കൊച്ചി: പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം താര സംഘടനയായ ‘അമ്മ’യുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം ചേർന്നു. സംഘടനയുടെ 32-ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി കൂടിയായിരുന്നു ഇത്. കലൂരിലെ അമ്മ ഓഫിസിലെത്തി ചുമതലയേറ്റതിനു പിന്നാലെ ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനങ്ങൾ പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളോട് പങ്കുവച്ചു.
കമ്മിറ്റി അംഗങ്ങളും അഭിനേതാക്കളും യോഗത്തിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ഇത്രയും വർഷത്തെ അനുഭവം വച്ച് വളരെ മനോഹരമായൊരു എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമായിരുന്നു നടന്നതെന്ന് ശ്വേത മേനോൻ പറഞ്ഞു. ‘അമ്മ’യുടെ അംഗങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ ഏവരുടെയും പ്രധാന ലക്ഷ്യമെന്നും ശ്വേത കൂട്ടിച്ചേർത്തു.
അമ്മയിലെ ചില വനിതാ അംഗങ്ങളെ ഹോട്ടലിൽ വിളിച്ചു വരുത്തി നടത്തിയ ചർച്ചയ്ക്കിടെ അവർ പരാതി പറയുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് മെമ്മറി കാർഡിലാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും ശ്വേത മേനോൻ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികളെല്ലാം ചർച്ചയായെന്നും പരിഹരിക്കാൻ ഉപസമിതികൾ രൂപീകരിക്കുമെന്നും എല്ലാവരുടെയും പരാതികൾ കേൾക്കുമെന്നും ശ്വേത വ്യക്തമാക്കി. അതേസമയം അമ്മയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിൽ എല്ലാവരോടും നന്ദിയും അറിയിച്ചിട്ടുണ്ട് ശ്വേത.
"ഹായ് ഞാൻ ശ്വേത മേനോൻ, അമ്മയുടെ പുതിയ പ്രസിഡന്റ്. ഒരുപാട് സന്തോഷമുണ്ട്. ആദ്യമായിട്ട് നിങ്ങളോട് എല്ലാവരോടും നേരിട്ട് ഒരു നന്ദി പറയാനുള്ള അവസരം എനിക്ക് കിട്ടിയിരിക്കുകയാണ്. അമ്മയെ സപ്പോർട്ട് ചെയ്തതിന് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.
ഇന്ന് അമ്മയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിങ് ആയിരുന്നു. കഴിഞ്ഞ ആറ് വർഷമായിട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരാളാണ് ഞാൻ. അമ്മയിലെ അംഗങ്ങൾക്ക് എങ്ങനെ സുരക്ഷ കൊടുക്കാം, ഇമോഷണലി നമുക്ക് എങ്ങനെ അവർക്ക് ഉന്മേഷം കൊടുക്കാൻ പറ്റും എന്നൊക്കെയുള്ള കാര്യങ്ങളാണ് എല്ലാവരും സംസാരിച്ചത്.
അവരുടെ കൈനീട്ടമാണെങ്കിലും ഇൻഷുറൻസ് ആണെങ്കിലും സഞ്ജീവനി ആണെങ്കിലും ഇതൊക്കെയാണ് എല്ലാവരുടെയും മുൻഗണന. ഭാവിയിലേക്ക് ഒരുപാട് അജണ്ട വച്ചിട്ടുണ്ട്. ആദ്യത്തെ മീറ്റിങ് ആയതു കൊണ്ട് ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റില്ല. എന്തായാലും എല്ലാവരോടും ഒരിക്കൽ കൂടി നന്ദി".- ശ്വേത മേനോൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates