Poems

സുജിത് കുമാറിന്റെ മുന്നു കവിതകള്‍

Author : സുജിത് കുമാര്‍

കാമം

ഒറ്റയ്ക്കൊരിടത്തൊരു പെണ്ണുമാണും മതിമറക്കുന്നതു കണ്ടാല്‍ 
ഉള്ളിലീര്‍ഷ്യയസൂയയങ്കലാപ്പ്
രണ്ടുപേരൊത്തു, ള്ളാനന്ദത്തി-
ലടങ്ങാത്ത വിമ്മിട്ടം.

പെണ്ണിനൊരാണിനെ, യാണിനു പെണ്ണിനെ
കാമിക്കുവാനെന്ത്, പ്രണയിക്കുവാനെന്ത-
ങ്ങു പ്രണയിച്ചാല്‍ പോരേ, 
കാമിച്ചാല്‍ പോരേ

ഒരാള്‍ക്കൊരാളിനെ പ്രണയിക്കുവാ, നൊന്നു കാമിക്കുവാ,
നീയുടലല്ലാ, തെന്തീക്കണ്ണും ചെവിയും മൂക്കും കൈകാലു-
മല്ലാതെ, ന്തതിനെയറിക, യതിനെ പ്രണയിക്ക,
യൊത്തിരിക്കാമത്താ, ലൊത്തിരി പ്രേമത്താ, 
ലൊത്തിരിച്ചന്തത്തിനാല്‍.

ഒരാളൊരാളിനെ ബലാ, ലടിപ്പെടുത്തുമോ, മുറിപ്പെടുത്തുമോ-
നീറും ശുദ്ധകാമമെങ്കില്‍, കടും പ്രണയമെങ്കില്‍
ഭംഗിയാ, മാസക്തിയെങ്കില്‍.


കഠിനം

ഒന്നുമില്ലൊന്നുമില്ലൊക്കെയും ലളിതമേ
ലളിതമായ്ക്കാണാന്‍ പറഞ്ഞിടു, 
ന്നെല്ലാറ്റിനേ, മെന്നൊടീ ലോക-
മെവിടേയു-
മെപ്പോഴും;
ഒന്നുമില്ലിത്രയേയിത്രയേ-
യുള്ളെന്ന്.

കൂടുതല്‍ കൂടുതല്‍ ലളിതമായ്ക്കണ്ടു,
പക്ഷേയത്ര-
പാടില്ലപോല്‍ ലളിതവും.

ലളിതമാവാന്‍ പാടു-
പെട്ടിടുന്നാ, കയാല്‍
കഠിനകഠിനമാവുന്നൂ 
ലോകവും നിത്യേന.

ലളിതമെങ്ങനെ കഠിനമാവുന്ന-
തെന്തതിശയ, മത്യതിശയംതന്നെയീ,
യതിലളിതത്തിന്റെ ലളിതമങ്ങനെ
കടുംകഠിനമായ്ത്തീരുവതിന്‍
പൊരുള്‍.

അന്യനില്‍

മറ്റൊരാളില്ലെങ്കില്‍ നാമെന്തു ചെയ്യും-
സ്വയമിടിച്ചൊന്നുകാട്ടുവാന്‍, മിടുക്കൊന്നുകാട്ടുവാന്‍
തോല്പിക്കാന്‍, തോല്പിച്ചുനോക്കുവാന്‍,
വെറുതേ തോറ്റുകൊടുക്കുവാനെങ്കിലും.

നമുക്കുണ്ടു ഭാര്യ, അതിലില്ല പ്രണയം
നമുക്കുണ്ടു രതി, അതിലില്ല ഭോഗം
രാഷ്ട്രമുണ്ടു, രാഷ്ട്രീയമില്ലതില്‍
പേരിട്ടുവിളിക്കണമോരോന്നിനേം 
നമുക്ക,തിലി-
ല്ലതിന്നാനന്ദമാര്‍ത്തി-
യാഴം.

എന്തു നല്ലോരു മനുഷ്യനെന്നു
നാലാള്‍ പറഞ്ഞാല്‍ മതി, 
യതു കേട്ടാല്‍ മതി-
യതിനു നാലു വാക്കു 
നന്നായ് പറഞ്ഞാല്‍ മതി,
അതെയതെയെന്ന് തലയനക്കിയാല്‍ മതി.

ചുമയ്ക്കുന്നു, പിന്നെയും ചുമച്ചൊന്നുകാട്ടുന്നു
കാര്‍ക്കിക്കുന്നു പിന്നീടൊന്ന് 
മുണ്ടുമടക്കിക്കുത്തഴിച്ച് വീണ്ടും മാടിക്കെട്ടുന്നു
പിന്നീടൊടുക്കം പിന്‍വാങ്ങുന്നു
എങ്ങനെ ഞാനീയെന്നെയാള്‍ക്കൂട്ടത്തിലന്യ-
നില്‍ പ്രകടിപ്പിക്കേണ്ടു...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT