Aamir Khan and Sitaare Zameen Par ഫയല്‍
Entertainment

ആമിര്‍ ഖാന്‍ 'തുടരും'; ബോക്‌സ് ഓഫീസ് തിരിച്ചു പിടിച്ച് ആമിര്‍; നൂറ് കോടിയിലേക്ക് കുതിച്ച് 'സിത്താരെ സമീന്‍ പര്‍'

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ആമിര്‍ ഖാന്‍. ഒടിടി ഭീന്മാരോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് തിയറ്ററിലെത്തിയ ആമിര്‍ ഖാന്‍ ചിത്രം സിത്താരെ സമീന്‍ പര്‍ വന്‍ വിജയമായി മാറുകയാണ്. ആര്‍എസ് പ്രസന്ന സംവിധാനം ചെയ്ത സിനിമ നാല് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 60 കോടിയാണ്.

തന്റെ സിനിമ തിയറ്റര്‍ റണ്‍ തീരും മുമ്പ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കില്ലെന്ന് ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. നൂറ് കോടിയലധികം വരുന്ന ആമസോണ്‍ പ്രൈമിന്റെ ഡീലും താരം നിരസിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് മാത്രമേ സിനിമ ഒടിടിയ്‌ക്കോ ടെലിവിഷന്‍ ചാനലുകള്‍ക്കോ നല്‍കുകയുള്ളൂവെന്നും തന്റെ സിനിമ തിയറ്ററുകള്‍ക്കായുള്ളതാണെന്നുമാണ് ആമിര്‍ പറഞ്ഞത്.

ആമിറിന്റെ തീരുമാനം ശരിവെക്കുന്നതാണ് സിനിമയ്ക്ക് ലഭിക്കുന്ന സ്വീകരണം. വലിയ ബജറ്റോ, താരനിരയോ ഇല്ലാതെ വന്ന ചിത്രം പതിഞ്ഞ താളത്തില്‍ തുടങ്ങി വാരാന്ത്യത്തിലേക്ക് എത്തിയതോടെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ലാല്‍ സിങ് ഛദ്ദയുടെ പരാജയത്തോടെ ഇടവേളയെടുത്ത ആമിര്‍ ഖാന്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ലാല്‍ സിങ് ഛദ്ദ പരാജയപ്പെട്ടതോടെ താരം കടുത്ത നിരാശയിലേക്ക് പോവുകയും അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആമിര്‍ ഖാന്‍ തിരികെ വരുന്നത്.

ആദ്യ ദിവസം സിത്താരെ സമീന്‍ പര്‍ നേടിയത് 10.7 കോടി രൂപയാണ്. പിന്നീടുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ സിനിമ നേടിയത് 20.2 കോടിയും 27.25 കോടിയുമാണ്. തിങ്കാള്ചയാണ് സിനിമ ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയത്. ഇന്നലെ നേടിയത് 8.5 കോടിയാണ്. പക്ഷെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് ഈ ആഴ്ചയിലും നല്ല കളക്ഷന്‍ തന്നെ സിനിമയ്ക്ക് ലഭിക്കുമെന്നാണ്. അടുത്ത വാരാന്ത്യത്തിലും സിനിമ വലിയ കുതിപ്പ് നടത്തുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം 2022 ല്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദയുടെ ലൈഫ്‌ടൈം ഡൊമസ്റ്റിക് കളക്ഷനേയും സിത്താരെ സമീന്‍ പര്‍ മറി കടന്നിട്ടുണ്ട്. ആമിറിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു ലാല്‍ സിങ് ഛദ്ദ. ചിത്രത്തിന് ഉടനെയൊന്നും ഒടിടി റിലീസുണ്ടാകില്ലെന്നതും വരും നാളുകളില്‍ വലിയ റിലീസുകളൊന്നും ഇല്ല എന്നതിനാലും ചിത്രം വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ നേടുമെന്നാണ് വിലയിരുത്തല്‍. ഈ ആഴ്ച തന്നെ നൂറ് കോടി കടക്കുമെന്നും ഉറപ്പാണ്.

2018 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ചാമ്പ്യന്‍സിന്റെ ഹിന്ദി റീമേക്കാണ് സിത്താരെ സമീന്‍ പര്‍. ജെനിലീയ ഡിസൂസയാണ് ചിത്രത്തിലെ നായിക. ആമിറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ താരെ സമീന്‍ പറിന്റെ സ്പിരിച്വല്‍ സീക്വല്‍ ആണ് സിത്താരെ സമീന്‍ പര്‍. ആമിറിനൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട് ചിത്രത്തില്‍.

Aamir Khan makes stellar comeback as Sitaare Zameen Par closes to 100 crore mark at the boxoffice.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT