Poems

'വേറെ എന്തെങ്കിലും'- മോന്‍സി ജോസഫ് എഴുതിയ കവിത

വേറെ എന്തെങ്കിലും ചെയ്യാന്‍അയാള്‍ എപ്പോഴും ആഗ്രഹിച്ചു.എന്തിന് അയാളെ പറയണം.അത് ഞാന്‍ തന്നെ

മോന്‍സി ജോസഫ്

വേറെ എന്തെങ്കിലും ചെയ്യാന്‍
അയാള്‍ എപ്പോഴും ആഗ്രഹിച്ചു.
എന്തിന് അയാളെ പറയണം.
അത് ഞാന്‍ തന്നെ.
മിഴാവ് കൊട്ടുന്നതുപോലെയോ
മണി മുഴുങ്ങുന്നതുപോലെയോ 
ഞാന്‍ സദാ മിടിച്ചുകൊണ്ടിരുന്നു

മഴക്കാലത്തും കൊടിയ വേനലിലും 
വിറകു കീറുന്നതുപോലെയും
ചെളിവാരുന്നതുപോലെയും
ധാരാളം ജോലികള്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്നു
എല്ലാ  ജോലികളും ഇങ്ങനെ തന്നെയായിരുന്നു.
നെറ്റിയിലെ വിയര്‍പ്പുകൊണ്ട് 
അപ്പം കഴിക്കുന്നവര്‍ക്ക് 
എല്ലാരിലും പുച്ഛം
സര്‍വ്വപ്രതാപിയായി നിവര്‍ന്നുനിന്നു.

വേറെ എന്തെങ്കിലും ചെയ്യാന്‍ 
ഞാന്‍ ഇപ്പോഴും ആഗ്രഹിച്ചു.
ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു.
അറക്കമില്ലില്‍ ജോലിക്കിടെ 
അയാളുടെ കൈപ്പത്തി അറ്റുപോയിരുന്നു.
എന്നിട്ടും തന്നെ കബളിപ്പിച്ച ഒരു പെണ്ണിന്റെ കഴുത്തിനു പിടിക്കാന്‍ അയാളുടെ കൈ തരിച്ചു.
അവളോ?
പുതിയ കാമുകന്റെ ചെവി കടിച്ചുതിന്നുകൊണ്ട് അവള്‍ പറഞ്ഞു:
'എന്തെല്ലാം തരം മനുഷ്യര്‍
ഒരുതരത്തില്‍ അയാളില്‍നിന്ന് രക്ഷപെട്ടു'
അവന്റെ കഥകേട്ട് ഞാന്‍ വെറുതെ 
കൈ കുടഞ്ഞു.

ഒരു പാതിരാനേരത്ത് സ്വപ്നത്തിലെന്നപോലെ 
ഞാനുണര്‍ന്നു
അവര്‍ മൂന്നാലുപെണ്ണുങ്ങളുണ്ടായിരുന്നു
അവര്‍ എന്നെ അമ്മാനമാടി
ഇതാണോ ഏദന്‍തോട്ടം?
ഞാന്‍ നിസ്സഹായനായി.
പാട്ടു പാടി നീണ്ട ചുണ്ടുകള്‍ വിടര്‍ത്തി 
അവരിലൊരുവള്‍ വശീകരണയന്ത്രം തൊട്ടുകാണിച്ചു
അപ്പോഴും വേറെന്തോ ചെയ്യാന്‍
ഞാന്‍ ആഗ്രഹിച്ചു
മനുഷ്യമൃഗമേ, അവള്‍ എന്നെ വിളിച്ചു
നീ വേറെയാരെയാണ് തിരയുന്നത്
ഞാനില്ലേ,
എന്തിനും പോന്ന ഞാനില്ലേ.
നിനക്കതു പോരെ?

മരണനേരത്തു അച്ഛന്‍ അമ്മയോട് 
പറഞ്ഞു ചിരിച്ചു
നമ്മുടെ മകന്‍ വേറെന്തോ ചെയ്യുമെന്ന് 
പറഞ്ഞിട്ട് എന്തായി?
അവന്‍ വിപ്ലവത്തിന്റെ പുറകെ 
ആയിരുന്നല്ലോ, അമ്മ ഓര്‍ത്തു
ഞാന്‍ അവര്‍ക്കു നടുവില്‍ 
മിഴുക്കസ്യ മട്ടില്‍ നിന്നു

സത്യം പറഞ്ഞാല്‍ ആ വഴിയും 
ഈ വഴിയും 
ഒരു വഴിയാധാരം പോലെ നടന്നു
പൊരുളറിയാത്ത പൊട്ടനെപ്പോലെ വിക്കി വിക്കി നടന്നു
അപ്പോഴും വേറെന്തോ ചെയ്യാന്‍ 
ഞാന്‍ ആഗ്രഹിച്ചു
വേറെ പണിയൊന്നുമില്ലേ,
ആരോ എന്നെ അവിടുന്നും അടിച്ചിറക്കി.
അന്തിവെളിച്ചത്തില്‍ ചിന്നിച്ചിതറി
തത്തിത്തത്തി നടന്നു.
ഒരു വെളുത്ത പൂച്ച വെളുത്ത മൂലയില്‍ 
ഉറക്കത്തിലേക്കു മെല്ലെ വഴുതുന്നത് കണ്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

SCROLL FOR NEXT