ചിത്രീകരണം: അർജുൻ കെവി 
Poems

'ആടുകളുടെ വാതില്‍'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

ഞാന്‍ആടുകളെ തുറന്നുവിട്ടുഎന്നിട്ടിപ്പോഴുംഅവരുടെ ഇറച്ചി തിന്നുന്നുസ്വപ്‌നത്തില്‍ഒരു പര്‍വ്വതം മുഴുവന്‍താഴ്വര മുഴുവന്‍അവര്‍മേയുന്നതായി കാണുന്നു

Author : പി.എം. ഗോവിന്ദനുണ്ണി

ഞാന്‍
ആടുകളെ തുറന്നുവിട്ടു
എന്നിട്ടിപ്പോഴും
അവരുടെ ഇറച്ചി തിന്നുന്നു
സ്വപ്‌നത്തില്‍
ഒരു പര്‍വ്വതം മുഴുവന്‍
താഴ്വര മുഴുവന്‍
അവര്‍
മേയുന്നതായി കാണുന്നു;
വല്ലപ്പോഴും
മുള്‍ച്ചെടികളെ പ്രാപിക്കുന്നതായും.

ഭോഗിക്കപ്പെടാത്ത ആകാശമായി
മണ്ണിലെത്തടാകം
ചോരയിറ്റുന്ന ലിപികളില്‍ ചവിട്ടി
ഒരു പുരോഹിതന്‍
അതുവഴി പോകുന്നു.
ആടുകള്‍ക്ക് 
അയാളല്ല വാതില്‍.
ഞാനത്
ആദ്യമേ തുറന്നിട്ടു
അതുവഴി
അവര്‍ കടന്നുപോയി.
എന്നിട്ടും 
ഞാന്‍ തിന്നുന്നു
അവരുടെ
നെയ്യൂറുന്ന ഇറച്ചി 
എന്നിട്ടും
അവര്‍ മേയുന്നു
പര്‍വ്വത ഭിത്തിയില്‍ ഉടലുരക്കുന്നു
മേഘങ്ങളില്‍ കയറിനിന്ന്
നക്ഷത്രങ്ങളെ നക്കിത്തുടയ്ക്കുന്നു

പുരോഹിതന്റെ ചോരയ്ക്കുവേണ്ടി
ഒരു ദൈവം
എന്നോടു കേഴുന്നു
ഞാനോ
അവന്‍ കാണ്‍കെ
ഇറച്ചിയും ചാറും തിന്നുന്നു
അടച്ചിട്ട ലോകത്തിന്റെ അറ്റത്തെ
ആരുമില്ലാത്ത ഗ്രാമത്തില്‍.

വേണമെങ്കില്‍
ആടുകള്‍
വരിവരിയായി മടങ്ങുന്നതും
തീയ്യിലും വെള്ളത്തിലും സ്‌നാനപ്പെടുന്നതും
കാറ്റിന്റെ ദ്വാരത്തിലൂടെ
എനിക്കു കാണാം

കണ്ണുകള്‍ ഞാന്‍
പാതാളത്തിനു കൊടുത്തിരിക്കുന്നു;
ശബ്ദത്തെ ഇരുട്ടിനും.

എന്റെ ജീവന്‍
തടാകത്തിലിപ്പോള്‍
മുതലയായി നീന്തുന്നു
സാവധാനം ഒരു തീഗോളം
മുകളിലൂടെ ഉരുണ്ടു മറയുന്നു.

ആലയില്‍
ആടോ ആളോ ഇല്ല
എന്നിട്ടും
ഞാന്‍ ഇറച്ചി തിന്നുന്നു
എന്റെ പ്രപഞ്ചത്തില്‍
ദേവാലയങ്ങള്‍ ഇല്ല
എന്നിട്ടും
ഒരു പുരോഹിതന്‍
ഒരു ദൈവം
ഇറച്ചിക്കുമേല്‍ ഞാന്‍
എനിക്കുമേല്‍ ആട്ടിന്‍പറ്റം
അവ
മേഘങ്ങളില്‍നിന്ന്
എടുത്തു ചാടുന്നു 

ഭൂമിയും ഞാനും
അവയുടെ മെതിക്കളം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ