Poems

'സച്ചിന്മയം' (സച്ചിദാനന്ദന്)- രാജന്‍ സി.എച്ച്. എഴുതിയ കവിത

എപ്പോഴുമാള്‍ക്കൂട്ടത്തിലെന്നപോല്‍ കവിതയില്‍.എപ്പോഴും സ്വപ്നത്തിലാണെന്നപോല്‍ പ്രണയത്തില്‍

Author : രാജന്‍ സി.എച്ച്

പ്പോഴുമാള്‍ക്കൂട്ടത്തി
ലെന്നപോല്‍ കവിതയില്‍.
എപ്പോഴും സ്വപ്നത്തിലാ
ണെന്നപോല്‍ പ്രണയത്തില്‍.

നിശ്ചയം ഭാഷയ്ക്കുള്ളില്‍
പ്പിടയ്ക്കും മീന്‍പറ്റമായ്
ദുസ്തരപ്രയാണത്തിന്‍
ഹിമപാതോന്മാദത്തില്‍.

എത്ര ചോരയില്‍ നീന്തി
യൊഴുക്കായാഴങ്ങളില്‍
എത്ര നിര്‍ദ്ദയ ശവ
ഹത്യയാം നിഴല്‍പ്പോരില്‍.

മുകിലായ്‌പ്പെയ്യാന്‍ മിന്നല്‍
ക്കൊടിയാ,യഗ്‌നി നൂലില്‍
മഴതന്‍ പട്ടങ്ങളായ്
നൂലറ്റു പതിച്ചു നീ.

മെരുങ്ങാക്കുതിരകള്‍
ക്കെത്ര കാലുകളേകി?
മൊഴിയാ മൂങ്ങയ്ക്കുള്ളി
ലെത്ര രാവുകള്‍ മൂളി?

പകലിന്‍ നിഴല്‍പ്പറ്റം
മേയുന്ന മേടത്രയും
മെരുങ്ങാതൊറ്റയാനായ്
മദപ്പാടടക്കി നീ.

സഹ്യനില്‍ ഹരിത സം
ഗ്രാമ വീഥിയില്‍ നിള
ചുട്ടൊഴുകുമാ മണല്‍
ച്ചുഴിയില്‍ ചിരകാല
സ്വപ്നസാന്ത്വനം തേടി
യെത്രമേലലഞ്ഞു നീ.

പൊഴിയും ഹേമന്തത്തിന്‍
മഞ്ഞിലുമിലകളായ്
മൊഴിയുമരയാലിന്‍
മന്ത്രമര്‍മ്മരങ്ങളായ്
നിന്റെ പാട്ടുകള്‍ വിദൂ
രങ്ങളില്‍ മുഴക്കമായ്
നിന്റെ നാവതേ ദേവ
ദാരുവില്‍ പുഷ്പങ്ങളായ്

അറിയാ ദുഃഖങ്ങളില്‍
മെരുങ്ങാ ജന്മങ്ങളില്‍
ചിറകു വിരുത്തി നീ
കാലാന്തരങ്ങള്‍ പാറി.

സത്യത്തെ സംഭീതമാം
വരികള്‍ക്കുള്ളില്‍ കാവ്യ
ഭിത്തിയില്‍ വരഞ്ഞിട്ട
ചിത്രചിഹ്നങ്ങളാക്കി.

സൗന്ദര്യമേതോ തെരു
വലയുമരാജക
സങ്കടങ്ങളില്‍ നീറും
പുലരിത്തുടിപ്പായി.

ഒറ്റയാകുന്നുണ്ടെന്നാ
ണോര്‍മ്മക,ളേകാന്തത
പുറ്റുടഞ്ഞതാം കാവ്യ
വത്മീകപ്രശാന്തിയായ്.

നീ സ്മൃതി,യാഗോളമാം
കാവ്യനിര്‍ഝരി,ശര
മാരിയില്‍ പച്ചപ്പാകു
മുര്‍വിയാം മനം,മാനം.

നീ കാവ്യസാക്ഷ്യം,ചിദാ
നന്ദസായൂജ്യം,താരാ
ഹാരിയാം വസന്തര്‍ത്തു
വരിക്കുമതിശയം.

നീ തമോഗര്‍ത്തം പിളര്‍
ന്നുദിക്കും പ്രപഞ്ചാഗ്‌നി
നീ വിഷനീലം തൊണ്ട
യ്ക്കുള്ളില്‍ക്കാത്തതാം മൗനം.

നീ ശരപ്പക്ഷി,നിലാ
വലിയും രത്‌നാകരം.
ഭാഷതന്‍ ശതതന്ത്രി
മീട്ടുന്ന മഹാപാണന്‍.

അറിയില്ലെനിക്കത്ര
യെങ്കിലും കാവ്യബാഹോ,
പുണരാനായുമാത്മാ
വത്രയും സച്ചിന്മയം.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്