യാദൃച്ഛികത
അലക,ളനേകമുള്ള ഒരാന്തൽ
അവിശ്വാസിക്കു പിറക്കുന്ന ഉണ്ണിയേശു.
ഇടിവെട്ടിമുളച്ച കൂണിന്റെ, അകത്തെ
മുഴക്കം, പുറത്തെ ശാന്തത.
മൂക്കത്ത് വിരൽവച്ചുപോവും,
മുൻപത്തെ മുന്തിയ സന്ദർഭങ്ങളെല്ലാം
ഓർമ്മത്തൊട്ടിലിൽ നവജാത നൈർമല്യം.
ഇടയ്ക്ക് വന്നു പോകുന്നെന്നേയുള്ളൂ
ഇവിടുത്തുകാരല്ല പക്ഷേ.
2
കളഞ്ഞുപോയതെന്തോ
കടൽ, നറുംനീല
തീരത്ത് അവൾ
കളഞ്ഞുപോയതെന്തോ
കണ്ണിൽപ്പെട്ടമാതിരി
കടും നോട്ടം
കുതിച്ചുവന്നൊരു തിര
പാദമുരുമ്മി തിരിച്ചുപോകെ-
യതിൻ തുമ്പൊന്നെടുത്ത-
വ,ളരയിൽ തിരുകി
പിന്നിലൂടെ ചുറ്റി
വിരലിടയിൽ നന്നേ മെരുക്കി,
തിരയായ തിരയെല്ലാം
ഞൊടിയിടകൊണ്ടു ഞൊറിവെച്ചിട്ടവൾ
നാഭിക്കീഴെ താഴ്ത്തി.
കടൽ അവളുടെ നീലസാരി
3
മടുപ്പു തോന്നുമ്പോൾ
കവികൾ, മരണത്തെ ഒട്ടുമേ
ഇഷ്ടപ്പെടാത്തവർ
മടുപ്പു തോന്നുമ്പോൾ, നിത്യമായ
ഉറക്കത്തെ വിളിച്ചുവരുത്തി ഒരു നീണ്ട
യാത്ര പോകുന്നു
നൂറ്റാണ്ടുകളായി കൈമാറിക്കിട്ടിയ
പ്രൗഢവും തെളിച്ചവുമുള്ള
ഒരു വിളക്ക് കയ്യിൽ പിടിച്ചുകൊണ്ട്
തിരിച്ചെത്തുംവരെ കുഴിമാടത്തിന്
മരണത്തെ കാവൽ
നിർത്തിക്കൊണ്ടുതന്നെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates