മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച വിജയമായിരുന്നു. സംവിധായകന് എന്ന നിലയില്‍ ആദ്യ സിനിമയിലൂടെ തന്നെ പൃഥ്വിരാജ് ഞെട്ടിപ്പിച്ചുകളഞ്ഞു. താരത്തിന്റെ സംവിധായക മികവിനെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. തമിഴ് സൂപ്പര്‍താരം സൂര്യയാണ് ഇപ്പോള്‍ പൃഥ്വിരാജിനെ വാനോളം പ്രശംസിച്ചത്.
സംവിധാനത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി പറയുമ്പോഴാണ് പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് സൂര്യ വാചാലനായത്. സംവിധാനം മനസിലുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ താന്‍ ഒരിക്കലും സംവിധാനത്തിലേക്ക് തിരിയില്ല എന്നായിരുന്നു സൂര്യയുടെ മറുപടി. അപ്പോഴാണ് അടുത്തിടെ ലൂസിഫര്‍ കണ്ടതിനെക്കുറിച്ച് താരം പറഞ്ഞത്.സംവിധാനത്തിലുള്ള പൃഥ്വിരാജിന്റെ കഴിവിനെ വാനോളം പ്രശംസിക്കാനും സൂര്യ മറന്നില്ല.
'ഈ അടുത്താണ് ലൂസിഫര്‍ കാണുന്നത്. ഗംഭീര സിനിമ. എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണമെന്ന് കരുതിയിരിക്കുകയാണ്. തകര്‍പ്പന്‍ എന്റര്ടെയ്നര്. ലാലേട്ടനെ ഇങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷം. അതിമനോഹരമായ ക്യാമറ, സിനിമയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇതെല്ലാം മികച്ചു നില്ക്കുന്നു. സംവിധായകനെന്ന നിലയില്‍ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങള്‍.' സൂര്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് സൂര്യയുടെ വീഡിയോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates