Poems

'ചെരുപ്പാളി'- ബാലഗോപാലന്‍ കാഞ്ഞങ്ങാട് എഴുതിയ കവിത

ഒരു ചെരുപ്പാളിയുടെകണ്‍നോട്ടങ്ങളില്‍നിങ്ങള്‍എപ്പോഴെങ്കിലുംഅടയാളപ്പെട്ടിട്ടുണ്ടോ?

Author : ബാലഗോപാലന്‍ കാഞ്ഞങ്ങാട്

ഒരു ചെരുപ്പാളിയുടെ
കണ്‍നോട്ടങ്ങളില്‍
നിങ്ങള്‍
എപ്പോഴെങ്കിലും
അടയാളപ്പെട്ടിട്ടുണ്ടോ?

നടന്നുവരുന്ന
ഒരോ പാദരക്ഷയിലും
അവന്‍
വിശപ്പിന്റെ വെയിലെരിവുകളെ
വിശുദ്ധിയുടെ
കണ്ണുകളാല്‍ മാറ്റിവരയ്ക്കും

ചെരുപ്പിന്റെ ഓരോ പൊട്ടലിലും
സൂക്ഷ്മദൃഷ്ടികള്‍
പ്രത്യാശയുടെ
ദുന്ദുഭികള്‍ കൊട്ടും.

കിണ്ണം വയറ്റത്ത് വെച്ച്
ചെണ്ടകൊട്ടുന്ന
മൂക്കൊലിപ്പുള്ള കുഞ്ഞുങ്ങള്‍
അവനപ്പോള്‍ പാണ്ടിമേളക്കാരാവും

ജീവിതം മുറിഞ്ഞുപോയാലും
പച്ചകുത്തിയ
അവന്റെ കൈത്തണ്ടയില്‍
ഒരൂക്കന്‍ പുലിയമറും

നായയെപ്പോലെ
വിശന്നൊട്ടിചുരുളുമ്പോഴും 
അവന്റെ മക്കള്‍
പുലിരൂപം കണ്ട് വിജൃംഭിതരാവും

ജീവിതത്തെ പേടിപ്പിക്കാന്‍ 
വരച്ചിട്ട പുലിയപ്പോള്‍ 
വിശന്ന കൊടിച്ചിയുടെ 
മൂളക്കങ്ങള്‍ക്കു മുമ്പില്‍ 
പകച്ചുനില്‍ക്കും
 
ഉയിര്‍ക്കണമെന്ന ചിന്ത 
ആകാശത്തിലേക്ക് പടര്‍ത്തി
ഓരോ തുന്നലിലും
അത്മപീഡയുടെ
മുഴുവെരിവും തീര്‍ത്ത്
അന്തിയില്‍
ചീഞ്ഞ മത്തിയും
പൂളയും
കാഞ്ഞ വയറിന്
അലുകുപാകുമ്പോള്‍
അവന്റെ പെണ്ണ്
തൊഴിലുറപ്പിന്റെ
പണിഭംഗിയില്‍ മയങ്ങി
റേഷന്‍ കടയുടെ
തിണ്ണയിലേക്കുള്ള 
ഓട്ടത്തിലാവും

ജീവന്റെയോട്ടത്തിന്
കാണികളുടെ നോട്ടത്തില്‍ 
*സുയിപ്പ്
അതിരുകള്‍ പൊട്ടിച്ചേക്കും

അവനപ്പോള്‍
നടന്നുവരുന്ന 
ഓരോ ചെരുപ്പിലേക്കും
കണ്ണ് കലങ്ങി നോട്ടമെറിയും

ജീവിതത്തില്‍ 
മുന്നോട്ടാക്കം മുട്ടിയവന്‍
കാലുകളിലേക്കല്ലാതെ 
പിന്നെയെവിടെ നോക്കാനാണ്?

*സുയിപ്പ് പരിഹാസം

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു