ഞങ്ങളുടെ പുരയുടെ ഒരതിര് വിശുദ്ധ കുരിശിന്റെ ദേവാലയമാണ്. മുറിയുടെ ജനാല തുറന്നാല്‍, അള്‍ത്താര കാണാം. ഞങ്ങളുടെ മതിലിനപ്പുറം, പാഴ്സനേജ്. വിശേഷ ദിവസങ്ങളിലെ വചനപ്രഘോഷണങ്ങളും പാട്ടുകളും ഞങ്ങള്‍ക്ക് വര്‍ഷങ്ങളായി ചിരപരിചിതം. വഅള് കേട്ടതിനേക്കാള്‍ പള്ളീലച്ചന്മാരുടെ പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. അന്യമത വിരോധം തീരെ കലര്‍ന്നിട്ടില്ലാത്ത പ്രസംഗങ്ങള്‍. ചര്‍ച്ചിനടുത്ത് ഒരു മുസ്ലിം വീട് (അള്‍ത്താരയില്‍ നിന്നാല്‍ അച്ചന്മാര്‍ക്ക് ഞങ്ങളുടെ പുര കാണാം) ഉള്ളതുകൊണ്ടാവുമോ പ്രസംഗങ്ങളിലെ സ്നേഹ വചനങ്ങള്‍ എന്നാണെങ്കില്‍, അങ്ങനെയല്ല. വെറുപ്പ് പടര്‍ത്തുന്ന ഭാഷ അവരുടെ രീതിയല്ല.
''മാര്‍ക്കം ചെയ്യാത്ത മുസ്ലിങ്ങളാണോ ക്രിസ്ത്യാനികള്‍?'' എന്ന സംശയമുണ്ടാകുംവിധം, ഒരേ കഥകളുടേയും വംശാവലിയുടേയും തുടര്‍ച്ച. യേശുവിന്റെ കുരിശുമരണവും മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വവുമൊഴിച്ച് ഒരേ ദൈവം, സ്വര്‍ഗ്ഗനരകങ്ങള്‍.
ഞങ്ങളാദ്യം സ്ലൈഡ് ഷോ കാണുന്നത് വെളുത്ത വൈദികന്‍ മൈക്കിള്‍ വെന്റര്‍മിന്‍ പള്ളിമുറ്റത്ത് വെച്ചു കാണിച്ച ഈസോപ്പു കഥകളാണ്. സിംഹവും കുറുക്കനും ആമയും മുയലും ചെറിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. കിണറില്‍ സിംഹം സ്വന്തം നിഴല്‍ കണ്ട്, മറ്റൊരു സിംഹരാജനോ ഈ കാട്ടില്‍ എന്നു കണ്ടരിശം മൂത്ത് കിണറ്റില്‍ ചാടുന്ന സിംഹത്തിന്റെ കഥ ഒറ്റയൊറ്റ സ്ലൈഡുകളില്‍ പ്രദര്‍ശിപ്പിച്ച് വഴിയില്‍നിന്ന് പെറുക്കിവെച്ച മലയാള ഭാഷയില്‍ അച്ചന്‍ വിശദീകരിച്ചു. കഥകളും കാഴ്ചകളും സങ്കീര്‍ത്തനങ്ങളുമായി കുരിശു ദേവാലയം ഞങ്ങളുടെ ജീവിതത്തിന്റെ അള്‍ത്താരയായി മാറി.
കുറേ മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ ഹോം ടൗണ്‍ എന്ന് പറയാവുന്ന പഴയങ്ങാടി ബസ്റ്റാന്റില്‍ എനിക്കറിയാവുന്ന കുറേ ക്രിസ്തീയ കൂട്ടുകാര്‍ ഒരു പ്രതിഷേധയോഗം സംഘടിപ്പിച്ചു. ബസ് യാത്രയ്ക്കിടയില്‍ യാദൃച്ഛികമായി കണ്ട ആ ചെറിയ കൂട്ടത്തില്‍ എന്റെ ചില ചങ്ങാതിമാരുടെ മുഖം കണ്ടപ്പോള്‍, ബസില്‍ നിന്നിറങ്ങി. മണിപ്പൂര്‍ സംഭവത്തിലുള്ള പ്രതിഷേധയോഗമാണ്. 'ചെറിയ കൂട്ടമേ, ഭയപ്പെടരുത്' എന്ന വചനം ഓര്‍മ്മിപ്പിക്കുംവിധം, ആ ചെറിയ കൂട്ടത്തില്‍ വൈദികരേയോ കന്യാസ്ത്രീകളേയോ കണ്ടില്ല.
ആ ചെറിയ കൂട്ടത്തില്‍നിന്ന് ഒരു സുഹൃത്ത് വന്ന് കൈ പിടിച്ചു. സ്നേഹത്തിന്റെ തണുപ്പറിഞ്ഞു. അവനണിഞ്ഞ കൊന്ത വിയര്‍പ്പിലൊട്ടിയിരുന്നു.
''അച്ചന്‍മാരെ വിളിച്ചില്ലേ?''
ഞാന്‍ ചോദിച്ചു.
''ചിലരെ വിളിച്ചിരുന്നു. വന്നില്ല.''
അവന്റെ കണ്ണുകളിലെ ആര്‍ദ്രതയില്‍ ഞാന്‍ വ്യസനം ഖനീഭവിച്ചു നില്‍ക്കുന്നത് കണ്ടു. അച്ചന്മാര്‍ വരാതിരുന്നത് എന്തുകൊണ്ട് എന്ന് ഞാന്‍ ചോദിച്ചില്ല.
അവര്‍ പിരിഞ്ഞുപോയി.
ഇടുക്കി, താമരശ്ശേരി രൂപതകളില്‍ 'കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതില്‍ അത്ഭുതപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യുന്ന മലയാളികളില്‍ ഞാനില്ല.
ഈസോപ്പു കഥകളില്‍ സിംഹം സ്വന്തം നിഴല്‍ കണ്ട് കിണറില്‍ ചാടിയ കഥ ഓര്‍മ്മ വരുന്നു.
സെമിറ്റിക് നിഴല്‍, കിണറില്‍.
ആരാണ് രാജാവ്, ഞങ്ങളോ നിങ്ങളോ? ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും മതക്കിണറില്‍ തെളിയുന്ന സ്വന്തം നിഴലിനോടുതന്നെ ചോദിക്കുന്നു: ഞാനുള്ളപ്പോള്‍ കാട്ടില്‍ മറ്റൊരു രാജാവോ?
അച്ചാ, ചാടരുത്.
വെറും നിഴലാണ്.
ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരല്ലേ, നമ്മള്‍? ആദമിന്റേയും ഹവ്വയുടേയും മക്കള്‍.
രണ്ട്:
ബിരിയാണി വെക്കലാണ്
പെരുന്നാള്
വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഇത്ര വലുതാവാതിരുന്ന ഒരു കുട്ടിക്കാലം.
ചെറിയ പെരുന്നാളിന് നെയ്ച്ചോറിന് കറിവെക്കാനുള്ള അറുത്ത കോഴിയുമായി പുരയിലേക്കു വരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ജമാലിനോട് ഒരു സംശയം ചോദിച്ചു:
''കോഴിക്ക് ശഹീദ് (രക്തസാക്ഷിയുടെ ) കൂലി കിട്ടോ?''
മതത്തിനുവേണ്ടി പോരാടി, ദൈവമാര്‍ഗ്ഗത്തില്‍ ശത്രുക്കളാല്‍ ജീവത്യാഗം സംഭവിക്കുന്നവരാണ് രക്തസാക്ഷികള്‍, അഥവാ ശുഹദാക്കള്‍. ജ്ഞാനികളുടെ മഷിക്കും രക്തസാക്ഷികളുടെ രക്തത്തിനും ഒരേ പവിത്രതയാണ് ഇസ്ലാമില്‍. ജ്ഞാനത്തിന്റേയും പോരാട്ടത്തിന്റേയും ഇരട്ടപാതയിലൂടെ സഞ്ചരിച്ച മതം, പ്രവാചകന്മാരുടേയും സൂഫികളുടെയും ഔലായാക്കളുടേയും അവരെ കൂടാതെ 'ക്ഷിപ്രകോപി'കളായ മതശാസനാ വാദികളുടേയും മതം. ഏകദൈവത്തിലേക്കുള്ള പല പൊരുളുകള്‍, പാലങ്ങള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മതത്തെ മദ്രസയില്‍നിന്നു മനസ്സിലാക്കിയ ആ കാലത്താണ്, ജമാലിനോടുള്ള ചോദ്യം. ഔലിയ ചുട്ട കോഴിയെ പറപ്പിച്ച കഥ മദ്രസയില്‍നിന്ന് ഉസ്താദ് പഠിപ്പിച്ചിരുന്നു. ''പുത്തന്‍ വാദികള്‍ അതൊന്നും വിശ്വസിക്കില്ല. കറാമത്ത് എന്നു പറഞ്ഞാ ഓര്‍ക്കെന്തോ പുച്ഛം.''
ആ ഉസ്താദിന്റെ മുഖത്തെ പ്രാചീനമായ നിഷ്‌കളങ്കത ഇതെഴുതുമ്പോഴും മനസ്സിലുണ്ട്.
എത്രയെത്ര കോഴികള്‍...
പോത്തിറച്ചിയും കോഴിയും ആഘോഷങ്ങള്‍ക്ക് അനിവാര്യമാകുമ്പോള്‍, ആ പഴയ ചോദ്യം ഓര്‍മ്മവരുന്നു.
കണ്ഠനാളത്തില്‍ ദൈവനാമത്തില്‍ കത്തിവെയ്ക്കുമ്പോള്‍, പിടയുന്ന പ്രാണന്‍...
ജമാലിന്റെ മറുപടി അന്ന് ഇങ്ങനെയായിരുന്നു:
''മഹ്ഷറയില്‍ (പരലോകത്ത് ) മരിച്ച ജീവികളെല്ലാം എണീറ്റ് വരും. ആട്, മാട്, കോഴി, മൂട്ട, ഒട്ടകം തൊടങ്ങി എല്ലാ ജീവികളോടും അള്ള പറയും, മണ്ണാകട്ടെ. അവ പൊടിയായി മാറും. വിചാരണയില്ല. സിറാത്തുല്‍ മുസ്തകീം പാലത്തിലൂടെ നടക്കണ്ട. നരകമില്ല.''
നരകമില്ല.
ജമാലിന്റെ മറുപടിയിലെ ആ ഊന്നല്‍ ആണ് ഇപ്പോഴും മനസ്സില്‍.
അവകള്‍ക്ക് നരകമില്ല. അല്ലെങ്കില്‍ നരകം അവരുടെ വീടല്ല.
നരകം അപ്പോള്‍ ആര്‍ക്കാ?
മനുഷ്യര്‍ക്ക്...
മതം പെറ്റുകൂട്ടിയ മനുഷ്യര്‍ക്ക്...
പെരുന്നാള്‍ പുലര്‍ച്ചകള്‍ എനിക്കെപ്പോഴും കോഴിയുടേയും പോത്തിറച്ചിയുടേയും ഒരു സമ്മിശ്ര ഗന്ധമാണ് ഓര്‍മ്മയില്‍ കൊണ്ടുവരിക. പുതിയ വസ്ത്രം, പെരുന്നാള്‍ നിസ്‌കാരം, ഉച്ചയ്ക്കു മുന്നേയുള്ള പെരുന്നാള്‍ ഭക്ഷണം, ഉറക്കം...
ഉറങ്ങിത്തീരുന്ന പെരുന്നാളിന് മാറ്റം വന്നു തുടങ്ങിയത് സൗഹൃദങ്ങളുടെ ശവ്വാല്‍ പിറകള്‍ ജീവിതത്തില്‍ സംഭവിച്ചപ്പോഴാണ്. പെരുന്നാളുകള്‍ക്ക് ജീവന്‍ വന്നത് അങ്ങനെയാണ്.
ഇപ്പോള്‍ 'കേരള സ്റ്റോറി' ചില സഭകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍, നോക്കൂ, സോഷ്യല്‍ മീഡിയകളില്‍ ഈദ് മുബാറക്കുകള്‍ പാറിക്കളിക്കുകയാണ്. മതാതീതമായ സ്നേഹാശംസകള്‍ കൈമാറുമ്പോള്‍ ആര്‍ക്കും തടയാനാവില്ല. അച്ചന്‍മാരുടേയും മൗലവിമാരുടേയും പരിധിക്കു പുറത്ത്, വിശ്വാസികള്‍ അവരുടെ സഞ്ചാരപഥങ്ങള്‍ തേടുകയാണ്.
തട്ടമിടാത്ത മുസ്ലിം പെണ്‍കുട്ടികള്‍ ചിക്കന്‍ സ്റ്റാളില്‍ വന്ന്, കോഴി, ബിരിയാണി പീസുകളാക്കി വീട്ടിലേക്ക് പോകുന്നു.
കുട്ടിക്കാലത്ത് കേട്ട ഒരു മാപ്പിളപ്പാട്ടുണ്ട്:
''ബിരിയാണി വെക്കലല്ല പെരുന്നാള്
നെയ്ച്ചോറ് വെയ്ക്കലല്ല പെരുന്നാള്
പടച്ചോനെ ഓര്‍ക്കലാണ് പെരുന്നാള്''
പടച്ചോനെ ഓര്‍ക്കാന്‍ ഉള്ള വഴി, ബിരിയാണി വെക്കലാണ്.
ബിരിയാണിയാണ്, പെരുന്നാള്‍. ദൈവത്തെ നമുക്ക് വിഷുസദ്യയിലും പെരുന്നാള്‍ ബിരിയാണിയിലും ക്രിസ്മസ് കെയ്ക്കിലും കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates