Poems

'ഉത്ഭവം'- പി രാമന്‍ എഴുതിയ കവിത

അയോധ്യാ രാജകുമാരന്‍ രാമന്‍മിഥിലാ രാജകുമാരി സീതയെശൈവ ചാപം കുലച്ചു വേള്‍ക്കുന്നഭാവിരാമായണം

പി രാമന്‍

 

റുത്തെടുത്ത ഒന്നാം തല
മുന്നിലാളുന്ന തീയില്‍ വീണു പൊട്ടിത്തെറിച്ചപ്പോള്‍
ആ തുറന്ന തലച്ചോറില്‍നിന്നും
മറ്റൊമ്പതു തലകള്‍
പതിനെട്ടു കണ്ണുകള്‍കൊണ്ട്
വായിച്ചെടുത്തു,
അയോധ്യാ രാജകുമാരന്‍ രാമന്‍
മിഥിലാ രാജകുമാരി സീതയെ
ശൈവ ചാപം കുലച്ചു വേള്‍ക്കുന്ന
ഭാവിരാമായണം.

അറുത്തെടുത്ത രണ്ടാം തല
മുന്നിലാളുന്ന തീയില്‍ വീണു പൊട്ടിത്തെറിച്ചപ്പോള്‍
ആ തുറന്ന തലച്ചോറില്‍നിന്നും
മറ്റെട്ടു തലകളും
പതിനാറു കണ്ണുകള്‍കൊണ്ടു വായിച്ചെടുത്തു,
കാടേറിയ രാമലക്ഷ്മണന്മാര്‍
ശൂര്‍പ്പണഖയുടെ
മൂക്കും മുലയുമരിയുന്ന രംഗം.

പൊട്ടിത്തെറിക്കുന്ന മൂന്നാം തലയില്‍നിന്ന്
പതിനാലു കണ്ണുകള്‍ വായിച്ചെടുത്തു,
കുരങ്ങന്റെ വാലില്‍ ചുറ്റിക്കൊളുത്തിയ
പന്തത്തില്‍നിന്നും പടര്‍ന്ന്
നഗരം വിഴുങ്ങിയ തീനാളങ്ങള്‍.

നാലാം തല പൊട്ടിത്തെറിച്ചതില്‍
ആ തീനാളങ്ങള്‍ കണ്ട്
അശോകവൃക്ഷച്ചോട്ടിലിരിക്കുന്നവളുടെ
പേടിച്ചരണ്ട മിഴികള്‍.

അഞ്ചാം തല പൊട്ടിത്തെറിച്ചതില്‍
ഒരു നിമിഷം മാത്രം മിന്നിമാഞ്ഞത്
പൊന്നനിയന്‍ വിഭീഷണന്‍
രാമനോടു ചേരാന്‍ പോകുന്ന
കൂര്‍ത്തുമൂര്‍ത്ത നിമിഷം

ആറാം തലയുടെ തുറന്ന താളില്‍
മണ്ണുപിളര്‍ന്നു മായുന്ന സീത
വെള്ളം പിളര്‍ന്നു താഴുന്ന രാമന്‍.

ഏഴാംതലയുടെ ചോരച്ചുകപ്പില്‍
എഴുത്തച്ഛന്റെ വരികള്‍:
''അഹമഹമികാ ധിയാ പാവകജ്വാലകള്‍
അംബരത്തോളമുയര്‍ന്നു ചെന്നൂ മുദാ''

എട്ടാം തല പൊട്ടിത്തെറിച്ചപ്പോള്‍
ഒരു കെട്ടിടം പൊട്ടിത്തെറിക്കുന്ന ശബ്ദം.
കല്ലുകള്‍ തെറിച്ചു ദൂരേക്കു വീഴുന്നു.
പിറകേ, തെരുവില്‍
നിര്‍ത്തിയിട്ട കാറ് പൊട്ടിച്ചിതറുന്നു.

ഒമ്പതാം തലയിലെഴുതിയ ഭാവി രാമായണം
പത്താം തല വായിക്കും മുന്‍പേ
തീ മായ്ചുകളഞ്ഞു
ഒരു ജനതയെയെന്നോണം.

ഇപ്പോള്‍ ആളിക്കത്തുന്ന തീയ്.
ഒമ്പതു കഴുത്തുകളില്‍നിന്നു ചീറ്റുന്ന ചോരയില്‍
കഴുകിയെടുത്ത
രണ്ടേ രണ്ടു കണ്ണ്.
വരം നല്‍കാന്‍ നീണ്ടെത്തിയ കൈകള്‍ തട്ടിമാറ്റി
കഥ മുഴുമിക്കാന്‍
പത്താം തലയും വെട്ടാനോങ്ങുന്ന രാവണന്‍.

പൊട്ടിപ്പിളരാന്‍ പോകുന്ന
രാവണന്റെ അവസാനത്തെ ശിരസ്സിലെ
ബാക്കി രാമായണത്തിലേയ്ക്ക്
പേടിച്ചു പാളിനോക്കുന്നു
2019-ലെ വായനക്കാരന്റെ
പാതി തുറന്ന ഒറ്റക്കണ്ണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

യൂറോപ്പിന് തീപിടിക്കും! ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി- ബയേണ്‍, ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

SCROLL FOR NEXT