഴിൽ’ മധു മുട്ടം എഴുതിയ ഒരു പാട്ടിൽ ഏകാന്തമായ ആ കാത്തിരിപ്പിന്റെ ആത്മകഥ വായിക്കാം:
“വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ....
ചിത്ര പാടിയ ഈ മനോഹരഗാനം ഇന്നും മൂളിനടക്കുന്ന മലയാള സിനിമ ഒരു പാട്ടെഴുത്തുകാരനായിപ്പോലും മധു മുട്ടത്തെ തേടി മുട്ടത്തേക്ക് ചെന്നുപോയില്ല എന്നത് ഒരത്ഭുതമാണ്. ‘ദുലാരി ഹർഷനു’മായി മധു മുട്ടം കാത്തിരിപ്പ് തുടരുകയാണ്, വർഷങ്ങൾ പോയതറിയാതെ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates