Poems

പ്രമീളാദേവി എഴുതിയ കവിത നെടുവീര്‍പ്പുകള്‍

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

Author : പ്രമീളാദേവി

പാഠപുസ്തകത്തിലെ

നെല്‍വയല്‍പ്പടം കണ്ടു

ബാല്യകൗതുകം ഷൂസും

സോക്സ്, മേല്‍ക്കോട്ടും മാറ്റി

ചാടിയൂര്‍ന്നിറങ്ങുന്നു

പുസ്തകത്താളില്‍പ്പച്ച-

യോളങ്ങളിളക്കുന്ന

വയലില്‍; പൊടുന്നനെ

ഞാറണിക്കയ്യാല്‍ പിഞ്ചു-

മെയ്യിനെപ്പുണരുന്നു

പാടാമാദ്യത്തെ മഴ-

യെന്നപോല്‍, പച്ചപ്പിന്റെ

ലാളനം നുകരുന്ന

പൈതലാദ്യമായ് പൂഴ്ന്നു

പോകുന്ന ചേറില്‍, നീന്തി-

ത്തുടിപ്പൂ ചെറുമീനി-

ന്നോളങ്ങളോരോന്നിലും,

വഴുക്കും വരമ്പത്തു

മേയുന്ന കൊക്കിനൊപ്പം

ധ്യാനമോലുന്നു പിന്നെ

ഞാറുകള്‍ മുതിരുന്നു,

കതിരായ് കനക്കുന്നു...

പാഠപുസ്തകം പഴ-

ങ്കടലാസ്സായീടുന്നു,

‍ചേറുമാമ്പലും കൊഴി-

ഞ്ഞീടുന്നു, ഘടികാര-

സൂചികളളക്കുന്നു

ജീവിതം, വയലിന്റെ

ചോരയില്‍ തഴയ്ക്കുന്നു

നാടിന്റെ വികസനം

മായുന്നു ദേശാടന-

ക്കിളിപ്പാതകള്‍, വെള്ള-

ച്ചാലിലെ തിമിര്‍പ്പുകള്‍,

കൂടുകള്‍ക്കുള്ളില്‍ നമ്മെ

നാമടയ്ക്കുന്നു, പിന്നെ

തുറക്കാനരുതാതെ

വേവുന്നു, തൂവല്‍ക്കതി-

രോരോന്നും കൊഴിയുന്നു...

കണ്ണടയ്ക്കുമ്പോഴേതോ

കരയില്‍ തുടിക്കുന്നു

പണ്ടത്തെ വയല്‍ച്ചേറിന്‍

നെടുവീര്‍പ്പുകള്‍, പൊള്ളു-

ന്നുണ്ടവ തൊടുന്നേരം

പരുക്കന്‍ കാലത്തിനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും