തിരുവനന്തപുരം നഗരത്തിനടുത്ത് വലിയതുറയില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കടലെടുത്തത് ആ തീരത്തെ അഞ്ചാംനിര വീടുകളാണ്. കടല്‍ കയറിക്കയറി വരുമ്പോള്‍ ഓരോ നിരയായി വീടുകള്‍ തകരുന്നു, ആളുകളുടെ ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറുന്നു. ഇതു പതിവ് അനുഭവമായിട്ടുപോലും ഇത്തവണ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നത് വലിയതുറക്കാര്‍ പ്രതീക്ഷിക്കാത്തതായി. ഇത്രയ്ക്കു തീരത്തേക്കു കടല്‍ കയറും എന്നു പ്രതീക്ഷിച്ചില്ല. കഴിഞ്ഞ തവണ വെള്ളം കയറിയെങ്കിലും വീടുകള്‍ക്കു കുഴപ്പമുണ്ടാകാതിരുന്ന ഭാഗങ്ങളിലുള്‍പ്പെടെയാണ് ഇത്തവണ നാശനഷ്ടങ്ങള്‍. കടല്‍ കയറില്ല എന്നു കരുതിയിരുന്നിടത്തേക്കൊക്കെ കയറി.
ഇവിടെ ഉള്‍പ്പെടെ ഒന്‍പത് തീരദേശ ജില്ലകളില്‍ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 22.5 കോടി രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം പിന്നാലെ എത്തി. വിവിധ വകുപ്പുകളുടെ ജില്ലാ തലവന്മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിനു ജനകീയ കമ്മിറ്റിയും രൂപീകരിക്കും. സര്‍ക്കാരിന്റെ ഇടപെടല്‍ നല്ല കാര്യം തന്നെ എന്നു സമ്മതിക്കുമ്പോഴും ദുരിതത്തിനു സ്ഥിരം പരിഹാരമില്ലാത്തതിലെ രോഷവും സങ്കടവുമാണ് തീരത്തിന്റെ മുഖ്യ വികാരം. അതുകൊണ്ടാണ് 'ദുരിതം കാണാന്‍' എത്തിയ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയേയും വി.എസ്. ശിവകുമാര്‍ എം.എല്‍.എയേയും നാട്ടുകാര്‍ തടഞ്ഞുവച്ചതും തിരിച്ചയച്ചതും. ബിഷപ്പ് സൂസൈപാക്യവും സംഘവും എത്തിയപ്പോള്‍ പറഞ്ഞു പറഞ്ഞ് അവര്‍ കരഞ്ഞുപോയതും അതുകൊണ്ടുതന്നെ. ഓടിക്കളിച്ചു വളര്‍ന്ന വീട് കടലെടുത്ത വേദനയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് തീരത്ത് ഇപ്പോള്‍ സംസാരവിഷയം. സമൂഹമാധ്യമങ്ങളില്‍ സജീവമായവരും അല്ലാത്തവരുമൊക്കെ ആ കുറിപ്പ് വായിച്ചു വിഷമം പങ്കിടുന്നു. അവരോരോരുത്തരുടേയും അനുഭവം തന്നെയാണ് അത്.
സുരക്ഷിതമെന്ന പ്രതീക്ഷയില്‍ ആയുഷ്‌കാലത്തെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചു പണിത വീടുകളുള്‍പ്പെടെയാണു കടലെടുത്തത്. അധ്യയന വര്‍ഷം തുടങ്ങിയിട്ടും മക്കളെ സ്‌കൂളിലും കോളേജിലും അയയ്ക്കാന്‍ പോലും കഴിയാത്തവിധം ദുരിതാശ്വാസ ക്യാമ്പുകളില്‍ തിങ്ങി ഞെരുങ്ങി ഒരു സങ്കടകാലം കൂടി. വീടു തകര്‍ന്ന ഏറ്റവുമധികം ആളുകള്‍ കഴിയുന്ന വലിയതുറ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ അറുപതിലധികം കുടുംബങ്ങളിലെ ഇരുന്നൂറ്റിയമ്പതിലേറെ ആളുകള്‍ താമസിക്കുന്നു. ബഡ്സ് സ്‌കൂളില്‍ 14 കുടുംബങ്ങള്‍, തുറമുഖ ഗോഡൗണില്‍ പത്തിലേറെ കുടുംബങ്ങള്‍, ഫിഷറീസ് ടെക്നിക്കല്‍ സ്‌കൂളില്‍ ഒരു കുടുംബം. ഇത് അച്ചടിച്ചു വരുമ്പോഴേക്കും അവരില്‍ കുറേപ്പേര്‍ ബന്ധു വീടുകളിലേക്കോ തകര്‍ന്ന സ്വന്തം വീടിന്റെ അവശിഷ്ടങ്ങളിലേക്കൊ താമസം മാറ്റിയിട്ടുണ്ടാകാം. ദുരിതങ്ങള്‍ അവര്‍ക്കൊപ്പം സഞ്ചരിക്കുന്നു.
ഇങ്ങനെ മതിയോ എപ്പോഴും? പരിഹാരമെന്താണ്? എന്നീ ചോദ്യങ്ങള്‍ക്ക് അനുഭവങ്ങളുടെ തിരമാലച്ചുഴികളില്‍ നിന്നുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ മറുപടി നല്‍കുന്നത്.
തിരുവനന്തപുരം വേളിയിലെ 58 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു വീട് ഉറപ്പാക്കിയ 2009-ലെ പുനരധിവാസ മാതൃകയിലേക്കാണ് ഓരോ കടല്‍ക്ഷോഭ കാലത്തും മത്സ്യത്തൊഴിലാളികള്‍ വിരല്‍ചൂണ്ടുന്നത്. വീണ്ടുമുണ്ടാകുമോ അതുപോലെയൊരു ഇടപെടല്‍ എന്ന ചോദ്യവും ഉയരുന്നു. തിരുവനന്തപുരത്തെത്തന്നെ മുട്ടത്തറയിലെ പുനരധിവാസ ഫ്‌ലാറ്റ് സമുച്ചയം മത്സ്യത്തൊഴിലാളികള്‍ക്കു വലിയ ആശ്വാസമായി എന്നതു മറന്നല്ല വേളി മാതൃക ഓര്‍മ്മിപ്പിക്കുന്നത്. ''അത് 'പക്കാ' ആണ്. മെച്ചപ്പെട്ട ജീവിതത്തിനു സഹായിക്കുന്നത്. മത്സ്യത്തൊഴിലാളികളെ തീരത്തുനിന്നു ഫ്‌ലാറ്റുകളിലേക്കു മാറ്റിയാല്‍ മത്സ്യത്തെ കരയ്ക്കു പിടിച്ചിട്ടതുപോലെയാകും, ആദിവാസികള്‍ക്കു കാട് നഷ്ടപ്പെടുന്നതുപോലെയാകും എന്നൊക്കെയുള്ള വാദങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അവിടെ നന്നായി ജീവിച്ചു കടല്‍കൊണ്ടുതന്നെ അവര്‍ ജീവിക്കുന്നു. മക്കളെ പഠിപ്പിക്കുന്നു. കടലുമായി അധികം ദൂരെയുമല്ല.'' സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ പറയുന്നു. എന്നാല്‍, അഞ്ചു സെന്റ് സ്ഥലവും പട്ടയവും സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സ്വന്തം അധ്വാനം കൊണ്ടൊരു വീടും എന്നതാണ് വേളിയുടെ പ്രത്യേകത.
കടലാക്രമണം ചെറുക്കുന്നതിനു പതിവുപോലെ രണ്ടുലോറി കരിങ്കല്ലുമായി എത്തിയ റവന്യൂ അധികൃതരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞതാണ് വേളിയിലെ തുടക്കം.
കല്ല് വേണ്ട വീട് മതി
കല്ല് വേണ്ട, പുനരധിവാസം മതി എന്നായിരുന്നു അതിനു കാരണമായി അവര്‍ പറഞ്ഞത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇടയില്‍നിന്നുതന്നെ എതിര്‍പ്പുമുണ്ടായി. വെള്ളം കയറുന്നതില്‍നിന്നു രക്ഷിക്കാന്‍ കല്ലുമായി എത്തിയവരെ തടയുന്നു എന്നായിരുന്നു വിമര്‍ശനം. എന്നാല്‍, കല്ലല്ല, പേടിക്കാതെ ജീവിക്കാന്‍ നല്ല വീടാണ് വേണ്ടത് എന്ന വാദം ശക്തമായി ഉയര്‍ന്നപ്പോള്‍ എതിര്‍പ്പ് അടങ്ങി. അന്നത്തെ ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ഫിഷറീസ് മന്ത്രി എസ്. ശര്‍മ, റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ തീരത്ത് എത്തി. അവരോടും കല്ലിനു പകരം വീട് എന്ന ആവശ്യം ആവര്‍ത്തിച്ചു. ഫിഷറീസ് വകുപ്പിന്റെ പക്കല്‍ സുനാമി ഫണ്ടിന്റെ ബാക്കിയുണ്ടായിരുന്നു. മൂന്നു മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തീരദേശവാസികളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം ചേര്‍ന്നു. അങ്ങനെയാണ് വീടില്ലാത്തവരും വീടുകള്‍ തകര്‍ന്നവരും ഉള്‍പ്പെടെ അമ്പത്തിയെട്ടു പേരുടെ പട്ടിക തയ്യാറായത്. സിംഗപ്പൂരില്‍ സ്ഥിരത്താമസമായ മലയാളി കുടുംബത്തിന്റെ ഭൂമിയാണ് ഹൗസിംഗ് കോളനി നിര്‍മ്മിക്കാന്‍ അനുയോജ്യമെന്നു കണ്ടെത്തിയത്. തീരത്തുനിന്ന് അരക്കിലോമീറ്ററോളം മാത്രമാണ് ദൂരം.
സ്ഥലമുടമയുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ നല്ലൊരു പദ്ധതിക്കു ഭൂമി വില്‍ക്കാന്‍ അവര്‍ സമ്മതിച്ചു. ഫിഷറീസ് വകുപ്പ് പണം അനുവദിക്കാന്‍ തയ്യാറായി. പക്ഷേ, വീട് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കേണ്ട എന്ന നിലപാടാണ് മത്സ്യത്തൊഴിലാളികള്‍ സ്വീകരിച്ചത്. കാലതാമസമുണ്ടാകാനും ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിക്കുമുള്ള സാധ്യത ഭയന്നായിരുന്നു അത്. അഞ്ചു സെന്റ് സ്ഥലം വീതം സൗജന്യമായി നല്‍കുകയും വീട് നിര്‍മ്മിക്കാനുള്ള പണം ഗഡുക്കളായി നല്‍കുകയും ചെയ്യുക, ബാക്കി പണം ഗുണഭോക്താക്കള്‍ ചെലവഴിക്കും എന്ന ധാരണ രൂപപ്പെട്ടു. ഓരോരുത്തരും സ്വന്തം ആഗ്രഹപ്രകാരമുള്ള വീടു വയ്ക്കട്ടെ എന്ന വാദം സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ നല്‍കിയത് 2,78,000 രൂപ. സ്വന്തം വിഹിതത്തിനു മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വായ്പ സംഘടിപ്പിച്ചു. അങ്ങനെ നിര്‍മ്മിച്ച വീടുകള്‍ ഓരോന്നും ഓരോ രീതിയിലാണ്; ഒരേ അച്ചില്‍ വാര്‍ത്തെടുത്തതു പോലെയുള്ള സാദൃശ്യമില്ല. വായ്പ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, സ്വസ്ഥജീവിതം. അവരെല്ലാം സന്തോഷഭരിതര്‍. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കണ്ട മനോജ്, സ്റ്റെല്ല, ബിന്ദു തുടങ്ങിയവരൊക്കെ അതു തുറന്നു പറഞ്ഞു. 65 വയസ്സായിട്ടും ചന്തയില്‍ മീന്‍ വില്‍ക്കാന്‍ പോകുന്ന ഫ്‌ലോറിയേയും അവരുടെ വീടും കണ്ടു. പൊതുപരിപാടികള്‍ നടത്തുന്നതിനുവേണ്ടി മാറ്റിവച്ചിരിക്കുന്ന സ്ഥലത്തിനു തൊട്ടു മുന്‍പിലായി മനോഹരമായ വീട്. വീട് കിട്ടിയവര്‍ ഇനി കടപ്പുറത്തു വീടുവയ്ക്കാന്‍ പാടില്ല, കിട്ടിയ സ്ഥലവും വീടും കൈമാറാന്‍ പാടില്ല എന്നീ ഉപാധികള്‍ മാത്രമാണ് സര്‍ക്കാര്‍ വച്ചത്.
ഓരോ തീരത്തിനും യോജിച്ച പുനരധിവാസ പദ്ധതികളാണ് വേണ്ടത് എന്നതിനും ചൂണ്ടിക്കാണിക്കാവുന്ന മാതൃകയാണ് വേളി. സ്ഥലത്തിന്റെ ലഭ്യത ഉള്‍പ്പെടെ പലയിടത്തും പ്രശ്‌നങ്ങള്‍ പലവിധത്തിലായതുകൊണ്ടാണ് എല്ലാ തീരത്തും ഒരേ വിധം പുനരധിവാസ പദ്ധതി പ്രായോഗികമല്ലാത്തത്. തീരത്തേക്ക് കടല്‍വെള്ളം കയറുന്നതും പല രീതിയില്‍. തിരുവനന്തപുരത്ത് കരയെ കടല്‍ കാര്‍ന്നുതിന്ന് എടുത്തുകൊണ്ടുപോവുകയാണ്. ആലപ്പുഴയിലെ ചെല്ലാനത്ത് നിലവിലെ കടല്‍ഭിത്തി ഓരോ മഴക്കാലത്തും താഴ്ന്നുതാഴ്ന്നു പോകുന്നു. നാലഞ്ചടി ഉയരമുണ്ടായിരുന്ന കടല്‍ഭിത്തിക്ക് ഇപ്പോള്‍ അത്ര ഉയരമില്ല.
ആലപ്പാട് തീരത്ത് ആര്‍ക്കിടെക്റ്റ് ശങ്കര്‍ കോണ്‍ക്രീറ്റ് തൂണില്‍ ഉയര്‍ത്തി ഒരു പരീക്ഷണ വീട് പണിതിരുന്നു. അതേ രീതി ചെല്ലാനത്തും സാധ്യമാകുമോ എന്ന ആശയം സര്‍ക്കാരുമായി ആലോചിക്കാനുള്ള നീക്കം മത്സ്യത്തൊഴിലാളി സംഘടനകള്‍ തുടങ്ങിയിട്ടുണ്ട്. ചെല്ലാനത്ത് സ്ഥലം കിട്ടാനില്ല. കിട്ടുന്ന സ്ഥലം കടലില്‍നിന്നു വളരെ ദൂരെയാണ്. അതുകൊണ്ട് അവിടെ തീരത്തുതന്നെ പുതിയ രീതിയിലെ വീടുകളേ പറ്റുകയുള്ളു. കോണ്‍ക്രീറ്റ് തൂണില്‍ ഉയര്‍ത്തുന്ന വീടുകള്‍ ചെലവ് കൂടുതലായേക്കും. പക്ഷേ, വെള്ളം കയറില്ല എന്നാണ് കണക്കുകൂട്ടല്‍.
തീരത്തെ ദുരിതം പരിഹരിക്കാനെന്ന പേരില്‍ കടലില്‍ കല്ലിട്ടു കാശുണ്ടാക്കുകയാണ് റവന്യൂ, ജലവിഭവ വകുപ്പുകള്‍ ചെയ്യുന്നത് എന്ന ആവലാതി പരക്കെ കേള്‍ക്കുന്നു. കടലില്‍ കല്ലിടുന്നതിനു കണക്കില്ലാത്തതുകൊണ്ട് അതൊരു കൊയ്ത്താണ് എന്ന വിമര്‍ശനം ശക്തം. എല്ലാ സര്‍ക്കാരുകളുടെ കാലത്തുമുണ്ട് എന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തീരത്തിന്റെ വേദന ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഘോഷമായി മാറുന്നു. മത്സ്യത്തൊഴിലാളികള്‍ ബഹളംവച്ചും പ്രതിഷേധിച്ചുമൊക്കെയാണ് പുനരധിവാസത്തിലേക്കു കാര്യങ്ങള്‍ കുറച്ചെങ്കിലും മാറിയത്. മുന്‍പ് ഇതു പറയുന്നവര്‍ ഒറ്റപ്പെടുമായിരുന്നുവെന്നു തീരത്തെ മുതിര്‍ന്നവര്‍ ഓര്‍മ്മിക്കുന്നു. ആ സ്ഥിതി മാറിയതിനു തെളിവാണ് മുട്ടത്തറയിലെ ഫ്‌ലാറ്റ് സമുച്ചയവും വേളിയിലെ ഹൗസിംഗ് കോളനിയും.
അനുഭവങ്ങള്‍, താക്കീതുകള്‍
അശാസ്ത്രീയമായ ചെറുകിട തുറമുഖ (ഹാര്‍ബര്‍) നിര്‍മ്മാണവും തീരത്തെ ദുരിതങ്ങളുടെ കാരണങ്ങളിലുണ്ട്. ദുബൈയിലും മറ്റും തുറമുഖം നിര്‍മ്മിക്കുന്നിടത്ത് കടല്‍ക്ഷോഭമോ കരയിലേക്കുള്ള വെള്ളം കയറ്റമോ ഉണ്ടാകുന്നില്ല. ശാസ്ത്രീയമായി നിര്‍മ്മിക്കാത്തതിന്റെ പ്രശ്‌നമാണ് കേരളം നേരിടുന്നത്. മത്ത്‌സ്യബന്ധന തുറമുഖമായാലും അല്ലാത്തതായാലും ഘടന തന്നെ മാറ്റണം എന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യത്തിനു പഴക്കമുണ്ട്. എത്ര തുറമുഖം വരെയാകാം എന്ന കാര്യത്തില്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ നിലപാട് മാറ്റുക, ഇനി വേണ്ട എന്നു വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും അതിന്റെ ഭാഗമായുണ്ട്. എന്നാല്‍, സ്വന്തം മണ്ഡലത്തില്‍ ഹാര്‍ബര്‍ വേണമെന്നാണ് എല്ലാ തീരദേശ മണ്ഡലങ്ങളിലെ എം.എല്‍.എമാരുടേയും ആഗ്രഹം. അതിന് അവര്‍ ശ്രമിക്കുന്നു. നിര്‍മ്മിക്കുന്നതെല്ലാം ഒരേ ഘടനയിലും.
മംഗലാപുരത്ത് കടലിലേക്ക് പുലിമുട്ട് നീട്ടിക്കെട്ടിയല്ല കരയിലേക്കാണ് ഹാര്‍ബര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അവിടെ സ്ഥലമുണ്ട്, ഘടനയും അങ്ങനെയാക്കി മാറ്റി. പക്ഷേ, കേരളത്തില്‍ ഹാര്‍ബറുള്ളിടത്ത് കടല്‍കയറ്റം ഉണ്ടാകുന്നു. ഘടനാ മാറ്റത്തെക്കുറിച്ചുള്ള ആവശ്യത്തിന് അതു പ്രസക്തി വര്‍ധിപ്പിക്കുകയാണ്.
തിരയുടെ ശക്തിയും വരവും എല്ലായിടത്തും ഒരുപോലെയല്ല. തിരുവനന്തപുരത്ത് വളരെ ഉയരത്തില്‍ അതിശക്തമായ തിരയാണ് വരുന്നത്. അതു കഴിഞ്ഞുള്ള മാസങ്ങളില്‍ ഇവിടെ കടല്‍ കുറച്ചൊന്നു ക്ഷോഭിച്ചിരിക്കുമ്പോഴും മറ്റിടങ്ങളില്‍ ശാന്തമായിരിക്കും. ആഴത്തിലെ വ്യത്യാസമാണ് ഇതിനു കാരണം. പുലിമുട്ടിനു നീളം കൂടുന്നതനുസരിച്ചു കടല്‍കയറ്റം വ്യാപിക്കുന്നു എന്നതാണ് തിരുവനന്തപുരം തീരത്തെ മുഖ്യ പ്രശ്‌നം. കടല്‍ക്ഷോഭം ബാധിക്കുന്ന മേഖലയുടെ വ്യാപ്തിയും കൂടിവരുന്നു. തീരത്തുനിന്ന് അധികം ദൂരെയല്ലാത്ത രാജ്യത്തിന്റെ അതിപ്രധാന സ്ഥാപനമായ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസ്ഥാപനം ഐ.എസ്.ആര്‍.ഒയെപ്പോലും ബാധിക്കുന്ന സ്ഥിതിയിലേക്കു കടലാക്രമണം മാറുമെന്ന അതീവ ഗൗരവമുള്ള മുന്നറിയിപ്പും മത്സ്യത്തൊഴിലാളികള്‍ നല്‍കുന്നു.
കടലിലെ തീരത്തോട് അടുത്ത ഭാഗങ്ങളില്‍നിന്നു നിയന്ത്രണമില്ലാത്ത മണലെടുത്തത് ഇത്രയധികം വ്യാപകമായി തിരകള്‍ കരയിലേക്കു കയറുന്നതിനു കാരണമായി. ''വേളിയില്‍ ദിവസവും പത്തറുപത് വള്ളങ്ങളില്‍ മണല്‍ വാരിക്കൊണ്ടു പോകുന്നത് കണ്ടു വളര്‍ന്നവരാണ് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറ. വള്ളങ്ങള്‍ അടുപ്പിച്ചു മണലിറക്കാനുള്ള ജെട്ടി കെട്ടിയിരിക്കുന്നതു ചാക്കയില്‍ കാണാം. വേളിയില്‍നിന്നു മണല്‍ കയറ്റി ചാക്കയില്‍ ഇറക്കി അവിടെ നിന്നു ലോറിയിലാണ് കടത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടുകാര്‍ കര്‍മ്മസമിതി രൂപീകരിച്ചു മണലെടുക്കുന്നിടത്ത് കൊടികുത്തി. മണലെടുക്കാന്‍ വള്ളങ്ങള്‍ വന്നാല്‍ തടയാനുറച്ച് മത്സ്യത്തൊഴിലാളികള്‍ രാത്രി ഉറക്കമൊഴിഞ്ഞു കാത്തിരുന്നു. രണ്ടു വള്ളങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മറുവശത്ത് വള്ളത്തൊഴിലാളികളും സംഘടിച്ചു. അവര്‍ വള്ളത്തില്‍ തീരത്തേയ്ക്കു ജാഥ നടത്തി. തീരത്ത് മത്സ്യത്തൊഴിലാളികളും സംഘടിച്ചു. പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷം ഒഴിവായെങ്കിലും മറുപക്ഷം മറ്റൊരു രീതിയില്‍ പ്രതികരിച്ചു. പുലര്‍ച്ചെ അഞ്ചിനു വേളിയില്‍നിന്നു പാങ്ങോട് ചന്തയിലേക്കു പോയ ആദ്യ ബസ് വഴിയില്‍ തടഞ്ഞു മത്സ്യത്തൊഴിലാളി സ്ത്രീകളെ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റവരുള്‍പ്പെടെ പങ്കെടുത്ത് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും മറ്റു പ്രതിഷേധങ്ങളും നടന്നു. ഒടുവില്‍, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മണലെടുപ്പ് നിരോധിക്കുന്നതായി കളക്ടറെക്കൊണ്ട് ഉത്തരവ് ഇറക്കിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ തയ്യാറായി. അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം പുറപ്പെടുവിച്ച ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. മണലെടുപ്പു അവസാനിച്ചതോടെ വേളിയില്‍ ഇപ്പോള്‍ കടലാക്രമണം ഇല്ല. പുനരധിവാസത്തില്‍ മാത്രമല്ല, കടലാക്രമണം ഇല്ലാതാക്കുന്നതിലും വേളിയുടെ മാതൃക.
തിരുവനന്തപുരത്തെ തീരദേശത്ത് മുന്‍പ് കടലാക്രമണം ഇല്ലാതിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ സ്ഥിതി മാറിയതിനു രണ്ട് പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നാമതായി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പ്രത്യാഘാതം. കടലാക്രമണം തടയാന്‍ പുലിമുട്ട് ഇടുന്നതാണ് രണ്ടാമത്തെ കാരണം. കടലാക്രമണമുള്ള സ്ഥലങ്ങളില്‍ കടലിനും തീരത്തിനും സമാന്തരമായി കല്ലിടുന്നതിനു പുറമേ കടലിനുള്ളിലേക്കും 100, 150 മീറ്ററോളം ദൂരത്തില്‍ കരിങ്കല്ലിട്ടു കെട്ടുന്നതാണ് പുലിമുട്ട്. അടുത്ത തവണ അവിടെ കടല്‍ കയറില്ല. പക്ഷേ, അടുത്തുള്ള തീരത്ത് കടലാക്രമണം ഉണ്ടാകും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ പ്രത്യേക താല്പര്യമെടുത്ത് പൂന്തുറയില്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിച്ചായിരുന്നു തുടക്കം. അതിന്റെ പ്രത്യാഘാതം ഉണ്ടായത് ബീമാപള്ളി പ്രദേശത്തെ തീരത്താണ്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ബീമാപള്ളിയില്‍ ഉണ്ടായ വലിയ കടലാക്രമണത്തിന്റെ കാരണം പൂന്തുറയിലെ പുലിമുട്ടുകളായിരുന്നുവെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പരിഹാരമായി ബീമാപള്ളിയിലും പുലിമുട്ട് നിര്‍മ്മിക്കുകയാണ് ചെയ്തത്. അതോടെ പിറ്റേ വര്‍ഷം ചെറിയതുറയില്‍ കടലാക്രണമുണ്ടായി. കഴിഞ്ഞ വര്‍ഷം ചെറിയതുറയിലും പുലിമുട്ട് നിര്‍മ്മിച്ചതിന്റെ പ്രത്യാഘാതമാണ് ഇത്തവണ വലിയതുറയില്‍ ഉണ്ടായ രൂക്ഷമായ കടലാക്രമണം. വലിയതുറയില്‍ പുലിമുട്ട് നിര്‍മ്മിച്ചാല്‍ അടുത്ത തവണ ശംഖുമുഖം തീരം ഉണ്ടാകില്ല എന്നു മത്സ്യത്തൊഴിലാളികള്‍ താക്കീതു ചെയ്യുന്നു.
ഒരിടത്ത് പുലിമുട്ട് നിര്‍മ്മിക്കുമ്പോള്‍ അടുത്ത തീരത്തുണ്ടാകുന്ന കടലാക്രമണത്തിനു ശാസ്ത്രീയമായ അടിത്തറയുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളിലും ആഗസ്റ്റ് പകുതിയോളവും കടലിന്റെ ശക്തമായ ഒഴുക്ക് വടക്കുനിന്ന് തെക്കുകിഴക്കോട്ടാണ്. മണ്ണ് മാന്തിയെടുത്ത് കടലിനകത്തേക്കു കൊണ്ടുപോകുന്ന വിധമായിരിക്കും ഈ ഒഴുക്ക്. സെപ്റ്റംബറിലെ ഒഴുക്ക് ശക്തി കുറഞ്ഞതും എതിര്‍ദിശയിലുമായിരിക്കും. അങ്ങോട്ടു കൊണ്ടുപോയ മണല്‍ തിരിച്ചുവരും. പുലിമുട്ട് നിര്‍മ്മിച്ച ഭാഗത്ത് ഈ ഒഴുക്ക് തടയപ്പെടും. മണല്‍ അവിടെ നിക്ഷേപിക്കും. ഓരോ ഒഴുക്കിലും നിരയായി ഈ മണല്‍ നിക്ഷേപം വര്‍ദ്ധിക്കും. വാരിയെടുത്തുകൊണ്ടുപോയ മണല്‍ തിരികെയിട്ടു നികത്തുന്ന പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയയാണ് ഇത്. എന്നാല്‍, പുലിമുട്ട് നിര്‍മ്മിച്ച് ഇതു തടയുന്നതോടെ കടല്‍ ക്ഷോഭിക്കുന്ന സമയത്ത് പുലിമുട്ട് ഇല്ലാത്ത തൊട്ടടുത്ത ഭാഗത്തായിരിക്കും ഒഴുക്കിന്റെ ആഘാതം കൂടുതലുണ്ടാവുക. മത്സ്യത്തൊഴിലാളികളുടെ ഈ കണ്ടെത്തല്‍ ഭൗമശാസ്ത്ര പഠന കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്.
കടലിന്റെ മാറ്റങ്ങള്‍
അപ്രതീക്ഷിതമായി കടല്‍ക്ഷോഭമുണ്ടാകുന്നതിനെ 'കള്ളക്കടല്‍' എന്നാണ് തീരവാസികള്‍ വിളിക്കുന്നത്. ഇപ്പോഴത്തെ കടല്‍ക്ഷോഭത്തിന് ഒരുമാസം മുന്‍പ് രണ്ടുമൂന്നു ദിവസം കള്ളക്കടല്‍ ഉണ്ടായി, കാലാവസ്ഥയനുസരിച്ച് അങ്ങനെ വരേണ്ടതല്ല. 2012-ല്‍ ഈ പേര് യുനെസ്‌കോ അംഗീകരിച്ചു എന്നതാണ് വലിയ പ്രത്യേകത. കള്ളക്കടലിനെക്കുറിച്ചു വന്ന പത്രവാര്‍ത്തകള്‍ കണ്ട് ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടറായിരുന്ന ഡോ. കുര്യന്‍ അതിനെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതാണ് തുടക്കം. അദ്ദേഹം അത് അന്താരാഷ്ട്ര വേദികളില്‍ ചര്‍ച്ചയാക്കി. അങ്ങനെയാണ് യുനെസ്‌കോ ആ പേര് അംഗീകരിച്ചത്.
കീഴാക്കടല്‍, മേലാക്കടല്‍ തുടങ്ങി തീരദേശവാസികളുടെ മാത്രമായ ചില വാക്കുകള്‍ വേറെയുമുണ്ട്. വടക്കുനിന്നു തെക്കോട്ടുള്ള ഒഴുക്കും തെക്കുനിന്നു വടക്കോട്ടുള്ള ഒഴുക്കും രണ്ടു രീതിയിലാണ്. ആ വ്യത്യാസങ്ങളാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അത് അവര്‍ക്കും അവര്‍ക്കിടയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മനസ്സിലാകും. അവര്‍ക്കു മാത്രമേ മനസ്സിലാവുകയുള്ളു. ഒഴുക്കിന് തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത് വലിവ് എന്നാണ്. ചുഴലിക്കാറ്റ് അവര്‍ക്കു കൊണ്ടക്കാറ്റാണ്. അവിടെ ജനിച്ചു ജീവിച്ചവരുടെ പരമ്പരാഗത അറിവുകള്‍ മനസ്സിലാക്കുന്നത് ഈ രംഗത്തെ ഉദ്യോഗസ്ഥര്‍ക്കും വഴികാട്ടും. ''ഇത്തവണ കടല് മാറിയടിച്ചു; കീളാക്കടല് വരേണ്ടിടത്ത് മേലാക്കടല് വന്നു'' എന്നാണ് വലിയതുറയിലെ ഒരു മത്സ്യത്തൊഴിലാളി ഞങ്ങളോടു പറഞ്ഞത്.
കടലിന്റെ മാറ്റങ്ങളെ ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നീ രണ്ടു പ്രതിഭാസങ്ങളില്‍ ഒതുക്കി വ്യാഖ്യാനിക്കുന്ന രീതിയാണ് സര്‍ക്കാരിനെ ഉപദേശിക്കുന്ന വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ സ്വീകരിക്കുന്നത്. അതില്‍ അവര്‍ക്ക് അബദ്ധം സംഭവിക്കുന്നു എന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. ഈ പ്രതിഭാസങ്ങള്‍ ചെറിയ ഘടകം മാത്രമാണെന്നും മനുഷ്യരുടെ ഇടപെടലിന്റെ പ്രത്യാഘാതമാണ് അതിനേക്കാള്‍ പ്രധാനമെന്നുമാണ് അവരുടെ വാദം.
കടലാക്രമണം ഉണ്ടാകുമ്പോള്‍ മാത്രമാണ് ജലവിഭവ വകുപ്പും റവന്യൂ വകുപ്പും മറ്റും തേടി എത്തുന്നത് എന്നാണ് മറ്റൊരു വിമര്‍ശനം. ബാക്കി ഒന്‍പത് മാസവും അവഗണിക്കുന്നു. ''പ്രളയകാലത്ത് രക്ഷകരായപ്പോള്‍ കേരളത്തിന്റെ സൈന്യം എന്നു പറഞ്ഞു മാലയിട്ടവര്‍ അല്ലാത്തപ്പോള്‍ തിരിഞ്ഞുനോക്കാറില്ല.'' വലിയതുറയിലെ മത്സ്യത്തൊഴിലാളി ഗ്രിഗറി പറയുന്നു. ''എല്ലാം പോയതിന്റെ സങ്കടത്തില്‍ കരഞ്ഞാല്‍പ്പോലും ഞങ്ങളെ അതിന്റെ പേരില്‍ അപമാനിക്കുന്നവരില്ലേ?'' ഓഖിയുടെ കാലത്ത് കേരളത്തിലെ ഒരു മന്ത്രി നടത്തിയ പരാമര്‍ശം മനസ്സില്‍വച്ചു മത്സ്യത്തൊഴിലാളി വില്യമിന്റെ ചോദ്യം. ഇവിടുത്തെ തിരയുടെ ശക്തി കൂടുതലായതുകൊണ്ടാണ് തിരുവനന്തപുരത്തുകാരുടെ സംസാരത്തിനും കരച്ചിലിനും ശബ്ദം കൂടുന്നതെന്ന് അവര്‍ പറയുന്നു. ആ തിരയേയും കാറ്റിനേയും മറികടക്കുന്ന വിധത്തില്‍ ശബ്ദമുയര്‍ത്തിയാല്‍ മാത്രമാണ് അപ്പുറത്ത് കേള്‍ക്കാന്‍ കഴിയുക. ആലപ്പുഴയിലെ കടലില്‍ തിരയ്ക്കു ശക്തി കുറവാണ്; മത്സ്യത്തൊഴിലാളിയുടെ ശബ്ദത്തിനും. കരയാതിരിക്കണമെങ്കില്‍ കരച്ചില്‍ വരാത്തവിധമുള്ള ജീവിതം വേണം. അതിനു സര്‍ക്കാരിന്റെ ഇടപെടല്‍ വേണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ് വാഗ്ദാനം ഇടതുമുന്നണി സര്‍ക്കാരും ആവര്‍ത്തിച്ചിരുന്നു. പക്ഷേ, ഇതുവരെ നടപ്പായില്ല. നവംബറില്‍ മറൈന്‍ ആംബുലന്‍സ് വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
കല്ലിടണം എന്ന് ആളുകള്‍ ആവശ്യപ്പെടുന്ന തീരത്തു മാത്രം കല്ലിട്ടാല്‍ മതി എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ സമീപനമെന്നു പറയുന്നു. പൊതുവില്‍ കല്ലിടല്‍ പഴയതുപോലെ പ്രോത്സാഹിപ്പിക്കുന്നില്ല. പുനരധിവാസത്തിനു മുന്‍പത്തേക്കാള്‍ പ്രാധാന്യം നല്‍കുകയും ചെയ്യുന്നു. കടലാക്രമണമുള്ള പ്രദേശത്തുനിന്നു താമസം മാറ്റാന്‍ തയ്യാറാകുന്ന തീരദേശ കുടുബങ്ങള്‍ക്കു 10 ലക്ഷം രൂപ വീതം നല്‍കും എന്ന പ്രഖ്യാപനം അതിന്റെ ഭാഗമാണ്. അതു സ്വീകരിച്ച് കുറേ കുടുംബങ്ങള്‍ തീരദേശത്തുനിന്നു താമസം മാറിക്കഴിഞ്ഞു. എന്നാല്‍, കടലാക്രമണം പ്രതിരോധിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ എന്ന പേരില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ പരിഗണനയില്‍ ഇത്തവണയും വന്നതു കല്ലിടല്‍ തന്നെ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന്റെ തീരുമാനം ഇതായിരുന്നു: ''രൂക്ഷമായ കടലാക്രമണം നേരിടുന്ന ഭാഗങ്ങളില്‍ അടിയന്തരമായി മണല്‍ച്ചാക്കുകള്‍ നിരത്തുന്നതിനു ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. വലിയതുറ ഭാഗത്ത് കടല്‍ക്ഷോഭം പ്രതിരോധിക്കുന്നതിനു കല്ലിടുന്ന പദ്ധതി ടെന്‍ഡര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കും.''
തീരത്തു മുഴുവന്‍ കല്ലിടുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്കു കമ്പാ വല ഉപയോഗിച്ചു മീന്‍ പിടിക്കാന്‍ സാധ്യമാകാതെ വരും എന്നാണ് മറ്റൊരു അനുഭവം. കടലില്‍ പോകാത്ത പ്രായമായവരാണ് കൂടുതലും കമ്പാ വല ഉപയോഗിച്ചു മീന്‍ പിടിക്കുന്നത്. സ്വന്തം നിലയില്‍ അവര്‍ക്കൊരു ചെറിയ വരുമാനം കിട്ടുന്നത് ഇതോടെ ഇല്ലാതാകും. അത് അവരെ മാനസികമായും ശാരീരികമായും ദോഷകരമായി ബാധിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. മണലില്‍ ചവിട്ടിയാണ് കമ്പാ വല വലിക്കുന്നത്. സ്ഥിരമായി അതു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക ഉണര്‍വ്വും ആരോഗ്യവും കമ്പാ വല ഇല്ലാതാകുന്നതോടെ നഷ്ടമാകുന്നു. കല്ലിടുന്ന പ്രദേശത്തെല്ലാം പാമ്പ് ശല്യം രൂക്ഷമാണ്. ഈ മേഖലകളില്‍ വേനല്‍ക്കാലത്ത് ചൂട് വളരെ കൂടുതലുമായിരിക്കും. കടലില്‍നിന്നു നല്ല കാറ്റ് കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്തു കരിങ്കല്ലിന്റെ ചൂടുകാറ്റ്. തീരദേശവാസികള്‍ നിരത്തുന്ന ദുരിതങ്ങള്‍ നീളുന്നു.
പതിവുപോലെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ പരിഹസിക്കലായാണ് മത്സ്യത്തൊഴിലാളികള്‍ക്ക് അനുഭവപ്പെടുന്നത്. റേഷന്‍ ഇപ്പോള്‍ എല്ലാവര്‍ക്കും കുറഞ്ഞ വിലയ്ക്കു കിട്ടുമ്പോള്‍ സൗജന്യ റേഷന്‍ വിതരണം തട്ടിപ്പാണ് എന്നാണ് വാദം. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരാഴ്ചത്തേയ്ക്കു കഴിയാന്‍ കൊടുക്കുന്ന അതേ സൗജന്യ റേഷന്‍ പണം കൊടുത്തു റേഷന്‍ കടയില്‍നിന്നു വാങ്ങാന്‍ ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് ഏകദേശം 13 രൂപ മാത്രമാണ് വേണ്ടത്. ഒരു മാസത്തേയ്ക്ക് 52 രൂപ. അതു കൊടുത്തിട്ടാണ് ഒരു മാസത്തേയ്ക്കു സൗജന്യ റേഷന്‍ കൊടുത്തു എന്നു സര്‍ക്കാര്‍ പറയുന്നത്. ഇതിനു പകരം ഒരു മാസത്തേയ്ക്ക് ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ ആയിരം രൂപയെങ്കിലും നല്‍കുകയോ ചെയ്യണം എന്നാണ് ആവശ്യം. ''ഈ റേഷനരികൊണ്ടല്ല നല്ല ചമ്പാവരിയോ റോസ് അരിയോ ഒക്കെക്കൊണ്ടാണ് ഞങ്ങള്‍ ചോറുവയ്ക്കുന്നത്'' എന്നു പറയുന്ന മത്സ്യത്തൊഴിലാളികളെ ഞങ്ങള്‍ കണ്ടു. ''കടലിനോട് മല്ലടിച്ച് അധ്വാനിക്കുന്നവര്‍ക്കു കട്ടിയുള്ള ആഹാരം വേണം. അതിനു നല്ല അരിയുടെ ചോറുണ്ണണം. അതും നല്ല മീനും പതിവായി കഴിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്. അങ്ങനെയുള്ളവരെയാണ് 13 രൂപയുടെ റേഷന്‍ തന്ന് കളിയാക്കുന്നത്.'' മത്സ്യത്തൊഴിലാളി വില്യം പറയുന്നു. ''കേരളത്തിന്റെ സൈന്യം എന്ന വിളിപ്പേരും ഈ സൗജന്യ റേഷന്‍ പരിഹാസവും കൂടി ഒന്നിച്ചു പോകില്ല'' എന്നു മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാരിനെ തിരിച്ചു പരിഹസിക്കുകയും ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates