Poems

'ഒരു നുള്ള് കവിത'- പ്രമോദ് കെ.എം എഴുതിയ കവിത

ഒട്ടും വിചാരിക്കാതെ ഞാന്‍ഒരു വലിയ കവിതയില്‍നിന്നുംഒരുവിധം നീന്തിക്കയറി

പ്രമോദ് കെ.എം

ട്ടും വിചാരിക്കാതെ ഞാന്‍
ഒരു വലിയ കവിതയില്‍നിന്നും
ഒരുവിധം നീന്തിക്കയറി

ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു
എന്റെ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍
അയാള്‍ (എന്നെക്കാള്‍ ഒരു ആറോ ഏഴോ വയസ്സ് മൂക്കും)
ഒരു സഞ്ചിയും മണ്ണെണ്ണക്കേനുമായി
നമ്മുടെ പറമ്പിലൂടെ
റേഷന്‍ പീട്യേലേക്ക് പോകുമായിരുന്നു.

ഒരു കട്ടിച്ചില്ലുള്ള കണ്ണടയിട്ട്
അതിനിടയിലൂടെ നമ്മളെ നോക്കുന്ന
അയാളുടെ കുനിഞ്ഞ മുഖത്തുള്ള
നിഷ്‌കളങ്കത
എനിക്കും എന്റെ കൂട്ടുകാര്‍ക്കും
അത്ര പിടിച്ചില്ല.
ഞാനൊരു ദിവസം അയാളെ നോക്കി
ഒരു നല്ല ചീത്ത വിളിച്ചുനോക്കി
അയാള്‍ എന്നെയൊന്നു നോക്കുകമാത്രം ചെയ്ത്
നടന്നുപോയി
പിന്നൊരു ദിവസം
കുറേ ചീത്തകള്‍ വിളിച്ചു
അങ്ങനെയങ്ങനെ
എന്റെ ചീത്തകളെല്ലാം കഴിഞ്ഞു
അടുത്ത ആഴ്ചത്തേക്ക്
ആലോചിച്ചാലോചിച്ച് ഞാന്‍
ചില ചീത്തവാക്കുകള്‍ ഉണ്ടാക്കി
വിളിച്ചുനോക്കി
എന്നിട്ടും
അയാള്‍ പ്രതികരിച്ചില്ല
കണ്ണടയ്ക്കുള്ളിലൂടെ
പതിഞ്ഞ ഒരു നോട്ടം
പതിവുപോലെ തന്ന്
അയാള്‍ നടന്നുപോയി.

പിന്നീട് നമ്മള്‍
ചില ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു.

അടുത്ത ആഴ്ചയില്‍
അയാള്‍ വന്നപ്പോള്‍
ഞാന്‍ അയാളുടെ
കൈക്ക് കടന്നുപിടിച്ചു
ഒന്നു നുള്ളി
ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്ത്
അയാള്‍ പോയി

അതിനു ശേഷമാണ്
ഞാന്‍ എന്റെ നുള്ളിനെക്കുറിച്ച്
ആലോചിച്ചു തുടങ്ങിയത്.
അന്നാദ്യമായിട്ടായിരുന്നു
ഞാനെന്റെ ചൂണ്ടുവിരലും തള്ളവിരലും
ശരിക്കും കാണുന്നത്
ഇവയുപയോഗിച്ച്
എങ്ങനെയൊക്കെ നുള്ളാം എന്ന പഠനത്തിനായി
എന്റെ കൂട്ടുകാര്‍
അവരുടെ കൈകള്‍
എനിക്കു വിട്ടുതന്നു.

പിന്നീട് ഞാന്‍
നഖം വളര്‍ത്താന്‍ തുടങ്ങി
അടുത്ത ആഴ്ച അയാള്‍ വന്നില്ല
പിന്നത്തെ ആഴ്ചയും വന്നില്ല
അതിന്റെ അടുത്ത ആഴ്ച വന്നു.
''ഏട്യാടാ നായിന്റെ മോനേ നീ പോയിന്'' എന്ന്
ഞാന്‍ അലറി.
അയാള്‍ പതുക്കെ പറഞ്ഞു:
''പനിയേര്‍ന്നു.''
ആദ്യമായാണ് അയാളുടെ ഒച്ച നമ്മള്‍ കേള്‍ക്കുന്നത്

''നിന്റെ ഒരു പനി''
നീണ്ട കാത്തിരിപ്പിന്റെ കരുത്തില്‍
ഞാന്‍ എന്റെ
നീണ്ട നഖങ്ങള്‍കൊണ്ട്
അയാളെ നുള്ളി

ആ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാള്‍ പോയി
അയാളുടെ തണുത്ത പ്രതികരണം
ഞങ്ങളെ നിരാശപ്പെടുത്തി.
അടുത്ത ആഴ്ച
ഞാനെന്റെ എല്ലാ ശക്തിയുമെടുത്ത്
ഒരു നുള്ളു നുള്ളി
അയാളുടെ കൈത്തണ്ടയില്‍
ചോര വാര്‍ക്കുന്ന രണ്ടു ചന്ദ്രക്കലകള്‍!
അന്നും
ആ!ാ!ാ!ാ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാള്‍ പോയി.

അതോടെ ഞാന്‍ തോറ്റുപോയി
തിരിച്ചയാളൊരു
തല്ലെങ്കിലും തരുമെന്നായിരുന്നു
എന്റെ പ്രതീക്ഷ
കുറ്റബോധംകൊണ്ട് ഞാന്‍ നീറി
അടുത്ത ആഴ്ച അയാള്‍ വരുന്ന സമയം
ഞാന്‍ എന്റെ വീട്ടിന്റെ മൂലയിലൊളിച്ചു
എനിക്കു പകരം
എന്റെ ഒരു കുഞ്ഞു കൂട്ടുകാരി
അയാളെ നുള്ളുന്നത് ഞാന്‍ ജനലിലൂടെ കണ്ടു
അയാള്‍ അവളോട് ഒന്ന് ചിരിക്കുന്നതും.

അയാള്‍ പിന്നെ ആ വഴി വന്നില്ല.

അയാള്‍ ആരെന്ന് എനിക്കറിയില്ല.
പിന്നെ ഞാന്‍ അയാളെ കണ്ടതായി ഓര്‍ക്കുന്നില്ല
എന്തിനാണ് ഞാന്‍ അയാളെ നുള്ളിക്കൊണ്ടിരുന്നത്
എന്നെനിക്കറിയില്ല
എന്തിനാണ് ഞാന്‍ കവിതയെഴുതുന്നതെന്ന്
എനിക്കറിയാത്തപോലെ തന്നെ

തിരിച്ചുകിട്ടാത്ത നുള്ളുകളെപ്പറ്റിയുള്ള
ചിന്തയുടെ മുള്ളുകള്‍കൊണ്ട്
ഞാനൊരു പ്രത്യയശാസ്ത്രമുണ്ടാക്കി
എസ്.എന്‍. കോളേജില്‍ പഠിക്കുമ്പോള്‍
ജാഥകള്‍ക്കിടയിലോ മറ്റോ
എനിക്കും എന്റെ കൂട്ടുകാര്‍ക്കും
നല്ലോണം തല്ലു കിട്ടാറുണ്ട്.
എന്റെ കൂട്ടുകാര്‍
അവരെ തല്ലിയവരെയെല്ലാം തിരിച്ചു തല്ലി
ഞാനാണെങ്കില്‍
ഒരു തല്ലുപോലും തിരിച്ചു കൊടുത്തില്ല

പിന്നീടൊരു അടിക്കിടയില്‍
എന്നെ തല്ലാനോങ്ങിയ ഒരു കൈ
പൊടുന്നനെ
ഒരു തെയ്യം അനുഗ്രഹിക്കുന്നതുപോലെ
വായുവില്‍ അനങ്ങാതെ നിന്നുപോകുന്നതും
ആ കൈയുടെ ഉടമയുടെ കണ്ണുകളില്‍
കരുണയുടെ വിളയാട്ടം കണ്ടതും
ഇന്നും ഓര്‍മ്മയിലുണ്ട്.

പലരേയും വിളിച്ച കൂട്ടത്തില്‍
ഞാന്‍ ഇന്ന് രാജീവേട്ടനേയും വിളിച്ചു
നമ്മുടെ ചെറുപ്പകാലത്തെക്കുറിച്ച് സംസാരിച്ചു

പലതും പറയുന്ന കൂട്ടത്തില്‍
പണ്ട് റേഷന്‍ പീട്യയില്‍ പോകുന്ന സമയത്ത്
ഒരു ദിവസം
ഒരു ചെറിയ പെണ്‍കുട്ടി
തന്നെ
മൃദുവായി തലോടിയത്
ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന്
രാജീവേട്ടന്‍ പറഞ്ഞു!

എന്ത് ???
അപ്പോള്‍
എവിടെപ്പോയി
എന്റെ കൂര്‍ത്തുമൂര്‍ത്ത നുള്ളുകള്‍???
രാജീവേട്ടാ...
ശരിക്കും
രാജീവേട്ടന്റെ കൈ നുള്ളി
തോലുപൊളിച്ചിരുന്നത് ഞാനാണ്.

രാജീവേട്ടന്
എന്റെ കനത്ത നുള്ളുകള്‍ ഓര്‍മ്മയില്ല
ഓര്‍മ്മയിലുള്ളത്
ആ പെണ്‍കുട്ടിയുടെ
നേര്‍ത്ത തലോടല്‍ പോലെയുള്ള
നുള്ളു മാത്രം!

അല്ല രാജീവേട്ടാ
അല്ല
ഞാന്‍ നുള്ളിയിട്ടുണ്ട്
ഞാനാണ് നുള്ളിക്കൊണ്ടിരുന്നത്
എന്റെ നുള്ളാണ് നുള്ള്...

രാജീവേട്ടനോട്
കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ്
ഒരു തീര്‍പ്പാക്കി.
ഇല്ലെങ്കില്‍
എങ്ങനെ തീര്‍ക്കുമായിരുന്നു
ഞാന്‍ എന്റെ
ഈ കവിത!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT