കൊച്ചി: ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചിതയായി. ഭര്‍ത്താവ് റോയ്സ് കിഴക്കൂടനുമൊത്ത് പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെന്നു ബോധ്യപ്പെട്ടെന്ന് ഇരുവരും കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. ഏപ്രില്‍ 16നാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്.
ഇത് വാര്‍ത്തയായതിന് പിന്നാലെ റിമി ടോമി സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായിരുന്നു. റിമിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ നിരവധി പേരാണ് രംഗത്തെത്തിയത്. 2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം.
വിവാഹശേഷവും സിനിമയിലും ടെലിവിഷന്‍ പരിപാടികളിലും റിമി ടോമി നിറസാന്നിധ്യമായിരുന്നു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന് താല്പ്പര്യമില്ലാത്തതിനാല് ഇനി അഭിനയ രംഗത്തേക്കില്ലെന്ന് റിമി വ്യക്തമാക്കിയിരുന്നു. കുഞ്ഞിരാമായണം, അഞ്ച് സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷത്തിലും എത്തിയിരുന്നു.
ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി രംഗത്ത് വരുന്നത്. തുടര്‍ന്ന് ഒരു ചാനലിലെ ഡുംഡുംഡൂം പീപീപീ എന്ന പരിപാടിയുടെ അവതാരകയായി. മീശമാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ട് പാടി സിനിമയിലെത്തി. ഈ പാട്ട് ഹിറ്റായതോടെ റിമി സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ ശങ്കര്‍ മഹാദേവനൊപ്പമാണ് ചിങ്ങമാസം എന്ന പാട്ട് റിമി പാടിയത്. ഇതുവരെ എഴുപതോളം സിനിമകളില്‍ റിമി പാടി. നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates