കാപ്പി കുടിച്ചുറക്കം വരാഞ്ഞ രാത്രി
ഗൂഗിള്‍ എര്‍ത്തില്‍ നാടൊന്ന് സര്‍ച്ച് ചെയ്തു
വിശ്വംഭരേട്ടന്റെ കട
ജനത സ്‌കൂള്‍
കൊവേന്ത പള്ളി
കുര്യാടി തോട്
കൃത്യമായി എല്ലാം
അടയാളപ്പെടുത്തിയിട്ടുണ്ട്
നടന്ന വഴികളിലൊക്കെ
ഒന്നുകൂടിയൊന്ന് നടന്നു
ദാഹം തോന്നിയപ്പോള്‍
വീട്ടിലേക്ക് പോന്നു
പണ്ടു നട്ട തണല്‍മരം
പാടത്തെ കൊറ്റിയായി
മുറ്റത്ത് ചിറക് വിരിച്ചു
കൂട്ടിയിട്ട മണലില്‍
തണുപ്പ് തേടിയൊരു പട്ടി
കുഴിക്കുന്നു വെരുകുന്നു
കോളിംഗ് ബെല്ലടിച്ചപ്പോള്‍
വസൂരി ഒഴിച്ചിട്ട
കലകളിലൊരാള്‍
അപ്പച്ചനെവിടെ?
പതിനഞ്ചു കൊല്ലം മുന്‍പ് അപ്പച്ചന്
കാശ് പുളിങ്കുരുപോലെ
എണ്ണിക്കൊടുത്ത്
വാങ്ങിയതാണീ വീട്
അന്നീമതിലൊന്നുമില്ലായിരുന്നു
കിണറിനു കോരിയുമില്ലായിരുന്നു
പ്രാണികളുടെ ശല്യമായിരുന്നു
മഴ പെയ്ത് വെള്ളം പൊങ്ങിയിറങ്ങിയാല്
തവളപ്പത ഓലക്കുടി നീര്‍ക്കോലി
ശരിയാ
അപ്പച്ചന്‍ വണ്ടിയെടുത്ത്
കടം കേറി മുടിഞ്ഞപ്പോള്‍
വിറ്റ വീടാണ്
സോറി പറഞ്ഞിറങ്ങിയപ്പോള്‍
ഓര്‍മ്മവന്നു
വീട്ടിലേക്കുള്ള വഴി
വച്ചുപിടിച്ചു
ചെന്ന് കയറിയപ്പോള്‍
ഉടമസ്ഥന്‍
പഴയ വാടകക്കാരായെന്ന്
തോളില്‍ തട്ടി
പിന്നെയിറക്കിവിട്ടു
ഇറക്കി വിട്ടു
നാലുമണിപ്പൂക്കളുടെ വീട്
തോട്ടുംകരയിലെ കൈതച്ചക്കകളുടെ വീട്
ഷോക്കടിക്കുന്ന വീട്
ചോര്‍ന്നൊലിക്കുന്ന വീട്
വേപ്പുമരത്തിന്റെ വീട്
കുളത്തിന്റെ വീട്
പൈപ്പ് വെള്ളത്തിന്റെ വീട്
കണ്ണങ്കല്ലിന്റെ വീട്
ബദാം മരങ്ങളുടെ വീട്
പാമ്പുകളുടെ വീട്
യൂറോപ്യന്‍ ക്ലോസറ്റുകളുടെ വീട്
പുളിയിലകളുടെ വീട്
ഓര്‍മ്മയില്‍ വന്ന
വീടുകളിലൊക്കെ
കയറിച്ചെന്നു
അപ്പച്ചനെ വിളിച്ചു
അമ്മച്ചിയെ വിളിച്ചു
അവിടെനിന്നൊക്കെ
വാടകക്കാരനായി
ഇറങ്ങിപ്പോന്നു
നടന്ന് നടന്നങ്ങു കാലുകഴച്ചു
വിളിച്ചുവിളിച്ച് വായിലെ വെള്ളം വറ്റി
നട്ടുച്ചക്ക് ടാറിട്ട
റോഡിലൂടെ
ചെരിപ്പിടാതെ
ഓടിയപ്പോള്‍
അകം പുറം പൊള്ളി
വീട് കണ്ടോ
എന്റെ വീട് കണ്ടോ
കണ്ടവരോടൊക്കെ ചോദിച്ചു
വീട് കണ്ടോ
എന്റെ വീട് കണ്ടോ
അപ്പച്ചനെ കണ്ടോ
അമ്മച്ചിയെ കണ്ടോ
ഒടുക്കം
റേഷന്‍ കടയിലെ
നായരെക്കണ്ടു
അയാള്‍ക്കെല്ലാവീടുമറിയാം
കാണാനെങ്ങനിരിക്കും?
മുറ്റത്ത് നുണക്കുഴികളില്‍ കുഴിയാനകളുണ്ട്
അല്ല
മുറ്റത്തുകൂട്ടിയിട്ടിഷ്ടികയില്‍ പൂപ്പലുണ്ട്
അല്ലല്ല
മുറ്റത്ത് അമ്മച്ചിക്ക് പനി വന്നാല്‍ കുമിയുന്ന മണ്ണുകുത്തികളുണ്ട്
അല്ലല്ലല്ല
മുറ്റത്ത് മഞ്ഞുകാലത്ത് കാലുതട്ടിനീറാനൊരു കരിങ്കല്ലിങ്കൂര്‍പ്പുണ്ട്
അല്ലല്ലല്ലല്ല
മുറ്റത്ത്
അല്ലേല്‍ വേണ്ട
അപ്പച്ചന്‍ നടന്നു നടന്നുണ്ടാക്കിയൊരുവഴിയുണ്ട്
അല്ലല്ലല്ലല്ലല്ല
ഉമ്മറത്തെ ചുവരിലെയെണ്ണക്കറയിലൊരാളുണ്ട്
അല്ലല്ലല്ലല്ലല്ലല്ല
ബക്കറ്റ് വീണാല്‍ കണ്ണു തുറക്കുന്ന കിണറുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ല
വേട്ടാളന്‍ കൂട് കൂട്ടിയ മെയിന്‍സ്വിച്ചുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ലല്ല
കുത്തിക്കാച്ചുമ്പോള്‍ ചുമയ്ക്കുന്ന അടുപ്പുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല
എമ്പാടും പാറിനടക്കുന്ന മുടിക്കുണ്ടകളുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല
കുളിമുറിയുടെ നനവില്‍ കിളിര്‍ത്ത ആനത്തുമ്പയുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല
കുട്ടികള്‍ മൂത്രമൊഴിച്ചു വളര്‍ത്തുന്ന കുറ്റിച്ചെടികളുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല
അമ്മച്ചി കരഞ്ഞു നനച്ചുണക്കിയ പുല്‍പ്പായയുണ്ട്
അല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല
കുറച്ചപ്പുറേ പുല്ലും ചാണകവും കുഴഞ്ഞൊരുമണമുണ്ട്
വാടകവീടുകളെല്ലാംകൂടിയൊരു വീടായി
നീയാ കാതേടെ മോനല്ലേ
ആ
നിങ്ങക്കതിന് സ്വന്തം വീടില്ലല്ലോ
അപ്പച്ചന്റെ
വിണ്ടുകീറിയ ഉപ്പൂറ്റിയും
അമ്മച്ചിയുടെ
പുല്ലുങ്കെട്ടും ഏന്തി
ഒരാള്‍ക്കുമാത്രം
കേള്‍ക്കാവുന്നത്ര ഒച്ചയില്
വീട് കണ്ടോ വീട്
എന്ന് പിറുപിറുത്ത്
നടത്തം തുടര്‍ന്നു
ഗൂഗിള്‍ എര്‍ത്തില്‍
ഒരു മൗസ് പോയന്റായത്
ചുരുങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates